കെ. അജിത
ഒരു മുന്നേറ്റവും തനിയെ രൂപപ്പെടുന്നില്ല, ഒരു പുരോഗമനവും ശൂന്യതയില്‍ നിന്നുണ്ടാവുന്നില്ല. അവരവരെക്കുറിച്ച് ചിന്തിക്കാതെ, വീട്ടിലും കുടുംബത്തിലും ഒതുങ്ങാതെ , സ്വന്തമായി ആസ്വദിക്കേണ്ടിയിരുന്ന മനോഹര സമയമത്രയും ഉപേക്ഷിച്ച് പൊതുരംഗത്തേക്കിറങ്ങിയ ചിലരാണ് കേരളത്തെ ഇന്നത്തെ കേരളമാക്കിയത്. ആ പുരോഗതിയിലേക്കുള്ള പാതയില്‍ കേരളത്തിലെ സ്ത്രീകളുടെ സ്ഥാനം നിലവിലുള്ളതില്‍ നിന്നുയര്ത്തുന്നതില്, അവര്‍ക്ക് തുല്യ അവകാശം നേടിക്കൊടുക്കുന്നതില്‍, കേരളത്തിലെ ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് ചാലകശക്തിയായി നിന്ന ഒരു വ്യക്തിയുണ്ട്. ചിലര്‍ നക്സലേറ്റ് അജിതയെന്നും മറ്റ് ചിലര്‍ അന്വേഷി അജിതയെന്നു വിളിക്കുന്ന കുന്നിക്കല്‍ അജിതയെന്ന കെ അജിത. നക്സലേറ്റ് പ്രസ്ഥാനവുമായി ചേര്‍ത്തു വെച്ചാണ് ഇന്നും അജിതയെ സാധാരണക്കാര്‍ സ്മരിക്കുന്നത്. കേരളത്തിലെ പതിനായിരക്കണക്കിന് സ്ത്രീകളുടെ ജീവിത ദുഃഖങ്ങളില്‍ ഇടപെട്ട് അതു പരിഹരിച്ച് അവര്‍ക്ക് ശക്തി നല്കി, പുരുഷാധിപത്യത്തോട് പോരാടി നില്ക്കാന് സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനങ്ങളില്‍ മുഖ്യ സ്ഥാനമാണ് അജിത സ്ഥാപക പ്രസിഡന്റായുള്ള അന്വേഷിക്കുള്ളത്. അന്വേഷിക്ക് 2023- ല്‍ 30 വയസ്സാവും. അന്വേഷി പോലൊരു പ്രസ്ഥാനം മൂന്ന് ദശകം പൂര്‍ത്തിയാക്കുമ്പോള്‍ ആ യാത്ര തീര്‍ച്ചയായും വായിക്കപ്പെടേണ്ടതും അടയാളപ്പെടുത്തേണ്ടതുമാണ്.
ചൂഷണങ്ങള്‍ക്കിരയായ കുഞ്ഞീബിയുടെ ലോക്കപ്പ് മരണം
1968നും 83നും ഇടയില്‍ നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച കാലത്തു തന്നെ അജിതയ്ക്കുള്ളിലെ ഫെമിനിസ്റ്റ് ഉണര്‍ന്നിരുന്നു. നക്സല്‍ കൂട്ടായ്മയില്‍ സ്ത്രീ പങ്കാളിത്തം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല സ്ത്രീകളുടെ പ്രത്യേക പ്രശ്നങ്ങളെ അവരൊരു കാലത്തും അഡ്രസ് ചെയ്തതുമില്ല. ജയില്‍ വാസം കഴിഞ്ഞെത്തിയപ്പോള്‍ തന്നെ നക്സല്‍ പ്രസ്ഥാനത്തിന് ഇനി മുന്നോട്ടു പോവാനാവില്ലെന്ന തിരിച്ചറിവ് അജിതയ്ക്കുണ്ടായിരുന്നു. പക്ഷെ വീട്ടമ്മയായി നിഷ്ക്രിയമായി ജീവിച്ചു പോകുക എന്നത് അവര്‍ക്ക് ഒട്ടും സാധ്യമായ കാര്യമായിരുന്നില്ല. അങ്ങനെയാണ് രണ്ടാമത്തെ മകനെ എട്ട് മാസം ഗര്‍ഭിണിയായിരിക്കെ 1985ല്‍ സ്ത്രീ വിമോചനത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുംബൈക്ക് പോകുന്നത്. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലേക്കുള്ള തന്റെപ്രവേശനം അനിവാര്യമാണെന്ന തിരിച്ചറിവ് അജിതയ്ക്കുണ്ടാകുന്നത് ഈ സമ്മേളനത്തില്‍ വെച്ചാണ്. ഇതിനിടയില്‍ 1986ല്‍ തിരുവനന്തപുരത്ത് പ്രചോദന എന്ന പേരില്‍ രൂപം കൊണ്ട ഫെമിനിസ്റ്റ് ഗ്രൂപ്പും അജിതയെ പ്രചോദിപ്പിച്ചു. അങ്ങിനെയാണ് 1987ല്‍ അജിത ബോധന രൂപീകരിക്കുന്നത്.
