ചലിക്കാനാവാത്ത ഉടലുകൾ, മക്കളുടെ ദുരിതത്തിന്റെ കാരണമറിയണം ലക്ഷ്മിയമ്മയ്ക്ക് | അതിജീവനം 93


എ.വി. മുകേഷ് | mukeshpgdi@gmail.comനിശ്ചലമായ ശരീരം കൊണ്ട് ചിരിക്കാൻ മാത്രമേ മനോഹരന് അറിയൂ. മനോഹരന് അമ്മയുടെ മടിയില്‍ കിടന്നു കഴിക്കാനാണിഷ്ടം. ഇരുന്ന് കഴിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. താങ്ങിപ്പിടിച്ചില്ലെങ്കില്‍ താഴെവീഴും.

ലക്ഷ്മിയമ്മയും മക്കളും | ഫോട്ടോ: വിപിൻ കുമാർ

'എന്താണെന്റെ മക്കള്‍ക്ക് പറ്റീന്നെങ്കിലും പറഞ്ഞ് താ സാറെ. ഞാന്‍ ഇല്ലാണ്ടായാ പിന്നെ ഇവരെ ആര് നോക്കും. മിണ്ടാമ്പോലും കയ്യാത്ത ഇവരെ എന്ത് ചെയ്യണന്നെങ്കിലും പറഞ്ഞ് താ...' ലക്ഷ്മിയമ്മയുടെ ചുളിവു വീണ മുഖത്ത് വേദന പടര്‍ന്നു. കണ്ണു തിരുമ്മി നിസ്സഹായതയോടെ എങ്ങോട്ടെന്നില്ലാതെ നോക്കി. കാലം നിലച്ചു പോകുന്ന വേദന കണ്ണാഴങ്ങളില്‍ നിറഞ്ഞൊഴുകി.

മടിയില്‍ കിടക്കുന്ന മനോഹരന്റെ കവിളിലേക്ക് കണ്ണീരിറ്റി വീണു. എങ്ങോട്ടെന്നില്ലാതെ നോക്കിക്കൊണ്ട് മുപ്പത്തേഴുകാരനായ മനോഹരന്‍ അപ്പോഴും ചിരിക്കുന്നുണ്ട്. കവിളിലേക്ക് ഇറ്റിവീണ കണ്ണീര്‍ തുള്ളികള്‍ ലക്ഷ്മിയമ്മ തുടച്ചു. നിശ്ചലമായ ശരീരം കൊണ്ട് മനോഹരന് ചിരിക്കാനേ സാധിക്കൂ. മൂത്ത ജ്യേഷ്ഠന്‍ 40 വയസ്സായ അശോകന്റെയും അവസ്ഥ മറ്റൊന്നല്ല. കൈകുത്തി കുറച്ചു സമയം ഇരിക്കാനല്ലാതെ ഒന്നിനും സാധിക്കില്ല.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

രണ്ടു പേര്‍ക്കും ഒന്നനങ്ങാന്‍പോലും അമ്മ വേണം. സംസാരിക്കാന്‍ സാധിക്കാത്ത അവരുടെ നോട്ടങ്ങള്‍ ലക്ഷ്മിയമ്മയ്ക്കേ അറിയൂ. ഇരുവര്‍ക്കും മാനസികമായ വെല്ലുവിളികളും ഏറെയാണ്. ലക്ഷ്മിയമ്മയോട് സംസാരിച്ചു കൊണ്ടിരിക്കെ മനോഹരന്‍ അടിവസ്ത്രം അമര്‍ത്തി പിടിക്കുന്നുണ്ട്. മൂത്രമൊഴിക്കാനുള്ള മുന്നറിയിപ്പാണത്. അമ്മ ഉടനെ എഴുന്നേറ്റ് ഇരുതോളിലൂടെയും കയ്യിട്ട് ബാത്റൂമിലേക്ക് വലിച്ചുകൊണ്ടുപോയി. കാലത്തെപ്പോലും നടുക്കുന്ന കാഴ്ച്ചയാണത്.

മൂന്നാമത്തെ മകനായ ദാമോദരന്‍ അപ്പോഴേക്കു വന്നു. അദ്ദേഹമാണ് ആ കുടുംബത്തിന്റെ ഏക ആശ്രയം. കൂലിപ്പണിയെടുത്തു കിട്ടുന്നതുകൊണ്ടാണ് ദാമോദരന്റെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വയർ നിറയുന്നത്. അമ്മയ്ക്കൊപ്പം മനോഹരനെ എടുത്തു കൊണ്ടുവന്ന് നിലത്തു വിരിച്ച പായയില്‍ കിടത്തി. സ്റ്റീല്‍പാത്രത്തില്‍ അപ്പോഴക്കും ഇരുവര്‍ക്കുമുള്ള ചോറു വന്നു. മനോഹരന് അമ്മയുടെ മടിയില്‍ കിടന്നു കഴിക്കാനാണിഷ്ടം. ഇരുന്ന് കഴിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. താങ്ങിപ്പിടിച്ചില്ലെങ്കില്‍ താഴെവീഴും. അശോകന്‍ സ്പൂണ്‍ വിരലുകള്‍ കൊണ്ടു ഇറുക്കി പ്രത്യേക രീതിയില്‍ പിടിച്ചു കഴിക്കാന്‍ തുടങ്ങി.

വല്ലാത്തൊരു ശബ്ദമുണ്ടാക്കിയാണ് ഓരോ തവണയും കഴിക്കുന്നത്. മതിയായാല്‍ തോളുചെരിച്ച് മുന്നറിയിപ്പു കൊടുക്കും. പിന്നെ കഴിക്കില്ല. ഓരോ ആവശ്യങ്ങള്‍ക്കും അത്തരത്തില്‍ ഓരോ അടയാളങ്ങള്‍ കാണിക്കും. അമ്മയ്ക്കും അവര്‍ക്കും മാത്രമറിയാവുന്ന ചിലതാണത്. ആ ജീവിതങ്ങള്‍ക്കു മുന്നില്‍ മറ്റെല്ലാം അപരിചിതമാണ്.

മഹാദുരന്തത്തിന്റെ ഇരകളാണ് എന്റെ മക്കളും

നാലു പതിറ്റാണ്ടായി തന്റെ മക്കള്‍ തളര്‍ന്നു പോയതിന്റെ കാരണം തിരയുകയാണ് ലക്ഷ്മിയമ്മ. അസുഖമെന്താണെന്ന് തിരിച്ചറിയാനാകാതെ വര്‍ഷങ്ങളോളം ആശുപത്രികള്‍ കയറിയിറങ്ങി. അക്കാലത്താണ് സമാന അവസ്ഥയിലുള്ള കുട്ടികളെ കാണുന്നത്. എന്‍ഡോസള്‍ഫാന്‍ എന്ന പേരു കേള്‍ക്കുന്നതും അന്നാണ്. തന്റെ മക്കളും അതേ അവസ്ഥയിലാണെന്ന് ആ കുട്ടികളെ കണ്ടപ്പോള്‍ ബോധ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടെത്താനുള്ള ക്യാമ്പുകളില്‍ പോയെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല.

മനോഹരനും അശോകനുമൊപ്പം ലക്ഷ്മിയമ്മ | ഫോട്ടോ: വിപിന്‍ കുമാര്‍

വര്‍ഷങ്ങള്‍ക്കുമുന്‍പ് രാമന്റെ കൈപിടിച്ച് സ്വപ്നങ്ങളുടെ ചില്ലയുമായാണ് ലക്ഷ്മിയമ്മ കാസര്‍കോട്ടെ മധൂരിലേക്ക് വന്നത്. മൂന്നു മക്കള്‍ ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളായി. നാലാമത്തെ പ്രസവം മുതല്‍ തുടങ്ങിയ വേദനയാണ് ഇപ്പോഴും പേറുന്നത്. പ്രസവം കഴിഞ്ഞ് ഇളയമകന്റെ നിശ്ചലമായ ശരീരമാണ് അന്ന് അരികില്‍ കിടത്തിയത്. പാതി കണ്ണുമാത്രം തുറന്ന കുട്ടി ഏറെക്കാലം അനക്കമില്ലാതെ കിടന്നു.

നെഞ്ചുപൊട്ടുന്ന വേദനയോടെ തിരിച്ചറിഞ്ഞു, അവന്‍ മിണ്ടില്ല. നടക്കില്ല. ചിരിക്കില്ല. ലക്ഷ്മിയമ്മ വേദനകളെല്ലാം ഉള്ളിലൊതുക്കി. നിശ്ചലനായ മനോഹരനെ ജീവിതത്തിന്റെ എല്ലാ നിറങ്ങളും കാണിച്ചാണ് വളര്‍ത്തിയത്. കുടുംബത്തിന്റെ താളം വീണ്ടെടുക്കുമ്പോഴാണ് അടുത്ത ദുരന്തം സംഭവിക്കുന്നത്. ഒന്നര വയസ്സായ അശോകനും പൊടുന്നനെ തളര്‍ന്നു വീണു. പോളിയോ ആണെന്ന് പറഞ്ഞ് ഡോക്ടര്‍ കയ്യൊഴിഞ്ഞു. കളിച്ചുല്ലസിക്കേണ്ട രണ്ടു കുരുന്നുകള്‍ ഒരേ കൂരക്ക് താഴെ ചലനമറ്റു.

Also Read

എന്നെങ്കിലും എന്റെ മകളെ ഇരുമ്പുവാതിലിനുള്ളിൽനിന്ന് ...

വേദനകൊണ്ട് തുന്നിയ ശരീരവുമായി ഒരാൾ | അതിജീവനം ...

തലചായ്ക്കാൻ ഇടമില്ലാത്ത മഹാവീറിന്റെ രാജ്യം ...

കണ്ണടച്ചാൽ ബുൾഡോസറിന്റെ ഇരമ്പലാണ്; മതമല്ല, ...

അടുപ്പിലല്ല, ജീവിതത്തിന് മുകളിലാണ് ഭീതിയുടെ ...

ഒരു ബലിതർപ്പണമെങ്കിലും അർഹിക്കുന്നു, യമുന ...

കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായി വേദന. പൂമ്പാറ്റകളും സ്വപ്നങ്ങളുമില്ലാതെ നിശബ്ദമായ കുരുന്നുകളെ നോക്കി ലക്ഷ്മിയമ്മക്ക് കണ്ണീരുവറ്റി. രാമേട്ടന്‍ പോയതോടെ ഒറ്റയാള്‍ പോരാളിയായി. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകന്‍ ദാമോദരനും കുടുംബമായി. അശോകനും മനോഹരനും കാലം മാറുന്നത് തിരിച്ചറിയാനാവാതെ ഒറ്റമുറിക്കകത്താണ്. നിഴലുപോലെ അമ്മയുണ്ട്. അമ്മയാണ് പ്രാണന്‍.

ആധിയുടെ ആഴങ്ങളിലാണ് ലക്ഷ്മിയമ്മ ഇന്ന്. തന്റെ കാലശേഷം ചലനം നിലച്ച മക്കളെ എന്തു ചെയ്യണമെന്ന് അറിയാതെ വലയുകയാണവര്‍. എണ്ണമറ്റ ചികിത്സകളാണ് ഇരുവര്‍ക്കുമായി നടത്തിയത്. കാരണം പറയാന്‍ പോലും വൈദ്യശാസ്ത്രത്തിന് സാധിച്ചില്ല. ആശുപത്രി വരാന്തകള്‍ പലതും നടന്നു തീര്‍ത്തു. ഇപ്പോള്‍ മൂന്നു പേരും അവരുടെ ലോകത്താണ്. അവര്‍ക്ക് സ്വന്തമായി ഭാഷ പോലുമുണ്ട്.

ലക്ഷ്മിയമ്മയും കുടുംബവും ഉറച്ചു പറയുന്നുണ്ട് എന്‍ഡോസള്‍ഫാനാണ് ഇവരെ ജീവച്ഛവമാക്കിയത്. കൃത്യമായി പരിശോധിക്കാനെങ്കിലും ഈ നാട്ടിലെ ഭരണകൂടത്തിന് ഉത്തരവാദിത്തവും ബാധ്യതയുമുണ്ട്.

വാഗ്ദാനങ്ങളും പഴകിപ്പുളിച്ച നാരങ്ങയും

സപ്തഭാഷാ ഭൂമിയില്‍ മഹാവേദനയുടെ ദുരന്തം പേറി ജീവിക്കുന്ന ആയിരങ്ങളുണ്ട്. കരയാന്‍ പോലും സാധിക്കാതെ മരണത്തിന് കീഴ്‌പെട്ടുപോയവരും നൂറുകണക്കിനാണ്. മനുഷ്യനെ പാതിജീവനാക്കിയ വില്ലന്‍ അവിടെയൊക്കെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തളിച്ച എന്‍ഡോസള്‍ഫാനാണ്. വലിയ തലയും ചെറിയ ഉടലുമായി ജനിച്ച സൈനബയും തളര്‍ന്നുപോയ ശീലാബതിയും തലയിലെ വൃണങ്ങളില്‍നിന്ന് നീരൊഴുകി പ്രാണന്‍ വെടിഞ്ഞ നവജിത്തിനെയുമൊന്നും ഒരുകാലത്തും മറവിയിലേക്ക് തള്ളിയിടാന്‍ സാധിക്കില്ല. എന്‍ഡോസള്‍ഫാന്‍ ഒരു നാടിന്റെ വേരറുത്തിട്ടും ഇനിയും സമാന അവസ്ഥയിലുള്ള മനുഷ്യരെ പരിഗണിക്കാത്ത ഭരണകൂടം നീതികേട് ആവര്‍ത്തിക്കുകയാണ്. പതിറ്റാണ്ടുകളായിട്ടുംകളായിട്ടും ആ വേദനയ്ക്കൊപ്പം നില്‍ക്കുന്നതില്‍ അവര്‍ അമ്പേ പരാജയപ്പെട്ട സംവിധാനമാണ്. ലക്ഷ്മിയമ്മയെപ്പോലെ ഉണങ്ങാത്ത മുറിവേറ്റവരെ അടിയന്തിരമായി പരിഗണിക്കണമെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആവശ്യം.

2009-ല്‍ പിണറായി വിജയന്‍ നയിച്ച നവകേരള യാത്ര തുടങ്ങിയത് ദുരിതബാധിതര്‍ക്ക് മധുരനാരങ്ങ കൊടുത്തായിരുന്നു. അധികാരത്തില്‍ വന്നാല്‍ ചേര്‍ത്തുപിടിക്കുമെന്ന ഇടതുപക്ഷത്തിന്റെ വാക്കുകള്‍ക്ക് മുന്നില്‍ ദുരിതബാധിതരും കണ്ണിചേര്‍ന്നു. 2017-ല്‍ അധികാരമേല്‍ക്കുന്നത് വരെ ആ വാഗ്ദാനങ്ങള്‍ അവര്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നു.

ദുരിതബാധിതരുടെ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും അതൊക്കെ കടലാസുകളില്‍ ഉറങ്ങുകയാണ്. പര്യാപ്തമായ യാതൊരു ചികിത്സാ സംവിധാനവും ജില്ലയിലില്ല. കേരളത്തിലെ 14 മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കാസര്‍കോട് ഇല്ലാത്തത് അവഗണനയുടെ ആഴം വ്യക്തമാക്കുന്നതാണ്. ഇനിയും വേണ്ടത് വാഗ്ദാനങ്ങളല്ല. ലക്ഷ്മിയമ്മയെ പോലുള്ള നൂറുകണക്കിന് അമ്മമാരുടെ വേവലാതികള്‍ക്കുള്ള മറുപടിയാണ് കാസര്‍കോട് പ്രതീക്ഷിക്കുന്നത്.

അറുതി വേണം ദുരന്തങ്ങള്‍ക്ക്

അശോകനെയും മനോഹരനെയും പോലെ നൂറുകണക്കിന് മനുഷ്യരുണ്ട് ജില്ലയിലാകെ. ഒരു ലിസ്റ്റിലും പെടാതെ ജീവനറ്റു കഴിയുകയാണവര്‍. ക്യാമ്പുകള്‍ നടത്തി അത്തരം മനുഷ്യര്‍ക്ക് അടിയന്തിരമായി ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആവശ്യം. ലക്ഷ്മിയമ്മയെപോലുള്ള അമ്മമാരുടെ പ്രതീക്ഷകളും അത്തരം ഇടപെടലുകളിലാണ്.

പാതി ജീവനറ്റ മനുഷ്യര്‍ക്കും ലക്ഷ്മിയമ്മയെപോലുള്ള അമ്മമാര്‍ക്കും സൗകര്യപ്രദമായ ഒരിടമാണ് വേണ്ടത്. അവിടെ മക്കളെ സംരക്ഷിച്ചുകൊണ്ടുതന്നെ സാധ്യമായ ജോലി ചെയ്യാനും പറ്റണം. അതിലൂടെ മാനസിക സംഘര്‍ഷങ്ങള്‍ക്കും അയവു വരും. ഒരു പകല്‍ നേരമെങ്കിലും കഴിയാനുള്ള അവസരമുണ്ടാക്കുക എന്നത് അടിയന്തിരമായ ആവശ്യമാണ്. ഒറ്റമുറിയുടെ മരവിപ്പില്‍നിന്ന് അത് ആ മനുഷ്യര്‍ക്ക് തെല്ലൊരാശ്വാസമാകും.

സംസാരിച്ചിരിക്കെ ഇരുട്ട് ജനലഴിയിലൂടെ അകത്ത് നിറഞ്ഞു. ലക്ഷ്മിയമ്മയോടോ പാതി ജീവനറ്റ മനുഷ്യരോടോ യാത്ര പറഞ്ഞില്ല. മനോഹരന്റെയും അശോകന്റെയും അവ്യക്തമായ ശബ്ദങ്ങള്‍ കേള്‍ക്കാം. ലക്ഷ്മിയമ്മയോട് അവരുടെ ഭാഷയില്‍ സംസാരിക്കുന്നതാണത്.

Content Highlights: Athijeevanam 93 episode Plights of Lakshmiyamma and children, social, Mathrubhumi,latest

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented