കശുവണ്ടിതൊഴിലാളി സ്ത്രീകൾ | പഴയകാല ചിത്രം | മാതൃഭൂമി ആർക്കൈവ്സ്

മെക്സിക്കോയിൽ സ്ഥാപിച്ച പ്രതിമ
| AFP
സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച ചര്‍ച്ചകളും വിപ്ലവകരമായ ഇടപെടലുകളും 1980കളില്‍ കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സംഘടിതമായി തുടങ്ങിവെച്ചിട്ടുള്ളതായിരുന്നു. ജീന്‍സും ജൂബ്ബയും ധരിച്ച് ആഭരണങ്ങള്‍ ഉപേക്ഷിച്ച് ഫെമിനിസ്റ്റുകള്‍ പൊതു മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട കാലമായിരുന്നു അത്. അതിന് ധാരാളം പഴികളും കേട്ടിട്ടുണ്ട്. ആണിനെപ്പോലെയാകാന് ശ്രമിക്കുന്നവര്‍, സ്ത്രീത്വമില്ലാത്തവര് തുടങ്ങിയ ശകാരങ്ങളായിരുന്നു അന്ന് പൊതുവേ കേള്‍ക്കേണ്ടി വന്നത്. ഇതിനെ പ്രതിരോധിച്ചു കൊണ്ട് ഇഷ്ടമുള്ള എല്ലാ വേഷങ്ങളും ധരിച്ചുകൊണ്ട്, മുടി മുറിച്ചുകൊണ്ട്, പൊട്ടു തൊടാതെ, പൗഡറിടാതെ, അല്പം പോലും മേക്കപ്പ് ഇല്ലാതെ സമൂഹത്തിനിടയിലിറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലത്തിന്റെ ഓര്‍മ്മകള്‍ എനിക്കുമുണ്ട്. പ്രായം കൊണ്ട് ഇരുപതുകളുടെ തുടക്കത്തിലുള്ളവരായിരുന്നു ഞങ്ങളേറെപ്പേരും. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച സദാചാര വ്യവസ്ഥ സൂക്ഷിക്കുന്നവര്‍ക്ക് അതൊരു അലോസരമുണ്ടാക്കുന്ന കാഴ്ച തന്നെയായിരുന്നു.
അക്കാലത്ത് ജീന്‍സും ഖാദി തുണി കൊണ്ടുള്ള നീളന്‍ ജുബ്ബയും ധരിച്ചു തുടങ്ങിയ എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് എന്റെ സഹോദരന് വല്ലാതെ പാടുപെട്ടിട്ടുണ്ട്.
കുര്‍ത്തയും പൈജാമയും പോലും ഇടാന്‍ എന്നെ സമ്മതിക്കാതിരുന്നിട്ടുണ്ട്. എന്തുകൊണ്ട് പാടില്ല എന്ന വിശദീകരണങ്ങളൊന്നുമില്ല, 'അത് വേണ്ട. അതു ഊരിക്കളഞ്ഞ് സാരിയുടുത്തിട്ട് പോയാല്‍ മതി' എന്ന കടുപ്പത്തിലുള്ള വാചകം മാത്രമേ ഞാന്‍ കേട്ടിട്ടുള്ളു*. സാരിയോ, പാവാടയോ, മുണ്ടോ അല്ലാത്ത വേഷങ്ങളില്‍ വേര്‍പെട്ടു സ്വതന്ത്രമായി നില്ക്കുന്ന സ്ത്രീകളുടെ രണ്ടു കാലുകള്‍ അപകടമാണെന്നോ അശ്ലീലമാണെന്നോ ധരിച്ചുവെച്ചിട്ടുള്ള പുരുഷാധിപത്യ സദാചാര സമൂഹത്തിന്റെ പിടിവാശികളെയാണ് കേരളത്തിലെ ഫെമിനിസ്റ്റുകള്‍, വെട്ടിത്തിരുത്തിയ സ്വന്തം വസ്ത്രധാരണങ്ങളിലൂടെ അന്നു മുതല്‍ തകര്‍ക്കാന്‍ തുടങ്ങിയിട്ടുള്ളത്. ആ കാലത്ത് സ്വന്തം ഇഷ്ടങ്ങള്‍ പ്രായോഗികമാക്കിയപ്പോള്‍ പലരും പല തരത്തിലായിരിക്കണം വ്യക്തി ജീവിതത്തില്‍ അതിന്റെ പ്രതികരണങ്ങള്‍ നേരിട്ടുണ്ടാവുക. എന്തായാലും ഞാന്‍ എന്റെ പുതിയ വസ്ത്രധാരണത്തിലെ സമരഭരിതമായ ആ സ്വാതന്ത്ര്യം നന്നായി നടപ്പിലാക്കുകയും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. അതിപ്പോഴും തുടരുന്നു.
പക്ഷേ അന്നത്തേതില്‍ നിന്ന് ലോകം മുപ്പതു വര്‍ഷങ്ങള്‍ മുന്നോട്ടു പോയിട്ടും എന്റെ രണ്ടു സഹോദരിമാരും സാരിയും സെറ്റുമുണ്ടും അല്ലാതെ മറ്റൊരു വസ്ത്രം ധരിച്ച് ഞാന്‍ കണ്ടിട്ടില്ല. കേരളത്തിന്റെ പൊതു മനസ്സ് ഇപ്പോഴും അതാണ്. ഇതിനുള്ളിലാണ്, അദ്ധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ എന്ന ധാരണ പ്രബലമായി കാത്തു സൂക്ഷിച്ചു പോരുന്നത്. ഏത് വസ്ത്രം ധരിക്കണം എന്നത് സ്ത്രീയുടെ സ്വതന്ത്രമായ ചോയ്സ് ആണെങ്കില്‍ സാരിയെ പാടേ തള്ളിക്കളയേണ്ട കാര്യമില്ല. സാരി ധരിക്കാന്‍ ഇഷ്ടമുള്ള അവസരങ്ങളില്‍ സാരിയും ധരിക്കാം എന്നതാണ് ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് സ്വയം നടപ്പിലാക്കാന്‍ കഴിയേണ്ടതായ പ്രായോഗികമായ നിലപാട്.
കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്തുകൊണ്ടിക്കെ വിനയ നടത്തിയ നിയമ യുദ്ധവും പ്രവര്‍ത്തനങ്ങളുമാണ് സമീപ കാലത്ത് കേരളത്തില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പ്രകോപനപരമായ വലിയ ചോദ്യങ്ങളുയര്ത്തിയതും വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയതും. തുടര്‍ന്നാണ് അതുവരേയും നിലനിന്നിരുന്ന സാരി യൂണിഫോമില്‍ നിന്ന് വനിതാ പോലീസിന് ഔദ്യോഗികമായി മോചനം ലഭിച്ചത്. വിനയയുടെ വിജയിച്ച സമരം കേരളത്തിലെ സ്ത്രീകളുടെ വസ്ത്ര സമരത്തില്‍ ഒരു നാഴികക്കല്ലാണ്.
തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് കയറണമെങ്കില്‍, ചുരിദാറോ ജീന്‍സോ ധരിച്ച് പോകുന്ന സ്ത്രീകള്‍ അതിനു മേലെ മുട്ടു ചുറ്റണമെന്ന ചട്ടം ഇപ്പോഴും തുടര്‍ന്നു വരുന്നുണ്ട്.
അര നൂറ്റാണ്ടിലേറെക്കാലം സമരം ചെയ്ത് ഒടുവില്‍ ബ്ലൗസ് ധരിക്കാന്‍ രാജവിളംബരത്തിലൂടെ അനുമതി കിട്ടിയ കാലത്തും ബ്ലൗസ് ധരിച്ച് അമ്പലത്തിലേക്ക് പോയ സ്ത്രീകളെ ബ്ലൗസ് ഊരി കയ്യില്‍ പിടിച്ചാലേ ക്ഷേത്രത്തിലേക്ക് കയറ്റി വിട്ടിരുന്നുള്ളു എന്ന നിര്‍ബ്ബന്ധത്തിന്റെ പുതിയ കാല വൈരുദ്ധ്യരൂപമാണിത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്ന് ഇരുപതാം നൂറ്റാണ്ട് കടന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിട്ടും സ്ത്രീയുടെ ശരീരത്തിന്മേലും ലൈംഗികതയിന്മേലുമുള്ള നിയന്ത്രണം മത, പുരുഷാധികാര ആചാരസംഹിതകള്ക്കനസരിച്ചു തന്നെ നിലനിര്‍ത്തണം എന്ന നിബന്ധനയാണിത്.
ചലന സ്വാതന്ത്ര്യം, ശരീര സ്വാതന്ത്ര്യബോധം, സൗന്ദര്യാത്മകതയുടെ വ്യത്യസ്തകള്ക്കു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ ഇങ്ങനെ ബൗദ്ധികവും സര്‍ഗ്ഗാത്മകവും സാമൂഹ്യവുമായ തുറവികളിലൂടെ ഏതൊരു സ്ത്രീയിലും വസ്ത്രധാരണത്തിലുള്ള മാറ്റങ്ങള്‍ തികച്ചും സ്വാഭാവികമായിത്തന്നെ ഉണ്ടായി വരേണ്ടതാണ്. വസ്ത്ര രംഗത്ത് സംഭവിച്ചിട്ടുള്ള മുതലാളിത്ത വിപണി മാത്സര്യങ്ങളുടേയും ഫാഷന്റെയും ഭാഗമായും പുതിയ വസ്ത്രധാരണ സങ്കല്പങ്ങള് പെണ്‍കുട്ടികളുടെ /സ്ത്രീകളുടെ ആഗ്രഹങ്ങളായി മാറിത്തീരുന്നുണ്ട്. അപ്പോഴും മലയാളി ആണ്‍കോയ്മാ സാമൂഹ്യ സദാചാരം, 'സ്ത്രീത്വം' സംരക്ഷിക്കാന്‍ അനുഗുണമായ വസ്ത്രധാരണത്തെക്കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തുകയും നിര്ബ്ബന്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അനുസരിച്ചില്ലെങ്കില്‍ തക്കം കിട്ടിയാല്‍ ആക്രമിക്കുകയും ചെയ്യും. അതുകൊണ്ടാണ്, ലൈംഗികാക്രമണങ്ങള്‍ തടയുന്നതിനുള്ള ഒരു പരിഹാരമായി 'പ്രകോപനപരമായി വസ്ത്രം ധരിക്കരുത്' എന്ന് സ്ത്രീകളോട് എല്ലാവരും എപ്പോഴും, ചിലപ്പോള്‍ കോടതികള്‍ അടക്കം പറഞ്ഞു കേള്‍ക്കുന്നത്.

ഇതിനിടയിലാണ് വളയന്‍ ചിറങ്ങര സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍, പ്രൈമറി ക്ലാസ്സുകളിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ വാര്‍ത്തകള്‍ വന്നിരിക്കുന്നതും അതേത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നതും. കുറച്ച് അദ്ധ്യാപകര്‍ വിചാരിച്ചാല്‍ നടപ്പാക്കാവുന്ന ഒരു കാര്യമായിരുന്നു ഇതെന്ന തിരിച്ചറിവ് പോലും ഈ സമയത്താണ് പലര്‍ക്കും ഉണ്ടാകുന്നത്. രസകരമായ ഒരു കാര്യം, വളയന്‍ ചിറങ്ങര സര്‍ക്കാര്‍സ്കൂളില്‍ അദ്ധ്യാപകരും അനദ്ധ്യാപകരുമെല്ലാം സ്ത്രീകള്‍ ആണ് എന്നതാണ്. വളയന്‍ചിറങ്ങര സ്കൂളിലെ പ്രധാന അദ്ധ്യാപികയെ, മറ്റദ്ധ്യാപികമാരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക! പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ജീവിത ബോധത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന തീരുമാനമാണിത്. ശാരീരികമായി മാത്രമാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യസ്തരായിരിക്കുന്നതെന്നും കാലങ്ങളായി സമൂഹം നിര്‍മ്മിച്ചു വെച്ചിട്ടുള്ള മറ്റെല്ലാം ഒറ്റ ദിവസം കൊണ്ടു പോലും മാറ്റി മറിക്കാമെന്നുമുള്ള ജെന്റര്‍ സംബന്ധമായ പാഠങ്ങള്‍ പ്രായോഗികമായി മനസ്സിലാക്കിയാണ് ആ കുട്ടികള്‍ വളരുക.
ഈ മാതൃക കേരളത്തിലെ മുഴുവന്‍ സ്കൂളുകളിലും നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വന്നു കഴിഞ്ഞു. ജെൻഡർ സംബന്ധമായ അവബോധത്തില്‍ ഇരുട്ടില്‍ കിടക്കുന്ന കേരളത്തില്‍ ഈ തീരുമാനം നടപ്പാക്കിയാല്‍ തെളിയുക വലിയ വെളിച്ചമായിരിക്കും. ആ വെളിച്ചത്തില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കണ്ണു തുറന്ന് തുല്യതയോടെ കാണാന്‍ തുടങ്ങട്ടെ. പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടൊപ്പം ആത്മവിശ്വാസത്തോടെ സര്‍വ്വ ഇടങ്ങളിലും വ്യാപരിക്കാന്‍ കഴിയട്ടെ. കേരളത്തിലെ ആണും പെണ്ണും (നോണ്‍ബൈനറി വിഭാഗങ്ങള്‍ ഉള്‍പ്പെടെ) കഴിയുന്നത്ര വേഗത്തില്‍ മനുഷ്യരായി വളര്‍ന്ന് സഹജീവി സ്നേഹത്തോടെ ജീവിക്കാന്‍ സാധ്യതയുള്ള ആരോഗ്യകരമായ ഇടമായി കേരളം മാറട്ടെ.
*- (ഈ അനുഭവങ്ങളെക്കുറിച്ച് 'മലയാള ഫെമിനിസം' എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളള 'സാരി മാഹാത്മ്യം' എന്ന ലേഖനത്തില്‍ വിശദമായി ഞാനെഴുതിയിട്ടുണ്ട്).
content highlights: How the Feminists of Kerala influenced the thought process of new generations of Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..