ലേഖിക ഗ്രാമത്തിലെ സ്ത്രീകൾക്കൊപ്പം
നെറ്റ്വര്‍ക്ക് ഓഫ് വിമൻ ഇന്‍ മീഡിയ ഇന്ത്യയുടെ പത്താമത് പിറന്നാളാഘോഷവും ദേശീയ സമ്മേളനവും മുംബൈയിലാണ് നടന്നത് .(2013) മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനം കഴിഞ്ഞ് മുംബൈ ചുറ്റി കണ്ടു. ബോംബെ ഐ ഐ റ്റി ഹോസ്റ്റലില്‍ പ്രിയപ്പെട്ട സുഹൃത്തും കവിയുമായ അനിതാതമ്പിയുണ്ട്. solid waste management ഉമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുകയായിരുന്നു അന്ന് അനിത. പൊവായിയില്‍ തടാകത്തിനും കാടിനും ഒക്കെ ഇടയില്‍ മനോഹരമായ ക്യാമ്പസ്. 24 മണിക്കൂറും തുറന്നിരിക്കുന്ന ക്യാമ്പസും കഫേകളും ലൈബ്രറിയും. പകലും രാത്രിയും തിരക്കിട്ട് നടക്കുന്നവരില്‍ ആണും പെണ്ണും ഉണ്ട് .
പെണ്‍കുട്ടികള്‍ക്ക് രാത്രി നിയന്ത്രണങ്ങളൊന്നും ഇല്ലാത്ത ഇടം. രണ്ടുദിവസം ആ സ്വാതന്ത്ര്യത്തിന്റെ ഉന്മാദത്തില്‍ രാപ്പകലുകള്‍ കഴിഞ്ഞു. ഒരു യാത്ര പോയാലോ എന്നതിനെക്കുറിച്ച് ചിന്ത വന്നത് അപ്പോഴാണ്. അനിതയ്ക്ക് ഒന്ന് രണ്ട് ദിവസം കൂടി എന്തൊക്കെയോ തിരക്കുകള്‍. അതുകഴിഞ്ഞപ്പോള്‍ തീവണ്ടിയില്‍ കയറി
രാജസ്ഥാനിലേക്ക് . അരുണാ റോയിയുടെ മസ്ദൂര്‍ കിസാന്‍ ശക്തി സംഘടനയിലേക്ക് പോകാം എന്നാണ് തത്ക്കാലം തീരുമാനം. അവിടെ കുറച്ചുനാള്‍ താമസിച്ചിരുന്ന സേതുനസീറിനെ വിളിച്ച് വഴിയൊക്കെ ചോദിച്ചിരുന്നു .'ജയ്പൂര്‍ സ്റ്റേഷനിലിറങ്ങി ബസ് സ്റ്റാന്‍ഡിലേക്ക് പോവുക .
ദേവ് ഡോങ്ടിയിലേക്ക് ഉള്ള ബസ് കയറി രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ എം കെ എസ്സ് എസ്സില്‍ എത്തും .'
അവന്റെ നിര്‍ദ്ദേശം അതേ പടി അനുസരിച്ച് അതിരാവിലെ തീവണ്ടി ജയ്പൂരില്‍ എത്തിയ ഉടനെ തന്നെ ബസ് സ്റ്റാന്‍ഡിലേക്ക് തിരിച്ചു. അവിടെ എത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഞെട്ടിപ്പോയി . ഞങ്ങള്‍ക്ക് പോകേണ്ട ദേവ് ഡോങ്ടിയിലേക്ക് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മാത്രമേ ബസ്സുകള്‍ പുറപ്പെടുകയുള്ളൂ .മിനിമം 8 മുതല്‍ 9 വരെ മണിക്കൂര്‍ സമയമെടുക്കും അവിടെയെത്താന്‍ .
സേതുവിനെ വിളിച്ച് ചീത്ത പറയണമെന്ന് തോന്നിയെങ്കിലും അവനോടുള്ള സ്‌നേഹം അതിന് അനുവദിക്കാത്തതിനാല്‍ അടുത്ത പരിപാടികള്‍ പ്ലാന്‍ ചെയ്തു. തിരക്കുളള വൃത്തിഹീനമായ ആ ബസ്റ്റോപ്പില്‍ ആറേഴു മണിക്കൂര്‍ ചിലവഴിക്കണം എന്നോര്‍ത്തപ്പോള്‍ സങ്കടമാണ് വന്നത്. പല്ലുതേപ്പും മറ്റു പ്രാഥമിക കൃത്യങ്ങളും ഒക്കെ അവിടെ തന്നെയുള്ള ടോയ്ലറ്റില്‍ പോയി നിവര്‍ത്തിച്ചു. ചായയും ബിസ്‌ക്കറ്റും കഴിച്ചു കിട്ടിയ ഒരു ഇരിപ്പിടത്തില്‍ ചാന്ദ് പോളിലെപുരാനി ബസ്തിയിലെ ബസ്റ്റോപ്പില്‍ ഉച്ചവരെ കുത്തിയിരുന്നു. അനിത ലാപ്‌ടോപ്പില്‍ പണിയെടുക്കുന്നുണ്ട് . ബോറടിച്ചപ്പോള്‍ ഞാന്‍ കാഴ്ച്ച കാണാന്‍ ഇറങ്ങി.ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് തിരക്കുകൂട്ടുന്ന പലനിറത്തിലുള്ള വെള്ള പൈജാമയും കുര്‍ത്തയും തലപ്പാവും ധരിച്ച പുരുഷന്മാര്‍ ..കടുത്ത നിറപ്പകിട്ടുള്ള പാവാടയും ദാവണി പോലെയുള്ള സാരിയും കൈനിറയെ വളകളും ധരിച്ച സ്ത്രീകള്‍ . എങ്ങോട്ടോക്കെയുള്ള , എവിടെ നിന്നൊക്കെയോ ഉള്ള ബസ്സുകള്‍ വരികയും പോകുകയും ചെയ്യുന്നു. ആളുകള്‍ തിരക്കിട്ട് ഇറങ്ങുകയും കയറുകയും ചെയ്യുന്നു.
പഴകിപ്പൊളിഞ്ഞ ബസ്സിൽ ആരംഭിച്ച യാത്ര
പലരുടെയും ഹിന്ദി പിടി കിട്ടുന്നതേയില്ല. പലയിടത്തും പോയി നോക്കി. ഉച്ചഭക്ഷണവും കിട്ടിയില്ല . ഒടുവില്‍ ഓറഞ്ച് തിന്ന് ക്ഷീണം മാറ്റാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. രണ്ട് കിലോ ഓറഞ്ച് വാങ്ങി ബാഗില്‍ വച്ചു . ഓരോ മണിക്കൂറിലും ഓരോ ഓറഞ്ച് വീതം തിന്നാല്‍ ക്ഷീണം വരില്ല എന്ന്
അനിത പറഞ്ഞു. ഭക്ഷണകാര്യത്തില്‍ അത്ര ത്യാഗം ഒന്നും ചെയ്യാന്‍ തയ്യാര്‍ അല്ലെങ്കിലും മറ്റൊരു പോംവഴിയും ഇല്ലാതെ ഞാന്‍ അതിനു സമ്മതം മൂളി. ഒരു മണിക്ക് വരേണ്ട ബസ് എത്തിയത് രണ്ടുമണിക്ക് . ഭാഗ്യത്തിന് ഇരിക്കാന്‍ സ്ഥലം കിട്ടി. പഴകിപ്പൊളിഞ്ഞ ബസ്. സീറ്റുകളും അതുപോലെ.
അരുണ റോയിയെ ഫോണില്‍ വിളിച്ച് ഞങ്ങള്‍ പുറപ്പെട്ട കാര്യം പറഞ്ഞു. ഫോണിലൂടെ അവര്‍ കണ്ടക്ടര്‍ക്ക് ഞങ്ങളെ ഇറക്കാന്‍ ഉള്ള സ്ഥലം പറഞ്ഞു കൊടുത്തു .അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ ആളുകള്‍ ഉണ്ടാകും എന്ന് ഉറപ്പുനല്‍കി . ഓരോ ഓറഞ്ച് വീതം തിന്ന് ഞങ്ങള്‍ യാത്ര തുടങ്ങി. രാജസ്ഥാനിലെ
വിശാലമായ ഭൂപ്രദേശങ്ങള്‍, ചെറിയ പട്ടണങ്ങള്‍ ഒക്കെ പിന്നിട്ട് ബസ് പാഞ്ഞു .ഇതിനിടെ കൃത്യമായി ഓരോ മണിക്കൂറിലും ഞങ്ങള്‍ ഓരോ ഓറഞ്ച് വീതം തിന്ന് കൊണ്ടേയിരുന്നു. പകല്‍ മാറി രാത്രി വന്നു. വെളിച്ചം കാണാത്ത വീഥികള്‍. ഏതാണ്ട് എട്ട് മണിക്കൂര്‍ കഴിഞ്ഞു കാണും .കണ്ടക്ടര്‍ ഞങ്ങളോട് ബാഗൊക്കെ എടുത്ത് ഇറങ്ങികൊള്ളാന്‍ പറഞ്ഞു . റോഡിലേക്ക് നോക്കി. കൂരിരുട്ടില്‍ അവിടെ ആ വഴിയരികില്‍ മൂന്നുനാലു പേര്‍ റാന്തല്‍ വിളക്കും വലിയ മെഴുകുതിരികളും കത്തിച്ചു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വഴിയില്‍ വിളക്ക് കത്തിച്ചു നില്‍ക്കുന്നവരെ കണ്ടു കണ്ടക്ടര്‍ ഞങ്ങളോട് പറഞ്ഞു
'ദേവ് ഡോങ്ടി എത്തി. ഇവരാണ് നിങ്ങളെ കാത്ത് നില്‍ക്കുന്നവര്‍ . '
ദേവ് ഡോങ്ടി- സ്വര്‍ണത്തെക്കാള്‍ വെള്ളത്തിനു വിലയുള്ള നാട്
ഞങ്ങള്‍ ഇറങ്ങി. ബസ്സിലെ മുഴുവന്‍ ആളുകളും ഞങ്ങള്‍ക്ക് റ്റാറ്റ പറഞ്ഞു. രാത്രി പത്തു മണിയായിയിരുന്നു.
ഞങ്ങളെ വിളിക്കാന്‍ വന്ന ചെറുപ്പക്കാര്‍- അഖില്‍, മീര ,വിനായക് അവര്‍ സ്വയം പരിചയപ്പെടുത്തി . 'ബാംഗ്ലൂരിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ലോയിലെ വിദ്യാര്‍ഥികളാണ് . ഇവിടെ മൂന്ന് മാസത്തെ ഇന്റന്‍ ഷിപ് ചെയ്യുന്നു. ' മുന്നില്‍ നടന്ന് ഇടവഴികള്‍ താണ്ടി അവര്‍ കാണിച്ച വെളിച്ചത്തിന് പിന്നാലെ ഞങ്ങള്‍ പോയി. ഒരു ചെറിയ വീടിനുമുന്നില്‍ യാത്ര അവസാനിച്ചു. മണ്ണുകൊണ്ടുണ്ടാക്കിയ ചെറിയ ഒരു വീട് .
'ഇതാണ് എം കെ എസ് എസിന്റെ ഓഫീസ്.' മീര പറഞ്ഞു. ഞങ്ങളെ കണ്ട് വീടിനുള്ളില്‍ നിന്നു രണ്ടുപേര്‍ ഇറങ്ങി വന്നു.
'ഞാന്‍ ശങ്കര്‍ സിംഗ്. നിങ്ങള്‍ വരുന്ന കാര്യം അരുണാ ദീദി പറഞ്ഞിരുന്നു . ആദ്യം ഭക്ഷണം കഴിക്കൂ'
അടുക്കളയില്‍ ഞങ്ങള്‍ക്കുവേണ്ടി റോട്ടി ഉണ്ടാക്കുന്നുണ്ടായിരുന്നു .അന്നത്തെആദ്യ ഭക്ഷണമാണ് .ആവേശത്തോടെ കഴിച്ചു .
'ഇന്ന് നിങ്ങള്‍ കിടന്നുറങ്ങൂ..നാളെ രാവിലെ കാണാം.ദീദിയും വരും'. ശങ്കര്‍ജി പറഞ്ഞു.
കിടക്കാന്‍ നീണ്ട ഒരു ഹോള്‍ ആയിരുന്നു. നിലത്ത് നിരത്തി ബെഡുകള്‍ വിരിച്ചിട്ടുണ്ട് .നാല്‍പതോളം പേര്‍ക്ക് കിടക്കാം. ആണുങ്ങളും പെണ്ണുങ്ങളും എന്ന വ്യത്യാസം ഒന്നും ഇല്ല. രണ്ട് ബെഡ്ഡുകള്‍ ഞങ്ങള്‍ക്കും കിട്ടി . തുറന്നുകിടക്കുന്ന വാതിലിലൂടെ ചന്ദ്രന്റെ വെട്ടം അകത്തേക്ക് വരുന്നുണ്ടായിരുന്നു.. ആകാശവും നക്ഷത്രങ്ങളും ഇപ്പോള്‍ തൊടാം എന്ന ദൂരത്തില്‍ നില്‍ക്കുന്നു. ചില സ്ഥലങ്ങളില്‍ ഇങ്ങനെ നക്ഷത്രങ്ങളെ ഒരുപാട് താഴ്ന്ന് കാണാനാവുമെന്ന് അനിത പറഞ്ഞു.
തികച്ചും പുതിയ ഒരു സാഹചര്യത്തില്‍ സാധാരണമായ ഉറക്കം നഷ്ടമായതിനാല്‍ പുലരും വരെ ഞങ്ങള്‍ കഥകള്‍ പറഞ്ഞു കിടന്നു.
രാവിലെ ഞങ്ങള്‍ ഉണര്‍ന്ന് വരുമ്പോള്‍ തലേന്ന് കണ്ട കുട്ടികള്‍ കുടങ്ങളിലും ബക്കറ്റുകളിലും വെള്ളം ചുമന്ന് കൊണ്ട് വരുന്നത് കണ്ടു. മുറ്റത്തുള്ള ടാങ്കിലും ടോയ്ലറ്റിലും ഒക്കെ അവര്‍ വെള്ളം നിറച്ചു വച്ചു. സ്വര്‍ണത്തെക്കാള്‍ വെള്ളത്തിനു വിലയുള്ള ഒരു നാട്ടില്‍ കുളിയെക്കുറിച്ചൊന്നും ചിന്തിക്കാന്‍ കൂടി കഴിയില്ലെന്ന് മനസ്സിലായി. പെണ്‍കുട്ടികളില്‍ ഒരാള്‍ തരംഗിണി സക്സേന ഞങ്ങള്‍ക്ക് വെളളം കൊണ്ടു തന്നു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രി എടുത്ത ശേഷം 'ഗ്രാസ്‌റൂട്ട് മൂവ്‌മെന്റ്‌സ്' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് തരംഗിണി. ഞങ്ങള്‍ റെഡിയായി വന്നപ്പോള്‍ ശങ്കര്‍ജിയും എത്തി.
ശങ്കര്‍ സിങ് എന്ന ശങ്കര്‍ജി അരുണ റോയിയുടെ എം കെ എസ് എസ് പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയാണ്. വിവരാവകാശനിയമം ,തൊഴിലുറപ്പ് പദ്ധതി തുടങ്ങി പല പദ്ധതികളുടെയും കരട് ഉണ്ടാവുന്നതിന് ഒരു കാരണക്കാരന്‍.
ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയെന്ന് പഠിക്കാന്‍ ശങ്കര്‍ജിയേക്കാള്‍ മറ്റൊരു ഉദാഹരണം ഉണ്ടാവില്ല .
രാവിലെ കണ്ട ഉടനെ തന്നെ ശങ്കര്‍ജി എം കെ എസ് എസ് ഉണ്ടായ കഥ പറഞ്ഞു തന്നു.
' എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അറിയാതെ തുടങ്ങിയതാണ് എം കെ എസ് എസ്. 1987ല്‍ അരുണാറോയിയും നിഖില്‍ദെയും ഞാനും കൂടി മുന്നോട്ടുള്ള വഴി എന്താവും എന്ന് ആലോചിച്ച് തല പുകച്ചു. സാധാരണ രീതിയിലുള്ള എന്‍ജിഒ ഫണ്ട്, പ്രോജക്ട് ഈ രീതി ഒന്നും പറ്റില്ല ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പെട്ടെന്ന് ഞാന്‍ അവരോട് ചോദിച്ചു 'എന്റെ ഗ്രാമത്തില്‍ വന്ന് പണിയെടുക്കാമോ?' അവര്‍ക്ക് സമ്മതമായിരുന്നു . ഇത് എന്റെ സഹോദരിയുടെ വീടാണ് . അരുണാജി ഇവിടെ വന്ന് താമസിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്രയൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ട് ജനങ്ങളുടെ ദാരിദ്ര്യവും ദുരിതവും മാറുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം തേടി ഞങ്ങള്‍ പലരെയും കണ്ടു . സാധാരണക്കാര്‍ , ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ ഒക്കെ അവരില്‍ ഉണ്ടായിരുന്നു.
ഗവണ്മെന്റ് രേഖകള്‍ പരിശോധിച്ച് സംശയം നിവൃത്തി വരുത്താന്‍ നോക്കുമ്പോള്‍ തടസ്സങ്ങള്‍ .. 'ഗവണ്‍മെന്റ് രേഖകള്‍ പൊതുജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാന്‍ പറ്റില്ല '. ഒരുപാട് ചിന്തിച്ചു, ചര്‍ച്ച ചെയ്തു..
എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഒരു വഴി തെളിഞ്ഞത് അങ്ങനെയാണ്. ഞങ്ങള്‍ മസ്ദൂര്‍ ശക്തി സംഘടന്‍ ഉണ്ടാക്കി. നൂറോളം ഗ്രാമങ്ങളില്‍ ഒരു മാസത്തോളം ഞങ്ങള്‍ നടന്നു .നാടകങ്ങള്‍ ഉണ്ടാക്കി അവതരിപ്പിച്ചു . ജീവിതം എന്താണ്? എങ്ങനെ നന്നാക്കാം? എന്നൊക്കെയാണ് നാടകങ്ങളില്‍ കാണിച്ചത്.
1990 മെയ് ഒന്നിന് ഞങ്ങള്‍ കുറേപ്പേര്‍ ഒത്തുകൂടി മിനിമം വേജിന് വേണ്ടി ശക്തമായി ശബ്ദമുയര്‍ത്തി.
