പ്രതീകാത്മക ചിത്രം
നിര്‍മ്മാതാവും നടനുമായ വിജയബാബുവില്‍ നിന്ന് താന്‍ നേരിട്ട ലൈംഗിക ചൂഷണത്തിനും അക്രമത്തിനുമെതിരേ പരാതിപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനു ശേഷം അതു കണ്ടവരും കേട്ടവരും ഇപ്പോള്‍ രണ്ടു തട്ടിലാണ്. നടിയെ അനുകൂലിക്കുന്നവരും, വിജയബാബുവിനെ അനുകൂലിക്കുന്നവരും എന്ന നിലയില്‍.
യഥാര്‍ത്ഥത്തില്‍ വിജയബാബുവിനെ അനുകൂലിക്കുന്ന പുരുഷന്‍മാരുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത് ബലാത്സംഗം എന്ന കുറ്റകൃത്യത്തെ ന്യായീകരിക്കുന്ന, പറ്റുമെങ്കില്‍ മുന്നില്‍ കിട്ടുന്ന സ്ത്രീയെ വാക്കാലോ നോട്ടത്താലോ അല്ലെങ്കില്‍ ശാരീരികമായിത്തന്നെയോ ബലാത്സംഗം ചെയ്യാന്‍ മടിക്കാത്ത പുരുഷാധികാര ത്വരയാണ്. വിജയബാബുവിനെ അനുകൂലിക്കുന്ന സ്ത്രീകളില്‍ ഉള്ളത്, പുരുഷാധിപത്യത്തിന് വിടുപണി ചെയ്ത്, നീതിക്കായ് പൊരുതുന്ന മറ്റു സ്ത്രീകളെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത് പുരുഷാധികാരത്തിന്റെ 'നല്ല സ്ത്രീ' സര്‍ട്ടിഫിക്കറ്റ് കഴുത്തില്‍ തുക്കിയിട്ട് നടക്കാനുള്ള വ്യഗ്രതയാണ്. രണ്ടു കൂട്ടരും ഈ സമൂഹത്തില്‍ സ്ത്രീകളുടെ ജീവിതം സ്വതന്ത്രമായി മുന്നോട്ടു പോകാന്‍ തടസ്സം നില്‍ക്കുന്നവരാണ്. വിജയബാബുവിനെ അനുകൂലിക്കുന്ന സ്ത്രീകള്‍ പുരുഷാധിപത്യത്തിന്റെ ഉപകരണങ്ങളായി അറിഞ്ഞും അറിയാതെയും പ്രവര്‍ത്തിച്ച് സ്ത്രീസമൂഹത്തെയാകെ പിറകോട്ടു വലിക്കുന്നവരാണ്.
പേരു വെളിപ്പെടുത്താതെ തനിക്കു നേരെ വിജയ്ബാബു നടത്തിയ ലൈംഗിക ചൂഷണ കുറിച്ച് നടി സാമൂഹ്യമാധ്യത്തിലെ ഒരു ഗ്രൂപ്പില്‍ പോസ്റ്റു ചെയ്തിട്ടുള്ളത് വായിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. '13/03/22 - 14/04/2022 യുള്ള കാലയളവില്‍ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിമ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു'' എന്ന് വിവരിച്ചു തുടങ്ങുന്ന ആ പോസ്റ്റില്‍ പ്രബലനായ ഒരു നിര്‍മ്മാതാവിന്റെ വാഗ്ദാനങ്ങളിലും തന്ത്രങ്ങളിലും സ്നേഹ കെണികളിലും അകപ്പെട്ടു പോകുന്ന പെണ്‍കുട്ടിയുടെ ഭീകരവും ദയനീയവുമായ അനുഭവ ചിത്രങ്ങളുണ്ട്.
സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവുമായി വരുന്ന പെണ്‍കുട്ടികള്‍ എത്തിപ്പെടുക തീര്‍ച്ചയായും നിര്‍മ്മാതാക്കളുടെ മുന്നിലാണ്. അവരാണ് സിനിമാ നിര്‍മ്മാണത്തിന്റെ സര്‍വ്വാധികാരി. ആ സര്‍വ്വാധികാരം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത് അഭിനയിക്കാനെത്തുന്ന പെണ്‍കുട്ടികളുടെ നേര്‍ക്കാണ്. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്ന് ഇതിനോടകം മലയാളത്തിലെ പ്രമുഖ നടികള്‍ വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. പ്രശസ്തയായ നായിക നടിക്കു നേരെ ക്വട്ടേഷന്‍ ബലാത്സംഗം ഉണ്ടായ സംഭവത്തോടനുബന്ധിച്ച് രൂപപ്പെട്ട ഡബ്ല്യു.സി.സി.യിലെ പ്രധാന പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ വലിയ ആവശ്യമാണ് സിനിമാ മേഖലയെന്ന തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി നിയമമനുസരിച്ചുള്ള പരാതിക്കമ്മറ്റികള്‍ രൂപീകരിക്കണം എന്നത്. അതിനു വേണ്ടിയുള്ള നിയമപരമായ പോരാട്ടത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
WCC ഉയര്‍ത്തിയ നിരവധിയായ ആവശ്യങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒട്ടേറെ നടികള്‍ തങ്ങള്‍ നേരിട്ടിട്ടുള്ള അനുഭവങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാനാവുന്നത്. അനുഭവങ്ങള്‍ തുറന്നു പറഞ്ഞ സ്ത്രീകള്‍ ഇരകളാണെന്നും അതിനാല്‍ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനാവില്ല എന്നുമുള്ള കാരണത്താലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുസമൂഹത്തിനു മുമ്പാകെ വെയ്ക്കാതിരിക്കുന്നത് എന്നു പറയുന്നു. കമ്മറ്റിയുടെ അന്വേഷണത്തോട് പ്രതികരിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്താതെ തന്നെ സിനിമാ രംഗത്ത് നിരവധി സ്ത്രീകള്‍ നേരിട്ടതും തുടരുന്നതുമായ തിക്തമായ ലൈംഗിക ചൂഷണങ്ങളുടേയും അക്രമങ്ങളുടേയും അനുഭവങ്ങളുടെ വ്യാപ്തി എന്തെന്ന് വെളിവാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി തയ്യാറാക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിക്കും അത് പൊതുസമൂഹത്തിനു മുമ്പാകെ വെയ്ക്കാന്‍ സര്‍ക്കാറിനും അടിയന്തരമായി കഴിയേണ്ടതുണ്ട്.
അതല്ലെങ്കില്‍, സിനിമാ രംഗത്ത് ഒന്നോ രണ്ടോ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അക്രമങ്ങള്‍ എന്ന നിലയിലാണ് ദിലീപിനെതിരായ കേസിനേയും ഇപ്പോള്‍ വിജയബാബുവിനെതിരായ കേസിനേയും കാണാന്‍ ഈ പുരുഷാധികാര പ്രബല സമൂഹം താത്പര്യപ്പെടുക. നിരവധി സ്ത്രീകള്‍ക്ക് തങ്ങള്‍ നേരിട്ട അക്രമങ്ങള്‍ ഇനിയും തുറന്നു പറയാനും ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നത് സഹായകരമായിത്തീരും എന്നാണ് കരുതുന്നത്. ഈ സാധ്യതകള്‍ ഉപയോഗിക്കാന്‍ വൈകുന്നതിന്റെ കൂടി പ്രത്യാഘാതമാണ് വിജയബാബു, ഫേസ് ബുക്ക് ലൈവില്‍ വന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താന്‍ ധൈര്യപ്പെട്ടതും തുടര്‍ന്ന് വിജയബാബുവിനെ പിന്തുണച്ചു കൊണ്ട് ആ പെണ്‍കുട്ടിക്കെതിരെ കൂട്ടസൈബര്‍ ആക്രമണം നടത്താന്‍ കുറേയധികം പുരുഷന്‍മാര്‍ ധൈര്യപ്പെട്ടതും.
