രാഹുൽ ഗാന്ധി |PTI
ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ ഒരാള്‍ കുറ്റവാളിയാണെന്നു കണ്ടെത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വകുപ്പ് 500 അനുസരിച്ച് പരമാവധി നല്‍കാവുന്ന രണ്ട് വര്‍ഷം തടവാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. പിഴ മാത്രം ചുമത്തി ശിക്ഷ വിധിക്കാമായിരുന്നിട്ടും ആദ്യമായാണ് പ്രതി ശിക്ഷിക്കപ്പെടുന്നത് എന്ന കാര്യം പരിഗണിക്കാതെയും ഉണ്ടായ വിധിക്കെതിരെ സൂറത്ത് അഡീഷ്ണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ക്രിമിനല്‍ അപ്പീല്‍ 254 /2023ലാണ് ഇനി രാഹുലിന്റെ പ്രതീക്ഷ.
സൂറത്ത് സെഷന്‍സ് കോടതിയിലെ അപ്പീലും ഉപഹര്‍ജികളും
ക്രിമിനല്‍ നടപടിക്രമം വകുപ്പ് 389 (1) പ്രകാരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ 2023 മാര്‍ച്ച് 23-ലെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയിലോ സെഷന്‍സ് കോടതിയിലോ അപ്പീല്‍ പോകാം. എന്നാൽ രാഹുല്‍ അപ്പീല്‍ നല്‍കിയത് സൂറത്തിലെ സെഷന്‍സ് കോടതിയിലാണ്. പ്രധാന അപ്പീല്‍ ഹര്‍ജിക്കൊപ്പം രണ്ട് ആവശ്യങ്ങള്‍ ഉപഹര്‍ജികളായി സമര്‍പ്പിച്ചിട്ടുണ്ട്. ഒന്ന് ശിക്ഷാവിധിയുടെ നടത്തിപ്പ് നിര്‍ത്തി വയ്ക്കാനും (പെറ്റീഷന്‍ ഫോര്‍ സെന്റന്‍സ് സസ്‌പെന്‍ഷന്‍ ) മറ്റൊന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യാനും(പെറ്റീഷന്‍ ഫോര്‍ സ്റ്റേ ഓഫ് കണ്‍വിക്ഷന്‍). 2023 ഏപ്രില്‍ മൂന്നിനു കേസ് പരിഗണിച്ച സെഷന്‍സ് ജഡ്ജ് റോബിന്‍ പി. മൊഗേറ ഒന്നാമത്തെ ഹര്‍ജി അനുവദിച്ച് ശിക്ഷാവിധിയുടെ നടത്തിപ്പ് നിര്‍ത്തിവച്ചു. 15,000 രൂപയുടെ സ്വന്തം ബോണ്ട് നല്‍കിയും തത്തുല്യ തുകയ്ക്കുള്ള ജാമ്യക്കാരനെ ഹാജരാക്കിയുമാണ് രാഹുല്‍ ഗാന്ധി ജാമ്യം എടുത്തത്. അപ്പീല്‍ കേള്‍ക്കുമ്പോള്‍ കോടതിയില്‍ രാഹുല്‍ ഹാജരാകണമെന്ന് കോടതി നിബന്ധന വച്ചിട്ടുണ്ട്.
വിചാരണ കോടതി തന്നെ ശിക്ഷ വിധിച്ച ഉടനേ 30 ദിവസത്തേക്ക് ജാമ്യം നല്‍കിയതും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 389 (3) പറയുന്ന പ്രകാരം ശിക്ഷാവിധി 3 വര്‍ഷം തടവ് എന്നതിനേക്കാള്‍ കുറവായ 2 വര്‍ഷം തടവ് മാത്രമാണ് എന്ന് കണ്ടുമാണ് സെഷന്‍സ് കോടതി ശിക്ഷാവിധിയുടെ നടത്തിപ്പ് നിർത്തിവെച്ചത്
ഇതോടെ രാഹുലിന് ജയിലില്‍ പോകാതെ തന്നെ അപ്പീല്‍ നടത്താം. പക്ഷെ, ഇതുകൊണ്ട് മാത്രം റദ്ദായ ലോക്‌സഭ അംഗത്വം തിരികെ ലഭിക്കില്ല. അതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിക്ക് തന്നെ സ്റ്റേ ലഭിക്കണം.

ഏപ്രില്‍ 13-ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിക്ക് തന്നെ സ്റ്റേ അനുവദിച്ച് കിട്ടാനാണ് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകര്‍ ശ്രമിക്കുക. പരാതിക്കാരന്‍ ബി.ജെ.പി. എം.എല്‍.എ. പൂര്‍ണേഷ് മോദിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പൂര്‍ണേഷ് എതിര്‍കക്ഷിയായി എത്തി ഈ ഹര്‍ജിയെ ശക്തമായി എതിര്‍ത്തേക്കും. ഈ ഹര്‍ജിയില്‍ ഉത്തരവ് വരാന്‍ വൈകുന്തോറും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ലക്ഷദ്വീപില്‍ ഉണ്ടായത് പോലെ ലോക്‌സഭ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയേറും. 2023 മെയ് മൂന്നിനാണ് പ്രധാന അപ്പീല്‍ ഹര്‍ജി സെഷന്‍സ് കോടതി പരിഗണിക്കുക.
ലക്ഷദ്വീപ് എം.പിയുടെ കേസിലെ വിധി - അനുകൂല സാഹചര്യം
ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ കേസിലുണ്ടായ സമാന ഹര്‍ജിയിലെ കേരള ഹൈക്കോടതിയുടെ അനുകൂല വിധി രാഹുലിന് ഗുണം ചെയ്യും. അപകീര്‍ത്തി കേസിനേക്കാള്‍ ഗൗരവമേറിയ വധശ്രമ കുറ്റത്തിന് കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച എം.പി., ജാമ്യം ലഭിക്കാതെ ആദ്യം കണ്ണൂര്‍ ജയിലിലായിരുന്നു. 2023 ജനുവരി 25-ന് കേരള ഹൈക്കോടതി ഈ കേസില്‍ ശിക്ഷാവിധിയുടെ നടത്തിപ്പ് തടയുക മാത്രമല്ല കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി തന്നെ സ്റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവിന്റെ അവസാന ഭാഗത്തില്‍ ഇപ്രകാരം പറയുന്നു: “ ജനപ്രതിനിധിയായ പ്രതി അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ അതിനോടൊപ്പം ശിക്ഷാവിധി തന്നെ തെറ്റാണെന്ന് കണ്ട് ഹൈക്കോടതി അത് സ്റ്റേ ചെയ്തില്ലെങ്കില്‍ ആ മണ്ഡലത്തിലെ ജനങ്ങളെ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്ന പോലെയാകും. ഇതിനായി സര്‍ക്കാരിന് ഭാരിച്ച ചെലവ് വരും. ആത്യന്തികമായി ഇത് ജനങ്ങള്‍ക്ക് ബാധ്യതയാകും.“
സെഷന്‍സ് കോടതി തുണച്ചില്ലെങ്കില്‍ ഗുജറാത്ത് ഹൈക്കോടതിയെയോ നേരിട്ട് സുപ്രീം കോടതിയെയോ സമീപിക്കുകയാണ് രാഹുലിന് തുടര്‍ന്നുള്ള അവസരം. ഹൈക്കോടതിയിലാണെങ്കില്‍ സെഷന്‍സ് കോടതി തന്റെ ഉപഹര്‍ജികള്‍ വേണ്ട വിധം പരിഗണിക്കുന്നില്ലെന്ന വാദം നിരത്തേണ്ടിവരും. ഹൈക്കോടതിയില്‍നിന്നു അനുകൂല ഉത്തരവ് സമ്പാദിച്ച് സാഹചര്യം അനുകൂലമാക്കിയെടുക്കാന്‍ കാലതാമസം നേരിടും. അതല്ലെങ്കില്‍ സുപ്രീം കോടതിയെ നേരിട്ട് സമീപിച്ച് രണ്ട്‌വര്‍ഷത്തിനോ മുകളിലോ ഉള്ള ശിക്ഷ ലഭിക്കുന്നത് പാര്‍ലമെന്റംഗത്തിന് അയോഗ്യതയ്ക്ക് കാരണമാകുമെന്ന് എടുത്ത് പറഞ്ഞ് ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പ് ഫലത്തില്‍ മാറ്റിയെഴുതിയ 2013-ലെ ലില്ലി തോമസ് കേസിന്റെ വിധിയെ തന്നെ ചോദ്യം ചെയ്യാം. തുടര്‍ച്ചയായി ജനപ്രതിനിധികള്‍ സമാനകേസുകളില്‍ പ്രയാസം നേരിടുന്നത് ചൂണ്ടിക്കാണിക്കാം.
രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന കേസുകളാലും തെറ്റായ വിധിന്യായങ്ങളാലും വിചാരണകോടതി വിധി വന്ന അതേ ദിവസം മുതല്‍ ഒരു ജനപ്രതിനിധി സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതിന്റെ ഔചിത്യമില്ലായ്മ തുറന്നു കാട്ടാം. വിചാരണ കോടതി ശിക്ഷവിധിച്ചാല്‍ പോലും ഭരണഘടനയുടെ അനുച്ഛേദം 103 അനുശാസിക്കും വിധം ലോക്‌സഭ സെക്രട്ടേറിയേറ്റ് രാഷ്ട്രപതിയോടും തുടര്‍ന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മീഷനോടും അഭിപ്രായമാരാഞ്ഞ ശേഷമേ ഒരു പാര്‍ലമെന്റംഗത്തെ അയോഗ്യനാക്കാവൂ എന്നും വാദിക്കാം. അത്തരമൊരു വ്യവഹാരത്തിന് രാഹുല്‍ ഗാന്ധി മുതിര്‍ന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8 (4) ഉള്‍പ്പടെ ഉള്ള ഭാഗങ്ങളില്‍ കൂടുതല്‍ മികച്ച വ്യാഖ്യാനവും വ്യക്തതയും കൊണ്ടുവരുന്ന ചരിത്രപരമായ ഒരു സുപ്രീം കോടതി വിധിക്കോ നിയമനിര്‍മ്മാണത്തിനോ അത് കാരണമായേക്കാം.
(ഹൈക്കോടതി അഭിഭാഷകനാണ് ലേഖകന്‍)
Content Highlights: column lawpoint on RahulGandhi's defamation case and appeal against his conviction,social
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..