സഹായമേരി
തന്റെ ഗ്രാമത്തിലെ ഏറ്റവും വലിയ പ്രശ്‌നമായ മദ്യപാനം അവസാനിപ്പിക്കാന്‍ സ്ത്രീകളെ സംഘടിപ്പിച്ചു പൊരുതി ചാരായക്കടകള്‍ അടപ്പിച്ച് ഗ്രാമത്തെ സമാധാനത്തിലേക്ക് നയിച്ച സഹായമേരിയെ കാണാനാണ് തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ തൊട്ടിക്കവല പഞ്ചായത്തില്‍ പോയത്. റോഡില്‍ എങ്ങും ചേലചുറ്റിയ സ്ത്രീകളെ കാണാമായിരുന്നു.സാരി ചുറ്റിയും ചേലചുറ്റിയും സൈക്കിള്‍ ഓടിക്കുന്ന പെണ്ണുങ്ങള്‍ റോഡിലെങ്ങും ഉണ്ട് . കൃഷിയിടങ്ങളില്‍ സൂര്യന്‍ എരിഞ്ഞടങ്ങുമ്പോള്‍ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളും സൈക്കിളില്‍ തന്നെയാണ്.
പഞ്ചായത്ത് ഓഫീസില്‍ സഹായമേരി കാത്തിരിക്കുന്നുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ മറ്റു മനുഷ്യരെ സഹായിക്കുക എന്ന സ്വഭാവക്കാരിയാണ് താനെന്ന് സഹായ മേരി പറഞ്ഞു. പേരുപോലെതന്നെ സഹായക്കാരി. പഞ്ചായത്ത് അംഗം എന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ അതുകൊണ്ടുതന്നെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല എന്ന് സഹായമേരി തുടക്കത്തിലേ പറഞ്ഞു.
' സാമൂഹിക രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ് കളക്ടീവ്കളുമായി ബന്ധപ്പെട്ട് 1994 മുതല്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തനമേഖല സ്ത്രീകളുടേതായതിനാല്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പെട്ടെന്ന് മനസ്സിലാവുമായിരുന്നു. ഏറ്റവും വലിയ പ്രശ്‌നമായി അന്ന് എനിക്ക് തോന്നിയത് പുരുഷന്മാരുടെ മദ്യപാനം തന്നെ ആയിരുന്നു. മദ്യപാനികളായ ഭര്‍ത്താക്കന്മാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ഒറ്റയ്ക്ക് നേരിടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഞങ്ങള്‍ സ്ത്രീകളെ സംഘടിപ്പിച്ചു. സംഘടിതമായി ചാരായക്കടകള്‍ക്കെതിരെ സമരം ചെയ്തു. ചാരായക്കടകള്‍ അടിച്ചുതകര്‍ത്തു. ചാരായം കൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി. പലതരത്തിലുള്ള സമരമുറകള്‍ ചാരായ കടകള്‍ക്കെതിരെ സ്ത്രീസംഘടനകള്‍ സംഘടിപ്പിച്ചു. സ്ത്രീ കൂട്ടായ്മകള്‍ ചേര്‍ന്ന് ചാരായം ഗ്രാമത്തില്‍ കയറ്റില്ല എന്ന തീരുമാനം നടപ്പാക്കി . സമരത്തിന്റെ അവസാനം വിജയമായിരുന്നു. ഏതായാലും ഇപ്പോള്‍ ഇവിടെ ചാരായക്കടകള്‍ ഇല്ല. വളരെ ദൂരെ പോയാല്‍ മാത്രമേ മദ്യം കിട്ടുകയുള്ളൂ. അതുകൊണ്ടുതന്നെ മദ്യപാനം ഗ്രാമത്തില്‍ കുറവായി എന്നും സ്ത്രീകളുടെ വിജയമാണ് ഇതെന്നും സഹായമേരി പറഞ്ഞു . താത്ക്കാലികമായെങ്കിലും മദ്യപാനം തൊട്ടിക്കവല ഗ്രാമത്തില്‍ ഇല്ല എന്നുള്ള ഒരു സന്തോഷത്തിലായിരുന്നു ഞാന്‍ കാണുമ്പോള്‍ സഹായമേരി. 'സമരം വിജയിച്ചു കഴിഞ്ഞു . ഇനിയെന്ത് എന്നോര്‍ത്ത് ഇരിക്കുമ്പോഴാണ് 2006 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി മത്സരിക്കാമെന്ന് തോന്നി.
.jpg?$p=a2ec066&&q=0.8)
നാട്ടുകാര്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ എന്‍ജിഒ പ്രവര്‍ത്തനത്തേക്കാള്‍ എളുപ്പം പഞ്ചായത്ത് മെമ്പര്‍ ആവുകയാണ് എന്ന് അപ്പോഴെനിക്ക് മനസ്സിലായിരുന്നു . ജനറല്‍ സീറ്റിലാണ് ഞാന്‍ മത്സരിച്ചത്. ഉയര്‍ന്ന ജാതിക്കാര്‍ എനിക്ക് എതിരായിരുന്നു. അവരും അവരുടെ സ്ഥാനാര്‍ത്ഥികളും എനിക്കെതിരെ ശക്തമായ ആക്രമണം നടത്തി. മൂന്നു പുരുഷന്മാരും രണ്ട് സ്ത്രീകളും എനിക്കെതിരെ മത്സരരംഗത്ത് ഉണ്ടായിരുന്നു. പ്രസംഗിക്കാനോ പ്രചരണ പരിപാടികള്‍ക്കോ ഒന്നും ഞാന്‍ പോയില്ല. വീടുകള്‍ കയറിയിറങ്ങി സംസാരിക്കുകയായിരുന്നു എന്റെ രീതി. ഭീഷണിപ്പെടുത്തിയും അപവാദങ്ങള്‍ പറഞ്ഞും പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു. ഞാന്‍ കുലുങ്ങിയില്ല . ഓരോ വീട്ടിലും കയറി സ്ത്രീകളോടും കുടുംബാംഗങ്ങളോടും സംസാരിച്ചാണ് ഞാന്‍ വോട്ട് പിടിച്ചത്. ഒടുവില്‍ ഞാന്‍ തന്നെ ജയിച്ചു.
പ്രസിഡന്റ് ആയിരിക്കെ ഞാന്‍ നേരിട്ട വലിയ പ്രശ്‌നം ' മണല്‍ മാഫിയ 'ആയിരുന്നു. മണല്‍ മാഫിയയോട് മല്ലിടേണ്ടി തന്നെ വന്നു. രാത്രി മുഴുവന്‍ പുരുഷന്മാര്‍ മണല്‍ വാരാന്‍ കാത്തു കിടക്കും. മണല്‍വാരാന്‍ വരുന്നവരെ കാത്തു സമീപത്ത് ഉള്ള വീടുകളില്‍ ഞങ്ങളും കാത്തിരുന്നു. സമയമാകുമ്പോള്‍ ഞങ്ങള്‍ അവിടെ പോയി മണല്‍ വാരല്‍ തടയും . സംഘര്‍ഷം നിറഞ്ഞ നാളുകളിലൂടെയാണ് കടന്നു പോയത്. ഇപ്പോഴും പ്രശ്‌നത്തിന് മുഴുവനായും പരിഹാരം ഉണ്ടായിട്ടില്ല എങ്കിലും ഒരു പരിധിവരെ മണല്‍ മാഫിയയെ ഒതുക്കാന്‍ പറ്റിയിട്ടുണ്ട്. പിന്നെ ഇവിടെ മിക്കവീടുകളിലും ടോയ്ലെറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. വീട്ടിനു പുറത്താണ് സ്ത്രീകള്‍ മലമൂത്രവിസര്‍ജ്ജനത്തിന് പോയിരുന്നത്. പുരുഷന്മാരുടെ ഉപദ്രവവും കളിയാക്കലും സ്ത്രീകള്‍ക്ക് വലിയ പ്രശ്‌നമായി മാറി . സുരക്ഷിതത്വം ഇല്ലാതായി . ടോയ്ലറ്റുകള്‍ ഉണ്ടാക്കിച്ചു പ്രശനം പരിഹരിച്ചു.'
വിധവാ പെന്‍ഷന്‍ ,വികലാംഗ പെന്‍ഷന്‍ തുടങ്ങി പല ക്ഷേമപദ്ധതികളും സഹായമേരി പഞ്ചായത്തില്‍ നടപ്പാക്കി. '"ചെറിയ ഗ്രാമമാണ് ഇത്. കൃഷി വളരെ കുറവാണ് .മീന്‍ വളര്‍ത്തല്‍ ആണ് ഇവിടെ ഒരു ബദലായി ഞാന്‍ കണ്ടത്. ഞാന്‍ ഇവിടെ മൂന്നു കുളങ്ങള്‍ കുഴിപ്പിച്ചു . മീന്‍ വളര്‍ത്തി. ലക്ഷക്കണക്കിന് രൂപ ഇപ്പോള്‍ മീന്‍ വഴി ഇവിടെ കിട്ടുന്നുണ്ട് .ഗ്രാമത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു മീന്‍ ലേലം ചെയ്യുന്നത് .
പഞ്ചായത്തിലെ ഗ്രാമങ്ങളില്‍ മണല്‍വാരല്‍ ഇല്ലാതാക്കാന്‍ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചത് പുതുമയുള്ള പരീക്ഷണമായിരുന്നു. ചോല മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു ..ഇങ്ങനെയുള്ള നിരവധി പരീക്ഷണങ്ങള്‍ കാരണം ഇപ്പോള്‍ ഇതൊരു' മാതൃക ഗ്രാമം'' ആയിട്ടാണ് അറിയപ്പെടുന്നത്.ഇവിടുത്തെ രീതികള്‍ പഠിക്കാന്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ പരിശീലനത്തിന് വരാറുണ്ട് . ഭക്ഷ്യ സുരക്ഷയെ കുറിച്ച് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാറുണ്ട് .ഓരോ വര്‍ഷവും ഓരോ വൃക്ഷത്തൈ ഓരോ വീട്ടിലും വച്ചുപിടിപ്പിക്കാന്‍ നല്‍കുന്ന പതിവുണ്ട്. ഈ വര്‍ഷം തെങ്ങിന്‍തൈ ആണ് കൊടുത്തത് .കഴിഞ്ഞ വര്‍ഷം മാവു കൊടുത്തു . കൃഷി ഭൂമി വില്‍ക്കാന്‍ പാടില്ല എന്ന് ബോധവല്‍ക്കരണം നടത്തുന്നുണ്ട്. അതുപോലെ വിവിധ വിഷയങ്ങളിലുള്ള പരിശീലനവും അറിവ് നല്‍കലും ഒക്കെ നടക്കുന്നുണ്ട്". ആളുകള്‍ എല്ലാ കാര്യങ്ങളും അറിയുന്നവര്‍ ആകണമെന്ന് സഹായമേരി പറയുന്നു.