വിവരാവകാശം വരുന്നതിനുമുമ്പ് വിവരം ലഭിക്കാനായി നടത്തിയ സമരം
ഒരു ഫലവുമുണ്ടായില്ല.മിനിമം വേജ് മായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാരില്‍ ചോദിച്ചു . 'എന്തിന് ഫയലുകള്‍ തരണം? എന്തിന് ഔദ്യോഗിക രേഖകള്‍ കാണിക്കണം ' എന്ന് ഒക്കെ അധികൃതര്‍ ചോദിച്ചു . വീണ്ടും ബഹളം ഉണ്ടാക്കിയപ്പോള്‍ കളക്ടര്‍ രേഖകള്‍ കാണിക്കാന്‍ ഉത്തരവിട്ടു .എസ്ഡിഎം രേഖകള്‍ കൊണ്ടുവന്ന് കാണിച്ചു. ഫോട്ടോ കോപ്പി വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. തരാന്‍ പറ്റില്ല, നിയമം ഇല്ലെന്ന് കളക്ടര്‍ പറഞ്ഞു .ഞങ്ങള്‍ ധര്‍ണ ഇരുന്നു . പല രേഖകളിലും പെന്‍സില്‍ കൊണ്ടാണ് എഴുതിയിരുന്നത്. ഞങ്ങള്‍ അതൊക്കെ എഴുതിയെടുത്ത് ബന്ധപ്പെട്ട ഗ്രാമങ്ങളില്‍ കൊണ്ടു പോയി കാണിച്ചു. ജനങ്ങള്‍ അന്തംവിട്ടു. രേഖയിലുള്ള 40 ശതമാനം പേര്‍ ജോലിക്ക് പോയിട്ടേ ഇല്ലാത്തവരായിരുന്നു. വീണ്ടും സമരം നടത്തി. സര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ഒറിജിനല്‍ രേഖകളുടെ ഫോട്ടോസ്റ്റാറ്റിന് വേണ്ടി ഞങ്ങള്‍ നിര്‍ബന്ധം ചെലുത്തി.നാലു വര്‍ഷം ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിനു വേണ്ടി ഗ്രാമങ്ങളില്‍ നടന്നു. ജനങ്ങളില്‍ വിശ്വാസം ഉണ്ടാക്കിയെടുത്തു.പതുക്കെ പതുക്കെ അവര്‍ ഞങ്ങളെ പിന്തുണയ്ക്കാന്‍ തുടങ്ങി . അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ രാജസ്ഥാന്‍ ഗവണ്‍മെന്റ് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ആവശ്യമെന്ന് തോന്നുന്ന രേഖകള്‍ നല്‍കാന്‍ നിയമമുണ്ടാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അത് ഇഷ്ടമായില്ല. വലിയ സഹകരണം ഒന്നും ആദ്യകാലത്ത് ഉണ്ടായില്ല. പിന്‍വാങ്ങാതെ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നു .പബ്ലിക് ഹിയറിങ്, പട്ടിണി സമരങ്ങള്‍, പല മാര്‍ഗങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ശ്രമങ്ങള്‍ക്ക് കണ്ടു .2005 ല്‍ കേന്ദ്രഗവണ്മെന്റ റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് (വിവരാവകാശനിയമം)പാസാക്കി .
പിന്നീട് എം കെ എസ് എസ് 'സോഷ്യല്‍ ഓഡിറ്റ് ' സംവിധാനത്തിന്റെ ആവശ്യവുമായി മുന്നോട്ടുവന്നു . പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ ഓഡിറ്റ് ചെയ്യാം എന്ന് ഞങ്ങള്‍ ഇവിടെ രാജസ്ഥാനില്‍ ചെയ്തു നോക്കി . അതിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിന് അയച്ചു .സര്‍ക്കാര്‍ പണം ചിലവാക്കി പദ്ധതികളില്‍ പേരും ചെലവായ തുകയും ഒക്കെ എഴുതണമെന്ന് നിയമം ഉണ്ടായി .
ഇന്ന് അംഗന്‍വാടി തൊട്ട് ആശുപത്രി, റേഷന്‍കട എവിടെയും ജനങ്ങള്‍ക്ക് വിവരങ്ങള്‍ ബോര്‍ഡുകളിലൂടെ ലഭിക്കുന്നു .വിവരാവകാശ നിയമം ഡ്രാഫ്റ്റ് ചെയ്തത് ഞങ്ങള്‍ ആണ്. അത് പാസ്സായി കഴിഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് അപകടം മനസ്സിലായത്. ഗ്രാമീണരായ ജനങ്ങളോടുള്ള ആശയവിനിമയത്തില്‍ നിന്നാണ് വിവരാവകാശ നിയമം ഉണ്ടായത്. വാതില്‍ തുറന്നിടാമെങ്കില്‍ എല്ലാവര്‍ക്കും വരാം കാണാമെന്ന് ആയപ്പോള്‍ ഭരണത്തില്‍ സുതാര്യത കൈവന്നു .
ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ നിയമമാണ് വിവരാവകാശ നിയമം. ഇപ്പോള്‍ ഞങ്ങള്‍ മറ്റൊരു നിയമ നിര്‍മാണ ശ്രമത്തിലാണ് .റൈറ്റ് റ്റു ഗ്രീവന്‍സ് റിഡ്രസല്‍. ഒരു അപേക്ഷ സര്‍ക്കാര്‍ ഓഫീസില്‍ നല്‍കിയാല്‍ 21 ദിവസത്തിനകം മറുപടി ലഭിക്കാന്‍ സംവിധാനം ഉണ്ടാകണം. തെരുവ് നാടകങ്ങള്‍, നാടന്‍ പാട്ടുകള്‍, നൃത്തം എന്നിവയൊക്കെ ഉപയോഗിച്ചാണ് ഞങ്ങള്‍ ജനങ്ങള്‍ക്ക് അറിവ് പകരുന്നത്. സുതാര്യത , സോഷ്യല്‍ ഓഡിറ്റ്, ഉത്തരവാദിത്വം എന്നിവയില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല എന്ന് വ്യക്തമായി പറഞ്ഞു കൊടുത്തു. പബ്ലിക് ഹിയറിങ് പരിപാടികളിലൂടെ ജനങ്ങളേയും അധികാരികളെയും ഒരുമിച്ചു കൊണ്ടുവന്ന് പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചു. പണം കൊടുക്കുന്നവരും വാങ്ങുന്നവരും പറയുന്ന കണക്കുകളില്‍ വരുന്ന പൊരുത്തക്കേടുകള്‍ ആധികാരിക രേഖകള്‍ വരുത്തി ഒത്തുനോക്കി. സോഷ്യല്‍ ഓഡിറ്റ് അങ്ങനെയാണുണ്ടായത്. ഒരു വ്യക്തിയോട് ഉദ്യോഗസ്ഥന്‍ കള്ളം പറഞ്ഞു എന്നു വരും. ആയിരം വ്യക്തികളുടെ മുന്‍പില്‍ അത് പറ്റില്ല .'
തോഗി ഗ്രാമം
ശങ്കര്‍ജി പറഞ്ഞു നിര്‍ത്തുമ്പോള്‍ തോഗി ഗ്രാമത്തിലേക്ക് പോകാനുള്ള ജീപ്പ് വന്നു. രാജസ്ഥാനിലെ രാജ്‌സാമന്ത് ജില്ലയിലെ ഭീംതാലൂക്കില്‍പ്പെട്ട ഗ്രാമപഞ്ചായത്ത് ആണ് ഇത്. ജീപ്പിന്റെ മുന്നില്‍ മൈക്കും കോളാമ്പി ലൗഡ്‌സ്പീക്കറും കയ്യില്‍ ഒരു ഫയലുമായി ശങ്കര്‍ജി ഇരുന്നു. പുറകില്‍ ഞങ്ങളും . കഴിഞ്ഞവര്‍ഷം ഗവണ്‍മെന്റ് നടത്തിയ വിവിധ പരിപാടികളുടെ ലിസ്റ്റുമായിട്ടാണ് ശങ്കര്‍ജി വന്നിരിക്കുന്നത് . എത്രപേര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കി, എത്രപേര്‍ക്ക് വീടുണ്ടാക്കി, എത്രപേര്‍ക്ക് വൈദ്യുതി കണക്ഷന്‍ കിട്ടി ..അങ്ങനെ മൊത്തം കണക്ക് കയ്യിലുണ്ട് . 'പതിനൊന്നാം തീയതി( 2014 ഫെബ്രുവരി) മുഖ്യമന്ത്രി സ്‌കൂളില്‍ നിങ്ങളുടെ പരാതി കേള്‍ക്കാന്‍ എത്തുന്നു കളക്ടര്‍ ക്യാമ്പില്‍ ഉണ്ടാവും.' മൈക്കിലൂടെ ഓരോ പ്രദേശത്തും അനൗണ്‍സ് ചെയ്തു മുന്നോട്ടു പോയി .
ഓരോയിടത്തും വണ്ടി നിര്‍ത്തുമ്പോള്‍ ആളുകളോടിക്കൂടും. കിട്ടാത്ത വീടിനെപ്പറ്റി, ഇനിയും വരാത്ത വൈദ്യുതിയെപ്പറ്റി ഒക്കെ പരാതി പറയും .തന്റെ കയ്യിലുള്ള ഫയലില്‍ ഒത്തുനോക്കി ശങ്കര്‍ജി മറ്റൊരു ബുക്കില്‍ വിവരങ്ങള്‍ കുറിച്ചിടും. പതിനൊന്നാം തീയതി നടക്കുന്ന പരാതി പരിഹാരക്യാമ്പിലെത്താന്‍ നിര്‍ദേശം നല്‍കി അടുത്ത സ്ഥലത്തേക്ക് വണ്ടി വിടും. ഉച്ച വരെ ശങ്കര്‍ജിയോടൊത്ത് ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞു. കടുക് പാടങ്ങളും ചെമ്മരിയാട്ടിന്‍ പറ്റങ്ങളും കണ്ണിന് ഇമ്പമേകി വന്നും പോയും കൊണ്ടിരുന്നു .
ഇടയ്ക്ക് പഞ്ചായത്ത് ഓഫീസില്‍ കയറി. ചെറിയൊരു കെട്ടിടം. ചുവരില്‍ പഞ്ചായത്ത് നടപ്പാക്കുന്ന പരിപാടികള്‍ കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് .പഞ്ചായത്ത് പരിസരത്ത് തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സ്ത്രീകളെ പരിചയപ്പെട്ടു. കടും നിറമുള്ള പാവാടകള്‍ ഉടുത്ത് ദുപ്പട്ട കൊണ്ട് മുഖംമൂടിയ സ്ത്രീകള്‍.
രേഖ ,ഉഷ ,സന്തോഷ് ..പേരുകള്‍ പറയുമ്പോഴും അവര്‍ മുഖം മറച്ചു തന്നെ പിടിച്ചു. പഞ്ചായത്തംഗം ലളിത തലയിലും അരയിലും കുടങ്ങളേന്തിയിരുന്ന ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പം ആണ് വന്നത്. അവര്‍ക്കൊപ്പം ചെന്നാല്‍ മഴ വെള്ളം സംഭരിക്കുന്നത് കാണാമെന്ന് ശങ്കര്‍ജി പറഞ്ഞു .ലളിതയ്ക്ക് പറയാനുള്ളത് വെള്ളത്തെക്കുറിച്ച് ആയിരുന്നു. സ്വര്‍ണത്തേക്കാള്‍ വിലയാണ് വെള്ളത്തിന്. ലളിത പറഞ്ഞതിന്റെ പൊരുള്‍ അതായിരുന്നു. കിട്ടുന്ന വെള്ളം മുഴുവന്‍ സൂക്ഷിക്കാന്‍ വേണ്ടി ജൊഹാദ്, ഖദീന്‍ ഒക്കെ ഉണ്ടാക്കുന്നതിനെ കുറിച്ച് ലളിത വിശദീകരിച്ചു .
മഴക്കുഴികള്‍ അല്ലെങ്കില്‍ വെള്ളം സംഭരിക്കുന്ന കേന്ദ്രങ്ങളാണ് ജൊഹാദും ഖദീനും..
ചരിവ് പ്രദേശങ്ങളില്‍ കുളങ്ങളുണ്ടാക്കി മണ്ണുകൊണ്ട് ഭിത്തികള്‍ നിര്‍മിച്ചു മഴ പിടിച്ചു വെക്കുന്ന ഒരു ജൊഹാദ് തോഗി ഗ്രാമത്തില്‍ ലളിത കാട്ടിത്തന്നു .
ഒരുപാട് സ്ത്രീകള്‍ കുടങ്ങളുമായി അവിടെ വെള്ളം എടുക്കാന്‍ വന്നിട്ടുണ്ട്. മടങ്ങുമ്പോള്‍ തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സ്ത്രീകള്‍ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു .
'ചായ കുടിച്ചിട്ട് പോവാം '.വഹനീദേവി നിര്‍ബന്ധിച്ചു.
പ്രതിമയും പുഷ്പയും കൂടെ ചേര്‍ന്ന് വിളിച്ചപ്പോള്‍ പോകാതിരിക്കാന്‍ വയ്യെന്നായി.
കുറച്ചു നടന്നപ്പോള്‍ അവരുടെ വീടുകളെത്തി . കട്ടിയുള്ള ചുവരുകളും നിരപ്പുള്ള മേല്‍ക്കൂരയുമുള്ള വീടുകള്‍. മണ്ണും സാന്‍ഡ് സ്റ്റോണും ആണ് മുഖ്യം. ചുവരുകള്‍ മണ്ണ് കൊണ്ടു തേച്ചിട്ടുണ്ട്. നല്ല ഭംഗിയുണ്ട്. കൊടും ചൂടില്‍ നിന്നു രക്ഷപ്പെടാനാണ് കട്ടിയുള്ള ചുവരുകള്‍ ഉണ്ടാക്കുന്നത്. ചിലവീടുകളുടെ മേല്‍ക്കൂരയും ജോധ്പുരി പട്ടി എന്നറിയപ്പെടുന്ന പിങ്ക് സാന്‍ഡ് സ്റ്റോണ് ഷീറ്റുകള്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. 'പാത്തോസ്' എന്നാണ് ഇത്തരം വീടുകള്‍ അറിയപ്പെടുന്നത് എന്ന് വായിച്ചത് ഓര്‍മ്മ വന്നു. കുറെയേറെ വീടുകള്‍ അടുത്തടുത്ത് ഉണ്ടാക്കിയിട്ടുണ്ട് .
ചുവന്ന സാരിയുടുത്ത മുഖം മറച്ചൊരു സ്ത്രീ കുഴല്‍ക്കിണര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം എടുക്കാന്‍ ശ്രമിക്കുന്നു.
