കൈലാഷ്, അഛേലാൽ
'പുണ്യനദിയാണിത്. ജനിച്ചാലും മരിച്ചാലും യമുനയിൽ എത്തും. പണ്ടൊക്കെ കുടിക്കാനും വെള്ളമെടുത്തതാണ്. ഇപ്പൊ മിക്ക ആളുകൾക്കും തൊടാൻ പേടിയാണ്.'
കൈലാഷ് അതും പറഞ്ഞ് പുഴയിലേക്ക് ഊളിയിട്ടു. പൊടുന്നനെ കറുത്തിരുണ്ട വെള്ളം അദ്ദേഹത്തെ മൂടി. ഒന്നും കാണാൻ സാധിക്കത്ത വിധം ചുറ്റും കട്ടപിടിച്ച കറുപ്പ് മാത്രം. മിനിറ്റുകൾക്കകം വെള്ളത്തെ വകഞ്ഞു മാറ്റി അദ്ദേഹം പൊങ്ങി വന്നു. കരക്കിട്ട മീനിനെ പോലെ ശ്വാസമില്ലാതെ ഒന്നു പിടഞ്ഞു. വീണ്ടും വീണ്ടും ദീർഘശ്വാസമെടുത്തു. പതിയെ സ്വാഭാവിക നിലയിലെത്തി. രണ്ടു കൈയിലും ചളിയിൽ പുതഞ്ഞ നാണയത്തുട്ടുകൾ ഉണ്ട്. അത് നീട്ടി കാണിച്ചു. അരയിൽ കെട്ടിയിട്ട സഞ്ചിയിലേക്ക് ഭദ്രമാക്കി.
തലയിലും താടിയിലുമായി പായലിന്റെ അവശിഷ്ടങ്ങൾ പറ്റിയിട്ടുണ്ട്. അവ മാറ്റിക്കൊണ്ട് വീണ്ടും സംസാരിച്ചു തുടങ്ങി. അതിനിടെ വലിയ പ്ലാസ്റ്റിക് കവർ ഒഴുകി വന്നു. കൈകൊണ്ട് എത്തിപ്പിടിച്ച് അദ്ദേഹമത് തുറന്നു. നിറയെ വസ്ത്രങ്ങളാണ്. ചെളി പറ്റി കറുത്തിരുണ്ട മുഖത്ത് ചിരി പടർന്നു. കവറിൽനിന്ന് ഓരോ വസ്ത്രം എടുക്കുമ്പോഴും അത് ഇരട്ടിച്ചു. ചിലതെല്ലാം വെള്ളം കയറി കറുപ്പ് പടർന്നിട്ടുണ്ട്.
ഏതോ മരിച്ച ആളുടെ വസ്ത്രങ്ങളാണ്. സാരിയും ചുരിദാറും ഏതാനും ബനിയനും. ചിത എരിയുമ്പോൾ അയാളുടെ വസ്ത്രങ്ങൾ നദിയിൽ ഒഴുക്കും. വിശ്വാസവും ആചാരവും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട് അതിന് പുറകിൽ. കൈലാഷ് ദൂരേക്ക് വിരൽ ചൂണ്ടി കാണിച്ചു. അവിടെ നദിയോട് ചേർന്ന് പുക ഉയരുന്നുണ്ട്. അതൊരു ശ്മശാനമാണ്. അവിടെനിന്ന് ഒഴുക്കിവിടുന്ന മരിച്ചയാളുടെ ബാക്കിയാണ് ആഴം കുറഞ്ഞതിനാൽ ഇവിടെ വന്ന് അടിയുന്നത്. ആ അവശേഷിപ്പുകളിൽ നിന്നാണ് കൈലാഷും അഛേലാലും ജീവിതം കണ്ടെത്തുന്നത്.
ഡൽഹിയുടെ പുഴജീവിതമാണ് മുന്നിൽ. നഗരം ഉപേക്ഷിച്ചവയെല്ലാം ചെന്നുചേരുന്നത് യമുനയിലേക്കാണ്. വ്യാവസായിക മാലിന്യങ്ങളും ഡ്രൈനേജുകളും ഒടുവിലെത്തുന്നയിടം. ആചാര വിശ്വാസങ്ങളുടെ പേരിലും നദിക്ക് വരുത്തുന്ന മുറിവ് ചെറുതല്ല. ഹിമാലയത്തിന്റെ താഴ്‌വാരത്തിൽ ജനിക്കുന്ന യമുന തലസ്ഥാനത്ത് എത്തുമ്പോൾ മരണവാഹിനിയാണ്.
