എന്നെ ദഹിപ്പിക്കാനായി വൃക്ഷത്തെ ബലികൊടുക്കരുത്; ഈ ശരീരം വരുംതലമുറ പഠിക്കട്ടെ | അതിജീവനം 87


എ.വി. മുകേഷ്

5 min read
Read later
Print
Share

ചന്ദൻ നയാൽ | ഫോട്ടോ: ജഗദീഷ് ബിഷ്റ്റ്

മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റി നായിഗ്രാമത്തിലേക്ക് ബസ് എത്തിയപ്പോഴേക്കും ഉച്ചയോടടുത്തു. അപ്പോഴും സൂര്യനെ പാടെ മറച്ചുകൊണ്ട് ഗ്രാമമാകെ കോടമഞ്ഞാണ്. ചന്ദൻ നയാലിന്റെ ഗ്രാമത്തിലേക്കുള്ള വഴി തുടങ്ങുന്നത് അവിടെനിന്നാണ്. ചെറുപ്രായത്തിലേ മണ്ണിൽ മായാജാലം സൃഷ്ടിച്ച മാന്ത്രികനാണ് അദ്ദേഹം.

കാട്ടുതീ പടർന്ന് ചാരമായ നാടിനെ പ്രതീക്ഷയുടെ പച്ചതുരുത്താക്കിയത് വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ്. അൻപതിനായിരത്തിലധികം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. കൂടാതെ, ആയിരക്കണക്കിന് കുളങ്ങളും തോടുകളും ഉണ്ടാക്കി. ആ പച്ചമനുഷ്യനെ തേടിയുള്ള യാത്രയാണ് ഉത്തരാഖണ്ഡിലെ നായിഗ്രാമത്തിൽ എത്തിച്ചത്.

കാതടപ്പിക്കുന്ന ഇരമ്പലോടെ ഡൽഹിയിൽനിന്നു വന്ന ബസ് മഞ്ഞിലേക്ക് എവിടെയോ പോയി മറഞ്ഞു. പൈൻ മരങ്ങൾ തിങ്ങി നിൽക്കുന്ന വിജനമായ വഴി മുന്നിൽ അവ്യക്തമായി കാണാം. ആകെയുള്ളത് ഒരു ചെറിയ ചായക്കട മാത്രം. വലിയ കുപ്പിക്ക് അടിയിൽ ബാക്കിയായ ഏതാനും ബിസ്‌കറ്റുകളും പൂജക്കാവശ്യമുള്ള സാധനങ്ങളുമാണ് അവിടെ ഉള്ളത്. പുകമഞ്ഞ് മൂടിയ കടയുടെ ഇരുട്ടിൽനിന്നു പുറത്തെ ആളനക്കം കേട്ട് വൃദ്ധനായ ഒരാൾ വന്നു. കരിമ്പടം കൊണ്ട് ആകെ മൂടിയ അദ്ദേഹത്തിന്റെ കണ്ണുകൾ മാത്രമാണ് പുറത്ത് കണ്ടത്.

ചന്ദൻ നയാലിന്റെ അടുത്തേക്കെന്ന് പറഞ്ഞപ്പോൾ ഉത്സാഹത്തോടെ പുറത്തേക്ക് വന്നു. കടയുടെ അരികിൽ അണയാതെ കത്തുന്ന മണ്ണെണ്ണ സ്റ്റൗവ്വിന്റെ ഗന്ധമായിരുന്നു അദ്ദേഹത്തിന്. തലയിൽനിന്നു കരിമ്പടം അൽപ്പം നീക്കിക്കൊണ്ട് റാം ചന്ദ് എന്ന് സ്വയം പരിചയപ്പെടുത്തി. ഒരു എളുപ്പവഴി ഉണ്ടെന്ന് പറഞ്ഞ് മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മറ്റൊരു മലയിലേക്ക് വിരൽചൂണ്ടി. 'അതുവഴി പൊയ്ക്കോളൂ, പോകുന്ന വഴിയിൽ അവൻ ഉണ്ടാകും'.

വന്മരങ്ങക്ക് ഇടയിലൂടെയുള്ള ചെറിയ വഴിയിലൂടെ നടക്കാൻ തുടങ്ങി. തലേന്ന് രാത്രി പെയ്തിറങ്ങിയ മഞ്ഞ് വഴിയിലുടനീളം കനത്തു കിടക്കുന്നുണ്ട്. ശിഖരങ്ങളിലും ഇലകളിലും താഴെവീഴാതെ തങ്ങി നിൽക്കുന്ന മഞ്ഞിന്റെ കണികകളും കാണാം. വെളുത്ത ചിത്രശലഭ കൂട്ടത്തെപോലെയാണ് ദൂരെനിന്നുമുള്ള അവയുടെ കാഴ്ച. മുന്നോട്ട് പോകുംതോറും തണുപ്പ് അസഹനീയമാണ്. ജാക്കറ്റിനുള്ളിലൂടെ അരിച്ചു കയറുന്ന ശീതക്കാറ്റ് യാത്ര ദുസ്സഹമാക്കി.

ആ ശൈത്യത്തിലും പൈന്മരങ്ങൾക്കിടയിൽ ഒരാൾ എന്തോ ജോലി ചെയ്യുന്നുണ്ട്. മഞ്ഞു മൂടിയതുകൊണ്ട് അവ്യക്തമാണ്. അടുത്തെത്താറായപ്പോഴാണ് തിരഞ്ഞുവന്ന ആളാണ് മുന്നിലെന്ന് മനസിലായത്. മരത്തൈകൾ കുഴിച്ചിടാനായി കുഴിയെടുക്കുന്ന തിരക്കിലായിരുന്നു ചന്ദൻ നയാലപ്പോൾ. അടുത്തുചെന്ന് വിളിക്കുമ്പോഴാണ് തിരിഞ്ഞു നോക്കുന്നത്. ചെറുചിരിയോടെ ആ ചെറുപ്പക്കാരൻ ഞങ്ങളെ സ്വീകരിച്ചു. ഗ്രാമത്തിലേക്ക് ക്ഷണിച്ച് മുന്നിൽ നടന്നു. ചെടികളും മരങ്ങളും അപ്പോൾ കാറ്റിൽ ഉലഞ്ഞ് വഴിമാറി നിന്നിരുന്നു.

Chanadan
ചന്ദൻ നയാലിന്റെ നേതൃത്വത്തിൽ ഗ്രാമീണർ ചെടികൾ നടുന്നു | ഫോട്ടോ: ജഗദീഷ് ബിഷ്റ്റ്

അസാധ്യമായ ഗ്രാമീണ ജീവിതങ്ങൾ

സരസ്വതി ദേവിയുടെയും ഗോപാൽ സിങ്ങിന്റെയും മൂന്നു മക്കളിൽ രണ്ടാമനാണ് ചന്ദൻ നയാൽ. കൃഷി ഉപജീവനമാർഗമായ മലയോരഗ്രാമം കാഴ്ചയിൽ അതിമനോഹരമാണ്. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന നായ്ഗ്രാമം ആരെയും ആകർഷിക്കും. പൈൻ മരങ്ങളാൽ അതിരിട്ട വഴികളും കാഫലിന്റെ ചുവന്നു തുടുത്ത പഴങ്ങളും കൂടുതൽ നിറം നൽകുന്നുണ്ട്.

എന്നാൽ, ഗ്രാമീണ ജീവിതത്തിൽ ഈ നിറങ്ങളെല്ലാം അന്യമാണ്. ശൈത്യകാലം ആ മനുഷ്യർക്ക് വലിയ വെല്ലുവിളിയാണ്. നിനച്ചിരിക്കാതെയുള്ള മഞ്ഞുവീഴ്ചയിൽ വിളകൾ കരിഞ്ഞു പോകുന്നത് പതിവാണ്. പട്ടിണിയാണ് പിന്നെ ആഹാരം. തണുത്തുറഞ്ഞ ആമാശയവുമായി ദിവസങ്ങൾ തള്ളിനീക്കും. കരുതിവച്ച അവസാന ഗോതമ്പും റൊട്ടിയായി മാറും. ഉള്ളതിൽ പാതി പങ്കുവച്ച് കഴിക്കുന്ന ഗ്രാമീണനന്മ കൊണ്ടാണ് ജീവിതം കൈവിടാതെ നിൽക്കുന്നത്.

