പ്രതീകാത്മക ചിത്രം | AFP
സാര്‍, മാഷ്, മാഡം, ടീച്ചര്‍ എന്നിങ്ങനെ കേരളത്തിലെ പലപല സ്കൂളുകളിലും പലപല നാടുകളിലുമായി പലപല പേരുകളില്‍ വിളിപ്പുറത്തുണ്ടായിരുന്ന അധ്യാപകരെല്ലാം ഇനി ലിംഗഭേദമന്യേ ടീച്ചര്‍ എന്ന ഒറ്റപ്പേരില്‍ വിളികേട്ടാല് മതിയെന്ന് ബാലാവകാശക്കമ്മീഷന്റെ ഉത്തരവിറങ്ങിയിരിക്കുകയാണല്ലോ. അധ്യാപകരും വിദ്യാര്‍ഥികളും പൊതുസമൂഹവുമൊക്കെ ഈ തീരുമാനത്തിന് അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നുമുണ്ട്. പുരുഷന്മാരായ അധ്യാപകരെ മാഷേ... എന്നും സ്ത്രീകളെ ടീച്ചറേയെന്നും സ്നേഹത്തോടെ വിളിക്കുന്നതാണ് നമ്മുടെ വിദ്യാലയങ്ങളിലെ പൊതുരീതി. എല്ലാവരേയും ഒരുപോലെ സാറേയെന്ന് നീട്ടി വിളിക്കുന്നവരും ഏറെയുണ്ട്. ആ സാറേ... വിളിയുടെ ശ്രുതിയും താളവും ഈണവും മാറുന്നതിനനുസരിച്ച് സ്നേഹവും ബഹുമാനവും മാത്രമല്ല, വെറുപ്പും പരിഹാസവും തെറിയും കലിപ്പും അടക്കം എല്ലാ തരം വികാരങ്ങളും മേമ്പൊടിയായി ചേര്‍ക്കാനും കുട്ടികള്‍ക്കറിയാം.
ഒരുകാലത്ത് നമ്മുടെ എല്ലാതരം അഭിസംബോധനകളെയും നിര്‍ണയിച്ചിരുന്നത് ജാതിയും മതവുമായിരുന്നു. മേന്ന്നേ, കമ്മളേ, നായരേ, വാര്യരേ, തിരുമേനീ എന്നൊക്കെ വിളിക്കുമ്പോള്‍ അവരുടെ പേരുപോലും പലപ്പോഴും പ്രസക്തമായിരുന്നില്ല. തിയ്യന് തിയ്യത്തീ എന്നീ വാക്കുകള്‍ യഥാക്രമം ജാതിയേയും തൊഴിലിനേയും വ്യക്തികളേയും മാത്രമല്ല, ഭര്‍ത്താവ് ഭാര്യ എന്നീ കുടുംബബന്ധങ്ങളെപ്പോലും നിര്‍ണയിക്കാന്‍ പര്യാപ്തമായിരുന്നു. ആശാരി, തട്ടാന്‍, കൊല്ലന്, കൊശവന് തുടങ്ങിയ വിശേഷണങ്ങള്‍ പേരിനോടൊപ്പവും പേരിനുപകരമായും പ്രയോഗിച്ചുവന്നു. ചാത്തന്, പിറുങ്ങന്, കാളീ, കാരിച്ചീ തുടങ്ങിയ പേരുകളിലൊക്കെ ജാതി പറയാതെതന്നെ വെളിവാകുകയും ചെയ്യുമായിരുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും അവരുടെ പേരുകൊണ്ടുതന്നെ സ്വയം വെളിപ്പെട്ടുപോന്നുവെങ്കിലും ചേട്ടനെന്നും കാക്കയെന്നും അവരെ അടിവരയിടാനും ജാതിസമൂഹം മറന്നില്ല. അതുകൊണ്ടാണ്, സാര്‍ എന്നും മാഡം എന്നുമുള്ള വിളികള്‍ ജാതിക്കും മതത്തിനും അതീതമായി മതനിരപേക്ഷമായ ഇടങ്ങളിലെല്ലാം കൊണ്ടാടപ്പെട്ടുപോന്നത്.
