ശിവ് നന്ദൻ | ഫോട്ടോ: എ.വി. മുകേഷ് മാതൃഭൂമി ന്യൂസ്
'വിശന്ന് ഉറങ്ങിപ്പോയ ഏതോ വൈകുന്നേരമാണ് അച്ഛന്‍ കടുകുപാടത്ത് ആത്മഹത്യ ചെയ്‌തെന്നു കേള്‍ക്കുന്നത്. കേട്ടപാടെ അമ്മ എന്റെയും അനിയന്റെയും കൈപിടിച്ച് കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. ജമീന്ദാരുടെ ജോലിക്കാര്‍ അപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവനറ്റ ശരീരം കൊണ്ടുവരുന്നുണ്ടായിരുന്നു. പാടത്തെ പുല്ലില്‍ പൊതിഞ്ഞു കാളവണ്ടിയിലായിരുന്നു കൊണ്ടുവന്നത്. വീടിനു പുറത്ത് ഉണക്കാനിട്ട ചാണകവരട്ടിയില്‍ അച്ഛനെ കിടത്തി ഒരക്ഷരം മിണ്ടാതെ അവര്‍ തിരിച്ചുപോയി. അച്ഛന്റെ മരവിച്ച ശരീരത്തിനു മുന്‍പില്‍ അമ്മയ്‌ക്കൊപ്പം കരയാനെ ഞങ്ങള്‍ കുട്ടികള്‍ക്കും കഴിഞ്ഞുള്ളൂ.'
'പരമ്പരാഗതമായി കര്‍ഷകരായിരുന്നു ഞങ്ങള്‍. ഗ്രാമത്തിലെ പ്രമാണിയായ ജമീന്ദാരുടെ തൊഴിലാളിയായിരുന്നു അച്ഛന്‍. പകലന്തിയോളം പാടത്തു ചോര നീരാക്കിയാലും ഒരു നേരത്തെ ചാപ്പത്തിക്കുപോലും തുച്ഛമായ കൂലി തികയില്ലായിരുന്നു. കര്‍ഷക കുടുംബങ്ങളില്‍ ഇന്നും അവസ്ഥ മറിച്ചല്ല. കടുകും ഗോതമ്പുമായിരുന്നു പ്രധാന കൃഷി. പാടത്തെ കറുത്ത മണ്ണിനും അച്ഛനും ഒരേ നിറമായിരുന്നു. ഒരേ ഗന്ധവും. അത്രത്തോളം ആ മനുഷ്യന്‍ മണ്ണിനോട് ഒട്ടിജീവിച്ചിരുന്നു. എന്നിട്ടും കുടിലു കെട്ടിയ മൂന്ന് സെന്റ് സ്ഥലമൊഴികെ സ്വന്തമായി ഒരു തുണ്ട് കൃഷിഭൂമിപോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല'.
'മനുഷ്യരൂപമുള്ള കാളകളായിട്ടാണു മുതലാളിമാര്‍ കര്‍ഷകരെ കണ്ടിരുന്നത്. അവര്‍ക്കു വേണ്ടി ജോലി ചെയ്ത് ഒടുങ്ങി തീരാന്‍ വിധിക്കപ്പെട്ടവര്‍. പകലന്തിയോളം പണിയെടുത്താലും നിത്യച്ചെലവുകള്‍ക്കുവരെ കടം വാങ്ങേണ്ട അവസ്ഥയായിരുന്നു. ആ കടം പെറ്റു പെരുകി ശ്വാസം മുട്ടിക്കും. ആ അവസ്ഥയില്‍ ആത്മഹത്യയല്ലാതെ അന്നവര്‍ക്കു മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു. കടുകുപാടത്തിനു സമീപം തന്നെയാണ് അച്ഛനെ ദഹിപ്പിച്ചത്. ചിതയില്‍ കിടത്തിയപ്പോഴും കടുകിന്റെ മഞ്ഞപ്പൂക്കള്‍ അച്ഛന്റെ ശരീരത്തില്‍ ഒട്ടി കിടക്കുന്നുണ്ടായിരുന്നു.'
ഉത്തര്‍പ്രദേശിലെ മുജഫ് നഗറില്‍നിന്നാണ് ശിവ് നന്ദന്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറുന്നത്. അമ്മയുടേയും നാലു സഹോദരങ്ങളുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തായിരുന്നു കേട്ടുപരിചയം മാത്രമുള്ള നഗരത്തിലേക്ക് പുറപ്പെട്ടത്. കൃഷി ചെയ്താല്‍ ജീവിക്കാന്‍ സാധിക്കില്ല എന്ന അറിവ് അച്ഛന്റെ ആത്മഹത്യയിലൂടെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിനാലാണ് അകന്ന ബന്ധത്തിലിലുള്ള അമ്മാവന്റെ കൂടെ ചേര്‍ന്നു മുടി വെട്ടാന്‍ പഠിച്ചത്. അന്നൊക്കെ മുടി വെട്ടാന്‍ രണ്ടു രൂപയും താടി വടിക്കാന്‍ ഒരു രൂപയുമായിരുന്നു. ഡല്‍ഹിയില്‍ ഈ തുക ഇരട്ടിയാണെന്ന് ഗ്രാമത്തിലെ സുഹൃത്തിലൂടെയാണ് അറിഞ്ഞത്. പിന്നീടൊന്നും ആലോചിക്കാന്‍ നിന്നില്ല. രണ്ടു കത്രികയും ഒരു ചീപ്പും ചെറിയ കണ്ണാടിയുമായി ഡല്‍ഹിക്ക് വണ്ടി കയറുകയായിരുന്നു.
ശിവ് നന്ദന്‍ എന്ന മനുഷ്യന്റെ മറ്റൊരു ജീവിതം അവിടെ തുടങ്ങുകയാണ്. പല കാരണങ്ങള്‍ കൊണ്ടും പൊതു സമൂഹത്തില്‍നിന്ന് അരികുവല്‍ക്കരിക്കപ്പെട്ടുപോയ മനുഷ്യരുടെ പ്രതിനിധിയാണ് അദ്ദേഹം. ജാതിയും മതവും പാരമ്പര്യവും ലിംഗവ്യത്യാസങ്ങളും കാരണം ജീവിതം അസാധ്യമായി പോയവര്‍ ഇപ്പോഴും അനവധിയാണ്. ഇത് അവരുടെയൊക്കെ അതിജീവനത്തിന്റെ കഥയാണ്. കൃഷിഭൂമി വിട്ട് ഓടിപ്പോകേണ്ടി വന്ന ആയിരങ്ങളുടെ ജീവിതം ശിവ് നന്ദന്റേതുമായി ഏറെ സാമ്യമുണ്ട്. ഇപ്പോഴും കര്‍ഷകന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ സ്പര്‍ശിക്കാന്‍ സാധിക്കാത്ത ഭരണകൂടങ്ങള്‍ തന്നെയാണ് ആ മനുഷ്യരുടെ ജീവിതത്തില്‍ കള പടര്‍ത്തുന്നത്.

പ്രേതങ്ങളലയുന്ന ജാതിഗ്രാമങ്ങള്‍
ജാതിവ്യവസ്ഥ ശക്തമായ കാലമായിരുന്നു ബാല്യകാലം. ശിവ് നന്ദന്റെ ജീവിതത്തിനു മുകളില്‍ കരിനിഴല്‍ വീഴാനുള്ള മുഖ്യകാരണവും ജാതിയായിരുന്നു. ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ വെള്ളം ശേഖരിക്കുന്ന കുളങ്ങള്‍ക്കു സമീപം പോകാന്‍ പോലും അനുവാദമില്ലായിരുന്നു. കാളയും പശുവും കുളിക്കുന്ന കുളങ്ങളില്‍നിന്നു മാത്രമാണു വെള്ളമെടുക്കാനുള്ള അനുവാദം. മിക്ക ക്ഷേത്രങ്ങളിലും പ്രവേശനമില്ലായിരുന്നു. വിദ്യാലയങ്ങളിലും അവസ്ഥ മറിച്ചായിരുന്നില്ല . അക്കാലത്തു ചില ഗ്രാമങ്ങളിലൊക്കെ വിദ്യാലയങ്ങളില്‍ പോകാന്‍ സാധിക്കുമെന്നതു കേട്ടുകേള്‍വി മാത്രമാണ്.
സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കിയ അപൂര്‍വ്വം ചില താഴ്ന്ന ജാതിയില്‍പെട്ടവര്‍ക്കു മാത്രമാണു വിദ്യാലയങ്ങളില്‍ പോകാന്‍ സാധിച്ചിരുന്നത്. ശിവ് നന്ദന്റെ കര്‍ഷക കുടുംബത്തിനു സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത ഒന്നായിരുന്നു വിദ്യാലയം. അത്രത്തോളം കടുത്ത സാമ്പത്തിക ബാധ്യതകള്‍ കുടുംബത്തെ വലച്ചിരുന്നു. ദൂരെനിന്നു കണ്ട ചില ഓര്‍മ്മകള്‍ മാത്രമാണ് വിദ്യാലയത്തെ കുറിച്ചുള്ളത്. പിന്നീട് ഒറ്റയ്ക്കാണ് ഏതാനും അക്ഷരങ്ങള്‍ പഠിച്ചത്.