ശുദ്ധ ജല സംരക്ഷണം പഞ്ചായത്ത് പ്രസിഡന്റിന്റെ നേരിട്ടുള്ള നോട്ടത്തിനു കീഴില്‍ ആക്കിയപ്പോള്‍ വളരെ ഏറെ മെച്ചം ഉണ്ടായെന്ന് സഹായമേരി പറഞ്ഞു. എന്നും രാവിലെ 10 മണിക്ക് ഒരു രജിസ്റ്ററില്‍ വെള്ളത്തിന്റെ ലെവല്‍ എഴുതി പ്രസിഡന്റ് ഒപ്പിടുന്നു. സമയാസമയം ബ്ലീച്ചിംഗ് പൗഡറും മറ്റും ഇടുന്നുണ്ടോ എന്ന് പ്രസിഡന്റ് തന്നെ ഉറപ്പുവരുത്തും. "സ്ത്രീകള്‍ക്ക് വേണ്ടി പണ്ട് ചാരായ സമരം നടത്തിപ്പോള്‍ അവരുടെ നിസ്സഹായത കണ്ടു മടുത്തു പോയി. പഞ്ചായത്ത് ഇപ്പോള്‍ സ്ത്രീകള്‍ക്കായി നിരവധി പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട് . സൗജന്യമായി തയ്യല്‍, ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍ നടത്തുന്നു", സഹായ മേരി പറഞ്ഞു. സ്ത്രീകള്‍ക്ക് ജോലി നല്‍കാനുള്ള അവസരങ്ങള്‍ സഹായമേരി എങ്ങനെയും കണ്ടെത്തും. സാമൂഹ്യ പ്രവര്‍ത്തകനായ കനകരാജ് ആണ് സഹായമേരിയുടെ ഭര്‍ത്താവ്.പൊതുപ്രവര്‍ത്തകയായ സ്ത്രീയുടെ ജീവിത പങ്കാളി എങ്ങനെയായിരിക്കണം എന്നതിനുള്ള പാഠപുസ്തകം ആണ് ആ കുഗ്രാമത്തില്‍ ഞാന്‍ കണ്ട സഹായമേരിയുടെ ഭര്‍ത്താവ് കനകരാജ്.
വീട്ടു ജോലികള്‍ തുല്യമായി ചെയ്ത് കനകരാജ് സഹായമേരിക്കു പിന്തുണ നല്‍കുന്നു . വളരെയേറെ ബഹുമാനം ഭര്‍ത്താവില്‍ നിന്ന് കിട്ടുന്നുണ്ടെന്നു സഹായമേരി പറഞ്ഞു. രണ്ടുപേര്‍ക്കും കക്ഷി രാഷ്ട്രീയമില്ല .
"എവിടെയും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ എനിക്ക് പേടി ഇല്ല. സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി ..അത് മാത്രം മതിയെനിക്ക്",
പഞ്ചായത്തിന്റെ സമീപത്തുള്ള മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് നടക്കുമ്പോള്‍ അവര്‍ പറഞ്ഞു.
പല സ്ത്രീകളും പൊതു രംഗത്ത് വരുമ്പോള്‍ വീട്ടു കാര്യങ്ങള്‍ ചെയ്യുന്ന ആത് മാര്‍ത്ഥതയോടെ പൊതുകാര്യങ്ങള്‍ ചെയ്യും എന്ന് സഹായമേരി എനിക്ക് വെളിവാക്കി തന്നു. ഗ്രാമം അവര്‍ക്ക് വീടാണ്. നാട്ടുകാര്‍ വീട്ടുകാരും. പത്രപ്രവര്‍ത്തകയെന്ന നിലയ്ക്ക് ഞാന്‍ തേടേണ്ടത് പരാജയപ്പെട്ടവരെയും പ്രശ്‌നങ്ങളെയും മാത്രമല്ലെന്നും വിജയിച്ചവരെ കൂടിയാണെന്നും തൊട്ടിക്കവല യാത്ര എനിക്ക് ബോധ്യമാക്കി തന്നു.
Content Highlights: Indian gramayathrakal,toddy shops women fight,Thiruvalloor,Tamilnadu, social, Mathrubhumi latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..