രൂപീകരണ ശേഷം ആദ്യം ഏറ്റെടുത്ത വിഷയം കോഴിക്കോട്ടെ കുഞ്ഞീബി എന്ന സ്ത്രീയുടെ ലോക്കപ് മരണമായിരുന്നു. ഭര്‍ത്താവ് തലാഖ് ചൊല്ലിയതിനെത്തുടർന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞീബി നഗരത്തില്‍ പലവിധ ചൂഷണങ്ങള്‍ക്കും ഇരയായിരുന്നു. ഒരിക്കല്‍ പോലീസ് പിടികൂടി സ്റ്റേഷനില്‍ അടക്കപ്പെട്ടപ്പോഴാണ് പിറ്റേ ദിവസം ഇവരെ ലോക്കപ്പിനകത്ത് തൂങ്ങി മരിച്ച് നിലയില്‍ കണ്ടെത്തുന്നത്. പല പോലീസുകാരും ഇവരെ ലൈംഗികമായി അക്രമിച്ചിരുന്നെന്നും മരണപ്പട്ടപ്പോള്‍ അത് ആത്മഹത്യയാക്കി മാറ്റുകയായിരുന്നുവെന്നുമാണ് അവരുടെ കൂട്ടുകാരികള്‍ അന്നാരോപിച്ചത്. മരണത്തിലെ ദുരൂഹത അകറ്റണമെന്നും കുഞ്ഞീബിക്ക് നീതി നല്‍കണമെന്നും ആവശ്യപ്പെട്ട് പൗരസമിതി രൂപവത്കരിച്ചാണ് ബോധന പ്രവര്‍ത്തനമാരംഭിക്കുന്നത്. പൊതുയോഗവും പ്രതിഷേധറാലിയും ഇതേ തുടര്‍ന്നുണ്ടായി. ഒടുവില്‍ ടൗണ്‍ എസ്ഐയും കോണ്സ്റ്റബിള്മാരുമുള്പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇ.കെ നായനാര്‍ സര്‍ക്കാരിന് അന്ന് സസ്പെന്‍ഡ് ചെയ്യേണ്ടി വന്നു.

ഭര്ത്താവുപേക്ഷിക്കുന്ന സ്ത്രീകള്‍ ഇത്തരത്തില്‍ പലവിധ ചൂഷണങ്ങള്ക്കുമിരയാകുന്നുവെന്ന ബോധ്യത്തില്‍ നിന്നാണ് ഈ സംഭവത്തിനു ശേഷം ഗാര്‍ഹിക പീഡന കേസുകളിലും സ്ത്രീധന കൊലപാതകങ്ങളിലും ആത്മഹത്യാ കേസുകളിലുമൊക്കെ അജിതയുടെ നേതൃത്വത്തില്‍ ബോധന ഇടപെട്ട് തുടങ്ങുന്നത്. സ്റ്റൗ പൊട്ടിത്തെറിച്ചോ മറ്റോ ഉള്ള അസ്വാഭാവിക മരണങ്ങളോ ആത്മഹത്യകളോ ഉള്‍പ്പെട്ട പത്രവാര്‍ത്തകള്‍ ശേഖരിച്ച് സ്വന്തം നിലയില്‍ അന്വേഷണവും പോലീസില്‍ പരാതി നല്‍കുന്നതും ബോധനയുടെ ദൈനംദിന പ്രവൃത്തികളുടെ ഭാഗമായി. പ്രാദേശിക സമൂഹത്തെ വിഷയങ്ങളിടപെടാന് പ്രേരിപ്പിച്ചു. പലതിനും ആക്ഷന്‍ കമ്മറ്റികളും രൂപീകരിച്ചു. പലപ്പോഴും പോസ്റ്റര്‍ പ്രചാരണവും പൊതുയോഗങ്ങളും നടത്തി.
സ്ത്രീകള്‍ക്കെതിരേ വീട്ടിനുള്ളില്‍ നടക്കുന്ന പ്രശ്നങ്ങൾ സ്വകാര്യപ്രശ്നമല്ലെന്നും അതൊരു പൊതു പ്രശ്നമാണെന്നും അതില്‍ പൊതു സമൂഹവം ഇടപെടേണ്ടതുണ്ടെന്നതുമായിരുന്നു ബോധനയടക്കമുള്ള ഫെമിനിസ്റ്റ് സംഘടനകള്‍ അക്കാലത്ത് മുന്നോട്ടു വെച്ച മുദ്രാവാക്യം. ആ മുദ്രാവാക്യത്തിന്റെയും ഇടപെടലിന്റെയും പ്രത്യേക്ഷമോ പരോക്ഷമോ ആയ ഗുണഭോക്താക്കളാണ് ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യരും.
