മഹേന്ദ്രന്റെ തടി ഗോഡൗണിൽ പ്രവർത്തിക്കുന്ന പഞ്ചായത്താഫീസ്
'മധുരയില്‍ നിന്ന് 15 കിലോമീറ്റര്‍ സഞ്ചരിക്കുക. വൈഗ നദി കടന്നു സുന്ദരരാജന്‍ പട്ടി വഴി കില്ലന്തെരിയിലേക്ക് വരിക. 'ഫോണില്‍ വഴി പറഞ്ഞത് അങ്ങനെയാണ്. മധുരയില്‍ നിന്ന് ഓട്ടോയില്‍ തിരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി മീര ചോദിച്ചു 'നമ്മള്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പയെ കാണാനല്ലേ പോകുന്നത്.ഫോണില്‍ പുരുഷ ശബ്ദം ആണല്ലോ കേട്ടത് '. 'പഞ്ചായത്ത് സെക്രട്ടറി ആയിരിക്കും. പോയി നോക്കാം' എന്ന് ഞാൻ പറഞ്ഞു
വൈഗാ നദി വരണ്ടുണങ്ങി കിടക്കുന്നത് കാണാന്‍ ഇടയ്ക്ക് ഇറങ്ങി. വെള്ളമില്ലാത്ത നദിയെ കണ്ടു ഫോട്ടോയും എടുത്ത് യാത്ര തുടര്‍ന്നു. ഇടയ്ക്കിടെ ഫോണ്‍ വന്നു 'എവിടെ എത്തി' എന്ന് ചോദിച്ചു . ഓട്ടോഡ്രൈവര്‍ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. വഴി തെറ്റാതിരിക്കാന്‍.
ഒടുവില്‍ ഓട്ടോ നിന്നത് 'ട്രാന്‍സ്പോര്‍ട്ട് കമ്പനി 'എന്നെഴുതിയ ഒരു കെട്ടിടത്തിന് മുന്നില്‍ ആയിരുന്നു. അകത്തേക്ക് കയറി ചെല്ലുമ്പോള്‍ ഒരു തടി ഗോഡൗൺ.
പേടി തോന്നുന്ന അന്തരീക്ഷം. വഴി തെറ്റിയെന്ന് തോന്നി വീണ്ടും ഫോണ്‍ വിളിച്ചു. ' ഇതാ വരുന്നു' എന്ന് മറുപടി കിട്ടി. മുറിച്ചു വച്ചിരിക്കുന്ന തടികള്‍ ക്കിടയിലൂടെ ഒരാള്‍ വന്നു. കാവി മുണ്ടുടുത്ത് പച്ച ഷര്‍ട്ട് ഇട്ട് കൈയില്‍ ചരടുകള്‍ കെട്ടി ഒരാള്‍. നെറ്റിയില്‍ ചന്ദനം .
'ഞാന്‍ പാണ്ടി, പഞ്ചായത്ത് സെക്രട്ടറി' കൈകൂപ്പി വണങ്ങി അയാള്‍ ക്ഷണിച്ചു 'വരൂ' അയാള്‍ക്കൊപ്പം നടക്കുമ്പോള്‍
ഭയം ഇരച്ചു കയറി. ഇതോ പഞ്ചായത്ത് ഓഫീസ്? തടിക്കഷണങ്ങളും ചാക്കുകെട്ടുകളും മറ്റ് ലോട്ടുലൊടുക്കുസാധനങ്ങളും കൂട്ടിയിട്ടൊരു മുറി...ഏതോ തമിഴ് സിനിമയിലെ സ്റ്റണ്ട് സീന്‍ രംഗം പോലെ.
ഇതെന്തൊരു പഞ്ചായത്ത് ഓഫീസ് ? 'ഉള്ളെ വാങ്കോ അമ്മാ' പാണ്ടി തടിക്കൂട്ടത്തിനിടയില്‍ കൂടി നടന്ന് ഒരു വാതില്‍ തുറന്ന് വിളിച്ചു. അയാള്‍ അകത്തേക്ക് കയറി. ഭയപ്പാടോടെ ഒപ്പം കയറി . ഒന്നാന്തരം ഒരു മുറി. എസിയുടെ ശീതളിമ. മുറി ആഡംബരത്തോടെ ഫര്ണിഷ് ചെയ്തിട്ടുണ്ട് . കസേരകളില്‍ നാലഞ്ചുപേര്‍ ഇരിക്കുന്നു. നടുവില്‍ കറങ്ങുന്ന കസേരയില്‍ തമിഴ് സിനിമകളിലെ വില്ലന്‍ ഛായയുള്ള ഒരാള്‍. തൂവെള്ള സില്‍ക്ക് ഷര്‍ട്ട്. മുറിയിലിരിക്കുന്നവര്‍ ഭയഭക്തിബഹുമാനങ്ങളോടെ അയാളെ നോക്കി ഇരിക്കുന്നു. സംശയത്തോടെ ചോദിച്ചു .
'പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ എവിടെ ?'
'ഇത് പുഷ്പയുടെ ഭര്‍ത്താവ് മഹേന്ദ്രന്‍. ചോദിക്കാനുള്ളത് ഇദ്ദേഹത്തോട് ചോദിക്കാം' പഞ്ചായത്ത് സെക്രട്ടറി പാണ്ടി പെട്ടെന്ന് മറുപടി തന്നു .
'ഇദ്ദേഹമാണ് പഞ്ചായത്തിന്റെ കാര്യങ്ങള്‍ നോക്കുന്നത് .പുഷ്പ മാഡം കളക്ടര്‍ വരുമ്പോള്‍ മാത്രമേ വരാറുള്ളൂ' അയാള്‍ കൂട്ടിച്ചേര്‍ത്തു മഹേന്ദ്രനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നിരുന്നത് പാണ്ടിയായിരുന്നു. മഹേന്ദ്രന്‍ ഒന്നും മിണ്ടാതിരുന്നു . പെട്ടെന്ന് കാര്യം പിടികിട്ടി. ഭരണം യഥാര്‍ത്ഥത്തില്‍ പാണ്ടിയുടെ കയ്യില്‍ തന്നെയാണ്. ഈ തടി ഗോഡൗണിലെ എസി മുറിയാണ് ഇപ്പോള്‍ കില്ലന്തെരി പഞ്ചായത്ത് ഓഫീസ്. സെക്രട്ടറിയും മറ്റു സ്റ്റാഫും ഒക്കെ തടി കച്ചവടക്കാരനായ മഹേന്ദ്രന്റെ ഓഫീസിലാണ് ജോലിക്ക് വരുന്നത്. മധുരയില്‍ വച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ കറസ്‌പോണ്ടന്റ് മെയിയമ്മ പറഞ്ഞിരുന്നു
'പുഷ്പയെ മഹേന്ദ്രന്‍ പുറത്തു കാണിക്കാറില്ല .'
'പുഷ്പ എവിടെ ?'
എന്റെ ചോദ്യം കേട്ട് മഹേന്ദ്രന്‍ പെട്ടെന്ന് പറഞ്ഞു.
'ഇവിടെ ഉണ്ടായിരുന്നു. മധുരയ്ക്ക് പോയതാ .'
Also Read
ഞാന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥ ആണെന്നും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ വന്നതാണെന്നും മഹേന്ദ്രന്‍ ധരിച്ചിരിക്കുന്നത് പോലെ തോന്നി. ആകെ ഒരു അങ്കലാപ്പുണ്ട്. പാണ്ടി പെട്ടെന്ന് പുഷ്പയുടെ പ്രവര്‍ത്തനങ്ങള്‍ പറയാന്‍ തുടങ്ങി. 'ആയിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന സിന്റക്സ് ടാങ്ക് ഗ്രാമത്തില്‍ സ്ഥാപിച്ചു. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി നടത്തി. ഓഫീസിലെ കാര്യങ്ങളൊക്കെ പുഷ്പ തലൈവര്‍ തന്നെ നോക്കും. പുറത്തുപോയി ഓഫീസിലെ കാര്യങ്ങള്‍ നോക്കാന്‍ മഹേന്ദ്രന്‍ തലവര്‍ പോകും. 'സെമിത്തേരി, സോളാര്‍ വിളക്കുകള്‍, തെരുവുവിളക്കുകള്‍, ജലസേചനം, പാവപ്പെട്ടവര്‍ക്ക് വീടുകള്‍, ഗ്രീന്‍ഹൗസുകള്‍ തുടങ്ങിയവ ഗ്രാമത്തില്‍ സ്ഥാപിക്കാന്‍ പുഷ്പ താല്‍പര്യം എടുത്തിട്ടുണ്ട്' .പാണ്ടി വീണ്ടും പുഷ്പക്ക് സര്‍ട്ടിഫിക്കറ്റുമായി വന്നു. മഹേന്ദ്രന്‍ ആവട്ടെ എന്താണ് ഇവിടെ നടക്കുന്നത് ഒരു പിടിയും കിട്ടാത്തതുപോലെ മിണ്ടാതിരുന്നു.
മഹേന്ദ്രന്‍ ചിരിക്കാന്‍ വക നല്‍കിക്കൊണ്ടിരുന്നു .എന്തു ചോദിച്ചാലും അയാള്‍ പാണ്ടിയെ നോക്കും .പാണ്ടി ആണ് ഉത്തരം പറയുക . സ്വന്തം മക്കളെ കുറിച്ച് ചോദിക്കുമ്പോഴും മാറ്റമില്ല. മക്കളേത് ക്ലാസ്സില്‍ പഠിക്കുന്നു എന്ന് പോലും അയാള്‍ക്ക് പാണ്ടിയോട് ചോദിക്കേണ്ടി വന്നു. സിദ്ധ കോഴ്‌സിന് പഠിക്കുന്ന മകളെ രാഷ്ട്രീയത്തില്‍ വിടുമോ എന്ന് ചോദിച്ചപ്പോള്‍ മാത്രം മഹേന്ദ്രന്‍ ഇടയ്ക്കുകയറി ഉത്തരം പറഞ്ഞു
' ഇല്ല ,രാഷ്ട്രീയം പെണ്ണുങ്ങള്‍ക്ക് ചേര്‍ന്നതല്ല .വീടിന് പുറത്തിറങ്ങി കാര്യങ്ങള്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് പറ്റില്ല.'
കഴിഞ്ഞ എട്ടുവര്‍ഷമായി പുഷ്പ ഈ പഞ്ചായത്തിലെ പ്രസിഡന്റ് അല്ലേ അവരെങ്ങനെ കാര്യങ്ങള്‍ ചെയ്യുന്നു എന്ന ചോദ്യത്തെ മഹേന്ദ്രന്‍ മൗനം കൊണ്ട് നിര്‍വീര്യമാക്കി .പുഷ്പയെ കാണിച്ചില്ലെങ്കില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കാണാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു.
' അവര്‍ മുസ്ലിമാണ് ,നാളെ റംസാന്‍ ആയതുകൊണ്ട് മധുരയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയിരിക്കുന്നു .കാണാന്‍ പറ്റില്ല ' എന്ന് പാണ്ടി പറഞ്ഞു.
എന്നാല്‍ മറ്റു പഞ്ചായത്ത് മെമ്പര്‍മാരെ കാണാമല്ലോ എന്ന് പറഞ്ഞപ്പോള്‍ അവരൊക്കെ തൊഴിലുറപ്പിന് പോയിരിക്കുകയാണെന്നും ഇപ്പോള്‍ കാണാന്‍ പറ്റില്ല എന്നും പാണ്ടി അറിയിച്ചു .പുഷ്പ വക മഹേന്ദ്ര കുറിച്ച് കേട്ടതൊക്കെ ശരിയാണെന്ന് വിശ്വസിപ്പിക്കുന്നതായിരുന്നു കില്ലന്തെരി അനുഭവം. .എത്ര ശ്രമിച്ചിട്ടും പുഷ്പയെ കാണാന്‍ കഴിയാതെയാണ് അന്ന് മടങ്ങിയത് . അധികാരം സ്ത്രീകളിലേക്ക് എത്താന്‍ ഇനിയും ഏറെ ദൂരമുണ്ട് എന്ന് ആ യാത്ര (2015) മനസ്സിലാക്കി തന്നു
Content Highlights: Kallandhiri village,president, husband rules the place,Rural India,indiangramayathrakal,social
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..