hitler and beetle
സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്ന കാര്‍ എന്ന ആശയം മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്യപ്പെട്ട ആദ്യ കാറാണ് ബീറ്റില്‍. അതിസമ്പന്നര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്ന ആഡംബര കാറുകള്‍മാത്രം നിര്‍മിക്കപ്പെട്ടിരുന്ന 1930 കളില്‍ വില കുറഞ്ഞ, ലാളിത്യമുള്ള കാര്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതാകട്ടെ നാസി ജര്‍മനിയിലെ അഡോള്‍ഫ് ഹിറ്റ്ലറും. എന്നാല്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ കാര്‍ വികസിപ്പിക്കണമെന്ന ആശയം അതിനൊക്കെ വളരെ മുമ്പുതന്നെ പലകോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. വലിപ്പമേറിയ സുഖസൗകര്യങ്ങള്‍ നിറഞ്ഞ ആഡംബര കാറുകള്‍ മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. അതിന് മാറ്റംവരികയും വലിപ്പം കുറഞ്ഞ ഹാച്ച്ബാക്ക് കാറുകള്‍ വ്യാപകമായിത്തുടങ്ങുകയും ചെയ്തത് ബീറ്റില്‍ എന്ന കുഞ്ഞന്‍കാറിന്റെ വരവോടെയാണ്. കാര്‍ രൂപകല്‍പ്പനാ വിദഗ്ധനായിരുന്ന ഫെര്‍ഡിനാന്‍ഡ് പോര്‍ഷെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഹിറ്റ്ലറാണ് ബീറ്റിലിന്റെ ആദ്യരൂപം വരച്ചുനല്‍കിയതെന്നാണ് പരക്കെ അറിയപ്പെടുന്നത്. ബീറ്റില്‍ എന്ന ആശയം മാത്രമാണ് ഹിറ്റലറെക്കൊണ്ടുണ്ടായ ഏകപ്രയോജനമെന്നും വിലയിരുത്തപ്പെട്ടു. എന്നാല്‍ ജോസഫ് ഗാന്‍സ് എന്ന ജൂത എന്‍ജിനിയറില്‍നിന്ന് മോഷ്ടിച്ചതാണ് ബീറ്റിലിന്റെ സ്‌കെച്ച് എന്ന വെളിപ്പെടുത്തല്‍ പിന്നീട് ഉണ്ടായി. ഡച്ച് മാധ്യമ പ്രവര്‍ത്തകന്‍ പോള്‍ സ്റ്റൂപറൂര്‍ഡിന്റെ The Extraordinary Life of Josef Ganz on the Jewish engineer to be behind the Volkswagen എന്ന പുസ്തകത്തിലായിരുന്നു തെളിവുകള്‍ നിരത്തിയുള്ള വെളിപ്പെടുത്തല്‍. സാധാരണക്കാരുടെ കാര്‍ യാഥാര്‍ഥ്യമായതിന് പിന്നില്‍ ജൂത എന്‍ജിനിയര്‍ വഹിച്ച പങ്ക് തമസ്‌കരിക്കാന്‍ നാസികള്‍ ശ്രമിച്ചുവെന്നാണ് പുസ്തകത്തിലെ ആരോപണം. ബീറ്റില്‍ നിരത്തിലിറങ്ങിയതിനുശേഷം ഗാന്‍സിന് വധഭീഷണിയടക്കം നേരിടേണ്ടിവന്നു. നാടുകടത്തപ്പെട്ട അദ്ദേഹം 1967 ല്‍ തന്റെ 59-ാം വയസില്‍ ഓസ്ട്രേലിയയില്‍വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

എന്നാല്‍ ബീറ്റിലുകള്‍ പിന്നീട് വ്യാപകമായി നിരത്തിലിറങ്ങി. എക്കാലത്തെയും ബെസ്റ്റ് സെല്ലിങ് കാറായി അത് മാറി. രൂപകല്‍പ്പന സംബന്ധിച്ച വിവാദങ്ങളും വെളിപ്പെടുത്തലുകളും എന്തു തന്നെയായാലും
സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്ന ചെറിയ കാറുകള്‍ വിപണിയില്‍ എത്തിയതിന് പിന്നില്‍ ബീറ്റിലിന് സുപ്രധാന പങ്കാണുള്ളത്. ബീറ്റിലിന്റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങളെന്ന ഖ്യാതി ഹിറ്റ്ലറും പോര്‍ഷെയും സ്വന്തമാക്കിയെങ്കിലും അത്തരം ഒരുകാര്‍ യാഥാര്‍ഥ്യമാക്കാന്‍വേണ്ടി അഹോരാത്രം പരിശ്രമിച്ചത് ജോസഫ് ഗാന്‍സ് അടക്കം നിരവധിപേരാണ്. ഹംഗേറിയന്‍ എന്‍ജിനിയറായ ബെലാ ബാറനിയുടെ പേരും ബീറ്റിലിന്റെ യഥാര്‍ഥ രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെടുന്നുണ്ട്. ബീറ്റിലിന്റെ പിറവിയുമായി ബന്ധപ്പെട്ട വിവാദങ്ങളും സാധാരണക്കാര്‍ക്കും കാര്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നതില്‍ ജോസഫ് ഗാന്‍സ് അടക്കമുള്ളവര്‍ വഹിച്ച പങ്കുമാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്.
എന്‍ജിനിയറും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ഗാന്‍സ്
1908 ല്‍ ബുഡാപെസ്റ്റില്‍ ജനിച്ച ഗാന്‍സ് പിന്നീട് ജര്‍മന്‍ മോട്ടോര്‍വാഹന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറി. മെക്കാനിക്കല്‍ എന്‍ജിനിയറായ അദ്ദേഹം മോട്ടോര്‍ ക്രിട്ടിക് എന്ന ഓട്ടോമൊബൈല്‍ മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു. ജര്‍മന്‍ മോട്ടോര്‍വാഹന വ്യവസായ രംഗത്തും വിദേശ രാജ്യങ്ങളിലും ശ്രദ്ധനേടിയ പ്രസിദ്ധീകരണമായിരുന്നു അത്. കാറുകളെപ്പറ്റിയുള്ള വിലയിരുത്തലുകളും മോട്ടോര്‍ വാഹന രംഗത്തെ പുതുമകളും എല്ലാം മോട്ടോര്‍ ക്രിട്ടിക് ചര്‍ച്ചചെയ്തു. എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മനി പരാജയപ്പെടുകയും തുടര്‍ന്ന് സാമ്പത്തിക മാന്ദ്യം നേരിടുകയും ചെയ്തതോടെ അവിടെ അന്ന് ഉത്പാദിക്കപ്പെട്ടിരുന്ന ആഡംബര കാറുകള്‍ അപ്രായോഗികമായി. ഇതോടെയാണ് സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള കാറിനെക്കുറിച്ച് ഗാന്‍സ് ചിന്തിച്ചു തുടങ്ങിയത്. ഇന്ധനക്ഷമത കൂടുതലുള്ള ഭാരം കുറഞ്ഞ, നിര്‍മാണ ചെലവ് കുറഞ്ഞ, ചെറിയ കാറിനുവേണ്ടി വാദിച്ച അദ്ദേഹം തന്റെ പ്രസിദ്ധീകരണത്തിലും അതുസംബന്ധിച്ച ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി. ഇടുങ്ങിയ റോഡുകളില്‍പ്പോലും അനായാസം സഞ്ചരിക്കാന്‍ കഴിയുന്നതും കുഴികളും ബമ്പുകളും ചാടിക്കടക്കാന്‍ പ്രാപ്തിയുള്ളതുമാവണം സാധാരണക്കാരുടെ കാറെന്ന് അദ്ദേഹം വാദിച്ചു. അതേസമയം സ്വന്തമായി കാര്‍ മോഡലുകള്‍ വികസിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു അദ്ദേഹം. മെഴ്‌സിഡീസ് ബെന്‍സ്, സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയ ജര്‍മന്‍ കമ്പനികള്‍ പുതിയ പ്രോട്ടോടൈപ്പുകളുടെ രൂപകല്‍പ്പനയില്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ഗാന്‍സിന്റെ കഴിവുകളും ആശയങ്ങളും ഓട്ടോമൊബൈല്‍ മേഖലയിലെ അറിവും പ്രയോജനപ്പെടുത്തിയിരുന്നു.

ഗാന്‍സിന്റെ കാര്‍ കണ്ട് ആകൃഷ്ടനായ ഹിറ്റ്ലര്‍
Also Read
ജോസഫ് ഗാന്‍സ് രൂപകല്‍പന ചെയ്ത സ്റ്റാന്‍ഡേഡ് സുപ്പീരിയര്‍ എന്ന കാര്‍ 1933 ലെ ബെര്‍ലിന്‍ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ചു. ഓട്ടോഷോ സന്ദര്‍ശിക്കാനെത്തിയ ഹിറ്റ്‌ലര്‍ കാര്‍ കണ്ടു. വാഹനപ്രേമി ആയിരുന്ന ഹിറ്റ്‌ലറിനെ ആ കാര്‍ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഓട്ടോഷോ വേദിയില്‍ തന്റെ കാറിനടുത്ത് നിന്നിരുന്ന ഗാന്‍സിനോട് ഹിറ്റ്‌ലര്‍ ഒന്നും സംസാരിച്ചില്ല എന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെട്ട പുസ്തകം എഴുതിയ മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നത്. ഏതാണ്ട് ബീറ്റിലിന് സമാനമായിരുന്നു ഗാന്‍സിന്റെ ആ കാര്‍. പിന്നിലായിരുന്നു എന്‍ജിന്‍. പിന്നിലെ സ്വിങ് ആക്‌സില്‍ ബീറ്റിലിന്റേതിന് സമാനമായ ഷാസി എന്നിവയെല്ലാം ആ കാറിന്റെ സവിശേഷത ആയിരുന്നു.
ജൂതവിരോധം നേരിടേണ്ടിവന്ന ഗാന്‍സ്
അതിനിടെ ഗാന്‍സിന് തന്റെ പ്രസിദ്ധീകരണമായ മോട്ടോര്‍ ക്രിട്ടിക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളോട് ഉണ്ടായിരുന്ന ശത്രുത വിനയായി. പോള്‍ എന്നയാളാണ് ഗാന്‍സ് ജൂതനാണെന്ന വിവരം നാസികളുടെ ചെവിയിലെത്തിച്ചത്. ഇതോടെ ഗാന്‍സിനെതിരെ പലകോണുകളില്‍നിന്നും നിയമ നടപടികളും പ്രതികാര നീക്കങ്ങളുമുണ്ടായി. മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യൂ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം അദ്ദേഹത്തിനുണ്ടായി. അതുകൊണ്ടൊന്നും അദ്ദേഹത്തോടുള്ള നാസികളുടെ പക തീര്‍ന്നില്ല. മോട്ടോര്‍ ക്രിട്ടിക് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം അദ്ദേഹത്തിന് നഷ്ടമാകുകയും പിന്നാലെ ഓട്ടോമൊബൈല്‍ കമ്പനികളെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന ആരോപണം ഉന്നയിച്ച് അദ്ദേഹത്തെ ഭരണകൂടം അറസ്റ്റ് ചെയ്യുകയുമുണ്ടായി.
സാധാരണക്കാരുടെ കാറുണ്ടാക്കാന്‍ ഹിറ്റ്ലറുടെ നിര്‍ദ്ദേശം
ഈ സമയത്താണ് സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള കാറെന്ന ആശയം ഹിറ്റ്‌ലര്‍ ഏറ്റെടുത്തത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതിയുടെ ചുമതല ഡോ. പോര്‍ഷയെ ഹിറ്റ്‌ലര്‍ ഏല്‍പ്പിച്ചു. പൂര്‍ണമായും സര്‍ക്കാരിന്റെ പദ്ധതിയായിരുന്നു അത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം മാത്രമായിരുന്നില്ല അതിനുവേണ്ടി പ്രചാരണം നടത്തുകയും വാദിക്കുകയും ചെയ്തതെല്ലാം സര്‍ക്കാരിന്റെ നേതൃത്വത്തിലായിരുന്നു. 1934-ലെ ബെര്‍ലിന്‍ ഓട്ടോഷോയില്‍ ഹിറ്റ്‌ലറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഏതാണ് ഏതേ സമയത്തുതന്നെ ഗാന്‍സിനുനേരെ വധശ്രമം ഉണ്ടായി. അതില്‍നിന്ന് രക്ഷപ്പെട്ട അദ്ദേഹം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോയി. തുടര്‍ന്ന് സാധാരണക്കാര്‍ക്ക് വേണ്ടിയുടെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കാര്‍ വികസന പദ്ധതിയുടെ ഭാഗമാകാന്‍ അവിടുത്തെ ഭരണകൂടം അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തി.

ഫോട്ടോ - Getty Images \TheGuardian
സാധാരണക്കാര്‍ക്ക് വേണ്ടി വികസിപ്പിച്ച ആദ്യകാറിന്റെ ഖ്യാതി ഹിറ്റ്‌ലറിലും പോര്‍ഷെയിലുതന്നെ വന്നുചേര്‍ന്നു.
എന്നാല്‍ ബീറ്റിലിനുമുമ്പ് ഗാന്‍സ് രൂപകല്‍പ്പനചെയ്ത സ്റ്റാന്‍ഡേഡ് സുപ്പീരിയറും ബീറ്റിലും കാഴ്ചയില്‍ ഏതാണ്ട് സമാനമായ കാറുകളായിരുന്നു. ബീറ്റിലിനെക്കാള്‍ അല്‍പ്പംകൂടി വലിപ്പമേറിയതും നിര്‍മാണച്ചിലവ് കൂടുതലുള്ളതുമായിരുന്നു സ്റ്റാന്‍ഡേഡ് സുപ്പീരിയര്‍. എന്നാല്‍ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള കാര്‍ വികസിപ്പിക്കുന്നതില്‍ ഗാന്‍സ് വഹിച്ച പങ്ക് തമസ്‌കരിക്കപ്പെട്ടു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയിട്ടും അദ്ദേഹത്തിന് കടുത്ത പ്രതിസന്ധികളെയാണ് നേരിടേണ്ടിവന്നത്. ഗാന്‍സിന്റെ കാര്‍ രൂപകല്‍പ്പനാ ശ്രമങ്ങളെ നാസി അനുകൂലികള്‍ ജര്‍മനിയില്‍ ഇരുന്നും അല്ലാതെയും തടസപ്പെടുത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ 1950-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തയ്യാറായില്ല. ഇതോടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വനിതാ സുഹൃത്തിനൊപ്പം അദ്ദേഹത്തിന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറേണ്ടിവന്നു. സാധാരണക്കാരുടെ കാര്‍ രൂപകല്‍പ്പനചെയ്ത് നിരത്തിലിറക്കാനുള്ള ശ്രമങ്ങള്‍ ഓസ്‌ട്രേലിയയിലും അദ്ദേഹം തുടര്‍ന്നുവെങ്കിലും അവിടെവച്ച് അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
അതിസമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ കഴിയുന്ന കാറുകളില്‍നിന്ന് അവയെ സാധാരണക്കാര്‍ക്കും വാങ്ങാന്‍ കഴിയുന്ന നിലയിലേക്ക് മാറ്റാന്‍ കടുത്ത എതിര്‍പ്പും അവഗണനയും സഹിച്ച് മരണംവരെയും ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും വിജയിച്ചുകാണാന്‍ കഴിയാതെയാണ് ഗാന്‍സ് അന്തരിച്ചത്. വിലകുറഞ്ഞ ചെറുകാറുകള്‍ വ്യാപകമായതിന്റെ ക്രെഡിറ്റ് ഹിറ്റ്‌ലറും പോര്‍ഷെയും സ്വന്തമാക്കുകയും ചെയ്തു. ഡിസൈന്‍ മോഷ്ടിച്ചതാണെന്ന കാര്യത്തിലടക്കം തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും സാധാരണക്കാരന്റെ കാര്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍വേണ്ടി മരണംവരെ പരിശ്രമിച്ചയാളാണ് ഗാന്‍സ് എന്നകാര്യത്തില്‍ സംശയമില്ല. ജൂതനായതിനാല്‍ അക്കാലത്ത് നേരിടേണ്ടിവന്ന കടുത്ത എതിര്‍പ്പും ശത്രുതയും അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ഫലംകാണുന്നതിന് തടസ്സമാകുകയും ചെയ്തു.

വന്‍ തരംഗമായി ബീറ്റില്‍
ഗാന്‍സിന്റെ രൂപകല്‍പന മോഷ്ടിച്ച് നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന ബീറ്റില്‍ പിന്നീട് വന്‍ തരംഗമായി മാറി. 1934-ലാണ് കാര്‍ വികസിപ്പിക്കാന്‍ പോര്‍ഷെയോട് ഹിറ്റ്ലര്‍ നിര്‍ദ്ദേശിക്കുന്നത്. ഫെര്‍ഡിനാന്റ് പോര്‍ഷെയുടെ നേതൃത്വത്തിലുള്ള സംഘം 1938-ലാണ് രൂപകല്‍പ്പന പൂര്‍ത്തിയാക്കിയത്. ലോകത്തില്‍തന്നെ ഒരേ പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ നിര്‍മിക്കപ്പെട്ട കാറായി ബീറ്റില്‍ മാറി. 1940കളുടെ അന്ത്യത്തിലാണ് ബീറ്റിലുകള്‍ വ്യാപകമായി നിര്‍മിക്കപ്പെട്ടു തുടങ്ങിയത്. ജനങ്ങളുടെ കാര്‍ എന്ന് അര്‍ഥം വരുന്ന ഫോക്സ്വാഗണ്‍ എന്ന പേരിലാണ് ബീറ്റില്‍ ആദ്യകാലത്ത് വിറ്റഴിക്കപ്പെട്ടിരുന്നത്. ആദ്യകാലത്ത് വളരെ ചെറിയ തോതിലായിരുന്നു കാറുകളുടെ നിര്‍മാണം. എന്നാല്‍ വീണ്ടും യുദ്ധം തുടങ്ങിയതോടെ കാര്‍ നിര്‍മാണം നിലച്ചു. സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമായി ബീറ്റിലുകളുടെ നിര്‍മാണം. സൈനിക ഓഫീസര്‍മാരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി അക്കാലത്ത് നിര്‍മ്മിച്ച ബീറ്റിലുകള്‍ നല്‍കി. 1938 ല്‍ നിര്‍മിച്ച ആദ്യ കണ്‍വര്‍ട്ടബിള്‍ ബീറ്റില്‍ സ്വന്തമാക്കിയത് ഹിറ്റ്ലര്‍ തന്നെയാണ്.
പിന്നീട് ഉത്പാദനത്തിലും വില്‍പ്പനയിലും വന്‍ കുതിച്ചുചാട്ടം ഉണ്ടായെങ്കിലും പില്‍ക്കാലത്ത് ജപ്പാനില്‍നിന്നുള്ള കാറുകളില്‍നിന്ന് ബീറ്റിലിന് കടുത്ത മത്സരം നേരിടേണ്ടിവന്നു. അവസാന കാലത്ത് കാര്‍ വില്‍പനയില്‍ വന്‍ ഇടിവുണ്ടായി. 2003 ല്‍ ലോകവ്യാപകമായി 30,000 ബീറ്റിലുകള്‍ മാത്രമാണ് നിര്‍മിക്കപ്പെട്ടത്. 2003 ജൂലായ് 30-നാണ് അവസാന ബീറ്റില്‍ പുറത്തിറങ്ങിയത്. ഇതോടെ അതിസമ്പന്നരുടെ കാര്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കാന്‍ നിരവധി പേര്‍ നടത്തിയ ശ്രമത്തിലൂടെ വിജയംകണ്ട ബീറ്റിലുകളുടെ യുഗത്തിന് അവസാനമായി. ഇന്ത്യയിലടക്കം സാധാരണക്കാര്‍ക്കും കാര്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കിയ ചെറിയ കാറുകളുടെ രൂപകല്‍പ്പനയ്ക്കും വികസനത്തിനും വഴിതെളിച്ച നിരവധി ആദ്യകാല കാറുകള്‍ പലരാജ്യങ്ങളിലും ഉണ്ടായിരുന്നുവെങ്കിലും അത്തരം കാറുകള്‍ തരംഗമായി മാറുന്നതിനും വലിയ സ്വീകാര്യത ലഭിക്കുന്നതിനും കാരണം ബീറ്റിലിന്റെ വന്‍ വിജയമായിരുന്നു എന്നതില്‍ സംശയമില്ല.
Content Highlights: Extraordinary Life of Josef Ganz,Jewish engineer behind the Volkswagen,beetle car,Their story,social


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..