രണ്ടുപതിറ്റാണ്ടിന്റെ കരുതിവെപ്പാണ് കള്ളൻ കൊണ്ടുപോയത്...കമലമ്മ ജീവിതം തിരയുകയാണ് | അതിജീവനം 94


എ.വി മുകേഷ്‌ | mukeshpgdi@gmail.comAthijeevanam

കമലമ്മ/ ഫോട്ടോ: റെഗിൻ എം. തരകൻ

ടുപ്പിലെ പുക അവിടെമാകെ ഇരുണ്ടു പരന്നു. കരിപിടിച്ച് അടര്‍ന്നുവീണ ചുവരുകളിൽ പിന്നേയും പുകച്ചുരുളുകള്‍ പറ്റിപ്പിടിച്ചു. മൂക്കിലേക്ക് ശക്തിയില്‍ കയറിയ പുക കമലമ്മ ചുമച്ചുകൊണ്ട് പുറന്തള്ളി. സൂര്യന്‍ ഉദിച്ചുവരുന്നേ ഉള്ളു. ചായക്കായി ആളുകള്‍ എത്തിത്തുടങ്ങും മുമ്പ് പലഹാരങ്ങളൊരുക്കണം. മാറാലകെട്ടിമൂടിയ ബള്‍ബിന്റെ മഞ്ഞവെളിച്ചത്തില്‍ വെള്ളമെടുക്കാനുള്ള കുടങ്ങളെടുത്തു. താഴത്തെ പറമ്പിലാണ് കിണര്‍. സമോവറിലെ തീ താഴ്ത്തി ഇറങ്ങാന്‍ തയ്യാറായി.

അകലെനിന്നും നിശബ്ദത ഭേദിച്ചെത്തിയ ബൈക്ക് അപ്പോള്‍ ചായക്കടയോട് ചേര്‍ത്തു നിര്‍ത്തി. തണുപ്പു കാരണം ഇരുകൈകളും ചേര്‍ത്ത് കെട്ടി ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു. അധികം കണ്ടു പരിചയമില്ലെങ്കിലും അരണ്ട വെളിച്ചത്തില്‍ കമലമ്മക്ക് ആളെ മനസ്സിലായി. മുന്‍പ് രണ്ടോ മൂന്നോ തവണ ഇവിടെ വന്ന് ചായ കുടിച്ചിട്ടുണ്ട്. പക്ഷേ, ഇതുവരെ പരസ്പരം സംസാരിച്ചിട്ടില്ല. സമോവറിലെ തീ വീണ്ടും കൂട്ടി. ഗ്ലാസ്സുകഴുകി കടുപ്പത്തില്‍ ഒരു ചായ എടുത്തു. അയാള്‍ അകത്തെ ബെഞ്ചിലേക്ക് കയറി ഇരുന്നു.

നിമിഷങ്ങള്‍ക്കകം മറ്റൊരു ചായകൂടി ആവശ്യപ്പെട്ടു. അത് എടുക്കുമ്പോഴേക്കും ഇപ്പൊ വരാമെന്ന് പറഞ്ഞുകൊണ്ട് അയാള്‍ ബൈക്കെടുത്ത് പോയി. എന്നത്തേയും പോലെ കുടങ്ങളെടുത്ത് കമലമ്മ താഴത്തെ പറമ്പിലേക്കിറങ്ങി. തിരിച്ചെത്തി മറ്റു പണികളില്‍ മുഴുകി. നേരം പുലര്‍ന്നതോടെ ആളുകള്‍ വന്നുതുടങ്ങി. ചില്ലറക്കായാണ് അകത്തെ അലമാര തുറക്കേണ്ടിവന്നത്. നെഞ്ചുപൊട്ടുന്ന വേദനയോടെ പൈസവച്ച പേഴ്സ് അവിടെയില്ലെന്ന് അമ്മ തിരിച്ചറിഞ്ഞു. ഇരുപത് വര്‍ഷത്തെ തന്റെ സമ്പാദ്യമായ മൂന്നരപ്പവന്‍ മാലയും കാണാനില്ല.

പൊടുന്നനെ ഓര്‍മ്മയുടെ കൊള്ളിയാന്‍ നെഞ്ചിലേക്ക് ആളി. ആവുന്നത്ര ഉച്ചത്തില്‍ ഒറ്റ കരച്ചില്‍. ജീവന്‍ വാര്‍ന്നുപോകുന്ന അനുഭവമായിരുന്നു. പട്ടിണികിടന്നപ്പോഴും പണയം വെക്കാതിരുന്ന മാലയാണ് നഷ്ടമായത്. അവിടെയുള്ള മനുഷ്യരെല്ലാവരും ദ്രവിച്ച മര ഷെല്‍ഫിലെ ഓരോ മൂലയും പരതി. ആര്‍ക്കും കണ്ടെത്താനായില്ല. കമലമ്മ കരഞ്ഞു തളര്‍ന്നു. നഷ്ടമായത് എന്തിനേക്കാളും വലുതായി കണ്ട സമ്പാദ്യമാണ്.

കൊല്ലത്തെ അഗസ്ത്യകോട്ടെന്ന ഗ്രാമത്തിലാണ് കമലമ്മ ജീവിതം തിരയുന്നത്. ഉറ്റവരെയെല്ലാം നഷ്ടമായ അവരുടെ ഓര്‍മ്മകളില്‍പോലും നല്ലകാലമില്ല. ജീവിതത്തിന്റെ സായാഹ്നത്തില്‍ പോലും എല്ലാ അര്‍ത്ഥത്തിലും തനിച്ചാണ്. പതിറ്റാണ്ടുകളുടെ കരിനിറഞ്ഞ ഒറ്റമുറി ചായക്കടയാണ് ജീവനോപാധി. ഇത്ര കാലത്തെ സമ്പാദ്യമായ മൂന്നരപവന്‍ മാലയും നഷ്ടമായതോടൊപ്പം മനുഷ്യനോടുള്ള വിശ്വാസം കൂടെയാണ് അന്ന് ചോര്‍ന്നുപോയത്. കാലം തനിച്ചാക്കിയ കമലമ്മയുടെ അസാധാരണമായ അതിജീവന കഥയാണിത്.

തോല്‍പ്പിച്ച കാലം

നാരാപ്പിള്ളയുടെയും ഗൗരികുട്ടിയമ്മയുടെയും ആറുമക്കളില്‍ അഞ്ചാമത്തെ പെണ്‍കുട്ടിയാണ് കമല. കര്‍ഷകനായ അച്ഛന്റെ രാപ്പകല്‍ അധ്വാനമാണ് കൂരയെ താങ്ങിനിര്‍ത്തിയത്. പന്ത്രണ്ടാമത്തെ വയസ്സില്‍ ആ കരുതല്‍ മിഴിയടച്ചു. അന്നറിഞ്ഞു തുടങ്ങിയതാണ് ആമാശയത്തിന്റെ കയ്പ്പ്. പിന്നീടങ്ങോട്ട് പ്രതിസന്ധിയുടെ കാലമാണ്.

അമ്മ നെല്ലുകുത്താന്‍പോയാണ് അന്നമൂട്ടിയത്. ചെറിയ അനിയനെ നോക്കാന്‍ ആളില്ലാതെവന്നപ്പോള്‍ രണ്ടാം ക്ലാസ്സില്‍ അക്ഷരങ്ങള്‍ക്ക് വിരാമമിട്ടു. പിന്നീടുള്ള കാലം ഓര്‍മ്മകളില്‍ പോലുമില്ല. പ്രായം അമ്മയെയും തളര്‍ത്തി. പതിനഞ്ചാം വയസ്സില്‍ ചെറിയ ജോലികള്‍ ചെയ്തുതുടങ്ങി. ചില്ലറത്തുട്ടുകള്‍ കുടുംബത്തിന്റെ അന്നമായി.

കളിചിരിയും നല്ലോര്‍മ്മകളുമില്ലാത്ത ബാല്യവും കൗമാരവും ജീവിത പുസ്തകത്തിലെ കരിപിടിച്ച അധ്യായമാണ്. തോല്‍പ്പിച്ച കാലത്തിന്റെ ആദ്യ ഭാഗത്ത് കമലമ്മ അത് വിട്ടുപോകാതെ തുന്നിവെച്ചിട്ടുണ്ട്.

സ്വപ്നങ്ങളില്ലാത്ത രാത്രികള്‍

ഗോപാലകൃഷ്ണപിള്ള ജീവിതത്തിന്റെ കൈപിടിച്ചപ്പോള്‍ ദുരിതകാലത്തിന് അറുതിവന്നെന്ന് സ്വപ്നം കണ്ടു. മദ്യപാനിയായ ഭര്‍ത്താവ് ഏതാനും മാസം കൊണ്ടുതന്നെ ആ പ്രതീക്ഷകള്‍ക്കും തീക്കൊളുത്തി. ഗര്‍ഭിണിയായ കമലമ്മ എല്ലാം സഹിച്ചു. വയറ്റില്‍ വളരുന്ന സ്വപ്നങ്ങളുടെ പൂക്കാലത്തിനായി കാത്തിരുന്നു. ഒടുവില്‍ മാസങ്ങളുടെ കരുതലിന് അറുതിയായി.

എല്ലുനുറുങ്ങുന്ന വേദനയിലാണ് ആശുപത്രിയിലെത്തിയത്. ബോധമില്ലാതെ ദിവസങ്ങളോളം ആശുപത്രി വരാന്തയില്‍ കിടന്നു. പിന്നീടറിഞ്ഞു, മണ്ണും വിണ്ണും കാണുന്നതിനുമുന്‍പെ ജീവനറ്റുപോയ പ്രതീക്ഷയെക്കുറിച്ച്. ആണ്‍കുട്ടിയായിരുന്നു എന്ന് ആരോ പറഞ്ഞു. കരയാന്‍പോലുമാകാതെ കമലമ്മ ആ വരാന്തയില്‍ നിശ്ചലമായി.

നിലച്ചുപോയ അമ്മയുടെ ശരീരവും മനസ്സും വീണ്ടെടുക്കാന്‍ ആരുമുണ്ടായില്ല. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനം കുടുംബത്തിന്റെ താളംതെറ്റിച്ചു. അദ്ദേഹവും തളര്‍ന്നുവീണു. വൈകാതെ ഓര്‍മ്മയായി. എല്ലാ അര്‍ത്ഥത്തിലും നിസ്സഹായയായി. പിന്നീടുള്ള രാത്രികളില്‍ സ്വപ്നങ്ങള്‍ പോലും തേടിവന്നില്ല. ആമാശയത്തിന്റെ വേദനമാത്രം അവശേഷിച്ചു.

പൂട്ടാത്ത അലമാരയും മനുഷ്യരും

മരണത്തിനും ജീവിതത്തിനും ഇടയിലെ അവസാന ശ്രമമായിരുന്നു ചായക്കട. ആദ്യമൊക്കെ നല്ലരീതിയില്‍ നടന്നു. പിന്നീട് പറ്റുകാര്‍ കൂടിയതല്ലാതെ വരുമാനം കൂടിയില്ല. പൂട്ടേണ്ട അവസ്ഥവന്നപ്പോഴും പിടിച്ചുനിന്നു. എണ്ണമറ്റ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നും മുന്നോട്ടുപോകുന്നത്. ചായക്കടയിലെ കരിപിടിച്ചു അടര്‍ന്ന ചുവരുകള്‍ കമലമ്മയുടെ ജീവിതത്തിന്റെ പരിച്ഛേദമാണ്. എത്രമേല്‍ ഇരുട്ടുമൂടിയാലും പ്രകാശവുമായി എത്തുമെന്ന് കാലത്തോട് പറയുന്ന, തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഒരു സ്ത്രീയുടെ സമര പ്രഖ്യാപനം കൂടിയാണത്.

അല്‍പ്പമെങ്കിലും അടച്ചുറപ്പുള്ള ഒറ്റ ഷെല്‍ഫാണ് കടയിലുള്ളത്. പൂട്ടുമെങ്കിലും ചാവി എടുത്തു വയ്ക്കാറില്ല. നാട്ടിലെ ഭൂരിഭാഗവും സ്വന്തം കടപോലെയാണ് കാണുന്നത്. ആവശ്യത്തിന് പണമെടുത്ത് പിന്നീട് കൊടുക്കുന്നവരുമുണ്ട്. എല്ലാവരും കമലമ്മയുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നവര്‍. ആ വിശ്വാസമാണ് സാധനങ്ങള്‍ വാങ്ങാനായി കൂട്ടിവച്ച അയ്യായിരം രൂപയും കഴുത്തിലെ മൂന്നരപ്പവന്‍ മാലയും പൂട്ടാതെ വച്ചത്.

തീര്‍ത്തും അപ്രതീക്ഷിതമായാണ് അപരിചിതനായ ആരോ ഒരാള്‍ ജീവിതം ഇത്രമേല്‍ പ്രതിസന്ധിയിലാക്കിയത്. പകലന്തി ഈ കടത്തിണ്ണയിലിരുന്നാലും നൂറ് രൂപ പോലും വരുമാനം കിട്ടാത്ത ദിവസങ്ങളുണ്ട്. അതും താണ്ടി വേണം വാടയ്ക്ക് മാസം രണ്ടായിരം രൂപ കണ്ടെത്താന്‍. പുകച്ചുളില്‍ കഴിഞ്ഞ പകലുകളുടെയും സ്വപ്‌നങ്ങള്‍ ഒഴിഞ്ഞ രാത്രികളുടെയും വരണ്ട ഇന്നലെകള്‍ ബാക്കിവെച്ച ഏക സമ്പാദ്യം ആ മാലയായിരുന്നു, നിധിപോലെ കാത്ത ഒന്ന്. അതാണ് ആ അപരിചിതന്‍ കൊണ്ടു പോയത്.

അടുപ്പിലെ പുക പിന്നേയും കടയാകെ മൂടി. കാറ്റില്‍ കലര്‍ന്ന് അത് പതിയെ അകന്നുകൊണ്ടിരുന്നു. പ്രതീക്ഷകളില്ലാത്ത ജീവിതം തന്ന കാലത്തോട് പരിഭവിക്കാന്‍പോലും നില്‍ക്കാതെ കമലമ്മ സമോവറിലേക്ക് വെള്ളമൊഴിച്ചു. പുകയകന്നപ്പോള്‍ കഴുക്കോലിലെ എട്ടുകാലികള്‍ തിരിച്ചുവന്നു. അറ്റുപോകുന്നതുവരെ പോരാടാനുറച്ച് ആ അമ്മ തീകൂട്ടി പുകമറനീക്കി.

Content Highlights: Athijeevanam Series Story about kamalamma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented