'30 വര്‍ഷങ്ങള്‍ കുട്ടികള്‍ക്കു നേരെ ലൈംഗിക പീഡനം നടത്തിയ അധ്യാപകന്‍';മീടു ഒരു പേടി സ്വപ്നമായി മാറണം


സി. എസ് ചന്ദ്രിക



പോക്‌സോ കേസിൽ അറസ്റ്റിലായ അധ്യാപകൻ കെ.വി. ശശികുമാറിനെ മലപ്പുറം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ.

ലപ്പുറം ജില്ലയിലെ സെന്റ് ജമ്മാസ് ഗേള്‍സ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ കെ.വി ശശികുമാര്‍ എന്ന അദ്ധ്യാപകനെക്കുറിച്ച് നടത്തിയ മീ റ്റൂ വെളിപ്പെടുത്തലുകളില്‍ കേരളം നടുങ്ങിയിരിക്കുന്ന ദിവസങ്ങളാണിത്. കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായി ആ അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥിനികളായ യു പി ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗിക പീഡനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് പുറത്തു വന്ന വിവരങ്ങള്‍. അച്ചടക്കത്തിനും പഠിപ്പിക്കലിനും പേരു കേട്ട സ്‌കൂളിലെ ആ അദ്ധ്യാപകന്‍ മുപ്പതു കൊല്ലക്കാലം 9 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളോടു തുടര്‍ന്നു വന്ന ലൈംഗിക പീഡനങ്ങള്‍ സ്‌കൂളിലെ മുതിര്‍ന്നവരാരും അറിഞ്ഞില്ല എന്നത് അവിശ്വസനീയമായ, ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഇത്ര കാലവും ഇത്രയും വലിയ ക്രൂരത മറ്റാരും അറിഞ്ഞില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അദ്ധ്യാപകന്റെ പീഡനത്തിനെതിരെ സ്‌കൂള്‍ അധികൃതര്‍ക്കു പരാതി കൊടുത്ത പെണ്‍കുട്ടികളുണ്ടെന്ന് ഇപ്പോള്‍ അറിയാന്‍ കഴിയുന്നു. പക്ഷേ, പതിവു പോലെ എല്ലാവരുടേയും ഉപദേശം എപ്പോഴും പെണ്‍കുട്ടികളോടാണല്ലോ! പുറത്തറിഞ്ഞാല്‍ നാണക്കേട് സ്‌കൂളിനാണ്, പെണ്‍കുട്ടികള്‍ക്കാണ്, അവരുടെ രക്ഷിതാക്കള്‍ക്കാണ് എന്നാണ് പതിവു ന്യായങ്ങള്‍. മാഷോട് കൊഞ്ചിക്കുഴയാന്‍ പോയിട്ടാണ് തുടങ്ങിയവയാണ് ശാസനകള്‍. പെണ്‍കുട്ടികള്‍ പിന്നെന്തു ചെയ്യണം? സഹിക്കണം എന്നാണ് പതിവു ചൊല്ല്. പക്ഷേ അന്ന് സഹിച്ചവര്‍ ഇപ്പോള്‍ മുതിര്‍ന്ന സ്ത്രീകളായി. എത്ര അടക്കിയിട്ടും അടക്കാന്‍ കഴിയാത്തത്ര വേദന, അപമാനം, രോഷം ഉള്ളില്‍ കൊണ്ടു നടന്നവര്‍ ഇന്നിപ്പോള്‍ പുറം ലോകത്തോട് അന്നത്തെ പീഡകനെക്കുറിച്ച് വിളിച്ചു പറഞ്ഞു.

'മീ റ്റൂ' എന്ന ഈ സ്ത്രീ നീതി രാഷ്ട്രീയ സമരത്തിന്റെ ശക്തി വിജയിക്കുന്ന ആദ്യ കാഴ്ച, പോക്സോ നിയമ പ്രകാരം ബാല ലൈംഗിക പീഡകനായ ആ അദ്ധ്യാപകന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്.

സെന്റ് ജമ്മാസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആ അദ്ധ്യാപകനില്‍ നിന്ന് ലൈംഗിക പീഡനം നേരിട്ടത് ഒന്നും രണ്ടുമല്ല അനേകം പെണ്‍കുട്ടികളാണ്. എല്‍ പി ക്ലാസ്സ് മുതല്‍ യുപി ക്ലാസ്സ് വരെയുള്ള കുട്ടികളെയാണ് അയാള്‍ പഠിപ്പിച്ചിരുന്നത്. ആ ക്ലാസ്സുകളിലുള്ള കുട്ടികളുടെ പ്രായം എത്രയാണ്! 5 മുതല്‍ 12 വയസ്സു വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍.

സെന്റ് ജമ്മാസ് സ്‌കൂള്‍ അധികാരികള്‍ കാലാകാലങ്ങളായി ഇത്രകാലവും പൊത്തിപ്പിടിച്ച് സൂക്ഷിച്ച് നിലനിര്‍ത്തിപ്പോന്ന സല്‍പ്പേര് ഇപ്പോള്‍ തകര്‍ന്നടിഞ്ഞു നാണം കെട്ട് തല കീഴായി കിടക്കുകയാണ്. ഇത്രയും കാലം നടന്ന ബാല ലൈംഗിക പീഡന പരമ്പരയില്‍ ആ സ്‌കൂളിലെ അതാത് കാലങ്ങളിലെ അയാളുടെ സഹപ്രവര്‍ത്തകരും പ്രിന്‍സിപ്പാള്‍മാരും മറ്റും എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കേസന്വേഷണം അവരെ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ട സ്‌കൂള്‍ അധികൃതര്‍ 30 വര്‍ഷത്തെ അയാളുടെ ലൈംഗിക പീഡനത്തിന് ഉത്തരവാദിത്വം പറയേണ്ടതില്ലേ? കുട്ടികളുടെ പരാതി പരിഹരിക്കാന്‍ സ്‌കൂളില്‍ എന്തായിരുന്നു നിലവിലുണ്ടായിരുന്ന വ്യവസ്ഥ? തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനം സംബന്ധിച്ച് നിയമമുണ്ടാകുന്നതിന് മുമ്പ്, 1997 മുതല്‍ തന്നെ സുപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൊഴില്‍ സ്ഥലത്തെ സംബന്ധിച്ച നിര്‍വ്വചനങ്ങളും അതിലുണ്ടായിരുന്നു. സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവ സ്ഥാപനങ്ങളില്‍ പരാതി പരിഹാര കമ്മറ്റികള്‍ സ്ഥാപിക്കേണ്ടേത് ആ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം നിര്‍ബ്ബന്ധിതവുമായിരുന്നു. നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷമെങ്കിലും സ്‌കൂളില്‍ കൃത്യമായ മാനദണ്ഡങ്ങളോടെ ഇന്റേണല്‍ കമ്മറ്റി സ്ഥാപിച്ച് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ? ഇല്ല എന്നതു തന്നെയാണ് ഈ മീറ്റൂ തെളിയിക്കുന്നത്. പരാതി കമ്മറ്റിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം എന്തുകൊണ്ടാണ് ഇല്ലാത്തത്? പരാതി പറഞ്ഞ കുട്ടികളുടെ പരാതി പോലീസ് സ്റ്റേഷനിലെ ഉത്തരവാദപ്പെട്ടവരെ, രക്ഷാകര്‍തൃ സംഘടനയെ അറിയിക്കുന്നതില്‍, അയാളെ നിയമത്തിനു മുന്നില്‍ നേരത്തേ തന്നെ എത്തിക്കുന്നതില്‍ എന്തായിരുന്നു തടസ്സം? അയാള്‍ അധികാരമുള്ള, സ്വാധീനമുള്ള രാഷ്ട്രീയ നേതാവായിരുന്നു എന്നതാണോ? അതൊരു ന്യായീകരണമല്ലല്ലോ! സ്‌കൂള്‍ അധികൃതര്‍ നടത്തിയിരിക്കുന്നത് പ്രകടമായും ഗുരുതരമായ നിയമലംഘനമാണ്.

കെ വി ശശികുമാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ മാത്രമായിരുന്നില്ല, സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച മലപ്പുറം നഗരസഭാ കൗണ്‍സിലര്‍ കൂടിയായിരുന്നു. 'മീ റ്റൂ' വിനു ശേഷം സി പി എം, അയാളെ പാര്‍ട്ടിയില്‍ നിന്ന് ഇപ്പോള്‍ പുറത്താക്കിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ഇത്തരത്തിലുള്ള ലൈംഗിക പീഡകര്‍ ഉണ്ട് എന്നത് എല്ലാവര്‍ക്കും അറിവുള്ള വസ്തുതയാണ്. കുറച്ചു നാള്‍ മുമ്പാണ് ബാലികയായ വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചിരുന്ന പാലത്തായി ബാലലൈംഗിക പീഡന കേസിലെ അദ്ധ്യാപകനെ അറസ്റ്റു ചെയ്തതും ജാമ്യത്തിലിറങ്ങിയതും തുടര്‍ന്ന് സമരങ്ങള്‍ നടന്നതും കര്‍ശനമായ നിയമനടപടികളുണ്ടായതും. ബി ജെപി നേതാവായിരുന്ന അയാളുടെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസിനെ അട്ടിമറിക്കാനുള്ള ശ്രമം നടന്നു. ഒരു കാര്യം ഓര്‍മ്മപ്പെടുത്തട്ടെ, പുരോഗമനപരമെന്ന് ജനങ്ങള്‍ കരുതുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ലൈംഗിക പീഡകരായ പ്രവര്‍ത്തകരുണ്ടെങ്കില്‍, നേതാക്കളുണ്ടെങ്കില്‍ അവരെ പെട്ടെന്ന് തിരിച്ചറിയാനും പ്രസ്ഥാനത്തില്‍ നിന്ന് എന്നെന്നേക്കുമായി മാറ്റി നിര്‍ത്താനുമുള്ള അതിയായ ജാഗ്രതയും സംഘടിതമായ തീരുമാനവും ആ പ്രസ്ഥാനങ്ങളിലെ സ്ത്രീ സംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സവിശേഷമായി ഉണ്ടായിരിക്കേണ്ടതാണ്.

തങ്ങളുടെ മക്കള്‍ സ്‌കൂളില്‍ സുരക്ഷിതരാണ് എന്ന് വിശ്വസിച്ചാണ് മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ വിടുന്നത്. അതേ സമയം, സ്‌കൂളിലേക്കയച്ചു കഴിഞ്ഞാല്‍ തങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നു എന്നു വിചാരിക്കുകയോ കുട്ടികള്‍ സ്‌കൂളില്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ അടക്കം എല്ലാം അവര്‍ക്കു തുറന്നു പറയാനുള്ള മാനസിക, വൈകാരിക ഇടം നല്‍കാതിരിക്കുകയോ ചെയ്യുന്ന രക്ഷകര്‍ത്താക്കളും യഥാര്‍ത്ഥത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വളര്‍ത്തുന്നതില്‍ പരോക്ഷമായി വലിയ പങ്കു വഹിക്കുന്നുണ്ട്. ഇപ്പോഴാണെങ്കിലും ഇയാള്‍ക്കെതിരെ മീ റ്റൂ പറയാനിടയുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ ഏതൊക്കെ തരത്തിലാവും അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളു. യഥാര്‍ത്ഥത്തില്‍ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുന്നതല്ല അപമാനകരമായിട്ടുള്ളത്, മറിച്ച് അനുഭവിച്ച അതിക്രമങ്ങളെപ്പറ്റി പറയാതെ, ജീവിതകാലം മുഴുവന്‍ അതൊളിച്ചു വെച്ച് ആത്മാഭിമാനമില്ലാതെ ജീവിക്കുന്നതാണ് അപമാനകരമായിത്തീരുന്നത്. കാലമെത്ര കടന്നു പോയാലും ഇനിയും ആ ആഘാതങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷപ്പെട്ട് സ്വന്തം ജീവിതത്തിലെ മുറിവുകള്‍ ഉണക്കുന്നതിനുള്ള വഴിയായിട്ടാണ് സ്ത്രീകളുടെ മുന്നില്‍ 'മീ റ്റൂ' സാധ്യതകള്‍ ഇന്നുള്ളത്.

സ്‌കൂളിലെ അദ്ധ്യാപന ജീവിതത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് അയാള്‍ ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ അയാളുടെ തനി നിറം പുറത്തു കാണിച്ചത്. ലോകത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കണം, തങ്ങളെ പഠിപ്പിച്ച അദ്ധ്യാപകനു നേരം വിവിധ കാലയളവുകളില്‍ പഠിച്ചു പോയ വിദ്യാര്‍ത്ഥികളായിരുന്നവര്‍ കൂട്ടമായി മീ റ്റൂ നടത്തുകയും പ്രസ് മീറ്റ് നടത്തുകയും പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയും ചെയ്യുന്നത്. ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങള്‍ക്കെല്ലാം കൂടി കെ വി ശശികുമാറിന് പരമാവധി ശിക്ഷ ലഭിക്കട്ടെ. ഏതൊക്കെ സ്‌കൂളുകളില്‍, കലാലയങ്ങളില്‍ കുട്ടികളെ ലൈംഗികമായി ആക്രമിക്കുകയും നിശ്ശബ്ദമാക്കുകയും ചെയ്യുന്ന അദ്ധ്യാപകരുണ്ടോ അവര്‍ക്കെല്ലാം സെന്റ് ജമ്മാസ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ ഈ മീടു നടുക്കുന്ന ഒരു പേടി സ്വപ്നമായി മാറട്ടെ.

Content Highlights: CS chandrika on metoo allegation against teacher KV Sasikumar,sexual abuse,social,mathrubhumi latest

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented