ലീലാമണി | ഫോട്ടോ: മനോജ്
'ഭര്‍ത്താവും കുടുംബവും നഷ്ടപ്പെട്ടതോടെ മുന്നില്‍ ഉണ്ടായിരുന്ന മാര്‍ഗ്ഗം ആത്മഹത്യയായിരുന്നു. അറുതിയില്ലാതെ ദുരന്തങ്ങള്‍ ഓരോന്നായി വേട്ടയാടി. അപ്പോഴൊക്കെ താങ്ങായി നിന്നത് എന്റെ ദൈവമായിരുന്നു. ഓരോ അപകടത്തിലും ആ അദൃശ്യമായ കൈകള്‍ എനിക്കൊപ്പം നിന്നു. അതുകൊണ്ടാണ് ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്. ഒരു മനുഷ്യജീവിതത്തില്‍ അനുഭവിച്ചു തീര്‍ക്കേണ്ട എല്ലാ വേദനയിലൂടെയും ഇതിനകം ഞാന്‍ കടന്നു പോയിട്ടുണ്ട്. എന്റെ വേദനകളാണ് എനിക്ക് വഴി കാട്ടിയത്'.
എണ്ണമറ്റ തവണ ജീവിതം ഒറ്റപ്പെടുത്തിയപ്പോഴും പതറാതെ മുന്നോട്ട് പോയ ധീരതയുടെ പേരാണ് ലീലാമണി. പ്രതിസന്ധികളെ അതിജീവിക്കാന്‍ അവര്‍ കാണിച്ച ആര്‍ജ്ജവം മാതൃകാപരമാണ്. ദൈവവിശ്വാസത്തോടൊപ്പം ആത്മവിശാസവും കൈവിടാതെ മുന്നോട്ട് പോവുകയാണവര്‍. ആ ജീവിതം വലിയ സാധ്യതതകളാണ് യഥാര്‍ത്ഥത്തില്‍ തുറന്നിടുന്നത്.
ഉപയോഗശൂന്യമായ വസ്തുക്കളില്‍നിന്നാണ് ലീലാമണി ജീവിതത്തിന്റെ തുരുത്തുകള്‍ നിര്‍മ്മിക്കുന്നത്. കഠിനമായ വിശപ്പില്‍നിന്നും ഉണ്ടായ പുതിയ ചിന്തയാണത്. ചുറ്റുപാടുമുള്ള മനുഷ്യര്‍ ആക്രിയെന്ന് വിളിച്ച് പരിഹസിച്ചപ്പോഴും ഒരടിപോലും പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. നാടിന് തന്നെ മാതൃകയായ പുതിയ സംരംഭത്തിന് തുടക്കമായത് ആ ദൃഢനിശ്ചയത്തില്‍ നിന്നാണ്. പാഴ്‌വസ്തുക്കളില്‍നിന്നും അവര്‍ പുനര്‍നിര്‍മ്മിച്ച സ്വന്തം ജീവിതം അതിജീവനത്തിന്റെ ഒട്ടേറെ സാധ്യതകള്‍ സമൂഹത്തിലേക്ക് തുറന്നു വയ്ക്കുന്നതാണ്.

പ്രതിസന്ധിയുടെ ബാലപാഠങ്ങള്‍
കമലാക്ഷിയുടെയും കൃഷ്ണന്റെയും മൂന്ന് മക്കളില്‍ ഒരാളായിരുന്നു ലീലാമണി. തിരുവന്തപുരത്തെ ഒരു സാധാരണ കുടുംബമായിരുന്നു അവരുടേത്. നാട്ടില്‍ പണി കുറവായതോടെ കുടുബത്തില്‍ പട്ടിണിയും വന്നു. തുടര്‍ന്നാണ് ഇടുക്കിയിലേക്ക് മല കയറുന്നത്. കുളമാവിലെ ഡാം നിര്‍മ്മാണത്തിന് ആളുകളെ വേണം എന്ന വാര്‍ത്തയായിരുന്നു അവിടെ എത്തിച്ചത്. ഡാമിന് സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ചെറിയ കൂരയും വച്ചു കെട്ടി താമസം ആരംഭിച്ചു.
അമ്മയും അച്ഛനും രാപ്പകല്‍ ഡാമിനായി വിയര്‍പ്പൊഴുക്കി. അധ്വാനത്തിന്റെ ഫലം കൊണ്ട് ജീവിതം പ്രയാസങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോയ കാലമായിരുന്നു അത്. മക്കള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിലും അവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. മലയും തോടുകളും പിന്നിട്ട് ഏറെ ദൂരം നടന്നുവേണം വിദ്യാലയത്തില്‍ എത്താന്‍. എങ്കിലും പഠിക്കാനുള്ള ആഗ്രഹത്തിന് മുന്നില്‍ ലീലാമണിക്ക് അതൊരു ദൂരമായിരുന്നില്ല.
രാമമംഗലം ഹൈസ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് പഠിക്കാനുള്ള സ്വപ്നങ്ങള്‍ക്ക് മുന്നില്‍ പ്രതിസന്ധികള്‍ വന്ന് മൂടുകയായിരുന്നു. മാതാപിതാക്കള്‍ക്ക് പ്രായമായതോടെ വരുമാനം ഏറെക്കുറെ നിലച്ച അവസ്ഥയായി. ദൈനംദിന കാര്യങ്ങള്‍ പോലും തടസ്സം വന്നപ്പോള്‍ പഠനം അവസാനിപ്പിച്ചു. പിന്നീടങ്ങോട്ട് അവിശ്വസനീയമായ കാലമായിരുന്നു. ദുരന്തങ്ങളുടെ മഹാമാരി ജീവിതത്തിന് മുകളില്‍ കറുത്ത മേഘമായി മൂടുന്നത് ആ കാലത്താണ്.

മരണത്തോട് മുഖാമുഖം
കടം വാങ്ങിയും വിറ്റു പെറുക്കിയും അമ്മ ലീലാമണിയെ കൈപിടിച്ചു കൊടുത്തു. വിവാഹം കഴിഞ്ഞതോടെയാണ് വലിയ പ്രതിസന്ധികള്‍ക്ക് തുടക്കമാകുന്നത്. ഭര്‍ത്താവുമായി ഒരുമിച്ച് പോകാന്‍ സാധിക്കാതെ വഴി പിരിയേണ്ടി വന്നു. ഒടുവില്‍ അത് അവസാനിച്ചത് വലിയ ദുരന്തത്തിലാണ്. കുടുംബത്തിലും സമൂഹത്തിലും ലീലാമണി അന്നു മുതല്‍ ഒറ്റപ്പെടുകയായിരുന്നു. ജീവിക്കാനായി ഒരു നിവൃത്തിയും ഇല്ലാതെ അലയേണ്ടി വന്നിട്ടുണ്ട്. മണ്ണു ചുമക്കാന്‍ വരെ പോകേണ്ടി വന്നു. എങ്കിലും വിശപ്പ് മാത്രം ബാക്കിയായിരുന്നു.
ഹോം നഴ്സ് ആയി ജോലികിട്ടുന്നത് ആ സമയത്താണ്. അവിടെനിന്നാണ് പ്രതീക്ഷകള്‍ക്ക് നാമ്പ് മുളക്കുന്നത്. തിരിച്ചുവന്ന് അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം സ്വരൂപിച്ച് രണ്ടു സെന്റ് സ്ഥലവും അതിലൊരു ചെറിയ വീടും വച്ചു കെട്ടി. നാട്ടില്‍ ഉണ്ടായിരുന്ന ചിട്ടികളുടെ പണം പിരിക്കാനുള്ള ജോലിയും കിട്ടി. അത് ബാങ്കിലെ കളക്ഷന്‍ ഏജന്റായി വരെ അവരെ വളര്‍ത്തി. അവിടെനിന്നാണ് ചെറിയ രീതിയില്‍ ഒരു കട തുടങ്ങുന്നത്. അത് വലിയ വിജയമായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. പത്ത് സെന്റ് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ തുടങ്ങിയതും അക്കാലത്താണ്.
എന്നാല്‍ തന്റേതല്ലാത്ത കാരണങ്ങള്‍കൊണ്ട് എല്ലാം പതിയെ കൈവിട്ട് പോവുകയായിരുന്നു. തികച്ചും വ്യക്തിപരമായതിനാല്‍ അതിനിവിടെ സ്ഥാനമില്ല. നിലനില്‍പ്പിനായി കടങ്ങള്‍ വാങ്ങേണ്ടി വന്നു. കടയും വീടും പണയത്തിലാകാനും സമയമെടുത്തില്ല. കടം വന്ന് തലയോളം മൂടിയപ്പോഴാണ് അതിന്റെ ഭീകരത ലീലാമണി തിരിച്ചറിഞ്ഞത്. ദിക്കറിയാതെ നടുക്കടലില്‍ നങ്കൂരമിട്ട അവസ്ഥയായിരുന്നു അപ്പോള്‍. മരണം പിന്നെയും മുഖാമുഖം വന്ന ദിവസങ്ങളായിരുന്നു കടന്നുപോയത്.
ലീലാമണിയുടെ അവസ്ഥ മനസിലാക്കി കുടുംബ സുഹൃത്താണ് സൗദിയില്‍ വീട്ടുജോലി ശരിയാക്കി കൊടുത്തത്. മറ്റൊന്നും ആലോചിക്കാതെ അവര്‍ പോകാന്‍ തയ്യാറാവുകയായിരുന്നു. ആ തീരുമാനമാണ് ജീവിതത്തില്‍ പിടിവള്ളിയായത്. കടങ്ങള്‍ ഒന്നൊന്നായി കൊടുത്തു തീര്‍ത്തു. ബാക്കിയുള്ളവക്ക് അവധി പറഞ്ഞു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റി. അമ്മക്ക് അസുഖം കൂടുതലാണെന്ന് അറിഞ്ഞപ്പോള്‍ ഒരു നിമിഷം പോലും അവിടെ തുടരാന്‍ സാധിച്ചില്ല. മൂന്നര വര്‍ഷത്തെ പ്രവാസ ജീവിതം കൊണ്ട് കടം വീട്ടാന്‍ പോലും കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

സാധ്യതകള്‍ മുന്നില്‍ തന്നെയുണ്ട്
നാട്ടില്‍ എത്തിയപ്പോള്‍ കടങ്ങള്‍ അവരെ നോക്കി പരിഹസിച്ചുകൊണ്ടേ ഇരുന്നു. ഏറെ നാള്‍ ജോലികിട്ടാത്ത അവസ്ഥ പട്ടിണിയില്‍ വരെ എത്തിച്ചു. ബലക്കുറവ് കാരണം നിര്‍മ്മിച്ച വീടും പൊളിക്കേണ്ടി വന്നു. തല ചായ്ക്കാന്‍ പോലും സ്ഥലമില്ലാതായി. ജീവിതം വീണ്ടും വഴിമുട്ടി. അരവയറുമായി പിന്നീട് നിരന്തരമായ ജോലി അന്വേഷങ്ങളായിരുന്നു. ഒടുവില്‍ കാലം അവരോട് നീതി കാണിക്കാന്‍ ആരംഭിക്കുകയായിരുന്നു.
പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പദ്ധതിയായ ഹരിത കര്‍മ്മസേനയുടെ ഭാഗമാകാന്‍ സാധിച്ചു. വീടുകളില്‍ പോയി പ്ലാസ്റ്റിക്ക് സാധനങ്ങള്‍ ശേഖരിച്ച് പഞ്ചായത്തില്‍ ഏല്‍പ്പിക്കുന്നതാണ് ജോലി. ഒരു വീട്ടില്‍നിന്നും 30 രൂപയാണ് കിട്ടുക. അത് പഞ്ചായത്തില്‍ കൃത്യമായി പിരിച്ച് ഏല്‍പ്പിക്കണം. അതിന്റെ ഒരു വിഹിതമാണ് കിട്ടുക. തുച്ഛമായ തുകയാണെങ്കിലും പട്ടിണിമാറ്റിയത് ആ ജോലിയാണ്. അപ്പോഴും വീടും കടങ്ങളും ബാക്കിയായിരുന്നു.
ചെറിയ കടങ്ങളെങ്കിലും തീര്‍ക്കാന്‍ വേണ്ടിയാണ് വീട് പൊളിച്ച സാധങ്ങളുമായി മൂലമറ്റത്തുള്ള ആക്രി കടയിലേക്ക് പോയത്. അവിടുത്തെ കാഴ്ചകളാണ് ജീവിതത്തില്‍ പുതിയ വഴികള്‍ തുറന്നത്. സ്ഥിരം കൈകാര്യം ചെയ്യുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും അവിടെ ഉണ്ടായിരുന്നു. എന്തുകൊണ്ട് തനിക്ക് ഇത്തരത്തില്‍ പ്ലാസ്റ്റിക് ശേഖരിച്ച് വില്‍പ്പന നടത്തിക്കൂട എന്ന ചിന്ത അന്നു തുടങ്ങുകയായിരുന്നു. ഒട്ടും സമയം കളയാതെ അടുത്ത ദിവസം മുതല്‍ അതിനായുള്ള ശ്രമവും തുടങ്ങി. കുടുംബശ്രീയും കൂടെ നിന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.
വീടുകളില്‍നിന്നു ശേഖരിച്ചുപോന്നിരുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ക്ക് അന്നു മുതല്‍ തൂക്കം നോക്കി വില കൊടുക്കാന്‍ തുടങ്ങി. തന്റെ അധ്വാനത്തിന്റെ വില മാത്രം മാത്രം എടുത്ത് ബാക്കി പണം വീട്ടുകാര്‍ക്ക് തന്നെ കൊടുക്കും. അത് വലിയ സ്വീകാര്യതയാണ് സമൂഹത്തില്‍ ഉണ്ടാക്കിയത്. ആദ്യമൊക്കെ ചിലര്‍ പരിഹസിച്ചെങ്കിലും ഇപ്പോള്‍ അവരെ വിളിച്ച് അത്തരം സാധങ്ങള്‍ കൈമാറുന്ന അവസ്ഥയാണ്. എന്ത് ചെയ്യുമ്പോഴും അതില്‍ ഒരു നീതി ഉണ്ടായാല്‍ മതി എന്ന ലീലാമണിയുടെ പക്ഷത്താണ് ഇന്ന് നാടും നാട്ടുകാരും. പഴയ സാധങ്ങള്‍ കൂട്ടിയിട്ട തന്റെ ഷെഡിന് മുന്നില്‍ ഇരുന്ന് അവര്‍ പറയുന്നത്, ചുറ്റിലും അവസരങ്ങള്‍ ഉണ്ടെന്നും അത് തിരിച്ചറിയാനുള്ള മനസ്സ് ഉണ്ടായാല്‍ മതിയെന്നുമാണ്.
Content Highlights: Leelamani- a differnet life story | Athijeevanam 75
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..