ദീപു | ഫോട്ടോ ഹരി
'ജീവിതത്തിൽ തോറ്റുപോയെന്നു തോന്നിയിട്ടുണ്ടോ? ഒരടി പോലും മുന്നോട്ട് വക്കാൻ പറ്റാത്ത അവസ്ഥയിൽ എല്ലാം അവസാനിപ്പിക്കാൻ തോന്നിയിട്ടുണ്ടോ? അങ്ങനെയുള്ളവർക്കുള്ള മരുന്നാണ് എന്റെ ജീവിതം....' തളർന്നു പോയ ശരീരത്തിലേക്ക് കണ്ണോടിച്ചുകൊണ്ട് ദീപു പതിയെ ചിരിച്ചു. ജീവനോടെ അവശേഷിക്കുന്നത് ചിരി മാത്രമാണ്. അസാധ്യമായ കാലത്തോട് പോരാടാൻ അവശേഷിക്കുന്ന ആയുധവും അതു മാത്രമാണ്.
മസ്‌കുലർ ഡിസ്‌ട്രോഫി എന്ന അപൂർവ്വ ജനിതകരോഗത്തിന്റെ ഉരുക്കുചങ്ങലയിലാണ് ദീപു. അനുദിനം ശരീരപേശികൾ ദുർബലപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്കാണ് രോഗി എത്തുക. ഒടുവിൽ ചലനശേഷി പൂർണ്ണമായും ഇല്ലാതാകും. രോഗിയേക്കാൾ വേഗതയിൽ രോഗം വളർന്ന് ശരീരത്തെ കീഴ്പ്പെടുത്തുന്നത് ചെറിയ സമയം കൊണ്ടാണ്. കൃത്യമായ ചികിത്സ ഇന്നും അസാധ്യമാണ്. ദീപുവിനെ പോലെ ആയിരങ്ങളാണ് ചലനമറ്റ് ജീവിക്കുന്നത്.
പല രീതിയിലുള്ള ചികിത്സകൾ പരീക്ഷിച്ചു. ഒന്നും വേണ്ട വിധം ഫലം കണ്ടില്ല. തളർന്ന് കിടക്കുന്നതിലും നല്ലത് മരണമാണെന്ന തീരുമാനത്തിലെത്തിയത് പൊടുന്നനെയാണ്. ജീവിതം അവസാനിപ്പിക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടു. തളർന്നുപോയ ശരീരത്തിനൊപ്പം നിൽക്കാൻ ആരുമില്ലാതെ വന്നപ്പോൾ വീണ്ടും ആവർത്തിച്ചു. അതും പരാജയമായിരുന്നു.
ശരീരത്തിന്റെ ചലനം പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ് ദീപു. പക്ഷെ, മരണത്തെ പുൽകാൻ കാണിച്ച വ്യഗ്രത ഇന്നാ കണ്ണുകളിൽ ഇല്ല. പകരം പുതിയ സ്വപ്നങ്ങൾ ശരീരത്തോട് ചേർത്ത് തുന്നിയിട്ടുണ്ട്. കാലമേൽപ്പിച്ച എല്ലാ പ്രഹരങ്ങളെയും മറികടക്കാനുള്ള കരുത്ത് ആ സ്വപ്നങ്ങൾക്കുണ്ട്. മരണത്തെ തോൽപ്പിച്ച ദീപുവിന്റെ ജീവിത വഴികൾ ഓരോന്നും പാഠപുസ്തകങ്ങളാണ്. അതിജീവനത്തിന്റെ കരുത്തുറ്റ മറ്റൊരു അധ്യായമാണ്.

തളർന്ന ശരീരവും സ്വപ്നങ്ങളും
ഇടുക്കി നെടുങ്കണ്ടത്തെ ചെറിയ വീട്ടിലാണ് ബാബുവും കുമാരിയും മകനായ ദീപുവിനൊപ്പം ജീവിതം തുടങ്ങുന്നത്. പുതിയ സന്തോഷമായി അനിയത്തിയും കൂട്ടിനെത്തി. എൽ.ഐ.സി. ഏജന്റായ ബാബു പരാധീനതകൾക്ക് വിട്ടുകൊടുക്കാതെയാണ് മക്കളെ വളർത്തിയത്. പഠനത്തിൽ താൽപ്പര്യമില്ലാത്ത ദീപു പത്താം ക്ലാസ്സിൽ അക്ഷരങ്ങൾക്ക് ദീർഘവിരാമമിട്ടു. ജോലി ചെയ്ത് കുടുംബം നോക്കുകയായിരുന്നു ലക്ഷ്യം.
അടുത്ത വർഷംതന്നെ കുലത്തൊഴിലായ തട്ടാൻപണിക്ക് ഇറങ്ങി. വേണ്ട വിധം ശോഭിക്കാൻ കഴിയാതെ വന്നതോടെ അത് അവസാനിപ്പിച്ചു. ഡ്രൈവിംഗ് പഠിച്ച് കുടുംബസുഹൃത്തിന്റെ സഹായത്തോടെ മൈസൂരിലേക്ക് വണ്ടി കയറി. വൈകാതെതന്നെ ടാറ്റ കോഫിയിൽ ഡ്രൈവറായി ജോലി ലഭിച്ചു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കാപ്പി തോട്ടങ്ങളും തളിരിടുന്ന ഇളംപച്ച ഇലകളും പുതിയ സ്വപ്നങ്ങൾക്ക് ആക്കം കൂട്ടി. പ്രതീക്ഷകൾ നീലവാനോളം കണ്ടു കൂട്ടിയ കാലമായിരുന്നു അത്.
അത്തരം സ്വപ്നങ്ങൾ കണ്ട് നടക്കുന്ന ഒരു വൈകുന്നേരമാണ് അവിചാരിതമായി അത് സംഭവിച്ചത്. നടന്നുകൊണ്ടിരിക്കെ കാലുകൾ തളർന്ന് വീണു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വേദനകൊണ്ട് പുളഞ്ഞു. ഏറെ നേരത്തെ ശ്രമം കൊണ്ട് പതിയെ എണീറ്റു. എന്നാൽ ഒരടി വക്കാൻ സാധിക്കാത്ത വിധം കാലുകളുടെ ബലം നഷ്ടമായിരുന്നു. നിശ്ചചലമായ കാലുകളെ നോക്കി വാവിട്ട് കരയാനെ അപ്പോൾ കഴിഞ്ഞൊള്ളു.
നെഞ്ച് പൊട്ടുന്ന വേദനയോടെയാണ് തന്റെ കാലുകൾ തളർന്നു പോയെന്ന് ദീപു തിരിച്ചറിഞ്ഞത്. സ്വപ്നങ്ങൾക്ക് മീതെ ഇരുട്ട് പടർന്ന കാലം ഓർത്തെടുത്തപ്പോൾ കണ്ണു നിറയാതിരിക്കാൻ ദീപു ശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും ഉള്ളിലെ നീറ്റൽ കണ്ണിലെ ആഴങ്ങളിൽ പതിഞ്ഞു കിടക്കുന്നുണ്ട്.

മരണത്തിന്റെ ഇരുട്ടും പ്രതീക്ഷയുടെ വെളിച്ചവും
ശ്വസിക്കുന്ന ശ്വാസത്തിൽ പോലും മരുന്ന് മണക്കുന്ന കാലമായിരുന്നു പിന്നീടങ്ങോട്ട്. ഓപ്പറേഷന് ഡോക്റ്റർ നിർദ്ദേശിച്ചെങ്കിലും ഭയം കാരണം സാധിച്ചില്ല. ഭാരിച്ച ചികിത്സാച്ചെലവും വില്ലനായി. കാലുറച്ച് നിൽക്കാനുള്ള ആഗ്രഹത്തിൽ ഉള്ളതെല്ലാം സ്വരുക്കൂട്ടി പല ചികിത്സയും പരീക്ഷിച്ചു. അപകടത്തിലേക്ക് നയിച്ചത് തിരുമ്മു ചികിത്സയാണ്. ശക്തിയോടെയുള്ള തിരുമ്മൽ കൂടുതൽ ബലക്ഷയത്തിന് ഇടയാക്കി. സാമ്പത്തിക നഷ്ട്ടമല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല. മരണം മറ്റൊരു വഴിയായി തോന്നിയത് അപ്പോഴാണ്.
ഏഴ് വർഷം നീണ്ട ചികിത്സ സ്വയം അവസാനിപ്പിക്കാൻ തീരുമാനിച്ചു. തിരികെ വീട്ടിൽ എത്തിയപ്പോൾ അവിടെയും സ്ഥിതി മോശമായിരുന്നു. അസുഖബാധിതരായ മാതാപിതാക്കൾ ചലനമറ്റ ദീപുവിന് മുന്നിൽ നിസ്സഹായരായി. മലമൂത്ര വിസർജ്ജനത്തിന് പോലും ബുദ്ധിമുട്ടായി. പ്രതീക്ഷയുടെ കണിക പോലും ഇല്ലാത്ത വിധം മുന്നിലാകെ ഇരുട്ട് വന്ന് മൂടി.
ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് പറയാൻ ഉണ്ടായിരുന്നത് ഉറ്റ സുഹൃത്തായ റെമീസിനോടാണ്. അവന്റെ വാക്കുകൾക്ക് ജീവന്റെ വിലയുണ്ടയിരുന്നു. ഖത്തറിൽനിന്ന് ഉടനെ നാട്ടിലേക്ക് വന്ന റെമീസാണ് വേരറ്റു പോകാതെ സംരക്ഷിച്ചത്. പാലായിലെ അഗതിമന്ദിരത്തിലേക്കാണ് ദീപുവിനെ കൊണ്ടുപോയത്. ഒറ്റപ്പെടുന്നവർക്കായി വൈദികൻ നടത്തുന്ന ചെറിയ തണലായിരുന്നു അത്. അവിചാരിതമായി അവിടെ സംഭവിച്ച അന്തേവാസിയുടെ മരണം സ്ഥാപനത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലാക്കി. വീണ്ടും തെരുവിലായി.
മരണത്തെ അതിജീവിച്ച മറ്റൊരാൾ

വലിയ തണൽമരങ്ങളുടെ മറവുകൊണ്ട് കാലം ശ്രദ്ധിക്കാതെ പോയ പേരാണ് ജിഷ. ഗുരുതരമായ കരൾരോഗ ബാധിതയായപ്പോഴും വേദനിക്കുന്ന മനുഷ്യർക്കായുള്ള അവരുടെ പ്രവൃത്തികൾ വിവരണാതീതമാണ്. മരണത്തിന് കീഴടങ്ങും മുന്‍പേ ദീപുവിന് മുന്നിലെ ഇരുട്ടിൽ ജിഷയൊരു തിരി കൊളുത്തിയിരുന്നു. വലിയ പ്രകാശത്തിലേക്ക് ആളിപ്പടർന്നത് ആ നാളമാണ്. അത്തരം മനുഷ്യരെ മറവിയിലേക്ക് വിട്ടു കൊടുക്കരുത്. ജിഷയെ ഓർക്കാതെ ദീപു പൂർണ്ണവുമല്ല.
തെരുവിലേക്ക് ഇറങ്ങേണ്ടിവന്നപ്പോൾ താൽക്കാലിക കിടപ്പാടമൊരുക്കാൻ സഹായിച്ചത് ജിഷയും ലോഡ്ജ് നടത്തുന്ന കുഞ്ഞുമോനുമാണ്. അങ്ങനെയാണ് മലയിറങ്ങി ചേർത്തലയിൽ എത്തുന്നത്. അസാധ്യമായ ജീവിതത്തെ സാധ്യമാക്കി തുടങ്ങിയത് അവിടെനിന്നാണ്.
വിരസതയുടെ വൈകുന്നേരങ്ങളിൽ എഫ്.ബിയിൽനിന്നാണ് ജിഷയെ ദീപു കണ്ടെത്തുന്നത്. ജീവിതം തോറ്റുകൊടുക്കാൻ ഉള്ളതല്ലെന്ന ആദ്യപാഠം പകർന്നതും അവരാണ്. മുന്നോട്ടു പോകാനുള്ള സാധ്യതകൾ സ്വയം കണ്ടെത്തണം എന്ന് ഉൾക്കൊണ്ടതും അദ്ധ്യാപിക കൂടിയായ ജിഷയിൽനിന്നാണ്. തോറ്റു പോയവർക്ക് ജയിക്കാനുള്ള മരുന്ന് അവരിൽ ആവോളം ഉണ്ടായിരുന്നു. സാഹചര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ കൂട്ടുകാരുടെ സഹായത്തോടെ ദീപുവിന് മുച്ചക്ര വണ്ടി വാങ്ങി കൊടുത്തു.
കരൾരോഗം മൂർച്ഛിച്ച സമയത്തും തന്റെ സുഹൃത്തുക്കളോട് ദീപുവിനെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കാൻ ജിഷ മറന്നില്ല. അവരെയാണ് ജീവിതത്തിൽ അത്രമേൽ കാണാൻ ആഗ്രഹിച്ചതും. ആ ജീവൻ ഇല്ലാതായി എന്ന വാർത്തക്കു മുന്നിൽ ഏറെനേരം ശ്വാസം നഷ്ടമായി. സ്വപ്നങ്ങൾക്ക് ചിറകു തന്ന തന്ന ജിഷയുടെ നഷ്ടം ഇപ്പോഴും നെഞ്ചിലെ നീറ്റലാണ്. പ്രിയപ്പെട്ടവളുടെ ഓർമ്മദിവസം തെരുവിലെ അനാഥർക്ക് ഭക്ഷണം നൽകും. അന്നം പ്രാണനാണല്ലോ.

ഒന്നിനോടും ഇനി കീഴടങ്ങില്ല
ലോട്ടറി കച്ചവടം നടത്തി ജീവിതം കണ്ടെത്താം എന്ന വിശ്വാസത്തിലാണ് ചേർത്തലയിൽ എത്തുന്നത്. ലോഡ്ജിലെ ചെറിയ മുറിയിൽ മറ്റ് സഹായത്തിനായി ബംഗാളിൽ നിന്നുള്ള ഒരാളും ഉണ്ടായിരുന്നു. പരസ്പരം ഭാഷ അറിയില്ലെങ്കിലും മനുഷ്യനെ ഉൾക്കൊള്ളാൻ അവർക്കായി. സ്വരുക്കൂട്ടി വച്ച പെൻഷൻ തുകയിൽനിന്നാണ് ആദ്യത്തെ കച്ചവടത്തിനായുള്ള ലോട്ടറി വാങ്ങിയത്.
സാമ്പത്തിക പരാതീനതകൾ കാരണം ഏറെ നാൾ ലോഡ്ജിൽ തുടരാൻ സാധിക്കാതെ വന്നു. മറ്റൊരാളുടെ സഹായത്തോടെ ചെറിയൊരു വാടകവീട് തരപ്പെട്ടു. വണ്ടിയിൽ കയറ്റാനും ഇറക്കി കട്ടിലിൽ കിടത്താനും ആരു വരും എന്ന ചിന്ത വല്ലാതെ അസ്വസ്ഥമാക്കി. എന്നാൽ അതെല്ലാം അസാധുവാക്കികൊണ്ട് സമീപത്തുള്ള ഒരു പറ്റം ചെറുപ്പക്കാർ ദീപുവിനെ മാറോട് ചേർത്തു.
സംഗീത്, കണ്ണൻ, അക്ഷയ്, ശ്യാം, സൂരജ്... നിഴൽപോലെ ദീപുവിന് കരുത്തായി എപ്പോഴും ഉണ്ടാകും. വിദ്യാർത്ഥികളും സമീപത്ത് ജോലിചെയ്യുന്നവരുമാണ് ഇവർ. അതിരാവിലെ രണ്ടു കിലോ മീറ്റർ നടന്നു വന്നാണ് ദീപുവിവിന്റെ കാര്യങ്ങൾ നോക്കുന്നത്. മലമൂത്ര വിസർജ്ജനം വരെ വൃത്തിയാക്കി അവർ വാക്കുകൾക്കതീതമായ സ്‌നേഹമാണ് ദീപുവിന് നൽകുന്നത്.
രാവിലെ തയ്യാറാക്കി വണ്ടിയിൽ കയറ്റി വിടും. വൈകീട്ട് വന്ന് തിരിച്ചു കട്ടിലിൽ കിടത്തുന്നത് വരെ അവർ മാറിമാറി ഉണ്ടാകും. മനുഷ്യൻ വിസ്മയമാണെന്ന വാക്കുകൾ അന്വർത്ഥമാണ് ഇവിടെ. അതിവേഗം ചേർത്തലയുടെ സ്‌നേഹം ദീപുവിന് കിട്ടാൻ തുടങ്ങി. ലോട്ടറി കച്ചവടം ചെയ്യുന്നതിന് സമീപത്തുള്ള തട്ടുകടയിൽനിന്ന് ഭക്ഷണം ലഭിക്കും. കടക്കാരനായ ഷാജി പ്രാതലും മറ്റൊരു കടയിലെ സുരേഷ് ചോറും നൽകും. ഓരോ ഭക്ഷണപ്പൊതിയിലും പങ്കുവെക്കുന്നത് മനുഷ്യസ്‌നേഹമാണ്.
84 ടിക്കറ്റാണ് പരമാവധി ഒരു ദിവസം വിൽക്കാൻ സാധിക്കുക. ലോട്ടറിയുടെ തുക കഴിഞ്ഞ് കൂലിയായി 350 രൂപ കിട്ടും. അതിൽനിന്നാണ് പെട്രോൾ ചെലവും വാടകയും മറ്റും. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം വരെ ഒറ്റ ഇരുപ്പാണ്. ലോട്ടറി ഏജൻസിയിൽ ഇരുപതിനായിരം കടമുണ്ട്. ഏജൻസിക്കാരന്റെ കരുതലാണ് ഇപ്പോൾ കിട്ടുന്ന ടിക്കറ്റുകൾ. ഓരോ ദിവസവും ബാക്കിയാവുന്നത് വേദനയും ഏതാനും ചില്ലറത്തുട്ടുകളുമാണ്.
സ്വന്തമായി രണ്ട് സെന്റ് മണ്ണു വാങ്ങണം. അവിടെ ഒരു ചെറിയൊരു വീട്. സ്വപ്നങ്ങൾ കരിഞ്ഞ മനുഷ്യർക്ക് ചിറക് നൽകാൻ പാകത്തിന് അതൊരു കൂടാക്കി മാറ്റണം. പ്രതീക്ഷകൾ വാനോളമുണ്ട്. എല്ലാം അപരന് കൂടി വേണ്ടി. കൂടു കൂട്ടാൻ മനുഷ്യർ കരുത്തു പകരും എന്ന പ്രതീക്ഷയിലാണ് ദീപു. പറഞ്ഞവസാനിപ്പിക്കുമ്പോൾ കീഴടങ്ങാത്ത മനസ്സ് തളർന്ന ശരീരത്തിൽ കൂടുതൽ ജ്വലിച്ചിരുന്നു.
Content Highlights: Death defeated twice; Now death itself is a joke | Athijeevanam 85


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..