ഡല്‍ഹിയിലേക്ക് ജോലി അന്വേഷിച്ചുള്ള യാത്ര മറ്റൊരര്‍ത്ഥത്തില്‍ ഒരു തരം രക്ഷപ്പെടലായിരുന്നു. കടുത്ത വരള്‍ച്ചയുടെ കാലത്തും ജാതി വിളഞ്ഞ് പൂക്കുന്ന, അതിന്റെ ദുര്‍ഗന്ധംമുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ട ഒരിടത്തുനിന്നുള്ള രക്ഷപ്പെടല്‍. ദീര്‍ഘനിശ്വാസത്തിന് ശേഷം ശിവ് നന്ദന്‍ പറഞ്ഞു: 'ഇപ്പോഴും ചോരക്കൊതി മാറാത്ത ജാതിപ്രേതങ്ങള്‍ അലയുന്നുണ്ട് ഞങ്ങളുടെ ഗ്രാമങ്ങളില്‍. അവിടെയൊന്നും നിവര്‍ന്നു നില്‍ക്കാന്‍പോലും കര്‍ഷക കുടുംബങ്ങള്‍ക്ക് സാധിച്ചിട്ടില്ല, ഇനിയും.'

മനുഷ്യത്വ വിരുദ്ധ കലാപകാലം
ഡല്‍ഹിയിലെത്തിയ ശേഷം പല ബാര്‍ബര്‍ ഷോപ്പുകളിലും ജോലിക്ക് ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. ഒടുവില്‍ റെയില്‍ ഭവന് സമീപത്തെ ആല്‍മരച്ചുവട്ടില്‍ പേപ്പറും വിരിച്ച് ഇരുന്നു. അന്നൊക്കെ 5 രൂപയായിരുന്നു മുടി വെട്ടിയാല്‍ പരമാവധി കിട്ടുന്ന തുക. പാര്‍ലമെന്റിന് സമീപമായതിനാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം അധികനാള്‍ അവിടെ തുടരാനായില്ല. പിന്നീട് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെയാണ് മയൂര്‍വിഹാറില്‍ എത്തിയത്. റോഡരികില്‍ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് ചെറിയ കട കെട്ടിയുണ്ടാക്കി. കിടക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും അവിടെത്തന്നെയായിരുന്നു. എല്ലാ അര്‍ഥത്തിലും ജീവിതത്തിന്റെ ഞരമ്പുകളായി ആ കട മാറുകയായിരുന്നു. പിന്നീടത് കാലങ്ങള്‍ക്കനുസരിച്ച് രൂപമാറ്റം സംഭവിച്ചു. അന്നുമുതല്‍ 38 വര്‍ഷമായി അതേ സ്ഥലത്തുതന്നെ അദ്ദേഹമുണ്ട്.
ഡല്‍ഹിയിലെ തണുപ്പും ചൂടും ശിവ് നന്ദന്റെ ശരീരത്തിനിന്ന് ഏറെ പരിചിതമായി കഴിഞ്ഞിട്ടുണ്ട്. തലസ്ഥാനത്തിന്റെ ഓരോ മിടിപ്പും ശിവ് നന്ദന്റെ ഓര്‍മ്മകളില്‍ വ്യക്തമായുണ്ട്. കലാപങ്ങളും ആക്രമണങ്ങളും ജീവിതവഴികളെ പലപ്പോഴും തടസ്സപ്പെടുത്തിയിരുന്നു. അവ ഒരോന്നും ഓരോ അനുഭവങ്ങളായിരുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപമായിരുന്നു ഏറെ വേദനിപ്പിച്ച സംഭവം. കലാപത്തിന് മുന്‍പ് വരെ മയൂര്‍ വിഹാറിലെ സിഖ് ഗുരുദ്വാരയില്‍നിന്ന് ഏറെ നാള്‍ അത്താഴം കഴിച്ച ഓര്‍മ്മകൂടെ അദ്ദേഹം പങ്കുവച്ചു.
അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യക്കുരുതിയായിരുന്നത്രെ അന്ന് നടന്നത്. കണ്‍മുന്നിലിട്ട് സ്ത്രീകള്‍ അടങ്ങുന്ന സിഖ് കുടുംബത്തെ കലാപകാരികള്‍ മര്‍ദിച്ചത് പറയുമ്പോള്‍ ഇന്നും അദ്ദേഹത്തിന്റെ കണ്ണു നിറയുന്നുണ്ട്. അത്രമേല്‍ മനുഷ്യത്വ വിരുദ്ധമായിരുന്നു അന്ന് നടന്നതൊക്കെയും. ശിവ് നന്ദന്‍ ദൃക്സാക്ഷിയായ കാര്യങ്ങള്‍ പറയുന്നത് കേട്ടപ്പോള്‍ ഓര്‍മവന്നത് എന്‍.എസ്. മാധവന്റെ വന്മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയാണ്. കലാപകാരികളുടെ കണ്ണുവെട്ടിച്ച് ശവപ്പെട്ടിയില്‍ കയറ്റി കന്യാസ്ത്രീകള്‍ രക്ഷപ്പെടുത്തിയ സിഖുകാരുടെ അവ്യക്തമായ മുഖമാണ് മനസ്സിലെത്തിയത്. കഥക്ക് പുറത്ത് എത്രയോ ഇരട്ടി വേദനാജനകമായിരുന്നു അന്നത്തെ കാഴ്ചകള്‍ എന്ന് ശിവ് നന്ദന്‍ അടിവരയിടുന്നുണ്ട്.

വേരറ്റുപോകുന്ന ജനത
ശുശീല ദേവി ജീവിതത്തിലേക്ക് കടന്നുവന്നതോടെ പുതിയ സ്വപ്നങ്ങള്‍ തളിരിടുകയായിരുന്നു. മക്കളായി രവികാന്തും രജനികാന്തും എത്തിയതോടെ സന്തോഷം ഇരട്ടിയായി. കയ്യില്‍ അത്യാവശ്യം പണമായാല്‍ ഉടന്‍ തന്നെ കട അടച്ച് ഗ്രാമത്തിലേക്ക് പോകും. അതിനിടക്ക് കൃഷിയെടുത്ത് ഗ്രാമത്തില്‍ തുടരാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല. കാരണം ഇപ്പോഴും കര്‍ഷകന്റെ അവസ്ഥ വ്യത്യസ്തമല്ല. ഇടനിലക്കാര്‍ തീരുമാനിക്കുന്ന തുച്ഛമായ വിലക്ക് വിളകള്‍ വില്‍ക്കേണ്ടിവരുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. കര്‍ഷകന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇപ്പോഴും ആളില്ലാത്തതിനാല്‍ അതൊക്കെ നിര്‍ബാധം തുടരുകയുമാണ്.
ഗ്രാമത്തിലേക്ക് ഓരോ തവണ ട്രെയിന്‍ കയറുമ്പോഴും ഡല്‍ഹിയിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിക്കാറുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. തന്നാലാകും വിധം മക്കളെ പഠിപ്പിക്കണം എന്നാണ് വലിയ ആഗ്രഹം. അത് ഏറെ കുറെ അദ്ദേഹത്തിനിന്ന് സാധിക്കുന്നുമുണ്ട്. പൊടുന്നനെ വന്ന ഭാര്യയുടെ അസുഖവും പിന്നീടുണ്ടായ മരണവും തെല്ലൊന്നുമല്ല ആ മനുഷ്യനെ തകര്‍ത്തത്. ഇപ്പോഴും തനിക്ക് പുതു ജീവന്‍ നല്‍കിയ ഭാര്യ മരിച്ചതിനുള്ള കാരണം പോലും അദ്ദേഹത്തിനറിയില്ല. ഏതോ വലിയ അസുഖമായിരുന്നു എന്ന് മാത്രമാണത്രെ ഡോക്ടര്‍ പറഞ്ഞത്.
ശിവ് നന്ദന്‍ യഥാര്‍ത്ഥത്തില്‍ കോടിക്കണക്കിന് വരുന്ന ഗ്രാമവാസികളുടെ, കര്‍ഷക തൊഴിലാളികളുടെ പ്രതിനിധിയാണ്. ഗ്രാമീണ ഇന്ത്യയിലെ മനുഷ്യജീവിതം എത്രമാത്രം ദുസ്സഹമാണെന്നത് അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നുതന്നെ വ്യക്തമാണ്. ജനാധിപത്യ ഇന്ത്യയിലെ പതിറ്റാണ്ടുകള്‍ നീണ്ട ജീവിതത്തിന് ശേഷം ബാക്കിവന്നത് തളര്‍ന്നവശേഷിച്ച ശരീരം മാത്രമാണ്. ഗ്രാമങ്ങളിലെ പല ജീവിതങ്ങളും ഇന്നും കെട്ടുകഥകളേക്കാള്‍ അവിശ്വസനീയമാണ്. അത്രമേല്‍ അസാധ്യമാണ് അവിടങ്ങളിലെ ജീവിതം. ഒടുവില്‍ അവശേഷിക്കുന്ന ദുര്‍ബല ശരീരം മാത്രമാണ് ഡിജിറ്റല്‍ ഇന്ത്യയിലെ തൊഴിലാളികളുടെയും കര്ഷകന്റെയും ജീവിതത്തിന്റെ ആകെത്തുക. അതിജീവിക്കുകയാണ് എല്ലാ അര്‍ഥത്തിലും ഗ്രാമീണ മനുഷ്യര്‍. ശിവ് നന്ദന്‍ ആ മനുഷ്യരെയൊക്കെ പ്രതിനിധീകരിക്കുന്ന ഒരാള്‍ മാത്രം.
Content Highlights: Digital India life of Shiv Nandan, the Hairdresser | Athijeevanam 56


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..