ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിൽനിന്ന് | ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി
'എല്ലാവര്‍ക്കും വേണ്ടത് ഉല്പന്നങ്ങളാണ് ഞങ്ങള്‍ കര്‍ഷകരെ ആര്‍ക്കും വേണ്ട. അവന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ആര്‍ക്കും താല്‍പര്യവുമില്ല. ഇതാണ് കാലങ്ങളായി നേരിടുന്ന വെല്ലുവിളി. ഇനിയും പാടങ്ങളില്‍ ജീവനൊടുക്കാന്‍ തയ്യാറല്ല ഞങ്ങള്‍.' മണ്ണില്‍ സഹജീവികളുടെ നിലനില്‍പ്പിനായി ജീവിതം ഉഴുന്ന വിനോദിന്റെ വാക്കുകളാണിത്.
മുപ്പത് ദിവസത്തോളമായി തണുത്തുറഞ്ഞ തെരുവോരത്ത് അദ്ദേഹമുണ്ട്. ഹരിയാനയിലെ പാടങ്ങളില്‍ കാലമെത്താതെ ജീവന്‍ വെടിഞ്ഞ കര്‍ഷകര്‍ക്കായി മുന്‍പ് പലപ്പോഴും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് ജീവന്‍മരണ പോരാട്ടമാണെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.
കാല സിങ്ങിനും അമര്‍ സിങ്ങിനും പറയാനുള്ളത് അതുതന്നെയാണ്. മുട്ടു മടക്കി മോദി സിംഹാസനത്തില്‍നിന്ന് മണ്ണിലേക്ക് ഇറങ്ങിവരുമെന്ന് പറയുമ്പോള്‍ അമര്‍ സിങ്ങിന്റെ കണ്ണുകളില്‍ രോഷത്തിന്റെ തീയാളുന്നുണ്ടായിരുന്നു. ആട്ടയും പച്ചക്കറികളുമായി ഗ്രാമം വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് അന്‍പത് ദിവസത്തോളമായി. കഠിനമായ തണുപ്പിനെപ്പോലും വകവെക്കാതെ മണ്ണിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട് ഇരുവരും.
കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് അനുകൂലമായി രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങളാണ് നടന്നു വരുന്നത്. അതിര്‍ത്തികളിലേക്ക് ഗ്രാമങ്ങള്‍ ഒഴുകി വരുന്ന കാഴ്ചയാണ് ഡല്‍ഹി കാണുന്നത്. അത്രമാത്രം വൈകാരികമാണ് അവര്‍ക്ക് ഈ സമരം. ഓരോ കര്‍ഷകനും പറയാനുള്ളത്, രാജ്യത്തെ ഇക്കാലമത്രയും അന്നമൂട്ടിയിട്ടും നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ചാണ്. സമയമെത്താതെ ഗോതമ്പുപാടങ്ങളില്‍ മരിച്ചുവീണ പ്രിയപ്പെട്ടവരെക്കുറിച്ചാണ്. സമരഭൂമിയില്‍ അത്തരത്തില്‍ ഒരായിരം ചോദ്യങ്ങള്‍ തണുത്തുറഞ്ഞ് കിടക്കുന്നുണ്ട്.
കൃഷിയിടങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങള്‍ പോലും ഭരണകൂടങ്ങള്‍ക്കില്ല. ഓരോ ഗ്രാമങ്ങളിലും എണ്ണമറ്റ കര്‍ഷകര്‍ ദിനംപ്രതി ആത്മഹത്യ ചെയ്യുന്നുണ്ട്. നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 58,000 കര്‍ഷകരാണെന്ന് ലോക്‌സഭയില്‍ പറയുമ്പോള്‍ ഭരണകൂടത്തിന് യാതൊരു ഇടര്‍ച്ചയും ഇല്ലായിരുന്നു.
മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത്. സമരത്തിനിടെ അതിശൈത്യത്തില്‍ മരവിച്ച് പ്രാണന്‍ നഷ്ടമായവരെ കുറിച്ചും യാതൊരു കണക്കും സര്‍ക്കാരിനില്ല. ലോക്‌സഭയില്‍ ബെന്നി ബഹന്നാന്റെ ചോദ്യത്തിന് മറുപടിയായി കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം പറഞ്ഞത്. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന് ഉറക്കെ പറയുന്ന ഭരണകൂടങ്ങള്‍ അത് എത്രമാത്രം പ്രയോഗത്തില്‍ കൊണ്ടുവരുന്നു എന്നതിനുള്ള മികച്ച ഉദാഹരണമാണ് രാജ്യതലസ്ഥാനത്തെ അതിര്‍ത്തികള്‍.
അന്താരാഷ്ട്ര അതിര്‍ത്തികളില്‍ പോലും കാണിക്കാത്ത ജാഗൃതയാണ് ഇപ്പോള്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഭരണകൂടം നടപ്പാക്കുന്നത്. സിംഘുവിലെയും തിക്രിയിലെയും സമരഭൂമികളിലേക്കുള്ള സര്‍വ്വ വഴികളും പോലീസ് ഇതിനകം കെട്ടിയടച്ചിട്ടുണ്ട്. സിംഘുവില്‍ സമരസ്ഥലത്തിന്റെ മൂന്ന് കിലോ മീറ്റര്‍ മുന്നേ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്.
പ്രധാന റോഡുകളില്‍ തന്നെ വലിയ കിടങ്ങുകളും ഉണ്ടാക്കിയിട്ടുണ്ട്. അതിനൊപ്പം ഇരുമ്പുലാത്തിയുമായി നില്‍ക്കുന്ന പോലീസുകാരുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹിയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഗാസിപൂരില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ വച്ചാണ് വഴികള്‍ അടച്ചിരിക്കുന്നത്.
ഈ രീതിയില്‍ ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം ഭരണകൂടം തന്ത്രപരമായി സൃഷ്ടിച്ചിരിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഗ്രാമങ്ങള്‍ക്കും സമരഭൂമിക്കും നടുവില്‍ ഭരണകൂടത്തിന്റെ തടവിലാണെന്നുകൂടെ അവര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. കടന്നുപോകുന്ന സമരവഴികളെ കുറിച്ച് ഇനി അവര്‍ പറയും.

മരിക്കും വരെ പുറകോട്ടില്ല
ഉത്തര്‍പ്രദേശിലെ ജലാലാബാദ് ഗ്രാമത്തില്‍നിന്നാണ് വിനോദ് വരുന്നത്. സാമാന്യം ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ചതുകൊണ്ട് തന്നെ ഇന്റര്‍ മീഡിയറ്റ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഗ്രാമത്തില്‍ ഇപ്പോഴും പത്താം ക്ലാസ്സില്‍ കൂടുതല്‍ പഠിച്ചവര്‍ വിരളമാണ്. അത്രമേല്‍ ജാതി അസമത്വങ്ങളും സാമ്പത്തിക പ്രയാസങ്ങളും മറ്റേത് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ഉള്ളത് പോലെ അവിടെയുമുണ്ട്.
കര്‍ഷക കുടുംബത്തിലല്ല വിനോദ് ജനിച്ചത്. വളര്‍ന്നു വന്ന സാഹചര്യങ്ങളാണ് അദ്ദേഹത്തെ കര്‍ഷകനാക്കിയത്. താഴ്ന്ന ജാതിക്കാരെക്കൊണ്ട് മൃഗങ്ങളെ പോലെ പണിയെടുപ്പിച്ച് പണമുണ്ടാക്കാനുള്ള സ്ഥലമായിരുന്നു പണ്ട് പലര്‍ക്കും ഗോതമ്പുപാടങ്ങള്‍. ചെറുപ്പത്തിലെ തലയ്ക്കു പിടിച്ച കമ്മ്യൂണിസമാണ് അത് മാറ്റിച്ചിന്തിപ്പിച്ചത്. കൃഷിയോടുള്ള ഇഷ്ടം കൂടെയായപ്പോള്‍ അതിന് വേഗമേറി. മണ്ണിലേക്ക് ഇറങ്ങിയപ്പോഴാണ് കര്‍ഷക സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ബോധ്യമാകുന്നത്. പിന്നീടങ്ങോട്ട് അവര്‍ക്കായുള്ള പോരാട്ടങ്ങളായിരുന്നു.
നാല് ഏക്കറോളം സ്ഥലത്ത് ഉരുളക്കിഴങ്ങും കരിമ്പും കൃഷി ചെയ്യുന്നുണ്ട്. ജീവിക്കാനുള്ള പണമല്ലാതെ ഒരു രൂപ പോലും അധികമായി മാറ്റിവെക്കാന്‍ ഉണ്ടാകാറില്ല. എങ്കിലും മണ്ണിന്റെ ഗന്ധമേറ്റ് പണിയെടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷം മറ്റൊന്നിനുമില്ല എന്നാണ് വിനോദ് പറയുന്നത്.
അധ്വാനത്തിന്റെ പാടങ്ങളില്‍ ബാക്കിയാകുന്നത് ഇപ്പോഴും ആത്മഹത്യകള്‍ മാത്രമാണ്. അത്രമാത്രം ചൂഷണങ്ങളാണ് കര്‍ഷകര്‍ക്ക് പൊതുവില്‍ നേരിടേണ്ടിവരുന്നത്. അതിനിടയ്ക്കാണ് പുതിയ നിയമങ്ങള്‍ വരുന്നത്. എന്ത് സംഭവിച്ചാലും സമരത്തില്‍നിന്നു പിന്മാറില്ലെന്ന് പറയുമ്പോള്‍ ചുളിവു വീണ കവിളുകള്‍ രോഷം കൊണ്ട് ചുവന്നിരുന്നു.

പിന്മാറ്റമില്ലാത്ത ജീവിതസമരമാണ്
പരമ്പരാഗത കര്‍ഷക കുടുംബത്തിലാണ് കാല സിങ് ജനിച്ചു വളര്‍ന്നത്. ജന്മിക്ക് പാട്ടം കൊടുക്കാന്‍ സാധിക്കാതെ കയറില്‍ ജീവനൊടുക്കേണ്ടി വന്നവരുടെ എണ്ണമറ്റ കഥകളാണ് കണ്ടപ്പോഴേ അദ്ദേഹത്തിന് പറയാന്‍ ഉണ്ടായിരുന്നത്. ഹരിയാനയിലെ ബിജെനോര്‍ ഗ്രാമത്തില്‍നിന്നാണ് സമരഭൂമിയിലേക്ക് എത്തിയത്. ഓര്‍മ്മവച്ച കാലം മുതല്‍ മണ്ണില്‍ അധ്വാനിക്കാന്‍ തുടങ്ങിയതാണ്. മക്കള്‍ക്കും അത് പകര്‍ന്നുകൊടുത്തു.
പുതിയ നിയമങ്ങളെ കുറിച്ച് ആദ്യം അറിവില്ലായിരുന്നെങ്കിലും പിന്നീടാണ് അതിനുള്ളിലെ അപകടങ്ങള്‍ തിരിച്ചറിയുന്നത്. ഉടന്‍തന്നെ ഗ്രാമത്തില്‍ കര്‍ഷകസഭ കൂടി ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. അഴിക്കാന്‍ ശ്രമിക്കുംതോറും കഴുത്തില്‍ മുറുകുന്ന കുരുക്കാണ് പുതിയ ഭേദഗതികള്‍ എന്ന് തിരിച്ചറിയുകയായിരുന്നു. സമരത്തിനുള്ള ആഹ്വാനം അപ്പോഴേക്കും സംയുക്ത കര്‍ഷക സമിതി പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസം തന്നെ ട്രാക്ടറില്‍ മാസങ്ങളോളം കഴിക്കാനുള്ള ഭക്ഷണസാധങ്ങളും മറ്റുമായി പുറപ്പെടുകയായിരുന്നു.
അതിശൈത്യത്തില്‍ പലപ്പോഴും അസുഖങ്ങള്‍ വല്ലാതെ തളര്‍ത്തുന്നുണ്ട്. എങ്കിലും സമരത്തില്‍നിന്ന് പിന്മാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. ജീവിതത്തിന്റെ വേരറുക്കുന്ന ഈ കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരഭൂമിയില്‍ തുടരുമെന്ന് കൂടെ പറഞ്ഞ് ചെറുചിരിയോടെ കര്‍ഷകര്‍ക്കിടയിലേക്ക് അദ്ദേഹം നടന്നു കയറി.

ആത്മഹത്യകള്‍ ഇനിയുണ്ടാകരുത്
ദറമി ഗ്രാമത്തിന്റെ പ്രതിനിധിയായാണ് അമര്‍ സിങ് ഗാസിപൂരിലെ സമരഭൂമിയില്‍ എത്തുന്നത്. അവശ്യസാധനങ്ങളുമായി പത്ത് പേരടങ്ങുന്ന സംഘത്തിന്റെ കൂടെയാണ് അദ്ദേഹം വന്നത്. ചെറുമകനായ രാഹുലും ഒപ്പമുണ്ട്. നിയമത്തെ കുറിച്ച് അറിയില്ലെങ്കിലും രാഹുലിന് ഒന്ന് വ്യക്തമാണ്. ഈ നിയമങ്ങള്‍ ജീവിതം ഇരുട്ടിലാക്കുന്നവയാണ്. വിദ്യാലയങ്ങള്‍ തുറക്കുന്നതുവരെ അപ്പൂപ്പനൊപ്പം തുടരാനാണ് രാഹുലിന്റെ തീരുമാനം.
മോദി മുട്ടു മടക്കി മണ്ണിലേക്ക് ഇറങ്ങി വരുമെന്നും സമരം ഇനിയും ശക്തിയാര്‍ജ്ജിക്കുമെന്നാണ് അമര്‍ സിങ് പറയുന്നത്. അമര്‍ സിങ്ങിന്റെ ഓരോ വാക്കിലും തീയാളുന്നുണ്ട്. ഇപ്പോഴും പട്ടിണി കിടന്ന് മനുഷ്യന്‍ മരിക്കുന്ന ഗ്രാമത്തില്‍നിന്നാണ് അദ്ദേഹം വരുന്നത്. മണ്ഡികള്‍ ഇല്ലാതായാല്‍ സാധാരണ കര്‍ഷകര്‍ പട്ടിണിയിലാകുമെന്നും ആത്മഹത്യകള്‍ പതിന്മടങ്ങാകുമെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
അധ്വാനത്തിന് വില പറയാന്‍ ആര് വന്നാലും വിളകള്‍ നശിപ്പിക്കാന്‍ വരുന്ന കീടങ്ങളെ പോലെ തുരത്തിയോടിക്കും. കൃഷിഭൂമിയില്‍ കര്‍ഷന്റെ ചോര വീഴാതിരിക്കാനാണ് ഈ ജീവന്‍മരണ പോരാട്ടമെന്ന് പറയുമ്പോള്‍ ഉള്ളിലെ തീ അമര്‍ സിങ്ങിന്റെ കണ്ണുകളില്‍ ദൃശ്യമായിരുന്നു.
Content Highlights: Farmer's protest in Delhi and their life in Indian Villages | Athijeevanam 65


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..