കുക്കു ദേവകി | ഫോട്ടോ: ജെ. ഫിലിപ്

കറുത്ത തൊലിനിറം മോശമാണെന്ന തോന്നല്‍ ആദ്യമായി എന്നിലുണ്ടാക്കിയത് അധ്യാപകരാണ്. ക്ലാസ്സിലെ ഏതൊരാളുടെയും സാധനം കാണാതെ പോയാല്‍ അധ്യാപകരുടെ നോട്ടം എന്നെത്തേടിയെത്തിയത് എന്റെ നിറം കറുത്തതായതുകൊണ്ടാണ്. അത്തരത്തില്‍ കറുത്ത നിറമുള്ളവര്‍ കട്ടെടുക്കുന്നവരാണെന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പിറന്നാള്‍ ദിനം കളര്‍ ഡ്രസ് ധരിച്ച് സ്‌കൂളിലെത്തിയപ്പോള്‍ നിനക്കിത് തീരെ ചേരില്ലെന്നും വൃത്തിയില്ലെന്നും പറഞ്ഞ് മുറിവേല്‍പിച്ചതാവട്ടെ സ്വന്തം ക്ലാസ്സ് ടീച്ചറും .
അച്ഛനും അമ്മയും കേന്ദ്രസര്‍ക്കാരുദ്യോഗസ്ഥരായിരുന്നു. പക്ഷെ കറുപ്പിന്റെയും ശരീരഭാഷയുടെയും മുന്‍വിധികള്‍ പേറിയ അധ്യാപകര്‍ പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് ഞാനെന്ന് ഉറപ്പിച്ചതും എന്റെ തൊലിനിറം നോക്കിയാണ്. ഫീസ് കൊടുക്കേണ്ടല്ലോ എന്ന ചോദ്യങ്ങള്‍ എന്തുകൊണ്ടെന്നോട് മാത്രമെന്നത് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.
വലിയ കമ്മലും മാലകളും കടും നിറമുള്ള വസ്ത്രവും ധരിച്ച് കോളേജില്‍ പോകുമ്പോള്‍ പാണ്ടിയെന്ന വിളിപ്പേരും എനിക്ക് കിട്ടി. ആ വിളികളും വിലക്കുകളും കടുത്ത നിറങ്ങളോടുള്ള എന്റെ പ്രിയം കൂട്ടിയിട്ടേയുള്ളൂ.
തിളങ്ങുന്ന മഞ്ഞ വേഷം ധരിച്ച് പുറത്തിറങ്ങുമ്പോള്‍ സഹയാത്രക്കാരില്‍ നിന്ന് ഇന്നും അടക്കി ചിരികള്‍ ഞാന്‍ നേരിടുന്നുണ്ട്. ടെക്‌സറ്റയില്‍സില്‍ പോകുമ്പോള്‍ ഈ നിറം നിങ്ങള്‍ക്ക് ചേരില്ലെന്ന് പറയുന്ന കടക്കാരാണ് എങ്ങും. കടുത്ത നിറമുള്ള വസ്ത്രങ്ങളും കറുത്ത നിറവും ചേരില്ലെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. കടും നിറങ്ങള്‍ അണിഞ്ഞ ആഫ്രിക്കന്‍ മോഡലുകളുള്ള ഇക്കാലത്ത് കറുത്ത നിറമുള്ളവര്‍ക്കുള്ള കടുത്തനിറ വസ്ത്രവിലക്ക് ഇന്നും തുടരുകയാണ്. അതുകൊണ്ടെല്ലാം തന്നെ കടുത്ത നിറങ്ങള്‍ ഉപയോഗിക്കുക എന്ന സ്റ്റാന്‍ഡ് ആണ് ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്നത്. ഇവിടെ വസ്ത്രധാരണം എനിക്ക് സ്റ്റേറ്റ്‌മെന്റാണ്. ചേരില്ലെന്ന് നിങ്ങള്‍ പറയുന്ന നിറം ഞാന്‍ സ്വന്തം ശരീരത്തില്‍ ഉപയോഗിച്ച് തന്നെ ചേര്‍ക്കും.
1991ല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോഴാണ് നിറത്തിന്റെ പേരില്‍ ഞാന്‍ ഏറ്റവും വലിയ തുറിച്ചു നോട്ടങ്ങള്‍ക്ക് വിധേയയായത്. രാജീവ് ഗാന്ധിയെ വധിച്ച തനുവുമായുള്ള താരതമ്യപ്പെടുത്തലുകളുണ്ടായത് എന്റെ നിറത്തിന്റെ പേരിലായിരുന്നു. യാത്ര ചെയ്തിരുന്ന ബസ്സില്‍ നിന്നുവരെയുള്ള നോട്ടങ്ങളെന്നെ ദഹിപ്പിച്ചു.
നന്നായി നൃത്തം ചെയ്തിരുന്ന എന്നെ ഗ്രൂപ്പ് ഡാന്‍സുകളില്‍ നിന്ന് അധ്യാപകര്‍ മാറ്റിനിര്‍ത്തിയതിനുള്ള പ്രതികാരമായാണ് ഞാന്‍ കലാക്ഷേത്രയില്‍ ഭരതനാട്യം ഡിപ്ലോമ ചെയ്തത്. പിന്നീട് വിദ്യാഭ്യാസത്തിന് എല്ലാ മുന്‍വിധികളെയും ഇല്ലാതാക്കാനാകുമെന്ന ആത്മവിശ്വാസത്തില്‍ എല്‍എല്‍ബിനേടി അഡ്വക്കറ്റായി പ്രാക്ടീസിങ്ങും തുടങ്ങി. അങ്ങനെ സ്‌കൂള്‍ ഗ്രൂപ്പ് ഡാന്‍സുകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഞാന്‍ എറണാകുളം ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് ഭരതനാട്യം ജഡ്ജായി വരെ പോയിത്തുടങ്ങി. പേരിനുമുന്നിലെ അഡ്വക്കറ്റ് പലര്‍ക്കും കൗതുകവും ശക്തിയുമായി. കറുത്ത മോഡലുകള്‍ ചുരുക്കമുള്ള നമ്മുടെ നാട്ടില്‍ മോഡലിങ്ങിലും ഒരു കൈ നോക്കി. മുഖം വെളുപ്പിക്കാതെ കറുത്ത നിറത്തെ ഹൈലൈറ്റ് ചെയ്തുള്ള ആ ഫോട്ടോ ഷൂട്ടുകള്‍ വലിയ ചര്‍ച്ചയുമായി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..