പ്രണയത്തിന്റെ, രതിയുടെ, സ്വയം നിര്‍ണയത്തിന്റെ, നിര്‍ഭയതയുടെ അടയാളമാണ് അനുപമ


By സി. എസ് ചന്ദ്രിക

8 min read
Read later
Print
Share

ജാതി നോക്കാതെ, പ്രായം നോക്കാതെ, വിവാഹിതനാണോ അല്ലയോ എന്നു നോക്കാതെ മോഹം തോന്നിയ പുരുഷനെ പ്രണയിച്ചു, ഒരു കുഞ്ഞു ജനിച്ചു എന്ന കാരണങ്ങള്‍ക്ക് ഇത്രയധികം ക്രൂരമായ സാമൂഹ്യ വിചാരണ ഇക്കാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്

യുഎസ്സിലെ വനിതാവാകാശ പോരാട്ടത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബെർലിനിൽ നടത്തിയ ഐക്യദാർഡ്യ റാലിയിൽ പങ്കെടുക്കുന്ന സ്ത്രീ | ഫയൽ ചിത്രം : Getty images

അനുപമയുടെ സമര പശ്ചാത്തലത്തില്‍ കേരള സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിനായുള്ള ചില ചിന്തകള്‍, നിര്‍ദ്ദേശങ്ങള്‍

2020 ഒക്ടോബര്‍ 19 ന് കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം ഒരു വര്‍ഷം നീണ്ടു നിന്ന പരാതി നല്‍കലുകള്‍ക്കും തിരച്ചിലിനും ഒടുവില്‍ നിവൃത്തിയില്ലാതെ തെരുവിലെത്തി സമരം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കേരളത്തിലെ പൊതു സമൂഹം അനുപമയെ കാണുന്നതും അറിയാന്‍ തുടങ്ങുന്നതും. പ്രായപൂര്‍ത്തിയായ മകളുടെ തീരുമാനം എന്ന നിലയില്‍ കുടുംബത്തിലുള്ളവര്‍ ഈ വിഷയത്തെ സമീപിച്ചിരുന്നെങ്കില്‍, സ്വന്തം ശരീരത്തിലും ലൈംഗികതയിലും പ്രത്യുത്പാദനത്തിലും നിയമപരമായി അവള്‍ക്ക് മൗലികമായ അവകാശങ്ങളുണ്ട് എന്ന് അംഗീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ അനുപമയുടെ ജീവിതം മറ്റൊന്നാകുമായിരുന്നു. അനുപമ മാത്രമല്ല, ഒരു പിഞ്ചു കുഞ്ഞും ഒരു വര്‍ഷക്കാലം നീണ്ട വലിയ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുമായിരുന്നില്ല. അനുപമയുടെ അച്ഛനടക്കമുള്ള കുടുംബാംഗങ്ങള്‍ക്കും ഇപ്പോഴുള്ളതിനേക്കാള്‍ സമാധാനപരമായ ജീവിതം തീര്‍ച്ചയായും ഉണ്ടാകുമായിരുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ജാതിയില്‍ താഴ്ന്ന, നിലവില്‍ മറ്റൊരു ഭാര്യയുണ്ടായിരുന്ന, തന്നേക്കാള്‍ നന്നേ പ്രായക്കൂടുതലുള്ള പുരുഷനുമായുള്ള പ്രണയത്തില്‍ അവിവാഹിതയായിരിക്കെ ഗര്‍ഭം ധരിച്ചു, പ്രസവിച്ചു എന്നതാണ് അനുപമയുടെ കേസ് പ്രമാദമാകുന്നതിനും അമ്മയുടേയും കുഞ്ഞിന്റേയും നേരെ വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നതിനും കാരണമായത്. ജാതിവ്യവസ്ഥയും ജാത്യധികാരവും സാമൂഹ്യ നിര്‍മ്മിതമാണെന്നും മനുഷ്യരെല്ലാം ഒരേ സ്പീഷിസ് ആണെന്നും മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള ബൗദ്ധികമായ, മാനുഷികമായ തുറവിയുണ്ടായിരുന്നെങ്കില്‍ അനുപമ തെരഞ്ഞെടുത്ത പുരുഷന്റെ ദളിത് ജാതി നിലയോടുള്ള അസ്പൃശ്യത ഈ കേസില്‍ ഉയര്‍ന്നു വരില്ലായിരുന്നു.

Anupama
അനുപമയും അജിത്തും | ഫോട്ടോ: മാതൃഭൂമി

1947 ല്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം, ഇന്ത്യയില്‍ നിയമപരമായി പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 15 ആക്കി ഉയര്‍ത്തിയിരുന്നത് 1978ല്‍ 18 വയസ്സാക്കി വീണ്ടും ഉയര്‍ത്തി നിശ്ചയിച്ചിട്ടുണ്ട്. പതിനെട്ടു വയസ്സായാല്‍ നിയമപ്രകാരം, അവളുടെ ശരീരം അവളുടെ സ്വയം നിയന്ത്രണാധികാരത്തിലുള്ളതാണ്. മാതാപിതാക്കള്‍ക്ക് അതില്‍ അധികാരപൂര്‍വ്വം ഇടപെടാന്‍ അവകാശമില്ല. അങ്ങനെ ഇടപെടുന്നത് കുറ്റകൃത്യമാണ്. ഇക്കാര്യം പെണ്‍കുട്ടികളുള്ള എല്ലാ മാതാപിതാക്കളും മുതിര്‍ന്ന സഹോദരന്‍മാരും ഓര്‍ത്തു വെയ്ക്കണം.

anupama
കോടതിയില്‍ നിന്ന് തങ്ങളുടെ കുഞ്ഞിനെ
ഏറ്റുവാങ്ങിയശേഷം അനുപമയും, അജിത്തും
പുറത്തേക്കു വരുന്നു | ഫോട്ടോ: ജി. ബിനുലാല്‍, മാതൃഭൂമി

അംഗീകൃതമായ ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും നിലവിലുണ്ടായിരുന്ന നാടായിരുന്നു കേരളം. പക്ഷേ നമ്മുടെ മുമ്പില്‍ തെളിവുകളുള്ള ഫ്യൂഡല്‍ സാമൂഹ്യ വ്യവസ്ഥയിലെ ബഹുഭാര്യാത്വ സമ്പ്രദായത്തില്‍ പ്രേമമായിരുന്നില്ല സംഭവിച്ചത്. ജാതിശ്രേണിയില്‍ ഒരേ നിലയിലുള്ള, പ്രായവ്യത്യാസം കൊണ്ട് വളരെ മുതിര്‍ന്ന പുരുഷനുമായുള്ള അംഗീകൃത ലൈംഗിക കുടുംബരൂപങ്ങള്‍ ആയിരുന്നു അത്. ഭര്‍ത്താവിന്റെ ഭാഗത്തു നിന്ന് സ്ത്രീകളുടെ നേര്‍ക്ക് ചൂഷണങ്ങളും അക്രമങ്ങളും പ്രായം കൊണ്ട് മൂത്തവരും തീരെ ഇളയവരുമായ ഭാര്യമാര്‍ക്കിടയില്‍ത്തന്നെ അധികാര അസമത്വ ബലാബല പ്രശ്നങ്ങളുമൊക്കെയുണ്ടായിരുന്നു. നവോത്ഥാന കാലത്ത് പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍, ഏറ്റവും അധികം പരിഷ്‌ക്കരിക്കണമെന്ന് ആഗ്രഹിച്ചത് ശൈശവ വിവാഹത്തോടൊപ്പം ഇപ്പറഞ്ഞ ബഹുഭാര്യാത്വവും പിതാവിന്റെ മേല്‍ അവകാശമില്ലാത്ത കുഞ്ഞുങ്ങള്‍ ഉണ്ടാവുന്ന സംബന്ധങ്ങളും ഒക്കെയായിരുന്നു എന്നു നമുക്കറിയാം. 1896 ല്‍ പാസ്സായ മലബാര്‍ മാര്യേജ് ആക്ട് അത്തരം പരിഷ്‌ക്കരണ ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഈ വിവാഹ നിയമങ്ങള്‍, പിതൃസ്വത്തിലും പിന്തുടര്‍ച്ചയിലും അധിഷ്ഠിതമായ പുരുഷകേന്ദ്രീകൃതമായ പിതൃദായക്രമത്തിലേക്ക് മൊത്തം വൈവാഹിക കുടുംബ വ്യവസ്ഥയെ മാറ്റിത്തീര്‍ക്കുന്ന സ്ത്രീവിരുദ്ധത ഉള്ളടങ്ങിയതായിരുന്നു. സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍, കൊളോണിയലിസം, ഇംഗ്ലീഷ് വിദ്യാഭ്യാസം, മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍, ദേശീയ സമരങ്ങള്‍ തുടങ്ങി ഭരണകൂടത്തിന്റേയും വര്‍ഗ്ഗത്തിന്റേയും രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാതൃദായക്രമത്തിലേയും മിശ്ര ദായക്രമത്തിലേയും സ്ത്രീകളുടെ ആര്‍ജ്ജിതമായ ഇടങ്ങളെ മുഴുവന്‍ അട്ടിമറിച്ച് വിവാഹ നിയമത്തിലൂടെ സ്ഥാപിച്ചെടുത്ത പിന്തുടര്‍ച്ചാവകാശ വ്യവസ്ഥയും ഏക പങ്കാളി വിവാഹ വ്യവസ്ഥയും പ്രബലമായപ്പോള്‍ ജാത്യേതര വിവാഹങ്ങള്‍ നടക്കാതിരിക്കാനും അതിനുള്ളില്‍ കടുത്ത നിയന്ത്രണവും ജാഗ്രതയുമുണ്ടായി. പക്ഷേ അപ്പോഴും പുതിയ കുടുംബഘടനയുടെ പുരുഷാധിപത്യ കാര്‍ക്കശ്യങ്ങളെ മറി കടന്നു കൊണ്ടും പ്രണയങ്ങള്‍, ലൈംഗിക ബന്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മനുഷ്യജൈവശാസ്ത്രപരമായ പ്രണയ ലൈംഗികാഭിനിവേശങ്ങള്‍ ആരൊക്കെ എതിര്‍ത്താലും എക്കാലവുമുണ്ടാകും. പക്ഷേ സ്ത്രീകള്‍ സദാചാര നിയമ ലംഘനങ്ങള്‍ നടത്തുന്നതിനെ തടയാന്‍ കുടുംബവും സമൂഹവും സദാ കാവലിരിക്കുന്നുണ്ട്.

അനുപമയ്ക്ക് ഗര്‍ഭകാലത്തും പ്രസവസമയത്തും പങ്കാളിയോടൊപ്പമുള്ള വിവാഹ പദവിയോ കുടുംബമോ ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തില്‍ സ്വന്തം കുടുംബത്തില്‍ അകപ്പെട്ടു പോയി എന്നതാണ് ഈ കേസില്‍ അനുപമ നേരിടേണ്ടി വന്ന തികച്ചും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലം.

ഗര്‍ഭിണിയാണെന്ന കാര്യം ഒളിപ്പിച്ചു വെച്ച് സ്വന്തം അച്ഛനോടും അമ്മയോടുമൊപ്പം വീട്ടില്‍ താമസിക്കേണ്ടി വന്ന സമ്മര്‍ദ്ദത്തിനുള്ളിലും കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനിക്കുമ്പോള്‍ അനുപമയ്ക്ക് പതിനെട്ടു വയസ്സു പിന്നിട്ടിട്ടുണ്ടായിരുന്നു എന്നതു മാത്രമാണ് ഈ കേസില്‍ അനുപമക്കും അജിത്തിനും ലഭിച്ച ഏക പരിരക്ഷ. ആ പരിരക്ഷയുടെ ബലത്തിലാണ്, പ്രസവ ശേഷം തന്റെ കുഞ്ഞിനെ ബലം പ്രയോഗിച്ച് മാറ്റിയ പിതാവിന്റെ കുറ്റകൃത്യത്തെ എതിര്‍ക്കാനും 'എന്റെ കുഞ്ഞിനെ തരൂ' എന്ന് പുറം ലോകത്തോടും ഭരണകൂട നീതി വ്യവസ്ഥയോടും ഉറക്കെ പറഞ്ഞു കൊണ്ട് അവിവാഹിതയായ 22 വയസ്സുളള ഒരു പെണ്‍കുട്ടി കേരളത്തിന്റെ സദാചാര സമൂഹത്തെ നടുക്കിയത്. ഇതിനിടയില്‍ ആദ്യഭാര്യയുമായുള്ള വിവാഹ മോചനം നിയമപരമായി പൂര്‍ത്തിയാക്കി സ്വതന്ത്രനായി വന്ന പങ്കാളിയോടൊപ്പം കുടുംബജീവിതം തുടങ്ങി സമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട അനുപമയുടെ കാഴ്ചയില്‍ മാതൃത്വവും കുഞ്ഞും വേദനയും മാത്രമായിരുന്നില്ല, പ്രണയവും സ്വതന്ത്രതയും സ്ഥൈര്യവും ധീരതയും വ്യക്തതയുള്ള ആശയവിനിമയ ശേഷിയും ഒരുമിച്ചു കാണാനായി എന്നത് ആ നടുക്കത്തിന് ആക്കം കൂട്ടുകയും ചെയ്തു. ഇപ്പോള്‍ 'എന്റെ കുഞ്ഞ് ' എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം പ്രണയത്തിന്റെ, രതിയുടെ, സ്വയം നിര്‍ണ്ണയത്തിന്റെ, നിര്‍ഭയതയുടെ, സന്തോഷത്തിന്റെ തുറന്ന പ്രകടനങ്ങള്‍, അവകാശപ്പെടല്‍ അനുപമയില്‍ ഞാന്‍ കാണുന്നു.