ലിംഗാന്തരമായ വ്യക്തിത്വങ്ങളെ സമൂഹം അംഗീകരിച്ചിട്ടില്ലാതിരുന്ന കാലത്ത് സംബോധനകളില്‍ സത്രീ/പുരുഷന് എന്നീ തരത്തിലുള്ള വേര്തിരിവുമാത്രം മതിയാകുമായിരുന്നു. അങ്ങനെയാണ് സ്കൂളിലെ മാഷ് പുരുഷനും ടീച്ചര്‍ സ്ത്രീയുമായത്. ലിംഗവ്യത്യാസം എന്നത് രണ്ടില്‍ നിജപ്പെടുത്താന്‍ സാധിക്കില്ല. എന്നും, അതൊരു മഴവില്ലിലെ നിറസങ്കരംപോലെ നിര്‍വചിക്കാന്‍പോലും സാധിക്കാത്ത തരത്തില്‍ സങ്കീര്‍ണവും അനന്തവുമാണ് എന്നും ശാസ്ത്രീയമായി തെളിയിച്ചു കഴിഞ്ഞ പുതിയ കാലത്ത് സ്ത്രീയെന്നും പുരുഷനെന്നും മാത്രം വേര്‍തിരിച്ച് നമുക്ക് അധ്യാപകരെ മാത്രമല്ല സമൂഹത്തില്‍ ആരെയും അഭിസംബോധന ചെയ്യാന്‍ സാധിക്കുകയില്ല എന്നുവന്നിരിക്കുന്നു. ആരുമാരും പൂര്‍ണമായ അര്‍ഥത്തില്‍ സ്ത്രീയോ പുരുഷനോ അല്ല. എന്നതാണ് പുതിയ കാലത്തിന്റെ നേര്.
നമ്മുടെ അഭിസംബോധനകളില്‍ ജാതിയും മതവും ലിംഗവും മാത്രമല്ല സംസ്കാരത്തിന്റെ പല നേര്‍ത്ത അടരുകളും പ്രാദേശികഭേദങ്ങളും ഉള്‍ച്ചേര്‍ന്നു കിടക്കുന്നുണ്ട് എന്നതാണ് വസ്തുത. ഈയിടെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ കേദാര്‍ഖണ്ഡ് എന്ന സ്ഥലത്തേയ്ക്ക് ഒരു ട്രക്കിംഗ് നടത്തിയിരുന്നു. ഹിമാലയത്തിലെ ഉത്തരകാശി ജില്ലയില്‍പ്പെട്ട ഈ പ്രദേശം വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ്. ലൈസന്‍സ് ലഭിച്ച ഏജന്‍സികളുടെയും ഗൈഡുമാരുടെയും കൂടെമാത്രമേ അങ്ങോട്ടുള്ള യാത്ര അനുവദിക്കുകയുള്ളൂ. ഡെറാഡൂണില്‍നിന്നു പുറപ്പെട്ടു കഴിഞ്ഞാല്‍ താമസം, ഭക്ഷണം, ആരോഗ്യസംരക്ഷണം, അസുഖമുള്ളവരെ തിരിച്ചു കൊണ്ടുപോരല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും നോക്കാന്‍ ഗൈഡുമാരും ഏജന്‍സിയുടെ ഉദ്യോഗസ്ഥരും കാണും. അവന്തി ഹിമാലയാസ് എന്ന ഏജന്‍സിയുടെ കൂടെയായിരുന്നു ഞങ്ങളുടെ യാത്ര. യാത്രയ്ക്കിടയില്‍, രണ്ടാം ദിവസം തങ്ങിയ ബേസ് ക്യാമ്പില്‍വെച്ച് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ അല്‍പ്പം ദേഷ്യത്തില്‍ത്തന്നെ ഒരു കാര്യം പറഞ്ഞു. ഏജന്‍സിയുടെ ഉദ്യോഗസ്ഥരേയും ഗൈഡുമാരെയും മാന്യമായിവേണം അഭിസംബോധന ചെയ്യാന്‍. ഒന്നുകില്‍ സാര്‍ എന്നോ, അല്ലെങ്കില്‍ അവരുടെ പേരോ മാത്രമേ വിളിക്കാവൂ... മലയാളികളോടായിരുന്നു ആ നിര്‍ദ്ദേശം. നമ്മുടെ പൊതുരീതിയനുസരിച്ച് പലപ്പോഴും ഹേയ്... ഹോയ്... ഭയ്യാ... ഭായീ... എന്നൊക്കെ അന്യസംസ്ഥാനത്തൊഴിലാളികളെ വിളിക്കുന്നതുപോലെ ഒരല്‍പ്പം അധിക്ഷേപവും പുച്ഛവുമൊക്കെ ചേര്‍ത്താണ് അവിടെ ഭക്ഷണം വിതരണം ചെയ്യുന്നവരേയും ടെന്റ ഒരുക്കുന്നവരേയും ട്രക്കിംഗിനു സഹായിക്കുന്ന ഗൈഡുമാരെയുമൊക്കെ വിളിക്കുന്നത് എന്ന കാര്യം ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. ഒരു പ്രദേശത്ത് ബഹുമാനസൂചകമായി തോന്നുന്ന സംബോധന മറ്റൊരു പ്രദേശത്ത് അധിക്ഷേപകരമായും അനുഭവപ്പെട്ടേയ്ക്കാം. രാജ്യങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറം കടക്കുമ്പോള്‍ മാത്രമല്ല, ഒരേ ഭാഷയ്ക്കും ഒരേ സമൂഹത്തിനും അകത്തുപോലും ഇത്തരം വൈവിധ്യങ്ങള്‍ അടയാളപ്പെട്ടു കാണാം.
കാസര്‍ക്കോട്ടെ ഒരു സ്കൂളില്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഉപയോഗിക്കുന്ന പ്രാദേശികഭാഷയുടെ സ്വരൂപം ചിലപ്പോള്‍ തിരുവനന്തപുരത്തും കൊല്ലത്തും പാലക്കാട്ടും അധിക്ഷേപകരമായി മാറിയേക്കാം എന്നതുപോലെത്തന്നെയാണ് അതാതു പ്രദേശത്തു നിലവിലുള്ള അഭിസംബോധനാരീതികളും മറ്റൊരു പ്രദേശത്തേയ്ക്കു ചേരില്ല എന്നത്. പണിയരും മുതുവാന്മാരും കാട്ടുനായ്ക്കരും ചോലനായ്ക്കരും കുറിച്യരും അടക്കമുള്ള ഗോത്രസമൂഹങ്ങളില്‍ ഒരേ അഭിസംബോധനാരീതികള്‍ നിഷ്കര്‍ഷിച്ചാല്‍ ഏറെ പ്രയാസം അനുഭവപ്പെട്ടേക്കാം. അവരുടെ സാമൂഹ്യവ്യവഹാരങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത പാഠപുസ്തകങ്ങളും ഭാഷയും അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസരീതികളെ അവര്‍ നിരാകരിക്കുന്നതുപോലെ ഇത്തരം അഭിസംബോധനാശാഠ്യങ്ങളെയും അവര്‍ നിശ്ശബ്ദം മറി കടക്കുകയേ ഉള്ളൂ.
'വണ്‍ ഹൂ ടീച്ച്....' എന്ന അര്‍ഥത്തിലാണല്ലോ ടീച്ചര്‍ എന്ന പദം ജന്റര്‍ ന്യൂട്രല്‍ ആണ് എന്നു പലരും വാദിക്കുന്നത്. വാക്കുകളുടെ അര്‍ഥം നിര്‍ണയിക്കുന്നത് നിഘണ്ടുവല്ല, സമൂഹവും അതിലെ വ്യവഹാരങ്ങളുമാണ് എന്ന കാര്യം ഇന്ന് പൊതുവേ എല്ലാവരും അംഗീകരിക്കുന്നതാണ്. ഡിക്ഷ്ണറിമാത്രംനോക്കി വാക്കുകളുടെ അര്‍ഥം നിര്‍ണയിക്കാനാവില്ല എന്നു ചുരുക്കം. മലയാളത്തില്‍ ഇന്ന് ടീച്ചറും മാഷും ജന്റര്‍ ന്യൂട്രല്‍ അല്ല, സ്ത്രീ/പുരുഷ ലിംഗഭേദങ്ങള്‍ അടയാളപ്പെടുത്തുന്ന പദങ്ങളാണ് എന്നുസമ്മതിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഒരു 'മാഷി'ന്റെ മുഖത്തു നോക്കി 'ടീച്ചറേ'യെന്നു വിളിക്കേണ്ടി വരുമ്പോള്‍ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയുംചെയ്യും.
ടീച്ചര്‍ എന്നാണോ അധ്യാപകരുടെ തൊഴിലിനെ പുതിയ കാലത്തു നിര്‍വചിക്കേണ്ടത് എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. എല്ലാ അറിവിന്റേയും കേന്ദ്രമായി അധ്യാപകരും, അതു സ്വീകരിക്കാന്‍ എത്തുന്ന വിജ്ഞാനദാഹികളായി കുട്ടികളും നിലകൊണ്ട കാലത്തിന്റെ സംഭാവനയാണ് അധ്യാപകന് എന്നതിന് 'എ പഴ്സണ്‍ ഹൂ ടീച്ചസ്..'എന്ന അര്‍ഥത്തില്‍ ടീച്ചര്‍ എന്ന പദം. അധ്യാപകന് എന്നതിന് അമരകോശം നല്കുന്ന നിര്‍വചനങ്ങ ളിലൊന്ന് ഉപാദ്ധ്യായി എന്നാണ്. 'ഉപേത്യാധീയതേസ്മാല്' ഇവന്റെ സമീപത്തുചെന്ന് അധ്യയനം ചെയ്യുന്നു- എന്നാണ് ഉപാദ്ധ്യായി എന്ന പദത്തിന് അമരകോശം നല്കുന്ന അര്‍ത്ഥം. അവിടെ അധ്യാപകന് ജ്ഞാനത്തിന്റെ ഉറവിടമല്ല, ജ്ഞാനസമ്പാദനത്തിനു സഹായിക്കുന്ന ആള് മാത്രമാണ്. വേദമാണ് ജ്ഞാനത്തിന്റെ ഉറവിടം എന്നും, വേദം ഈശ്വരദത്തമാണ് എന്നും കരുതിയതുകൊണ്ടായിരിക്കണം അധ്യാപകരെ അമരകോശം സഹായി മാത്രമായി കണ്ടത്. പുതിയ കാലത്തു കുട്ടികളും പരി ശീലകരും ഒരുമിച്ചു നടത്തേണ്ട അന്വേഷണമാണ്ജ്ഞാനസമ്പാദനം അഥവാ പഠനം എന്നു വരുമ്പോള്‍ ടീച്ചര്‍ എന്ന വാക്കിനുപകരം കുറച്ചുകൂടി ജനാധിപത്യപരമായ മറ്റൊരു പദം കണ്ടെ ത്തേണ്ടിയിരി ക്കുന്നു. കുട്ടികളുടെ ഒഴിഞ്ഞുകിടക്കുന്ന മസ്തിഷ്കത്തിലേക്ക് വിജ്ഞാനം കോരിനിറച്ചുകൊടുക്കുന്ന സര്‍വജ്ഞനായ ടീച്ചര്‍ക്കുപകരം കുട്ടികളുടെ കൂടെ നില്‍ക്കുകയും പുതിയ ജ്ഞാനമേഖലകള്‍ കണ്ടെത്താന്‍ അവരെ സഹായിക്കുകയും ചെയ്യുന്ന ഒരു പഠനസഹായി മാത്രമാകുന്നു പുതിയ കാലത്ത് അധ്യാപകര്‍.
കുട്ടികള്‍ അധ്യാപകരെ എന്തുവിളിക്കണം എന്നതുപോലെത്തന്നെയോ ഒരുപക്ഷേ അതിലും അധികമോ പ്രധാനപ്പെട്ടതാണ് അധ്യാപകര്‍ കുട്ടികളെ എന്തു വിളിക്കണം, അഥവാ എന്തു വിളിക്കരുത് എന്ന കാര്യം. എടാ, എടീ തുടങ്ങി ഒട്ടും ജനാധിപത്യപരമല്ലാത്ത അഭിസംബോധനകള്പോലും സ്നേഹത്തിന്റെ പ്രകടനമാണ് എന്നും, അതില്‍ കുഴപ്പമില്ല എന്നുമാണ് പല അധ്യാപകരുടേയും ധാരണ. അത്തരം സംബോധനകള്‍ എത്രമാത്രം സ്നേഹത്തോടെയുള്ളതാണെങ്കിലും വിദ്യാലയങ്ങളില്‍നിന്ന് ഒഴിവാക്കേണ്ടതാണ്. കാരണം, അത് വിദ്യാര്‍ഥിയുടെ വ്യക്തിത്വത്തെയും ജനാധിപത്യപരമായ നിലനില്പ്പിനെത്തന്നെയും നിഷേധിക്കുന്നതാണ്. നമ്മുടെ വീടുകളെപ്പോലെതന്നെ ഒട്ടും ജനാധിപത്യപരമല്ലാത്ത ഇടമാണ് ഇന്ന് നമ്മുടെ ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും. അവിടെ അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം പലപ്പോഴും അടിമ-ഉടമവ്യവസ്ഥയിലേതോ, ജന്മി-കുടിയാന് വ്യവസ്ഥയിലേതോ ഒക്കെയാണ്. പഠനം ഉയര്‍ന്ന ക്ലാസ്സുകളിലെത്തുകയും കുട്ടികള്‍ മുതിര്‍ന്ന പൗരരാവുകയും ചെയ്യുമ്പോള്‍ അത് കൂടുതല്‍ക്കൂടുതല്‍ ജനാധിപത്യപരമാവുകയല്ല, മറിച്ച് കൂടുതല്‍ക്കൂടുതല്‍ ഏകാധിപത്യപരമാവുകയാണ് ചെയ്യുന്നത്. ഇന്റേണല്‍മാര്‍ക്ക്, ലാബ്, പ്രാക്ടിക്കല്‍, ക്യാമ്പസ്സ ഇന്റര്‍വ്യൂ തുടങ്ങിയ കടമ്പകളൊക്കെയുള്ള പ്രൊഫഷണല്‍ കോഴ്സുകളില്‍ പുറത്തു പറയാന്‍പോലും പറ്റാത്ത തരത്തിലുള്ള അടിമത്തമാണ് പഠിതാക്കള്‍ക്ക് അധ്യാപകരില്‍നിന്നും മാനേജ്മെന്റില്‍നിന്നും അനുഭവിക്കേണ്ടിവരുന്നത്. കോളെജ് ഹേസ്റ്റലിലെ ഭക്ഷണം കഴിച്ച് വിഷബാധയേറ്റ കാര്യത്തില്‍ പരാതിപ്പെട്ടതിനും മഴയത്ത് ഹോസ്റ്റല്‍ ചോര്‍ന്നൊലിക്കുന്നതിന്റെ ചിത്രമെടുത്ത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതിനുമൊക്കെ കുട്ടികളെ കോളെജ് ഹോസ്റ്റലില്‍നിന്നു പുറത്താക്കിയ കഥകളാണ് ഈയിടെ കേട്ടത്.
ചുരുക്കിപ്പറഞ്ഞാല്‍, കുട്ടികള്‍ അധ്യാപകരെ മാഷെന്നു വിളിക്കണോ ടീച്ചര്‍ എന്നു വിളിക്കണോ എന്നകാര്യത്തിലല്ല, നമ്മുടെ വിദ്യാലയങ്ങളെ എങ്ങനെ ജനാധിപത്യവത്കരിക്കാമെന്നതിനെക്കുറിച്ചും, എങ്ങനെ കൂടുതല്‍ കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദമാക്കാമെന്നതിനെക്കുറിച്ചും ആയിരിക്കണം നമ്മുടെ സര്‍ക്കാരും ബാലാവകാശക്കമ്മീഷനും അടിയന്തിരമായി ഇടപെട്ടു തീരുമാനമെടുക്കേണ്ടത്.
Content Highlights: Kerala Child Rights Commission says no sir or madam in schools
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..