ബോബി ചെമ്മണ്ണൂർ | ഫോട്ടോ : മധുരാജ്
വെടക്കാക്കി തനിക്കാക്കുക എന്നൊരു പ്രയോഗമുണ്ട്. ഏതെങ്കിലും ഒരു കാഴ്ച്ചപ്പാടിനെയോ വസ്തുവിനെയോ മോശമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി ഒടുവില്‍ കൈക്കലാക്കുന്ന സംഭവം. ഇപ്പോള്‍ പലരും ഈ രീതി ലൈംഗിക കുറ്റകൃത്യങ്ങളുമായും ബന്ധപ്പെടുത്തി ചെയ്യുന്നത് സമൂഹമാധ്യമങ്ങളിലെ കണ്ടന്റുകളില്‍ കൃത്യമായി കാണാവുന്നതാണ്. ലൈംഗിക കുറ്റകൃത്യത്തെ അതിജീവിച്ച നടിയെ മോശക്കാരിയാക്കി അവര്‍ക്കെതിരേ വെട്ടുകിളി കൂട്ടത്തെ പറത്തിവിട്ട് തനിക്കെതിരേ ഭാവിയില്‍ വരാനിടയുള്ള ആരോപണങ്ങളില്‍ നിന്നെല്ലാം സുരക്ഷിതമായ അകലം പ്രാപിക്കുന്ന വിജയ് ബാബു തന്ത്രം മുതല്‍ ബോബി ചെമ്മണ്ണൂരിന്റെ ജാക്കി തന്ത്രം വരെ ആ തന്ത്രങ്ങളുടെ നിര നീളുകയാണ്. ഉദ്ദേശം വ്യക്തമാണ്. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വലിയ രീതിയില്‍ സ്ത്രീകള്‍ നേരിടുന്ന മാനസ്സികവും ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങളെ കോമഡിയായി നിസ്സാരവത്കരിച്ച് അതിന്റെ വീര്യം കെടുത്തുക എന്നത് തന്നെ.
ജാക്കി വീരവാദം, കുറ്റകൃത്യം മാത്രമല്ല സാമൂഹിക ദ്രോഹം കൂടിയാണ്
പൂരദിവസം രാവിലെ എഴുന്നേറ്റ് ബോബി ചെമ്മണ്ണൂര്‍ പൊരിയും ഉണ്ടമ്പൊരിയുമൊക്കെ കഴിച്ച കഥ ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ആയി ചെയ്തതുകണ്ടു. പൊരിയോ ഉണ്ടമ്പൊരിയോ ഇഷ്ടമുള്ളതൊക്കെ അയാള്‍ കഴിക്കട്ടെ, ഇടക്ക് വായിനോക്കിയ കഥയും പറഞ്ഞു. അതും പറയട്ടെ. അതിനപ്പുറത്തേക്ക് സ്ത്രീകള്‍ക്ക് നേരെ നടത്തിയ ലൈംഗിക കുറ്റകൃത്യത്തെ ജാക്കി എന്ന ഓമനപ്പേരിട്ട് അവതരിപ്പിച്ചാല്‍ താന്‍ ഒരു സെക്‌സ് പെര്‍വട്ട് ആവില്ല എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ആത്മവിശ്വാസമെങ്കില്‍ അത് തിരുത്തിക്കൊടുക്കാനുള്ള അവസരം കൂടി പുരോഗമനം സമൂഹം ഒരുക്കികൊടുക്കേണ്ടതുണ്ട്. ഫെയ്‌സ്ബുക്ക് വീഡിയോയില്‍ തന്റെ പൂരം ഓര്‍മ്മകളെ ബോബി ചെമ്മണ്ണൂര്‍ അയവിറക്കുന്നതിങ്ങനെയാണ്.
"സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് രാവിലെ 6 മണിക്കെഴുന്നേൽക്കും. പൂരം പറമ്പില്‍ തെണ്ടി നടന്ന് അലുവയും പൊരിയും ഉണ്ടമ്പൊരിയുമൊക്കെ വാങ്ങിത്തിന്നുക, അതുകഴിഞ്ഞ് പൂരം എക്‌സിബിഷനില്‍ കയറി വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കിവെക്കുക', എന്നിവയായിരുന്നു തന്റെ രീതി എന്ന തരത്തിലാണ് താന്‍ ചെയ്ത അറുവഷളത്തരത്തെയും ക്രൈമിനെയും യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം പേജിലെ വീഡിയോയിലൂടെ പൊതു ജനങ്ങളോട് ബോബി ചെമ്മണ്ണൂർ പറയുന്നത്. ഇപ്രാവശ്യം ജാക്കിവെച്ചില്ലെന്നും, മാന്യനാവാന്‍ വേണ്ടിയല്ല, ക്ഷാമമില്ലാത്തതു കൊണ്ടാണ് ചെയ്യാത്തതെന്നും കൂടി പറഞ്ഞു വെക്കുന്നുണ്ടദ്ദേഹം. താൻ കരുതുന്ന സമയത്ത് അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്ക് ആളെ കിട്ടിയില്ലേൽ വീണ്ടും ഈ ജാക്കി പ്രവൃത്തിയുമായി രംഗത്തു വരും എന്നും ആ പറച്ചിലിനെ വ്യാഖ്യാനിക്കാവുന്നതാണ്.

നിസ്സാരവത്കരണത്തിലൂടെ ക്രൈമിന് പൊതുസമ്മതി തേടുന്നതേതെല്ലാം വിധത്തിൽ
1.ആള്‍ക്കൂട്ടത്തില്‍ കയറി മുന്നിലുള്ളയാളുടെ സമ്മതമില്ലാതെ തന്റെ ലിംഗത്തെ മറ്റുള്ളവര്‍ക്കിടയില്‍ കുത്തികയറ്റുന്നതാണല്ലോ ജാക്കി വെക്കല്‍. അത് കുസൃതിയല്ല പകരം ലൈംഗിക കുറ്റകൃത്യമാണെന്ന് അറിവില്ലാത്തയാളൊന്നുമല്ല ബിസ്സിനസ്സുകാരനായ ബോബി ചെമ്മണ്ണൂര്‍. പക്ഷെ ഇത്രയധികം പണം സമ്പാദിച്ച് സോഷ്യല്‍ മീഡിയയില്‍ 2.3 മില്ല്യണ്‍ ആരാധകവൃന്ദമുള്ള താനടക്കമുള്ളവര്‍ ഇതെല്ലാം ചെയ്താണ് ഇവിടെവരെ എത്തി എന്ന സാമാന്യവത്കരണമാണ് ആ വീഡിയോയിലൂടെ അദ്ദേഹം മുന്നോട്ടുവെക്കുന്നത്. അതിലൂടെ ഈ പ്രവൃത്തിയെ വെള്ളപൂശാനുള്ള അപകടവും പതിയിരിക്കുന്നുണ്ട്. മുമ്പും ഇത്തരത്തിലുള്ള വഷളത്തരവും സ്ത്രീവിരുദ്ധ പ്രസ്താവനകളും നടത്തിയിട്ടുണ്ടെങ്കിലും ഒരു ലൈംഗിക കുറ്റകൃത്യത്തെ താൻ പണ്ട് ചെയ്ത, ഇനിയും ചെയ്യാൻ സാധ്യതയുള്ള കുസൃതിയായി അവതരിപ്പിച്ചതാണ് അതിനെ കൂടുതൽ അപകടകരമാക്കുന്നത്.
2.പൂരവും ആഘോഷങ്ങളും നടക്കുന്ന തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഇതെല്ലാം സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അതിനാല്‍ സംഭവിക്കാതിരിക്കണമെങ്കില്‍ വേണമെങ്കില്‍ നിങ്ങള്‍ വരാതിരിക്കുക എന്ന വ്യംഗ്യാര്‍ഥം കൂടിയുണ്ട് ഈ പറച്ചിലിനു പിന്നില്‍. ഇനി അഥവാ ഏതെങ്കിലും സ്ത്രീ വന്ന് വല്ല രീതിയിലും ലൈംഗിക കയ്യേറ്റത്തിന് ഇരയായാല്‍ ജാക്കി വെക്കുന്ന ഇടമാെണ് ഈ ആള്‍ക്കൂട്ടമെന്ന് അറിഞ്ഞിട്ടും അത് കാണാന്‍ വന്നിട്ടുള്ള സ്ത്രീയായി അവരെ ഷെയിം ചെയ്യാനുള്ള അവസരം കൂടിയാണ് തന്റെ പ്രസ്താവനയിലൂടെ അദ്ദേഹം ഒരുക്കി കൊടുക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചെയ്ത, ചെയ്യാനിരിക്കുന്ന കുറ്റകൃത്യത്തില്‍ നിന്ന് ഊരാനുള്ള സൈക്കോളജിക്കല്‍ മൂവ്.
3. ഭാവിയില്‍ ആരെങ്കിലും അതിക്രമ ആരോപണവുമായി വരുന്നതിനെ മുളയിലേ നുള്ളുക എന്ന ഒരു ലക്ഷ്യം കൂടിയുണ്ട് ഈ ലളിതവത്കരണത്തിന് പിന്നിൽ. ഇനി ആരോപണം ഉയർത്തി ഏതെങ്കിലും ഒരു സ്ത്രീ മുന്നോട്ടു വന്നാൽ തന്നെ നേരത്തെ ഞാനിതൊക്കെ സമ്മതിച്ചിട്ടുണ്ടല്ലോ. ഇതെല്ലാം കൗമാരക്കാലത്ത് ചെയ്ത കുസൃതിയല്ലേ എന്നുള്ള നിസ്സാരവത്കരിക്കലിലൂടെ ഒരു മുന്‍കൂര്‍ ജാമ്യമെടുക്കലും തേടുന്നു ആ പ്രസ്താവന..
ഞാനിതൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ഇനി നിങ്ങളുദേശിച്ച ജാക്കിയല്ല ഞാനുദ്ദേശിച്ചതെന്നും പറഞ്ഞ് മുമ്പോട്ടു വന്നാലും ചുരുങ്ങിയത് മാപ്പ് പറയണം എന്ന മാന്യത ശ്രീ ബോബി ചെമ്മ്ണ്ണൂര്‍ കാട്ടിയേ മതിയാവൂ. ഈ വ്യാഖ്യാനങ്ങളൊന്നും അയാള്‍ ഉദ്ദേശിച്ചു കാണില്ല എന്ന നൂറായിരം ന്യായീകരണ മറുപടികള്‍ ഇയാളുടെ പ്രവൃത്തിയില്‍ കാണുന്നവരുണ്ടാകും. എന്നാൽ ആ ന്യായീകരണ പ്രസ്താവനകൾ തന്നെ അയാളുടെ ഉദ്ദേശം നടപ്പിലായിക്കഴിഞ്ഞു എന്നതിന്റെ പ്രഥമ ഉദാഹരണങ്ങളാണ്. മാത്രവുമല്ല ഇതൊന്നും പ്രതികരിക്കേണ്ട പോലും വിഷയമല്ല എന്നു കരുതുന്ന 97000 പേരുകൾ ആ വീഡിയോക്ക് ഇതിനോടകം ലൈക്കും നൽകി അതിന് പൊതു സമ്മതി നേടിയിരിക്കുന്നു. ആ വീഡിയോക്ക് കീഴെ "ജാക്കി"ച്ചായന്‍ മുത്താണ് എന്ന തരത്തിലേക്ക് ഒരു ഹീനമായ കുറ്റകൃത്യത്തെ നിസ്സാരവത്കരിച്ചു വരുന്ന നൂറ് കണക്കിന് കമന്റുകള്‍ സാംസ്കാരിക കേരളത്തിന്റെ പുരോഗമന വിരുദ്ധ, സ്ത്രീവിരുദ്ധ മുഖമാണ് വെളിവാക്കിക്കൊണ്ടിരിക്കുന്നത്.
ചില കണക്കുകള്‍
1971ല്‍ ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 29.4 ശതമാനമായിരുന്നെങ്കില്‍ 1997ലെത്തുമ്പോള്‍ 28.4 ശതമാനമായി കുറയുകയാണ് ചെയ്തത്. ഇന്ത്യയില്‍ തൊഴിലിടത്തിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തില്‍ വര്‍ധനവുണ്ടായില്ലെന്ന് മാത്രമല്ല പതിറ്റാണ്ടുകളായി ഏതാണ്ട് ഒരേ കണക്കില്‍ തന്നെയാണ് അതെത്തി നില്‍ക്കുന്നത്. എന്‍എഫ്എച്ചഎസ് 5 റിപ്പോര്‍ട്ട് പ്രകാരം സര്‍വ്വേ കാലയളവില്‍ കേരളത്തിലെ 25 ശതമാനം സ്ത്രീകള്‍ മാത്രമാണ് തൊഴിലെടുത്ത് സ്വന്തമായി സമ്പാദിക്കുന്നവരായുണ്ടായിരുന്നു. പല ഘടകങ്ങളുണ്ട് സ്ത്രീകളുടെ തൊഴില്‍ പ്രാതിനിധ്യമില്ലായ്മയ്ക്കു പിറകില്‍. വിവാഹശേഷമുള്ള കൂടുമാറല്‍, പ്രസവം, തൊഴില്‍ വിഭജനത്തിലെ വിവേചനങ്ങള്‍ തുടങ്ങീ ഒട്ടേറെയാണവ. അതിലൊന്നാണ് തൊഴിലിടങ്ങളോ പൊതുവിടങ്ങളോ സ്ത്രീ സുരക്ഷിതമല്ല എന്ന വീട്ടുകാരുടെയോ സ്വയമേവയോ ഉള്ള തോന്നലില്‍ നിന്നുണ്ടാകുന്ന സ്ത്രീകളുടെ തൊഴില്‍ നഷ്ടങ്ങൾ. അഭിനയ തൊഴിലില്‍ ശോഭിക്കണമെങ്കില്‍ ഇംഗിതങ്ങള്‍ക്ക് വഴങ്ങി കൊടുക്കണമെന്ന് പറയുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുന്നവരും പൊതുവിടങ്ങളില്‍ എത്തുന്ന സ്ത്രീകളെ ജാക്കിവെച്ച് ആനന്ദിക്കാന്‍ വരുന്ന ബോബി ചെമ്മണ്ണൂരിനെപ്പോലുള്ളവരും ആ തൊഴില്‍ നഷ്ടങ്ങള്‍ക്കും സ്ത്രീകളുടെ സാമൂഹിക ജീവിത നഷ്ടത്തിനും ഉത്തരവാദികളാണ്. അതിനാല്‍ ഒരു സ്ത്രീയെ അവരുടെ ഇഷ്ടമില്ലാതെ സ്പര്‍ശിക്കുകയോ അതിലൂടെ ആനന്ദം കണ്ടെത്താന്‍ പൊതുവിടങ്ങളില്‍ ശ്രമിക്കുകയോ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകൃത്യമാണെന്ന് മാത്രമല്ല സ്ത്രീകളെ ഒരു സമൂഹത്തില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്ന നിലപാടെടുത്ത സാമൂഹിക ദ്രോഹം കൂടിയായും അത് മാറുന്നു. ഇനി അഥവാ കൗമാരപ്രായത്തിൽ ചെയ്ത തിരുത്തേണ്ടുന്ന ഒരു തെറ്റായി അങ്ങ് ക്ഷമിച്ചേക്കാം എന്ന കരുതിയാലും. പണ്ട് ചെയ്ത തെറ്റിനെ മഹത്വവത്കരിക്കുക മാത്രമാണ് ക്ഷാമമില്ലാതെ സ്ത്രീകളെ കിട്ടുന്നത് കൊണ്ടാണ് അത്തരം കുറ്റകൃത്യങ്ങൾ ചെയ്യാത്തതെന്ന ക്രൂരമായ നിസ്സാരവത്കരണവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

മീടുവിനെ കളിയാക്കല്‍ നിഷ്‌കളങ്കമല്ല
2000ത്തിന്റെ തുടക്കത്തിലിലാണ് തരാന ബുര്‍ക്കെ എന്ന അമേരിക്കന്‍ ആക്ടിവിസ്റ്റ് ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായ സ്ത്രീകള്‍ക്ക് ധൈര്യം പകരാനായി മിടൂ എന്ന വാക്കിലൂടെ അവരെ പരസ്പരം ബന്ധിക്കുന്ന മുന്നേറ്റം തുടങ്ങിയത്. 2017ല്‍ ആ വാക്ക് കടം കൊണ്ട് നടിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അലീസ മിലാനോ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ എന്ന വമ്പന്‍ നിര്‍മ്മാതാവിനെതിരേ മിടൂ ആരോപണവുമായി രംഗത്ത് വന്നത്. തുടർന്ന് നൂറിലധികം സ്ത്രീകളാണ് ഹാര്‍വ്വി വെയിന്‍സ്റ്റീന്‍ തങ്ങളോട് ചെയ്ത ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് പുറത്തേക്ക് വന്നത്. ഒരു പക്ഷെ മിടൂ എന്ന മുന്നേറ്റത്തിന് തുടക്കം കുറിക്കാനായിരുന്നില്ലെങ്കിൽ അവസരങ്ങൾ തേടിയെത്തുന്ന സ്ത്രീകൾക്ക് നേരെ ഹാർവ്വി വെയിൻസ്റ്റേന്റെ നടത്തുന്ന വേട്ട നിർബാധം തുടർന്നേനെ. ലൈംഗികാതിക്രമത്തിന് വിധേയയായ ഒരു സ്ത്രീ വര്‍ഷങ്ങള്‍ കടന്ന് പരാതി നല്‍കിയാലും അത് സ്വീകരിക്കാമെന്ന് പറയുന്ന നിയമവും കോടതിയും നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ലോകമാകമാനമുള്ള സ്ത്രീകളുടെ സാമൂഹികാവസ്ഥ മനസ്സിലാക്കിയാണ് ഇത്തരമൊരു നിയമ നിർമ്മാണം നടത്തിയതും. ലൈംഗികാതിക്രമത്തിന് വിധേയയായ സ്ത്രീ അത് തുറന്നു പറഞ്ഞാല്‍ അവരുടെ ജീവിതം ഒരിക്കലും പഴയപോലെയല്ല എന്നതിന് നമ്മുടെ മുന്നില്‍ അനേകം ഉദാഹരണങ്ങളുമുണ്ട്. പ്രമാദമായ ബലാത്സംഗക്കേസുകളിലെ പെണ്‍കുട്ടികള്‍ തങ്ങള്‍ താമസിച്ചിരുന്ന ഇടം വിട്ട് പലായനം ചെയ്ത് മറ്റിടങ്ങളിലേക്ക് കൂടുമാറേണ്ടി വന്നത് ആ തുറന്നു പറച്ചില്‍ ഉണ്ടാക്കുന്ന ആഘാതം വിളിച്ചോതുന്നതാണ്. അത്തരത്തില്‍ കുടുംബത്തിന്റെ മാനം പേറി, തങ്ങൾ നേരിട്ട ലൈംഗികാതിക്രമം തുറന്നു പറയാതെ ജീവിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുണ്ട് നമുക്ക് ചുറ്റും. 50 ശതമാനത്തിലധികം സ്ത്രീകള്‍ തങ്ങൾ നേരിട്ട ലൈംഗിക കുറ്റകൃത്യത്തെ കുറിച്ച് തുറന്നു പറയാത്തവരാണെന്ന കണക്കുകളും നമുക്ക് മുന്നിലുണ്ട്. ഈ സാമൂഹിക ദുര്‍വിധിയെ അതിജീവിക്കാനുള്ള ഒരു വലിയ ഉപായം തന്നെയാണ് അമേരിക്കയിൽ തുടങ്ങിവെച്ച മിടൂ മുന്നേറ്റം. ഇന്ത്യയിലെയും കേരളത്തിലെയും ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമത്തെ തുറന്ന് പറഞ്ഞ് ആ ട്രോമയിൽ നിന്ന് കരകയറിയത് മിടൂവിന്റെ ചുവടുപിടിച്ചാണ്.. ഇതാണ് നിലവിലെ സാമൂഹിക സാഹചര്യമെന്ന അവസ്ഥ നിലനില്‍ക്കെയാണ് പൊതുജനങ്ങളില്‍ സ്വാധീന ശക്തിയുള്ള മുഖങ്ങള്‍ മിടൂ പരിഹാസവുമായി മുന്നോട്ടു വരുന്നത്.
പണ്ടൊക്കെ മിടൂ ഉണ്ടായിരുന്നെങ്കില്‍ ഞാനൊക്കെ പെട്ട് ഇപ്പോള്‍ പുറത്ത് പോലും വരില്ലായിരുന്നു എന്നാണ് പൊട്ടിച്ചിരിച്ചു കൊണ്ട് ധ്യാന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്. ചോദ്യം ചോദിച്ച കണ്ടന്റ് ക്രിയേറ്ററാവട്ടെ കൂടെ ചിരിച്ച് അതിനെ ശരിവെച്ചു കൊടുക്കുകയും ചെയ്തു.

മിടൂവിനെതിരേ സംസാരിക്കുമ്പോള്‍ തനിക്കൊപ്പം ഒരാള്‍ക്കൂട്ടമുണ്ടാകുമെന്ന കരുത്താണ് പരിഹാസരൂപേണ സംസാരിക്കാന്‍ ധ്യാനിനെപ്പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നത്. താന്‍ ചെയ്തത് മോഷണമായിരുന്നെങ്കില്‍ ഇത്ര തമാശരൂപേണ ധ്യാന്‍ കുറ്റസമ്മതം നടത്തുമായിരുന്നോ?. മീടൂ ആകുമ്പോള്‍ തനിക്കെതിരേ കുറെയേറെ പേര്‍ ഒപ്പമുണ്ടാകും എന്ന ആത്മ വിശ്വാസത്തിലൂന്നി കൊണ്ടു തന്നെയാണ് ധ്യാന്‍ ആ പരിഹാസ വര്‍ത്തമാനം പറഞ്ഞത്. ആ പരിഹാസത്തിലൂടെ വർഷങ്ങളോളം ട്രോമയിൽ നിന്ന് പുറത്തു കടക്കാൻ ആർജ്ജിച്ച സ്ത്രീകളെയും കുട്ടികളെയും കൂടിയാണ് ധ്യാൻ അറിഞ്ഞോ അറിയാതെയോ പരിഹസിച്ചിരിക്കുന്നത്
ആ ചിരിക്ക് ക്ഷമാപണം നടത്തിയെങ്കിലും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്ന പ്രസ്താവന വീണ്ടും താൻ ചെയ്ത തെറ്റിനെ ആവർത്തിച്ച് ശരിയാക്കാനുള്ള ശ്രമമായേ കാണാൻ പറ്റൂ. താൻ പണ്ട് തെറ്റ് ചെയ്തു ഇനി അത് ചെയ്യില്ല എന്ന തരത്തിൽ I will never do that എന്ന ഹാഷ്ടാഗുമായി മുന്നോട്ടു വരുമെന്ന വാദവും ധ്യാൻ മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ I will never do that എന്ന ഹാഷ്ടാഗ് തങ്ങള്‍ സത്രീകളോട് മോശമായി ഒന്നും ചെയ്യില്ല എന്ന പ്രതിജഞയിൽ ഒതുങ്ങില്ല എന്നതാണ് അതിലെ അപകടം. പകരം തങ്ങള്‍ പണ്ട് ചെയ്ത ക്രൈമിനെ നിസ്സാരവത്കരിക്കാന്‍ ആ ടാഗ് ലൈന്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയാണേറെയും.
അഭിമുഖത്തിൽ മിടൂവിനെകുറിച്ച പറയുമ്പോൾ താൻ ചിരിച്ചത് ചെയ്ത പഴയ കാല കുസൃതികളോര്‍ത്താണെന്നും ധ്യാന്‍ ന്യായീകരിക്കുന്നുണ്ട്. ധ്യാന്‍ പലതും ഉദ്ദേശിച്ചിട്ടുണ്ടാവില്ല. പക്ഷെ സ്ത്രീകളോ കുട്ടികളോ നേരിട്ട ലൈംഗികാതിക്രമങ്ങളുമായോ മിടൂവുമായോ ബന്ധപ്പെട്ട് സംസാരിക്കുമ്പോള്‍ തന്റെ പഴയ കാല തമാശകളോര്‍ക്കുന്നത് തന്നെ ആ വിഷയത്തോടുള്ള ഗൗരവമില്ലായ്മയാണ്. തിര സിനിമക്ക് വേണ്ടി ഇത്തരം നിരവധി സ്ത്രീ പ്രശ്നങ്ങളെ കുറിച്ച് വായിച്ചു മനസ്സിലാക്കി എന്ന് പറയുന്നുണ്ടെങ്കിലും അത് ബോധ്യപ്പെട്ടുള്ള പെരുമാറ്റമായി ധ്യാനിന്റെ രണ്ട് അഭിമുഖങ്ങളും അനുഭവപ്പെടുന്നില്ല എന്നതാണ് ദുഃഖകരം.

മിടൂവുമായി ബന്ധപ്പെട്ട് ധ്യാൻ ഉയർത്തിയ ചിരിക്കുള്ള ഊർജ്ജം പരാതിക്കാരിക്കെതിരേ സൈബർക്കൂട്ടത്തെ ബുള്ളിയിങ്ങാനിയ തുറന്നു വിട്ട വിജയ്ബാബുവിൽ നിന്ന് പ്രവഹിക്കുന്നതാണ്. ജാക്കിപരിഹാസമായും ലൈംഗിക കുറ്റകൃത്യങ്ങളെ നിസ്സാരവത്കരിക്കുന്ന തമാശകളായും ഇവയെല്ലാം ഇനി അന്തരീക്ഷത്തിൽ പലവരിലൂടെയും ഉയർന്നു കേൾക്കും. തത്വത്തിൽ മിടൂവിന്റെ അടിവേരറക്കുക എന്നതാണ് ഈ പ്രസ്താവനകളുടെ അവതാര ലക്ഷ്യങ്ങൾ, നേരത്തെ പറഞ്ഞതു പോലെ വെടക്കാക്കിതനിക്കാക്കുക അഥവാ നിസ്സാരമാക്കി വീര്യംകെടുത്തുക എന്നത് തന്നെ.
പൂരപ്പറമ്പിലെയും ബസ്സിലെയും വീട്ടിനകത്തെയും എന്തിന് സ്‌കൂളിലെത്തിയാല്‍ അവിടുത്തെ അധ്യാപകരുടെയും ലൈംഗിക നോട്ടങ്ങളെയും അതിക്രമങ്ങളെയും അതിജീവിച്ച് കൊണ്ടാണ് നിങ്ങളിന്ന് കാണുന്ന പല സ്ത്രീകളും പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും സാന്നിധ്യ മറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ യാത്രകളെ ലൈംഗികമായി അതിക്രമിച്ച് തടസ്സപ്പെടുത്തുന്നവരും ആ പോരാട്ടങ്ങളെ തുറന്നു പറയുന്നവരെ പരിഹസിച്ച് ചിരിക്കുന്നവരും സമൂഹവിരുദ്ധരാണ്. അവരെ തുറന്നു കാട്ടിയേ മതിയാവൂ #ShameThePervert
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..