റുഡോൾഫ് ഡീസൽ | Photo - lindahall.org
ലോകത്തെ വ്യാവസായിക മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന കണ്ടെത്തലുകളില്‍ ഒന്നാണ് ഡീസല്‍ എന്‍ജിനുകളുടേത്. എന്ജിനുകളോടുള്ള അഭിനിവേശംമൂലം ജര്‍മന്‍ എന്‍ജിനിയറായ റുഡോള്‍ഫ് ഡീസല്‍ നടത്തിയ പരീക്ഷണങ്ങളാണ് ഡീസല്‍ എന്‍ജിന്റെ ആദ്യരൂപത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. കഠിന പരിശ്രമത്തിലൂടെ വികസിപ്പിച്ച എന്ജിന് അദ്ദേഹത്തെ പെട്ടെന്ന് സമ്പന്നനാക്കിയെങ്കിലും തന്റെ എന്‍ജിനുമായി ബന്ധപ്പെട്ട് നടത്തിയ നിക്ഷേപങ്ങള്‍ വരുത്തിവച്ച കടബാധ്യതകള്‍ അലട്ടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ദുരൂഹമരണം. അദ്ദേഹം ആത്മഹത്യചെയ്തതാണ് എന്നാണ് നിഗമനം. എന്നാല്‍, നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ഡീസലിന്റെ മരണത്തിനുശേഷം ഉയര്‍ന്നുവന്നത്. അദ്ദേഹത്തിന്റെ മരണശേഷം 1920-കളിലാണ് ട്രക്കുകളില്‍ ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. പിന്നാലെ കപ്പലുകളിലും 1930-കളില്‍ തീവണ്ടികളിലും ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിച്ചുതുടങ്ങി. കുറഞ്ഞ ചെലവും മികച്ച കാര്യക്ഷമതയും ആയിരുന്നു ഡീസല്‍ എന്‍ജിനുകളെ വ്യാവസായിക വിപ്ലവത്തിന്റെ ഊര്ജസ്രോതസാക്കി മാറ്റിയത്. റുഡോള്‍ഫ് ഡീസല്‍ നടത്തിയ പരീക്ഷണങ്ങള്‍ ഫലംകണ്ടില്ലായിരുന്നുവെങ്കില് വ്യവസായ പുരോഗതിയും ചരക്കുനീക്കമടക്കം ചെലവുകുറഞ്ഞ രീതിയില്‍ ഇത്രയധികം വേഗത്തില്‍ സാധ്യമാകുമായിരുന്നോ എന്നും സംശയമാണ്. ഡീസല്‍ എന്ജിന് വികസിപ്പിക്കാന്‍ റുഡോള്‍ഫ് ഡീസല്‍ നടത്തിയ പരിശ്രമങ്ങളും അതിന്റെ വാണിജ്യസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നടത്തിയ യാത്രകള്‍ക്കിടെ ഉണ്ടായ ദുരൂഹമരണവും അതുയര്‍ത്തിയ സംശയങ്ങളുമാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്.
യുദ്ധത്തിനിടെ നാടുകടത്തപ്പെട്ട കുടുംബത്തില്‍ വളര്‍ന്ന റുഡോള്‍ഫ്
ഫ്രാന്‍സിലെ പാരീസില്‍ 1858-ലാണ് റുഡോള്‍ഫ് ഡീസലിന്റെ ജനനം. ജര്‍മനിയില്‍നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയവരായിരുന്നു മാതാപിതാക്കള്‍. ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ 1870-ല്‍ അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് നാടുകടത്തപ്പെട്ടു. അവിടെനിന്നാണ് അദ്ദേഹം പഠനത്തിനായി ജര്‍മനിയിലേക്ക് പോകുന്നതും മ്യൂണിക് പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് എന്‍ജിനിയറിങ്ങില്‍ വൈദഗ്ധ്യം നേടുന്നതും. പിന്നീട് അദ്ദേഹത്തിന് ജോലി ലഭിച്ചത് പാരീസിലുള്ള ലിന്‍ഡേ ഐസ് മെഷീന് കമ്പനി എന്ന റഫ്രിജറേഷന്‍ കമ്പനിയിലാണ്. അവിടെ ജോലിചെയ്യുമ്പോഴും എന്ജിനുകളോടായിരുന്നു അദ്ദേഹത്തിന് ആഭിമുഖ്യം. ജോലിക്കിടയിലും കമ്പനി തലവന്‍ കാള്‍ വാന്‍ ലിന്‍ഡെയുടെ സഹായത്തോടെ അദ്ദേഹം തെര്മോഡൈനാമിക്സില് പഠനം തുടര്‍ന്നു. അക്കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന സ്റ്റീം എന്‍ജിനുകള്‍ക്ക് ബദലായി കാര്യക്ഷമതയുള്ള മറ്റൊരു എന്ജിന് വികസിപ്പിക്കണമെന്ന് അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അതിനിടെ റെഫ്രിജറേഷന്‍ കമ്പനിയുടെ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ടുമെന്റിന്റെ മേധാവിയായി അദ്ദേഹം മാറി. ഇക്കാലത്ത് മഷിനന്ഫെബ്രിക് ഓഗ്സ്ബര്‍ഗ് (ഇന്ന് MAN ട്രക്കുകളുടെ നിര്‍മാതാക്കള്‍) അടക്കമുള്ളവ അദ്ദേഹത്തിന്റെ ഡീസല്‍ എന്ജിന് വികസന പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിട്ടുണ്ട്. സോളാര്‍ പവേഡ് എയര്‍ എന്‍ജിനടക്കം നിരവധി പുതിയ എന്‍ജിനുകള്‍ റുഡോള്‍ഫ് ഡീസല്‍ ഈഘട്ടത്തില്‍ പരീക്ഷണാര്‍ഥം വികസിപ്പിച്ചിരുന്നു.
.jpg?$p=4a99eff&&q=0.8)
നൂതന എന്ജിന് സ്വപ്നംകണ്ട് പരീക്ഷണങ്ങള്‍ തുടര്‍ന്ന അദ്ദേഹം 1892-ല്‍ പേറ്റന്റിന് അപേക്ഷിക്കുകയും തുടര്‍ന്ന് എന്ജിന് വികസിപ്പിക്കുന്നതിനുള്ള അനുമതി അധികൃതരില്‍നിന്ന് നേടിയെടുക്കുകയും ചെയ്തു. 1893-ല്‍ താന്‍ വികസിപ്പിക്കാനൊരുങ്ങുന്ന എന്‍ജിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്രബന്ധം അദ്ദേഹം പ്രസിദ്ധീകരിച്ചു. 1893-ലാണ് അദ്ദേഹം സ്വന്തമായി വികസിപ്പിച്ച എന്ജിന് ആദ്യമായി അവതരിപ്പിക്കുന്നത്. പത്തടി ഉയരമുള്ള ഒരു സിലിണ്ടറും അതിനടിയില്‍ ഘടിപ്പിച്ച ഫ്ളൈവീലും അടക്കമുള്ളവ ഉള്‍പ്പെട്ടതായിരുന്നു ആ എന്ജിന്. ആ വര്‍ഷംതന്നെ എന്ജിന് പേറ്റന്റ് ലഭിച്ചു. എന്‍ജിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ അദ്ദേഹം വിശ്രമമില്ലാതെ തുടര്‍ന്നു.
കണക്കുകൂട്ടലുകള്‍ തെറ്റിച്ച കണ്ടെത്തല്‍
റുഡോള്‍ഫിന്റെ കഠിനാധ്വാനം വെറുതെ ആയില്ല. അദ്ദേഹം ചിന്തിച്ചതുപോലെതന്നെ കാര്യങ്ങള്‍ നടന്നു. ചെറുകിട വ്യവസായ സംരംഭകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കൊപ്പം പിടിച്ചുനില്ക്കാന് തന്റെ എന്ജിന് പ്രയോജനപ്പെടുമെന്നായിരുന്നു എന്ജിന് വികസിപ്പിക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. റുഡോള്‍ഫ് ഡീസല്‍ പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് എന്ജിന് ലഭിച്ചത്. ആദ്യം ചെറുകിട വ്യവസായ സംരംഭകരും പിന്നീട് വന്‍കിട വ്യവസായികളും അദ്ദേഹത്തിന്റെ എന്ജിന് പിന്നാലെയെത്തി. ഫാക്ടറികള്‍, ഖനികള്‍, എണ്ണ ഖനനം ചെയ്യുന്ന പാടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ എന്ജിന് ഉപയോഗിച്ചു തുടങ്ങി. ഇതോടെ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ റുഡോള്‍ഫ് ഡീസല്‍ ഒരു സമ്പന്നനായി മാറി. എന്നാല്‍ ഡീസല്‍ എന്ജിന് വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ നിക്ഷേപങ്ങള്‍ അദ്ദേഹത്തെ വലിയ കടക്കെണിയിലാക്കി. കടബാധ്യതകള്‍ വീര്‍പ്പുമുട്ടിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ദുരൂഹ മരണം.
.jpg?$p=dc10d3d&&q=0.8)
കൊലപാതകമോ, ആത്മഹത്യയോ ?.. മാധ്യമങ്ങള്‍ ആഘോഷിച്ച ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍
1913- ല്‍ ലണ്ടനിലേക്കുള്ള കപ്പല്‍ യാത്രയ്ക്കിടെയാണ് റുഡോള്‍ഫ് ഡീസലിന്റെ ദുരൂഹ മരണം. സെപ്റ്റംബര്‍ 29-നോ 30-നോ ആണ് അദ്ദേഹം മരിക്കുന്നത്. ആ സമയത്ത് ഡീസല്‍ എന്‍ജിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള തിരക്കുകളിലായിരുന്നു അദ്ദേഹം. ബെല്‍ജിയത്തില്‍ പുതിയ ഡീസല്‍ എന്ജിന് പ്ലാന്റിന്റെ തറക്കല്ലിടന്‍ ചടങ്ങില്‍ പങ്കെടുത്തശേഷം എസ്.എസ് ഡ്രസ്ഡണ്‍ എന്ന സ്റ്റീമറില്‍ അദ്ദേഹം ലണ്ടനിലേക്ക് പോയതിനുപിന്നില്‍ മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. ബ്രിട്ടീഷ് നാവികസേനയുടെ അന്തര്‍വാഹിനികളില്‍ തന്റെ എന്ജിന് ഘടിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കുവേണ്ടി ആയിരുന്നു ആ യാത്ര. ഫ്രഞ്ച് അന്തര്‍വാഹിനികളില്‍ അതിനോടകംതന്നെ റുഡോള്‍ഫിന്റെ എന്‍ജിനുകള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ആ യാത്രയ്ക്കിടെ അദ്ദേഹം കടലില്‍ മുങ്ങി മരിക്കുകയായിരുന്നു.
രാവിലെ 6.15-ന് തന്നെ വിളിച്ചുണര്‍ത്തണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടശേഷം രാത്രി 10-ന് കപ്പലിലെ തന്റെ മുറിയിലേക്ക് പോയ അദ്ദേഹത്തെ പിന്നീട് കാണാതായി. പിന്നീട് കടലില്‍ ഒഴുകി നടക്കുന്ന ഒരു ശവശരീരം ഒരു ഡച്ച് കപ്പല്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളില്‍നിന്നും മറ്റുവസ്തുക്കളില്നിന്നുമാണ് മരിച്ചത് റുഡോള്‍ഫ് ഡീസലാണെന്ന് തിരിച്ചറിഞ്ഞത്. 10 ദിവസം പഴക്കമുള്ള മൃതദേഹമാണ് കടലില്‍നിന്ന് കണ്ടെത്തിയത്. മൃതദേഹ പരിശോധനപോലും അക്കാലത്ത് സാധ്യമായിരുന്നില്ല എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
Also Read
കടക്കെണിയും ആരോഗ്യം മോശമായതും കാരണം അദ്ദേഹം ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍, റുഡോള്‍ഫ് ഡീസല്‍ വികസിപ്പിച്ച എന്‍ജിന്റെ പേറ്റന്റ് ബ്രീട്ടീഷ് നാവികസേനയ്ക്ക് ലഭിക്കാതിരിക്കാന്‍ അദ്ദേഹത്തെ കടലില്‍ എറിഞ്ഞ് കൊന്നതാണെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നു. അതുകൊണ്ടും അഭ്യൂഹങ്ങള്‍ അവസാനിച്ചില്ല, ജൈവ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്ജിനായിരുന്നുവല്ലോ റുഡോള്‍ഫ് ആദ്യം വികസിപ്പിച്ചത്. ആ എന്ജിന് വന്‍ പ്രചാരം ലഭിച്ചതോടെ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വന്‍തിരിച്ചടിയാകുമെന്ന് ഭയന്ന് ആ രംഗത്തുള്ളവരാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നു. കല്‍ക്കരി ഖനന രംഗത്തുള്ള വ്യവസായികളെയും റുഡോള്‍ഫിന്റെ മരണം സംശയത്തിന്റെ നിഴലിലാക്കി. ടണ്‍കണക്കിന് കല്‍ക്കരി കത്തിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റീം എന്‍ജിനുകള്‍ക്ക് പകരം റുഡോള്‍ഫിന്റെ എന്ജിന് വ്യാപകമാകുന്നത് കല്‍ക്കരി വ്യവസായത്തിന് വന്‍ തിരിച്ചടിയാകുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു അഭ്യൂഹം. റുഡോള്‍ഫിന്റെ മരണം സംബന്ധിച്ച ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പിന്നീട് വര്‍ഷങ്ങളോളം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ജര്‍മന്‍ ചാരന്മാരെയും അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ വെറുതെവിട്ടില്ല. എന്ജിന് വികസന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയാത്തതിനാല്‍ ചാരന്മാര് അദ്ദേഹത്തെ വധിച്ചുവെന്നായിരുന്നു മറ്റൊരുകഥ. കടബാധ്യതകള്‍ താങ്ങാനാവുന്നതിനും അപ്പുറത്താണെന്നും പലിശ അടയ്ക്കാന്‍പോലും തനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും ലോകഗതിയെത്തന്നെ മാറ്റിമറിച്ച സ്വന്തം പേരിലുള്ള എന്‍ജിന്റെ സൃഷ്ടാവ് മരിക്കുന്നതിന് മുമ്പ് ഡയറിയില്‍ കുറിച്ചിരുന്നുവെന്നും കഥകള്‍ പ്രചരിച്ചു. എന്നാല്‍ പ്രചരിച്ച കഥകളെല്ലാം അദ്ദേഹം വികസിപ്പിച്ച എന്‍ജിനുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍ റുഡോള്‍ഫിന്റെ എന്ജിന് ലോകഗതിയെത്തന്നെ എങ്ങനെ മാറ്റിമറിക്കുമെന്ന് അദ്ദേഹം മരിച്ച സമയത്തും ആര്‍ക്കും വ്യക്തമായിരുന്നില്ല.
.jpg?$p=1e3f417&&q=0.8)
റോഡ്, തീവണ്ടി, കപ്പല്‍ ഗതാഗതത്തിന്റെ ഊര്ജത്രോതസായി റുഡോള്‍ഫിന്റെ എന്ജിന്
1913-ല്‍ അദ്ദേഹം മരിച്ചുവെങ്കിലും 1920-കളിലാണ് അദ്ദേഹം വികസിപ്പിച്ച എന്‍ജിന്റെ പരിഷ്കരിച്ച രൂപങ്ങള്‍ ഡീസല്‍ എന്‍ജിനുകള്‍ എന്നതരത്തില്‍ വാഹനങ്ങളില്‍ പ്രത്യേകിച്ച് ട്രക്കുകളില്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. 1923-ല്‍ ഡെയിംലറാണ് ആദ്യ ഡീസല്‍ ട്രക്ക് പുറത്തിറക്കിയത്.
1936-ല്‍ മെഴ്സിഡീസ് ബെന്‍സ് നിര്‍മിച്ച 260-ഡിയാണ് ഡീസല്‍ എന്ജിന് ഘടിപ്പിച്ച ലോകത്തെ ആദ്യത്തെ കാര്‍.
1930-കളിലാണ് തീവണ്ടികള്‍ ഡീസല്‍ എന്‍ജിനുമായി ഓടിത്തുടങ്ങിയത്. 1940-കള്‍ക്ക് മുമ്പുതന്നെ ആഗോള ചരക്കുനീക്കത്തിന്റെ നല്ലൊരുഭാഗവും ഡീസല്‍ എന്ജിന് ഘടിപ്പിച്ച കപ്പലുകള്‍ വഴിയായി. റുഡോള്‍ഫ് ഡീസല്‍ വികസിപ്പിച്ച എന്‍ജിന്റെ നവീകരിച്ച രൂപമാണ് ഇന്നത്തെയും ഡീസല്‍ എന്‍ജിനുകള്‍. സ്റ്റീം എന്‍ജിനുകളെക്കാള്‍ കാര്യക്ഷമത കൂടുതലുള്ള ഡീസല്‍ എന്‍ജിനുകള്‍ രംഗത്തെത്തിയതോടെ ഉയര്‍ന്ന അളവിലുള്ള ചരക്കുനീക്കം സാധ്യമായി. കപ്പലുകള്‍ അടക്കമുള്ളവ ഉപയോഗിച്ച് വിദേശരാജ്യങ്ങളിലേക്ക് അടക്കം വന്‍തോതില്‍ ചരക്ക് താരതമ്യേന കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഡീസല്‍ എന്‍ജിനുകള്‍ പ്രചാരത്തില്‍ വന്നതോടെയാണ്. പിന്നീട് ദീര്‍ഘകാലം ഡീസല്‍ എന്‍ജിനുകളുടെ ആധിപത്യമായിരുന്നു ചരക്കുവാഹനങ്ങളിലെല്ലാം. യാത്രാ വാഹനങ്ങളും ഇടക്കാലത്ത് ഡീസല്‍ എന്‍ജിനിലേക്ക് ചുവടുമാറി. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ ചിലവുമായിരുന്നു ഡീസല്‍ എന്‍ജിനുകളുടെ ആകര്‍ഷണം.
റുഡോള്‍ഫ് ഡീസല്‍ ഇല്ലായിരുന്നുവെങ്കില്‍
ഡീസല്‍ എന്‍ജിന്റെ ഉയര്‍ച്ചയുടെയും താഴ്ചയുടെയും കഥ ഇത്തരത്തിലാണെങ്കിലും റുഡോള്‍ഫിന്റെ എന്‍ജിനുകള്‍ വ്യാപകമാകുന്നതിനു മുമ്പ് സ്റ്റിം എനര്‍ജിയിലായിരുന്നു തീവണ്ടികള്‍ ഓടിയിരുന്നതും ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നതും. നഗര ഗതാഗതം പ്രധാനമായും കുതിരകളെ ആശ്രയിച്ചായിരുന്നു. പെട്രോളും വെടിമരുന്നും അടക്കമുള്ളവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ കംബസ്റ്റ്യന്‍ എന്‍ജിന്റെ പ്രാകൃതരൂപങ്ങള്‍ അന്ന് ഉണ്ടായിരുന്നു. എന്നാല്‍, കാര്യക്ഷമമായിരുന്നില്ല അവ. ഇന്നത്തെ ലോകത്തിന്റെ ചടുലനീക്കത്തിന് യോജിക്കുംവിധത്തിലുള്ള എന്ജിന് വികസിപ്പിച്ചത് റുഡോള്‍ഫ് ഡീസലാണ്. അദ്ദേഹം വികസിപ്പിച്ച എന്ജിന് അതേപടിതന്നെ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കില് ഒരുപക്ഷെ ലോക സമ്പദ്വ്യവസ്ഥതന്നെ നിലക്കടല കൃഷിയെ ആശ്രയിച്ച് മുന്നോട്ടുപോയേനെ എന്നതാണ് മറ്റൊരുതമാശ. പെട്രോളിയം ഉത്പന്നങ്ങള്‍ പോലെതന്നെ പ്രധാനപ്പെട്ട ഊര്‍ജസ്രോതസായി ഭക്ഷ്യയെണ്ണ മാറുമെന്ന് റുഡോള്‍ഫ് ഡീസല്‍ പ്രവചിച്ചിരുന്നു. അതുകൊണ്ടുതന്നെ റുഡോള്‍ഫിന്റെ മരണം അക്കാലത്ത് നിരവധി കര്‍ഷകരെ നിരാശരാക്കിയെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഡീസല്‍ എന്‍ജിനുകള്‍ നവീകരിക്കപ്പെട്ട് മറ്റൊരു രൂപത്തിലേക്കാണ് മാറിയത്. 1900-ത്തില്‍ നടന്ന പാരിസ് വേള്‍ഡ് ഫെയറില്‍ ഭക്ഷ്യയെണ്ണയടക്കം നിരവധി ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന തന്റെ എന്ജിന് റുഡോള്‍ഫ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ എന്ജിന് വന്‍തോതില്‍ നവീകരിക്കപ്പെടുകയും എന്‍ജിന്‍തന്നെ അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുകയും ചെയ്തു. ക്രൂഡ് ഓയില്‍ സംസ്കരിച്ചെടുക്കുന്ന ഉത്പന്നത്തിനും അദ്ദേഹത്തിന്റെ പേര് ലഭിച്ചു.
.jpg?$p=9a5adaa&&q=0.8)
ഡീസല്‍ എന്ജിനുമേല് കരിനിഴല്‍വീഴ്ത്തി അന്തരീക്ഷ മലിനീകരണം
വ്യാവസായിക മേഖലയിലടക്കം ലോകം ഇത്രയധികം പുരോഗതി കൈവരിച്ചതിനുപിന്നില് റുഡോള്‍ഫ് വികസിപ്പിച്ച ഡീസല്‍ എന്‍ജിനുകളുടെ പങ്ക് വളരെ വലുതാണെങ്കിലും അന്തരീക്ഷ മലനീകരണം സംബന്ധിച്ച ആശങ്കകള്‍ വ്യാപകമാകുകയും ലോകം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും ചുവടുമാറുകയും ചെയ്യുകയാണ് ഇന്ന്. പെട്രോള്‍ എന്ജിന് ഘടിപ്പിച്ച വാഹനങ്ങളേക്കാള്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവയാണ് ഡീസല്‍ കാറുകളെന്നാണ് ലോകം മുഴുവന്‍ വിലയിരുത്തപ്പെടുന്നത്. ലോകത്തെ നാല് വന്‍ നഗരങ്ങളായ പാരിസ്, മാഡ്രിഡ്, ആഥന്‍സ്, മെക്സിക്കോ എന്നിവ 2025-ഓടെ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പലനഗരങ്ങളിലെയും വായൂ മലനീകരണത്തിന്റെ മുഖ്യകാരണം ഡീസല്‍ എന്ജിന് ഘടിപ്പിച്ച വാഹനങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലടക്കം ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ലോകത്തെ ആറ് പ്രമുഖ വാഹന നിര്‍മാതാക്കള്‍ 2040-ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അവരുടെ തീരുമാനം.
