ജയിലില്‍നിന്ന് ജീവിതത്തിന്റെ വിളകള്‍ക്ക് വിത്ത്‌ പാകിയ മനുഷ്യന്‍ | അതിജീവനം 50


എ.വി. മുകേഷ്

5 min read
Read later
Print
Share

ശരികളെക്കാള്‍ തെറ്റുകള്‍ കാണുന്ന സമൂഹത്തിന് സൗമ്യനെ ഉള്‍ക്കൊള്ളാനായില്ല എന്നതാണ് വാസ്തവം. ഗ്രാമത്തിന്റെ അവജ്ഞയോടെയുള്ള ഓരോ നോട്ടങ്ങളും അത്രത്തോളം നെഞ്ച് തുളക്കുന്നതായിരുന്നു. അങ്ങനെയാണ് കൊല്ലത്തെ പുനലൂരിനടുത്തുള്ള ഗ്രാമത്തില്‍നിന്ന് ഒറ്റപ്പെട്ട ജീവിതവഴികളിലേക്ക് സൗമ്യന്‍ യാത്ര തിരിച്ചത്.

-

തീര്‍ത്തും അവിചാരിതമായി സംഭവിച്ച കൈപ്പിഴയായിരുന്നു കൊലപാതകത്തില്‍ ഒന്നാം പ്രതിയാക്കിയത്. ചായക്കടയില്‍ വച്ചുണ്ടായ ചെറിയ തര്‍ക്കമായിരുന്നു ചോരക്കളിയില്‍ അവസാനിച്ചത്. എനിക്ക് പ്രിയപ്പെട്ടതെല്ലാം ആ ഒറ്റ നിമിഷത്തില്‍ നഷ്ടപ്പെടുകയായിരുന്നു. പത്ത് വര്‍ഷത്തെ ജയില്‍വാസത്തിനുള്ളില്‍ എണ്ണിയാലൊടുങ്ങാത്ത തവണ മനസ്സില്‍ ആത്മഹത്യ ചെയ്തു. ആ ഒരു നിമിഷത്തെ അശ്രദ്ധയെ സ്വയം ശപിച്ചാണ് കാലങ്ങള്‍ തള്ളിനീക്കിയത്.

വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിലൂടെ സ്വയം നവീകരിക്കപ്പെട്ടിട്ടും സമൂഹത്തിനും കുടുംബത്തിനും അനഭിമതനായിരുന്നു സൗമ്യന്‍. ജയില്‍ജീവിതത്തിനുള്ളില്‍ അദ്ദേഹം അനുഭവിച്ചു തീര്‍ത്തത് സമാനതകളില്ലാത്ത ജീവിത ദുരിതങ്ങളാണ്. ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍പോലും സ്ഥാനമുണ്ടായിരുന്നില്ല. വീട്ടിലും നാട്ടിലും അന്യനായപ്പോഴാണ് ഒറ്റക്കു ജീവിക്കാന്‍ തീരുമാനിച്ചത്.

ശരികളെക്കാള്‍ തെറ്റുകള്‍ കാണുന്ന സമൂഹത്തിന് സൗമ്യനെ ഉള്‍ക്കൊള്ളാനായില്ല എന്നതാണ് വാസ്തവം. ഗ്രാമത്തിന്റെ അവജ്ഞയോടെയുള്ള ഓരോ നോട്ടങ്ങളും അത്രത്തോളം നെഞ്ച് തുളക്കുന്നതായിരുന്നു. അങ്ങനെയാണ് കൊല്ലത്തെ പുനലൂരിനടുത്തുള്ള ഗ്രാമത്തില്‍നിന്ന് ഒറ്റപ്പെട്ട ജീവിതവഴികളിലേക്ക് സൗമ്യന്‍ യാത്ര തിരിച്ചത്.

ജയിലിന് പുറത്ത് വീണ്ടും വര്‍ഷങ്ങളോളം സമാനസാഹചര്യത്തില്‍ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വന്നു. കാലം അദ്ദേഹത്തെ വീണ്ടും നിശബ്ദതയുടെ താഴ്‌വാരങ്ങളിലേക്ക് തളച്ചിടുകയായിരുന്നു. തോട്ടം പണിയും മറ്റുമായി കാലങ്ങള്‍ ഏറെ കഴിഞ്ഞു. അമ്മയെക്കാണാന്‍ വീടിന് പുറത്തു വന്നു പോകുന്നതൊഴിച്ചാല്‍ മനുഷ്യരുമായി മറ്റൊരു ബന്ധവും ഇല്ലാതായി. വര്‍ഷങ്ങള്‍ക്കു ശേഷം ഉറ്റവരെ കാണാന്‍ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ചെറിയൊരു കൂര വച്ചു കെട്ടി.

നാടുമായി മുറിഞ്ഞു പോയ ബന്ധം ഏറെക്കുറെ അതിലൂടെ സ്ഥാപിച്ചെടുക്കാന്‍ സാധിച്ചു. എങ്കിലും ജീവിതം പറിച്ചു നട്ട മരത്തിന്റെ അവസ്ഥയായിരുന്നു. പലതവണ ശ്രമിച്ചിട്ടും പഴയതുപോലെ വേരുകള്‍ സമൂഹത്തിലേക്ക് ആഴ്ത്താന്‍ സൗമ്യന് സാധിച്ചില്ല. ഒറ്റപ്പെട്ട ജീവിതം തന്നെയാണ് കൂടുതല്‍ നല്ലതെന്ന് ജീവിതപരിസരത്തുനിന്ന് മനസിലാക്കിയ സൗമ്യന്‍ കാടു കയറാന്‍ തീരുമാനിക്കുകയായിരുന്നു.

കാട്ടുമൃഗങ്ങളോടും മണ്ണിനോടും മല്ലിട്ട് അദ്ദേഹമിന്ന് ഉണ്ടാക്കി എടുത്തിരിക്കുന്നത് അവിശ്വസനീയമായ കൃഷിയിടമാണ്. തോല്‍ക്കാന്‍ തയ്യാറല്ലാത്ത മനസ്സുണ്ടെങ്കില്‍ പാറക്കെട്ടിലും നെല്ല് വിളയിക്കാം എന്നാണ് സൗമ്യന്‍ പറയുന്നത്. ലോകം മുഴുവന്‍ ഒറ്റപ്പെടുത്തിയിട്ടും മണ്ണില്‍ വസന്തം തീര്‍ത്ത അതിജീവനത്തിന്റ അസാമാന്യ കഥയാണ് അദ്ദേഹത്തിന് പറയാനുള്ളത്.

Soumyan
സൗമ്യനും ഭാര്യ സിന്ധുവും കൃഷിപ്പണിയില്‍.

ബാല്യവും ഓര്‍മ്മകളും

ഭാസ്‌കരന്റെയും മാലതിയുടെയും എട്ടു മക്കളില്‍ നാലാമനായിരുന്നു സൗമ്യന്‍. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയായ കൊല്ലംപാറയില്‍ ആയിരുന്നു കൃഷിയും നാട്ടുപണികളുമായി കുടുംബം കഴിഞ്ഞിരുന്നത്. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക അവസ്ഥയായതിനാല്‍ ബാല്യകാലം വലിയ കഷ്ടതകള്‍ ഇല്ലാതെ കടന്നു പോയിരുന്നു. കിലോ മീറ്ററുകള്‍ സഞ്ചരിച്ചു വേണം അക്കാലത്ത് മലയോര മേഖലയിലെ കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ എത്താന്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മഹാഭൂരിപക്ഷത്തിന് അത് സാധ്യമാകാറുമില്ല. അത്തരം പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് സൗമ്യന്‍ പുനലൂരില്‍നിന്നു ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തേക്കാള്‍ താല്‍പര്യവും മികവും കൃഷിയിലും മറ്റ് ജോലികളിലും ആയതിനാല്‍ തുടര്‍ന്ന് പഠിച്ചില്ല.

പിന്നീട് പൂര്‍ണ്ണമായും കൃഷിയുമായി ബന്ധപ്പെട്ട ജോലികളിലേക്ക് കടക്കുകയായിരുന്നു. വളരെ വേഗം തന്നെ തോട്ടം മേഖലയില്‍ സാധ്യമായ എല്ലാ ജോലികളും കൈപ്പിടിയില്‍ ആക്കി. ജോലിയോടുള്ള ആത്മാര്‍ത്ഥതയും സ്‌നേഹവും കാരണം എല്ലാവരുടെയും പ്രിയപ്പെട്ടവനായി. ഓരോ പ്രഭാതവും സന്തോഷത്തോടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോഴാണ് ജീവിതം തകിടം മറിച്ച ആ സംഭവം ഉണ്ടാകുന്നത്.

Soumyan
സൗമ്യനും ഭാര്യ സിന്ധുവും കൃഷിപ്പണിയില്‍.

ജയിലും ജീവിതവും

പതിവു പോലെ ജോലിക്കിടയില്‍ ചായകുടിക്കാനായി സമീപത്തുള്ള ചെറിയ ചായക്കടയിലേക്ക് പോയതായിരുന്നു. അവിടെവച്ച് അവിചാരിതമായി ഒരാളുടെ ദേഹത്ത് മുട്ടിയതുമായി ബദ്ധപ്പെട്ട് ഉണ്ടായ സംസാരം പിന്നീട് വഴക്കായി മാറുകയായിരുന്നു. വളരെ പെട്ടന്നാണ് അത് കയ്യാങ്കളിയിലേക്ക് എത്തിയതും അയാള്‍ക്ക് അപകടം സംഭവിക്കുന്നതും. മരണം സംഭവിച്ച ഉടന്‍തന്നെ സൗമ്യന്റെയും കൂടെയുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അങ്ങനെ അപ്രതീക്ഷിതമായി സംഭവിച്ച കൈപ്പിഴയില്‍ സൗമ്യന്‍ ഒന്നാം പ്രതിയായി.

കൊല്ലം സെഷന്‍സ് കോടതിയില്‍ നില്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന മനസ്സിന്റെ വിങ്ങല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്. ജീവപര്യന്തം തടവിന് വിധിച്ച് 1983-ല്‍ വിധിവന്നു. ശരീരവും മനസ്സും നിശ്ചലമായി ഏറെനേരം കോടതിക്കുള്ളില്‍ തന്നെ നിന്നു. പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ജീവിതത്തിന്റെ സുവര്‍ണ്ണകാലങ്ങള്‍ക്ക് അവിടെ പൂര്‍ണ്ണവിരാമമായി. ഇരുമ്പഴിക്കുള്ളിലൂടെ കാണുന്ന മുറിഞ്ഞ ആകാശം മാത്രമായിരുന്നു ഏറെ കാലത്തെ കാഴ്ച്ച. പിന്നീട് പതിയെ മനസ്സിനെ പാകപ്പെടുത്താന്‍ സ്വയം ശീലിച്ചു. ജയിലിനുള്ളിലെ ചെറിയ ജോലികളൊക്കെ ചെയ്യാന്‍ തുടങ്ങി. ബുക് ബൈന്‍ഡിങ് വിഭാഗത്തിലായി സ്ഥിരം ജോലി. മണ്ണില്‍ അധ്വാനിച്ചപോലെ അവിടെയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വൈകാതെ തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവനായി. ഏറ്റവും കൂടുതല്‍ ദിവസം ജോലി ചെയ്ത തടവുകാരനും അക്കാലത്ത് സൗമ്യന്‍ ആയിരുന്നു. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന് സഹതടവുകരുമായി മാനസികമായി പൊരുത്തപ്പെടാന്‍ സാധിച്ചിരുന്നില്ല. പ്രത്യേക ആവശ്യപ്രകാരം ഒറ്റക്ക് നില്‍ക്കാവുന്ന സെല്ലിലാണ് പിന്നീട് വര്‍ഷങ്ങളോളം കഴിഞ്ഞത്. കൂടുതല്‍ മാനസികമായി ശക്തിയാര്‍ജ്ജിക്കാനും മുന്നോട്ടുള്ള ജീവിതം സ്വപ്നം കാണാനും ആ ഏകാന്തവാസം വഴിവച്ചു.

