ആയിഷ എം
സമുദായത്തിന്റെയും സമൂഹത്തിന്റെയും പലവിധ സ്ത്രീവിരുദ്ധ വിലക്കുകളില്‍നിന്ന് കുതറിയോടിയവളാണ് അയിഷ മഹമൂദ് എന്ന കോഴിക്കോട്ടുകാരി. സ്ത്രീയാണെന്ന പേരില്‍ നേരിടേണ്ടി വന്ന പല അരുതുകളെയും വകഞ്ഞുമാറ്റി പല വിലക്കുകളെയും അതിജീവിച്ചവള്‍. സ്വന്തം ഇഷ്ടത്തിന് ജീവിച്ചതിനും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിനും സമുദായത്തില്‍നിന്ന് പുറത്താക്കപ്പെട്ട അയിഷയാണ് ഇത്തവണ ഞാനിങ്ങനെയാണ് തീര്‍പ്പുകള്‍ വേണ്ട എന്ന കോളത്തില്‍ സംസാരിക്കുന്നത്.
'പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്റെ വിവാഹം ഉറപ്പിക്കുന്നത്. 16 വയസ്സുള്ള ചെറിയ കുട്ടിയായിരുന്നു അന്ന് ഞാന്‍. വളരെ കുറഞ്ഞ അംഗസംഖ്യയുള്ള അഹമ്മദീയ വിഭാഗത്തില്‍പ്പെട്ടവരായതു കൊണ്ടാണ് തീരെ ചെറുപ്രായത്തിലെ വിവാഹാലോചനകളോട് വീട്ടുകാര്‍ താത്പര്യം കാണിച്ചത്. പശു നടക്കുന്ന പോലെ നടക്കാതെ, താഴേക്ക് നോക്കി നടക്കൂ എന്ന് കേട്ട് ശീലിച്ച എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് തടുക്കാന്‍ കഴിയുന്നതായിരുന്നില്ല അന്നത്തെ കാലത്തെ വിവാഹാലോചനകള്‍. ആണ്‍കുട്ടികള്‍ക്ക് പുരസ്‌കാരം ലഭിച്ചാല്‍ അനുമോദന പരിപാടിയും പെണ്‍കുട്ടിക്ക് പുരസ്‌കാരം ലഭിച്ചാല്‍ അത് നടത്താതിരിക്കുകയും ചെയ്യുന്ന വലിയ വിവേചനങ്ങളുടെ കാലമായിരുന്നു അത്. ഇന്നും സ്ഥിതി വ്യത്യസ്തമല്ലല്ലോ. അങ്ങനെ ചിന്തിക്കുന്നവര്‍ക്കിടയില്‍ ഒരു പതിനാറുകാരിക്ക് വിവാഹത്തെ എത്രത്തോളം എതിര്‍ക്കാന്‍ കഴിയും?
"എന്നേക്കാള്‍ പത്ത് വയസ്സ് മൂപ്പുണ്ടായിരുന്നു അയാള്‍ക്ക്. എന്റെ ഏറ്റവും മൂത്ത ഇക്കാക്കാടെ പ്രായം. പഠിച്ചു ജേണലിസ്റ്റാവണമെന്നതായിരുന്നു എന്റെ മോഹം. എഴുതാനും നല്ല താത്പര്യമുണ്ടായിരുന്നു. അതിനാല്‍തന്നെ വിവാഹത്തെകുറിച്ചൊന്നും ചിന്തിച്ചുപോലും തുടങ്ങിയിരുന്നില്ല. മാത്രവുമല്ല, പെണ്ണുകാണാനൊന്നും ഞാന്‍ സഹകരിക്കില്ലെന്ന് കരുതിയാവണം വീട്ടുകാര്‍ എന്‍സൈക്ലോപീഡിയ വില്‍പനക്കാരന്‍ വരുന്നുണ്ടെന്ന് പറഞ്ഞാണ് എന്റെ പെണ്ണ് കാണല്‍ ചടങ്ങ് നടത്തിയത്. ഞങ്ങളെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് പുറത്തൊക്കെ പോയി പുസ്തകം വാങ്ങാനോ വായിക്കാനോ ലൈബ്രറിയില്‍ പോകാനോ പറ്റാത്തതുകൊണ്ട് തന്നെ എന്‍സൈക്ലോപീഡിയയുമായുള്ള ബന്ധുവിന്റെ വരവ് അസുലഭനിമിഷമായാണ് അനുഭവപ്പെട്ടത്. പുസ്തകമെന്ന