തിരിച്ചടിയുടെ ആക്കംകൂട്ടി ഡീസല്‍ഗേറ്റ്
ഡീസല്‍ എന്ജിന് വാഹനങ്ങള്‍ക്ക് സ്വീകാര്യത കുറഞ്ഞുവന്ന സമയത്താണ് തിരിച്ചടിക്ക് ആക്കുംകൂട്ടി ഡീസല്‍ഗേറ്റ് വിവാദമുണ്ടാകുന്നത്. 2015-ലാണ് വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണിനെ പിടിച്ചുകുലുക്കിയ ഡീസല്‍ഗേറ്റ് അഥവാ പുക മലിനീകരണ തട്ടിപ്പ് വിവാദങ്ങളുടെ തുടക്കം. മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ അനുവദനീയമായ അളവിലും നല്‍പതിരട്ടിയോളം നൈട്രജന്‍ ഓക്സൈഡ് പുറന്തള്ളുന്ന കാറുകളില്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചായിരുന്നു കമ്പനിയുടെ തട്ടിപ്പ്. ഇങ്ങനെ തെറ്റിദ്ധരിപ്പിച്ച് ഫോക്സ്വാഗണ് കാറുകള്‍ മലിനീകരണ പരിശോധനയില്‍ വിജയിച്ചു. എന്നാല്‍ തട്ടിപ്പ് പുറത്തുവന്നതോടെ ലോകത്താകമാനം വിറ്റഴിച്ച 1.1 കോടി കാറുകളില്‍ ഈ സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചതായി ഫോക്സ്വാഗണ് സമ്മതിച്ചിരുന്നു. അമേരിക്കയില്‍ ഡീസല്‍ കാറുകള്‍ വിറ്റഴിക്കാന്‍ ഫോക്സ്വാഗണ് നടത്തിയ വന്‍ പ്രചാരണത്തിനിടെയാണ് വിവാദം തലപൊക്കിയത്. ഫോക്സ്വാഗണിന്റെ ഡീസല്‍ കാറുകള്‍ക്ക് മലിനീകരണം വളരെ കുറവാണെന്നായിരുന്നു അവരുടെ അവകാശവാദം. എന്നാല്‍ തട്ടിപ്പ് നടത്തിയാണ് കമ്പനി ഈ അവകാശവാദം ഉന്നയിക്കുന്നതെന്ന് വെളിപ്പെട്ടു. ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ അമേരിക്കയില്‍മാത്രം 4,82,000 കാറുകളാണ് വിറ്റഴിച്ചത്. ഫോക്സ്വാഗണ് മോഡലുകളായ ജെറ്റ, ബീറ്റില്‍, ഗോള്‍ഫ്, പസാറ്റ് എന്നിവയിലെല്ലാം തട്ടിപ്പ് നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ആഡംബര കാറുകളായ പോര്‍ഷെ, ഔഡി എന്നിവയുടെ മോഡലുകളെയും വിവാദം പിടിച്ചുകുലുക്കി. വിവാദത്തെ തുടര്‍ന്ന് അന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവായിരുന്ന മാര്ട്ടിന് വിന്റര്‍കോണിന് രാജിവെക്കേണ്ടിവന്നു. ഉപഭോക്താക്കളുടെയും സാധാരണക്കാരുടെയും വിശ്വാസ്യത നിലനിര്‍ത്താന്‍ കമ്പനിക്കായില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ജനങ്ങളുടെ വിശ്വാസം കമ്പനി വീണ്ടെടുക്കുമെന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തിയ മത്തിയാസ് മുള്ളര്‍ ഉറപ്പുനല്‍കി. വന്‍തുകയാണ് ഫോക്സ് വാഗണിന് പിഴയൊടുക്കേണ്ടിവന്നത്. ഡീസല്‍ കാറുകള്‍ അടക്കമുള്ളവയുടെ വില്‍പ്പന കുറഞ്ഞുവന്ന സമയത്ത് ഡീസല്‍ഗേറ്റ് വിവാദം ഡീസല്‍ എന്‍ജിനുകള്‍ക്ക് വന്‍ തിരിച്ചടി നല്കി. ഡീസല്‍ കാര്‍ വില്‍പ്പന കുത്തനെ കുറയാനിടയാക്കി. ഡീസല്‍ഗേറ്റ് വിവാദം ഇന്ത്യയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ചിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തി ഫോക്സ്വാഗണ് കാറുകള്‍ വിറ്റഴിച്ചെന്ന് ഈ സമിതി കണ്ടെത്തലിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ കര്‍ശന നടപടികള്ഹരിത ട്രിബ്യൂണല്‍ കൈകൊണ്ടത്. സമിതിയുടെ കണ്ടെത്തലുകള്‍ പ്രകാരം കൃത്രിമം കാട്ടി 3.27 ലക്ഷം ഡീസല്‍ കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്.
Content Highlights: Invention of diesel engines
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..