-
മഹാമാരിയുടെ ഭീതിയിലാണ്ടു കഴിയുന്ന മനുഷ്യന് മുകളില്‍ പട്ടിണിയുടെ നിഴല്‍ കനത്തു നില്‍ക്കുന്നുണ്ട്. തൊഴിലും വരുമാനവും ഇല്ലാതെ നിശ്ചലമായ തെരുവിനെ നോക്കി കരയാന്‍ പോലും ആകാതെ മനുഷ്യര്‍ മരവിച്ച് ഇരിക്കുകയാണ്. തൊഴിലിനായി മഹാനഗരങ്ങളിലേക്ക് നാടുപേക്ഷിച്ചു പോയവര്‍ ഗ്രാമങ്ങളിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ്. പട്ടിണി കിടന്ന് അത്രമേല്‍ അവര്‍ വലഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇനി ദൃക്‌സാക്ഷിയാകാന്‍ പോകുന്നത് പട്ടിണി മരണങ്ങള്‍ക്കാണ്. അത്രത്തോളം അപകടകരമായ വറുതിയുടെ കാലത്തിലൂടെയാണ് ഓരോ ഗ്രാമങ്ങളും കടന്നു പോകുന്നത്.
മഹാരാഷ്ട്രയില്‍നിന്ന് മധ്യപ്രദേശിലേക്ക് റെയില്‍ മാര്‍ഗം നടന്നു പോയ 16 തൊഴിലാളികളാണ് തീവണ്ടി കയറി മരിച്ചത്. ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു അവര്‍. പട്ടിണിയാണ് തൊഴിലിടം വിട്ട് കിലോമീറ്ററുകള്‍ക്ക് അപ്പുറത്തെ ഗ്രാമങ്ങളിലേക്ക് പോകാന്‍ അവരെ നിര്‍ബന്ധിതരാക്കിയത്. മണിക്കൂറുകള്‍ നടന്നു തളര്‍ന്നപ്പോള്‍ ഔറംഗാബാദിനടുത്തെ റെയില്‍ പാളത്തില്‍ തന്നെ വിശ്രമിക്കുകയായിരുന്നു.
വിശപ്പും ദാഹവും തളര്‍ത്തിയ ശരീരങ്ങള്‍ ഉറങ്ങിപ്പോയത് സ്വാഭാവികം. അതിരാവിലെ പ്രതീക്ഷിക്കാതെ വന്ന ഗുഡ്‌സ് തീവണ്ടി അവര്‍ക്ക് മുകളിലൂടെ ചൂളം വിളിച്ച് കയറി ഇറങ്ങുകയായിരുന്നു. ബിഹാറില്‍ എട്ടു വയസ്സുകാരനായ കുട്ടി മരിച്ചതിന് കാരണവും വിശപ്പാണ്. അത്രമേല്‍ വേട്ടയാടുന്നുണ്ട് മഹാമാരിയേക്കാള്‍ കൊടുംപട്ടിണി.
ഹരിയാണയിലെ മനുഷ്യരും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തലയ്ക്ക് മുകളില്‍ വിശപ്പ് കറുത്തിരുണ്ട് ഭീതിപ്പെടുത്തുന്നുണ്ട്. പ്രതിസന്ധിയുടെ ചുഴിയില്‍ അകപ്പെട്ട ഹരിയാണയിലൂടെ നടത്തിയ യാത്രയില്‍ പരിചയപ്പെട്ടത് മൂന്ന് വ്യത്യസ്തരായ മനുഷ്യരെയാണ്. സതീഷ്, റാംകിഷന്‍, പങ്കജ്. ഇവര്‍ മൂന്നുപേരും ഹരിയാണയിലെ ഗുഡ്ഗാവിലാണ് താമസിക്കുന്നത്. പല ഇടങ്ങളില്‍ നിന്നു വന്ന് വ്യത്യസ്ത മേഖലയില്‍ തൊഴില്‍ എടുത്ത് അന്നം തേടുന്നവരാണ് മൂവരും. രാജ്യം അടച്ചിട്ടപ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് എന്ത് സംഭവിച്ചു എന്ന് ഇവരുടെ ജീവിതം അക്കമിട്ട് വ്യക്തമാക്കി തരും. അതിജീവന സാധ്യതകള്‍ പോലും സ്വപ്‌നദൂരത്തിലാണ് ഇന്നീ മനുഷ്യര്‍ക്ക്.
മനുഷ്യനും പട്ടിണിയുടെ നിഴലും
റോഡില്‍ നിന്നുതന്നെ മുഹമ്മദ് റഫിയുടെ പാട്ട് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. സതീഷ് പാട്ടില്‍ ലയിച്ച് മണ്‍പാത്രങ്ങളിലെ പൊടി തുടച്ച് വൃത്തിയാക്കുകയാണ്.
എന്നെ കണ്ടതും റേഡിയോയുടെ ശബ്ദം അല്‍പ്പം കുറച്ച് പുറത്തേക്ക് വന്നു. ഹരിയാണയിലെ ഗുഡ്ഗാവ് അതിര്‍ത്തിയിലാണ് സതീഷ് കുടുംബത്തോടൊപ്പം മണ്‍പാത്ര കച്ചവടം നടത്തുന്നത്. തകര ഷീറ്റും ടാര്‍പോളിനും കൊണ്ട് നിര്‍മ്മിച്ച ഒറ്റമുറി ഷെഡിലാണ് അഞ്ചുപേരടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്.
മഹാമാരിക്ക് മുന്നില്‍ രാജ്യം നിശ്ചലമായപ്പോള്‍ കീഴ്‌മേല്‍ മറിഞ്ഞ മനുഷ്യരുടെ പ്രതിനിധിയാണ് അദ്ദേഹം. മൂന്നാഴ്ചയായി എന്തെങ്കിലും കച്ചവടം നടന്നിട്ട്. സംസാരം കേട്ട് ഭാര്യയും മൂന്ന് മക്കളും ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മറച്ച മുറിയില്‍ നിന്നും പുറത്തേക്ക് വന്നു.
മുത്തച്ഛന്റെ കാലം മുതല്‍ തുടങ്ങിയതാണ് കളിമണ്‍ പാത്രങ്ങളുടെ വില്‍പ്പന. അന്നൊക്കെ ആളുകള്‍ മണ്‍പത്രങ്ങളാണ് ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമൊക്കെയായി ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് ആര്‍ക്കും മണ്‍ പാത്രങ്ങള്‍ വേണ്ടതായിരിക്കുന്നു. അതുകൊണ്ടാണ് മണ്‍ പാത്രങ്ങള്‍ക്കൊപ്പം ശില്‍പ്പങ്ങള്‍ കൂടി ഉണ്ടാക്കുന്നത്. ദൈവങ്ങളുടെ ജീവസ്സുറ്റ ശില്‍പങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഉത്തര്‍പ്രദേശില്‍ നിന്നാണ് പ്രധാനമായും ഇത്തരം ശില്‍പ്പങ്ങള്‍ എത്തിക്കുന്നത്.
യാത്രാച്ചിലവും ശില്‍പ്പിയുടെ കൂലിയും കഴിഞ്ഞാല്‍ ബാക്കിയാവുക റൊട്ടിക്കുള്ള തുക മാത്രമാണ്. മൂന്ന് മക്കളുടെ വിദ്യാഭ്യാസച്ചിലവ് കൂടെ വരുമ്പോള്‍ കീശ കാലിയാകും. റോഡരികിലെ കച്ചവടത്തിനും ഉദ്യോഗസ്ഥരുടെ വിലക്കുണ്ട്. ഇത്തരത്തില്‍ ജീവിതം കഷ്ട്ടിച്ചു മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് കൊറോണ കൂടെ വന്നത്.