കുറെ കുടങ്ങള്‍ അവിടെ ക്യൂവിലുണ്ട്. തൊട്ടടുത്ത വലിയ കിണര്‍. അതില്‍ വെള്ളം ഇല്ല എന്ന് ഉഷപറഞ്ഞു. വീടുകള്‍ക്ക് മുന്നില്‍ ചുള്ളിക്കമ്പുകള്‍ ശേഖരിച്ച് കെട്ടി വെച്ചിട്ടുണ്ട്. എങ്ങും ആടുകള്‍ ഉണ്ട്. കൊമ്പുകള്‍ ഉള്ളതും ഇല്ലാത്തതും ..
വീടിന്റെ ചുവരുകളില്‍ ചാണകവറളികള്‍ ഒട്ടിച്ചു വച്ചിരിക്കുന്നു.
എംകെ എസ്എസ്സിലെ അടുക്കള. ഇന്റര്‍ന്‍ഷിപ്പിന് വന്ന വിദ്യാർഥികളാണ് കൂട്ടത്തിൽ
ചില വീടുകളുടെ മേല്‍ക്കൂര കച്ചി കൊണ്ട് മേഞ്ഞതാണ്. ഓട്, സാന്‍ഡ് സ്റ്റോണ് കഷണങ്ങള്‍ എന്നിവ പാകിയവയുമുണ്ട്. തദ്ദേശീയമായി ഉണ്ടാക്കുന്ന ഓടുകളും നിര്‍മ്മിത ഓടുകളും വീടുപണിക്ക് ഉപയോഗിച്ചിട്ടുണ്ട് .
ചെറിയ ചെറിയ വീടുകളാണ്. മനോഹരമായി ചിരിച്ചു കൊണ്ട് ലളിതയുടെ അമ്മ അകത്തേക്ക് ക്ഷണിച്ചു . ലളിതയും പുഷ്പയും അകത്തേക്ക് ഓടിപ്പോയി. മുറ്റത്ത് കിടന്ന ചൂടിക്കട്ടിലില്‍ ഇരിക്കാന്‍ നിര്‍ബന്ധിച്ച് അമ്മ സംസാരിക്കാന്‍ തുടങ്ങി . മനസ്സിലാക്കാന്‍ പ്രയാസമുള്ള ഹിന്ദി. ഞാനെന്റെ ഹിന്ദിയില്‍ മറുപടി പറഞ്ഞു .
വൃത്തിയുള്ള വീട് .കുറച്ച് സാധനങ്ങള്‍ മാത്രമേ വീട്ടിനുള്ളില്‍ ഉള്ളൂ. നിറങ്ങളുടെ നൃത്തം വീട്ടിനുള്ളിലും മനുഷ്യരുടെ വേഷങ്ങളിലും ഉണ്ട്. 'അടുക്കള കണ്ടോട്ടെ ?'ഞാന്‍ ചോദിച്ചു .
'പിന്നെന്താ?' പുഷ്പ നിലത്ത് കുത്തിയിരുന്ന് അടുപ്പു കത്തിക്കുന്നു. ലളിത ചാണക വറളി ചെറുതാക്കി കൊടുക്കുന്നു. മണ്ണുകൊണ്ടുണ്ടാക്കിയ അടുപ്പില്‍ ചായ തിളയ്ക്കുന്നു. തിളച്ച് പായസം പോലെ ആകുന്നുണ്ട്. അടുക്കളയില്‍ അധികം പാത്രങ്ങളില്ല.നീണ്ട സ്റ്റീല്‍ ഗ്ലാസ്സുകള്‍, ലോട്ടകള്‍ ,ചപ്പാത്തി മാവ് കുഴക്കുന്ന പാത്രം അങ്ങനെ വളരെ കുറച്ചു പാത്രങ്ങള്‍ മാത്രം .
ചെറിയ കപ്പുകള്‍ എടുത്ത് ചായ പകര്‍ന്നു പുഷ്പ പുറത്തേക്ക് വിളിച്ചു. ചായ കുടിക്കുമ്പോള്‍ ആടുകള്‍ വീട്ടിനുള്ളിലേക്ക് കയറി വന്നു .ആടുകളോട് പുറത്തുപോയി കളിക്കാന്‍ ലളിതയുടെ അമ്മ പറഞ്ഞു. മക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കും പോലെ .
ഉച്ച ഭക്ഷണം കഴിഞ്ഞു പോയാല്‍ മതിയെന്ന് എല്ലാവരും നിര്‍ബന്ധിച്ചു പക്ഷേ അരുണാദീദി കാത്തിരിപ്പുണ്ടായിരുന്നു എന്നത് കൊണ്ട് ഞങ്ങള്‍ വേഗം ഇറങ്ങി ..
(തുടരും)
Content Highlights: KA Beena Column Indian Gramayathrakal, Rural India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..