ജയിച്ചാല്‍ പിടി ഉഷ അഭിമാനം, തോറ്റാല്‍ അടുക്കളയിലിരിക്കേണ്ട വെറും പെണ്ണ്
പിടി ഉഷ ഏഷ്യാഡ് മത്സരത്തില്‍ പങ്കെടുത്ത് പരാജയമേറ്റ് തിരിച്ച് വന്നപ്പോള്‍ അസഭ്യവര്‍ഷവും കുത്തുവാക്കുകളും എന്തിന് പ്രതിഷേധ പ്രകടനം വരെ അവര്‍ക്കെതിരേ നടന്നിരുന്നു എന്ന് ഇന്നത്തെ സമൂഹത്തിന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ ഒരു കാലത്തെ കേരളം ഇങ്ങനെയായിരുന്നു. ലോ കോളേജ് വിദ്യാര്‍ഥികള്‍ വരെ ഉഷയ്ക്കെതിരേ പ്രകടനം നടത്തി . അക്കാലത്തെ സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം എത്രമാത്രം നീചമായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രകടനങ്ങള്‍. ഏഷ്യാഡ് കഴിഞ്ഞ് വരുന്ന ഉഷയുടെ കാര്‍ വളഞ്ഞ് അങ്ങേയറ്റം അപമാനകരമായ മുുദ്രവാക്യങ്ങള് വിളിച്ചുകൊണ്ടാണ് പയ്യോളിയിലെ ആള്‍ക്കൂട്ടം അന്നവരെ എതിരേറ്റത്. ഉഷ കുഞ്ഞുങ്ങളെയും പ്രസവിച്ച് പെണ്ണായി വീട്ടിലിരുന്നാല്‍ മതിയെന്ന് അധിക്ഷേപമായിരുന്നു അതിലേറ്റവും നികൃഷ്ടം. അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യക്ക് പേരുണ്ടാക്കിയ ഒരു സ്ത്രീയെ ഇവ്വിധം അവഹേളിക്കുന്നതിനെതിരേ ബോധന ശക്തമായി തന്നെ പ്രതികരിച്ചു. പോസ്റ്ററുകള്‍ ഒട്ടിച്ചും പൊതുയോഗം നടത്തിയും ജനങ്ങളെ ബോധവത്കരിച്ചു.അന്ന് പയ്യോളിയില്‍ നടത്തിയ തീപ്പൊരി പ്രസംഗങ്ങള്‍ ജനം ഒരു പ്രകോപനവുമില്ലാതെ കേട്ടിരുന്നെന്നും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നും അജിത ഓര്‍ക്കുന്നു. സ്ത്രീകള്‍ അടുക്കളപ്പണിയെടുത്ത് കുഞ്ഞുങ്ങളെ നോക്കി വളര്‍ത്തിയാല്‍ മതിയെന്ന മനോഭാവം ആണ്കോയ്മയുടേതാണെന്നും സമൂഹം ഉഷയോട് മാപ്പു പറയണമെന്നും ബോധന ജനത്തെ ബോധ്യപ്പെടുത്തി.
.jpg?$p=8896326&&q=0.8)
ചുരിദാറിട്ടതിന് അസഭ്യം കേള്‍ക്കേണ്ടി വന്ന കാലം
ആകാശവാണി ജീവനക്കാരിയായ ഇന്ദിരയ്ക്കു നേരെയുണ്ടായ അധിക്ഷേപത്തിനെതിരേയും ബോധന സംഘടിച്ചു. ഹൈ ഹീല്‍സും ചുരിദാറുമിട്ടു എന്നതായിരുന്നു അന്ന് ഇന്ദിരയില്‍ ഒരു പയ്യന് കണ്ട കുറ്റം. അസഭ്യം പറഞ്ഞവനെ തല്ലിക്കൊണ്ട് തന്നെ ഇന്ദിര പ്രതികരിച്ചു. അന്ന് പ്രതികരിക്കുന്ന സ്ത്രീ അത്യപൂര്‍വ്വമായ സംഭവമായിരുന്നു. ഈ സംഭവത്തില്‍ ഇന്ദിരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോധന നിലകൊണ്ടു.
കമന്റടിച്ചാലും തെറിവളിച്ചാലും കാര്യങ്ങള്‍ പഴയപോലെ എളുപ്പമാവില്ലെന്ന സന്ദേശം ബോധനയ്ക്ക് നല്‍കാനായി.
ഇത്രയും ശക്തമായി പ്രവര്‍ത്തിച്ച ബോധന ചില അന്തച്ഛിദ്രത്തിന്റെ ഭാഗമായാണ് ഇല്ലാതാവുന്നത്. എങ്കിലും ബോധന ഉണ്ടാക്കിയ ഓളത്തിന്റെ ഓര്‍മ്മയില്‍ പ്രശ്നങ്ങള്‍ പങ്കുവെക്കാനായി അജിതയുടെ നേതൃത്വത്തിലുള്ള സ്ത്രീസംഘത്തെ ബന്ധപ്പെട്ടു കൊണ്ടിരുന്നു. സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും സംഘടിപ്പിച്ചിരുന്ന നവോദയ തയ്യല്‍ യൂണിറ്റിലെ ഒത്തുചേരലുകളാണ് ഒടുവില്‍ അന്വേഷി വുമണ്‍ കൗണ്‍സിലിങ് സെന്റര്‍ എന്ന ആശയത്തിലേക്കെത്തിക്കുന്നത്. ബോധന നടത്തിയിരുന്നതുപോലെ വല്ലപ്പോഴുമുള്ള ഇടപെടലുകളല്ല, നിരന്തരമായ ഇടപെടലുകളാണ് സ്ത്രീകള്‍ക്കിടയില്‍ നടത്തേണ്ടതെന്ന ബോധ്യം അന്വേഷിയുടെ ആരംഭത്തില്‍ തന്നെ അജിതയ്ക്കും സംഘത്തിനുമുണ്ടായിരുന്നു. അങ്ങനെ രജിസ്റ്റര്‍ ചെയ്ത സംഘടനയ്ക്കേ സംഭാവനയും ഗ്രാന്റും സ്വീകരിക്കാനുള്ള അവകാശമുണ്ടായിരുന്നുള്ളൂ. അങ്ങനെ സ്ഥാപക പ്രസിഡന്റായി അജിതയും സെക്രട്ടിയായി ലളിതയും വിജി, സാവിത്രി അമ്മു എന്നിവര്‍ കമ്മറ്റി അംഗങ്ങളുമായി 1993-ല്‍ അന്വേഷി രൂപീകരിക്കപ്പെട്ടു.
.jpg?$p=f0f1d13&&q=0.8)
ഐസ്ക്രീം പാര്‍ലര്‍ കേസും അന്വേഷി ഇടപെടലും
ഓഫീസ് കണ്ടെത്തലായിരുന്നു എത്രയോ കാലം വരെ അന്വേഷി നേരിട്ട ഏറ്റവും വലിയ പ്രശ്നം. 1993ല്‍ തുടങ്ങിയെങ്കിലും 1995ല്‍ മുഴുവന്‍ സമയ വാടകക്കെട്ടിടം കിട്ടിയതോടെയാണ് രാവിലെ 10 മണി മുതല്‍ സ്ത്രീകള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുന്ന കേന്ദ്രമായി അന്വേഷി വളര്‍ന്നത്. അന്ന് അന്വേഷിക്ക് സൗജന്യമായി മാതൃഭൂമി പത്രം നല്കാന് എംപി വീരേന്ദ്രകുമാറും തയ്യാറായി.

അപ്പോഴും ബാത്ത് റൂം പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ പല കാരണങ്ങളാല്‍ വാടകക്കെട്ടിടം നിരന്തരം മാറേണ്ടി വന്നു അന്വേഷിക്ക്. സ്വന്തം കീശയില്‍ നിന്ന് കാശെടുത്താണ് അന്വേഷി പ്രവര്‍ത്തകര്‍ അക്കാലത്ത് നിത്യേന ഓഫീസിലെത്തിയത്. യാതൊരു വിധ സാമ്പത്തിക അടിത്തറയുമില്ലാതെ നിലപാട് മാത്രം ആധാരമാക്കിയാണ് അന്വേഷി കുറെ കാലം മുന്നോട്ടു പോയത്. ഇങ്ങനെ പലകാരണങ്ങളാല്‍ വാടകക്കെട്ടിടം മാറി മാറി സഞ്ചരിക്കുന്നതിനിടക്കാണ് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അന്വേഷി ഇടപെടുന്നത്. എത്രയെത്രയോ സ്ത്രീ പ്രശ്നങ്ങളില്‍ അന്വേഷി ഇടപെട്ടിരുന്നെങ്കിലും സംഘടനയെ ഇന്നും ചേര്‍ത്ത് വെച്ച് സമൂഹം ഓര്‍ക്കുന്നത് ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെടുത്തിയാണ്. കോടതിയില്‍ പരാജയപ്പെട്ടെങ്കിലും ആ പോരാട്ടം വലിയ വിജയമായാണ് അന്വേഷിയുടെ ഐസ്ക്രീം പാര്‍ലര്‍ കേസ് ഇടപെടലിനെ അജിത വിലയിരുത്തുന്നത്. കേസിന്റെ തുടക്കം മുതല്‍ സുപ്രീം കോടതിയില്‍ തെളിവില്ലെന്ന് പറഞ്ഞു കേസ് തള്ളപ്പെട്ടതു വരെയുള്ള 15 വര്‍ഷക്കാലം മാധ്യമങ്ങളിലൂടെയും ഇരയുടെ തന്നെ വ്യത്യസ്ത വെളിപ്പെടുത്തലിലൂടെയും എന്താണ് ഈ കേസില്‍ സംഭവിച്ചതെന്ന ബോധ്യം പൊതു സമൂഹത്തിനുണ്ടായി. ഒരിക്കലും തകര്‍ക്കാനാവാത്ത കുറ്റിപ്പുറത്തെ കോട്ട തകര്‍ത്ത് കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പില്‍ പരാജയം നുണഞ്ഞത് അന്വേഷി നടത്തിയ ഇടപെടലും പോരാട്ടവും ഒന്നു കൊണ്ട് മത്രമാണ്. ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അന്നു വരെ പങ്കെടുക്കാതിരുന്ന സുകുമാര്‍ അഴീക്കോട് കുഞ്ഞാലിക്കുട്ടിക്കെതിരേ ജലീല്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് വന്നിരുന്നു എന്നത് തന്റെ ആത്മകഥയില്‍ അജിത സ്മരിക്കുന്നുണ്ട്. സ്ത്രീ വേദിയായിരുന്നു ആ ചടങ്ങിന്റെ സംഘാടകര്‍. അന്വേഷിയടക്കം വിവിധ സ്ത്രീ സംഘടനകളെ ചേര്‍ത്ത് വെച്ച്കൊണ്ട് 1996ല്‍ രൂപപ്പെട്ട കൂട്ടായ്മയാണ് കേരള സ്ത്രീവേദി . സ്ത്രീകളുടെ നീതിക്കായി കേരളത്തില്‍ അങ്ങോളാളമിങ്ങോാളം വിവിധ പോരാട്ടങ്ങളും വിതുര, ഐസ്ക്രീം പാര്‍ലര്‍ കേസ്, കിളിരൂര്‍ കവിയൂര്‍ കേസ് എന്നിവയില്‍ പല ആവേശകരമായ സമരങ്ങളും പ്രതിരോധങ്ങളും സ്ത്രീ വേദി നടത്തി. അന്വേഷിയായിരുന്നു ഈ കൂട്ടായ്മകളെ വിളക്കിച്ചേര്‍ത്ത പ്രധാന കണ്ണി.

പ്രലോഭനങ്ങളില്‍ വീഴാതെ ആദര്‍ശത്തിലും നീതിയിലും ഉറച്ച് യാത്ര
നീതി നിര്‍വ്വഹണത്തിന്റെ സ്വാഭാവികമായ പ്രക്രിയ അട്ടിമറിക്കപ്പെട്ട് കേസ് ഇതുപൊലൊന്ന് അതുവരെയുണ്ടായിട്ടില്ലെന്നാണ് ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് പോരാട്ടത്തെ ഓര്‍ത്തു കൊണ്ട് അജിത പറയുന്നത്. മന്ത്രിയായ ശേഷം കേസുകള്‍ ജയിക്കാന്‍ പോകുന്നില്ലെന്നും അതുകൊണ്ട് കേസ് മരവിപ്പിച്ചു കൂടെ എന്ന പ്രലോഭനങ്ങള്‍ അന്വേഷിയെ തേടിയെത്തിയിരുന്നു. ഐസ്ക്രീം പാര്‍ലര്‍ കേസിലെ പരാതിക്കാര്‍ അന്വേഷിയാണെന്നതായിരുന്നു കേസ് അട്ടിമറിക്കാന്‍ എതിര് കക്ഷികള്‍ നേരിട്ട ഏററവും വലിയ വെല്ലുവിളിയും. ഇരയെ പലവിധ പ്രലോഭനങ്ങളിലും പെടുത്തി വശത്താക്കാമെന്ന് പൊതുവെ കുറ്റം ചെയ്തവര്‍ വെച്ചു പുലര്‍ത്തുന്ന ചിന്ത ഈ കേസില്‍ അത്ര കണ്ട് എളുപ്പമാവാഞ്ഞത് ഇരയ്ക്ക് വേണ്ടി പരാതി നല്‍കിയത് അന്വേഷിയായതിനാലാണ്. പിന്നീട് എന്തെങ്കിലും പ്രശ്നങ്ങളും പരാതികളുമായി അന്വേഷി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടി വന്ന സന്ദര്‍ഭങ്ങളിലൊക്കെ ഇര തന്നെ പരാതി നല്‍കണണെന്ന നിലപാട് പോലീസ് സ്വീകരിച്ചിരുന്നുവെന്ന് തന്റെ ആത്മകഥയില്‍ അജിത പങ്കുവെക്കുന്നുണ്ട്.
മര്യാദക്ക് പ്രവര്‍ത്തിക്കാന്‍ ഒരു കെട്ടിടമോ, ചെലവു കൂട്ടിമുട്ടിക്കാന്‍ പര്യാപ്തമായ ഫണ്ടോ ഇല്ലാതിരുന്ന സന്ദര്ഭങ്ങിലാണ് ഒരു പ്രലോഭനങ്ങളിലും വീഴാതെ
അന്വേഷിയും അജിതയും കോട്ട പോലെ കേസിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ നിലപാടുമായി നിലകൊണ്ടത്. ഒരു ഘട്ടത്തില്‍ കുറ്റാരോപിതര്‍ അധികാരത്തിലേറിയാല്‍ കേരള സ്റ്റേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എന്ന പദവി വവരെ വാഗ്ദാനം ചെയ്യ്പെട്ടിരുന്നെന്നും അജിത പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നും എപ്പോഴും അന്വേഷി പറഞ്ഞതിതാണ് - ഒരൊത്തു തീര്‍പ്പിനും ഞങ്ങളില്ല, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലുമെന്ന പോലെ പരാജയപ്പെടാന്‍ ഞങ്ങള്‍ തയ്യാറാണ്.
.jpg?$p=316723f&&q=0.8)
ഗാര്‍ഹിക പ്രശ്നങ്ങളിലെ സജീവ ഇടപെടല്‍, പരിഹാരങ്ങള്‍
അന്വേഷിയുടെ ആരംഭ കാലം മുതല്‍ തന്നെ ഏറ്റെടുക്കപ്പെട്ട പ്രമാദമായ കേസെന്ന നിലയില്‍ ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെടുത്തിയാണ് അന്വേഷി ഇന്ത്യയൊട്ടാകെ അറിയപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും. പക്ഷെ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇത്തരം കേസുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. 1995 മുതല്‍ ഗാര്‍ഹിക പ്രശ്നങ്ങളില്‍ ഊന്നല്‍ നല്‍കിയാണ് അന്വേഷി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. അന്വേഷി വുമണ്‍ കൗണ്‍സലിങ് സെന്ററിലെ കൗണ്‍സിലിങ്ങിനെ അന്വര്‍ഥമാക്കും വിധം തന്നെയാണ് അത് അന്നും ഇന്നും പ്രവര്‍ത്തിക്കുന്നത്. വീട്ടുവേല , കുഞ്ഞുങ്ങളെ വളര്‍ത്തല്‍ എന്നിങ്ങനെ അന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് കല്പക്കപ്പെട്ടിരുന്ന ഗാര്‍ഹികാന്തരീക്ഷത്തെ മാറ്റിയെടുക്കലാണ് അന്വേഷി അവരുടെ 29 വര്‍ഷത്തെ യാത്രയില്‍ ചെയ്ത ഏറ്റവും ശക്തവും ശാശ്വതവുമായ ഇടപെടലുകള്‍ . ആദ്യകാലത്ത് പീഡനം നടത്തിയിരുന്ന പുരുഷന്മാരൊന്നും അന്വേഷിയെ ഗൗരവത്തിലെടുത്തിരുന്നില്ല. എന്റെ ഭാര്യയെ തല്ലിയാല്‍ നിങ്ങളാരാ ചോദിക്കാന്‍ എന്ന ചോദ്യങ്ങള്‍ എന്നതായിരുന്നു അവരുടെ ലൈന്‍. ഇനി പെണ്ണുങ്ങളെ തല്ലിയാല്‍ ഞങ്ങളിടപെടും എന്ന ധൈര്യമായിരുന്നു സാധാരണക്കാരായ സ്ത്രീകളെ സംബന്ധിച്ച് അന്വേഷി. കാലം വീണ്ടും ഒഴുകി. ഇന്ന് ഭാര്യമാരെ തല്ലുന്നത് മോശം കാര്യമാണെന്നും നിയമവിരുദ്ധമാണെന്നുമുള്ള ബോധ്യത്തിലേക്ക് സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും എത്തിത്തുടങ്ങി. ഈ മാറ്റം ഒരു സുപ്രഭാത്തതില് സ്വാഭാവികമായി വന്നു ചേര്‍ന്നതല്ല. അതില്‍ അന്വേഷിയെപ്പോലുള്ള കേരളത്തിലെ സ്ത്രീ പക്ഷ പ്രസ്ഥാനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കുന്ന എഴുത്തുകാരെയും, മാധ്യമപ്രവര്‍ത്തകരെയും നിയമ നിര്മ്മാതാക്കളയും നീതി നിര്വ്വഹകരെയും വാര്‍ത്തെടുക്കുന്നതിലും അന്വേഷി വിലമതിക്കാനാവാത്ത സാന്നിദ്യമായി പൊതു മണ്ഡലത്തില്‍ നിറഞ്ഞു. ഭര്‍ത്താവിന്റെ അടുക്കല്‍ നിന്ന് തല്ലുപേടിച്ചോടി അന്വേഷിയിലെത്തിയിരുന്നവര് അക്കാലത്തെ സ്ഥിരം കാഴ്ചകളായിരുന്നു . പിന്നാലെ തല്ലാന്‍ വന്ന ഭര്ത്താക്കന്മാരെ അന്വേഷിയുടെ വാതില്‍പ്പടിയില്‍ വെച്ച് തടയാനുള്ള ധൈര്യം ഉള്ള സ്ത്രീകളായിരുന്നു ആ പ്രസ്ഥാനത്തെ നയിച്ചതും.
അങ്ങനെ ഓരോ ഗാര്‍ഹിക പീഡന വിഷയത്തിലും സ്വയം ഇടപെട്ടും പ്രതിരോധം തീര്‍ത്തും സുരക്ഷയൊരുക്കിയും പോലീസിനെയും കോടതിയെയും ഇടപെടുവിച്ചും ഉണര്‍ത്തിയും തന്നെയാണ് കേരളം ഇന്നു കാണുന്ന കേരളമായത്.
ഭര്‍തൃ പീഡനം എന്ന് കേള്ക്കുനപോള് പഴയ കാര്യമല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ അന്വേഷിയില്‍ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്ന കേസുകള്‍ ഈ ധാരണ തെറ്റാണെന്നാണ് കാണിക്കുന്നതെന്ന അജിത പറയുന്നു. ആറ് കേസുകള്‍ വരെ എത്തിയ എത്രയോ ദിവസങ്ങളുണ്ടായിട്ടുണ്ട്. പതിനായിരക്കണക്കിന് സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇത്ര കാലം കൊണ്ട് അന്വേഷിക്കയെന്ന് സെക്രട്ടറി ശ്രീജ പിയും പറയുന്നു. അതില്‍ തന്നെ 70 ശതമാനത്തിലധികം കേസുകള്‍ ലക്ഷ്യം കണ്ടെന്നും ശ്രീജ കൂട്ടിച്ചേര്‍ത്തു
തിരികെ പീഡകന്റെ അടുക്കലേക്ക് പോവേണ്ടതില്ല; ആശ്വാസമായി അഭയകേന്ദ്രം
ഗാര്‍ഹിക സ്ത്രീധന പീഡനങ്ങള്‍ അത്രയേറെയുള്ള കേരളത്തില്‍ വിവാഹ ജീവിതത്തില്‍ നിന്ന് പുറത്തു കടക്കുന്നവരോ പരാതികൊടുക്കാന്‍ മുതിരുന്നവരോ കുറവാണ് പൊതുവെ. പരതി നല്കിയ ശേഷവും പോവേണ്ടത് പീഡകനുള്ള വീട്ടിലേക്കു തന്നെയെന്ന് ഭയത്തിലാണ് പല സ്ത്രീകളും പീഡനം സഹിച്ച് നില്‍ക്കുന്നത്. അന്വേഷിയിലെത്തുന്ന സ്ത്രീകളും ഈ പ്രശ്നം നേരിട്ടു. പീഡിത ജീവിത്തതില്‍ നിന്ന് പുറത്ത് വരാന്‍ സ്ത്രീകള്‍ ധൈര്യപ്പെടണമെങ്കില്‍ അവര്‍ക്ക് ഒരിടം വേണമെന്നബോധ്യത്തില് നിന്നാണ് അന്വേഷി അഭയ കേന്ദ്രം തുടങ്ങുന്നത്. താന്‍ എത്ര തന്നെ പീഡിപ്പിച്ചാലും ഭാര്യയ്ക്ക് മറ്റെവിടെയും പോകാനില്ലന്ന് അഹങ്കരിച്ച് പീഡകരായ ഭര്ത്താക്കന്മാര്ക്കുള്ള മറുപടിയയിരുന്നു അന്വേഷിയുടെ ഷോര്‍ട്ട് സ്റ്റേ ഹോം. സ്ത്രീകളെ മാത്രമല്ല അവരുടെ മക്കളയെും അവിടെ താമസിപ്പിക്കാമെന്നത് ആ സംരംഭത്തെ കൂടുതല്‍ വിജയകരമാക്കി. കാരണം വീടുപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് മക്കളെ കൂടെ കൊണ്ടു വരാമെന്നായി. ടാറ്റാ ട്രസ്റ്റ് നല്കിയ ഗ്രാന്റ് തുക കൊണ്ടാണ് വാടകകെട്ടിടത്തില് ഷോര്‍ട്ട് സ്റ്റേ ഹോം തുടങ്ങുന്നത്. പിന്നീട് വര്‍ഷങ്ങളേറെ എടുത്തു സ്വന്തമായൊരു കെട്ടിടത്തില്‍ ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനം ആരംഭിക്കാന്‍.
മുനീര്‍ സാമൂഹിക വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാരിന്റെ കോഴിക്കോട്ടെ നിര്‍ഭയ ഹോമിന്റെ പ്രവര്‍ത്തനം അന്വേഷിയെ ഏല്‍പ്പിക്കുന്നത് അന്വേഷിയുടെ ഇത്തരം പ്രവര്‍ത്തനങ്ങളിലുള്ള മികവ് കണ്ടു കൊണ്ടാണ്. ഇതിന്റെ പേരില്‍ മുനീറിന് പഴികേള്‍ക്കേണ്ടി വന്നെങ്കിലും അന്വേഷിയുടെ അത്ര കാലത്തെ സ്വയം സമര്‍പ്പിത സേവനത്തിനുള്ള സര്‍ക്കാരിന്റെ അംഗീകാരമായാണ് തങ്ങള്‍ കാണുന്നതെന്ന് അജിത പറയുന്നു.

പലപ്പോഴും ഷെല്‍ട്ടര്‍ ഹോം നടത്തിപ്പിനും അന്വേഷിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് വലിയൊരു പ്രശ്നമായി വന്നിരുന്നു. ഐക്യരാഷ്ട്രസഭയുടെയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഗ്രാന്റിലാണ് കുറെ വര്‍ഷം പിടിച്ചു നിന്നത്. ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ കേരള സര്‍ക്കാരില്‍ നിന്ന് പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിക്കുന്നുണ്ടെങ്കിലും 11 ജീവനക്കാരുള്ള സ്ഥാപനത്തില്‍ മാസ ശമ്പളത്തിന് തന്നെ മുഴുവനായി തികയാറില്ല. അജിത എന്ന പേരിലെ വിശ്വാസ്യത മൂലധനമാക്കിയുള്ള സംഭാവനകള്‍ സ്വീകരിച്ചാണ് ഇപ്പോഴും ഈ പ്രസ്ഥാനം മുന്നോട്ടു പോവുന്നത്.
2005ലാണ് അന്വേഷി സ്വന്തമായൊരു ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങന്നത്. കെട്ടിടത്തിന് തുക സമാഹരിക്കാനായി വ്യത്യസ്ത പരിപാടികളില്‍ ഭാഗഭാക്കായിക്കൊണ്ട് കെ എസ് ചിത്രയും മമ്മുട്ടിയും എംടി വാസുദേവന്നായരുമടക്കമുള്ള പ്രഗ്ത്ഭര്‍ അന്വേഷിയുമായി സഹകരിച്ചിരുന്നു. നടന് സുരേഷ് ഗോപിയും നല്ലൊരു തുക സംഭാവനയായി നല്കി . 2009ലും 2013ലും വാഹനാപകടങ്ങളില്‍ അജിതക്കുണ്ടായ ഗുരുതര പരിക്കുകളോടെയാണ് സംസ്ഥാനവ്യാപകമായുള്ള അജിതയുടെയും അന്വേഷിയുടെയും പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെട്ടത്.

അറിയാതെ പോകുന്ന ആത്മഹത്യകള്‍, അക്രമങ്ങള്‍; ആേേരാഗ്യരംഗത്തെ ഇടപെടല്‍
2011ലെ ടാറ്റയുടെ ഗ്രാന്റിന്റെ ഭാഗമായാണ് ആരോഗ്യമേഖലയിലേക്ക് അന്വേഷി തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഒരു പൊതുജനാരോഗ്യ പ്രശ്നമാണെന്ന നിലപാടെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമായി അന്വേഷി പ്രവര്‍ത്തനമാരംഭിച്ചു. പരിക്കേറ്റും പൊള്ളലേറ്റും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ പലപ്പോഴും യഥാര്‍ഥ കാരണം തുറന്നു പറയാറില്ല. രോഗം ഭേദമായാല്‍ ഭര്‍ത്താവിന്റെ അടുക്കലേക്കാണ് തിരിച്ചു പോകേണ്ടത് എന്നാലോചിക്കുമ്പോള്‍ അവര്‍ സത്യം പറയാന്‍ മെനക്കെടില്ല. ഇതാണ് അന്വേഷിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വരുന്ന കേസുകളുടെ കണക്കെടുപ്പിലെത്തിച്ചത്. ഗാര്‍ഹിക പീഡനനിരോധന നിയമത്തില്‍ ഡോക്ടര്‍മാര്‍ക്കുള്ള ഉത്തരവാദിത്വം എത്രത്തോളമാണെന്ന ബോധ്യപ്പെടുത്താന്‍ അന്വേഷി കഠിനമായി പ്രയത്നിച്ചു. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബോധവത്കരണം നല്കി. ഇതിനായി മെഡിക്കല്‍ കോളേജില്‍ സെന്റര്‍ തുടങ്ങാന്‍ അന്വേഷി ആലോചിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. പിന്നീട് കോഴിക്കോട് ജില്ലയില്‍ സ്ത്രീധന പീഡത്തിനെതിരേ സ്ത്രീകളെ സജ്ജമാക്കാന്‍ കര്‍മ്മ പരിപാടികളുമായി ശക്തമായി മുന്നോട്ടു പോയിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പാതി വഴിയില്‍ പദ്ദതി ഉപേക്ഷിക്കേണ്ടി വന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കും മറ്റു തടസ്സങ്ങള്‍ക്കുമിടയിലും കൗണ്‍സിലിങ് നിയമ സഹായം, കമ്മ്യൂണിറ്റി വര്‍ക്ക് ഷോര്‍ട്ട് സ്റ്റേ ഹോം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിക്കൊണ്ടാണ് നിലവില്‍ അന്വേഷി മുന്നോട്ടു പോകുന്നത്.
അന്വേഷി മുന്‍കൈയ്യെടുത്താണ് 2002ല്‍ വിമന്‍സ് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ സംവിധാന ചെയ്ത സിനിമകള്‍ക്കും സ്ത്രീപക്ഷ സിനിമകളുമായിരുന്നു ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം.
സ്ത്രീകള്‍ക്ക് മാത്രമായി മെമ്പര്‍ഷിപ്പ് നല്കുന്ന ലൈബ്രറി കൂടി അന്വേഷിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടൂളിയില്‍ 1995 ല്‍ വെറും നൂറ് പുസത്കങ്ങളുമായി തുറന്ന ലൈബ്രറിയില്‍ ഇന്ന് 12,000 ത്തോളം പുസ്തകമുണ്ട്. പുരുഷന്മാര്ക്ക് ലൈബ്രറിയില്‍ വരാമെങ്കിലും മെമ്പര്‍ഷിപ്പ് സ്ത്രീകള്‍ക്ക് മാത്രമാണുള്ളത്.

സംഘടിതയെന്ന പ്രസിദ്ധീകരണം
സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അന്വേഷി മുന്നോട്ടു കൊണ്ടു പോവുന്ന പ്രസിദ്ധീകരണമാണ് സംഘടിത. 2010 ഡിസംബറിലായിരുന്നു സംഘടിതയുടെ ആദ്യ ലക്ക പ്രസിദ്ധീകരണം. മുഖ്യധാരാ മാസികകളില്‍ ഇടം കിട്ടാത്ത സ്ത്രീകളുടെ രചനകള്ക്കൊരിടം എന്നതാണ് സംഘടിതയുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളിലൊന്നായിരുന്നു. തിരിച്ച് വരുമാനം കിട്ടാനല്ല പകരം സ്ത്രീകളെ ശക്തിപ്പെടുത്താനും അതിലൂടെ സമൂഹത്തെ നവീകരിക്കാനുമാണ് പലരും പ്രതിഫലമില്ലാതെ ഇതിന്റെ പ്രവര്‍ത്തനമേറ്റെടുത്ത് മുന്നോട്ടു പോവുന്നത്. കുറെ കാലം സാറാ ജോസഫായിരുന്നു പത്രാധിപ. ഷീബ കെഎം ആണ് നിലവിലെ പത്രാധിപ.
സമൂഹത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും സ്ത്രീകളെ ബാധിക്കുമെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും സ്ത്രീകളുടേതായ ഒരു തലമുണ്ടെന്നുമാണ്
എല്ലാകാലത്തും അന്വേഷിയുടെ നിലപാട്. ആ നിലപാടും സ്വയം സമര്‍പ്പിച്ചുള്ള 11-ഓളം ജീവനക്കാരുടെ സേവനവും അജിതയെന്ന വന്മരത്തിന്റെ വിശാസ്യതയും മൂലധനമാക്കിയാണ് അന്വേഷി ഇപ്പോഴും അതിന്റെ പ്രവര്‍ത്തനം തുടരുന്നത്. അന്വേഷിയടക്കമുള്ള സ്ത്രീ സംഘടനകളുടെ ഇടപെടലുകള്‍ കൊണ്ടാണ് അല്പം കൂടി സ്ത്രീ സൗഹൃദ അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടത് . ചുരിദാര്‍ ധരിച്ചിരുന്ന സ്ത്രീകളെ അസഭ്യം പറഞ്ഞിരുന്ന അന്തരീക്ഷമല്ല ഇന്ന് കേരളത്തില്‍. ആ മാറ്റം ഒരു സുപ്രഭാതത്തില്‍ പൊട്ടിവിരിഞ്ഞതല്ല. അന്വേഷിയടക്കമുള്ള സ്ത്രീ സംഘടനകളുടെ പോരാട്ടമാണ് മനുഷ്യരെ ആധുനികരാക്കിയത്. ഒരു തലമുറയുടെ നവോത്ഥാനത്തിന് തുടക്കമിടുകയും അതോടൊപ്പം തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിലും തുല്യതയിലും നീതിയലുമൂന്നിയ നിയമനിര്‍മ്മാണങ്ങളിലേക്ക് വരെ ആ പോരാട്ടങ്ങള്‍ വഴിവെക്കുകയും ചെയ്തു. 2000മാണ്ടിലുണ്ടായ ഗാര്‍ഹിക പീഡന നിരോധന നിയമം, പോക്സോ ആക്ട്, നിര്‍ഭയയ്ക്കു ശേഷമുണ്ടായ ക്രിമനല്‍ അമന്‍ഡ്മെന്റ് ആക്ട്, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ തടയാനുള്ള പോഷ് ആക്ട് എന്നിങ്ങനെ പോകുന്നു സ്ത്രീസംഘടനകളുടെ പോരാട്ടഫലമായുണ്ടായ സുപ്രധാനമായ ആ നിയമനിര്മ്മാമങ്ങള്. ആ അര്‍ഥത്തില്‍ 29ാം വയസ്സ് ആഘോഷിക്കുന്ന അന്വേഷിയുടെ ചരിത്രം കേരളത്തിലെ സ്ത്രീജീവിതങ്ങളുടെ മാറ്റത്തിന്റെ ചരിത്രം കൂടിയാണ്.
അവലംബം:ഓർമ്മയിലെ തീനാളങ്ങൾ, കെ അജിത, ആത്മകഥ
Content Highlights: History and journey of K Ajitha's Anweshi, feminist movement,anniversary,movement,social,kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..