പത്ത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നിയന്ത്രണങ്ങളുടെ മതിലുകള്‍ ഇല്ലാത്ത ലോകത്തെക്ക് വഴി തുറന്നു. സ്വയം നവീകരിക്കപ്പെട്ട പുതിയ മനുഷ്യനായി അദ്ദേഹം ജനിച്ച നാട്ടിലേക്ക് വണ്ടി കയറി. എന്നാല്‍ അസ്വസ്ഥതയുടെ മുഖങ്ങളായിരുന്നു ചുറ്റിലും. ജനിച്ചു വളര്‍ന്ന വീട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരു നിമിഷം പോലും തുടരാന്‍ കഴിയാതെ വന്നപ്പോള്‍ എങ്ങോട്ടെന്നില്ലാതെ വണ്ടി കയറി. അഞ്ച് വര്‍ഷത്തോളം നീണ്ടു ആ അജ്ഞാതവാസം.

Soumyan
സൗമ്യന്‍, ഭാര്യ സിന്ധു, മകള്‍ അഞ്ജന

മണ്ണും മനുഷ്യനും

വര്‍ഷങ്ങളോളം നീണ്ട അലച്ചിലിനൊടുവില്‍ നാട്ടില്‍തന്നെ തിരിച്ചെത്തി. വീടിനോട് ചേര്‍ന്ന് ചെറിയൊരു ഷെഡ്ഡ് കെട്ടി താമസം ആരംഭിച്ചു. കിട്ടാവുന്ന ചെറിയ നാട്ടുപണികളൊക്കെ ചെയ്ത് മുന്നോട്ട് പോകാം എന്നാണ് കരുതിയതെങ്കിലും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. പ്രതിസന്ധികള്‍ മലപോലെ മുന്നില്‍ ഉണ്ടായിരുന്നു. അപ്പോഴാണ് കൈതാങ്ങായി മൂത്ത ജ്യേഷ്ഠനായ സത്യന്‍ കൂടെനിന്നത്. കയ്യില്‍ അവശേഷിച്ച പണവും ജ്യേഷ്ഠന്റെ സഹായവും കൊണ്ട് തെന്മല പഞ്ചായത്തില്‍ വനമേഖലയോട് ചേര്‍ന്നുള്ള കമ്പിലൈനില്‍ കുറച്ചു സ്ഥലം വാങ്ങി. കൃഷിചെയ്യാനായിരുന്നു തീരുമാനം, എന്നാല്‍ തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങള്‍ വല്ലാതെ വേട്ടയാടിയിരുന്നു.

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മുള്‍ക്കാടുകളായിരുന്നു പ്രധാന വില്ലന്‍. ആനയും പന്നിയും ഉയര്‍ത്തുന്ന വെല്ലുവിളി വേറെയും. എന്ത് സംഭവിച്ചാലും പിന്മാറില്ല എന്ന് ഉറപ്പിച്ചു മണ്ണിലേക്ക് ഇറങ്ങുകയായിരുന്നു. സ്ഥലത്തിനോട് ചേര്‍ന്നുള്ള ചെറിയ ഷെഡില്‍ കിടക്കാനുള്ള സൗകര്യം ഒരുക്കി. അമ്മ കൊടുത്തുവിട്ട അരിപ്പൊടിയും മറ്റുമായിരുന്നു ഏറെ നാളത്തെ ആഹാരം. രാപ്പകല്‍ അധ്വാനത്തിന്റെ ഫലമായി ദിവസങ്ങള്‍കൊണ്ട് തന്നെ മുള്‍ക്കാടുകള്‍ വെട്ടിമാറ്റി മണ്ണിനെ കൃഷിയോഗ്യമാക്കി. കിലോ മീറ്ററുകളോളം ആരുമില്ലാതെ വിജനമായി കിടന്നിരുന്ന ഭൂമിയില്‍ സൗമ്യന്‍ പ്രാണന്‍ കൊടുത്താണ് ഓരോ വിളകളും വളര്‍ത്തിയത്.

കൃഷിയോഗ്യമാക്കിയ മണ്ണില്‍ വാഴകള്‍ നട്ടായിരുന്നു തുടക്കം. കാട്ടാനകളും പന്നികളും ഉയര്‍ത്തിയ ഭീഷണിയെ ഉറക്കമൊഴിച്ചിരുന്ന് ഒറ്റയാനെ പോലെ നേരിടുകയായിരുന്നു. കാവല്‍മാടങ്ങളില്‍ ഇരുന്ന് പാട്ട കൊട്ടിയും തീ കാട്ടിയുമാണ് മൃഗങ്ങളെ തുരത്തി ഓടിച്ചിരുന്നത്. നിരന്തര പരിശ്രമത്തിനൊടുവില്‍ മണ്ണ് സൗമ്യതയോടെ അദ്ദേഹത്തിന് വഴങ്ങുകയായിരുന്നു. ഏക്കറോളം സ്ഥലത്ത് വാഴയും കപ്പയും മറ്റ് കിഴങ്ങുവര്‍ഗ്ഗങ്ങളും കൃഷിചെയ്തു. അതൊരു വലിയ വിജയമായിരുന്നു.

കാര്യങ്ങലെല്ലാം കേട്ടറിഞ്ഞ് വന്ന കര്‍ഷകനായ ശിവദാസന്‍ കൃഷിയിടം കണ്ട ശേഷം സൗമ്യനോട് പറഞ്ഞത്, തന്റെ മകളെ വിവാഹം ചെയ്ത് തരാന്‍ ഒരുക്കമാണെന്നാണ്. വൈകാതെ തന്നെ സൗമ്യന്റെ പാതിയായി സിന്ധു വന്നു. അവര്‍ക്ക് കൂട്ടായി മകള്‍ അഞ്ജനയും വന്നതോടെ സന്തോഷം ഇരട്ടിച്ചു. ഇരുവരുടെയും പരിശ്രമത്തിന്റെ ഫലമായി രണ്ട് ഏക്കര്‍ സ്ഥലത്തെ കൃഷി പതിനഞ്ച് ഏക്കറിലേക്ക് വികസിച്ചു. ആ സ്ഥലമെല്ലാം സ്വന്തമായി വാങ്ങാനും സാധിച്ചു.

മകളായ അഞ്ജനയെ കൂടുതല്‍ പഠിപ്പിച്ചു ഉന്നതങ്ങളില്‍ എത്തിക്കുക എന്നതുകൂടെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സ്വപ്നം. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി അഞ്ജനയും അച്ഛന്റെ സ്വപ്നത്തിന് ചിറകുവിരിച്ചു കൂടെതന്നെയുണ്ട്. ദിവസവും പത്തു കിലോമീറ്ററില്‍ അധികം ദൂരം നടന്നാണ് ഈ മികച്ച വിജയം അഞ്ജന നേടിയിരിക്കുന്നത് എന്നതാണ് പ്രധാന കാര്യം.

നെല്ലൊഴികെ മനുഷ്യന് വേണ്ടതെല്ലാം സൗമ്യന്‍ കൃഷിചെയ്യുന്നുണ്ട്. വിളകള്‍ വില്‍ക്കാനായി പുനലൂര്‍ ചന്തയില്‍ പോകുന്നതൊഴിച്ചാല്‍ മറ്റ് സാമൂഹിക ബന്ധങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിനില്ല. മനുഷ്യരെക്കാള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നത് മണ്ണിനെയാണ്, എന്നതാണ് അദ്ദേഹത്തിന്റെ ഭാഷ്യം. കൃഷിഭൂമിയെ പ്രാണനായി കണ്ട് മണ്ണില്‍ വിഷം കലര്‍ത്താതെ സൗമ്യമായി പരിപാലിക്കുകയാണ് ഇന്നദ്ദേഹം.

Content Highlights: From Jail to Agriculture, Soumyan fulfilling his dreams | Athijeevanam 50

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Living Together
Premium

3 min

കുട്ടികൾക്ക് സ്വത്തിൽ അവകാശമുണ്ടോ? ലിവിങ് ടുഗതറിന് നിയമവശങ്ങൾ ഏറെയുണ്ട്‌

Jul 8, 2023


ancient human
Premium

7 min

മനുഷ്യചരിത്രം പറയുന്നു: പരദൂഷണം ഒരു മോശം സ്വഭാവമല്ല | നമ്മളങ്ങനെ നമ്മളായി 02

Aug 30, 2023


sapiens
Premium

7 min

തീയും മാംസവും വികസിപ്പിച്ച തലച്ചോർ, മാറ്റി മറിച്ച മനുഷ്യചരിത്രം | നമ്മളങ്ങനെ നമ്മളായി 01

Aug 23, 2023


Most Commented