ശീലാവതി അമ്മയോടൊപ്പം ഫോട്ടോ: ഹരി വെള്ളൂർ
എന്മകജെ, കയ്യിലെ നീളമുള്ള കയര്‍ വരാന്തയിലെ തൂണിനോട് ചേര്‍ത്ത് കെട്ടി ദേവകിയമ്മ തിരിഞ്ഞു നിന്നു. കയറിനറ്റത്ത് നിന്ന് സുന്ദരിപ്പൂച്ച ചോറ്റുപാത്രം നക്കിത്തുടച്ചു. ഈ പൂച്ചയ്ക്ക് ഒരു ദൗത്യമുണ്ട്. ദേവകിയമ്മ പണി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുന്ന നേരം വരെ പാമ്പില്‍ നിന്നും മറ്റ് കുഴപ്പം പിടിച്ച ജീവികളില്‍ നിന്നും ശീലാബതിയെ കാക്കണം.
പഴയൊരു കാലത്തെ ഒരു പകല്‍ വീണ്ടും ഓര്‍ത്തെടുത്ത് പറയാം...
അന്നും സ്കൂളില്‍ നിന്ന് കശുമാവിന് തോട്ടത്തിലൂടെയാണ് അവള് വീട്ടിലേക്ക് നടന്നത്. വണ്ടിന്റെ മൂളല്‍ പോലെ ദൂരെനിന്നും ഒരു ശബ്ദം കേള്‍ക്കാം. നിമിഷ നേരം കൊണ്ട് അത് അടുത്തെത്തി, കാതിനുള്ളിലേക്ക് വലിയ ചിറകിന്റെ ശബ്ദം തുളച്ചു കയറി. കയ്യിലെ പുസ്തകസഞ്ചി നിലത്തിട്ട് ചെവി പൊത്തി. ശക്തിയിലുള്ള കാറ്റേറ്റ് ഇലകളാകെ വിറച്ചു. വലിയ മഴമേഘങ്ങള്‍ പെയ്യുന്നതുപോലെ ഹെലികോപ്റ്റര്‍ പെയ്തിറങ്ങി. തോട്ടമാകെ നനഞ്ഞു കുതിര്‍ന്നു, ഒപ്പം ശീലാബതിയും.
ദേവകിയമ്മ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ശീലാബതിയെയാണ് കാണുന്നത്. ഉറങ്ങി എണീറ്റാല്‍ ശരിയാവും എന്നു കരുതിയെങ്കിലും ശീലാബതി എഴുന്നേറ്റില്ല. ആശുപത്രി വരാന്തകള്‍ കയറി കാലമേറെ കടന്നു. സാധ്യമായ എല്ലാ ചികിത്സയും നല്കി. ശീലാബതിയെന്ന പൂമരത്തിന്റെ വളര്‍ച്ച മുരടിച്ച് വേരുകള്‍ അറ്റുപോയെന്ന സത്യം വേദനയോടെ അമ്മയറിഞ്ഞു.
.jpg?$p=c7322b4&&q=0.8)
ഓരോ ദിവസവും മകളുടെ തിരിച്ചുവരവ് സ്വപ്നം കണ്ട് ആ അമ്മ ഉറങ്ങി എണീറ്റു. സമാന പ്രായത്തിലുള്ള കുട്ടികളുടെ ജീവിതം അവള്‍ക്കും സാധ്യമാകുമെന്ന് അത്രമേല്‍ ഉറച്ചു വിശ്വസിച്ചു. അതിനായി വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കരുതി. അവള് എഴുന്നേറ്റ് വീടാകെ നിറയുന്ന ദിവസം പൊന്നോണം പോലെ ആഘോഷിക്കണമെന്ന് ഉറച്ചു. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു. കൂലിപ്പണിക്ക് പോകാന്‍ വയ്യാതായി. ശരീരമാകെ കാലം ചുളിവുകള്‍ വീഴ്ത്തി. ശീലാബതി അപ്പോഴും അനക്കമില്ലാതെ കിടന്നു.

പിന്നെയും ഏറെ നാള് കഴിഞ്ഞാണ് ഇങ്ങനെ ഒരു അമ്മയുടെയും മകളുടെയും ജീവിതം നാടറിയുന്നത്. ഒടുവില്‍ ഉണങ്ങാത്ത മുറിവേല്‍പ്പിച്ച ഭരണകൂടം പെന്ഷന് കൊടുത്തു. അതും ഏറെ മുറവിളികള്‍ക്ക് ശേഷം. ശരീരം പാടെ തളര്‍ന്നു പോയപ്പോഴും ദേവകിയമ്മ ശീലാബതിയുടെ നിഴലായി നിന്നു. ആ അമ്മയുടെ പ്രതീക്ഷയാണ് വേരറ്റു പോയിട്ടും അവളെ വീഴാതെ താങ്ങിയത്. അപ്പോഴൊക്കെയും ദേവകിയമ്മയെ അലട്ടിയത് താന്‍ മരിച്ചുപോയാല്‍ മകള്‍ക്ക് ആരുണ്ടാകും എന്ന ചോദ്യമാണ്?. പലരോടായി ആ ചോദ്യം ആവര്‍ത്തിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന് മറുപടി ഇല്ലായിരുന്നു.
ഒടുവില്‍ ഒരുനാള്‍ പ്രാണന് പോകുന്ന വേദനയോടെ ദേവകി നിലച്ചുപോയ ശീലാബതിയെ കണ്ടു. അവളുടെ കണ്പീലികള് അനങ്ങുന്നില്ല. വിരലുകള്‍ക്ക് മരണത്തിന്റെ തണുപ്പ്. എന്തെന്നറിയാതെ പൂച്ച കാലില്‍ മുട്ടിയുരുമ്മുന്നു. ആ അമ്മയുടെ പതിറ്റാണ്ടുകളുടെ സ്വപ്നങ്ങള്‍ കൂടെയാണ് അന്ന് ചിതയില്‍ എരിഞ്ഞത്. കൂട്ടിരിക്കാന്‍ ആളില്ലാതെ അവര്‍ തനിച്ചായി. പ്രാണന് പോയ വീട്ടില്‍ പിന്നീട് വിളക്ക് തെളിഞ്ഞതേയില്ല.
ദേവകിയമ്മ മലമുകളില്‍ തനിച്ചായി. ഓര്‍മ്മകളുടെ വേദനയില്‍ അവരുടെ പ്രാണനും ദേഹമുപേക്ഷിച്ചു. വിഷമഴയേറ്റ് കരിഞ്ഞ ആ ഒറ്റ മുറി വീട് ഇപ്പോള്‍ അനാഥമാണ്. നാളെ ഇന്നാട്ടിലെ ഓരോ വീടും ഇതുപോലെയാകും. ആ ഭയത്തിന്റെ നിഴല്‍ വന്ന് മൂടുന്നുണ്ട് ഓരോ അമ്മയുടെ നെഞ്ചകത്തും.
ഒന്നോര്‍ക്കേണ്ടതുണ്ട്, സൗജന്യങ്ങള്‍ പിന്‍പറ്റാനല്ല അവരിന്നും പാതിജീവനറ്റ മക്കളുമായി സമരമുഖത്തെത്തുന്നത്. ജീവിതത്തില്‍ നഞ്ച് കലര്ത്തിയവരോട് എല്ലാവരും ഒടുങ്ങി തീര്‍ന്നിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ്. പറഞ്ഞു പഴകിയതും കേട്ടു തഴമ്പിച്ചതുമായ മനുഷ്യരുടെ കഥ വീണ്ടും വീണ്ടും പറയുന്നതില്‍ അപാകത തോന്നുന്നവരുണ്ടാകും. അവരോട്, ആ അനീതിയുടെ തുരുത്തില് മനുഷ്യര്‍ ഉള്ളതുവരെ ഇത് തുടരുമെന്നു മാത്രമാണ് മറുപടി.
പ്രാണനറ്റ വീടുകള്‍
'എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും അത് ഗ്ലാസ്സിലൊഴിച്ചു കുടിക്കാമെന്നും' പറഞ്ഞ അധികാര വര്‍ഗ്ഗം ഒന്നവിടെ പോകണം. ജീവനറ്റ ആ വീടിന്റെ നിശബ്ദതക്ക് അനീതിയുടെ ഒരുനൂറു കഥ പറയാനുണ്ടാകും. സമാന അവസ്ഥയിലുള്ള ഒട്ടേറെ വീടുകള്‍ അതിര്‍ത്തി ജില്ലയിലുണ്ട്. സ്വപ്നങ്ങളിലേക്കുള്ള നൂലുകള്‍ നഷ്ടമായവരാണ് അവിടുത്തെ അമ്മമാര്‍. ദേവകിയമ്മയുടെ നിസഹായതയും ഭീതിയും മാറ്റമേതുമില്ലാതെ ആ അമ്മമാരിലും കാണാം.

പെരുമണ്ടയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതനായ എട്ടുവയസുകാരന് ലോഹിത്തിന് ഒന്നുതിരിഞ്ഞ് കിടക്കണമെങ്കില്‍ അമ്മ വേണം. മകനെയോര്‍ത്ത് നെഞ്ചുപിടഞ്ഞ് അമ്മ പോയതോടെ തനിച്ചായ ലോഹിത്തിനെ ഏറ്റെടുക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇക്കാലത്തും കെല്‍പ്പില്ല എന്നതാണ് യാഥാര്‍ഥ്യം. ഒടുവില്‍ കണ്ണൂരിലെ തണല്‍ സ്നേഹവീടാണ് കരുതലായത്. ഈ വിധം എത്ര നാള് സാധിക്കും എന്നതാണ് അമ്മമാര്‍ നെഞ്ചുരുകി ചോദിക്കുന്നത്.
പ്രസവിക്കില്ലെന്ന് തീരുമാനിക്കേണ്ടിവന്നവര്‍
ഇനിയൊരു ജീവനെക്കൂടി നരകിക്കാന്‍ വിട്ടുകൊടുക്കില്ലെന്ന തീരുമാനമെടുത്ത അമ്മമാരുണ്ട് അതിര്‍ത്തി ഗ്രാമങ്ങളില്‍. എന്‍മകജെയിലെയും പെര്ളയിലെയും ബോവിക്കാനത്തെയും അമ്മമാര്‍ക്ക് വീണ്ടും പ്രസവിക്കാന്‍ പേടിയായിരുന്നു. പാതിജീവനായ കുഞ്ഞുങ്ങളെ കണ്ട് അത്രമേല്‍ അവര്‍ക്ക് മനസ്സ് മരവിച്ചിട്ടുണ്ടാകണം. മറ്റൊരു ജീവനെക്കൂടി സമാന രീതിയില്‍ കാണേണ്ടി വരാതിരിക്കാനാണ് പലര്‍ക്കും ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നത്.
ഗര്ഭിണിയാവാത്തത് ഭാഗ്യമായി കരുതുന്ന ഒരു കൂട്ടം സ്ത്രീകളെയും വിഷമഴപെയ്ത മണ്ണില്‍ കാണാം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂളിയാറിലെ പുഞ്ചിരി ക്ലബ്ബ് നടത്തിയ സര്‍വ്വേയിലാണ് ഇതുസംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 120 അമ്മമാരില്‍ നടത്തിയ സര്‍വ്വേയില്‍ ഇരുപത് പേരും ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നു. ഭര്‍ത്താവ് അറിയാതെപോലും ഗര്‍ഭച്ഛിദ്രം നടത്തിയ അമ്മമാരും അതില്‍പ്പെടും.

ദുരിത ബാധിതരായ മക്കളുള്ള അമ്മമാരുടെ ചിന്തയും പ്രവൃത്തിയും ഈ വിധം അസാധാരണമാകുന്നെങ്കില് അതവര്ക്കേറ്റ ഉണങ്ങാത്ത മുറിവുകൊണ്ടാണ്. വെന്തുനീറുന്ന അവസ്ഥയിലാണ് ആ മണ്ണിലെ ഓരോ അമ്മയും. ലിസ്റ്റില്‍ ഉള്‍പ്പെട്ട ദുരിതബാധിതര്‍ക്ക് അപ്പുറം അവരുടെ നിഴല്‍ പറ്റി ഈ വിധം ഉരുകിത്തീരുന്ന നിസ്സഹായരായ അമ്മമാര്‍ എല്ലാ കണക്കുകള്‍ക്കും അപ്പുറമാണ്.

നാലു ചുമരുകള്‍ക്ക് പുറത്തുള്ള ഒരു ജീവിതവും ഈ അമ്മമാര്‍ക്ക് സാധ്യമല്ല. മുഴുവന്‍സമയവും പാതിജീവനുമായി മല്ലിടുന്ന മക്കളുടെ ഓരത്ത് തന്നെ വേണം. നാട്ടിലെ എന്നല്ല കുടുംബത്തിനുള്ളിലെയും സകല ആഘോഷങ്ങളും അവര്‍ക്കന്യമാണ്. ചിരിക്കാന്‍പോലും മറന്ന അമ്മമാര്‍ അവിടങ്ങളില്‍ ഒരു യാഥാര്‍ഥ്യമാണ്. അത്രമാത്രം നാടിന്റെ സൈ്വര്യ ജീവിതത്തിന് മുകളില്‍ ഭരണകൂടം പെയ്യിച്ച വിഷമഴയുടെ കാര്‍മേഘങ്ങള്‍ പെയ്തുതീരാതെ ഇരുണ്ട് കിടക്കുന്നുണ്ട്.
ഉത്തരമില്ലാത്ത ഭരണകൂടങ്ങള്‍ - കുഞ്ഞികൃഷ്ണന്
'ആയിരക്കണക്കിനു അമ്മമാരുടെ ഉല്‍ക്കണ്ഠകള്‍ ഭരണ സംവിധാനങ്ങളോട് പല തവണ ആവര്‍ത്തിച്ചു ഇപ്പോഴും ഉത്തരമില്ല', എന്നാണ് ദുരിതബാധിതരുടെ നീതിക്കായുള്ള പോരാട്ടങ്ങള്‍ നയിക്കുന്ന അമ്പലത്തറ കുഞ്ഞികൃഷ്ണന് പറയുന്നത്. അദ്ദേഹം ആ മനുഷ്യര്‍ക്കുവേണ്ടി തുറന്നെഴുതിയ അക്ഷരങ്ങളാണ് ചുവടെ.
'പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി രോഹിതിന്റെ അമ്മ സവിതയുടെ അകാല മരണത്തിലേക്കെത്തിച്ചത് ഉത്തരം കിട്ടാത്ത ചോദ്യം തന്നെയായിരിക്കും. മരണത്തിലെത്താവുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണു തുറക്കാനായോ? മാപ്പര്‍ഹിക്കാത്ത കുറ്റകരമായ സമീപനം അവര്‍ തുടരുന്നു. സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ചെന്നു. കുട്ടിയെ ഏറ്റെടുക്കാനായിരുന്നില്ല. ഏതാനും ചില മനുഷ്യ സ്നേഹികള്‍ നടത്തുന്ന തണല്‍ സ്നേഹവീടാണ് കുഞ്ഞിനെ ചേര്‍ത്തു പിടിക്കാന്‍ മുന്നോട്ടു വന്നത്.

നിരന്തരമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2015 ല്‍ പുനരധിവാസത്തിന് ഒരു മാതൃകാഗ്രാമം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അതിപ്പോഴും പാതിവഴിയില്‍ പോലും എത്തിയില്ല. തറക്കില്ലിട്ടടുത്ത് പ്രതിഷേധ സൂചകമായി റീത്ത് സമര്‍പ്പിച്ചപ്പോഴാണ് പണി ആരംഭിച്ചത്. എപ്പോള്‍ തീരും? മറുപടി ഇല്ല. എല്ലാം ചത്ത് തീരട്ടെ എന്നായിരിക്കും. ഖജനാവില്‍ പണമില്ലാത്തതാണ് പ്രശ്നമെന്ന് ആരും പറയില്ല. മറ്റെന്തിനും കാശ് മുടക്കാന്‍ മടിയില്ലാത്തവര്‍ക്ക് ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെട്ടവര്‍ക്ക് ഇങ്ങിനെയൊക്കെ മതി എന്നായിരിക്കും'.

ഇനിയും മധുരിക്കാത്ത നാരങ്ങ
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പിണറായി വിജയന് നയിച്ച നവകേരള യാത്ര തുടങ്ങിയത് ദുരിതബാധിതര്‍ക്ക് മധുരനാരങ്ങ കൊടുത്തായിരുന്നു. അധികാരത്തില്‍ വന്നാല്‍ ചേര്‍ത്തുപിടിക്കുമെന്ന ഇടതുപക്ഷത്തിന്റെ വാക്കുകള്‍ക്ക് മുന്നില്‍ ദുരിതബാധിതര്‍ കണ്ണിചേര്‍ന്നു. 2017-ല്‍ അധികാരമേല്‍ക്കുന്നത് വരെ ആ വാഗ്ദാനങ്ങള്‍ അവര്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നു.

2017 ലെ ക്യാമ്പില്‍ 1905 ദുരിതബാധിതരെ കണ്ടെത്തിയെങ്കിലും ലിസ്റ്റ് പുറത്തുവന്നപ്പോള്‍ 287 ആയി ചുരുങ്ങി. ദുരിതബാധിതരുടെ എണ്ണം കുറക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങള്‍ ശരിവക്കുന്നതായിരുന്നു കണക്കില്‍ വന്ന വലിയ വ്യത്യാസം. 2010 ലെ ക്യാമ്പില്‍ 4182 പേരെ കണ്ടെത്തിയപ്പോഴാണ് 2017 ല്‍ അത് 287 ആയി മാറിയത്. ഇതില്‍ 2011ലെ ക്യാമ്പില്‍ ഉള്‍പ്പെട്ട 1318 ല്‍ 610 പേര്‍ക്കും സൗജന്യ ചികിത്സ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചില്ല.
ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിന് പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നായിരുന്നു പൊതുവില്‍ ഉയര്‍ന്ന മറ്റൊരു ആവശ്യം. അതേകുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് നായരെയാണ് നിയോഗിച്ചത്. 'വിഷം തളിക്കുമ്പോള്‍ മാറി താമസിച്ചൂടായിരുന്നോ' എന്നാണ് അദ്ദേഹം പാതിജീവനേറ്റ മനുഷ്യരെനോക്കി ചോദിച്ചത്. റിപ്പോര്‍ട്ടുവന്നപ്പോള്‍ ട്രിബ്യൂണല്‍ ആവശ്യമില്ലന്ന് അദ്ദേഹം വ്യക്തമായി എഴുതി. റിപ്പോര്‍ട്ട് ഉടനീളം ദുരിതബാധിരരെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു.
ദുരിതബാധിതരുടെ ജീവിതത്തിലുടനീളം ഭരണകൂടം നടത്തിയ വഞ്ചനയുടെ എണ്ണമറ്റ കഥകള്‍ പറയാന്‍ സാധിക്കും. അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹാ വേദനയെ വാക്കുകള്‍ കൊണ്ട് അനായാസം പറഞ്ഞ് തീര്‍ക്കാന്‍ സാധിക്കുന്നതല്ല.

സുരക്ഷിതമായ ഇടമാണ് വേണ്ടത്
കുഞ്ഞിന് ചികിത്സ കൊടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യേണ്ടി വന്ന കുടുംബത്തിന്റെ ദയനീയ ചിത്രവും കാസറഗോഡിന്റെ മണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല. വിദഗ്ധ ചികിത്സയ്ക്ക് മറ്റെവിടെയും കൊണ്ടുപോകാനാവാത്ത നിസ്സഹായവസ്ഥയില്‍ മകനെ ഫാനില്‍ കെട്ടി തൂക്കി അമ്മയും അച്ഛനും ജനലില്‍ സാരി കുരുക്കി ജീവിതം അവസാനിപ്പിക്കുകയായിരുന്നു. മകള്‍ക്ക് സംരക്ഷണം നല്കാന് ആളില്ലാതെ വന്നപ്പോള്‍ വിഷം കൊടുത്ത ശേഷം അമ്മയും ജീവനൊടുക്കിയത് ആ മണ്ണിലാണ്. വീടിന്റെ ഒരു മുറിയില്‍ ഇരുമ്പഴികള്‍ സ്ഥാപിച്ച് അഞ്ജലിയെന്ന ദുരിതബാധിതയെ പൂട്ടിയിട്ട് സംരക്ഷിക്കുന്ന അമ്മയും ആയിരങ്ങളില്‍ ഒരാള്‍ മാത്രം. അവര്‍ക്കാകെ വേണ്ടത് ഒരിടമാണ്. കുഞ്ഞിനെ സംരക്ഷിച്ചുകൊണ്ട് ജോലിയിലേര്‍പ്പെടാന്‍ സാധിക്കുന്ന ഒന്ന്.

പറഞ്ഞു തീര്‍ക്കാനാവാത്ത വിധം രക്തമുറഞ്ഞ കഥകളുടെ ഈറ്റില്ലമാണ് നമ്മുടെ അതിര്‍ത്തി ഗ്രാമങ്ങള്‍. മകളെ ശ്വാസം മുട്ടിച്ചു കൊന്നശേഷം അടുക്കളയുടെ കഴുക്കോലില്‍ തൂങ്ങിയ ചാമുണ്ഡിക്കുന്ന് ഓട്ടമലയിലെ വിമലയും രോഹിത്തിന്റെ അമ്മ സവിതയും ദേവകിയമ്മയും ഒടുവിലത്തെ പേരുകളല്ല. ആദ്യാവസാനം പലകുറി ആവര്‍ത്തിച്ച ഇപ്പോഴും തുടരുന്ന ചിലത് മാത്രം. 'ആമുഖ'മില്ലാത്ത വിധം നിസ്സഹായരായ ഏതാനും മനുഷ്യര്‍ മാത്രം. അവരുടെ മുലപ്പാലില്‍ വിഷം കലര്‍ത്തിയ കാലം, ആ തെറ്റ് ആവര്‍ത്തിക്കുന്ന മറ്റൊരു കാലം.
Content Highlights: Endosulfan affected villages kasaragod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..