ഗതാഗത സൗകര്യങ്ങളെ കുറിച്ചുള്ള ഭരണകൂടങ്ങളുടെ ആലോചനകൾ പോലും ഇപ്പോഴും കടലാസുകളിൽ മാത്രമാണ്. പല നടപ്പാതകളും ഗ്രാമീണർതന്നെ നിർമ്മിച്ചതാണ്. വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും അവസ്ഥ മറ്റൊന്നല്ല. കിലോ മീറ്ററുകൾ നടന്നു വേണം ഇന്നും പ്രാഥമിക വിദ്യാലയത്തിലെത്താൻ. തുടർപഠനം സാധ്യമാകണമെങ്കിൽ മലയിറങ്ങി ഗ്രാമത്തിന് പുറത്തു കടക്കണം. സാമ്പത്തിക പ്രയാസങ്ങൾകൊണ്ട് പലർക്കും ഉന്നത വിദ്യാഭ്യാസം അസാധ്യമാണ്. ഒരു തലമുറയുടെ സ്വപ്നങ്ങൾകൂടെയാണ് ആ മണ്ണിൽ ഉറഞ്ഞു പോകുന്നത്.

Chandan
ചന്ദൻ നയാലിന്റെ നേതൃത്വത്തിൽ ഗ്രാമീണർ ചെടികൾ നടുന്നു | ഫോട്ടോ: ജഗദീഷ് ബിഷ്റ്റ്

പ്രകൃതി ദൈവമാണ്

പ്രാരാബ്ധങ്ങൾക്കിടയിൽ ചന്ദൻ നയാലിൻറെയും പഠനം വഴിമുട്ടി. പിന്നീട് നൈനിറ്റാളിലുള്ള അമ്മാവനാണ് അക്ഷരങ്ങൾക്ക് വെള്ളമേകിയത്. ഹർ ഗോവിന്ദ സിങ് കോളേജിൽനിന്ന് പന്ത്രണ്ടാം തരവും ലോഹഘടിയിൽനിന്ന് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങും പൂർത്തിയാക്കി. ഡൽഹിലും മറ്റും ഒട്ടേറെ ജോലിസാധ്യതകൾ ഉണ്ടായിരുന്നെങ്കിലും ഉത്തരാഖണ്ഡ് വിട്ട് പോകാൻ തയ്യാറായില്ല. തുടർന്നാണ് സമീപത്തെ ചെറിയൊരു സ്വകാര്യ വിദ്യാലയത്തിൽ താൽക്കാലിക അധ്യാപകനായി ജോലി നോക്കിയത്.

പരിസ്ഥിതിയെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ വായനയിൽ ആയിരുന്നു അക്കാലമത്രയും. ഡൽഹി ഉൾപ്പെടെ അതീവ പാരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് മനസിലാക്കിയത് വാർത്തകളിൽനിന്നാണ്. വായുമലിനീകരണം അങ്ങേയറ്റം ഗുരുതരാവസ്ഥയിലാണെന്ന അറിവും ഞെട്ടിച്ചു. ഓരോ തവണ ഗ്രാമത്തിലേക്കു പോകുമ്പോഴും പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് കൂട്ടുകാരെയും കുടുംബത്തേയും ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു.

നാട്ടിൽ വരുമ്പോഴൊക്കെയും വ്യത്യസ്തങ്ങളായ തൈകൾ കുഴിച്ചിടും. അടുത്ത വരവിന് വേഗത കൂട്ടുന്നത് അവയുടെ വളർച്ച എത്രമാത്രമായി എന്നറിയാനുള്ള തിടുക്കമാണ്. നാട്ടുകാർക്ക് ഈ പ്രവൃത്തികളൊക്കെ വലിയ തമാശയായിരുന്നു. പരസ്യമായി കളിയാക്കിയവർ വരെയുണ്ട്. അവരോടൊക്കെ പ്രകൃതി ദൈവമാണെന്ന് ചിരിച്ചുകൊണ്ട് ഓർമ്മപ്പെടുത്തും.

Chandan
ചന്ദൻ നയാലിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മഴക്കുഴി | ഫോട്ടോ: ജഗദീഷ് ബിഷ്റ്റ്

ജീവനറ്റ മണ്ണിൽ പച്ച പടരുമ്പോൾ

അവധിക്കു ഗ്രാമത്തിലേക്ക് പോയ ഒരു ജൂലൈ മാസമാണ് ജീവിതം പാടേ മാറുന്നത്. വീട്ടിൽ വിശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടത്. ഓടി പുറത്ത് ഇറങ്ങിയപ്പോൾ സമീപത്തെ കാടാകെ കത്തി പടരുകയായിരുന്നു. സാധ്യമായ എല്ലാ മാർഗവും തീയണക്കാനായി ഉപയോഗിച്ചു. നിരാശയായിരുന്നു ഫലം. ഭ്രാന്തു പിടിച്ചവനെപ്പോലെ നിയന്ത്രണമില്ലാതെ പരന്ന അഗ്‌നി കെട്ടടങ്ങിയപ്പോഴേക്കും പ്രദേശമാകെ ചാരം മൂടിയിരുന്നു.

ഓമനിച്ചു വളർത്തിയ ചെടികളും ജീവശ്വാസമായിരുന്ന കാടുമാണ് തൊട്ടുമുന്നിൽ പ്രാണനറ്റു കരിഞ്ഞു കിടക്കുന്നത്. പ്രകൃതി വൈവിധ്യങ്ങളും ജീവജാലങ്ങളുമില്ലാത്ത ഒരു പ്രദേശമായി ഗ്രാമത്തെ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലായിരുന്നു. നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ചു പിടിക്കാൻ എന്തു ചെയ്യുമെന്ന ചോദ്യം ഉറക്കം നഷ്ടപ്പെടുത്തി. വാക്കുകൾകൊണ്ടുള്ള കസർത്തല്ല പ്രവർത്തിയാണ് വേണ്ടതെന്ന് സ്വയം തിരിച്ചറിഞ്ഞു. ഇനി ഈ നാടിനെ ദേവഭൂമിയാക്കി മാറ്റാനായിരിക്കും തന്റെ ജീവിതമെന്ന് ചന്ദൻ നയാൽ അന്ന് ഉറപ്പിച്ചതാണ്.

കരിഞ്ഞുണങ്ങിയ ഭൂമിയിൽ ചെടികളും മരങ്ങളുംവച്ച് പിടിപ്പിക്കാൻ തുടങ്ങി. മുഴുവൻ സമയം അതിനായി ചെലവഴിക്കാൻ ജോലി ഒരു തടസ്സമായി. മറ്റൊരാലോചനക്കും ഇട നൽകാതെ ജോലി രാജിവച്ചു. അതുവരെ പരിഹസിച്ചിരുന്ന ഗ്രാമവാസികൾ ആ തീരുമാനത്തിന് മുന്നിൽ നിശബ്ദരായി. പിന്നീട് ചങ്ങലക്കണ്ണികൾ പോലെ കൂടെ ചേർന്നു. അതൊരു വലിയ മാറ്റത്തിനാണ് വഴിവച്ചത്. നോക്കിനിൽക്കെ ചാരം മൂടിയ മണ്ണ് പച്ചത്തുരുത്തായി മാറുകയായിരുന്നു.

Chandan
ചന്ദൻ നയാൽ | ഫോട്ടോ: ജഗദീഷ് ബിഷ്റ്റ്

മരണത്തെപ്പോലും അടയാളപ്പെടുത്തുമ്പോൾ

അൻപതിനായിരത്തിലധികം വൃക്ഷത്തൈകളാണ് ഇതിനോടകം നട്ടുപിടിപ്പിച്ചത്. ഗ്രാമത്തിലെ ജലക്ഷാമം പരിഹരിക്കാനുള്ള ഉത്തരവും ചന്ദൻ നയാലിന്റെ കയ്യിൽ ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് മഴക്കുഴികളും കുളങ്ങളും നിർമ്മിച്ചു. ഇതോടെ കൃഷിക്കൊപ്പം പക്ഷികൾക്കും മൃഗങ്ങൾക്കും യഥേഷ്ടം വെള്ളം കിട്ടുന്ന ഗ്രാമമായി.

മറ്റ് ഗ്രാമങ്ങളിലേക്കും ഈ പാരിസ്ഥിതിക സംസ്‌കാരം പകർന്നുകൊടുക്കുന്നതിൽ അദ്ദേഹത്തിന് വിജയിക്കാനായി. യുവാക്കളും വിദ്യാർത്ഥികളും കർഷകരുമടങ്ങുന്ന വലിയൊരു സംഘവും കൂടെയുണ്ട്. ആയിരത്തിൽപരം വിദ്യാലയങ്ങളിലാണ് ഇതിനകം പാരിസ്ഥിതിക അവബോധ ക്ലാസ്സുകൾ നടത്തിയത്. ഓരോ നിമിഷവും നാടിനെ പച്ചത്തുരുത്താക്കാനുള്ള ചിന്തയിലാണ് ചന്ദൻ നയാൽ.

ഗ്രാമത്തിലെ ആചാരപ്രകാരം മരണം സംഭവിച്ചാൽ ഒരു മരം മുറിക്കും. മൃതശരീരം ദഹിപ്പിക്കാൻ ആ മരമാണ് ഉപയോഗിക്കുക. മറ്റ് മരണാനന്തര ക്രിയകൾക്കും അഗ്‌നിയാവുന്നത് ആ വൃക്ഷത്തിന്റെ ബാക്കിയാണ്. എന്നാൽ, അവിടെയും ചന്ദൻ നയാൽ അത്ഭുതപ്പെടുത്തുകയാണ്. ജീവനറ്റു പോയാലും അതിന്റെ പേരിൽ ഒരു പുൽക്കൊടിയുടെയും വേരറുക്കരുതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുറപ്പു വരുത്താൻ അദ്ദേഹം ചെയ്തത് മരണശേഷം മൃതദേഹം ഹൽദ് വാനി മെഡിക്കൽ കോളേജിന് ദാനം ചെയ്തുകൊണ്ടാണ്.

ചില മനുഷ്യർ അങ്ങനെയാണ്, പ്രകൃതിയോളം വിസ്മയങ്ങൾ കരുതിവച്ച കൂടാകും. ഗ്രാമത്തിൽനിന്നു തിരിച്ചു വരുമ്പോഴേക്കും കോടമഞ്ഞ് പരന്നിരുന്നു. സൂക്ഷിച്ചു നോക്കിയാൽ ചെറിയ നിലാവിൽ വള്ളിപ്പടർപ്പുകളും വൃക്ഷങ്ങളും പുഞ്ചിരിക്കുന്നതായി കാണാം. ദൂരെനിന്നു മഞ്ഞിനെ കീറിമുറിച്ച് വരുന്ന ബസ്സിന്റെ ഇരമ്പൽ കേൾക്കാം.

Content Highlights: Do not sacrifice a tree to consume me; Let the next generation study my body | Athijeevanam 87

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Living Together
Premium

3 min

കുട്ടികൾക്ക് സ്വത്തിൽ അവകാശമുണ്ടോ? ലിവിങ് ടുഗതറിന് നിയമവശങ്ങൾ ഏറെയുണ്ട്‌

Jul 8, 2023


ancient human
Premium

7 min

മനുഷ്യചരിത്രം പറയുന്നു: പരദൂഷണം ഒരു മോശം സ്വഭാവമല്ല | നമ്മളങ്ങനെ നമ്മളായി 02

Aug 30, 2023


sapiens
Premium

7 min

തീയും മാംസവും വികസിപ്പിച്ച തലച്ചോർ, മാറ്റി മറിച്ച മനുഷ്യചരിത്രം | നമ്മളങ്ങനെ നമ്മളായി 01

Aug 23, 2023


Most Commented