വിവാഹത്തിനുള്ള ഗ്രേസ് മാർക്കല്ല വിദ്യാഭ്യാസം


അപർണ്ണ വിശ്വനാഥൻ

ഒരു നല്ല പങ്കാളിയെ കിട്ടാനാണ് വിദ്യാഭ്യാസം സഹായിക്കുകയെന്ന തെറ്റായ ബോധ്യങ്ങളാണ് പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. അങ്ങനെ പെണ്‍കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്തുന്നത് വിവാഹം കഴിപ്പിച്ചയക്കാനും കുടുംബം നോക്കാനും കുട്ടികളെ വളര്‍ത്താനുമാണെന്നും സമൂഹം ആവര്‍ത്തിക്കുന്നു

Illustration: Vignesh Vishwan

ക്ഷിതാക്കളുടെ സ്വത്തിനുമേല്‍ അവകാശമില്ലാതിരുന്ന പെണ്‍മക്കള്‍ക്ക് ചെറിയരീതിയിലെങ്കിലും നീതി ഉറപ്പാക്കാന്‍വേണ്ടി തുടങ്ങിവെച്ചതായിരുന്നു സ്ത്രീധനസമ്പ്രദായം. ഒരുകാലത്ത് പുരുഷന്റെ ആശ്രിത മാത്രമായി പരിമിതപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക്് സാമ്പത്തിക സ്വാതന്ത്ര്യവും ഭര്‍ത്തൃവീട്ടില്‍ പരിഗണനയും ശബ്ദവും ലഭിക്കാനായി രക്ഷിതാക്കള്‍ നല്‍കിയിരുന്ന നിക്ഷേപമായിരുന്നു സ്ത്രീധനം. എന്നാല്‍, പില്‍ക്കാലത്ത്് ഈ സമ്പ്രദായം വരന്റെ വീട്ടുകാര്‍ക്ക് ഒരു ധനസമാഹരണത്തിനുള്ള ഉപാധിയാവുകയും സ്ത്രീധനം ആവശ്യപ്പെടുന്ന രീതിയിലേക്ക്് ചില സമൂഹങ്ങള്‍ ചുരുങ്ങുകയുമായിരുന്നു. അതായത്, അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ എന്താണോ സ്ത്രീധനംകൊണ്ട് ലക്ഷ്യംവെച്ചത് അതിന് നേര്‍വിപരീതമായി സ്ത്രീധനസമ്പ്രദായം പരിണമിച്ചു എന്നു സാരം.

ഇന്ത്യയില്‍ത്തന്നെ ഒട്ടേറെ പെണ്‍ ഭ്രൂണഹത്യകളിലേക്കു നയിച്ച ഒരു സാമൂഹിക വിപത്തുകൂടിയായി സ്ത്രീധനം പിന്നീട് മാറി. അങ്ങനെയാണ് ഗര്‍ഭാവസ്ഥയിലെ ലിംഗനിര്‍ണയം കുറ്റകൃത്യമായി കണക്കാക്കി നിയമനിര്‍മാണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും. പലവിധ ബോധവത്കരണങ്ങളിലൂടെ സ്ത്രീധനസമ്പ്രദായം കുറഞ്ഞുവരുന്നുണ്ടെങ്കിലും സ്ത്രീയെ വില്‍പ്പനച്ചരക്കായിത്തന്നെയാണ് സമൂഹം ഇന്നും കാണുന്നത്.

അന്തസ്സളക്കുന്ന സ്വര്‍ണം

സ്വര്‍ണത്തിനോടുള്ള മോഹവും ഭ്രമവും ഇന്ത്യയില്‍ എല്ലായിടത്തുമുണ്ട്. അതിന്റെ ഭീമമായ വിലപോലും കുടുംബങ്ങള്‍ക്ക് ആ ലോഹത്തോടുള്ള ഭ്രമം കുറച്ചില്ല. ആഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും ഒരു കുടുംബത്തിന്റെ അന്തസ്സിനെ നിര്‍ണയിക്കുന്ന പ്രതീകമായിമാറി സ്വര്‍ണം ധരിച്ച മേനികള്‍.

