ഫ്രഞ്ച് സൈന്യത്തില്‍ ജോലി, 34-ാം വയസില്‍ ടാറ്റയുടെ ചെയര്‍മാന്‍, ജെ.ആര്‍.ഡി. ടാറ്റയെന്ന അതികായന്‍


സി.എ ജേക്കബ് | jacobca@mpp.co.in2022 ജൂലായ് 29-നായിരുന്നു ജെആര്‍ഡിയുടെ 118-ാം ജന്മവാര്‍ഷികം. രാജ്യം ഇന്നത്തെ രീതിയില്‍ പുരോഗതി പ്രാപിച്ചതില്‍ ജെആര്‍ഡി ടാറ്റ വഹിച്ച പങ്കും അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകളും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്.

ജെ.ആർ.ഡി ടാറ്റ | photo - PTI

ന്ത്യയില്‍ ആദ്യമായി ജീവനക്കാരുടെ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തിയത് ഒരു സ്വകാര്യ വ്യവസായ സ്ഥാപനമായിരുന്നു. ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട്, അപകട ഇന്‍ഷുറന്‍സ്, ഗര്‍ഭകാല ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം രാജ്യത്ത് ആദ്യമായി ഏര്‍പ്പെടുത്തിയതും ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളായിരുന്നു. ജെ.ആര്‍.ഡി. ടാറ്റയെന്ന ഭാവനാസമ്പന്നനായ വ്യവസായി ആയിരുന്നു അതിന്റെയെല്ലാം പിന്നില്‍. അദ്ദേഹം ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ പലതും പിന്നീട് രാജ്യം മുഴുവനുമുള്ള ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങളായി മാറി. സ്വാതന്ത്ര്യം ലഭിച്ചശേഷം സാമ്പത്തിക രംഗത്തും വ്യാവസായിക മേഖലയിലുമടക്കം പുരോഗതി നേടി രാജ്യം ഇന്നത്തെ നിലയില്‍ എത്തിയതിന് പിന്നില്‍ സ്വാതന്ത്ര്യ സമര സേനാനികളും രാഷ്ട്രീയ നേതാക്കളും ഗവേഷകരും സാമ്പത്തിക വിദഗ്ധരും അടക്കമുള്ളവര്‍ വഹിച്ചതുപോലെയുള്ള സുപ്രധാന പങ്കാണ് ജെ.ആര്‍.ഡി. ടാറ്റയെപ്പോലെയുള്ള വ്യവസായികളും വഹിച്ചത്.

ജനങ്ങളെ ചൂഷണംചെയ്ത് ആഡംബര ജീവിതം നയിക്കാനും സമ്പത്ത് കുന്നുകൂട്ടാനുമല്ല ജെ.ആര്‍.ഡിയെ പോലെയുള്ളവര്‍ ശ്രമിച്ചത്. രാജ്യപുരോഗതി സ്വപ്‌നം കണ്ട അവര്‍ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പോലെയുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കംകുറിച്ചു. രാജ്യത്തെ അര്‍ബുദരോഗ വിദഗ്ധരില്‍ നല്ലൊരു ശതമാനവും പരിശീലനം നേടുന്നത് ഈ ഹോസ്പിറ്റലില്‍നിന്നാണ്. ജെ.ആര്‍.ഡി. ടാറ്റ തുടക്കംകുറിച്ച രാജ്യത്തെ ആദ്യ വിമാനക്കമ്പനി പിന്നീട് ദേശസാത്കരിക്കപ്പെടുകയും നഷ്ടത്തിന്റെ പടുകുഴിയില്‍പ്പെട്ട് വീണ്ടും ടാറ്റയുടെ നിയന്ത്രണത്തില്‍തന്നെ എത്തിച്ചേരുകയും ഉണ്ടായത് അടുത്തിടെയാണ്. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന് ഒരു ദേശീയ ദുരന്തനിവാരണ നിധി രൂപവത്കരിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനോട് ആവശ്യപ്പെട്ടത് ജെ.ആ.ര്‍ഡി. ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ചാണ് റിസര്‍വ് ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങള്‍ പിന്നീട് സ്ഥാപിക്കപ്പെട്ടത്. 2022 ജൂലായ് 29-നായിരുന്നു ജെ.ആര്‍.ഡിയുടെ 118-ാം ജന്മവാര്‍ഷികം. രാജ്യം ഇന്നത്തെ രീതിയില്‍ പുരോഗതി പ്രാപിച്ചതില്‍ ജെആര്‍ഡി ടാറ്റ വഹിച്ച പങ്കും അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകളും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്.

ഫ്രാന്‍സില്‍ ജനനം; ഫ്രഞ്ച് സൈന്യത്തിന്റെ ഭാഗമായി

പാരീസില്‍ താമസമാക്കിയ പ്രവാസി കുടുംബത്തിലാണ് 1904 ജൂലായ് 29-ന് ജെ.ആര്‍.ഡി. ടാറ്റയുടെ ജനനം. രത്തന്‍ജി ദാദാഭായ് ടാറ്റയുടെയും അദ്ദേഹത്തിന്റെ ഭാര്യയും ഫ്രഞ്ച് വനിതയുമായ സൂസന്നെയുടെയും രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം. പൈലറ്റ് ലൈസന്‍സ് ലഭിച്ച ഇന്ത്യയിലെ ആദ്യ വ്യക്തിയായിരുന്നു ജെ.ആര്‍.ഡി. ടാറ്റയെങ്കില്‍ അദ്ദേഹത്തിന്റെ അമ്മ ആയിരുന്നു ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ വനിത. ജാംഷഡ്ജി ടാറ്റയുടെ ഭാര്യാ സഹോദരനായിരുന്നു ജെ.ആ.ര്‍ഡിയുടെ പിതാവ് ദാദാഭായ്. ജെ.ആര്‍.ഡി. ടാറ്റയുടെ അകന്ന ബന്ധുവായിരുന്നു പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദാലി ജില്ലയുടെ ഭാര്യ രത്തന്‍ഭായ് ജിന്ന. ഫ്രാന്‍സിലാണ് ജെ.ആര്‍.ഡി. കുട്ടിക്കാലം ചിലവഴിച്ചത്. ലണ്ടനിലും ജപ്പാനിലും ഫ്രാന്‍സിലും ഇന്ത്യയിലും അദ്ദേഹം പഠിച്ചിട്ടുണ്ട്. ജെ.ആര്‍.ഡിയുടെ അമ്മ അവരുടെ 43-ാം വയസില്‍ മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് തിരിച്ചുവന്നുവെങ്കിലും ആ സമയത്ത് പഠനത്തിനായി ജെ.ആര്‍.ഡി. ഇംഗ്ലണ്ടിലേക്ക് പോയി. അവിടുത്തെ പഠനം പൂര്‍ത്തിയാക്കിയ ജെ.ആര്‍.ഡിക്ക് ഫ്രഞ്ച് പൗരന്‍ ആയതിനാല്‍ ഫ്രഞ്ച് സൈന്യത്തിലും വളരെ കുറച്ചുകാലം പ്രവര്‍ത്തിക്കേണ്ടിവന്നു. ഈ സമയത്താണ് പിതാവ് അദ്ദേത്തെ ടാറ്റയുടെ ഭാഗമാകാന്‍ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത്. പരിശീലനാര്‍ഥിയായാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.

34-ാം വയസില്‍ ടാറ്റയുടെ ചെയര്‍മാന്‍

പിന്നീട് ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയില്‍തന്നെ തുടരാന്‍ ജെ.ആര്‍.ഡി. ടാറ്റ തീരുമാനമെടുത്തു. 34-ാം വയസിലാണ് അദ്ദേഹം ടാറ്റയുടെ ചെയര്‍മാനാകുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ടാറ്റയുടെ മുഖമുദ്രയായി അറിയപ്പെടുന്ന ടാറ്റാ മോട്ടോഴ്സ് എന്ന വാഹന നിര്‍മാണക്കമ്പനിക്കടക്കം തുടക്കം കുറിക്കുന്നത് ജെ.ആര്‍.ഡി. ടാറ്റയാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ടൈറ്റന്‍, ടാറ്റ സോള്‍ട്ട്, വോള്‍ട്ടാസ്, എയര്‍ ഇന്ത്യ എന്നിവയ്ക്കും തുടക്കം കുറിച്ചത് അദ്ദേഹംതന്നെ. ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അടക്കമുള്ളവയും സ്ഥാപിച്ചത് ജെ.ആര്‍.ഡിയാണ്.

തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാകുന്ന ഇക്കാലത്ത് അവരുടെ ക്ഷേമം ഉറപ്പാക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്ത വ്യവസായ പ്രമുഖനാണ് ജെ.ആര്‍.ഡി. എട്ട് മണിക്കൂര്‍ ജോലസമയം, തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, പ്രോവിഡന്റ് ഫണ്ട് പദ്ധതി, ഗര്‍ഭകാല ആനുകൂല്യങ്ങള്‍, അപകട ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് രാജ്യത്തുതന്നെ തുടക്കം കുറിച്ചത് ജെ.ആര്‍.ഡി. ടാറ്റയാണ്. വ്യവസായശാലകളില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക വിഭാഗംതന്നെ വേണമെന്ന ആശയം മുന്നോട്ടുവച്ചതും അദ്ദേഹം തന്നെ.


ദുരിതാശ്വാസ നിധി വേണം; നെഹ്രുവിനോട് ആവശ്യപ്പെട്ടത് ജെ.ആര്‍.ഡി.

വ്യവസായം ശക്തിപ്പെടുത്തുന്നതിന് പുറമെ, രാജ്യപുരോഗതിയും സ്വപ്നം കണ്ട വ്യക്തിയായിരുന്നു ജെ.ആര്‍.ഡി. രാജ്യത്തെ വര്‍ധിച്ചു വരുന്ന ജനപ്പെരുപ്പം പുരോഗതിക്ക് തടസമാകുമെന്ന് അദ്ദേഹം വിലയിരുത്തി. കുടുംബാസൂത്രണത്തിനു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. പിന്നീട് ഐക്യരാഷ്ട്ര സഭയുടെ പോപ്പുലേഷന്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. രാജ്യത്തിന് ഒരു ദേശീയ ദുരിതാശ്വാസ നിധി വേണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് അദ്ദേഹമായിരുന്നു. ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് വലിയ അഭയാര്‍ഥി പ്രവാഹമുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്.

വിഭജനത്തെ തുടര്‍ന്ന് വലിയ കലാപവും ആള്‍നാശവുമാണ് രാജ്യത്തുണ്ടായത്. സ്വത്തുവകകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇതിനിടെ വന്‍അഭയാര്‍ഥി പ്രവാഹത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ രംഗത്തിറങ്ങി. അവര്‍ നടത്തിയ സേവനം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ പോലും പ്രശംസ പിടിച്ചുപറ്റി. എന്നാല്‍, അത്തരം സേവനങ്ങള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ല അഭയാര്‍ഥികളുടെ ദുരിതം. ഇതോടെയാണ് ദേശീയ തലത്തില്‍തന്നെ ഒരു ദുരന്തനിവാരണ നിധി രൂപവത്കരിക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്രുവിനോട് ജെ.ആര്‍.ഡി. അഭ്യര്‍ഥിക്കുന്നത്. ടാറ്റ അതിലേക്ക് സംഭാവന നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അത്തരത്തിലുള്ള ഒരു ഫണ്ട് രൂപവത്കരിക്കാനുള്ള ഉദ്ദേശം സര്‍ക്കാരിനില്ലെങ്കില്‍ തങ്ങളുടെ സ്ഥാപനത്തിന് അതിനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ ഉപയോഗിച്ച് പ്രകൃതി ദുരന്തങ്ങളിലടക്കം അകപ്പെടുന്നവരെ സഹായിക്കണമെന്നതായിരുന്നു ജെ.ആര്‍.ഡിയുടെ നിര്‍ദ്ദേശം. എന്നാല്‍, പെട്ടെന്നൊരു മറുപടി നല്‍കാന്‍ തയ്യാറാകാതിരുന്ന നെഹ്രു വിശദമായ കൂടിയാലോചനകള്‍ നടത്തിയശേഷം ദുരിതാശ്വാസ നിധി രൂപവത്കരിക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചുകൊണ്ട് ജെ.ആര്‍.ഡിക്ക് കത്തയച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നപേരില്‍ സ്ഥിരം ഫണ്ട് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കുമെന്നും നിലവില്‍ അഭയാര്‍ഥികളെ സഹായിക്കാനാവും ഇതിലെ തുക ഉപയോഗിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഫണ്ട് രൂപവത്കരിച്ചതിന് തൊട്ടുപിന്നാലെതന്നെ ടാറ്റ അതിലേക്ക് വന്‍തുക സംഭാവന നല്‍കി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പ്രകൃതി ദുരന്തങ്ങളിലടക്കം അകപ്പെട്ടവര്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള തുക ഉപയോഗിക്കുന്നുണ്ട്. ജെ.ആര്‍.ഡിയുടെ മനസില്‍ ഉദിച്ച ആശയം സമ്മര്‍ദ്ദം ചെലുത്തി ജവഹര്‍ നെഹ്രുവിനെക്കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു എന്നുവേണം വിലയിരുത്താന്‍. പ്രളയത്തിലും ഭൂകമ്പത്തിലും ചുഴലിക്കാറ്റിലുംപെട്ട് ദുരിതം അനുഭവിച്ച രാജ്യത്തെ ആയിരക്കണക്കിനു പേര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള തുക ആശ്വാസമായി. എന്നാല്‍ ജെ.ആര്‍.ഡി. ടാറ്റയാണ് അതിന്റെ രൂപവ്തകണത്തിന് പിന്നിലെന്ന് അധികമാരും ഓര്‍ക്കാറില്ല.

ടാറ്റ എയര്‍ലൈന്‍സ് ദേശസാത്കരണത്തെ എതിര്‍ത്ത ജെ.ആര്‍.ഡി.

തീവണ്ടി ഗതാഗതം കാര്യക്ഷമമാക്കുന്നതിനെപ്പറ്റി എല്ലാവരും ചിന്തിച്ചുകൊണ്ടിരുന്ന സമയത്താണ് വിമാനക്കമ്പനി തുടങ്ങുന്നതിനെപ്പറ്റി ജെ.ആര്‍.ഡി. ടാറ്റ ചിന്തിച്ചു തുടങ്ങിയത്. ലൈസന്‍സ് നേടിയ രാജ്യത്തെ ആദ്യത്തെ പൈലറ്റായ അദ്ദേഹം തന്നെ രാജ്യത്തെ ആദ്യ വിമാനക്കമ്പനിക്കും തുടക്കമിട്ടു. 1932-ലാണ് എയര്‍ ഇന്ത്യയ്ക്ക് തുടക്കം കുറിക്കുന്നത്. 1938 ല്‍ വിമാനക്കമ്പനിയുടെ പേര് ടാറ്റ എയര്‍ലൈന്‍സ് എന്ന് മാറ്റുകയും രാജ്യാന്തര സര്‍വീസുകള്‍ക്ക് തുടക്കമിടുകയും ചെയ്തു. കൊളംബോയിലേക്കായിരുന്നു ആദ്യ രാജ്യാന്തര സര്‍വീസ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതോടെ ദേശസാത്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. ടാറ്റ എയര്‍ലൈന്‍സും ദേശസാത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങി. ദേശസാത്കരണ നീക്കത്തെ ജെ.ആര്‍.ഡി. ശക്തമാക്കി എതിര്‍ക്കുകയാണുണ്ടായത്.

സര്‍ക്കാരിന് വിമാനക്കമ്പനി നടത്തുന്നതിനുള്ള യാതൊരു പരിചയസമ്പത്തും ഇല്ലെന്നകാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആലസ്യം ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും യാത്രക്കാരെ നിരാശരാക്കുമെന്നും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിയന്ത്രണത്തിലായശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെടുകയും യാത്രക്കാരില്‍നിന്നടക്കം വ്യാപക പരാതികള്‍ ഉയരുകയും ചെയ്ത ശേഷം വീണ്ടും ടാറ്റയുടെ കൈകളില്‍തന്നെ എയര്‍ ഇന്ത്യ എത്തി എന്നതാണ് പിന്നീട് സംഭവിച്ചത്. എന്നാല്‍, ജെ.ആര്‍.ഡിയുടെ എതിര്‍പ്പ് അന്ന് അധികൃതര്‍ ചെവിക്കൊണ്ടില്ല. വിമാനക്കമ്പനിയുടെ 49 ശതമാനം ഓഹരികളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും പേര് എയര്‍ ഇന്ത്യ എന്ന് മാറ്റുകയും ചെയ്തു. സര്‍ക്കാര്‍ ഏറ്റെടുത്തശേഷവും വിമാനക്കമ്പനി നല്ല രീതിയില്‍ നടത്താത്തതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് ജെ.ആര്‍.ഡി. രംഗത്തെത്തിയിരുന്നു.

ടാറ്റയുടെ വിമാനക്കമ്പനിക്ക് എതിരായ ഗൂഢാലോചന നടന്നുവെന്ന ആരോപണംവരെ അദ്ദേഹം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം നെഹ്രു നിഷേധിക്കുകയാണ് ചെയ്തത്. എന്നാല്‍ ജെ.ആര്‍.ഡിയുടെ അനുഭവസമ്പത്ത് എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനുംവേണ്ടി പ്രയോജനപ്പെടുത്താന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് കമ്പനികളെ നയിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ടാറ്റ സണ്‍സിലെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് അദ്ദേഹം എയര്‍ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനവും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഡയറക്ടര്‍ സ്ഥാനവും ഏറ്റെടുത്തത്. 1978-വരെ അദ്ദേഹം ആസ്ഥാനങ്ങള്‍ വഹിച്ചു. എയര്‍ ഇന്ത്യ വിമാനം മുംബൈക്കടുത്ത് കടലില്‍ തകര്‍ന്നുവീണ് യാത്രക്കാരും ജീവനക്കാരുമടക്കം 213 പേര്‍ മരിക്കാനിടയായ സംഭവം അക്കാലത്തെ വലിയ വിമാന ദുരന്തങ്ങളില്‍ ഒന്നായിരുന്നു. പൈലറ്റിന്റെ പിഴവായിരുന്നു ദുരന്തത്തിന് പിന്നിലെങ്കിലും അന്നത്തെ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ അദ്ദേഹത്തെ രണ്ട് സ്ഥാനങ്ങളില്‍നിന്നും നീക്കി. എന്നാല്‍ 1980-ല്‍ ഇന്ദിരാഗാന്ധി അദ്ദേഹത്തെ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ഡയറക്ടര്‍ ബോര്‍ഡില്‍ വീണ്ടും നിയോഗിച്ചു. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനം അദ്ദേഹത്തിന് തിരികെ ലഭിച്ചില്ല. 1986-ല്‍ രാജീവ്ഗാന്ധി എയര്‍ ഇന്ത്യ ചെയര്‍മാനായി രത്തന്‍ ടാറ്റയെ നിയമിക്കുന്നതുവരെ അദ്ദേഹം വിമാനക്കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ തുടര്‍ന്നു.

tata.com">
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കൊപ്പം ജെ.ആര്‍.ഡി. | Photo - tata.com

ബോംബെ പ്ലാന്‍

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏത് തരത്തിലുള്ളതാകണം എന്ന് അഭിപ്രായപ്പെടുന്ന മാര്‍ഗരേഖ ജെ.ആര്‍.ഡി. ടാറ്റയടക്കം ഏഴ് പ്രമുഖര്‍ ചേര്‍ന്ന് തയ്യാറാക്കുന്നത് 1944-ലാണ്. രാജ്യത്തെ പ്രമുഖ വ്യവസായികളും ഉന്നത ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു. ജി.ഡി ബിര്‍ള, പുരുഷോത്തം താക്കൂര്‍ദാസ്, അര്‍ദഷീര്‍ ഷ്രോഫ്, കസ്തൂര്‍ഭാസ് ലാല്‍ഭായ്, അര്‍ദഷീര്‍ ദലാല്‍, ജോണ്‍ മത്തായി, ലാല ശ്രീറാം എന്നിവരായിരുന്നു രൂപരേഖ തയ്യാറാക്കാന്‍ ജെ.ആര്‍.ഡിക്കൊപ്പം ഉണ്ടായിരുന്നത്. രാജ്യത്തിന്റെ അന്നത്തെ രാഷ്ട്രീയ - സാമ്പത്തിക പരിതസ്ഥിതിയില്‍ സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടല്‍ വന്‍തോതില്‍ ആവശ്യമാണെന്ന് വ്യവസായികള്‍ അടക്കമുള്ളവര്‍ നിലപാടെടുത്തു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് മാര്‍ഗരേഖയായി പിന്നീട് മാറിയ നിര്‍ദ്ദേശങ്ങളെയാണ് ബോംബെ പ്ലാന്‍ എന്നപേരില്‍ അറിയപ്പെട്ടത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.) യുടെ രൂപവത്കരിണം അടക്കമുള്ളവയിലേക്ക് നയിച്ചത് ജെ.ആര്‍.ഡി. അടക്കമുള്ളവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ബോംബെ പ്ലാന്‍ ആയിരുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) അടക്കമുള്ളവയുടെ രൂപവത്കരണത്തിലേക്ക് നയിച്ചതും ആ നിര്‍ദ്ദേശങ്ങള്‍ തന്നെ.

ബ്രിട്ടീഷ് ഭരണകൂടത്തില്‍നിന്ന് തങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ചൂണ്ടിക്കാട്ടിയാണ് വ്യവസായികള്‍ അടക്കമുള്ളവര്‍ ബോംബെ പ്ലാന്‍ തയ്യാറാക്കിയത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എത്തരത്തില്‍ ഉള്ളതാകണം എന്നത് സംബന്ധിച്ച പ്രതീക്ഷകള്‍ അവര്‍ പങ്കുവച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം 15 വര്‍ഷംകൊണ്ട് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനും രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കാനും ജീവിത നിലവാരം ഉയര്‍ത്താനുമെല്ലാം ബോംബെ പ്ലാന്‍ ലക്ഷ്യംവച്ചിരുന്നു.

tata.com">
ടാറ്റാ പ്ലാന്റില്‍ ജെ.ആര്‍.ഡി. | tata.com

അഞ്ച് വര്‍ഷം വീതം നീളുന്ന മൂന്ന് ഘട്ടങ്ങളായി ലക്ഷ്യങ്ങള്‍ കൈവരിക്കാനായിരുന്നു ബോംബെ പ്ലാന്‍ ലക്ഷ്യംവച്ചിരുന്നത്. ഇതിന് സമാനമായാണ് കാര്‍ഷിക, വ്യവസായ രംഗങ്ങള്‍ക്കും സേവന മേഖലയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പഞ്ചവത്സര പദ്ധതിക്ക് നെഹ്രു സര്‍ക്കാര്‍ തുടക്കം കുറിച്ചത്. മിശ്ര സമ്പദ് വ്യവസ്ഥയ്ക്ക് സമാനമായ ഒന്നാവണം ഇന്ത്യയിലേതെന്ന നിര്‍ദ്ദേശം വ്യവസായികള്‍ അന്ന് മുന്നോട്ടുവച്ചു. ഗതാഗതം (റെയില്‍, വ്യോമയാനം, കപ്പലോട്ടം), രാസവസ്തുക്കള്‍, വൈദ്യുതോത്പാദനം, എന്‍ജിനിയറിങ് എന്നിവ സര്‍ക്കാര്‍ നിയന്ത്രണത്തിലാവണം എന്നായിരുന്നു ജെ.ആര്‍.ഡി. അടക്കമുള്ള വ്യവസായികളുടെ കാഴ്ചപ്പാട്. ടെക്‌സ്റ്റൈല്‍സ്, ഗ്ലാസ്, കോട്ടണ്‍, പുകയില, പേപ്പര്‍ തുടങ്ങിയ വ്യവസായങ്ങള്‍ സ്വകാര്യ മേഖലയില്‍ നിലനിര്‍ത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക അന്തരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നിര്‍ദ്ദേശം. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് അടിസ്ഥാനമാകേണ്ട അടിസ്ഥാന വ്യവസായ മേഖലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വേണമെന്നായിരുന്നു നിര്‍ദ്ദേശം. സര്‍ക്കാര്‍ നിയന്ത്രണം വരുന്നതോടെ രാജ്യത്തിന് പുരോഗതിയുടെ പാതയില്‍ അതിവേഗം മുന്നേറാന്‍ കഴിയുമെന്ന് അവര്‍ കണക്കുകൂട്ടി. ജെആര്‍ഡി അടക്കമുള്ളവര്‍ തയ്യാറാക്കിയ പദ്ധതി ബന്ധപ്പെട്ടവര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. ഒന്നും രണ്ടും പഞ്ചവത്സര പദ്ധതികളെ അത് സ്വാധീനിക്കുകതന്നെചെയ്തു.

സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംഷികള്‍ക്കും കത്തയയ്ക്കുക എന്നത് ജെ.ആര്‍.ഡിയുടെ പ്രത്യേകത ആയിരുന്നു. 40,000 കത്തുകളാണ് അദ്ദേഹം ഇത്തരത്തില്‍ അയച്ചിട്ടുള്ളത് എന്നാണ് കണക്ക്. ഫിറ്റ്‌നസില്‍ വളരെയധികം ശ്രദ്ധിച്ചിരുന്ന അദ്ദേഹം തന്റെ 80-കളിലും വ്യായാമം ചെയ്തിരുന്നു. 70-കളില്‍വരെ ഗോള്‍ഫും ടെന്നീസും കളിച്ചിരുന്നു. ഭാരത് രത്‌ന അടക്കമുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1993 നവംബര്‍ 29-ന് വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് ജനീവയില്‍വച്ച് തന്റെ 89-ാം വസയിലായിരുന്നു അന്ത്യം.

Content Highlights: Life story of JRD Tata


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented