പ്രതീകാത്മക ചിത്രം | Canva
കെഎസ്ആര്‍ടിസി ബസിനുള്ളിലെ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ ചെറുത്തു നില്‍പ്പിന് പിന്തുണ നല്‍കിയ കേരള സമൂഹം ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമപരമായി പ്രതികരിക്കാനുള്ള സ്ത്രീയുടെ ആത്മവിശ്വാസത്തിന് കരുത്ത് പകര്‍ന്നിരിക്കുന്നു. കുറ്റവും ശിക്ഷയും വിശദമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം തന്നെയാണ് പ്രഥമമായി സ്ത്രീയെ ആക്രമിക്കുന്നവര്‍ക്കെതിരെ പോലീസ് പ്രയോഗിക്കുന്നത്.
ഇത്തരം സാഹചര്യങ്ങൾ നിയമപരമായി സ്ത്രീകൾക്ക് എന്തെല്ലാം പരിരക്ഷകൾ ലഭിക്കുന്നുവെന്ന് നോക്കാം
ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വകുപ്പ് 354 ലാണ് ഒരു സ്ത്രീയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതോ അതോ ഉദ്ദേശ്യത്തോടെ ബലം പ്രയോഗിക്കുന്നതോ ഉള്‍പ്പടെയുള്ളവ കുറ്റകരമാണെന്ന് പറയുന്നത്. 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. ആദ്യ കാലങ്ങളെ അപേക്ഷിച്ച് ഡല്‍ഹി നിര്‍ഭയ പെണ്‍കുട്ടി ക്രൂരമായ പീഢനത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ അരങ്ങേറിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഈ വകുപ്പിലും കാര്യമായ ഭേദഗതികള്‍ കൊണ്ടുവരാന്‍ ഇടയാക്കി.
2013 ലെ ക്രിമിനല്‍ നിയമ ഭേദഗതി പ്രകാരം ഐപിസി 354 ലുണ്ടായ ഭേദഗതികള്‍ -
354 ഐപിസി
ലൈംഗികമായ ഉദ്ദേശ്യത്തോടു കൂടി പ്രതി ഒരു സ്ത്രീയോട് നടത്തുന്ന ശാരീരിക സ്പര്‍ശം , ബല പ്രയോഗം , ലൈംഗിക ഉപയോഗത്തിനായി ആവശ്യപ്പെടല്‍ തുടങ്ങിയവ ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരും. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരയാകാവുന്ന തടവാണ് ശിക്ഷ. പിഴയും വിധിക്കാം.
354 എ ഐപിസി
ലൈംഗിക ചുവയോടെയുള്ള സംസാരം, ശാരീരിക സ്പര്‍ശം, കടന്നു കയറ്റം, അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കല്‍ എന്നിവ പിഴയോടു കൂടിയ 3 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം.
354 ബി ഐപിസി
സ്ത്രീയുടെ വസ്ത്രം മാറ്റുന്നത് അല്ലെങ്കില്‍ അവരെ നഗ്നയാക്കുന്നത് പിഴയോട് കൂടി 3 മുതല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
354 സി ഐപിസി
സ്ത്രീ അവരുടെ സ്വകാര്യതയില്‍ ചെയ്യുന്ന കാര്യങ്ങള്‍ അവരുടെ സമ്മതമില്ലാതെ കാണാന്‍ ശ്രമിക്കുകയോ ഫോട്ടോ വീഡിയോ എന്നിവ എടുക്കുകയോ പ്രചരിപ്പിക്കാന്‍ ചെയ്യുന്നത് കുറ്റമാണ്. വോയറിസം എന്നാണ് ഇതിനെ നിയമവൃത്തത്തില്‍ വിളിക്കുന്നത്. കിടപ്പുമുറി ദൃശ്യങ്ങള്‍ , ബാത്ത് റൂം ദൃശ്യങ്ങള്‍ ഇവയൊക്കെ ഇതില്‍ ഉള്‍പ്പെടും. ഇനി ഒരു വേള സ്ത്രീ പങ്കാളിയുടെ സമ്മതത്തോടെയാണ് പുരുഷ പങ്കാളി ഇവ ചിത്രീകരിച്ചത് എന്ന് തന്നെ ഇരിക്കട്ടെ. അത് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നതും പങ്കു വയ്ക്കുന്നതും കുറ്റമാണ്. 1 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ പിഴയോട് കൂടി തടവ് ലഭിക്കാവുന്ന കുറ്റം.
354 ഡി ഐപിസി
സ്റ്റോക്കിംഗ് അഥവാ ഒരു സ്ത്രീയെ അവരുടെ താല്‍പര്യത്തിന് വിരുദ്ധമായി നിരന്തരം പിന്തുടരുകയോ സംസാരിക്കാന്‍ ശ്രമിക്കുകയോ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി നിരന്തരം മെസ്സേജ് അയച്ച് ശല്ല്യം ചെയ്യുകയോ ചെയ്യുന്നത് 3 മുതല്‍ 5 വര്‍ഷം വരെ പിഴയോട് കൂടി തടവ് ലഭിക്കാവുന്ന കുറ്റം.
509 ഐപിസി
സ്ത്രീയെ വാക്കുകൊണ്ടോ,ആംഗ്യം കൊണ്ടോ , ശബ്ദങ്ങള്‍ കൊണ്ടോ ശല്യം ചെയ്യുന്നത് 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. ( പൊതുജനം കേള്‍ക്കുന്ന രീതിയിലുള്ള അസഭ്യം പറച്ചില്‍ മാത്രമാണെങ്കില്‍ ഐ പി സിയിലെ തന്നെ വകുപ്പ് 294 ആണ് ചുമത്തുക )
ഇത് കൂടാതെ 2011 ലെ കേരള പോലീസ് ആക്ട് വകുപ്പ് 119 പ്രകാരം പൊതു സ്ഥലങ്ങളില്‍ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തില്‍ ലൈംഗിക ചേഷ്ടകളോ പ്രവര്‍ത്തികളോ ചെയ്യുകയോ സ്വകാര്യത ഭംഗിച്ച് ഫോട്ടോയോ വീഡിയോയോ എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ മൂന്നുവര്‍ഷം വരയാകാവുന്ന തടവോ പതിനായിരം രൂപയില്‍ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാം.
പരാതിപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സംഭവമുണ്ടായ ഉടനെ ഇരയാക്കപ്പെട്ട സ്ത്രി നില്‍ക്കുന്ന സ്ഥലത്തിന്റെ അധികാര പരിധിയിലുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തി കഴിവതും രേഖാമൂലം എഴുതി പരാതിപ്പെടുക. ( പൊതുഗതാഗതസംവിധാനം ഉപയോഗിച്ച് സഞ്ചരിക്കവേയാണ് സംഭവമെങ്കില്‍ ഏറ്റവും അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുക).
2. അടിയന്തര സാഹചര്യങ്ങളില്‍ വനിതാ പോലീസ് ഹെല്‍പ്പ് ലൈന്‍ , പിങ്ക് പോലീസ് എന്നിവ ഉള്‍പ്പടെ ഏത് പോലീസ് സഹായ ഫോണ്‍ നമ്പറിലും വിളിച്ച് സംഭവം കൃത്യമായി വിവരിക്കുക. ( എന്ത് , ഏത് , എപ്പോള്‍ , എവിടെ , ആര്് - ഇവയെ പറ്റി വിവരിക്കുക. കുറ്റകൃത്യത്തിന്റെ പ്രഥമ വിവരമായി ( എഫ്. ഐ.എസ് ) ടെലിഫോണിക്ക് കോള്‍ വിവരം പിന്നീട് പ്രഥമ വിവര റിപ്പോര്‍ട്ട് ( എഫ് ഐ ആര്‍ ) നൊപ്പം രേഖപ്പെടുത്തിയേക്കാം എന്നത് ഓര്‍ക്കുക.
3. ലൈംഗിക ചുവയുള്ള സംസാരം എന്താണെന്ന് വ്യക്തമായി പരാതിയില്‍ പറഞ്ഞിരിക്കണം. ഒരു ശബ്ദമോ ആംഗ്യമോ എപ്രകാരം സ്ത്രീത്വത്തെ അപമാനിച്ചു എന്നും വിശദമാക്കാന്‍ ശ്രമിക്കണം.
4. പരാതിപ്പെടാന്‍ വൈകിയാല്‍ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകും. ഇത് പിന്നീട് കേസ് റദ്ദാക്കപ്പെടാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമ്പോഴോ വിചാരണ ഘട്ടത്തില്‍ കേസിനെ പ്രതിരോധിക്കാനോ പ്രതിക്ക് ഗുണം ചെയ്യും.
5. പോലീസ് സൂചിപ്പിക്കുമ്പോഴോ സ്വയം തീരുമാനമെടുത്തോ അതിക്രമം നേരിട്ട് അധികം വൈകാതെ വൈദ്യ പരിശോധനയ്ക്ക് സ്ത്രി തയ്യാറായാല്‍ കേസിന്റെ ശക്തമായ തെളിവുകളിലേക്ക് അത് മുതല്‍ക്കൂട്ടാകും.
6. സംഭവത്തിന് ദൃസാക്ഷികളായവരില്‍ മുന്‍പ് നമുക്കു പരിചയമില്ലാത്തവരും എന്നാല്‍ വിഷയത്തില്‍ നമ്മോട് ഐക്യം പുലര്‍ത്തിയവരുമായ സ്വതന്ത്ര സാക്ഷികളുടെ പേരുകള്‍ക്ക് പോലീസിന് മൊഴി നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് ഊന്നല്‍ കൊടുക്കാം ( ഇവരുടെ മൊഴി പോലീസ് പ്രത്യേകം രേഖപ്പെടുത്തുകയും പിന്നീട് കോടതിയില്‍ വിസ്തരിക്കുമ്പോള്‍ ഈ സ്വതന്ത്ര സാക്ഷികളുടെ മൊഴികള്‍ ന്യായാധിപര്‍ ഗൗരവത്തോടെ പരിഗണിക്കുകയും ചെയ്യും.)
7. ഒന്നിലധികം ലൈംഗിക അതിക്രമങ്ങള്‍ വലിയൊരു കാലയളവില്‍ ഇടവിട്ട് ഉണ്ടാകുന്നു എന്ന രീതിയില്‍ പരാതിപ്പെടുന്നത് ആ കേസിനെ സ്വാഭാവികമായി ദുര്‍ബലമാക്കും.
7. തിരക്കേറിയ ജനസാന്ദ്രമായ പൊതുട്രാന്‍സ്‌പോർട്ട് സംവിധാനങ്ങളിലും പൊതു ഇടങ്ങളിലും ഏതാണ് താല്‍പര്യത്തിന് വിരുദ്ധമായ ലൈംഗികമായ ഉദ്ദേശ്യത്തോടു കൂടിയ ശാരീരിക സ്പര്‍ശനം എന്ന് തീരുമാനിക്കേണ്ടത് അക്രമം നേരിടുന്ന സ്ത്രീയുടെ ഔചിത്യമാണ്. അവര്‍ മാത്രമാണ് അക്കാര്യത്തില്‍ ക്രമിനല്‍ പ്രോസിക്യൂഷന്‍ വേണമോ എന്ന് തീരുമാനിക്കേണ്ടത്.
തീരുമാനിച്ച് ഉറപ്പിച്ചു കഴിഞ്ഞാല്‍ ധൈര്യമായി പരാതിപ്പെടുക. കേരള പോലീസിന്റെ സുസ്സജ്ജമായ സംവിധാനം നിങ്ങള്‍ക്ക് തുണയായിരിക്കും. വികസിച്ച് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ കോടതിയില്‍ നിങ്ങളോട് അതിഥിയോട് എന്ന പോലെ പെരുമാറും.
(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)
Content Highlights: laws to protect women


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..