ബിർഹോർ ഉറാവ് ചിത്രങ്ങൾ
ജാര്‍ഖണ്ഡിലെ ഏറ്റവും പുരാതനമായ ആദിവാസി സമൂഹങ്ങളിലൊന്നാണ് ബിര്‍ഹോര്‍. ബിര്‍ഹുള്‍ എന്നും ബിര്‍ഹോറുകള്‍ അറിയപ്പെടുന്നു.
മുണ്ടാനി ഗോത്രത്തില്‍ പെടുന്ന ബിര്‍ഹോറുകള്‍ സംസാരിക്കുന്നത് ബിര്‍ഹോര്‍ ഭാഷയാണ്. ഒഡിഷ, ഛത്തീസ്ഗഢ്, വെസ്റ്റ് ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ബിര്‍ഹോര്‍ ആദിവാസിസമൂഹം ജീവിക്കുന്നു. മറ്റ് ആദിവാസിസമൂഹങ്ങളെയപേക്ഷിച്ച് ജനസംഖ്യയില്‍ ന്യൂനപക്ഷമാണ് ബിര്‍ഹോറുകള്‍. ബിര്‍ഹോറുകളില്‍തന്നെ ഉതാലു ബിര്‍ഹോര്‍ എന്നും ജാഗ്ഗിസ് ബിര്‍ഹോര്‍ എന്നും രണ്ട് വിഭാഗങ്ങളുണ്ട്. ഉതാലു ബിര്‍ഹോറുകളാണ് ജാര്‍ഖണ്ഡിലുള്ളത്.
ബിര്‍ എന്നാല്‍ വനമെന്നും ഹോര്‍ എന്നാല്‍ മനുഷ്യന്‍ എന്നുമാണ് ബിര്‍ഹോര്‍ ഭാഷയില്‍ അര്‍ഥം. കാനനവാസികളായ ബിര്‍ഹോറുകള്‍ വനാന്തരങ്ങളിലെ നാടോടി (Nomadic) സമൂഹമാണ്. കാടിനെ ആശ്രയിച്ചാണ് ഇവരുടെ ജീവിതം. നായാട്ടില്‍ വിദഗ്ധരായ ബിര്‍ഹോറുകള്‍ ഇലകളും മരങ്ങളുടെ ചുള്ളിക്കമ്പുകളും കൊണ്ട് നിര്‍മിച്ച കുടിലുകളിലാണ് താമസം. കോണ്‍ ആകൃതിയിലാണ് ബിര്‍ഹോറുകളുടെ പാര്‍പ്പിടങ്ങള്‍. ഹസാരിബാഗ്, കൊടര്‍മ, ചത്ര, ഗിരിടി, ധന്‍ബാദ്, സിംബം, റാഞ്ചി തുടങ്ങിയ മേഖലകളിലെ വനാന്തരങ്ങളാണ് ബിര്‍ഹോറുകളുടെ ആവാസകേന്ദ്രങ്ങള്‍. പരമ്പരാഗതമായി നായാട്ടുകാരാണ് ബിര്‍ഹോറുകള്‍. സൂര്യന്റെയും ഭൂമിയുടെയും പിന്‍ഗാമികളാണ് തങ്ങള്‍ എന്നാണ് ഇവര്‍ സ്വയം വിശ്വസിക്കുന്നത്.
ഗ്രാമച്ചന്തകളിലേക്ക് എത്തിപ്പെടാന്‍കഴിയുന്ന കാടകങ്ങള്‍ നോക്കിയാണ് ബിര്‍ഹോറുകള്‍ ഇലകൊണ്ടുള്ള കുടിലുകള്‍ നിര്‍മിക്കുക. കാട്ടുവള്ളികളും മരത്തോലുകളും കൊണ്ട് വിവിധതരം വടങ്ങളും കയറുകളും നിര്‍മിക്കുന്നതില്‍ വിദഗ്ധരാണ് ബിര്‍ഹോറുകള്‍. ഒരുതരം ജിപ്‌സി ജീവിതമാണ് ബിര്‍ഹോറുകളുടെത്. താവളം ഇവര്‍ നിരന്തരം മാറിക്കൊണ്ടിരിക്കും. ബിര്‍ഹോര്‍വരകളില്‍ ഗുഹാചിത്രങ്ങളുടെ രചനാസ്വാധീനം പ്രകടമാണ്. അതിന് കാരണം ബിര്‍ഹോറുകള്‍ ദാമോദര്‍നദീതടങ്ങളിലെ റോക്ക് ആര്‍ട്ട് നിരന്തരം കണ്ടുവളരുന്നതിനാലാണ്. ഇവര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത് മണ്ണിലും കൂറ്റന്‍ മരങ്ങളിലുമായിരുന്നു. കൂര്‍ത്ത മുനയുള്ള ഉപകരണങ്ങള്‍കൊണ്ട് ചിത്രങ്ങള്‍ കോറിയിടുകയായിരുന്നു (carve) ബിര്‍ഹോറുകള്‍. നായാട്ടുദൃശ്യങ്ങള്‍, മരംമുറിക്കാന്‍പോകുന്നവര്‍, വിവിധതരം പൂക്കള്‍, സസ്യജാലങ്ങള്‍, എന്നിവ ബിര്‍ഹോര്‍ചിത്രങ്ങളുടെ വിഷയങ്ങളാണ്.
1980നുശേഷമാണ് ബിര്‍ഹോറുകള്‍ കടലാസില്‍ ചിത്രങ്ങള്‍ വരച്ചുതുടങ്ങുന്നത്. ചൈല്‍ഡ് ആര്‍ട്ടിനെ അനുസ്മരിപ്പിക്കുന്ന ശൈലിയാണ് ബിര്‍ഹോര്‍ ചിത്രങ്ങളുടെത്.
ഉറാവു ഗോത്രസമൂഹങ്ങള്‍ പ്രധാനമായും ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ദീപാവലിയാഘോഷങ്ങളുടെ ഭാഗമായി ഉറാവുകള്‍ ഭിത്തിചിത്രങ്ങള്‍ വരയ്ക്കുക പതിവാണ്. വീടുകളുടെ ഭിത്തികളില്‍ പലതരത്തിലുള്ള ഡിസൈനുകളും രൂപങ്ങളുമാണ് ദീപാവലിയോടനുബന്ധിച്ച് വരയ്ക്കുക. ദീപാവലിച്ചിത്രങ്ങള്‍ ഉറാവുകള്‍ വരയ്ക്കുന്നത് മൂന്നുനിറത്തിലുള്ള കളിമണ്ണുകള്‍ ഉപയോഗിച്ചാണ്. ചുവപ്പ്, വെളുപ്പ്, കറുപ്പ് നിറങ്ങളിലുള്ള കളിമണ്ണുകള്‍ ഭിത്തിചിത്രരചനയ്ക്കായി ഉപയോഗിക്കുന്നു. സ്ത്രീകളാണ് ദീപാവലിച്ചിത്രങ്ങള്‍ രചിക്കുന്നത്. കര്‍മ ഉത്സവത്തോടനുബന്ധിച്ചും ഉറാവുഗോത്രങ്ങള്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു. ഒക്ടോബറിലാണ് കര്‍മ ഉത്സവങ്ങള്‍ നടക്കുന്നത്. കര്‍മദേവതയുടെ പ്രീതിക്കുവേണ്ടിയാണ് കര്‍മ ഉത്സവം ആഘോഷിക്കുന്നത്. കര്‍മവൃക്ഷത്തെ കര്‍മദേവതയുടെ പ്രതിരൂപമായിട്ടും ഉറാവുകള്‍ കണക്കാക്കുന്നു.
മനുഷ്യജീവിതത്തെ ഒരു വൃക്ഷമായി സങ്കല്പിക്കുന്ന വിശ്വാസം ഉറാവുകളില്‍ രൂഢമൂലമാണ്.കര്‍മവൃക്ഷം എന്ന സങ്കല്പനം ഉറാവുകളുടെ ജീവിതത്തില്‍ വേരുറച്ചുപോയ ഒരു മിത്ത് മാത്രമല്ല ജീവിതചിന്തകൂടിയാണ്. വൃക്ഷാരാധനയില്‍ മുന്നില്‍ നില്‍ക്കുന്ന ഗോത്രസമൂഹമാണ് ഉറാവുകള്‍. ഛത്തീസ്ഗഢിലെ എക്താല്‍ ഗ്രാമത്തിലെ ജ്ജാറ ആദിവാസിസമൂഹം ഇതേ ഉള്‍ക്കാഴ്ചയോടെ കര്‍മവൃക്ഷം എന്ന ഡോക്ടറാ ശില്പം നിര്‍മിക്കുമ്പോള്‍ ഉറാവുകള്‍ കര്‍മ ഉത്സവത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ കര്‍മവൃക്ഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരയ്ക്കുന്നു. വൃക്ഷാരാധനയിലേര്‍പ്പെട്ട് വൃക്ഷങ്ങളെ ജീവിതചക്രമായി സങ്കല്പിച്ച് ജീവിക്കുന്ന നിരവധി ഗോത്രസമൂഹങ്ങള്‍ ഇന്ത്യയിലുണ്ട്.
പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനായ റിച്ചാഡ് ലാന്നോയി 20 വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെയും സമൂഹത്തെയും കുറിച്ചെഴുതിയ പുസ്തകത്തിന് 'ദ സ്പീക്കിങ് ട്രീ' (The speaking tree) എന്ന് പേരിട്ടിരിക്കുന്നത് കര്‍മ ഉത്സവങ്ങളുമായി ബന്ധപ്പെടുത്തി ഓര്‍ത്തെടുക്കാവുന്നതാണ്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും വിവാഹിതര്‍ക്കും വ്യത്യസ്തമായ കര്‍മ ആഘോഷങ്ങളാണ്. കുട്ടികള്‍ നല്ല വിളവെടുപ്പിനായി നൃത്തംചെയ്താണ് കര്‍മ ആഘോഷിക്കുന്നത്, കര്‍മ ഉത്സവത്തില്‍ യുവാക്കളും വിവിധതരത്തിലുള്ള ആഘോഷങ്ങളിലും നൃത്തങ്ങളിലും വ്യാപൃതരാണ്. യുവതികള്‍ ഉപവസിച്ചുകൊണ്ട് കര്‍മവൃക്ഷത്തിന്റെ ചുവട്ടില്‍ നൃത്തംചെയ്യുമ്പോള്‍ യുവാക്കള്‍ വൃക്ഷത്തിന് മുകളില്‍ കയറി വൃക്ഷത്തിന്റെ ഇലകളോടുകൂടിയ ചെറിയ ചില്ലകള്‍ മുറിച്ച് താഴേക്കിടും. മുറിച്ചിടുന്ന ചില്ലകള്‍ താഴെ വീഴാതെ നൃത്തംചെയ്യുന്ന യുവതികള്‍ കൈകൊണ്ട് പിടിച്ചെടുത്താല്‍ കൃഷിയിടത്തില്‍നിന്ന് നല്ല വിളവ് ലഭിക്കുമെന്നും ഭദ്രമായ വിവാഹജീവിതം സാധ്യമാകുമെന്നും ഉറാവുഗോത്രങ്ങള്‍ വിശ്വസിക്കുന്നു. വൃക്ഷച്ചില്ലകള്‍ നിലത്ത് വീണാല്‍ ഉറാവുകള്‍ക്ക് അശുഭലക്ഷണമാണ്. വിവാഹിതരായ സ്ത്രീകള്‍ കര്‍മവൃക്ഷത്തിന് ചുവട്ടില്‍ നൃത്തവും പൂജകളും ചെയ്യുന്നത് നല്ല മഴ ലഭിക്കുന്നതിനുവേണ്ടിയാണ്. കര്‍മ ഉത്സവാഘോഷങ്ങളുടെ വിവിധ സന്ദര്‍ഭങ്ങളാണ് ഉറാവുചിത്രങ്ങളില്‍ കാണാനാവുക. സുമന്തി ഉറാവ്, ശാകുന്‍ലത ഉറാവ് എന്നിവര്‍ ഉറാവ് കലാകാരന്മാരിലെ പ്രധാനികളാണ്.
Content Highlights: Birhor urav pictures
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..