ബുന്ധി ദേവി
'ഒറ്റയ്ക്കായിപ്പോയെന്ന് തോന്നുമ്പോഴൊക്കെയും മലമുകളിൽ ചെന്നിരിക്കും. ഉറക്കെ സംസാരിക്കും. കാറ്റും മരങ്ങളും അത് ചെവിയോർത്ത് ചുറ്റും കൂടും. പിന്നെ ഞാൻ എന്തിനാ വിഷമിക്കുന്നേ... ആർക്കും ആരെയും തനിച്ചാക്കാൻ സാധിക്കില്ല.'
പറഞ്ഞവസാനിപ്പിക്കും മുമ്പെ ബുന്ധി ദേവിയുടെ കണ്ണുകളിൽ വേദന നിറഞ്ഞു. കണ്ണീർത്തുള്ളികൾ ചുളിവുവീണ കവിൾ തടങ്ങളിലൂടെ തെന്നിമാറി. നിര തെറ്റി വരണ്ട മണ്ണിലേക്ക് വീണു. പൊടുന്നനെ അടയാളം പോലും ഇല്ലാത്ത വിധം കാറ്റ് വന്ന് മായ്ച്ചു. ആ വേദന കാലമേറെ കണ്ടതുകൊണ്ടാകണം പ്രകൃതിപോലും അവർക്കൊപ്പം നിൽക്കുന്നത്.
സൂര്യനെ തൊട്ടുനിൽക്കുന്ന മലനിരകൾ അതിരിട്ട മനോഹര ഗ്രാമമാണ് ബുന്ധി ദേവിയുടേത്. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിൽനിന്ന് 35 കിലോ മീറ്റർ സഞ്ചരിക്കണം സിന്ധ്വാളിലേക്ക്. അവിടെനിന്ന് ഉംരെറ്റ് ഗ്രാമത്തിലെത്താൻ മണിക്കൂറുകൾ കാൽനടയായി പിന്നിടണം. ഒരു വശത്ത് തിങ്ങി നിറഞ്ഞ വൻമരങ്ങളും മറുവശത്ത് ആകാശത്തെ വെല്ലുവിളിക്കുന്ന പർവ്വതനിരകളും. ഇവയ്ക്കിടയിലാണ് കാലം ബാക്കിയാക്കിയ ഏതാനും മനുഷ്യരും ഉംരെറ്റ് ഗ്രാമവും.
തണുത്തുറഞ്ഞ സൂര്യധർ തടാകത്തോട് ചേർന്ന് വലിയ ശബ്ദത്തോടെ ബസ്സ് നിന്നു. മുന്നിലുള്ള ഇടുങ്ങിയ വഴിയിലൂടെ ചെറുവാഹനങ്ങളെ പോകൂ. മലയിറങ്ങി തടാകത്തെ തൊട്ടുവരുന്ന തണുത്ത കാറ്റ് ജാക്കറ്റിനു പുറത്തുള്ള കൈകളെ മരവിപ്പിച്ചു. ഉടൻതന്നെ മറ്റൊരു വണ്ടിയിൽ കയറി ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. മുന്നിൽ അപകടസാധ്യത കൂടിയ ഇടുങ്ങിയ വഴിയാണ്. റോഡിന് മറുവശത്തെ ചെങ്കുത്തായ താഴ്ച്ച ഭീതി ഇരട്ടിപ്പിക്കും. ഒരു സർക്കസ്സുകാരന്റെ മെയ്വഴക്കത്തോടെ കാർ റോഡിനനുസരിച്ച് നീങ്ങി.
ജഖാൻ നദിക്ക് അഭിമുഖമായി ആ വഴിയും അവസാനിച്ചു. ലക്ഷ്യത്തിലേക്ക് പായുന്ന ഓട്ടക്കാരനെപ്പോലെ മുന്നിൽ പുഴ കുതിക്കുകയാണ്. വെള്ളം താഴ്ന്ന സ്ഥലം നോക്കിവേണം അപ്പുറത്ത് കടക്കാൻ. തെന്നലുള്ള പാറക്കല്ലുകൾക്ക് മുകളിലൂടെയുള്ള നടത്തം ഭീതിയോടെ മാത്രമെ ഓർക്കാൻ സാധിക്കൂ. നദി കടന്നാൽ കാടിനുള്ളിലേക്കുള്ള പാത കാണാം. ആ നടവഴി ചെന്നെത്തുന്നിടത്താണ് ബുന്ധി ദേവിയും മനുഷ്യർ ഉപേക്ഷിച്ച ഗ്രാമവും.
%20(1).jpg?$p=e0413ae&&q=0.8)
ഹൃദയം നിറയെ കാടോളം ഓർമ്മകളാണ്
നിബിഢവനത്തിന് ഉള്ളിലൂടെയുള്ള ചെറിയ നടപ്പാത കണ്ണെത്താദൂരം നീണ്ടു കിടക്കുന്നുണ്ട്. വഴിയിൽ മുളച്ച പുല്ലുകളും ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും ആ വഴി അധികമാരും വരാറില്ലെന്ന് അടയാളപ്പെടുത്തി. ചുറ്റിലും ചീവീടുകളുടെയും പേരറിയാത്ത പക്ഷികളുടെയും ശബ്ദം മാത്രം. വ്യത്യസ്തമായ കാട്ടുപൂക്കളും പലയിടത്തായുണ്ട്.
ഒരു മണിക്കൂർ നീണ്ട യാത്ര ഒടുവിലൊരു മലഞ്ചെരുവിൽ അവസാനിച്ചു. ഉംരെറ്റ് ഗ്രാമമാണ് മുന്നിൽ. മലഞ്ചെരിവിൽ പലയിടത്തായി കുടിലുകൾ കാണാം. വിളിച്ചാൽ കേൾക്കാൻ സാധിക്കാത്തത്ര ദൂരമുണ്ട് ഓരോ കുടിലുകൾ തമ്മിലും. പലതും മനുഷ്യർ ഉപേക്ഷിച്ചു പോയവയുമാണ്. അത്തരം വീടുകൾ വള്ളിപ്പടർപ്പുകൾ പടർത്തി കാട് തിരിച്ചുപിടിക്കുകയാണ്. ബുന്ധി ദേവിയുടെ ഷീറ്റു മേഞ്ഞ ചെറിയ വീട് ലക്ഷ്യമാക്കി നടന്നു.
കാൽപെരുമാറ്റം കേട്ടപ്പോഴേ അവർ അടുത്തേക്ക് വന്നു. 82 വയസ്സിന് കീഴ്പ്പെടുത്താനാവാത്ത ധീരത അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. ദിവസങ്ങൾക്കു ശേഷമാണ് കുറച്ചു മനുഷ്യരെ കാണുന്നതെന്ന് പറഞ്ഞ് വലിയ സന്തോഷത്തോടെ സ്വീകരിച്ചു. മുറ്റത്ത് ഉണ്ടായിരുന്ന പ്ലാസ്റ്റിക് നൂലുകൊണ്ട് കെട്ടിയ കട്ടിൽ വലിച്ചിട്ടുതന്നു.
സന്തോഷത്താൽ തിളങ്ങുന്ന കണ്ണുകളോടെ അവർ നിർത്താതെ സംസാരിച്ചു തുടങ്ങി. ആ അനുഭവങ്ങൾക്ക് മുന്നിൽ ചോദ്യങ്ങൾ അപ്രസക്തമായിരുന്നു. കാടിനെ ആത്മാവായി കാണുന്ന ഒരമ്മ എന്ന് ഒറ്റവാക്കിൽ പറയാം. പന്ത്രണ്ടാം വയസ്സിലാണ് കുടുംബത്തോടൊപ്പം മല കയറി കുടിൽ കെട്ടുന്നത്. പിന്നീടങ്ങോട്ട് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു.
ജീവിതത്തിന് പ്രത്യാശ നൽകിയത് കൃഷിയാണ്. വിദ്യാലയം സ്വപ്നം കാണാൻ പോലും സാധിക്കാത്ത മലഞ്ചെരുവിൽ പഠിച്ചതൊക്കെയും ചുറ്റുമുള്ള പ്രകൃതിയെ കുറിച്ചാണ്. അനുഭവങ്ങളുടെ പാഠങ്ങൾക്ക് ഇന്നും ചൂടും ചൂരും നഷ്ടമായിട്ടില്ല. കാടനുഭവങ്ങകളുടെ ഹൃദയം അമ്മ തുറന്നുവച്ചു.
%20(1).jpg?$p=3a2a936&&q=0.8)
കാടറിഞ്ഞ ജീവിതം
ഷീറ്റ് പാകിയ മേൽക്കൂര പലയിടത്തും അടർന്നു തുടങ്ങിയിട്ടുണ്ട്. ഏതോ കാലത്ത് കുമ്മായം പൂശിയ ചുമരുകൾ പൂപ്പൽ പിടിച്ച് വൃത്തിഹീനമാണ്. ഒറ്റമുറി വീടിന്റെ ഉൾവശം ഗുഹക്ക് സമാനമാണ്. അത്രമേൽ അടുപ്പിലെ പുകയേറ്റ് കരിഞ്ഞിട്ടുണ്ട്. ഏതാനും പഴകിയ പാത്രങ്ങളും മരക്കുറ്റിയിൽ കെട്ടി ഉണ്ടാക്കിയ കട്ടിലും മാത്രമാണ് ആകെ ഉള്ളത്. അടുപ്പിനോട് ചേർന്ന് മുനിഞ്ഞ് കത്തുന്ന കരിപിടിച്ച മണ്ണെണ്ണ വിളക്കാണ് ആ വീട്ടിൽ ആകെയുള്ള ലക്ഷ്വറി.
അരണ്ട വെളിച്ചത്തിൽ എട്ടുകാലി വലകൾ തിളങ്ങുന്നുണ്ട്. അപരിചിതനെ കണ്ടതു കൊണ്ടാകണം ചിലന്തികൾ ഇരുട്ടിലേക്ക് മറഞ്ഞു. അടുക്കള വാതിലിനോട് ചേർന്ന് മാവിന്റെ ഇലകൾ കെട്ടിയിട്ടിട്ടുണ്ട്. പ്രേതങ്ങൾ വരാതിരിക്കാൻ ആണത്രെ അത്. ബുന്ധി ദേവിയെ പോലെ ഗ്രാമത്തിലെ വിശ്വാസങ്ങളും വിചിത്രമാണ്.
അച്ഛനും അമ്മയുമാണ് കൃഷിപാഠങ്ങൾ അക്ഷരം തെറ്റാതെ പഠിപ്പിച്ചത്. മണ്ണറിഞ്ഞ് വിത്തു വിതക്കാനും പ്രകൃതി ദൈവമാണെന്ന് പറഞ്ഞതും അവർ തന്നെ. ബാല്യവും കൗമാരവും വനത്തിനുള്ളിലെ ഗ്രാമം കവർന്നെടുത്തു. വനാതിർത്തികൾക്ക് അപ്പുറത്തുള്ള ലോകം അമ്മക്ക് ഇപ്പോഴും അന്യമാണ്. മുപ്പതു വയസ്സുള്ളപ്പോൾ മക്കളെയും ബുന്ധി ദേവിയെയും തനിച്ചാക്കി ഭർത്താവും മരണപ്പെട്ടു.
പഠനത്തിനും ജോലിക്കുമായി കാടിറങ്ങിയ മക്കൾക്ക് തിരിച്ചുവരാൻ താല്പര്യമില്ലാതായി. ഗ്രാമത്തിൽ അവശേഷിക്കുന്ന മറ്റ് വയോധികരുടെയും അവസ്ഥ സമാനമാണ്. അവിടം വിട്ടുവരാൻ മക്കൾ നിർബന്ധിച്ചപ്പോഴും അവർക്ക് അറിയില്ലായിരുന്നു അമ്മയുടെ ആത്മാവാണ് ഗ്രാമമെന്ന്. ഇന്നും കിലോ മീറ്ററുകൾ നടന്ന് റേഷൻകടയിൽ പോകും. അത്യാവശ്യത്തിന് വേണ്ട മറ്റ് വിഭവങ്ങൾക്കായി ചെറിയ കൃഷിയുമുണ്ട്. പ്രായം വെല്ലുവിളിയാണെങ്കിലും ബുന്ധി ദേവിയുടെ സ്വർഗ്ഗരാജ്യമാണത്.
%20(1).jpg?$p=8936818&&q=0.8)
ഒറ്റയായി പോകുന്നത്തിന്റെ വേദന
നൂറുകണക്കിന് ആളുകൾ ജീവിതം ആഘോഷമാക്കിയ ഗ്രാമം ഇന്ന് വിജനമാണ്. കാലം പലവഴിക്കായി അവരെ കാടിറക്കുകയായിരുന്നു. ആളനക്കം ഇല്ലാതായ വീടുകളും നടവഴികളും കാട് വന്ന് മൂടിയിട്ടുണ്ട്. അടയാളം പോലും ഇല്ലാത്ത വിധം ഒരു ഗ്രാമം കാടെടുക്കുകയാണ്. മറ്റൊരിടത്തേക്ക് പോകാൻ സാധിക്കാത്ത ബുന്ധി ദേവിയെപോലെ ഏതാനും മനുഷ്യർ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
ഓർമ്മവച്ച കാലം മുതൽ പരിചയിച്ച മണ്ണ് വിട്ടുപോവാനുള്ള സങ്കടത്തിനൊപ്പം മറ്റൊരു ഇടമില്ലാത്തതും വെല്ലുവിളിയാണ്. ശരീരം ചുളിഞ്ഞ് തല നരച്ച കാലത്ത് ഒറ്റയ്ക്കായി പോകുമ്പോഴത്തെ വേദന ഗ്രാമമാകെ തളം കെട്ടികിടക്കുന്നുണ്ട്. അപ്പോഴും തനിച്ചാക്കിയ മക്കൾക്ക് വേണ്ടി മുടങ്ങാതെ പ്രാർത്ഥിക്കുന്ന ഹൃദയവും ആ ഗ്രാമത്തിന്റെ വിശുദ്ധിയാണ്.
തനിച്ചായി പോകാതെ ചേർത്ത് പിടിക്കേണ്ടതുണ്ട് ഓരോ മനുഷ്യരെയുമെന്ന് ബുന്ധി ദേവി അടിവരയിടുന്നുണ്ട്. മാതാപിതാക്കളുടെ ജീവിതപരിസരങ്ങൾ ഉൾകൊള്ളാൻ പുതിയ തലമുറ തയ്യാറാകണമെന്നും അവർ വിഹ്വലതയോടെ പറഞ്ഞു. സൂര്യൻ മലക്കുള്ളിൽ എവിടെയോ മറഞ്ഞു. മുന്നിലെ വഴികൾക്ക് അവിടെ കണ്ട ജീവിതത്തോളം പ്രതിസന്ധികൾ ഇല്ലാത്തതു കൊണ്ടാകണം തിരിച്ചെത്തിയത് അറിഞ്ഞതേയില്ല.
തനിച്ചായിപ്പോയ അനേകായിരങ്ങളുടെ പ്രതിനിധിയാണ് ബുന്ധി ദേവി. കാലുറച്ച മണ്ണും പ്രകൃതിയുമാണ് അവരുടെ കൂട്ട്. മാതാപിതാക്കളെ വനവാസത്തിന് എറിഞ്ഞു കൊടുക്കുന്ന മക്കൾ ഉണങ്ങാത്ത മുറിവാണ് ഉണ്ടാക്കുന്നത്. എങ്കിലും ഒന്നാശ്വസിക്കാം നിങ്ങൾക്കായി പ്രാർത്ഥിക്കാൻ ഉപേക്ഷിക്കപ്പെട്ട ഏത് വനത്തിലും അവർ ഉറങ്ങാതിരിക്കുന്നുണ്ട്.
Content Highlights: Bundhi Devi's exile is accompanied by pain that cannot be cured by any medicine | Athijeevanam 89
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..