Kurumba pictures
തമിഴ്നാട്ടിലെ നീലഗിരി മലമടക്കുകളിലെ സിഗൂര്‍, ഇടുഹട്ടി, കൊണവകോറൈ,സേലകോറൈ, തെങ്ങുമറാട്ട, ഇര്‍പ്പേട്ട, കല്ലംപാളയം, പോറിവറൈ, ബാവിയൂര്‍, എഴുത്തുപാറൈ, വെള്ളാരികോബൈ തുടങ്ങിയ പ്രദേശങ്ങള്‍ ശിലാചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ്. നീലഗിരിയിലെ ശിലാചിത്ര ഭൂമികയായ വെള്ളാരികോബൈലാണ് കുറുമ്പ ചിത്രങ്ങള്‍ പിറവികൊള്ളുന്നത്. എഴുത്തുപാറൈയിലെ ശിലാചിത്രങ്ങളാണ് കുറുമ്പ ചിത്രരചനയുടെ ആദിമ ചോദന. കുറുമ്പ ആദിവാസി സമൂഹത്തില്‍ പെട്ടവരാണ്
കുറുമ്പ ചിത്രകാരന്മാര്‍.
തെക്കേ ഇന്ത്യയില്‍ ചിത്രരചനയില്‍ ഏര്‍പ്പെടുന്ന ഏക ആദിവാസി ഗോത്രമാണ് കുറുമ്പ. മൂവായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ചിത്രണരീതിയാണ് തങ്ങളുടേതെന്ന് കുറുമ്പ കലാകാരന്മാര്‍ അവകാശപ്പെടുന്നു. വെള്ളാരി കോബൈ പ്രദേശങ്ങളിലെ ശിലാ ചിത്രങ്ങളിലെ സ്വാധീനം കുറുമ്പ രചനകളില്‍ പൂര്‍ണമായും പ്രകടമാണ്. വയനാട്ടിലെ ഇടയ്ക്കല്‍ ഗുഹാ ചിത്രങ്ങളിലെ രചനാ ശൈലി എഴുത്തുപാറയിലെ ശിലാചിത്രങ്ങളില്‍ കാണാം. കോയമ്പത്തൂര്‍ ഊട്ടി ഹൈവേയിലെ മേട്ടുപ്പാളയത്തുനിന്നും ഇരുപത് കിലോമീറ്റര്‍ യാത്രചെയ്താല്‍ കോട്ടഗിരിയില്‍ എത്താം, കോട്ടഗിരിയില്‍നിന്ന് ആറ് കിലോമീറ്റര്‍ കൂടി മലമ്പാത താണ്ടിയാല്‍ വെള്ളാരി കോബൈ എന്ന കോടമഞ്ഞ് പുതച്ച പ്രകൃതി സുന്ദരമായ കുറുമ്പ ഗോത്ര ഗ്രാമത്തില്‍ എത്തിച്ചേരാം. സമുദ്ര നിരപ്പില്‍നിന്നും രണ്ടായിരത്തി ഒരുനൂറ് അടി ഉയരത്തിലാണ് വെള്ളാരി കോബൈ എന്ന ഗ്രാമം. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും നിറഞ്ഞ പ്രദേശമാണ് വെള്ളാരി കോബൈ. വേട്ടക്കുറുമ്പര്‍, ജേനുകുറുമ്പര്‍, മുല്ലുക്കുറുമ്പര്‍, ഊരാളിക്കുറുമ്പര്‍, ആലുക്കുറുമ്പര്‍ എന്നീ അഞ്ച് വിഭാഗങ്ങള്‍ അടങ്ങിയതാണ് കുറുമ്പ ആദിവാസി സമൂഹം. ആലുക്കുറുമ്പരാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്.
പല്ലവ രാജവംശത്തിന്റെ വൈദ്യന്‍മാരും, സേവകന്മാരുമായിരുന്നു തങ്ങളെന്ന് കുറുമ്പര്‍ അഭിമാനിക്കുന്നു. വേട്ടക്കാരും ഇടയന്മാരും കൃഷിക്കാരും വൈദ്യന്മാരും കുറുമ്പ ആദിവാസി സമൂഹത്തിലുണ്ട്. വന്യജീവി നിയമങ്ങള്‍ പരിഷ്‌കരിച്ചതോടെ കുറുമ്പ സമൂഹത്തിന്റെ വേട്ട നിലച്ചു. തേന്‍വേട്ടയില്‍ മികച്ച പ്രാവീണ്യമുള്ള ആദിവാസി സമൂഹമാണ് കുറുമ്പര്‍. കാരറ്റ്, വെളുത്തുള്ളി, കാബേജ്, ഉരുളക്കിഴങ്ങ്, വാഴപ്പഴം തുടങ്ങിയവയാണ് കുറുമ്പര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍.
കുട്ടിക്കാലംമുതല്‍ ആദിവാസി വൈദ്യം പരിശീലിക്കുന്ന പാരമ്പര്യവും കുറുമ്പര്‍ക്കുണ്ട്. ആചാരാനുഷ്ഠാനങ്ങളിലാണ്ട് ജീവിക്കുന്നവരാണ് കുറുമ്പ ആദിവാസി സമൂഹം. മന്ത്രവാദവും ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. കുറുംമ്പ ആദിവാസി സമൂഹത്തിന്റെ ജീവിതരീതികളുടെ പ്രതിഫലനങ്ങളാണ് കുറുംബ ചിത്രങ്ങളില്‍. ഗോത്രദൈവങ്ങളോടൊപ്പം ശിവനെയും ഇവര്‍ ആരാധിക്കുന്നു, ഭൈരവനാണ് ഇവരുടെ ശിവന്‍. ജനന മരണ വിവാഹങ്ങള്‍ പോലെ തേന്‍വേട്ടയും ഇവര്‍ക്ക് അനുഷ്ഠാനപരമാണ്. തേന്‍വേട്ടയ്ക്കായി മൗനവ്രതമാചരിക്കുന്ന കുറുമ്പര്‍ കാട്ടിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കാനന കവാടത്തില്‍ വനദേവതകള്‍ക്കായി അഗ്നിപൂജ നടത്തുന്നു. ഇത്തരം അനുഷ്ഠാനപരമായ ആചാരങ്ങള്‍ കുറുമ്പ ചിത്രരചനയുടെ വിഷയങ്ങളാണ്. വര്‍ലി, സൗര തുടങ്ങിയ ഗോത്രരചനകളോട് ചെറിയ രീതിയിലുള്ള സമാനതകള്‍ കുറുമ്പ ചിത്രങ്ങളിലുണ്ട്.
മറ്റ് ജീവജാലങ്ങളേക്കാള്‍ മനുഷ്യരൂപങ്ങള്‍ക്കാണ് കുറുമ്പ ചിത്രരചനയില്‍ പ്രാധാന്യം. വര്‍ളി സൗര തുടങ്ങിയ ആദിവാസി രചനകളില്‍ നിരവധി ജ്യാമതീയ ചിഹ്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ദീര്‍ഘചതുരങ്ങള്‍ മാത്രമാണ് കുറുമ്പ ചിത്രരചനയില്‍. ദീര്‍ഘചതുരങ്ങള്‍ കൊണ്ടാണ് മനുഷ്യരൂപങ്ങള്‍. മറ്റ് ഗോത്രചിത്രങ്ങളെ അപേക്ഷിച്ച് മനുഷ്യരൂപങ്ങളുടെ കൈകാലുകള്‍ക്ക് കുറുമ്പ ചിത്രങ്ങളില്‍ നീളം കൂടുതലാണ്. വര്‍ലി സൗര ചിത്രങ്ങളില്‍ രൂപങ്ങള്‍ സൂചകങ്ങളിലൂടെ ആവിഷ്‌കരിക്കുമ്പോള്‍ കുറുമ്പ ചിത്രങ്ങള്‍ രൂപങ്ങളെ വിശദീകരിക്കുന്നു. വിവിധ തരത്തിലുള്ള ഗോത്ര നൃത്തങ്ങള്‍, കാര്‍ഷിക രീതികള്‍, ഉത്സവങ്ങള്‍, പൂജകള്‍, വാദ്യമേളങ്ങള്‍, കൊയ്ത്തും മെതിയും, തേന്‍ വേട്ട, ക്ഷേത്രങ്ങള്‍, കുറുമ്പരുടെ മണ്‍വീടുകള്‍, വൃക്ഷങ്ങള്‍, ആനകള്‍, മാനുകള്‍, കൃഷിയായുധങ്ങള്‍ തുടങ്ങിയവ കുറുമ്പ ചിത്രങ്ങളിലെ പ്രധാന ബിംബങ്ങളാണ്.
കോല്, ബുഗിരു, തമ്പാട്ടെ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള കൂത്ത് എന്ന നൃത്തരൂപം കുറുമ്പ ചിത്രങ്ങളിലെ പ്രധാന സന്ദര്‍ഭങ്ങളിലൊന്നാണ്. കഥകളും ദൈനംദിന ജീവിതവും കൂടിക്കലര്‍ന്നതാണ് കുറുമ്പ ചിത്രങ്ങള്‍. കുറുമ്പരുടെ വൃക്ഷാരാധനയും നാഗാരാധനയും ഉത്സവനാളുകളിലെ കുറുമ്പ ചിത്രങ്ങളില്‍ ദൃശ്യമാണ്. മറ്റ് ഗോത്രരചനകളില്‍നിന്ന് വ്യത്യസ്തമായി ചിത്രപ്രതലത്തിന് ത്രിമാനഭാവം നല്‍കാന്‍ ശ്രമിക്കുന്ന രീതി കുറുമ്പ ചിത്രങ്ങളുടെ മാത്രം പ്രത്യേകതയാണ്. കുറുമ്പരുടെ ക്ഷേത്രഭിത്തികളിലും കുറുമ്പഭവനങ്ങളുടെ ചുവരുകളിലുമായിരുന്നു ചിത്രരചന. ചാണകംകൊണ്ട് മെഴുകിയാണ് ചിത്രപ്രതലം നിര്‍മിച്ചിരുന്നത്. പിന്നീട് സിമന്റ് ഉപയോഗിച്ച് ചിത്രപ്രതലമൊരുക്കുന്ന രീതിയും കുറുമ്പര്‍ സ്വീകരിച്ചിരുന്നു. ചുവപ്പ് (സെമന്ന), കറുപ്പ് (കരിമന്ന), വെളുപ്പ് (ബോധിമന്ന), പച്ച (കട്ടവര സേധി) തുടങ്ങിയ നാലുതരം നിറങ്ങളാണ് കുറുമ്പര്‍ ചിത്രരചനയ്ക്കായി മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്.
കളിമണ്ണ്, പൂക്കള്‍, ഇലകള്‍, മരത്തിന്റെ തൊലി, മഞ്ഞള്‍ എന്നിവ ഉപയോഗിച്ചായിരുന്നു നിറങ്ങള്‍ നിര്‍മിച്ചിരുന്നത്. പുരുഷന്മാരും പൂജാരിമാരുമാണ് കുറുമ്പ ചിത്രങ്ങള്‍ വരച്ചിരുന്നത്. സ്ത്രീകള്‍ക്ക് കുറുമ്പ ചിത്രങ്ങള്‍ വരയ്ക്കുന്നത് നിഷിദ്ധമായിരുന്നു. വിളവെടുപ്പ്, പൊങ്കല്‍, ദീപാവലി, ചിത്രകണി തുടങ്ങിയ ഉത്സവവേളകളിലും പ്രാദേശികക്ഷേത്രങ്ങളിലെ ഉത്സവനാളുകളിലും ഗോത്രാനുഷ്ഠാനങ്ങളിലും വിവാഹസന്ദര്‍ഭങ്ങളിലുമാണ് കുറുമ്പ ചിത്രങ്ങള്‍ വരയ്ക്കുന്നത്. കുറുമ്പ സ്ത്രീകള്‍ അരിപ്പൊടിക്കൊണ്ട് കോലങ്ങളാണ് വീട്ടുമുറ്റങ്ങളിലും വാതിലുകള്‍ക്ക് ചുറ്റിലും വരയ്ക്കുക. കുടുംബത്തിന്റെ ഐശ്വര്യത്തിനുവേണ്ടിയാണ് കോലങ്ങള്‍ വരയ്ക്കുന്നത്. ഉറുമ്പുപോലുള്ള സൂക്ഷ്മജീവികള്‍ക്കുള്ള ഭക്ഷണംകൂടിയാണ് കോലങ്ങള്‍.
പുതിയകാലത്തെ കുറുമ്പ ചിത്രരചന ജലച്ചായം, അക്രിലിക്, കാന്‍വാസ്, കടലാസ് തുടങ്ങിയ മാധ്യമങ്ങളിലാണ്. കൃഷ്ണന്‍, ബാലസുബ്രഹ്‌മണ്യം തുടങ്ങിയ കലാകാരന്മാരിലൂടെയാണ് കുറുമ്പ ചിത്രങ്ങള്‍ വ്യാപകമായി പുതിയ മാധ്യമങ്ങളിലേക്ക് പ്രവേശിച്ചതും പ്രശസ്തിയാര്‍ജിച്ചതും. വിരലിലെണ്ണാവുന്ന കലാകാരന്മാര്‍ മാത്രമാണ് നിലവില്‍ കുറുമ്പ ചിത്രങ്ങള്‍ വരയ്ക്കുന്നത്. കല്പനാ ബാലസുബ്രഹ്‌മണ്യം എന്ന കലാകാരി, സ്ത്രീകള്‍ക്ക് കുറുമ്പ ചിത്രരചനയില്‍ നിലനിന്നിരുന്ന വിലക്കുകളെ ലംഘിച്ച്, കുറുമ്പ രചനയില്‍ വ്യാപൃതയാണ്. കുറുമ്പ ചിത്രകാരന്‍ ബാലസുബ്രഹ്‌മണ്യത്തിന്റെ മകളാണ് കല്‍പ്പന. മൈസൂരുവിലുള്ള കലാനികേതന സ്‌കൂള്‍ ഓഫ് ആര്‍ട്ട് എന്ന സ്ഥാപനം കഴിഞ്ഞവര്‍ഷം അറുപത്തിയഞ്ചുപേര്‍ക്ക് കുറുമ്പ ചിത്രരചനയില്‍ പരിശീലനം നല്‍കി. സി.പി. രാമസ്വാമി അയ്യര്‍ ഫൗണ്ടേഷനും കുറുമ്പ ചിത്രങ്ങളുടെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിച്ചു.
Content Highlights: Article about kurumba pictures


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..