ഒരു പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍തന്നെ അവളുടെ വിവാഹത്തിന് കരുതിവെക്കേണ്ടു സ്വര്‍ണത്തെക്കുറിച്ചും ആവശ്യമായ ചെലവുകളെക്കുറിച്ചും ഒക്കെയുള്ള ആശങ്കകളും മറ്റും വീട്ടകങ്ങളിലെ വര്‍ത്തമാനങ്ങളില്‍ കടന്നുവരുകയാണ്. തങ്ങളുടെ ലിംഗസ്വത്വത്തെപ്പറ്റി കുട്ടികള്‍ സ്വയം തിരിച്ചറിയുന്നതിനും അതേപ്പറ്റി ചിന്തിക്കുന്നതിനും മുമ്പുതന്നെയാണ് ഈ ചര്‍ച്ചകള്‍ ഉണ്ടാകുന്നത്. സമ്പത്തിന്റെ പ്രദര്‍ശനത്തിനായുള്ള ഉപാധിയായി വിവാഹവേദികളെ കാണാന്‍ പുരോഗമന ചിന്ത വെച്ചുപുലര്‍ത്തുന്ന പെണ്‍കുട്ടികളെപ്പോലും പലപ്പോഴും പ്രേരിപ്പിക്കുന്നത് അവരില്‍ ചെറുപ്പകാലംതൊട്ട് ഊട്ടിയുറപ്പിക്കപ്പെട്ട ഇത്തരം തെറ്റായ ബോധ്യങ്ങളാണ്.

പെണ്‍കുട്ടികളെ അവര്‍ക്കിഷ്ടപ്പെട്ട വിദ്യാഭ്യാസം നേടാനും സ്വയം പര്യാപ്തരാക്കാനും ലോകം കാണാനുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കള്‍ നമ്മുടെ സമൂഹത്തില്‍ വിരളമാണ്. പെണ്‍കുട്ടികള്‍ ബിരുദം നേടുന്നതുപോലും സ്വന്തം കാലില്‍ നില്‍ക്കാനായല്ല, മറിച്ച് യോഗ്യതയ്ക്കനുസരിച്ചുള്ള വരനെ ലഭിക്കാന്‍വേണ്ടി മാത്രമാണെന്നുള്ള സംസാരങ്ങളാണ് വീട്ടകങ്ങളില്‍ നടക്കുന്നത്. ഒരു നല്ല പങ്കാളിയെ കിട്ടാനാണ് വിദ്യാഭ്യാസം സഹായിക്കുകയെന്ന തെറ്റായ ബോധ്യങ്ങളാണ് പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. അങ്ങനെ പെണ്‍കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്തുന്നത് വിവാഹം കഴിപ്പിച്ചയക്കാനും കുടുംബം നോക്കാനും കുട്ടികളെ വളര്‍ത്താനുമാണെന്നും സമൂഹം ആവര്‍ത്തിക്കുന്നു.

വിവാഹം കഴിക്കുന്നതുവരെ അച്ചടക്കത്തോടെ നടക്കണമെന്നും വിവാഹം കഴിഞ്ഞ് എന്തുമാവാമെന്നും പറയുന്ന രക്ഷിതാക്കളെയാണ് കൂടുതലായി നമ്മള്‍ കണ്ടുവരുന്നത്. ഒരു പടികൂടിക്കടന്നു പറഞ്ഞാല്‍, പെണ്‍കുട്ടിയുടെ സംരക്ഷണം വിവാഹം കഴിയുന്നതുവരെ അച്ഛനാണെന്നും അതുകഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ 'തലവേദന'യായിക്കൊള്ളുമെന്നും ചിന്തിക്കുന്നവരുമുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഒരു സ്ത്രീയുടെ സ്വത്വവും വ്യക്തിത്വവും സ്വഭാവവും പുരുഷനെ തൃപ്തിപ്പെടുത്താനുള്ളതാണെന്ന പ്രതിലോമകരമായ ആശയങ്ങള്‍ പേറുന്നവരും നമ്മുടെ ചുറ്റിലുമുണ്ട്...

അങ്ങനെ ആരുടെയൊക്കെയോ പ്രതീക്ഷകള്‍ക്കൊത്ത്് ജീവിതം ജീവിച്ചുതീര്‍ക്കാന്‍ സ്ത്രീകള്‍ വിധിക്കപ്പെടുകയാണ്. വിവാഹബന്ധങ്ങളില്‍ നേരിടുന്ന അക്രമങ്ങളും പീഡനങ്ങളും നിശ്ശബ്ദമായി സഹിക്കാനും പൊരുത്തപ്പെടാനും അവര്‍ ഇതുമൂലം നിര്‍ബന്ധിതരാവുന്നു. ശാരീരികവും മാനസികവും വൈകാരികവുമായ അതിക്രമങ്ങളെയും അധിക്ഷേപങ്ങളെയും സൈബര്‍ ആക്രണങ്ങളെയും എതിര്‍ക്കാനും പ്രതികരിക്കാതിരിക്കാനുമല്ല പകരം മറച്ചുപിടിക്കാനാണ് സ്ത്രീകളെ ഇത്തരം സാമ്പ്രദായിക ഭാരങ്ങള്‍ നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിവാഹമോചനവും തകരുന്ന ദാമ്പത്യങ്ങളും കുടുംബത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന വര്‍ത്തമാനങ്ങള്‍ അവരെ സമ്മര്‍ദത്തിലാക്കുകയും അവര്‍ നിശ്ശബ്ദതപാലിക്കാന്‍ നിര്‍ബന്ധിതരുമാകുന്നു.

പെണ്‍മക്കളോടുള്ള സ്‌നേഹപ്രകടനമെന്നോണം നടക്കുന്ന വിവാഹസമയത്തെ സ്വര്‍ണാഭരണ പ്രദര്‍ശനത്തിനെതിരേ ഇനിയെങ്കിലും പുതുതലമുറ മുന്നോട്ടുവരേണ്ടതുണ്ട്. സ്ത്രീധനത്തിനും വിവാഹങ്ങളില്‍ സമ്പത്തിന്റെ പ്രദര്‍ശനത്തിനും വേണ്ടിയല്ല, വിദ്യാഭ്യാസത്തിനും സ്വാശ്രയത്വത്തിനും നൈപുണ്യത്തിനുമൊക്കെ വേണ്ടിയാണ് നമ്മളുടെ നിക്ഷേപങ്ങളും ഊര്‍ജവും ചെലവഴിക്കേണ്ടതെന്ന് ഇനിയെന്നാണ് നാം മനസ്സിലാക്കാന്‍പോകുന്നത്.

സ്വയംപര്യാപ്തരാവാതെ സുഷുപ്തിയിലാവുന്നവര്‍

ദുര്‍ബലവിഭാഗമെന്ന സമൂഹത്തിന്റെ തീര്‍പ്പിനെ നെഞ്ചേറ്റി ആ സൗഖ്യത്തില്‍ സുഷുപ്തിയിലാവുന്ന സ്ത്രീകളും നമുക്കിടയിലുണ്ട്. സ്ത്രീകളുടെ സമത്വത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള സമരങ്ങള്‍ ചുറ്റിലും നടക്കുമ്പോഴും സ്വന്തം ശബ്ദവും തീരുമാനവുമെല്ലാം വേണ്ടെന്നുവെച്ച്, രണ്ടാംനിരയായിത്തന്നെ തുടരാന്‍ തീരുമാനിച്ച ചിലര്‍. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിട്ടും പലചരക്കുകടയിലും ഡോക്ടറെ കാണാന്‍പോലും ഭര്‍ത്താവിന്റെയോ സഹോദരന്റെയോ പിതാവിന്റെയോ തുണയാവശ്യപ്പെടുന്ന കഴിവും വിദ്യാഭ്യാസവുമുള്ളവര്‍.

ഭര്‍ത്താക്കന്മാര്‍ വാഹനമോടിക്കാന്‍ അനുവദിക്കില്ലെന്നോ ആത്മവിശ്വാസമില്ലെന്നതോ ആയിരിക്കും അവരുടെ ഉടനടിയുള്ള മറുപടി. കരയില്‍ നിന്നുകൊണ്ട് നീന്തല്‍ പഠിക്കാനുള്ള പാഴ്ശ്രമംപോലെയാണത്. അധീശത്വസ്വഭാവം കാണിക്കുന്ന, അധികാരഭാവം കാണിക്കുന്ന പുരുഷന്‍മാരെക്കുറിച്ച്് പറയുന്നപോലെത്തന്നെ തനിക്ക് ഒറ്റയ്ക്കുചെയ്യാവുന്ന പലകാര്യങ്ങളും ചെയ്യാതെ ഭര്‍ത്താവിനെയും അച്ഛനെയും ആശ്രയിച്ച്് സുഖലോലുപരാവുന്ന, തന്റെ അവകാശങ്ങള്‍ സ്വമേധയാ വേണ്ടെന്നുവെക്കുന്ന സ്ത്രീകളെയും ഈ കൂട്ടത്തില്‍ നാം കാണേണ്ടതുണ്ട്.

അവസരങ്ങള്‍ ലഭിച്ചിട്ടും സ്വന്തം കഴിവുകള്‍ വിനിയോഗിക്കാതെ പങ്കാളികളുടെ നിഴലില്‍ ജീവിക്കാന്‍ താത്പര്യപ്പെടുന്ന ഒട്ടേറെ സ്ത്രീകള്‍ നമുക്കിടയിലുണ്ട്. പൊതുബോധത്തിനും പുരുഷാധിപത്യവ്യവസ്ഥിതിക്കും കീഴ്പ്പെടാതെ ധൈര്യപൂര്‍വം ജീവിക്കുന്ന സ്ത്രീകളെ അപഹസിക്കുന്ന സാമൂഹിക ദ്രോഹംകൂടി ഇത്തരം സ്ത്രീകള്‍ ചെയ്യുന്നു എന്നതാണ് നിര്‍ഭാഗ്യകരമായ കാര്യം.

തന്റെ പങ്കാളികളെ തുല്യരായി കാണുകയും അവരുടെ വ്യക്തിസ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ജീവിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്‍മാരെ പെണ്‍കോന്തനെന്നതരത്തില്‍ പരിഹസിക്കുന്നവരും കുറവല്ല.

പെണ്ണുകാണലെന്ന അപരിഷ്‌കൃത സമ്പ്രദായം

പെണ്‍കുട്ടിക്ക് പതിനെട്ട് തികയുമ്പോഴേക്കും കല്യാണ ആലോചനകളുടെയും അതിനെക്കുറിച്ചുള്ള അയല്‍വാസികളുടെയും ബന്ധുക്കളുടെയും നിര്‍ത്താതെയുള്ള ചോദ്യങ്ങളുടെയും വരവായി. ഈ സമ്മര്‍ദത്താല്‍ പഠനം അവസാനിപ്പിച്ച് ജോലിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് വിവാഹിതയായി ഒതുങ്ങിക്കഴിയാന്‍ പലപ്പോഴും സ്ത്രീകള്‍ നിര്‍ബന്ധിതരാവുകയാണ്.

പെണ്‍കുട്ടിയുടെ പ്രായം എത്ര കുറയുന്നുവോ, അത്രയും എളുപ്പമാണ് പല ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും അവരെ വശംവദരാക്കാനുള്ള സാധ്യതയും. 25 വയസ്സ് കഴിഞ്ഞ വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ക്ക് ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ പരത്തും. ആണ്‍കുട്ടികളെ ഈ സമ്മര്‍ദങ്ങളില്‍നിന്നെല്ലാം ഒഴിവാക്കുന്നു. ആണുങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വിവാഹിതരാവാനും വിവാഹം കഴിക്കാതിരിക്കാനും ഒറ്റയ്ക്ക് താമസിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ളപ്പോള്‍ അതേ തീരുമാനമെടുക്കുന്ന പെണ്ണുങ്ങള്‍ കുടുംബം തകര്‍ക്കുന്നവരും തന്നിഷ്ടക്കാരുമാവുന്നു.

ആണിനും പെണ്ണിനും എന്തിനാണ് രണ്ടു വിവാഹപ്രായം എന്നതും എന്തിനാണ് പെണ്ണുകാണല്‍ ചടങ്ങെന്ന അപരിഷ്‌കൃത സമ്പ്രദായമെന്നതും ഇതോടൊപ്പം ചോദിക്കേണ്ട ചോദ്യങ്ങളാണ്. വരനും ബന്ധുക്കളും ചേര്‍ന്ന് പെണ്ണിനെ അളക്കാനും പരിശോധിക്കാനുമുള്ള ആ നികൃഷ്ടമായ ചടങ്ങ് ഇന്നും തുടരുകയാണ്. ഒരു സ്ത്രീയുടെ സ്വത്വത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന സമ്പ്രദായമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും നമ്മള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

ലിംഗഭേദമെന്യേ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിക്കാനുള്ള പരമപ്രധാനമായ ഉപകരണം വിദ്യാഭ്യാസമാണെന്ന് ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും സമ്പാദിക്കുന്നതിനും ചെലവഴിക്കുന്നതിനും സര്‍വോപരി സ്വയം തിരഞ്ഞെടുക്കുന്നതിനും കഴിയുന്നിടത്താണ് ആരോഗ്യകരമായ കുടുംബാന്തരീക്ഷങ്ങള്‍ ഉണ്ടാവുന്നത്. സ്ത്രീ ബഹുമാനിക്കപ്പെടണമെങ്കില്‍ സ്വന്തമായി തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സാമ്പത്തികവും മാനസികവുമായ സ്വാതന്ത്ര്യമാണ് അവള്‍ ആദ്യം നേടേണ്ടത്. അതിനുവേണ്ട അറിവും കരുത്തും മുന്‍ഗണനകളും

സ്വന്തം കഴിവുകള്‍ മനസ്സിലാക്കാനും വിലയിരുത്താനുമുള്ള കഴിവുമെല്ലാം പ്രായത്തിനൊപ്പം ആര്‍ജിക്കാവുന്നതേയുള്ളൂ. ആണ്‍കുട്ടികളെപ്പോലെതന്നെ സ്വന്തം പ്രായവും ഇടവും തിരഞ്ഞെടുക്കാനും ആസ്വദിക്കാനുമുള്ള അവകാശവും അര്‍ഹതയും നമ്മുടെ പെണ്‍കുട്ടികള്‍ക്കും ഉണ്ട്, ഉണ്ടാവണം.

(സാമൂഹികവൈകാരിക പഠനമേഖലയില്‍പ്രവര്‍ത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ് ലേഖിക)

content highlights: Girls education and marriage in India, Mattam Manobhavangal 4

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented