ലോക്ക്ഡൗണിൽ ജോലി ഇല്ലാതായ പുഷ്‌കർ.
നിശ്ചലമാണ് രാജ്യതലസ്ഥാനത്തെ തെരുവുകള്‍. ജനം ഒഴുകിയിരുന്ന വഴികളിലിപ്പോള്‍ കരിയിലക്കൂനകളാണ്. എങ്ങും മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന നിശബ്ദത മാത്രം. ഓഫീസിലേക്കുള്ള വഴിയോരത്തുനിന്നാണ് ആ കാഴ്ച്ച ശ്രദ്ധയില്‍പ്പെടുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ട സൈക്കിള്‍ റിക്ഷയില്‍ ഒരാള്‍ ചുരുണ്ടു കിടക്കുന്നു. തുരുമ്പെടുത്ത് തുടങ്ങിയ റിക്ഷക്കൊപ്പം ആ മനുഷ്യനും പ്രതികരണമില്ലാതെ ഏറെ നേരം കിടന്നു. ഒടുവില്‍ പതിയെ കണ്ണുതുറന്നു. സംസാരിക്കാന്‍ സാധിക്കാത്ത വിധം വിശപ്പ് അദ്ദേഹത്തെ തളര്‍ത്തിയിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.
നഗരത്തിന്റെ ചൂടും പൊടിയുമേറ്റ് കറുത്ത മാസ്‌ക് അദ്ദേഹം പതിയെ താഴ്ത്തി. എങ്ങോട്ടെന്നില്ലാതെ ഏറെ നേരം നോക്കി ഇരുന്നു. പിന്നീട് താഴ്ന്ന സ്വരത്തില്‍ പറഞ്ഞുതുടങ്ങി. 'പട്ടിണിയാണ്. ദിവസങ്ങളായി ഒരു നേരം മാത്രമാണ് എന്തെങ്കിലും കഴിക്കാന്‍ കിട്ടുക. അതും ചിലപ്പോള്‍ കിട്ടാറില്ല.' ഇനി ഒന്നും പറയാനാകാത്ത വിധം പുഷ്‌ക്കറിന്റെ വാക്കുകള്‍ തളര്‍ന്നു. ക്ഷീണം കൊണ്ട് പലപ്പോഴും കണ്ണുകള്‍ അടഞ്ഞ് പോകുന്നുണ്ടായിരുന്നു.
ഡല്‍ഹിയുടെ ഹൃദയഭാഗത്തുനിന്നാണ് പുഷ്‌ക്കറിനെ കണ്ടത്. അവിടെനിന്നും പത്ത് മിനിറ്റ് നടന്നാല്‍ റൈസിന കുന്നാണ്. അധികാരത്തിന്റെ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച ഇടം. 20,000 കോടി രൂപ മുതല്‍മുടക്കില്‍ ഇപ്പോഴവിടെ പുതിയ അധികാരകേന്ദ്രം നിര്‍മ്മിക്കുന്ന തിരക്കിലാണ് ഭരണകൂടം. അപ്പോഴും പുഷ്‌ക്കറിനെപോലെ നൂറുകണക്കിന് മനുഷ്യര്‍ തെരുവില്‍ തൊണ്ട വരണ്ട് ചുരുണ്ടു കിടക്കുകയാണ്. മനഃസാക്ഷിയുള്ള ആരെങ്കിലും വെച്ചുനീട്ടുന്ന ഭക്ഷണപ്പൊതിയും കാത്ത്.
മഹാമാരിക്ക് മുന്നില്‍ രാജ്യം നിശ്ചലമായിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്. ഭരണചക്രമുരുളുന്ന തലസ്ഥാന നഗരിയിലെ മനുഷ്യജീവിതം ദിനംപ്രതി ദുഃസ്സഹമാണ്. അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് ഇപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൈ എത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിനകം മഹാമാരി ശ്വാസം മുട്ടിച്ചു കൊന്നത് ഒട്ടനേകം മനുഷ്യരെയാണ്. പാര്‍ക്കുകള്‍ ശ്മശാനങ്ങളായതും മൃതശരീരങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന കാഴ്ചയും രാജ്യം കണ്ടു. അപ്പോഴും യു.പി. പോലീസ് ജീവശ്വാസം കിട്ടാതെ പിടയുന്നവരോട് 'ആല്‍മരച്ചുവട്ടില്‍ പോയി കിടക്കു' എന്നാണ് പറഞ്ഞത്. ജനാധിപത്യത്തിന്റെ നാട്ടില്‍ സാധാരണക്കാരന്റെ നില എന്താണെന്ന് ആ അധികാരസ്വരത്തില്‍ ഉണ്ട്.
മഹാമാരിയുടെ ഭീതിയിലാണ്ടു കഴിയുന്ന മനുഷ്യന് മുകളില്‍ പട്ടിണിയുടെ നിഴല്‍ കനത്തു നില്‍ക്കുന്നുണ്ട്. തൊഴിലും വരുമാനവും ഇല്ലാതെ നിശ്ചലമായ തെരുവിനെ നോക്കി കരയാന്‍ പോലുമാകാതെ അവര്‍ മരവിച്ചിരിക്കുകയാണ്. അത്തരം മനുഷ്യര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന യാത്രയിലേക്ക് പുഷ്‌ക്കറാണ് നയിച്ചത്. പേരുകള്‍ മാത്രം വ്യത്യസ്തരായ നൂറു കണക്കിന് മനുഷ്യര്‍ അന്നം പോലുമില്ലാതെ തെരുവിലുണ്ട്. മഗീറാം യാദവും പുഷ്‌ക്കറും ഗോദണ്ഡ പാണിയും ഒരു കണക്കിലും പെടാത്ത അത്തരം ചില മനുഷ്യരാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ ലോക്ക്ഡൗണില്‍ വലയുന്ന മഹാഭൂരിപക്ഷം ജനതയുടെ പ്രതിനിധികളാണ്.

വിശപ്പ് സഹിക്കാവുന്നതിലും അപ്പുറമാണ്
ഉത്തരാഖണ്ഡില്‍നിന്നാണ് പുഷ്‌കര്‍ വലിയ സ്വപ്നങ്ങളുമായി ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. ഹോട്ടല്‍ ജീവനക്കാരനായ സുഹൃത്താണ് രാജ്യതലസ്ഥാനത്തെ ജോലി സാധ്യതകള്‍ പറഞ്ഞു കൊടുത്തത്. ഗ്രാമത്തിലേക്ക് ആപ്പിള്‍ എടുക്കാന്‍ വന്ന ലോറിയിലായിരുന്നു ആദ്യ ഡല്‍ഹിയാത്ര. നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം ന്യു ഡല്‍ഹി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഇറങ്ങി. മഞ്ഞ് പെയ്യുന്ന മലയടിവാരത്തുനിന്ന് വന്നതിനാല്‍ ഡിസംബറിന്റെ തണുപ്പ് അത്ര ബുദ്ധിമുട്ടിച്ചില്ല. ആദ്യ ദിവസങ്ങളില്‍ മഹാനഗരത്തിന്റെ കാഴ്ചകള്‍ വല്ലാതെ അത്ഭുതപ്പെടുത്തി. ആ കാഴ്ചകള്‍ ആസ്വദിച്ച് ജോലി അന്വേഷണം തുടങ്ങി.
മുന്‍പരിചയമുള്ള ഒരു ജോലിയും നഗരത്തില്‍ പുഷ്‌ക്കറിന് കണ്ടെത്താന്‍ സാധിച്ചില്ല. ദിവസങ്ങള്‍ കടന്നുപോയി. കയ്യില്‍ കരുതിയ വസ്ത്രങ്ങള്‍ എല്ലാം മുഷിഞ്ഞു. വരുമ്പോള്‍ കരുതിയ പണവും കാലിയായി. റെയില്‍വെ സ്റ്റേഷനിലെ കിടപ്പും ദിനംപ്രതി കൂടിവരുന്ന തണുപ്പും അസഹനീയമായി. ഒടുവില്‍ കിട്ടുന്ന പണി എടുക്കാന്‍ തീരുമാനിച്ചു. ഓരോ ദിവസവും ഓരോ ജോലി. വിശപ്പ് മാറ്റാന്‍ മാത്രമുള്ള ചില്ലറത്തുട്ടുകളായിരുന്നു കൂലി. കുടുംബം അദ്ദേഹത്തെ പ്രതീക്ഷിച്ച് ഇരിക്കുകയാണെന്നുള്ള ചിന്ത വല്ലാതെ പ്രയാസമുണ്ടാക്കി. ഒടുവില്‍ സൈക്കിള്‍ റിക്ഷ വാടകക്ക് കൊടുക്കുന്ന ഒരാളെ കണ്ടുമുട്ടി. അതിനകംതന്നെ നഗരം അദ്ദേഹത്തിന് സുപരിചിതമായിരുന്നു.
പുലരുന്നത് മുതല്‍ ഇരുട്ടുന്നത് വരെ റിക്ഷയുമായി റോഡില്‍ ഉണ്ടാകും. ഒരു ദിവസം 50 രൂപയാണ് റിക്ഷയുടെ വാടക. 500 രൂപവരെ അന്നൊക്കെ വാടക കഴിഞ്ഞ് ദിനംപ്രതി കിട്ടിയിരുന്നു. ചെറിയ ചിലവില്‍ എല്ലാം ഒതുക്കി ബാക്കി തുക ഗ്രാമത്തിലെക്ക് അയക്കും. വലിയ സ്വപ്നങ്ങളിലേക്കുള്ള കരുതലായിരുന്നു ആ തുകകള്‍. മക്കളെ ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിപ്പിക്കണം. തനിക്ക് കയറാന്‍ സാധിക്കാത്ത നഗരത്തിലെ വലിയ കെട്ടിടങ്ങളില്‍ അവര്‍ ജോലി ചെയ്യണം. പുഷ്‌ക്കറിന്റെ സ്വപ്നങ്ങള്‍ മറ്റൊരു മഹാനഗരമായി മനസ്സിലുണ്ട്. ആ പ്രതീക്ഷകള്‍ക്ക് മുകളിലാണ് കോവിഡ് തീമഴയായി പെയ്ത് ഇറങ്ങുന്നത്.
കോവിഡിന്റെ ആദ്യ തരംഗം രാജ്യതലസ്ഥാനത്തെ പിടിച്ചു കുലുക്കിയപ്പോള്‍ കയ്യില്‍ കിട്ടിയതുമായി ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. എന്നാല്‍ പട്ടിണിയുടെ കഴുകന്മാര്‍ ഗ്രാമത്തിന് മുകളില്‍ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. വിശന്നു വലഞ്ഞ മക്കളുടെ മുഖം വീണ്ടും ഡല്‍ഹിയില്‍ എത്തിച്ചു. അര്‍ദ്ധപട്ടിണിയില്‍ മാസങ്ങള്‍ കടന്നുപോയി. എല്ലാം പഴയപോലെ ആകുന്നു എന്ന പ്രതീക്ഷക്ക് ഇരുട്ടടിയായാണ് രണ്ടാം തരംഗമുണ്ടായത്. ഇപ്പോള്‍ സ്ഥിതി ദയനീയമാണ്. മനഃസാക്ഷിയുള്ളവര്‍ നീട്ടുന്ന ഭക്ഷണപ്പൊതിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പുഷ്‌ക്കര്‍ പറഞ്ഞു നിര്‍ത്തി. ഇനി സംസാരിക്കാന്‍ സാധിക്കാത്ത വിധം അദ്ദേഹത്തിന്റെ നാവുകള്‍ തളര്‍ന്നു പോയിരുന്നു.

ജീവിക്കാന്‍ ഇനി എന്ത് ചെയ്യണം
ഉത്തര്‍ പ്രദേശിലെ രസോല്‍പുരില്‍ നിന്നാണ് മഗീറാം യാദവ് ജീവിതം തേടി ഡല്‍ഹിയില്‍ എത്തിയത്. അച്ഛനായ ഓം റാം യാദവാണ് പരമ്പരാഗതമായി ചെയ്തു വന്ന കാര്‍ഷിക വൃത്തിയില്‍നിന്നു മഗീറാമിനെ പിന്തിരിപ്പിച്ചത്. ഗ്രാമത്തിലെ പൊതുസ്ഥിതി പരിതാപകരമാണെങ്കിലും പത്താം ക്ലാസ് വരെ പഠിപ്പിച്ചു. അക്കാലത്ത് ഗ്രാമത്തിലെ ഒരു വിദ്യാര്‍ത്ഥിക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ഒന്നായിരുന്നു അത്. പതിനെട്ട് വയസ്സു തികഞ്ഞ ഉടനെ കുടുംബസുഹൃത്തിന്റെ കൂടെ ഡല്‍ഹിയിലേക്ക് അയച്ചു. വൈകാതെ തന്നെ സെയില്‍സ് മാനായി ജോലിയും കിട്ടി.
എന്നാല്‍, തുച്ഛമായ വരുമാനം അദ്ദേഹത്തെ അതില്‍ തുടരാന്‍ അനുവദിച്ചില്ല. പല ജോലികള്‍ മാറി മാറി പരീക്ഷിച്ചു. ഒടുവില്‍ ഒരു പത്രസ്ഥാപനത്തിന്റെ പ്രസ്സില്‍ താല്‍ക്കാലിക ജോലി ലഭിച്ചു. ജീവിതത്തിലേക്ക് മാലതി ദേവി കടന്നുവന്നതും അക്കാലത്തായിരുന്നു. ചെലവുകള്‍ വര്‍ധിച്ചതോടെ മറ്റൊരു ജോലികൂടെ ചെയ്‌തേ മതിയാകൂ എന്ന അവസ്ഥ വന്നു. ഒടുവില്‍ സുഹൃത്തിന്റെ സഹായത്തോടെ പത്രവിതരണത്തിന് ഇറങ്ങി.
അതിരാവിലെ എഴുന്നേറ്റ് വീടുകളിലും സ്ഥാപനങ്ങളിലും പത്രം എത്തിക്കണം. അതിനു ശേഷം ജോലിക്ക് പോകും. ആദ്യമൊക്കെ വിശ്രമമില്ലാത്ത ജോലി ദുസ്സഹമായിരുന്നെങ്കിലും വൈകാതെ നല്ല വരുമാനം കിട്ടാന്‍ തുടങ്ങി. പ്രസ്സിലെ ജോലി ഒഴിവാക്കി മുഴുവന്‍ സമയം പത്രവിതരണം തുടങ്ങി. റോഡിന്റെ ഓരത്ത് പത്രവില്‍പ്പനയും ആരംഭിച്ചു. നാലുപേര്‍ സഹായിയായും ഉണ്ടായിരുന്നു.
ജീവിതം സന്തോഷത്തോടെ പോയികൊണ്ടിരിക്കുമ്പോഴാണ് കോവിഡ് വരുന്നത്. ഓഫീസുകള്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ പത്രം വാങ്ങാന്‍ ആളില്ലാതെയായി. സാമ്പത്തിക പ്രതിസന്ധി വന്നതോടെ മിക്ക ആളുകളും വീട്ടില്‍ ഇട്ടിരുന്ന പത്രവും ഒഴിവാക്കി. കൂടെ നിന്നിരുന്ന ആളുകള്‍ മറ്റ് ജോലികള്‍ തിരഞ്ഞു പോയി. രണ്ടാം തരംഗം വന്നതോടെ ജീവിതം തകിടം മറിയുകയായിരുന്നു.
മുന്നില്‍ നിരത്തി വച്ച പത്രങ്ങളില്‍ ഈച്ച പോലും ഇരിക്കുന്നില്ല. അത്ര ഏകാന്തമാണ് തെരുവുകള്‍. തുണിക്കടയുടെ കോണിക്കൂടിന് താഴെയാണ് റൊട്ടി ഉണ്ടാക്കുന്നതും തലചായ്ക്കുന്നതും. ഒരു രൂപ പോലും വരുമാനമില്ലാത്ത അവസ്ഥയാണിപ്പോള്‍. പ്രായത്തിന്റെ അവശതകള്‍ തളര്‍ത്തിയ താന്‍ ഇനി എന്ത് ചെയ്യണം ജീവിക്കാന്‍ എന്ന മഗീറാമിന്റെ ചോദ്യങ്ങള്‍ തെരുവില്‍ ഉത്തരമില്ലാതെ അലയുന്നുണ്ട്.

വിശപ്പ് ഇപ്പോള്‍ ഒരു ശീലമാണ്
തമിഴ്നാട്ടിലെ സോയനെല്ലൂര്‍ ഗ്രാമത്തില്‍നിന്നാണ് ഗോദണ്ഡ പാണി തലസ്ഥാനത്തെത്തിയത്. പട്ടിണിയും ജാതിയും കൊടികുത്തി വാഴ്ന്നിരുന്ന ചെറിയ നാടായിരുന്നു. ചെറുപ്പത്തിലേ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്നു. ചലനശേഷി നഷ്ടമായതോടെ ജീവിതം അറ്റു പോയെന്ന ചിന്തയായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ആ അവസ്ഥയെ അതിജീവിക്കാനുള്ള മനസ്സ് കൈമുതലാക്കിയത്. എങ്കിലും വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചില്ല. തുടര്‍ന്നാണ് ഗ്രാമത്തിലെ സൈക്കിള്‍ നന്നാക്കുന്ന കടയില്‍ സഹയായി പോകുന്നത്.
വളരെ പെട്ടെന്ന് തന്നെ സൈക്കിളുമായി ബന്ധപ്പെട്ട എല്ലാ ജോലിയും പഠിച്ചെടുത്തു. എങ്കിലും വൈകല്യത്തിന്റെ പേരില്‍ പകുതി കൂലി മാത്രമേ ലഭിച്ചിരുന്നുള്ളു. അത് മനസ്സിനെ ആകെ തളര്‍ത്തി. പ്രയാസങ്ങള്‍ക്ക് കൂട്ടായി ജീവിതത്തിന്റെ കൈപിടിച്ച് രാജേശ്വരി വരുന്നതും അക്കാലത്താണ്. തുച്ഛമായ കൂലിയില്‍ ജീവിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഉറ്റസുഹൃത്തിനൊപ്പം ഡല്‍ഹിയിലേക്ക് വരുന്നത്. അറിയാവുന്ന ജോലി കിട്ടിയില്ലെങ്കിലും സാധ്യമായ എല്ലാം ചെയ്തു. അവിടെയും വൈകല്യം മുതലെടുക്കാന്‍ ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു.
നഗരത്തിലെ വലിയ സൈക്കിള്‍ കടയില്‍ ജോലി ശരിയായപ്പോഴാണ് കോവിഡ് വരുന്നത്. ഈ പ്രതിസന്ധി കഴിഞ്ഞിട്ട് ജോലിയില്‍ കയറാം എന്നാണ് പിന്നീട് അവര്‍ പറഞ്ഞത്. അതിനുവേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഇപ്പോള്‍ മാസങ്ങളായി. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന നാട്ടുകാരായ ചിലരുടെ സഹായം കൊണ്ടാണ് വിശപ്പ് മാറ്റുന്നത്. വഴിയരികിലെ ചായക്കടയിലും മറ്റുമായി ചെയ്തിരുന്ന ചെറിയ ജോലികളും ഇപ്പോഴില്ല. കോവിഡ് രണ്ടാം തരംഗം അത്തരം ജോലികള്‍ കൂടെയാണ് ഇല്ലാതാക്കിയത്. സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പലപ്പോഴും വിശപ്പ് ആമാശയത്തിലൊതുക്കി മുഖത്ത് ചിരിവരുത്തി. ഇപ്പോഴത് ശീലമാണ്.
മഗീറാം യാദവും പുഷ്‌ക്കറും ഗോദണ്ഡ പാണിയും മഹാനഗരത്തിന്റെ തെരുവോരത്ത് ഇപ്പോഴുമുണ്ട്. കോവിഡ് പ്രാണനെടുക്കുന്ന തീവ്രതയോടെ തിരിച്ചെത്തിയത് അവര്‍ക്കറിയാം. എങ്കിലും വിശപ്പിനേക്കാള്‍ വലിയ വേദനയില്ല എന്നാണ് ജീവിതം കൊണ്ട് അവര്‍ പറയുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളുടെ അവസ്ഥയും സമാനമാണ്. വറുതിയുടെ ഗ്രാമങ്ങളില്‍ വിശപ്പ് ജീവിതങ്ങളെ നെടുകെ പിളരുന്നുണ്ട്. കടുത്ത അരക്ഷിതാവസ്ഥയും എങ്ങും നിഴലിച്ചു നില്‍ക്കുകയാണ്.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടേതെന്ന് കരുതുന്ന മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുകി നടന്നിരുന്നു. പുറത്തു വരുന്ന അത്തരം മൃതദേഹങ്ങളുടെ കണക്കുകള്‍ ഞെട്ടലുളവാക്കുന്നതാണ്. വിശപ്പിനൊപ്പം അസുഖത്തെ കുറിച്ചുള്ള ഭീതിയും ഗ്രാമങ്ങള്‍ക്ക് മുകളില്‍ കനത്തു നില്‍ക്കുകയാണ്. ആ മനുഷ്യരില്‍നിന്ന് എത്രമാത്രം അകലെയാണ് ഭരണകൂടങ്ങള്‍ എന്ന് പുറത്തുവരുന്ന ഓരോ വാര്‍ത്തകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കല്‍പറ്റ നാരായണന്റെ ഒറ്റത്താപ്പ് എന്ന കവിതയിലെ വരികള്‍ പോലെ അവര്‍ 'മുഖത്തെ മുറിവിന് കണ്ണാടിയില്‍ മരുന്നുവക്കുകയാണ്.'
Content Highlights: Life in Delhi in the times of covid | Athijeevanam 76
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..