സിനിമ ഒരു തൊഴില്‍ മേഖലയാണ്. എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും അദ്ധ്യാപകരുമാകാന്‍ താത്പര്യപ്പെടുന്ന പെണ്‍കുട്ടികള്‍ സ്വതന്ത്രമായി തങ്ങളുടെ പ്രൊഫഷന്‍ തെരഞ്ഞെടുക്കുന്നതു പോലെ തന്നെ സ്ത്രീകള്‍ക്ക് സിനിമാഭിനയം തങ്ങളുടെ പ്രൊഫഷനായി തെരഞ്ഞെടുക്കാനുള്ള നിര്‍ഭയമായ അന്തരീക്ഷം ഇവിടെയുണ്ടാകണം. ലൈംഗിക പീഢനം നേരിടേണ്ടി വരും എന്ന കാരണത്താല്‍ മാത്രം അഭിനയ മോഹമുള്ള നിരവധി പെണ്‍കുട്ടികളെ ഈ രംഗത്തേക്ക് വിടാന്‍ മാതാപിതാക്കള്‍ തയ്യാറല്ല എന്ന് എല്ലാവര്‍ക്കുമറിയാം. ആ ഭയം, അരക്ഷിതത്വം മാററുന്നതിന് രാജ്യത്തെ നിയമം നിശിതമായി നടപ്പിലാക്കുക മാത്രമേ വഴിയുള്ളു. അത് സര്‍ക്കാരിന്റെ ചുമതലയാണ്.
വിജയബാബുവിനു നേരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ ജാമ്യത്തിലിറങ്ങുകയും പണത്തിന്റേയും സ്വാധീനങ്ങളുടേയും ബലത്തില്‍ യാതൊരു വിധ നഷ്ടങ്ങളുമില്ലാതെ തുടര്‍ന്നും സാമൂഹ്യ ജീവിതം തുടരുകയും ചെയ്യും. എന്നാല്‍ അയാള്‍ ഐഡന്റിറ്റി വെളുപ്പെടുത്തിയ പെണ്‍കുട്ടി ഒറ്റപ്പെട്ടവളും സാമൂഹ്യ ഭ്രഷ്ടയുമാകാതിരിക്കാന്‍ അവള്‍ക്കൊപ്പം സര്‍ക്കാരും സ്ത്രീപക്ഷ രാഷ്ട്രീയ ബോധമുള്ള മുഴുവന്‍ മനുഷ്യരും WCCയും മാധ്യമങ്ങളും നിരന്തരമായ പിന്തുണ നല്‍കേണ്ടതുണ്ട്. ആ കുട്ടിയെ ആഴമുള്ള മുറിവുകളില്‍ നിന്ന് അതിജീവിക്കാന്‍ പ്രാപ്തയാക്കാന്‍ പരിശ്രമിക്കേണ്ടതുമുണ്ട്!
വിജയബാബുവിനെതിരെ പരാതി നല്കിയ നടിക്കു നേരെ ആണധികാര പൊതുസമൂഹത്തിന്റെ തീര്‍പ്പു കല്‍പ്പിക്കല്‍ 'കൂടെ കിടന്നിട്ട് ഇപ്പോള്‍ പരാതി പറയുന്നു' എന്ന നിലയിലാണ്. ഇത്തരം വിധിക്കലുകള്‍ നടത്തുന്നവര്‍ ഇന്ത്യയില്‍ നിലവിലുള്ള സ്ത്രീ അവകാശ സംരക്ഷണ നിയമങ്ങളെക്കുറിച്ച് ബോധപൂര്‍വ്വമോ അല്ലാതേയോ അജ്ഞത പേറുന്നവരാണ്. ഇന്നലെ വരെ പരസ്പരം സ്നേഹമായിരുന്നു എന്നാണെങ്കില്‍ക്കൂടിയും ഇന്ന് അവളുടെ ഇഷ്ടം, സമ്മതം നോക്കാതെ അവളുടെ മേല്‍ ലൈംഗിക ബലപ്രയോഗം നടത്താനും ആക്രമിക്കാനും പുരുഷന് അവകാശമില്ല. വിവാഹ ബന്ധത്തിലാണെങ്കിലും അതങ്ങനെയാണെന്ന് ഇവര്‍ മനസ്സിലാക്കേണ്ടതുണ്ട്. വിവാഹം കഴിച്ചു, ഇന്നലെ വരെ ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിച്ചു എന്നു വെച്ച് ഇന്ന് അവള്‍ക്ക് സമ്മതമല്ലെങ്കില്‍, ഭര്‍ത്താവ് അവളുടെ മേല്‍ സമ്മതമില്ലാതെ ലൈംഗിക ബന്ധം സ്ഥാപിച്ചു എങ്കില്‍ അത് ബലാത്സംഗമായി കാണാമെന്ന് പല കോടതികളും നിരീക്ഷിച്ചതാണ്.. വിജയബാബുവിനെതിരെ പരാതി നല്‍കിയ നടിയുടെ അനുഭവ വിവരണത്തില്‍ പ്രലോഭനങ്ങളുടേയും വാഗാദാനങ്ങളുടേയും ചൂഷണങ്ങളുടേയും അക്രമത്തിന്റേയും വിവധി പീഡന രൂപങ്ങളുണ്ട്.
പെണ്‍കുട്ടി ധീരമായി അയാള്‍ക്കെതിരെ പരാതി നല്‍കിയതു പോലും ദിലീപിനെതിരായി നടക്കുന്ന കേസിന്റെ സമരപ്രക്ഷുബ്ധതയുടെ സ്ത്രീലോക സംഭാവനയാണ്.
മറ്റൊരു പെണ്‍കുട്ടി കൂടി കഴിഞ്ഞ ദിവസം വിജയബാബുവിനെതിരെ സ്വന്തം അനുഭവം വെളിപ്പെടുത്തുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
വിജയ്ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പിറകിലുള്ള ഉദ്ദേശം, ഇവിടെ നടക്കുന്ന ഇനിയും തുടരുമെന്ന് ഭയക്കുന്ന 'മീ റ്റൂ' മൂവ്മെന്റിനെ തകര്‍ക്കണം എന്നുള്ളതാണ്. 1990കളില്‍ ധാരാളം സ്ത്രീ പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും സ്ത്രീവിമോചന സംഘടനകള്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിലും കോടതിയിലും നിരന്തര സമരത്തിലേര്‍പ്പെടുകയും ചെയ്ത സമയത്ത് കേരളത്തില്‍ 'പുരുഷ പീഡന പരിഹാര വേദി' എന്ന പേരില്‍ കുറച്ചു പുരുഷന്‍മാര്‍ സംഘടിച്ചതായി ഞാന്‍ ഓര്‍ക്കുന്നു. അതിന്റെ വൃത്തികെട്ട പുതിയ പതിപ്പാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്ന 'മെന്‍ ടൂ' പുരുഷന്‍മാര്‍.
മീ റ്റൂ വിനെതിരെയുള്ള മറ്റൊരു പ്രധാന ആരോപണം, പീഡനം നടന്നപ്പോള്‍ പറയാതെ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് പറയുന്നു എന്നതാണ്. സ്ത്രീ പുരുഷനുമായി സൗഹൃദത്തിലോ, പ്രേമബന്ധത്തിലോ ആയിരിക്കുമ്പോള്‍ അയാളില്‍ നിന്ന് നേരിടുന്ന ചൂഷണങ്ങളുടേയും അക്രമങ്ങളുടേയും സ്വഭാവങ്ങള്‍ പല വിധത്തിലാണ്. അതു തിരിച്ചറിയാനും അതില്‍ നിന്ന് പുറത്തു കടക്കാനും രക്ഷപ്പെടാനും പോലും അവള്‍ക്ക് അത്ര എളുപ്പമല്ല. അതില്‍ നിന്നുണ്ടായിട്ടുള്ള മുറിവുകള്‍ ഉണക്കുന്നതിന്റെ ഭാഗം കൂടിയായിട്ടാണ് സമയമെടുത്താണെങ്കിലും അവള്‍ ധീരതയോടെ അതേക്കുറിച്ച് മീ റ്റൂ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. സമയമെടുക്കും. ചിലപ്പോള്‍ പത്തോ ഇരുപതോ മുപ്പതോ നാല്പതോ വര്‍ഷങ്ങളെടുക്കും. സ്വയം ഗതികെടുമ്പോള്‍ മാത്രമാണ്, അപമാനത്തിന്റെ മുറിവുകള്‍ ഉണക്കാന്‍ വേണ്ടിയാണ്, നീതി സ്ഥാപിക്കാന്‍ വേണ്ടിയാണ് സമൂഹത്തിന്റെ കൂരമ്പുകള്‍ ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടു തന്നെ അവള്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്.
Content Highlights: CS Chandrika column, Vijaybabu's intention was to destroy the Me too movement, Maratte keralam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..