കോവർ - സോഹറായി ചിത്രങ്ങൾ
കോവര്‍ - സോഹറായി ചിത്രങ്ങള്‍ പിറവികൊള്ളുന്നത് ജാര്‍ഖണ്ഡിലെ ഹസാരിബാഗിലും കരണ്‍പുരിലുമാണ്. ഈ പ്രദേശങ്ങള്‍ ദാമോദര്‍ നദിയുടെ തീരങ്ങളിലാണ്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് ഹസാരിബാഗ്. ഹസാരിബാഗില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് കരണ്‍പുര്‍. ഹസാരിബാഗില്‍നിന്ന് 34 കിലോമീറ്റര്‍ ദൂരെയാണ് ഇസ്‌കോ വില്ലേജ്. ഇസ്‌കോ വില്ലേജിലാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട rock art സൈറ്റുകളില്‍ ഒന്നായ ഇസ്‌കോ റോക്ക് ആര്‍ട്ട് സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഗോത്രസംസ്‌കൃതി ഇസ്‌കോ ഭിത്തിയില്‍ കോറിയിട്ടിരിക്കുന്നതുകാണാം. 1991-ല്‍ മാത്രമാണ് ഇസ്‌കോ ഗ്രാമത്തിലെ Rock art site കണ്ടെത്തുന്നത്. എന്നാല്‍, ഇസ്‌കോ ഭിത്തിയിലെ ചിത്രങ്ങളുടെ സ്വാധീനം ഹസാരിബാഗിലെ സോഹറായി - കോവര്‍ ചിത്രങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പേതന്നെ ദൃശ്യമാണ്. വൈവിധ്യമാര്‍ന്ന നിറങ്ങളുള്ള മണ്ണുകള്‍ നിറഞ്ഞതാണ് ദാമോദര്‍ നദിയുടെ തീരങ്ങള്‍. ദാമോദര്‍ നദിയുടെ തെക്കന്‍ തീരങ്ങളിലാണ് ഹസാരിബാഗ്, വടക്കന്‍ തീരങ്ങളിലാണ് കരണ്‍പുര്‍. നിരവധി റോക്ക് ആര്‍ട്ട് സൈറ്റുകള്‍കൊണ്ട് നിറഞ്ഞതാണ് ദാമോദര്‍ നദീതടങ്ങള്‍. കരണ്‍പുര്‍ റോക്ക് ആര്‍ട്ടിന്റെ സ്വാധീനം കരണ്‍പുരിലെ കോവര്‍ - സോഹറായി ചിത്രങ്ങളില്‍ വ്യക്തമാണ്. ചുവപ്പ്, മഞ്ഞ, കാവി, പിങ്ക്, വെളുപ്പ്, കറുപ്പ്, ബ്രൗണ്‍ തുടങ്ങിയ നിറങ്ങളിലുള്ള പശിമയുള്ള കളിമണ്ണ് ദാമോദര്‍ നദീതീരഗ്രാമങ്ങളുട പ്രത്യേകതയാണ്.
മുണ്ട, ഉറാവ്, മല്‍ഹാര്‍, കുര്‍മി തുടങ്ങിയ ആദിവാസി ഗോത്രസമൂഹങ്ങളും രാണ, പ്രജാപതി, ഗാഞ്ജു എന്നീ ദളിത് സമൂഹങ്ങളുമാണ് ചിത്രരചനയിലേര്‍പ്പെട്ടിരിക്കുന്ന ദാമോദര്‍ നദീതടവാസികള്‍.കാക്കകളും സാല്‍മരങ്ങളുടെ ചില്ലകളും ഉര്‍വരതയുടെ ചിഹ്നങ്ങളും ശാദിചൗക്കുകളുംകൊണ്ട് നിറഞ്ഞതാണ് കോവര്‍ ചിത്രങ്ങള്‍. കോവര്‍ എന്നാല്‍ 'വധുവിന്റെ മണിയറ' എന്നാണര്‍ഥം.
കറുപ്പുനിറത്തിലും വെളുപ്പുനിറത്തിലുമുള്ള പശിമയുള്ള കളിമണ്ണുകള്‍കൊണ്ടാണ് കോവര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. പ്രജാപതി, രാണ, ടെലികോവര്‍ എന്നീ ദളിത് സമൂഹങ്ങളാണ് ദാമോദര്‍ നദീതീരങ്ങളിലെ കോവര്‍ ചിത്രരചയിതാക്കള്‍. വിവാഹനാളുകളിലാണ് ഇവര്‍ കോവര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. വസന്തത്തിലും ഗ്രീഷ്മത്തിലുമാണ് വിവാഹങ്ങള്‍ (ജനുവരി മുതല്‍ മേയ് വരെ). വിവാഹത്തിന് ഒരുമാസം മുന്‍പേതന്നെ പ്രജാപതികളുടെ വീടുകളുടെ ഭിത്തികള്‍ പൂര്‍ണമായും കോവര്‍ ചിത്രങ്ങള്‍കൊണ്ട് നിറയും.
സ്ത്രീകളാണ് കോവര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെ അമ്മയും മാതൃസഹോദരന്റെ ഭാര്യയുമാണ് ചിത്രരചനയ്ക്ക് നേതൃത്വം നല്‍കുക. മണിയറയില്‍ ചിത്രം വരയ്ക്കുന്നത് പ്രത്യേകരീതിയിലാണ്. ശാദിചൗക് എന്ന ചിത്രത്തിലാണ് വിവാഹസമയത്ത് വധുവും വരനും ഇരിക്കുക.
കറുത്ത മണ്ണ് വെള്ളം ചേര്‍ത്ത് നന്നായി കുഴച്ചെടുത്ത് വീടുകളുടെ ഭിത്തികള്‍ നിറയെ ചിത്രപ്രതലം നിര്‍മിക്കുന്നു. ഒരാഴ്ചകഴിഞ്ഞ് കറുത്ത പ്രതലം ഉണങ്ങിയതിനുശേഷം വെളുത്ത മണ്ണ് വെള്ളത്തില്‍ ചാലിച്ചെടുത്ത് കറുത്ത പ്രതലത്തിനു മുകളില്‍ വെളുത്ത പ്രതലം സൃഷ്ടിക്കുന്നു. വെളുത്ത പ്രതലം ഉണങ്ങുന്നതിനു മുന്‍പായി ചീപ്പുകള്‍കൊണ്ട് (comb) ) പ്രതലത്തിനുമുകളില്‍ കോറിയാണ്(carve) ചെയ്താണ് കോവര്‍ചിത്രങ്ങള്‍ രചിക്കുന്നത്. കാന്‍വാസിലും ചിത്രം വരയ്ക്കാന്‍ ഇതേരീതിയാണ് കോവര്‍ ചിത്രകാരികള്‍ അവലംബിക്കുന്നത്. രുധന്‍ ദേവിയും മാലാദേവിയുമാണ് കോവര്‍ ചിത്രരചനയിലെ പ്രമുഖര്‍.
ശിശിരത്തിലാണ് (ഒക്ടോബര്‍-നവംബര്‍ മാസങ്ങള്‍) ജാര്‍ഖണ്ഡിലെ ഗ്രാമങ്ങള്‍ സോഹറായി ഉത്സവം ആഘോഷിക്കുന്നത്. വിളവെടുപ്പിന്റെ ഉത്സവമാണ് സോഹറായി. പശുക്കള്‍ക്കും കാളകള്‍ക്കും കൃഷിയുമായി ബന്ധപ്പെട്ട മൃഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഉത്സവമാണ് സോഹറായി. സോഹറായി ഉത്സവനാളുകളില്‍ രാവിലേ പശുക്കളെ കാടുകളിലേക്ക് പറഞ്ഞയക്കുന്നു. വൈകുന്നേരം പശുക്കള്‍ തിരിച്ചുവരും. കാട്ടില്‍ വസിക്കുന്ന പാമ്പുകള്‍ക്ക് പാലുകൊടുക്കാനാണ് പശുക്കളെ കാട്ടിലേക്ക് പറഞ്ഞയക്കുന്നത്. പശുവിന്റെ അകിട്ടില്‍നിന്ന് പാല്‍കുടിക്കുന്ന പാമ്പുകളുടെ ദൃശ്യം സോഹറായി ചിത്രങ്ങളിലെ പ്രധാനപ്പെട്ട ഒരു ബിംബമാണ്.

https://utsav.gov.in/
സംഘര്‍ഷങ്ങളില്ലാത്ത ലോകത്തെ സ്വപ്നം കാണുന്ന ജനതയാണ് സോഹറായി ചിത്രങ്ങള്‍ വരയ്ക്കുന്നത്. അതിനാലാണ് സോഹറായി ചിത്രങ്ങളില്‍ പശുവിന്റെ അകിട്ടില്‍നിന്ന് പാല്‍കുടിക്കുന്ന പാമ്പിനെ സങ്കല്പനം ചെയ്യാന്‍ ഈ ജനതയ്ക്ക് കഴിയുന്നത്. ഗോക്കള്‍ കാട്ടില്‍നിന്ന് വൈകുന്നേരം തിരിച്ചുവരുമ്പോള്‍ നിലത്തും ചിത്രങ്ങള്‍ വരയ്ക്കും. സോഹറായി ഉത്സവനാളുകളില്‍ വീടിന്റെ ഭിത്തികള്‍ ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കും. ഓരോ ആദിവാസിസമൂഹവും വ്യത്യസ്തമായ ശൈലികളിലാണ് സോഹറായി ചിത്രങ്ങള്‍ വരയ്ക്കുന്നത്. കാട്ടിലെ മൃഗങ്ങളുടെയും പക്ഷികളുടെയും ജീവിതങ്ങള്‍, മീന്‍ പിടിക്കുന്നവര്‍, ശൈലീവത്കരിച്ച കുതിരകള്‍, പൂക്കള്‍, വൃക്ഷലതാദികള്‍ തുടങ്ങിയ ബിംബങ്ങള്‍ സോഹറായി ചിത്രങ്ങളില്‍ ദൃശ്യമാണ്. ഉറാവ്, മുണ്ട, സന്താല്‍, കുര്‍മി, ഗാഞ്ചു തുടങ്ങിയ സമൂഹങ്ങളാണ് സൊഹറായി ചിത്രങ്ങള്‍ വരയ്ക്കുന്നത്. സ്ത്രീകളാണ് സോഹറായി ചിത്രരചനയിലേര്‍പ്പെടുന്നത്. വൈവിധ്യമാര്‍ന്ന നിരവധി നൃത്തങ്ങളും കാളപ്പോരും നിരവധി അനുഷ്ഠാനങ്ങളും സോഹറായി ഉത്സവഭാഗമായി കൊണ്ടാടുന്നു. ചുവപ്പ്, മഞ്ഞ, ബ്രൗണ്‍, കാവി, കറുപ്പ്, വെള്ള നിറങ്ങളുള്ള കളിമണ്ണ് സോഹറായി ചിത്രങ്ങളുടെ രചനയില്‍ ഉപയോഗിക്കുന്നു. പുത്ലി ഗഞ്ചു, പാര്‍വതീദേവി മെഹ്ത്തോ എന്നിവരാണ് പ്രധാന സോഹറായി ചിത്രകാരികള്‍. പുതിയ മാധ്യമങ്ങളായ കടലാസിലും കാന്‍വാസിലും ദാമോദര്‍ നദീതടങ്ങളിലെ വൈവിധ്യമാര്‍ന്ന കളിമണ്ണുകളാണ് ഇപ്പോഴും ചിത്രരചനയ്ക്ക് ഇവര്‍ ഉപയോഗിക്കുന്നത്.
ജനുവരി 15, മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Kovar soharai pictures Indian Traditional art forms
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..