ഐതിഹ്യങ്ങൾ പ്രകാരം സൂര്യദേവന്റെ പുത്രിയാണ് യമുന. മരണദേവനായ യമന്റെ സഹോദരിയും. മരണാസന്നയായി യമുനയെ മാറ്റിയതിന് പുറകിൽ ആ വിശ്വാസങ്ങൾക്കും പങ്കുണ്ട്. മോക്ഷത്തിനായി ഉപേക്ഷിക്കപ്പെട്ട ശരീരങ്ങളും യമുന മാറിൽ പേറുന്നു. ഒഴുക്കു നിലയ്ക്കുംവിധം അടിഞ്ഞു കൂടിയതിൽ ഏറിയ പങ്കും മനുഷ്യൻ ഉപേക്ഷിച്ചവയാണ്. ബാക്കി മരിച്ചവരുടെയും.
.jpg?$p=2221cbd&&q=0.8)
കരഞ്ഞുകൊണ്ടല്ലാതെ യമുന വിട്ട് കയറാറില്ല
ഭാര്യയ്ക്ക് കൊടുക്കാനായി വസ്ത്രങ്ങൾ കിട്ടിയ സന്തോഷത്തിൽ കൈലാഷ് കരയിലേക്ക് കയറി. ചെളിപുരണ്ട് പഴകിയ ഏതോ ശിൽപ്പത്തിന് സമാനമായി തോന്നിപ്പിച്ചു. മണിക്കൂറുകൾ വെള്ളത്തിൽ കിടന്നതുകൊണ്ടാകണം തൊലി ചുളിഞ്ഞിട്ടുണ്ട്. വെള്ളത്തോർത്തിന്റെ നൂലിഴകളിൽ വർഷങ്ങളുടെ അഴുക്കുണ്ട്. അത് കറുത്തിരുണ്ട് യമുനക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
കിഴക്കൻ ഡൽഹിയിലെ കരാവൽ നഗറിലാണ് കൈലാഷ് ജനിച്ചു വളർന്നത്. നിർമ്മാണ തൊഴിലാളിയായ അച്ഛൻ ചെറുപ്പത്തിലെ മരിച്ചു. രണ്ടു വർഷത്തെ ഇടവേളയിൽ അമ്മയെയും നഷ്ട്ടപ്പെട്ടു. പഠനം സ്വപ്നമായി. സാധ്യമായ എല്ലാ ജോലികളും രാപ്പകലില്ലാതെ ചെയ്തു. വീട് നിർമ്മാണത്തിൽ സജീവമായി. തുച്ഛമായ കൂലിയിലും സന്തോഷം കണ്ടെത്തി. ജീവിതം തനിച്ചാക്കിയപ്പോൾ ഗ്രാമവാസികളുടെ നിർബന്ധപ്രകാരം പതിനഞ്ചാം വയസ്സിൽ വിവാഹം ചെയ്തു.
ഭാര്യ അനിതയും മക്കളുമായി ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. ജോലിക്കിടെ പറ്റിയ അപകടവും തുച്ഛമായ കൂലിയും പ്രതിസന്ധിയിലാക്കി. തൊഴിൽ തേടി നഗരത്തിലെത്തിയെ കൈലാഷിന് നിരാശയായിരുന്നു ഫലം. കുളിച്ച് വിശപ്പകറ്റാനായി വെള്ളം തേടിയാണ് യമുനയിൽ എത്തിയത്. അപ്പോഴാണ് നദിയിലിറങ്ങി ആളുകൾ എന്തൊക്കെയോ തിരയുന്നത് ശ്രദ്ധിച്ചത്. ചില്ലറത്തുട്ടുകൾ ഉൾപ്പെടെ പലതും കിട്ടുമെന്ന് മനസ്സിലാക്കി. അന്നം തിരഞ്ഞ് അന്ന് ഇറങ്ങി തുടങ്ങിയതാണ് യമുനയിൽ. ഒഴുക്കിനൊപ്പം ആടി ഉലഞ്ഞ് അത് ഇന്നും തുടരുന്നു.
അക്കാലത്ത് യമുനയിലെ വെള്ളം വേണ്ടുവോളം കുടിച്ചു. എന്നാലിന്ന് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. എട്ടു മണിക്കൂറോളം പല സമയത്തായി വെള്ളത്തിലാണ്. തൊലിപ്പുറത്തുള്ള അസുഖങ്ങൾ പലതുണ്ട്. അല്ലാതെയും. കാത്തിരിക്കുന്ന വയറുകളോർക്കുമ്പോൾ ഒന്നും കാര്യമാക്കില്ല. ഏകദേശം 200 മുതൽ 500 രൂപക്കുള്ള സാധങ്ങൾ ദിവസവും യമുന തരും. ഭൂരിഭാഗവും ജീവനറ്റവരുടെത്. അടിത്തട്ടിലെ കുപ്പിച്ചില്ലുകളും കമ്പുകളും പലപ്പോഴും ശരീരം കീറിമുറിക്കും. മരുന്നില്ലാതെ അത് ഭേദമാകും. എന്നാൽ, യമുനയെ ഓർത്ത് നെഞ്ച് പിടക്കാതെ കരപറ്റാറില്ലെന്ന് പറയുമ്പോൾ കൈലാഷ് നിസ്സഹായനായി ചിരിച്ചു.
.jpg?$p=1571b40&&q=0.8)
ഒരു ശതമാനമാണ് യമുന, ബാക്കി മാലിന്യമാണ്
നാൽപ്പത് വർഷം മുൻപാണ് അഛേലാൽ യമുനാതടത്തിൽ കാലുറപ്പിക്കുന്നത്. ശുചീകരണ തൊഴിലാളിയായ അച്ഛനൊപ്പമാണ് ഡൽഹിയിൽ എത്തിയത്. ഉത്തർ പ്രേദേശിലെ ബല്ലിയ ജില്ലയിലുള്ള ചെറു ഗ്രാമത്തിലെ മനുഷ്യർക്ക് അന്ന് എത്തിപ്പെടാവുന്ന പരമാവധി ദൂരമാണത്. അത്രമേൽ ജീവിതസാഹചര്യങ്ങൾ അസാധ്യമായിരുന്നു. പട്ടിണിയും കർഷക ആത്മഹത്യകളും ഗ്രാമത്തെ വലച്ച കാലമാണത്.
അഞ്ചാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. അക്കാലത്ത് ഗ്രാമത്തിലെ വലിയ വിദ്യാഭ്യാസമാണത്. ഏതാനും വർഷങ്ങൾക്ക് ശേഷം ഗ്രാമം വിട്ടു. അച്ഛൻ കമലിനെ സഹായിക്കാനായാണ് ഡൽഹി എത്തിയത്. കരുതിയതുപോലെ ജോലി കിട്ടിയില്ല. സംസാരത്തിനിടയ്ക്ക് സുഹൃത്താണ് യമുനയിലെ ജീവിതസാധ്യതകൾ പറഞ്ഞത്. തെളിഞ്ഞ് കണ്ണാടിപോലുള്ള വെള്ളം വല്ലാതെ ആകർഷിച്ചു. ജീവിതം തിരഞ്ഞ് അടുത്ത ദിവസം ഇറങ്ങി തുടങ്ങിയതാണ്. നാല് പതിറ്റാണ്ടുകൾക്കിപ്പുറവും അത് തുടരുന്നു.
നോക്കിനിൽക്കുന്ന വേഗതയിലാണ് കാലം യമുനയെ കരിമ്പട്ടണിയിച്ചത്. ഡൽഹി വലുതായി തുടങ്ങിയപ്പോൾ യമുന ചെറുതായി തുടങ്ങിയതാണ്. വലിയ മത്സ്യസമ്പത്തും പാടെ ഇല്ലാതാകുന്നുണ്ട്. ഫിൽറ്റർ ചെയ്യാതെയാണ് എല്ലാ മാലിന്യങ്ങളും പുഴയിലേക്കെത്തുന്നത്. ആ കാഴ്ച്ച കണ്ട് പരിഭവം പറയലല്ലാതെ മറ്റൊന്നിനും നഗരത്തിന് സമയമില്ല. തിരക്കിട്ട് ഓടുമ്പോൾ ജീവനാഡി ഇല്ലാതാകുന്നത് മഹാഭൂരിഭാഗവും അറിയുന്നതു പോലുമില്ല. യമുനയിലേക്ക് എത്തിനിൽക്കുന്ന ഒരാൾ പൊക്കത്തിലുള്ള അഴുക്കുചാൽ ചൂണ്ടിക്കൊണ്ട് അഛേലാൽ വേദനയോടെ പറഞ്ഞു.
ഭാര്യ ശ്യാംസുന്ദരിയും മക്കളും മറ്റൊരു ജോലി നോക്കാൻ പല തവണ പറഞ്ഞതാണ്. എന്നാൽ, അദ്ദേഹത്തിന് ഇനിയത് അസാധ്യമാണ്. ജീവിതം പലതുകൊണ്ടും യമുനയോട് ചേർന്നൊട്ടിപോയതാണ്. കണ്ണാടിപോലെ തെളിഞ്ഞ് നിറഞ്ഞൊഴുകുന്ന യമുനയുണ്ട് ഹൃദയത്തിൽ. ആ കാലം തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് അഛേലാൽ ആവർത്തിച്ചത്. നെഞ്ചിൽ പറ്റിപ്പിടിച്ച ചെളി തുടച്ചുമാറ്റിക്കൊണ്ട് അദ്ദേഹം പറഞ്ഞത്, ഒരു ശതമാനമേ യമുനയുള്ളൂ. ബാക്കി മാലിന്യമാണ്.

തിരിച്ചുവരാത്ത യാത്രയിലാണ് യമുന
ലോകത്തിൽ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളിൽ ഒന്നാണ് യമുന. അപകടകരമായ അവസ്ഥയിൽ മലിനമായ വായുവും രണ്ടു കോടി മനുഷ്യർ തിങ്ങി പാർക്കുന്ന ഡൽഹിയിലാണ്. മലിനീകരണത്തിനെതിരായ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഈ റെക്കോർഡിലേക്ക് തലസ്ഥാനം എത്തിയത്. യമുനയെ വിഷനദിയാക്കിയതിന് പുറകിലും ഈ കെടുകാര്യസ്ഥതയാണ്. കീടനാശിനി ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങൾ ഉൾപ്പെടെ യമുനയിലേക്ക് ഒഴുക്കിവിടുന്നു.
കഴിഞ്ഞ ച്ഛത് പൂജ സമയത്ത് ഒരാൾപൊക്കത്തിൽ വെളുത്ത പത വന്ന് യമുനയെ മൂടിയതാണ്. മഞ്ഞുപാളികൾ പോലെയാണ് ദൂരക്കാഴച്ചയിൽ. അത്രമേൽ വലിയ അളവിലാണ് യമുനയിൽ രാസമാലിന്യങ്ങൾ അടിയുന്നത്. കേന്ദ്ര മലിനീകരണ ബോർഡിന്റെ കണക്കനുസരിച്ച് 100 മില്ലി ലിറ്റർ വെള്ളത്തിൽ 1.1 ബില്യൺ ഫെക്കൽ കോളിഫാം ബാക്ടീരിയയുടെ സാന്ദ്രത യമുനയിലുണ്ട്. 100 മില്ലി ലിറ്ററിൽ 500 കോളിഫാം ബാക്ടീരിയയാണ് കുളിക്കാനുള്ള മാനദണ്ഡം.
പല സംസ്ഥാനങ്ങളിലായി 57 ദശലക്ഷം മനുഷ്യരാണ് പുഴയെ ആശ്രയിക്കുന്നത്. ഡൽഹിക്ക് വേണ്ട 70% വെള്ളം നൽകുന്നത് യമുനയാണ്. ഡൽഹിയുടെ 58% മാലിന്യം തള്ളുന്നതും ആ ജീവനാഡിയിലേക്കാണ്. ജീവനറ്റു പോകുന്നത് വില മതിക്കാനാവാത്ത സമ്പത്താണ്.
അഛേലാലിന്റെയും കൈലാഷിന്റേയും മാത്രമല്ല യമുനയെന്ന് മുകളിലെ കണക്കുകൾ പറയും. ഇടപെടേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്. കുടിച്ചു തീർത്ത വെള്ളം ബലിതർപ്പണമെങ്കിലും അർഹിക്കുന്നു. കരിപുരണ്ട് അസാധുവാകുന്നത് തിരിച്ചെടുക്കാനാവാത്ത അതിജീവന സാധ്യതകളാണ്. ജീവിതമാണ്. ദാഹജലമാണ്.
Content Highlights: Athijeevanam, Column, River Yamuna, Delhi, Waste Deposit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..