എന്റെ ദൗര്‍ബല്യത്തില്‍ കയറിപ്പിടിച്ചായിരുന്നു അന്ന് ചടങ്ങ് നടന്നത്. അവര്‍ പോയ ശേഷമാണ് അത് പെണ്ണ് കാണലാണെന്ന തിരിച്ചറിവുണ്ടാകുന്നത് തന്നെ. നല്ല കുടുംബവും നല്ല ജോലിയുള്ള ആളുമായതിനാല്‍ തന്നെ വീട്ടുകാരും ബന്ധുക്കളുമെല്ലാം വലിയ ആവേശത്തിലായിരുന്നു. പണ്ടമെടുക്കലും ഉടുപ്പെടുക്കലുമെല്ലാമായി ആകെ ആഘോഷമൂഡായി വീട് നിറയെ. ഞാനും ആ ഒഴുക്കിനൊത്തു നീങ്ങി. നിക്കാഹ് കഴിഞ്ഞ് ഈ ആഘോഷങ്ങളെല്ലാം കെട്ടടങ്ങിയപ്പോള്‍ ഭാവവും മാറി രൂപവും മാറി. 'നീ പഠിച്ചിട്ടെന്തിന് എന്ന ചോദ്യമായിരുന്നു അതിലാദ്യത്തേത്. എനിക്ക് നല്ല ജോലിയുള്ളതിനാല്‍ നീ പഠിച്ച് ജോലി വാങ്ങി കൊണ്ടു വരേണ്ടല്ലോ' എന്ന പല വിധ ചോദ്യങ്ങളിലൂടെ ആ വലിയ കെണി ഞാന്‍ കണ്ടു.

നിക്കാഹ് ഉറപ്പിച്ച ആളോടൊപ്പമുള്ള ആദ്യയാത്രയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഏതോ ഒരു നിമിഷത്തില്‍ ഉമ്മവെക്കാന്‍ അയാള്‍ ശ്രമിച്ചു. കുട്ടിയായ എന്നെ സംബന്ധിച്ച് അതെല്ലാം വലിയ പാപങ്ങളായതിനാല്‍ അയാളുടെ ശ്രമത്തെ ഞാന്‍ ഉന്തിമാറ്റി ചെറുത്തു. എന്നാല്‍, ഒട്ടും അനുകമ്പാപൂര്‍ണ്ണമായ പ്രതികരണമല്ല അയാളില്‍നിന്ന് ഉണ്ടായത്. ' ഞാനിപ്പോ നിന്നെ പിടിച്ച് വീട്ടില്‍ കൊണ്ടുപോയാല്‍ ആര്‍ക്കും ഒന്നും പറയാന്‍ പറ്റില്ല' എന്ന അയാളുടെ ആ ഒറ്റവരി പറച്ചില്‍ ഇടിത്തീപോലെയാണ് അന്നെനിക്കനുഭവപ്പെട്ടത്.
ഈ നിക്കാഹ് വലിയ പൂട്ടാണെന്ന തിരിച്ചറിവിൽ എത്തിയെങ്കിലും ഞാനാകെ പേടിച്ചുപോയിരുന്നു. എന്നെ പിടിച്ചു ഇയാള്‍ വീട്ടിലേക്ക് കൊണ്ടു പോവുമോ എന്ന അരക്ഷിതാവസ്ഥയില്‍ ഒരു പക്ഷെ, ഞാനന്ന് പാനിക്ക് അറ്റാക്കിന് വക്കോളം എത്തിയിരിക്കണം. എങ്ങനെയോ വീടെത്തി. വല്ലാത്ത നിരാശയായിരുന്നു മനസ്സില്‍. എല്ലാം ഒരു തവണ കൂടെ കിടക്കുമ്പോള്‍ മാറുമെന്ന് നിസ്സാരവത്കരിച്ചു ഉമ്മാമ്മ. ആ ബന്ധം വേണ്ടെന്നായി ഞാന്‍. ഒടുവില്‍ അവസ്ഥ മനസ്സിലാക്കിയ അമ്മാവനാണ് ഈ വിഷയം കുടുംബത്തില്‍ ചര്‍ച്ചാവിഷയമാക്കുന്നത്. ബന്ധം വിടാതിരിക്കാന്‍ പല വിധ കൗണ്‍സിലിങ്ങുകളുമായി പള്ളിക്കാരുമെത്തി.
അനുരഞ്ജന ചര്‍ച്ചയിലാണ് ഫെമിനിസം എന്ന വാക്ക് ഞാനാദ്യമായി കേള്‍ക്കുന്നത്. 'ഇവള്‍ വായിക്കുന്ന പുസ്തകങ്ങൾ എന്തൊക്കെയാണ്. ഇവള്‍ ഒരു ഫെമിനിസ്റ്റാണോ എന്ന് എനിക്ക് സംശയമുണ്ട്' എന്ന ചോദ്യം ഉമ്മയോടാണ് അവർ ആദ്യം ഉയര്‍ത്തിയത്.
ഫെമിനിസത്തോട് അന്നെനിക്ക് പുച്ഛമായിരുന്നെങ്കിലും പിന്നീട് അതേ കുറിച്ച് വായിച്ച് മനസ്സിലാക്കണമെന്ന തോന്നലുണ്ടാക്കിയ സന്ദര്‍ഭമായിരുന്നു അത്. വിവാഹം വേണ്ടെന്ന ശാഠ്യം ഞാന്‍ വിടാത്തതിനാല്‍ ഒടുവില്‍ എന്റെ ഭാഗ്യത്തിന് പത്താം തിയതി നടന്ന നിക്കാഹ് പതിമൂന്നാം തിയതി റദ്ദായി.
അനുകമ്പാ നോട്ടങ്ങളുടെ നാളുകള്‍
പിന്നീടുള്ളത് അനുകമ്പയുടെ നാളുകളായിരുന്നു. നിക്കാഹ് ഒഴിവാക്കിയ പെണ്ണെന്ന് പറഞ്ഞുള്ള അനുകമ്പാ നോട്ടങ്ങളായി പലയിടത്തും. ചില ഫോമിലൊക്കെ ഡിവോഴ്‌സി എന്നെഴുതേണ്ടി വന്നത് വിഷമമുണ്ടാക്കിയിരുന്നു. 'ആ ചെക്കന്‍ ഒഴിവാക്കിയ പെണ്ണല്ലേ, കല്ല്യാണം ഒഴിഞ്ഞ പെണ്ണല്ലേ' എന്നൊക്കെ പലരും എന്നെ റഫര്‍ ചെയ്തു. പക്ഷെ, ജീവിതത്തില്‍ നടന്ന ഏറ്റവും നല്ല കാര്യമായി അത്(നിക്കാഹ് മോചനം). ചീത്തപ്പേര് വീണതുകൊണ്ടോ ഫെമിനിസ്റ്റാണെന്ന ധൈര്യം കൊണ്ടാണോ എന്താണെന്നറിയില്ല ,കുറച്ച് നാളത്തേക്ക് ആലോചനകളൊന്നും എന്നെ തേടിയെത്തിയില്ല. അതായിരുന്നു പിന്നീടുള്ള എന്റെ കവചം. അങ്ങനെയാണ് ഉള്ളിലെ ജേണലിസം മോഹത്തിന് വീണ്ടും പുതുനാമ്പുകള്‍ വെക്കുന്നത്.
പക്ഷെ, സമ്മതിച്ചില്ല. കാരണമായിരുന്നു രസം- ജേണലിസം എടുത്ത സമുദായത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം വേര്‍പ്പെട്ടു മനംനൊന്ത് ഉപ്പയും മരിച്ചത്രേ. ഇതിനുത്തരവാദിയായി സമുദായവും കുടുംബവുമെല്ലാം കണ്ടത് ജേണലിസം പഠനത്തെയാണ്. പെണ്‍കുട്ടികള്‍ ജേണലിസം പഠിക്കരുതെന്ന വിധി അവരുടെ ഭാഗത്തു നിന്ന് അങ്ങനെയാണ് വരുന്നത്. 'പലേ സ്ഥലത്തും പലേ വീട്ടിലും പലേ മന്ത്രിമാരെ കാണേണ്ടി വരും ' എന്ന് പറഞ്ഞായിരുന്നു ആ വിലക്ക്. സ്‌പോര്‍ട്സ് ജേണലിസ്റ്റാവാമെന്ന് പറഞ്ഞു നോക്കിയെങ്കിലും അതൊന്നും ഏശിയില്ല. അങ്ങനെയാണ് എം.എസ്.ഡബ്ല്യുവിന് ചേരുന്നത്. മദര്‍ തെരേസയാവാനുള്ള പഠനം എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടോ എന്തോ എല്ലാവരും സമ്മതിച്ചു. എന്റെ ജീവിതത്തിന്റെ രണ്ടാമത്തെ ടേണിങ് പോയിന്റായിരുന്നു അത്.
ബംഗ്ലാദേശ് കോളനിയിലേക്കുള്ള യാത്ര, ജീവിതത്തിലെ വഴിത്തിരിവുകള്‍
എം.എസ്.ഡബ്ല്യുവിന്റെ ഭാഗമായുള്ള ഫീല്‍ഡ് വര്‍ക്കിന് ഞാന്‍ ബംഗ്ലാദേശ് കോളനിയിലായിരുന്നു പോയത്. ആണുങ്ങളെ കാണുന്നതും പല വീടുകളില്‍ പോകുന്നതും തടയാന്‍ ജേണലിസത്തിന് ചേരേണ്ട എന്ന് പറഞ്ഞവരാണ്. അവരാരും സ്വപ്‌നത്തില്‍ പോലും കരുതിയതായിരിക്കില്ല എന്റെ ബംഗ്ലാദേശ് കോളനി സന്ദര്‍ശനം. ലൈംഗിക തൊഴിലാളികളുടെ സാന്നിധ്യമുള്ള പ്രദേശമായിരുന്നല്ലോ അന്നത്. നളിനിയേച്ചിയെയൊക്കെ അവിടെവെച്ചാണ് പരിചയപ്പെടുന്നത്. അന്നുവരെ ലൈംഗിക തൊഴിലാളികളെ കുറിച്ച് മനസ്സില്‍ ഉരുട്ടിയുണ്ടാക്കിയ എല്ലാ വൃത്തികെട്ട കാഴ്ച്ചപ്പാടുകളും മാറി മറിഞ്ഞ ദിവസങ്ങളുമായിരുന്നു അത്.
പര്‍ദ്ദയിട്ട് കോളനിയില്‍ പോയിരുന്ന കാലം നളിനിയേച്ചിയൊക്കെയായിരുന്നു ഞങ്ങളുടെ സംരക്ഷകര്‍. ബസ്സില്‍ ഞങ്ങള്‍ വന്നിറങ്ങുമ്പോള്‍ അവരവിടെ ഞങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുമായിരുന്നു. ആണുങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് അവരാ ജാഗ്രതയും കരുതലും ഞങ്ങളോട് കാണിച്ചത്. പിന്നീട് പലയിടത്ത് വെച്ചും അവരെയൊക്കെ കാണുമ്പോഴൊന്നും പരിചയഭാവം പോലും അവരെന്നോട് കാണിച്ചില്ല. എനിക്ക് ഇഷ്യു ആകേണ്ട എന്ന് കരുതി അവിടെയും അവര്‍ കരുതലെടുത്തു. ഒരിക്കല്‍ അവരെ കണ്ട് വര്‍ത്തമാനം പറഞ്ഞപ്പോള്‍ 'ഇനി ഞങ്ങളെ കണ്ട് സംസാരിക്കരുത്. അത് നിങ്ങള്‍ക്ക് പേരാവും. നിങ്ങളെയും അന്വേഷിച്ച് ആളുകള്‍ വരും ' എന്ന സ്‌നേഹത്തില്‍ പൊതിഞ്ഞ താക്കീതുകളായും ആ കരുതലെത്തി. ഒരു പക്ഷെ ജേണലിസത്തില്‍ നിന്നുള്ളതിനേക്കാള്‍ ജീവിതങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനായി എം.എസ്.ഡബ്ല്യു. കാലത്ത്.

പരീക്ഷ എഴുതണോ എങ്കിൽ വിവാഹത്തിന് സമ്മതിക്കണം
എം.എസ്.ഡബ്ല്യു. അവസാവർഷം ആയപ്പോള്‍ വീണ്ടും കല്ല്യാണക്കാര്യം വീട്ടില്‍ സജീവ ചര്‍ച്ചാവിഷയമായി. കല്ല്യാണം കഴിക്കില്ലെന്ന നിലപാടിലായിരുന്നു അക്കാലത്ത് ഞാന്‍. കല്ല്യാണത്തിന് സമ്മതിച്ചില്ലെങ്കില്‍ പരീക്ഷയെഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പുസ്തകം കത്തിക്കുന്ന നിലവരെയെത്തി കാര്യങ്ങള്‍. ടീച്ചര്‍ എന്നെ അവരുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയാണ് പരീക്ഷയെഴുതിക്കുന്നതു തന്നെ. പരീക്ഷ കഴിഞ്ഞപാടെ മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലില്‍ ജോലി കിട്ടി. വീട്ടില്‍ അറിയുന്നയാളുടെ ഹോസ്പിറ്റലായിരുന്നതിനാലാണ് ജോലിക്കു പോവാനുള്ള സമ്മതം ലഭിച്ചത്. വീട്ടുകാരുടെ നിയന്ത്രണം ഉണ്ടാകുമെന്ന് കരുതിയാണ് അവര്‍ പറഞ്ഞയക്കുന്നത്. ഞങ്ങളെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് പഠിപ്പും ലോകം കാണലുമൊന്നും സ്വാഭാവികമായി വന്നു ചേരുന്ന കാര്യങ്ങളല്ലല്ലോ. നല്ല രീതിയില്‍ ജോലി നോക്കി സ്വതന്ത്രയായി ജീവിക്കുന്നതിനിടെയാണ് ജിന്‍സുമായുള്ള പ്രണയത്തെ കുറിച്ച് വീട്ടുകാരെ അറിയിക്കുന്നത്.


.jpeg?$p=dcc3dbf&q=0.8&f=16x10&w=284)


+3
വീട്ടില്‍ കാര്യങ്ങൾ അവതരിപ്പിച്ചതോടെ ഹോസ്പിറ്റലില്‍ വിളിച്ചു പറഞ്ഞു വീട്ടുകാർ എന്റെ ജോലി ഒഴിവാക്കി . ഒരു വര്‍ഷത്തോളം വീട്ടില്‍ പൂട്ടിയിട്ടുള്ള അടി പല ദിവസങ്ങളിൽ നടന്നു. അങ്ങനെയാണ് ഞങ്ങളുടെ കല്ല്യാണം നടക്കുന്നത്. ജിന്‍സ് ക്രിസ്ത്യാനിയായതിനാല്‍ ബന്ധുക്കളിലും സമുദായത്തില്‍ പെട്ടവരുമായി ഒരുപാട് പേര്‍ ചടങ്ങില്‍ പങ്കെടുക്കാതെ മാറി നിന്നു. ഞാന്‍ വിളിച്ച ആറ് സുഹൃത്തുക്കൾ മാത്രമാണ് അന്ന് റിസപ്ഷനിൽ പങ്കെടുത്തത്.
വിവാഹശേഷം ബാംഗ്ലൂരിലേക്ക് നീങ്ങി. അപ്പോഴും ഞാന്‍ വലിയ വിശ്വാസിയായിത്തന്നെ നിലകൊണ്ടു. പര്‍ദ്ദയിട്ടാണ് നടന്നിരുന്നത്. ഗ്രീന്‍ പീസില്‍ ആക്ഷന്‍ കോര്‍ഡിനേറ്റര്‍ ജോലി കിട്ടിയ ശേഷമാണ് കുറച്ചുകൂടെ നന്നായി ലോകം കാണുന്നതും എന്റെ കാഴ്ച്ചപ്പാടുകള്‍ വികസിക്കുന്നതും. പ്രൊട്ടസ്റ്റ് ഡിസൈന്‍ ചെയ്യലായിരുന്നു ജോലി. ട്രെയിനിങ്ങിന്റെ ഭാഗമായി ബില്‍ഡിങ് ക്ലൈമ്പ് ചെയ്യാന്‍ പഠിച്ചു, ബോട്ട് റൈഡിങ് പഠിച്ചു. ഗംഭീരമായ ട്രെയിനിങ് കാലം. അതെന്റെ വസ്ത്രധാരണരീതിയെയും കാഴ്ച്ചപ്പാടുകളെയും വലിയ രീതിയിലാണ് സ്വാധീനിച്ചത്. ഇത്തരത്തില്‍ ജീവിതത്തിൽ ഉടനീളം മതത്തിന്റെ പേരിലും സ്ത്രീയാണെന്ന പേരിലും പള്ളിക്കാരും വീട്ടുകാരുമായി കൊണ്ടുവന്ന പല തടസ്സങ്ങളും വിലക്കുകളും വിവിധങ്ങളായ അവസരങ്ങളുടെ വാതിലുകളായി പരിണമിക്കുകയായിരുന്നു. വിലക്കുകള്‍ അവസരങ്ങളാക്കി ഞാന്‍ മാറ്റി എന്നും പറയാം. പക്ഷെ, അന്നോളമുള്ള യാത്ര എളുപ്പമായിരുന്നില്ല.
കോളേജിൽ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ നടന്നു പോകുമ്പോള്‍ അപരിചിതന്‍ നെഞ്ചല്‍ക്കയറി പിടിച്ച ഒരു സംഭവമുണ്ടായി. ഞാനയാളെ പിന്നാലെ ഓടിച്ചിട്ട് പിടിച്ചു. ലൈബ്രറിയിൽ നിന്നെടുത്ത കട്ടിബുക്കെടുത്ത് അറഞ്ചം പുറഞ്ചം തല്ലി. മുഖത്തും കുത്തി. ആളുകൾ കൂടി. അഭിമാനത്തോടെ വീട്ടിലേക്ക് പോയ എന്നെ വരവേറ്റത് വാക്കുകളുടെ കൂരമ്പുകളായിരുന്നു. "അയാള്‍ പാവമായിരിക്കും തട്ടിപ്പോയതായിരിക്കും. ഇവളപ്പോഴേക്കും വാളെടുത്ത് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാന്‍" എന്ന കുറ്റപ്പെടുത്തൽ നേരിടേണ്ടി വന്നത് ഉപ്പയിൽനിന്നാണ്.
മകളുടെ കാര്യമെത്തുമ്പോൾ പോലും മനുഷ്യർ സ്ത്രീവിരുദ്ധതയിൽനിന്ന് മാറി ചിന്തിക്കില്ലെന്ന തിരിച്ചറിവ് ഞെട്ടലോടെയാണ് ഉൾക്കൊണ്ടത്. അങ്ങനെയാണ് പലതും വീട്ടില്‍ പറയാതായത്. സുഹൃത്തുക്കളായ ആണുങ്ങള്‍ക്കൊപ്പം കോളേജ് വിട്ട ശേഷം സംസാരിച്ചതിനും കിട്ടിയിട്ടുണ്ട് അടി. ഒരിക്കൽ മിഠായിത്തെരുവിൽവെച്ച് എതിർവശത്തുനിന്ന് നാലഞ്ച് ആളുകള്‍ വന്നപ്പോൾ ഫുട്പാത്തില്‍നിന്ന് ഞാന്‍ മാറികൊടുക്കാതെ നടന്നു. അവർക്ക് വേണ്ടി ഞാൻ മാറി കൊടുക്കണമെന്നതായിരുന്നു ഉപ്പയുടെ പക്ഷം. "നെഞ്ചും വിരിച്ച് ആണുങ്ങളുടെ ഇടയിലേക്ക് അവളൊരു പോക്കായിരുന്നു" എന്ന് പറഞ്ഞ് അതിനും കിട്ടി അടി. ഉപ്പയെയൊന്നും പറഞ്ഞിട്ടും കാര്യമില്ല. അത്തരത്തിലാണല്ലോ അവരും കണ്ടീഷന്‍ ചെയ്യപ്പെട്ടത്. ആ കണ്ടീഷന്‍ ചെയ്യലുകളെ വിദ്യാഭ്യാസത്തിലൂടെയും വായനയിലൂടെയും എനിക്ക് മറികടക്കാനായി എന്നതാണ് എന്നെ ഞാനാക്കിയത്
മാധ്യമ വാര്‍ത്തയും മാപ്പ് പറച്ചിലും
ഗ്രീന്‍ പീസില്‍ ജോലി ചെയ്യുമ്പോള്‍ ഒരു മാധ്യമം അവരുടെ സപ്ലിമെന്റില്‍ എന്നെ കുറിച്ചൊരു സ്റ്റോറി ചെയ്തിരുന്നു. ഗ്രീന്‍ പീസിലെ ആദ്യത്തെ മലയാളി ആക്ഷന്‍ കോര്‍ഡിനേറ്ററായിരുന്നു ഞാന്‍. എന്നാല്‍, ആ സ്‌റ്റോറി പെണ്ണായി പോയി എന്ന ഒറ്റക്കാരണത്താല്‍ വലിയ പാതകമായാണ് കണ്ടത്. പള്ളിയിലെ അന്വേഷണ കമ്മറ്റി അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചാല്‍ വരെ മുഖം അന്യപുരുഷന്‍മാര്‍ കാണരുതെന്ന ചട്ടം നിലനില്‍ക്കേ പത്രത്തിലൊക്കെ ഫോട്ടോയിടുന്നതെങ്ങനെയാണ് അംഗീകരിക്കുക എന്നെല്ലാമുള്ള ചോദ്യങ്ങളുയര്‍ന്നു. എന്റെ നേട്ടങ്ങളെ കുറിച്ച് വാര്‍ത്ത വന്നതിന് ഞാന്‍ മാപ്പ് എഴുതി കൊടുക്കണമെന്ന് വരെ പറഞ്ഞു. പക്ഷെ, ആണ്‍കുട്ടികളാണ് ഇത്തരം നേട്ടങ്ങള്‍ കൈവരിച്ചിരുന്നതെങ്കില്‍ കട്ടൗട്ടുകള്‍, നോട്ടീസ് ബോര്‍ഡില്‍ വാര്‍ത്താകുറിപ്പിടൽ എന്നിങ്ങനെ പലതും ചെയ്യുമായിരുന്നു. പക്ഷെ, കുറ്റവാളിയോടെന്ന പോലെയാണ് എന്നോട് പെരുമാറിയത്. അങ്ങനെയാണ് ഈ ചിട്ടകളോടും രീതികളോടുമെല്ലാം മടുപ്പ് വരുന്നത്. ജോലിയുടെ ഭാഗമായി ചെയ്ത യാത്രയെ വരെ സംശയിച്ചു. മോശമായ ചോദ്യങ്ങള്‍ ചോദിച്ചു. അതുവരെ വിശ്വാസത്തിനൊത്ത് ജീവിച്ചവളായിരുന്നു ഞാന്‍. പക്ഷെ, എനിക്കൊപ്പം ജോലി ചെയ്യുന്നവരൊന്നും നേരിടാത്ത വിലക്കുകള്‍ എനിക്ക് നേരിടേണ്ടി വരുന്നത് എന്നെ വലിയ സങ്കടക്കടലിലാക്കി. ഇതൊന്നും ശരിയല്ലെന്ന തോന്നലില്‍ എന്നിലൊരു ഫെമിനിസ്റ്റ് പിറക്കുകയായിരുന്നു.

എംബ്രോയിഡറി വിപ്ലവം
കുട്ടിയായിരുന്നപ്പോള്‍ എംബ്രോയിഡറി ചെറുതായി പഠിച്ചിരുന്നു. ഒതുക്കമുള്ള പെണ്ണുങ്ങള്‍ ഒതുങ്ങിയിരുന്ന് ചെയ്യുന്ന ജോലിയായാണല്ലോ എംബ്രോയിഡറി പല കാലങ്ങളിലും പരിഗണിക്കപ്പെട്ടത്. എന്നാല്‍, ബെയ്ജിങ്ങ് ജീവിതമാണ് ആ കാഴ്ച്ചപ്പാട് മാറ്റിയത്. സമരമുഖങ്ങളിലും മറ്റുമുള്ള എംബ്രോയിഡറി ബാനറുകളും ബാഡ്ജുകളും ഞാന്‍ ആദ്യമായി കാണുന്നത് ബെയ്ജിങ്ങില്‍ വെച്ചാണ്. അങ്ങനെയാണ് ഫെമിനിസവും എംബ്രോയിഡറിയും തമ്മില്‍ കൊരുത്തുചേര്‍ത്തുള്ള ആർട്ട് വര്‍ക്കുകള്‍ ചെയ്യുന്നത്. കൈചൂണ്ടിയുള്ള OMKV എന്ന എംബ്രോയിഡറി വര്‍ക്കും. അത് നടി പാര്‍വ്വതി തിരുവോത്ത് ഷെയര്‍ ചെയ്തതും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അതിനു പിന്നിലുള്ളയാള്‍ എന്ന നിലയില്‍ ഞാനും വാര്‍ത്തയായി. ഫെമിനിസത്തെ കുറിച്ച് കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക് പിന്നീട് പോയി. ആ സമയത്തായിരുന്നു പാര്‍വ്വതിക്കെതിരേ 'കസബ' വിഷയത്തില്‍ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ ഉണ്ടാവുന്നതും ഞങ്ങള്‍ അതിനെ പ്രതിരോധിക്കാന്‍ ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുള്ളവര്‍ ചേര്‍ന്ന് ഒരു വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങുന്നതും. അത് എന്നെ വളരെയധികം നവീകരിച്ചു. ഈ ഒരു ഗ്രൂപ്പില്‍നിന്നാണ് അണ്‍ഇന്‍ഹിബിറ്റഡ് ഫെമിനിസ്റ്റായി ഞാൻ മാറുന്നത്. എന്റെ പ്രൊഫൈല്‍ ഫോളോ ചെയ്യരുതെന്ന പ്രഖ്യാപനങ്ങളിലേക്ക് വരെ ഞാനെന്ന ഫെമിനിസ്റ്റിന്റെ വളർച്ച ചിലരെ കൊണ്ടെത്തിച്ചു.
സമുദായത്തില്‍ നിന്നുള്ള പുറത്താക്കല്‍
പെണ്‍കുട്ടികളെ ഓവറായി വായിക്കാന്‍ വിടണ്ട എന്നുവരെ മറ്റ് മാതാപിതാക്കളോട് എന്നെ ചൂണ്ടിക്കാട്ടി പറഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷമാണ് എന്നെ സമുദായത്തില്‍നിന്ന് പുറത്താക്കുന്നത്. വലിയൊരു സമുദായ നേതാവിനെതിരേ ലൈംഗികാരോപണം വന്ന സമയത്ത് ഞാനതേ കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നു. ഈ വിഷയത്തില്‍ പരസ്യമായ സംസാരം പാടില്ലെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്നതിനാണ് എന്നെ പുറത്താക്കിയത്. 'ഇന്നയാളുടെ മകള്‍ക്ക് നേരെ ജാഗ്രത പുലര്‍ത്തണം' എന്ന് പരസ്യമായി പ്രഖ്യാപിച്ചു കൊണ്ടായിരുന്നു പുറത്താക്കല്‍.
കേരളത്തിന് പുറത്ത് ജീവിക്കുന്ന ഒരാളായതിനാല്‍ മതത്തെ സാമ്പത്തികമായോ ഇമോഷണലായോ ആശ്രയിക്കേണ്ടി വരാറില്ല. അതായിരിക്കാം നിലപാട് ഉറപ്പിക്കാൻ എന്നെ കൂടുതൽ ശക്തയാക്കിയതും. പക്ഷെ, എന്റെ ഉമ്മയ്ക്കാണ് ഇതിന്റെ ദുരിതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത്. ഉമ്മ സമുദായത്തിന്റെ വനിതാ വിഭാഗത്തിന്റെ ദക്ഷിണേന്ത്യന്‍ പ്രസിഡന്റായിരുന്നു. അത്രയും ആക്ടീവായ ഉമ്മയെയാണ് ഞാന്‍ കാരണം മാറ്റിനിര്‍ത്തിയത്. ആളുകളെ മുഖാമുഖം കാണേണ്ടതിനാല്‍ ഉമ്മയുടെ സാമൂഹികജീവിതം പൂര്‍ണ്ണായും അടഞ്ഞു.
സ്ത്രീ സംഘടനയിലെല്ലാം സജീവ സാന്നിധ്യമായിരുന്നു ഉമ്മ. ആ ഉമ്മയ്ക്ക് പല തരത്തിലുള്ള മാറ്റിനിര്‍ത്തലുകള്‍ നേരിടേണ്ടി വന്നു. മാത്രവുമല്ല, എന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ ഇവരോടെല്ലാം എന്നോട് മിണ്ടരുതെന്ന ശട്ടം കെട്ടി. അങ്ങനെ എത്രയോ പേര്‍ വിളി നിര്‍ത്തി. എന്റെ കുടുംബബന്ധങ്ങളെല്ലാം ചുരുങ്ങിയ ആളുകളിലേക്ക് ഒതുങ്ങി. .
ഫെയ്‌സ്ബുക്കിന്റെ വരവ്
പേടിയില്ലാതെ ചോദ്യം ചോദിക്കാനുള്ള ഇടം തന്നത് സോഷ്യല്‍ മീഡിയയാണ്. നമ്മള്‍ കേള്‍ക്കാത്ത കഥകള്‍, ചോദിക്കാത്ത ചോദ്യങ്ങളെല്ലാം അവിടന്നാണ് കേട്ടത്. വീട്ടില്‍ ഒരു അതിഥി വന്നാല്‍ മുന്‍വശത്തിരുന്ന് ആണുങ്ങൾ രാഷ്ട്രീയം പറയും. പെണ്ണുങ്ങളുടെ ലോകം അപ്പഴും അകത്താണ്. പുറത്തെ ഒരു കാര്യങ്ങളും ഞങ്ങളെപ്പോലുള്ള പെണ്ണുങ്ങൾ അറിഞ്ഞിരുന്നില്ല.. സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് ഇടം വന്നതോടെയാണ് എന്റെ ലോകം വിശാലമാകുന്നത്. ആണിടങ്ങളിലേക്ക് സ്ത്രീകള്‍ കയറിച്ചെല്ലുന്നത് ഇത്തരം സമൂഹമാധ്യമങ്ങളിലൂടെയാണ്. ലൈബ്രറികളില്‍, ചായക്കടകളില്‍, വൈകുന്നേരത്തെ കൂട്ടായ്മകളിലെല്ലാം നടന്ന ചര്‍ച്ചകള്‍ ഫെയ്‌സ്ബുക്കിലൂടെ സ്ത്രീകള്‍ക്കും സാധ്യമായി. പിന്നെ വാരിവലിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഫെമിനിസത്തെ കുറിച്ച് കൂടുതൽ അറിഞ്ഞു. അതിനിടെ കോഴിക്കോട് ചേലാകർമ്മം നടക്കുന്നു എന്നതിനെ കുറിച്ച് എഴുതിയ ബ്ലോഗിന് ലാഡ്‌ലി മീഡിയ അവാർഡ് ലഭിച്ചിരുന്നു. സമാന്തരമായി സമൂഹ മാധ്യമങ്ങളിലൂടെ എന്റെ ജേണലിസം മോഹവും ഒപ്പം കൊണ്ടു പോകുന്നു.
പല സംഭവങ്ങളും തുറന്നെഴുതിയതിന്റെ പേരില്‍ ഒരുപാട് പെണ്‍കുട്ടികള്‍ അവരുടെ ദുരനുഭവങ്ങൾ പറഞ്ഞും പലതും ചോദിച്ചും മെസ്സേജ് അയക്കുന്നുണ്ട് ഇപ്പോഴുമെനിക്ക് . അവരോടെല്ലാം ഒരു കാര്യമേ പറയാനുള്ളൂ. വിദ്യാഭ്യാസം നേടൂ. സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കൂ. ബാക്കിയെല്ലാ സ്വാതന്ത്ര്യവും സ്വാഭാവികമായി വന്നു ചേരും.
Content Highlights: Aysha M, becoming a feminist, Religion, Athiesm, Ahammadiya,Muslim women, social,latest,mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..