മുന്നില്‍ വരണ്ടുണങ്ങിയ ഭൂമി; ജീവിതം പച്ചപിടിപ്പിക്കാന്‍ രുഗ്മിണിയുടെ ആടുജീവിതം | അതിജീവനം 104


By എ.വി. മുകേഷ്‌ | mukeshpgdi@gmail.com

3 min read
അതിജീവനം 104
Read later
Print
Share

Photo: AV MUKESH

കാലുകൾ വേച്ചുകൊണ്ടു ആ ആട്ടിൻകുട്ടി രുഗ്മിണിയുടെ നിഴലിലേക്ക് ചേർന്നുനിന്നു. ദയനീയ ഭാവത്തോടെ അവർ പരസ്പരം നോക്കി. പൊടുന്നനെ ആടിനെ കോരിയെടുത്ത് വിണ്ടുകീറിയ നിലത്തിരുന്നു. തോർത്തിൽ പൊതിഞ്ഞുവച്ച കുപ്പിയിൽനിന്ന് ആട്ടിൻകുട്ടിയുടെ വായ തുറന്ന് വെള്ളം കൊടുത്തു. പാതിയടഞ്ഞ കണ്ണുകളിലപ്പോൾ പ്രാണൻ തിരിച്ചുവന്നു. തലയൊന്ന് കുടഞ്ഞുകൊണ്ട് രുഗ്മിണിയുടെ കൈകളിൽ നക്കിത്തുടച്ച് സ്നേഹം പ്രകടിപ്പിച്ചു. പതിയെ എണീറ്റ് ആട്ടിൻ കൂട്ടത്തിലേക്ക് തിരികെ പോയി.

പത്തോളം ആടുകളുണ്ട് രുഗ്മിണിക്ക്. ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് അവരാണ്. കൂട്ടത്തിൽ ചെറിയ ആട്ടിൻകുട്ടിയാണ് ദാഹിച്ചുവലഞ്ഞ് ഓടിവന്നത്. അതിനായാണ് കയ്യിൽ ഒരു കുപ്പി വെള്ളം എപ്പോഴും കരുതുന്നത്. 'തൊണ്ട വരണ്ട് ഉണങ്ങിയാൽ ഞാനും ഒരൽപം കുടിക്കും', എന്നുപറഞ്ഞുകൊണ്ട് അവർ നെറ്റിയിലെ വിയർപ്പൊപ്പി. വെളുത്ത മുടിയിഴകളിലൂടെ വീണ്ടും വിയർപ്പ് ഒലിച്ചിറങ്ങി.

വരണ്ടുതുടങ്ങിയ മലമ്പുഴ ഡാമിന്റെ സമീപത്തുനിന്നാണ് ആട്ടിൻ കൂട്ടങ്ങളുമായി രുഗ്മിണിയെ കാണുന്നത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനെ വകവെക്കാതെ വെള്ളമന്വേഷിച്ചുള്ള യാത്രയിലാണ്. ദൂരെ ഒരൽപം പച്ചപ്പുകണ്ടപ്പോൾ അങ്ങോട്ടു നടന്നു. നിരതെറ്റി പരന്നുകൊണ്ട് ആട്ടിൻപറ്റവും കൂടെയുണ്ട്. കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾക്കിടയിൽ ഏതാനും തളിരിലകൾ. ആടുകൾ അത് ആർത്തിയോടെ തിന്നുതുടങ്ങി, അതിലേറെ സന്തോഷം രുഗ്മിണിയിലും കണ്ടു.

അവരുടെ കണ്ണുകൾ പിന്നെയും എന്തോ പരതികൊണ്ടിരിന്നു. തൊട്ടപ്പുറത്ത് കണ്ട ചെറിയൊരു കുഴിയിലേക്ക് ധൃതിയിൽ ചെന്നു നോക്കി നിരാശയോടെ തിരിച്ചുവന്നു, 'ഇല്ല അതിലും വെള്ളമില്ല'. ദൂരെയുള്ള മല ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു, 'അവിടെയെത്തണം ഇനി അവിടെയെ വെള്ളം കാണു'. കാലം പ്രായത്തിന്റെ ചുളിവുകൾ വീഴ്‌ത്തിയ രുഗ്മിണിയുടെ കാലുകൾ പോലെ മണ്ണാകെ വിണ്ടു കീറിയിട്ടുണ്ട്. ആട്ടിൻപറ്റം നിമിഷനേരം കൊണ്ട് അവശേഷിച്ച പുൽ നാമ്പുകൾ തിന്നു തീർത്തു. അടുത്തയിടം തിരഞ്ഞ് രുഗ്മിണി നടന്നു. ആ നിഴൽപ്പറ്റി ആട്ടിൻകൂട്ടവും.

ഊറ്റുവെള്ളത്തിലെ ജീവിതം

കുഞ്ചിയുടെയും കുഞ്ചന്റെയും ആറു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് രുഗ്മിണി. കോങ്ങാടു നിന്ന് കൃഷിക്കായാണ് മലമ്പുഴയിലേക്ക് ജീവിതം പറിച്ചുനട്ടത്. അടിവയറ്റിൽ വിശപ്പിന്റെ ആധി കെടാതെ നിന്ന കാലമായിരുന്നു അത്. ഡാമിനോട് ചേർന്നുള്ള ചെറിയ കാട്ടുവഴി കയറി ഇറങ്ങണം കൊല്ലം കുന്ന് കോളനിയിലെത്താൻ. ജീവിതം തിരഞ്ഞെത്തിയ ഒട്ടേറെ മനുഷ്യർ ആ മണ്ണിലുണ്ടായിരുന്നു. സമ്പുഷ്ടമായ കൃഷിയിടമാണ് കൂരനാട്ടി ജീവിതമുറപ്പിക്കാൻ പ്രേരിപ്പിച്ചത്. കാടിറങ്ങുന്ന വന്യജീവികളും അന്നൊക്കെ അപൂർവ്വമാണ്.

രാപ്പകൽ മണ്ണിൽ വിയർപ്പൊഴുക്കിയാലെ അരവയർ നിറയാനുള്ളത് കിട്ടൂ. മൂന്നാം തരത്തിൽ പഠനം നിർത്തേണ്ടിവന്നതും ആ ജീവിത സാഹചര്യങ്ങൾ കൊണ്ടാണ്. നീണ്ട കാലത്തെ അധ്വാനത്തിന്റെ ഫലമായി കോളനിയോട് ചേർന്നുള്ള മലയടിവാരത്തിൽ അഞ്ച്‌ സെന്റ് ഭൂമി സ്വന്തമാക്കി. കൃഷിയിൽ നിന്നുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം നിലയ്ക്കാതെ ഒഴുകിയത്. കടുത്ത വേനലിലും സമ്പുഷ്ടമായി മലയിറങ്ങി വന്നിരുന്ന ഊറ്റുവെള്ളമാണ് പ്രധാന ജീവനാഡി.

ഉറവ വറ്റിയ നാളുകൾ

മലയടിവാരത്തിലെ കോളനിയും അവിടുത്തെ മനുഷ്യരെയും അക്കാലത്ത് ആരും കണ്ടില്ല. അഞ്ച്‌ കിലോ മീറ്റർ അകലെയുള്ള ആനക്കല്ലിലെ വിദ്യാലയത്തിലെത്താൻ സാധിക്കാതിരുന്നതും ഭരണകൂടം ഇന്നും ആവർത്തിക്കുന്ന നീതിനിഷേധത്തെ ഓർമ്മിപ്പിക്കുന്നു. കാലത്തിനൊപ്പം ജീവിതം മാറിയത് മലയ്ക്കപ്പുറം മാത്രം. റോഡും വൈദ്യുതിയും പിന്നെയും ഏറെ കാലങ്ങൾക്ക് ശേഷമാണ് മല കടന്നെത്തിയത്.

പന്ത്രണ്ടാം വയസ്സുമുതൽ കൃഷി മനഃപാഠമായി. ഒറ്റയ്ക്ക് വിത്തെറിഞ്ഞ് വിളവെടുക്കാൻ അക്കാലത്തിനിടെയുള്ള ജീവിതം പ്രാപ്തമാക്കി. കൃഷിക്കൊപ്പം ഏതാനും ആടുകളെയും കൂടെക്കൂട്ടി. ജീവിതത്തിന്റെ കൈപിടിക്കാൻ ഒരാൾ വന്നതും അക്കാലത്താണ്. മനസ്സിൽ പുതിയ സ്വപ്‌നങ്ങൾ നാമ്പിട്ടു തളിർത്തു. 21-ാം വയസ്സിൽ വിവാഹം കഴിഞ്ഞെങ്കിലും വർഷങ്ങൾക്ക് ശേഷം അയാൾ ഉപേക്ഷിച്ചു. അന്നുമുതലാണ് പ്രതീക്ഷകളുടെ വിളകൾ ഉറവ വറ്റി കരിഞ്ഞു തുടങ്ങിയത്.

ഒഴുക്ക് നിലച്ച സ്വപ്നങ്ങൾ

കുഞ്ചന്റെ മരണത്തോടെ അമ്മയും തളർന്നു. ജീവിതഭാരം പൂർണ്ണമായും രുഗ്മിണിയുടെ ഉത്തരവാദിത്തമായി. മാറുന്ന കാലത്തിനൊപ്പം ദിശതെറ്റി ഒഴുകുന്ന പ്രകൃതി ഭീതിപ്പെടുത്തി. കൃഷിചെയ്യാൻ ഇന്നു സാധിക്കാത്ത അവസ്ഥയാണ്. മലയിറങ്ങുന്ന വന്യജീവികൾ പാടെ നശിപ്പിക്കും. ആട് വളർത്തൽ മാത്രമാണ് ജീവനമാർഗ്ഗം. എന്നാൽ, കടുത്ത വരൾച്ച വലിയ പ്രതിസന്ധിയാണ്. കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് സമീപത്തെ പഞ്ചായത്ത് കിണറാണ്. വേനൽ കടുത്തപ്പോഴെ അതും വരണ്ടു തുടങ്ങി.

ആട്ടിൻപാൽ വിറ്റാണ് അമ്മയുടെ ചികിത്സാചെലവും വീട്ടുകാര്യങ്ങളും നടക്കുന്നത്. അസുഖം കൂടുമ്പോൾ ആടുകളിൽ ഒന്നിനെ വിൽക്കും. മറ്റ് ജീവന സാധ്യതകൾ ഒന്നുമില്ല. വെള്ളം ശേഖരിച്ചു വയ്ക്കാൻ ആകെയുള്ളത് രണ്ടു കുടങ്ങൾ മാത്രം. മുന്നിലെ വരണ്ട ഭൂമി നോക്കുമ്പോൾ ആ മുഖമാകെ ആധി പടരുന്നത് കാണാം. നിസ്സഹായതയോടെ നരച്ച മുടിയിഴകൾ തോർത്ത് കൊണ്ടു മൂടി. വെയിലിന്റെ പൊള്ളുന്ന മറ പറ്റി അവർ തെളിനീരുതേടി എങ്ങോട്ടെന്നില്ലാതെ നടന്നു. നിരതെറ്റി ആട്ടിൻപറ്റങ്ങളും.

Content Highlights: Life story of rukmini palakkad athijeevanam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
1
Premium

4 min

ദേവതമാരുടെ അര്‍ധനഗ്ന ശിൽപങ്ങളിൽ കാണുന്നത് നഗ്നതയല്ല; ദൈവികത | രഹ്ന ഫാത്തിമ കേസ് അവലോകനം | Law Point

Jun 8, 2023


athijeevanam
അതിജീവനം 114

3 min

ബിഹാറിലെ നരച്ച ഗ്രാമങ്ങളിലേക്ക് പടർന്ന വെളിച്ചം; സൈക്കിൾ ദീദിയും അവരുടെ സ്വപ്നങ്ങളും | അതിജീവനം 105

May 12, 2023


rahul gandhi
Premium

3 min

സൂറത്ത് മുതല്‍ സുപ്രീം കോടതി വരെ; നീതിപര്‍വ്വം താണ്ടാന്‍ രാഹുല്‍ | LawPoint

Apr 12, 2023

Most Commented