ഗാൻഡ് പ്രിൻസസ് ആഡംബര കപ്പൽ , ബ്രയാൻ ലൗജോയ് | ഫോട്ടോ കടപ്പാട് - Adam Gotlieb, theClick.news
2020 ല്‍ കോവിഡ് പിടിമുറുക്കിത്തുടങ്ങിയ സമയം. അമേരിക്കയെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഒരു ക്രൂയിസ് കപ്പൽ അവരുടെ തീരത്തിനു സമീപം നങ്കൂരമിട്ടു. കോവിഡ് രോഗികൾ ധാരാളമുള്ള കപ്പൽ തീരത്തോടടുപ്പിക്കാൻ അമേരിക്ക വിസ്സമ്മതിച്ചു. കപ്പലിലെ ആയിരക്കണക്കിനാളുകളിലേക്ക് കോവിഡ് പടരുന്നതും യാത്രികർക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതുമെല്ലാം വാർത്തയായി. കോവിഡ് വ്യാപനത്തെ എങ്ങനെ നേരിടും ? കപ്പലിലെ ആയിരക്കണക്കിനുപേര്‍ക്ക് കോവിഡ് വ്യാപിക്കുന്ന സാഹചര്യമുണ്ടായാല്‍ എന്തുചെയ്യും. ശവശരീരങ്ങള്‍കൊണ്ട് നിറയുമോ ആ അഡംബര കപ്പല്‍ തുടങ്ങീ ആശങ്കകള്‍ ഉയർന്നു. ഇതിനിടെയാണ് സ്വന്തം ജീവന്‍പോലും പണയംവച്ച് ബ്രയാന്‍ ലൗജോയ് എന്ന ആരോഗ്യപ്രവർത്തകൻ കപ്പലിലെ രോഗികളെ ശുശ്രൂഷിക്കാനായി ഒരുമ്പെട്ടിറങ്ങുന്നത്. അദ്ദേഹമുൾപ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം ആ ദൗത്യത്തിന് തയ്യാറല്ലായിരുന്നെങ്കില്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സ്വാർഥതയുടെ അടയാളമായി ആ സംഭവം അടയാളപ്പെടുത്തപ്പെട്ടേനേ. ഇത്തവണTHEIRSTORYചർച്ച ചെയ്യുന്നത് ലൗജോയിയുടെയും സംഘത്തിന്റെയും സമാനതകളില്ലാത്ത ആ സ്നേഹ ഹസ്തത്തെ കുറിച്ചാണ്.

കോവിഡ് ഹോട്ട്സ്പോട്ടുകളില്‍ ഒന്നായി ഗ്രാന്‍ഡ് പ്രിന്‍സസ്
2020 ഫെബ്രുവരിയില്‍ സാന്‍ ഫ്രാന്സിസ്കോയില്നിന്ന് യാത്രതിരിച്ച ഗ്രാന്‍ഡ് പ്രിന്‍സസ് എന്ന ക്രൂസ് ഷിപ്പ് അമേരിക്കയിലെ ആദ്യ കോവിഡ് ഹോട്ട് സ്പോട്ടുകളില്‍ ഒന്നായി മാറുകയായിരുന്നു. 2300 യാത്രക്കാരും 1100 ജീവനക്കാരുമായി കടലില്‍ ഉല്ലാസയാത്ര നടത്തിയ ഗ്രാന്‍ഡ് പ്രിന്‍സസ് കപ്പലിലെ 122 പേര്‍ക്ക് കോവിഡ് ബാധിക്കുകയും ആറുപേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കോവിഡ് ബാധിതരോടുള്ള കപ്പല്‍ ഉടമകളുടെയും അന്നത്തെ ട്രംപ് ഭരണകൂടത്തിന്റെയും സമീപനം കപ്പലില്‍ ഉണ്ടായിരുന്ന സഞ്ചാരികളെ തളര്‍ത്തി. മുന്‍പത്തെ യാത്രയില്‍ പങ്കെടുത്ത പലര്‍ക്കും കോവിഡ് ബാധിച്ചിട്ടും മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളിയെ ഗൗരവമായി കാണാതെ കപ്പലുടമകള്‍ തങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടുവെന്നാണ് യാത്രക്കാര്‍ പരാതിപ്പെട്ടത്.
ഇതുസംബന്ധിച്ച നിരവധി കേസുകള്‍ പിന്നീട് കോടതിയിലെത്തി. യാത്രക്കിടയില്‍തന്നെ അപകടസൂചന ലഭിച്ചിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ മതിയായ പരിശോധനകള്‍ നടത്തുമെന്നും സുരക്ഷ ഉറപ്പാക്കി മാത്രമെ പുതിയ സഞ്ചാരികളെ കപ്പലില്‍ കയറ്റൂവെന്നും കമ്പനി ഉറപ്പ് നല്കിയിരുന്നുവത്രേ. ഗ്രാന്‍ഡ് പ്രിന്‍സസ് നേരത്തെ മെക്സിക്കോയിലേക്ക് നടത്തിയ യാത്രക്കിടെ 71-കാരനായ ഒരു യാത്രക്കാരന് അസുഖ ബാധിതന് ആകുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. പിന്നീട് സാന്‍ ഫ്രാന്‍സിസ്കോയില്‍ ഇറങ്ങിയ അദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചു. ഈ യാത്രയില്‍ ഉണ്ടായിരുന്ന ഏതാനുംപേര്‍ ഗ്രാന്‍ഡ് പ്രിന്‍സസിന്റെ അടുത്ത യാത്രയിലും തുടര്‍ന്നു. ഇവരാണ് കപ്പലില്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയത്.

കപ്പലിലേക്ക് ഹെലിക്കോപ്റ്റര്മാര്ഗം കോവിഡ് പരിശോധനാ കിറ്റുകള്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാന്‍ഡ് പ്രിന്‍സസ് കടലില്‍തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ച അധികൃതര്‍ കപ്പലിലേക്ക് കോവിഡ് പരിശോധനാ കിറ്റുകള്‍ എത്തിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നടത്തിയ പരിശോധനയില്‍ 19 ജീവനക്കാര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കപ്പലിലെ എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് അന്നത്തെ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നിര്‍ദ്ദേശിച്ചു. എന്നാല്‍ കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചത് കോവിഡ് വ്യാപനസാധ്യത കണക്കിലെടുത്ത് യാത്രക്കാരെല്ലാം കപ്പലില്‍തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചു
അമേരിക്കയുടെ ആദ്യ കോവിഡ് പോരാട്ടങ്ങളിലൊന്ന്
കോവിഡിനെ നേരിടാന്‍ അമേരിക്ക നടത്തിയ ആദ്യ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ഡിസാസ്റ്റര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് വര്‍ക്കേഴ്സിന്റെ സംഘം നടത്തിയത്. 2020 മാര്‍ച്ച് എട്ടിനാണ് ബ്രയാന്‍ ലൗജോയുടെ നേതൃത്വത്തിലുള്ള സംഘം കാലിഫോര്‍ണിയ തീരത്തുനിന്ന് വളരെ അകലെ നങ്കൂരമിട്ടിരുന്ന ഗ്രാന്‍ഡ് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ എത്തുന്നത്. കപ്പലിലെ കോവിഡ് രോഗികളെ പരിചരിക്കാനും എല്ലാ യാത്രക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും ബ്രയാന്‍ ലൗജോയ് എന്ന 37-കാരന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കപ്പലിലെത്തി. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡാണ് സംഘത്തെ കപ്പലില്‍ എത്തിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതുസംബന്ധിച്ച ധാരണ സംഘത്തിലെ ആര്‍ക്കും ഉണ്ടായിരുന്നില്ല. കോവിഡിനെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഇല്ലാതിരുന്ന ആ കാലത്ത് രോഗികളെ എങ്ങനെ പരിചരിക്കണം എന്നകാര്യത്തിലും സംഘത്തിന് വ്യക്തത ഉണ്ടായിരുന്നില്ല. ആദ്യ ദിവസംതന്നെ 24 മണിക്കൂറും ജോലി ചെയ്താണ് സംഘം കപ്പല്‍ യാത്രക്കാരെ വേര്‍തിരിച്ച് മുറികളിലേക്ക് മാറ്റുകയും കോവിഡ് പരിശോധനകള്‍ നടത്തുകയും ചെയ്തത്. പിന്നീട് വിവിധ സംഘങ്ങളായാണ് കപ്പലില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ച് ക്വാറന്റീനിലാക്കിയത്.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്ത് വിന്യസിക്കാരുള്ള ഡിസാസ്റ്റര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് സംഘത്തെയാണ് ജീവന് പണയംവച്ചുള്ള ആദ്യ കോവിഡ് പ്രതിരോധ ദൗത്യത്തിനും അമേരിക്ക നിയോഗിച്ചത്. ഗ്രാന്‍ഡ് പ്രിന്‍സസിലെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ന്യൂയോര്‍ക്ക് നഗരത്തിലും ലവ്ജോയ്ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടിവന്നു.
കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയ ദൗത്യം
രക്ഷാദൗത്യം കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് ബ്രയാന്‍ ലൗജോയ് പറയുന്നു. കോവിഡിനെക്കുറിച്ചുള്ള നിരവധി ലേഖനങ്ങള്‍ ദൗത്യത്തിന് ഇറങ്ങുന്നതിന് മുമ്പുതന്നെ വായിച്ചിരുന്നു. എങ്കിലും മാനസിക സമ്മര്‍ദ്ദവും ഭയവും ആ ദിവസങ്ങളില്‍ ഗ്രസിച്ചിരുന്നുവെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരെ കപ്പലില്‍നിന്ന് പുറത്തിറക്കുന്നതിന് മുമ്പ് കോവിഡ് വ്യാപനം പരാമാവധി നിയന്ത്രിക്കുകയും സഞ്ചാരികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യുക എന്നതായിരുന്നു സംഘത്തിന്റെ ദൗത്യം. ഓദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ചുമതല ആയിരുന്നു ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. എട്ടംഗ സംഘം തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഗ്രാന്‍ഡ് പ്രിന്‍സസ് ആഡംബര കപ്പലിലെ യാത്രക്കാര്‍ക്ക് പുറംലോകം കാണാന്‍ കഴിഞ്ഞത്. ആഡംബര കപ്പലിലെ സഞ്ചാരികളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രികളിലേക്ക് മാറ്റി. മറ്റുള്ളവരെ ദിവസങ്ങളെടുത്ത് ഘട്ടംഘട്ടമായി ക്വാറന്റീനിലേക്കും മാറ്റുകയായിരുന്നു.
കോവിഡ് 'മഹാമാരി'യായിട്ട് രണ്ടുവര്‍ഷം
ജെനീവ: കൊറോണ വൈറസ് ബാധയായ കോവിഡ് രോഗത്തിന് മഹാമാരിപദവി ലോകാരോഗ്യസംഘടന ചാര്ത്തിനല്കിയിട്ട് മാർച്ച് 11ന് രണ്ടുവര്‍ഷം തികയുകയാണ്. 2020 മാര്‍ച്ച് 11-ന് ഡബ്ള്യു.എച്ച്.ഒ. അധ്യക്ഷന്‍ ടെഡ്രോസ് അഥനോം ഗബ്രീസീയൂസ് പ്രഖ്യാപനം നടത്തുമ്പോള്‍ ലോകത്ത് 1,22,289 രോഗികള്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് 45.21 കോടിയിലേക്ക് ഉയര്‍ന്നു. അന്ന് 4389 പേര് മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നത് 60.46 ലക്ഷമായി. മഹാമാരി പ്രഖ്യാപനം നടക്കുമ്പോള്‍ ഇന്ത്യയില്‍ 67 രോഗബാധിതരാണുണ്ടായിരുന്നത്.
അവലംബം: Mathrubhumi archives, TheGuardian, theClick.news, nsuh.northwell.edu
Content Highlights: Cruise ship Diamond Princess and covid spread menace
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..