കാലിന് ബലമില്ലാത്തവൻ ഫോണ്‍ ബൂത്ത് തുടങ്ങട്ടെയെന്ന് നാട്ടുകാര്‍; ഡോക്ടറുടെ യാത്ര ഇപ്പോൾ ബെൻസിൽ


By എഴുത്ത്: നിലീന അത്തോളി,അനുഭവം: റജി ജോർജ്ജ്

5 min read
Read later
Print
Share

ഒരുപാട് പ്രതിബന്ധങ്ങളെ മറികടന്ന്  39-ാം വയസ്സിലായിരുന്നു വിവാഹം. ഞങ്ങൾ തമ്മിൽ 15 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. എന്നെ വിവാഹം കഴിക്കാനെടുത്ത തീരുമാനത്തിന്റെ പേരിൽ അവളും കുറെയേറെ പഴികേട്ടു. ഭിന്നശേഷിക്കാരൻ അതുപോലുള്ള ഒരാളെത്തന്നെയാണ് വിവാഹം കഴിക്കേണ്ടതെന്ന ചിന്തയില്‍ നില്‍ക്കുന്നവര്‍ക്ക് ആ വിവാഹം ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല. 

ഡോ. റജി ജോർജ്ജ് ഭാര്യ പൊന്നി ജോസിനൊപ്പം

ത് മനുഷ്യക്കുട്ടിയാണോയെന്ന് പറയാന്‍ കഴിയില്ലെന്നാണ് 1972-ൽ പാവറട്ടിയില്‍ ജനിച്ച കുഞ്ഞിന്റെ ശരീരം കാണിച്ച് ഡോക്ടർ പറഞ്ഞ ആദ്യവാക്കുകൾ. മടങ്ങി ചുരുണ്ടുകൂടിയ കാലുകള്‍ കൊണ്ട് ഈ കുട്ടി നടക്കുമെന്നുപോലും പലരും കരുതിയിരുന്നില്ല. പിച്ചവെക്കേണ്ട പ്രായത്തിൽ കൈകുത്തി നടന്നു നീങ്ങി അവൻ അതിജീവിക്കാൻ ശ്രമിച്ചു. ഒടുവിൽ ഇവനെങ്ങനെ പഠനം പൂര്‍ത്തിയാക്കുമെന്ന് ചിന്തിച്ചവർക്കു മുന്നിൽ ആറാം വയസ്സില്‍ നടന്നു സ്‌കൂളില്‍ പോയിത്തുടങ്ങി. ആരോഗ്യമുള്ള സ്വന്തം കൈകളെ ശക്തിപ്പെടുത്തികൊണ്ട് ബസ്സില്‍ തൂങ്ങിയാടി സഞ്ചരിച്ച് പഠനം തുടര്‍ന്നപ്പോൾ ഇവനെ കഷ്ടപ്പെടുത്താതെ വല്ല ഫോട്ടോസ്റ്റാറ്റ് കടയും ഇട്ട് കൊടുക്കൂ എന്ന ഉപദേശവുമായും വീട്ടുകാർക്കു മുന്നിൽ പലരുമെത്തി. എല്ലാ മുൻവിധികളെയും എം.ബി.ബി.എസ്സില്‍ ഉയര്‍ന്ന റാങ്ക് നേടിയാണ് തൃശ്ശൂര്‍ സ്വദേശിയായ ഡോ. എ.എൻ. റജി ജോര്‍ജ്ജ് തൂത്തെറിഞ്ഞത്. മൂന്ന് വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജിൽ എംഡി ചെയ്തും 18 വര്‍ഷം തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെയും സേവനത്തിനൊടുവിൽ സ്വന്തമായി സ്ഥാപനം തുടങ്ങി റേഡിയോളജിസ്റ്റായി സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹമിപ്പോള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകര്‍തൃത്വ പ്രശ്‌നം പരിഹരിക്കുന്ന ജില്ലാ സമിതിയില്‍ അംഗം കൂടിയായ
ഡോ. റജി ജോര്‍ജ്ജാണ് ഇത്തവണ ഞാനിങ്ങനെയാണ് തീര്‍പ്പുകള്‍ വേണ്ട എന്ന കോളത്തില്‍ സംസാരിക്കുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

"കാലുകള്‍ രണ്ടും മടങ്ങി ചുരുണ്ട് ഒരു കുഞ്ഞ് പിറന്ന് വീണപ്പോള്‍ ആശ്ചര്യമായിരുന്നു വീട്ടുകാര്‍ക്കെല്ലാം. മനുഷ്യക്കുട്ടിയാണോയെന്ന് മുഴുവനായി പറയാന്‍ പറ്റില്ല എന്ന് ഡോക്ടര്‍ കൂടി പറഞ്ഞതോടെ ആശ്ചര്യം വേദനയിലേക്ക് വഴിമാറി. ഡോക്ടറുടെ വാക്കുകളെ കുറിച്ച് അമ്മയിൽനിന്നുള്ള കേട്ടറിവിനെ തുടർന്ന് ഞാനൊരു മനുഷ്യനാണെന്ന് ബോധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു എനിക്ക്. നല്ല രീതിയില്‍ വിദ്യാഭ്യാസം നേടി എല്ലാ പരിമിതികളെയും അതിജീവിച്ച് ജോലി നേടി നല്ല നിലയില്‍ ജീവിക്കണമെന്നാണ് ഞാനെന്റെ മനസ്സിനോട് എന്നും പറഞ്ഞു കൊണ്ടിരുന്നത്. പഠിച്ചുയരാന്‍ എന്നെ പ്രേരിപ്പിച്ചതത്രയും മറ്റു മനുഷ്യര്‍ എന്നോടു വെച്ചുപുലര്‍ത്തിയ മുന്‍വിധികളായിരുന്നു.

ഒരു കുട്ടി കൂടി ഉണ്ടായില്ലെങ്കില്‍ ഈ വയ്യാത്ത കുട്ടിയെ നോക്കി നിങ്ങള്‍ക്ക് വല്ല മാനകസികരോഗവും വരും എന്ന് പറഞ്ഞ് മറ്റൊരു ഡോക്ടറും മമ്മിക്ക് മുന്നിലെത്തി. ആ പറച്ചിലിലൂടെ ഞാനെന്നത് ഒരു വലിയ പ്രശ്‌നമാണെന്ന ഊന്നലാണ് അവര്‍ മമ്മിക്ക് നല്‍കിയത്. എന്റെകുട്ടിയെ ഞാന്‍ നോക്കിക്കോളാംഎന്ന മറുപടിയാണ് അന്ന് ഡോക്ടര്‍ക്ക് നല്‍കിയതെന്ന് മമ്മി തന്നെ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുമുണ്ട്.

എട്ട് വയസ്സിനുള്ളില്‍ ചെയ്ത പത്തോളം സര്‍ജറികളാണ് എഴുന്നേറ്റ് നടക്കാന്‍ എന്നെ സഹായിച്ചത്. ഒരു കിലോ മീറ്റര്‍ വരെ ഒറ്റയ്ക്ക് നടക്കാനുള്ള ശേഷി ശസ്ത്രക്രിയയിലൂടെ കൈവരിച്ചുവെങ്കിലും വലിയ രീതിയില്‍ കായികപരമായ കളികളിലൊന്നും ഏര്‍പ്പെട്ടിരുന്നില്ല. അതിനാല്‍തന്നെ കൂടുതല്‍ സമയവും വായനയ്ക്കു വേണ്ടിയാണ് വിനിയോഗിച്ചിരുന്നത്. പഠിച്ചെവിടെയും എത്തില്ലെന്നും ഈ കുട്ടിയെ പഠിപ്പിക്കാന്‍ വിട്ട് കഷ്ടപ്പെടുത്താതെ അംഗവൈകല്യം ഉള്ളവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പോലെ വല്ല ഫോൺ ബൂത്തും ഫോട്ടോ സ്റ്റാറ്റ് കടയും ഇട്ട് കൊടുക്കെന്ന് അമ്മയോട് പറഞ്ഞവരുണ്ട്. എന്നെ ഒന്നിനും കൊള്ളില്ലെന്നാണ് അവര്‍ പറയാതെ പറയുന്നത്. എന്നാൽ ആ താഴ്ത്തികെട്ടലുകളാണ് എന്നെ വളര്‍ത്തിയത്.

പാവറട്ടിയിലായിരുന്നു അന്ന് താമസം. ഒന്നാം ക്ലാസ് പഠനം വീട്ടില്‍ വെച്ചായിരുന്നു. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് മലയാളം നന്നായി പഠിച്ചു, വായന പതിവുശീലമായി. ഒന്നാം ക്ലാസ്സ് കഴിയുമ്പോഴേക്ക് മാതൃഭൂമി പത്രം വായിക്കുന്ന ശീലവും തുടങ്ങി. സ്‌കൂളില്‍ പോവാനും വരാനും നല്ല വഴികളില്ലായിരുന്നു. വീട്ടില്‍ സഹായത്തിനെത്തിയ ചേച്ചിയാണ് നാലാം ക്ലാസ്സ് വരെ സ്‌കൂളില്‍ കൊണ്ടു ചെന്നാക്കിയിരുന്നത്. ക്ലാസ്സിലെ പഠിക്കുന്ന കുട്ടി എന്ന നിലയില്‍ എന്നോടെല്ലാവര്‍ക്കും താത്പര്യമായിരുന്നു. സുഹൃത്തുക്കളുടെ സൈക്കിളില്‍ കയറിയാണ് പത്ത് വരെ സ്‌കൂളില്‍ പോയത്. സഹോദരങ്ങളും സുഹൃത്തുക്കളില്‍ ഭൂരിഭാഗവും കാരുണ്യത്തോടെ പെരുമാറി. എനിക്ക് പറ്റാത്ത കളികളെ എന്നെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ സുഹൃത്തുക്കൾ പരിഷ്‌കരിച്ചു. ചേച്ചിയുടെ എല്ലാ സഞ്ചാരങ്ങളും പരിമിതപ്പെട്ടത് ഞാന്‍ കാരണമാണെന്ന് ഇടക്കൊക്കെ ചിന്തിക്കാറുണ്ട്. എന്നെ നോക്കാനുള്ള ചുമതല ചേച്ചിക്കായിരുന്നു. അതേ ചേച്ചിയുടെ കല്ല്യാണം പല തവണ എന്റെ പേരും പറഞ്ഞാണ് നാട്ടുകാർ മുടക്കിയിരുന്നത്. കാലിന് വയ്യാത്ത കുട്ടി വീട്ടിലുണ്ട്. ഈ ആലോചന വേണോ എന്ന ചോദ്യങ്ങൾ പല ദിക്കിൽ നിന്നുയർന്നു

ഭാര്യ പൊന്നി ജോസിനൊപ്പം ഡോ. റജി ജോർജ്ജ്

ആഗ്രഹിച്ചത് എൻജിനിയറിങ് എത്തപ്പെട്ടത് ആരോഗ്യമേഖലയിൽ

ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് എടുക്കാനായിരുന്നു താത്പര്യം. അവന്‍ അത്യാവശ്യം ബുദ്ധിയുള്ളവനാണ് ഒരു മേശയും സ്റ്റെതസ്‌കോപ്പും ഉണ്ടെങ്കില്‍ അവന്‍ ജീവിച്ചു പോകും എന്ന കുടുംബസുഹൃത്തിന്റെ നിര്‍ദേശമനുസരിച്ചാണ് എം.ബി.ബി.എസ്സിനായി പരിശ്രമിക്കുന്നത്. ബസ്സില്‍ ഞാന്നും തൂങ്ങിക്കിടന്നും 60 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് പ്രീഡിഗ്രി പഠിക്കാന്‍ പോയത്. അതിനിടെ എന്‍ട്രന്‍സിനായി സണ്‍ഡേ ബാച്ചില്‍ ചേര്‍ന്നു. ഈ കുട്ടിയെ എന്തിനാണിങ്ങനെ കഷ്ടപ്പെടുത്തുന്നതെന്നാണ് അന്ന് നടന്ന് പോയിരുന്ന എന്നെ ചൂണ്ടി മമ്മിയോട് ചില അഭ്യുദയകാംക്ഷികള്‍ ചോദിച്ചത് . കുട എടുത്ത് നടക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് റെയിന്‍ കോട്ടെടുത്ത് പോകുമ്പോഴും ചോദ്യശരങ്ങളുയർന്നു. അല്ലെങ്കിലേ ആ കൊച്ചിന് സൂക്കേടാണ് ഇനി മഴകൊള്ളിച്ച് എന്തിന് നടത്തുന്നു എന്നിങ്ങനെ പോകുന്നു ആ മുൻവിധികൾ. എല്ലാറ്റിനെയും വകഞ്ഞു മാറ്റി ഞാനെന്റെ പഠിപ്പു തുടര്‍ന്നു.

ഒരിക്കല്‍ പ്രീഡിഗ്രി ഫിസിക്‌സ് ടെക്സ്റ്റ് ബുക്കില്‍ പെന്‍സില്‍ കൊണ്ട് ഡോ. റജി ജോര്‍ജ്ജ് എന്ന് എഴുതി വെച്ചതിനെ ട്യൂഷന്‍ മാഷ് വലിയ തമാശയായാണ് കണ്ടത്. ശോഷിച്ച കാലുകളുള്ള ഞാന്‍ ഡോക്ടറാവുന്നത് അവരുടെയൊന്നും സങ്കല്‍പത്തിലേ ഉണ്ടായിരുന്നില്ല. ഇങ്ങനെ പഠിച്ചാല്‍ നീ എവിടെയുമെത്തില്ല എന്ന അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടുതല്‍ അധ്വാനിക്കാനുള്ള ഊര്‍ജ്ജമാണ് എനിക്ക് നല്‍കിയത്. എം.ബി.ബി.എസ്സിന് സീറ്റുകിട്ടിയപ്പോള്‍ "എഴുതി വെച്ചത് പോലെ നീ എത്തിച്ചു അല്ലേ " എന്ന മാഷുടെ ചോദ്യത്തിൽ ഉള്ളില്‍ അഭിമാനം നുരഞ്ഞു പൊന്തി.

പ്രോത്സഹാഹിപ്പിച്ചില്ലേലും നിരുത്സാഹപ്പെടുത്തരുത്

മറ്റുള്ളവരുടെ പല മുന്‍വിധികളെയും ജീവിതത്തില്‍ മറികടക്കാനായിരുന്നെങ്കിലും എല്ലുരോഗ വിദഗ്ധനാണെന്ന എന്റെ ആഗ്രഹത്തിന് വിരാമമായത് ഒരു പ്രൊഫസറുടെ പിന്തിരിപ്പൻ വാക്കുകളായിരുന്നു. എല്ലുരോഗ വിഭാഗം ഉപരിപഠനത്തിനായി എടുത്താല്‍ എനിക്കൊരിക്കലും മുന്നോട്ടു പോവാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഒരുപാട് നിന്ന് ജോലി ചെയ്യേണ്ടി വരുമെന്നും സൈക്കാട്രിയോ മറ്റോ എടുത്ത് കൂടെ? എന്നും അദ്ദേഹം സംസാരിച്ചു വെച്ചു. എല്ലാവരും ബഹുമാനിക്കുന്ന ഒരു മേഖലയേ ഞാനെടുക്കൂ എന്ന് പറഞ്ഞപ്പോൾ എല്ലാവര്‍ക്കും എല്ലാം ചെയ്യാന്‍ കഴിയില്ല എന്ന തരത്തില്‍ എന്റെ ആത്മവിശ്വാസത്തെ അദ്ദേഹം തീർത്തും ഇല്ലാതാക്കി .

എല്ലുരോഗ വിദഗ്ധനെന്ന എന്റെ സ്വപ്നത്തെ ആ വാക്കുകള്‍ക്ക് ഇല്ലാതാക്കാനായെങ്കിലും അഖിലേന്ത്യാ തലത്തിലെ ഉയർന്ന റാങ്കുകാര്‍ക്ക് തിരഞ്ഞെടുപ്പവകാശമുള്ള റേഡിയോ ഡയഗ്നോസിസ് തന്നെ ഉപരിപഠനത്തിനായി എടുക്കാന്‍ ഞാൻ തീരുമാനിച്ചു. 100 റാങ്കില്‍ താഴെയുണ്ടെങ്കിലേ നമുക്കിഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാനാവൂ. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫ. സി.കെ. വാസു എന്റെ പരിമിതികളെ കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ ചുമതലകളും സ്വാതന്ത്ര്യവും തന്ന് എന്റെ ആത്മവിശ്വാസം കൂടുതലുയര്‍ത്തി. മൂന്ന് വര്‍ഷത്തിനു ശേഷമാണ് തൃശ്ശൂര്‍ ജൂബിലി മിഷനില്‍ ചേരുന്നത്. 18 വര്‍ഷത്തോളം അവിടെ സേവനമനുഷ്ഠിച്ചു. അഞ്ച് വര്‍ഷം അവിടുത്തെ ഡിപ്പാര്‍ട്‌മെന്റ് ഇന്‍ ചാര്‍ജ് ആയിരുന്നു.

ഡോ. റജി ജോർജ്ജും ഭാര്യ പൊന്നി ജോസും

വിവാഹവും ഊഹാപോഹങ്ങളും

എന്നെപ്പോലെ കാലിനു സുഖമില്ലാത്ത ഒരാളെ ആരും വിവാഹം കഴിക്കാന്‍ സ്വമേധയാ താത്പര്യപ്പെടില്ല എന്ന ചിന്തയിലായിരുന്നു കുറെക്കാലം വരെ ബന്ധുക്കളും നാട്ടുകാരും. എന്നെ മനസ്സിലാക്കി എന്റെ കാര്യപ്രാപ്തി തിരിച്ചറിഞ്ഞ ഒരാളെയേ വിവാഹം കഴിക്കൂ എന്ന നിലപാടിലായിരുന്നു ഞാന്‍. ഒരുപാട് പ്രതിബന്ധങ്ങളെ മറികടന്ന് 39-ാം വയസ്സിലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. പേര് പൊന്നി ജോസ്. അന്ന് ഞങ്ങൾ തമ്മിൽ 15 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. എന്നെ വിവാഹം കഴിക്കാനെടുത്ത തീരുമാനത്തിന്റെ പേരിൽ അവളും കുറെയേറെ പഴികേട്ടു. ഭിന്നശേഷിക്കാരാനായ ഒരാള്‍ അതുപോലുള്ള ഒരാളെത്തന്നെയാണ് വിവാഹം കഴിക്കേണ്ടതെന്ന ചിന്തയില്‍ നില്‍ക്കുന്നവര്‍ക്ക് ആ വിവാഹം ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല. പൊന്നിക്ക് ഇനി വല്ല പ്രശ്‌നമുണ്ടോ? വീട്ടില്‍ മോശം സാമ്പത്തികസ്ഥിതിയാണോ? തുടങ്ങിയ പലവിധ സംശങ്ങളായിരുന്നു പല മനുഷ്യര്‍ക്കും. വിവാഹത്തിന് പലവിധ പ്രതിബന്ധങ്ങളുമുണ്ടായിരുന്നു. സ്വാഭാവിക ലൈംഗികത ഇവര്‍ക്ക് പറ്റുമോ എന്ന സംശയം വരെ പങ്കുവെച്ചവരുണ്ട്. ഒരു വര്‍ഷം കഴിഞ്ഞ് കുട്ടിയായപ്പോൾ കുട്ടി നടക്കുന്നുണ്ടോ, കാലിന് വയ്യായ്കയുണ്ടോ എന്ന ആകാംക്ഷയായി പിന്നീട്.

ഇവര്‍ക്കെല്ലാം മുന്നിലൂടെ ഇന്ന് സ്വന്തമായി ഡയഗ്നോസ്റ്റിക് സെന്റർ നടത്തി ബെന്‍സ് കാറിലാണ് സഞ്ചാരം. ഒരിക്കല്‍ എന്‍ട്രന്‍സ് പഠിപ്പിച്ചിരുന്ന മാഷുടെ അടുത്ത് എം.ബി.ബി.എസ്സിന് സീറ്റ് കിട്ടിയത് പറയാന്‍ പോയപ്പോള്‍ നിനക്കിത് കിട്ടുമെന്ന് ഞാന്‍ കരുതിയില്ല. നീ വല്ല തട്ടിപ്പും കാണിച്ചോ എന്ന ചോദ്യമാണ് നേരിട്ടത്. നീ അത്ര നല്ല സ്റ്റുഡന്റ് ആയിരുന്നില്ലഎന്ന് വരെ അദ്ദേഹം പറഞ്ഞിരുന്നു. ഇതേ സാറിന്റെ അച്ഛന്‍ വയ്യാതെ വന്നപ്പോള്‍ ഞാനായിരുന്നു നോക്കിയിരുന്നത്‌. എന്റെ ചികിത്സാശൈലി കണ്ട് അദ്ദേഹം അഭിനന്ദിച്ചതും മറക്കാനാവില്ല.

നല്ല തൊഴില്‍ നേടിയതിലൂടെ സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ടു. അതുകൊണ്ട് കൂടിയാണ് ജീവിതം സന്തോഷഭരിതമായത്. ഇല്ലായിരുന്നെങ്കില്‍ എന്റെ മമ്മിയും പപ്പയും മാത്രമല്ല, എന്നെ വിവാഹം കഴിക്കാൻ തീരുമാനമെടുത്ത പൊന്നിയും പല വിധ കുറ്റപ്പെടുത്തലുകളിലൂടെ കടന്നു പോവേണ്ടി വന്നേനെ.

കുത്തുവാക്കുകളെയും നിരുത്സാഹപ്പെടുത്തലുകളെയും വിവേചനങ്ങളെയും അവസരങ്ങളായി കണ്ട് ഞാനെന്നെ ശക്തിപ്പെടുത്തി എന്നതാണ് എന്റെ ജീവിതത്തിന്റെ വിജയരഹസ്യം. ഇക്കണ്ട കാലത്തിലൊരിക്കല്‍ പോലും രോഗികളുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമോ ഞാനെന്ന ഡോക്ടറിലുള്ള വിശ്വാസക്കുറവോ നേരിട്ടിട്ടില്ല.

കാലിന്റെ പരിമിതയില്ലായിരുന്നെങ്കില്‍ കുറച്ചുകൂടെ ഉയരത്തില്‍ പോകാമായിരുന്നു എന്നെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഡോക്ടര്‍ നല്‍കുന്ന ഒരുത്തരമുണ്ട്: "എല്ലാ തരത്തിലും നോര്‍മലായ ഒരുപാട് പേര്‍ ഭൂമിയിലുണ്ട്. വളരെ കുറച്ച് പേര്‍ മാത്രമാണ് പ്രത്യേക ജോലിയും മറ്റും ചെയ്യാന്‍ ശേഷിയുള്ളവരായി തീരുന്നുള്ളൂ. അതിലൊരാളാണീ ഞാന്‍. അങ്ങിനെ വരുമ്പോള്‍ മറ്റുള്ളവരോട് ദൈവം വിവേചനം കാണിച്ച് എനിക്ക് അനുഗ്രഹം ചൊരിഞ്ഞു എന്ന് പറയുന്നില്ലല്ലോ. അങ്ങനെ മാത്രമേ ജനിച്ചപ്പോഴുണ്ടായ എന്റെപോരായ്മയെ കാണുന്നുള്ളൂ. ഈ പരിമിതികൊണ്ട് എനിക്കിന്നോളം ഒരു ദോഷവും വന്നിട്ടില്ല. ഇന്നോളമുണ്ടാക്കിയതൊന്നും ഈ പരിമിതിയുടെ പേരിലുമല്ല."


stop shaming, stop being judgemental- ആത്മവിശ്വാസമാണ് പലതരം പരിമിതികളിലൂടെ പോകുന്നവരുടെ ആകെ മൂലധനം. ആ ആത്മവിശ്വാസം തകർക്കുന്ന വാക്കുകളും ആശങ്കളും മുൻവിധികളും കെടുത്തുന്നത് അവരുടെ ജീവിത പ്രതീക്ഷകളാണ്. ഭിന്നശേഷിക്കാരെയും അവരുടെ പ്രശ്നങ്ങളെയും സെൻസിറ്റീവായി തന്നെ സമൂഹം സമീപിക്കേണ്ടതുണ്ട്. കഴിയാത്ത കാര്യങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്താതെ കഴിയുന്നകാര്യങ്ങളെ കുറിച്ചുള്ള ആത്മവിശ്വാസമാണവർക്കാവശ്യം. മാറ്റാം മനോഭാവം മാതൃഭൂമി ഡോട്ട്കോമിലൂടെ

Content Highlights: Reji george,Njan inganeyanu theerppukal venda,specially abled,handicapped,doctor,social,mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Laurie Baker
Premium

6 min

ആ ഷൂസ് കണ്ട് ഗാന്ധി ചോദിച്ചു: പാവപ്പെട്ടവര്‍ക്കുവേണ്ടി ചെലവു കുറഞ്ഞ വീടുണ്ടാക്കിക്കൂടെ | Their Story

Jan 25, 2023


1
ഇന്ത്യൻ ഗ്രാമീണ കലകൾ

3 min

നാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേര്‍ഷ്യയില്‍ നിന്നെത്തിയ റോഗൺ ചിത്രങ്ങള്‍

May 30, 2023


uphar theatre tragedy
Premium

6 min

സ്‌ക്രീനില്‍ യുദ്ധവിജയം, തീയേറ്റര്‍ കത്തി, രക്ഷകനായ സൈനികന് നഷ്ടമായത് മകനും ഭാര്യയും | Their Story

Apr 15, 2023

Most Commented