മുബാഷ്, ബബീഷ് | ഫോട്ടോ: ഫർസാന മുബാഷ്
'അവഗണനയുടെ നോട്ടങ്ങള്‍ മണ്ണില്‍ കാലുറയ്ക്കും മുമ്പേ ഞങ്ങള്‍ക്ക് ശീലമായി തുടങ്ങിയിരുന്നു. സ്‌കൂളിലെ മിക്ക വിദ്യാര്‍ഥികളും ഞങ്ങളെ നോക്കി കളിയാക്കി ആര്‍ത്തു വിളിക്കുമായിരുന്നു. അത്തരം ചുറ്റുപാടുകളോടുള്ള പോരാട്ടമായിരുന്നു പിന്നീടുള്ള ജീവിതം. കളിയാക്കിയവരെ കൊണ്ടുതന്നെ നെഞ്ചേറ്റി കയ്യടിപ്പിക്കാന്‍ സാധിച്ചു. ഒന്നും സ്ഥായിയായ അവസ്ഥയല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിഞ്ഞാവരാണ് ഞങ്ങള്‍.'
സമൂഹത്തിന്റെ വാര്‍പ്പ് മാതൃകയിലുള്ള ശരീര അളവുകളുടെ ധാരണകളെ നിശ്ചയദാര്‍ഢ്യം കൊണ്ട് ചാരമാക്കിയ രണ്ട് മനുഷ്യരുടെ കഥയാണിത്. തങ്ങള്‍ക്കു നേരെ വന്ന അവഗണനയുടെ കല്ലുകള്‍ കൊണ്ടു പടവുകള്‍ ഉണ്ടാക്കി അത് ചവിട്ടുപടിയാക്കി മുന്നേറിയ രണ്ടു സഹോദരങ്ങളാണ് ബബീഷും മുബാഷും.
'പൊക്കമില്ലായ്മയാണ് എന്റെ പൊക്കം' എന്ന് പറഞ്ഞ കുഞ്ഞുണ്ണി മാഷുടെ കവിതകള്‍ കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍ അത്തരം വരികള്‍ രൂപപ്പെട്ടുവന്ന മനസ്സിന്റെ വേദനയെ എത്ര പേര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചു എന്നത് സംശയമാണ്. തന്റെ മുന്നിലുള്ള എണ്ണമറ്റ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം സ്വതഃസിദ്ധമായ ശൈലിയില്‍ അങ്ങനെ പറഞ്ഞത്. ഉയരക്കുറവിന്റെ പേരില്‍ അത്തരം മനുഷ്യര്‍ക്ക് ദിനംപ്രതി ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നതാണ് യാഥാര്‍ഥ്യം. മാനസിക ഉയരമില്ലാത്ത അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടെയാണ് ഈ സഹോദരങ്ങള്‍. ജീവിതം കൊണ്ട് സമൂഹത്തിന്റെ ശരീരധാരണകളെ കാറ്റില്‍ പറത്തിയ ആ മനുഷ്യരുടെ അതിജീവന കഥയാണിത്.

മാറ്റിനിര്‍ത്തിയവര്‍ ചേര്‍ത്തുപിടിക്കുന്ന കാലം വരും
വ്യത്യസ്തരായ രണ്ടു പേരാണ് എന്ന ചിന്ത പോലും ഉണ്ടാകാന്‍ വീട്ടിലെ സാഹചര്യങ്ങള്‍ ഇടയാക്കിയില്ലായിരുന്നു. അത്ര സൂക്ഷ്മമായാണ് ഉമ്മയും ഉപ്പയും പെരുമാറിയത്. മറ്റേതൊരു കുട്ടികളെയും പോലെയാണ് മാതപിക്കാള്‍ സമൂഹത്തിന് മുന്നില്‍ ബബീഷിനെയും മുബാഷിനെയും വളര്‍ത്തി കൊണ്ടുവന്നത്. ശരീരവ്യത്യാസത്തിന്റെ പേരില്‍ ഒന്നില്‍നിന്നും അവരെ മാറ്റി നിര്‍ത്താതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൃത്യമായ പ്രായത്തില്‍ വിദ്യാലയത്തില്‍ ചേര്‍ത്തതും ആ ചിന്തയുടെ ഭാഗമായാണ്.
തങ്ങള്‍ക്കുള്ളില്‍ എന്തോ കുറവുകളുണ്ട് എന്ന ചിന്ത ഉണ്ടായത് പഠനകാലത്താണ്. ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ കളിയാക്കലുകള്‍ അക്കാലത്ത് ഏറെ സഹിക്കേണ്ടി വന്നിരുന്നു. ചുറ്റുമുള്ള ആളുകളില്‍നിന്ന് തങ്ങള്‍ വ്യത്യസ്തരാണെന്ന ചിന്തയും വല്ലാതെ തളര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെയാകണം അവിടെ പഠിച്ച ആദ്യക്ഷരങ്ങള്‍ അവഗണനയുടെതായിരുന്നു. ഓരോ ക്ലാസ്സിലും അവര്‍ വല്ലാതെ ഒറ്റപ്പെട്ടു. അത്തരം ഒറ്റപ്പെടലുകള്‍ തന്നെയാവണം ഒരു പക്ഷെ കൂടുതല്‍ കരുത്തരാകാന്‍ സഹായിച്ചതും.
അവനവനിലേക്ക് കൂടുതല്‍ അടുത്തപ്പോഴാണ് ഉള്ളിലെ കഴിവുകള്‍ തിരിച്ചറിയാന്‍ സാധിച്ചത്. അങ്ങനെയാണ് ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന കലയുടെ താളം ഇരുവരും കണ്ടെത്തുന്നത്. മോണോ ആക്റ്റിനായി ആദ്യമായി സ്റ്റേജില്‍ കയറിയപ്പോള്‍ പരിഹാസത്തോടെ നോക്കി കളിയാക്കിയ കുട്ടികള്‍ പ്രകടനത്തിനു ശേഷം നിര്‍ത്താതെ കയ്യടിച്ചത് ഇന്നും ഹൃദ്യമായ ഓര്‍മ്മയാണ്. പിന്നീടങ്ങോട്ട് പുതിയ കാലത്തിന്റെ അതിശയിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രമാണ്.
ഓരോ സ്റ്റേജുകളിലും കാണികളെ വിസ്മയിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ചെറിയ ശരീരത്തില്‍നിന്ന് വരുന്ന വലിയ ശബ്ദത്തിന്റെ മന്ത്രികതക്ക് മുന്നില്‍ എല്ലാം നിഷ്ഫലമായിരുന്നു. സംസ്ഥാന യുവജനോത്സവ വേദികളില്‍ വരെ ആ മാന്ത്രികത അവരെ എത്തിച്ചു. മാറ്റിനിര്‍ത്തിയവര്‍ ചേര്‍ത്തു പിടിക്കാന്‍ പിന്നീട് അധികസമയം വേണ്ടിവന്നിരുന്നില്ല.

ഉപ്പയെന്ന പാഠപുസ്തകം
ഉയരം കുറവായിരുന്നു ഉപ്പ ഷറഫുദ്ദീനും. ആലപ്പുഴയില്‍നിന്നു തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതസഖിയായി റസിയ എത്തിയത്. മൂന്ന് മക്കളില്‍ ബബീഷും മുബാഷും മാത്രമാണ് ഉയരത്തില്‍ ഉപ്പയെപ്പോലെ. ഉമ്മ റസിയയാണ് ഉയരക്കുറവ് ഒരു വിഷയമേ അല്ല എന്ന ആദ്യപാഠം പഠിപ്പിച്ചത്. ഉപ്പയാകട്ടെ തനിക്കു നേരിടേണ്ടി വന്നിരുന്ന പ്രതിസന്ധികള്‍ മക്കള്‍ക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ മുമ്പേ എടുത്തിരുന്നു. അതുകൊണ്ടാണ് ഒന്നില്‍നിന്നും മാറ്റി നിര്‍ത്താതെ അവരെ സമൂഹത്തിന്റെ എല്ലാ തുറകളിലും അദ്ദേഹം കൊണ്ടുനടന്നത്. തങ്ങളുടെ ശരീരാവസ്ഥയെക്കുറിച്ചുള്ള ധാരണകളും സമൂഹത്തെ എങ്ങിനെ നേരിടണം എന്നും ഉപ്പയാണ് അനുഭവങ്ങളിലൂടെ മനസിലാക്കികൊടുത്തത്. ഉപ്പയുടെ ദീര്‍ഘവീക്ഷണവും ഉമ്മയുടെ കരുതലുമാണ് മുന്നോട്ടുള്ള യാത്രകള്‍ക്ക് ഊര്‍ജ്ജമായത്.
നാടകനടനായ ഉപ്പയില്‍നിന്നാണ് കലയുടെ വേരുകള്‍ മനസിലേക്ക് പടര്‍ന്നത്. ജീവിക്കാനായി നാടകം മതിയാകില്ലെന്ന യാഥാര്‍ഥ്യബോധം വളരെ പണ്ടുതന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഹോട്ടല്‍ കച്ചവടത്തിലേക്ക് വരുന്നത് അങ്ങനെയാണ്. യാതൊരു കുറവും വരുത്താതെ എല്ലാ സൗകര്യങ്ങളോടും കൂടി കുടുംബം സംരക്ഷിക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്യുകയായിരുന്നു. മക്കളുടെ ജീവിതമായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ടത്.
പഠനത്തോടൊപ്പം കലാമേഖലയിലും ബബീഷും മുബാഷും തിളങ്ങി നിന്നിരുന്നു. എട്ടാം ക്ലാസ്സോടെ തന്നെ ബബീഷ് സ്‌കൂളിന് പുറത്തെ വേദികളിലും താരമായി തുടങ്ങിയിരുന്നു. ആ ഇടക്കാണ് അത്ഭുതദ്വീപ് എന്ന മലയാള സിനിമ വരുന്നത്. രണ്ടുപേര്‍ക്കും അതില്‍ അവസരം ലഭിച്ചു. ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു അത്. പത്താം ക്ലാസ്സോടെ തന്നെ രണ്ടുപേരും സിനിമാതാരങ്ങളായി. എന്നാല്‍, ആ സന്തോഷങ്ങള്‍ക്ക് അധികം ആയുസ്സില്ലായിരുന്നു. അസുഖങ്ങള്‍ തളര്‍ത്തിയ ഉപ്പയെ അവര്‍ക്ക് എന്നെന്നേക്കുമായി നഷ്ടമാവുകയായിരുന്നു. കുടുംബത്തിന്റെ നെടുംതൂണായ ഉപ്പ ഇല്ലാതായതോടെ ജീവിതം നിലംപൊത്താന്‍ അധികസമയം വേണ്ടായിരുന്നു. പിന്നീട് തുണയായത് ഉപ്പ കൊടുത്ത അനുഭവങ്ങളുടെ പാഠങ്ങളായിരുന്നു.
പുതിയ ജീവിതവും പ്രതിസന്ധികളും
ജീവിതം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമായിരുന്നു അത്. തകര്‍ന്ന മനസ്സിനെ കൈപ്പിടിയിലാക്കാന്‍ അവര്‍ പരസ്പരം കൈകോര്‍ത്തു പിടിക്കുകയായിരുന്നു. അവരോളം അവരെ മനസ്സിലാക്കിയവര്‍ ഇല്ലാത്തതിനാല്‍ ഇന്നും ഏത് സങ്കടത്തിനും കൂട്ട് പരസ്പരമുള്ള സ്‌നേഹവും കരുതലുമാണ്. കുടുംബത്തിന്റെ ഭാഗമായിരുന്ന ഹോട്ടല്‍ ഏറ്റെടുത്ത് നടത്തി തല്‍ക്കാലം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. സാധ്യമായ ജോലികള്‍ക്കൊപ്പം മിമിക്രിയുമായി സഞ്ചരിക്കാനും അവര്‍ മറന്നില്ല. കൊച്ചിന്‍ ഒമേഗയുടെ സൂപ്പര്‍ താരങ്ങളായി പൊടുന്നനെ മാറാന്‍ അവര്‍ക്ക് സാധിച്ചു. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു അത്.
നഷ്ടപ്പെട്ട ജീവിതസാദ്ധ്യതകള്‍ ഓരോന്നായി കണ്ടെത്താന്‍ കഠിന പ്രയത്‌നത്തിലൂടെ സാധിച്ചു. ബബീഷിന് കൂട്ടായി നാഫിയയും മുബാഷിന് കൂട്ടായി ഷീജയും വന്നതോടെ ജീവിതത്തിന് വീണ്ടും നഷ്ടപ്പെട്ട നിറങ്ങള്‍ ലഭിക്കുകയായിരുന്നു. ആലപ്പുഴയിലെ വിനോദ സഞ്ചാര സാധ്യതകള്‍ മനസിലാക്കി ആ വഴിക്ക് നീങ്ങാനും സാധിച്ചു. വളരെ പെട്ടെന്നുതന്നെ പത്തിലേറെ വാഹനങ്ങളുള്ള പ്രധാന ട്രാവല്‍ ഏജന്‍സിയായി മാറുകയായിരുന്നു. രണ്ടു ദമ്പതികള്‍ക്കും കൂട്ടായി മൂന്ന് മക്കളും വന്നു.
ജീവിതം മനോഹരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് അപകടം വില്ലനായി വന്നത്. അനിയന് റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു എന്ന വാര്‍ത്ത കുടുംബത്തെയാകെ തകര്‍ക്കാന്‍ പോന്നതായിരുന്നു. ജീവനോടെ കിട്ടാന്‍ സാധ്യതയില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ എന്തൊക്കെ നഷ്ട്ടം വന്നാലും അനിയനെ സംരക്ഷിക്കാന്‍ ബബീഷും മുബാഷും തീരുമാനിക്കുകയായിരുന്നു. വീടും വാഹനങ്ങളും തങ്ങള്‍ക്ക് സ്വന്തമായി ഉള്ളതെല്ലാം വിറ്റ് അവര്‍ അവന്റെ ജീവന്‍ നിലനിര്‍ത്തി. ജീവിതം വീണ്ടും ഒന്നിലേക്ക് ഇറങ്ങി വന്ന അവസ്ഥയായിരുന്നു. നിലനില്‍പ്പിനായി സാധ്യമായ എല്ലാ ജോലികളും അവര്‍ ചെയ്യാന്‍ തുടങ്ങി. കടല കച്ചവടം മുതല്‍ രാപ്പകല്‍ ഇല്ലാതെ അധ്വാനിച്ചു. മഴയത്ത് ചോരുന്ന വാടകവീടിന്റെ തണലും കുടുംബവുമായിരുന്നു ആകെയുള്ള ആശ്രയം.
ഉയരമുള്ള ശരീരമല്ല; മനസ്സാണ് വേണ്ടത്
ആ സാഹചര്യങ്ങളിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ് വില്ലനായി കൊറോണ വരുന്നത്. എല്ലാം നിലച്ചപ്പോള്‍ പട്ടിണിയിലേക്ക് അധികദൂരം ഇല്ലായിരുന്നു. അപ്പോഴും ആശ്വാസമായത് പരസ്പരമുള്ള കരുതലായിരുന്നു. ബീച്ചില്‍ ഉപ്പിലിട്ട മാങ്ങയുടെയും മറ്റും കച്ചവടം നടത്തിയും ഉള്ളതെല്ലാം സ്വരുക്കൂട്ടി ചെറിയ ബേക്കറി തുടങ്ങിയുമാണ് അവര്‍ ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്നത്.
ബീച്ചിലെ കച്ചവടത്തിന് വലിയ ശരീരവും ചെറിയ മനസ്സുമുള്ള പലരും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു. വൈകാതെ തന്നെ ചെറിയ കച്ചവടത്തിനായുള്ള പോര്‍ട്ടിന്റെ ലൈസന്‍സ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. അത്രമേല്‍ അസാധ്യമായ ജീവിതം സാധ്യമാക്കാന്‍ നന്മയുള്ള മനുഷ്യര്‍ കൂടെ ഉണ്ടാകും എന്നാണ് മുബാഷ് പറയുന്നത്.
ആ ജീവിതത്തിന്റെ ധന്യത തിരിച്ചറിയാന്‍ പ്രതിസന്ധികള്‍ക്ക് വൈകാതെ തന്നെ സാധിക്കും എന്നുറപ്പാണ്. ഏറെ ഉയരമുള്ള മനസ്സിന്റെ ഉടമകളായ ബബീഷും മുബാഷും കൈകോര്‍ത്ത് പറയുന്നത് ഇതാണ്, ഒന്നും ഒന്നും വല്ല്യ ഒന്നുതന്നെയാണ്, ഞങ്ങള്‍ ഇമ്മിണി വല്ല്യ ഒന്നാണ്...!
Content Highlights: Babeesh and Muhash: Story of brothers from Alappuzha | Athijeevanam 66
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..