ഡല്‍ഹിയെ അപേക്ഷിച്ചു ഹരിയാണയില്‍ രോഗബാധിതര്‍ കുറവാണെങ്കിലും അതിര്‍ത്തി പ്രദേശമായതിനാല്‍ കര്‍ശന നിരീക്ഷണത്തിലാണ് ഗുഡ്ഗാവ്. അവശ്യസാധനങ്ങളുടെ കച്ചവടം മാത്രമെ അനുവദിച്ചിട്ടുള്ളു. എങ്കിലും വീടും കടയും ഒന്നായതിനാല്‍ കച്ചവടത്തിന് മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ല. പക്ഷെ മനുഷ്യര്‍ രാപ്പകല്‍ ഒഴുകിയിരുന്ന തെരുവുകള്‍ ഇപ്പോള്‍ നിശ്ചലമാണ്.
ഒരു നാണയത്തുട്ടെങ്കിലും കിട്ടിയിട്ട് ആഴ്ചകളായി. ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അര്‍ധപട്ടിണിയാണെങ്കിലും ഇത്ര ദിവസം പിടിച്ചുനിന്നത്. നാളെ ഇനി എന്ത് ചെയ്യും എന്ന ചോദ്യം അപ്രസക്തമായതിനാല്‍ ഭാര്യ പിങ്കി ഇപ്പോഴങ്ങനെ ചോദിക്കാറെ ഇല്ലത്രെ.
നിറഞ്ഞ കണ്ണുകള്‍ തുടച്ച് ആളൊഴിഞ്ഞ തെരുവിലേക്ക് നോക്കി സതീഷ് ഏറെ നേരം നിശ്ശബ്ദനായി. രണ്ടാമത്തെ മകള്‍ സോനത്തിന്റെ തോളില്‍ പിടിച്ചു നിസ്സഹായതയോടെ അദ്ദേഹം പിന്നീട് പറഞ്ഞതെല്ലാം വിശപ്പിനെ കുറിച്ചായിരുന്നു.
മഹാമാരിയെ നേരിടാനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടികണക്കിന് രൂപയുടെ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ സതീഷിനെ പോലുള്ള സാധാരണക്കാരന്റെ ആമാശയം ഇപ്പോഴും കാലിയാണ്. അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് ഇനിയും അന്നമെത്തിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അത് മറ്റൊരു മഹാദുരന്തത്തിനാകും വഴിവക്കുക. പട്ടിണി അത്രമാത്രം വട്ടമിട്ട് പറക്കുന്നുണ്ട് ഓരോ കുടുംബത്തിന് മുകളിലും. യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരം സതീഷിന്റെ മുഖത്ത് കണ്ട അതെ ഭീതി ദൈവങ്ങളുടെ ശില്‍പ്പങ്ങളിലും നിഴലിച്ചു നിന്നിരുന്നു.
നിസ്സഹായത വല്ലാതെ പേടിപ്പിക്കുന്നുണ്ട്
ദേവിലാല്‍ കോളനി റോഡില്‍ നിന്നാണ് റാം കിഷനെ കാണുന്നത്. കനത്ത വെയിലേറ്റ് വിയര്‍ത്തു കുളിച്ചു നില്‍ക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ പലിയ ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് വരുന്നത്. കര്‍ഷകരായ മാതാ പിതാക്കളുടെയും നാലു സഹോദരങ്ങളുടെ പട്ടിണി മാറ്റാന്‍ വേണ്ടി ജോലി തേടി സ്വയം ഇറങ്ങുകയായിരുന്നു.
കാലം തെറ്റി വന്ന പേമാരിയില്‍ കൃഷി ഉള്‍പ്പെടെ സര്‍വ്വവും നശിച്ചപ്പോള്‍ ആത്മഹത്യയായിരുന്നു മുന്നിലെ വഴി. എന്നാല്‍ കുടുംബത്തെ അനായാസം മരണത്തിന് വിട്ടുകൊടുക്കാന്‍ റാം കിഷന്‍ തയ്യാറല്ലായിരുന്നു. വൈകാതെ തന്നെ പഴകിയ പ്ലാസ്റ്റിക് സഞ്ചിയില്‍ മുഷിഞ്ഞ രണ്ട് ഷര്‍ട്ടും ഒരു തോര്‍ത്തും എടുത്ത് ജോലി തേടി ഇറങ്ങി. രാജ്യതലസ്ഥാനത്താണ് ആ യാത്ര അവസാനിച്ചത്. അതിജീവനത്തിനായുള്ള പോരട്ടമായിരുന്നു പിന്നീടങ്ങോട്ട്.
ഗ്രാമത്തിന്റെയും പ്രിയപ്പെട്ടവരുടെയും ഓര്‍മ്മകളില്‍ കാലങ്ങള്‍ ഏറെ പിന്നിട്ടു. എല്ലാം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗ്രാമത്തിലേക്ക് തിരികെ പോകാന്‍ സാധിച്ചത്. കൃഷിചെയ്ത് ഇനിയുള്ള കാലം ജീവിക്കാം എന്നു സ്വപ്നം കണ്ടാണ് യാത്ര തിരിച്ചത്. കാലം ഏറെ മാറിയിരുന്നെങ്കിലും കര്‍ഷന്റെ കുടിലിലെ പട്ടിണി അപ്പോഴും മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.
അതുകൊണ്ട് തന്നെ കൃഷി എന്ന സ്വപ്നം എന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നു. വൈകാതെ അന്നം തിരഞ്ഞ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചു. വീണ്ടും ജീവിതം ഒരു തുരുത്തിലെത്തും എന്ന പ്രതീക്ഷയില്‍ രാപ്പകലില്ലാതെ പല ജോലികളും മാറി മാറി ചെയ്തു. എന്നാല്‍ അതിവേഗം വളര്‍ന്ന നഗരത്തിനൊപ്പം നാലാം ക്ലാസ്സുകാരന് ഓടിയെത്താന്‍ സാധിച്ചില്ല.
ജീവിതം വലിയ മാറ്റങ്ങളില്ലാതെ തന്നെ കടന്നുപോയി. ഇപ്പോള്‍ ഏകദേശം 26 വര്‍ഷമായി സൈക്കിള്‍ റിക്ഷ ഓടിക്കുന്നു. 300 രൂപയായിരുന്നു പരമാവധി ഒരു ദിവസം കിട്ടിയിരുന്ന വരുമാനം. ലോക്ക് ഡൗണ്‍ ആയതിനു ശേഷം മാസങ്ങളായി ഒരു നാണയത്തുട്ട് പോലും കിട്ടിയിട്ടില്ല. അടുത്തറിയാവുന്ന സ്ഥിര യാത്രക്കാരായ ചിലര്‍ തരുന്ന ചെറിയ സഹായങ്ങള്‍ ആണ് ആമാശയം നിറക്കുന്നത്.
പിറന്ന നാള്‍ മുതല്‍ പട്ടിണി കൂടപ്പിറപ്പ് ആയതുകൊണ്ട് വിശപ്പ് ഒരു പ്രശ്‌നമല്ല എന്നാണ്, ഉള്ളിലൊളിപ്പിച്ച സങ്കട കടല്‍ മറച്ചുകൊണ്ട് മുഖത്തൊരു ചിരി വരുത്തിയ ശേഷം അദ്ദേഹം പറഞ്ഞത്. ഗ്രാമത്തില്‍ ഉള്ള പ്രിയപ്പെട്ടവരെ ഓര്‍ക്കുമ്പോഴാണ് കൂടുതല്‍ സങ്കടം. ഭാര്യ നിലംബ കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ പറഞ്ഞത് ഗ്രാമത്തിലെ ഒരു കുടിലിലും ഒറ്റ മണി ഗോതമ്പ് പോലും ഇല്ലായെന്നാണ്. അതുവരെ പിടിച്ചു വച്ച സങ്കടം റാം കിഷന്റെ കുഴിഞ്ഞ കണ്ണില്‍ നിന്നും വെയിലേറ്റു വാടിയ മുഖത്തേക്ക് ഒലിച്ചിറങ്ങി.
അറിയപ്പെടാത്ത പോരാളികള്‍
ട്രാക്റ്ററിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് പങ്കജിനെ കണ്ടത്. ട്രാക്റ്ററിനോട് ചേര്‍ത്ത് ചക്രം ഘടിപ്പിച്ച വലിയ ടാങ്കിന് മുകളില്‍ ഇരുന്ന് അണുനശീകരണ ലായനി സ്‌പ്രേ ചെയ്യുകയാണ്. അടുത്തേക്ക് ചെന്ന് സംസാരിക്കുന്നതിനിടക്കും ജോലിയില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.
ട്രാക്റ്ററിന്റെ ശബ്ദം കൊണ്ട് പറഞ്ഞത് പലപ്പോഴായി അവ്യക്തമായിരുന്നെങ്കിലും പരമാവധി ശബ്ദത്തില്‍ അദ്ദേഹം ജീവിതം പറയുകയായിരുന്നു. കെട്ടിട തൊഴിലാളിയായാണ് പങ്കജ് ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാണയിലേക്ക് വന്നത്. സ്ഥിരമായി ജോലി ഉണ്ടായിരുന്നു എങ്കിലും കോണ്‍ട്രാക്റ്റര്‍മാര്‍ കൂലി നല്‍കാതെ പലപ്പോഴായി വഞ്ചിക്കുമായിരുന്നു.
കാലങ്ങള്‍ക്ക് ശേഷമാണ് 200 രൂപ കൂലിയെങ്കിലും കിട്ടി തുടങ്ങിയത്.18വര്‍ഷത്തെ പരിചയമുണ്ട് പങ്കജിന് ഹരിയാണയിലെ ഗുഡ്ഗാവുമായി. അതുകൊണ്ട് തന്നെ അത്യാവശ്യം ചെറിയപണികള്‍ സ്വന്തമായി ചെയ്യാറുമുണ്ട്. അതും കോണ്‍ട്രാക്ടറുടെ കണ്ണു വെട്ടിച്ചുവേണം പോകാന്‍. അദ്ദേഹം അറിഞ്ഞാല്‍ പിന്നീട് പണിക്ക് വിളിക്കില്ല. അതുകൊണ്ട് അധികം പണികള്‍ സ്വയം എടുക്കാറില്ല. വല്ലാതെ പണത്തിന് ബുദ്ധിമുട്ട് വരുമ്പോള്‍ മാത്രമാണ് അങ്ങനെ പോകാറ്. രാപ്പകല്‍ അധ്വാനത്തിന് 300 രൂപ കോണ്‍ട്രാക്ടര്‍ കൊടുക്കുമ്പോള്‍ 500 രൂപ വരെ സ്വന്തമായി എടുക്കുന്ന പണിക്ക് കൂലിയായി ലഭിക്കും.
ലോക്ക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ പണിയില്ല. കരുതി വച്ച ഭക്ഷണസാധനങ്ങള്‍ എല്ലാം തീര്‍ന്നു. പങ്കജിന്റെ ഈ അവസ്ഥ അറിഞ്ഞ് സഹായിക്കാന്‍ വന്ന ലാല്‍മോഹനോടാണ് സഹായമായി ഒരു ജോലിയാണ് വേണ്ടതെന്ന ആവശ്യം അറിയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് വഴിയാണ് അണുനശീകരണ പ്രവര്‍ത്തനത്തിന്റെ കാരാര്‍ ഏറ്റെടുത്തു നടത്തുന്ന രണവീറിന്റെ അടുത്ത് എത്തുന്നത്.
300 രൂപ ദിവസക്കൂലിക്ക് പങ്കജിന് ജോലി ലഭിച്ചു. അതിരാവിലെ തുടങ്ങുന്ന ജോലി ഇരുട്ടും വരെ തുടരും. കഠിനമായ ചൂടാണ് ഇപ്പോള്‍, വെയിലേറ്റ് ഉച്ചയാകുമ്പോഴേക്കും ടാങ്കറും തീ പോലെപൊള്ളും. അതിന് മുകളില്‍ ഇരുന്ന് സ്‌പ്രേ ചെയ്യുക എന്നത് അസാധ്യമാണ്. എങ്കിലും നാലു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ കാലിയായ വയറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാം സാധ്യമാകും.
മാരകമായ അണുനാശിനിയാണ് വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും ഇല്ലാതെ തളിക്കുന്നത്. വെറുമൊരു ഗ്ലൗസും മാസ്‌ക്കും മാത്രമാണ് അദ്ദേഹത്തിനുള്ളത്. അടുത്ത് നില്‍ക്കുമ്പോഴേ അസഹനീയമായ രൂക്ഷഗന്ധമാണ്. സ്‌പ്രേ ചെയ്ത് കഴിയുമ്പോഴേക്കും അടിമുടി അണുനാശിനിയില്‍ കുളിച്ചത് പോലെ ആകുമത്രെ.
മക്കളേയും ഭാര്യ കൗസല്യയെയും കണ്ടിട്ട് ആഴ്ചകളായി. ആവശ്യത്തിനുള്ള പണം മറ്റൊരു സുഹൃത്തിന്റെ കൈവശം കൊടുത്തുവിടും. കിടക്കുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം ഇപ്പോള്‍ വഴിയരികിലാണ്. എങ്കിലും പങ്കജിന് അതില്‍ ഒരു വിഷമവുമില്ല. ജോലിയായി മത്രമാണ് കണ്ടതെങ്കിലും മഹാ മാരിക്ക് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഇതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വലിയ അഭിമാനമായിരുന്നു. പറഞ്ഞു നിര്‍ത്തുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ വല്ലാത്ത തിളക്കം ഉണ്ടായിരുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്ന അറിയപ്പെടാത്ത ആയിരങ്ങളില്‍ ഒരുവന്‍ കൂടെയാണ് പങ്കജ്.
മുന്‍പ് കണ്ട മനുഷ്യരില്‍ നിന്നും പങ്കജ് പകര്‍ന്ന് നല്‍കിയത് വലിയ പ്രതീക്ഷകൂടിയാണ്. എങ്കിലും മഹാ ഭൂരിപക്ഷം മനുഷ്യര്‍ വിശന്ന് വലഞ്ഞിരിക്കുകയാണ്. സഹജീവികള്‍ നീറി ജീവിക്കുന്ന ഈ കാലത്ത് മറ്റെല്ലാ വിയോജിപ്പുകള്‍ക്കും നീണ്ട അവധി കൊടുത്ത് മനുഷ്യ സാധ്യമായ ഇടപെടല്‍ ഓരോരുത്തരും നടത്തേണ്ടതുണ്ട്. വിശപ്പെന്നാല്‍ മരണമാണെന്ന് ഒരിക്കലെങ്കിലും ഉള്‍ക്കൊണ്ട് അത്തരം മനുഷ്യരെ ചേര്‍ത്ത് പിടിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അവര്‍ കൂടെയാണ് നമ്മള്‍ എന്ന് തിരിച്ചറിയേണ്ടത് മനുഷ്യന്‍ എന്ന നിലയില്‍ ഓരോരുത്തരുടെയും ബാധ്യതയാണ്
content highlights: life of poor people during lockdown


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..