ജന്മിത്വവും രാജവാഴ്ചക്കാലവും അവസാനിച്ചെങ്കിലും ഐക്യ കേരളം സ്ഥാപിതമായെങ്കിലും, ജനാധിപത്യ സര്‍ക്കാരുകള്‍ വന്നെങ്കിലും വിദ്യാസമ്പന്നരായെങ്കിലും ആഗോള ഗ്രാമത്തില്‍ സാങ്കേതിക വിദ്യയുടെ വിസ്ഫോടനത്തിനുള്ളില്‍ ജീവിക്കുന്നവരായി മാറിയെങ്കിലും ജാതി മത, ആണ്‍ പെണ്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിന്റെ പൊതു ബോധമനസ്സില്‍ നിന്ന് ഫ്യൂഡല്‍ പാട്രിയാര്‍ക്കിയുടെ ദുര്‍ഭൂതം ഇന്നും ഇറങ്ങിപ്പോയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍, ആണും പെണ്ണുമടങ്ങുന്ന കുടുംബഗ്രൂപ്പുകളിലടക്കം അനുപമയേയും അജിത്തിനേയും ആക്രമിക്കുന്നത് ഈ ദുര്‍ഭൂതമാണ്. മാറു മറയ്ക്കല്‍ സമരം വിജയിച്ച് രാജവിളംബരം വന്നതിനു ശേഷം ബ്ലൗസിടാന്‍ തുടങ്ങിയ സ്ത്രീകളെ ശകാരിക്കുകയും ആക്രമിക്കുകയും ബ്ലൗസ് വലിച്ചു കീറുകയും ചെയ്ത സ്ത്രീകളുടെ ഉള്ളിലും ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമെന്ന് സുപ്രീം കോടതി വിധി വന്നപ്പോള്‍ ആര്‍ത്തവം അശുദ്ധമാണെന്ന് പറഞ്ഞ് ശബരിമലയില്‍ കയറിയ സ്ത്രീകളെ തെറി വിളിക്കുകയും ശപിക്കുകയും ചെയ്ത സ്ത്രീകളിലും ഫ്യൂഡല്‍ പുരുഷാധിപത്യത്തെ രക്ഷിച്ചു നിര്‍ത്തുന്ന ഇതേ ദുര്‍ഭൂതം തന്നെയാണ് വസിക്കുന്നത്.

വിവാഹേതരബന്ധങ്ങള്‍ നിയമവിരുദ്ധമല്ല എന്ന് സമീപകാലത്ത് വന്നിട്ടുള്ള സുപ്രീംകോടതി വിധി ഇന്ത്യയില്‍ ഇന്ന് നിലവിലുണ്ട്. നിയമപരമായ പോലീസിംഗിനെ പ്രതിരോധിക്കാന്‍ അത് പര്യാപ്തമാണിപ്പോള്‍. പക്ഷേ സമൂഹത്തിന്റെ സദാചാര പോലീസിംഗിനെ പ്രതിരോധിക്കാന്‍ ഇപ്പോഴും അത് അപര്യാപ്തമാണ്. കേരളം പോലെ സാമൂഹ്യമായി വികസിച്ചു എന്നു പറയുന്ന ഒരു സമൂഹത്തില്‍പ്പോലും സ്ത്രീലൈംഗികതയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളിലും പ്രയോഗങ്ങളിലും ഭരണഘടനാപരമായ നിയമങ്ങളെ മാനിക്കാന്‍ പൊതു സമൂഹം തയ്യാറല്ല. ഇത്തരം നിയമങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതു സൂക്ഷ്മമായി നടപ്പിലാക്കുകയും വേണം. യു എ ഇ യില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പുതിയ നിയമപരിഷ്‌ക്കാരങ്ങളില്‍ വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഇന്ന് കാണുകയുണ്ടായി. ഇത്തരം നിയമപരിഷ്‌ക്കാരത്തിന്റെ അന്തസ്സത്തയും കരുതലും ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ സമൂഹത്തിന് കുറേക്കൂടി ഉള്‍ക്കൊള്ളാനും നടപ്പിലാക്കാനും മാതൃകാപരമായി സമീപിക്കാനും കഴിയേണ്ടതാണ്.

dowry

പക്ഷേ ജനാധിപത്യഭരണ വ്യവസ്ഥയുടെ കാലത്തും പഴയ ജീര്‍ണ്ണ ലൈംഗിക സദാചാര വ്യവസ്ഥ, കൂടുതല്‍ ദുര്‍ബ്ബലരായ മനുഷ്യരെ നീരാളി പോലെ കൂടുതല്‍ വരിഞ്ഞു മുറുക്കുകയാണ്. പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ സ്ത്രീ എന്ന നിലയില്‍ അനുപമയും ഫ്യൂഡല്‍ ജാതിവ്യവസ്ഥ നിലനിര്‍ത്തുന്ന ആധുനിക സമൂഹത്തില്‍ ദലിത് എന്ന നിലയില്‍ അജിത്തും നേരിടേണ്ടി വരുന്നത് ഈ ആണധികാര, ജാത്യധികാര ആക്രമണമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ വരുന്ന കമന്റുകള്‍ ശ്രദ്ധിച്ചാല്‍ അതു മനസ്സിലാവും. പൊതുസമൂഹം ഒരു സാമൂഹ്യാചാരം പോലെ കൂട്ടു പിടിക്കുന്നതും നിലനിര്‍ത്തുന്നതും സ്ത്രീ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും എതിര്‍ നില്‍ക്കുന്ന മത, ജാതി, വര്‍ഗ്ഗ അധീശ നിയന്ത്രണങ്ങളുള്ള പുരുഷാധിപത്യപരമായ സദാചാര നിബന്ധനകളെയാണ്. ആ സദാചാര നിബന്ധനയെ അനുസരിക്കാതെ മകള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ ശ്രമിച്ച സാഹചര്യം സൃഷ്ടിച്ചതു കൊണ്ടാണ് അനുപമയുടെ അച്ഛന്‍, പ്രസവിച്ച് മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അനുപമയില്‍ നിന്ന് മാറ്റിയതും ശിശുക്ഷേമസമിതിയില്‍ ഉപേക്ഷിച്ചതും ആ കുറ്റകൃത്യത്തെ മറച്ചു വെയ്ക്കാനായി തന്റെ സ്വാധീനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതും.

നമ്മള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ - 2020കളുടെ തുടക്കത്തിലാണിപ്പോള്‍. ജാതി നോക്കാതെ, പ്രായം നോക്കാതെ, വിവാഹിതനാണോ അല്ലയോ എന്നു നോക്കാതെ മോഹം തോന്നിയ പുരുഷനെ പ്രണയിച്ചു, ഒരു കുഞ്ഞു ജനിച്ചു എന്ന കാരണങ്ങള്‍ക്ക് ഇത്രയധികം ക്രൂരമായ സാമൂഹ്യ വിചാരണ ഇക്കാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. വ്യക്തികളുടെ മൗലികാവകാശവും നീതിയും സ്വാതന്ത്ര്യവും വ്യക്തികള്‍ക്കു ലഭിക്കുന്ന, തുറന്ന ഇടത്താണെങ്കില്‍പ്പോലും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന പൗര സമൂഹവും ജനാധിപത്യ സംസ്‌ക്കാരവും കേരളത്തില്‍ അടിയന്തരമായി ബോധപൂര്‍വ്വം വികസിപ്പിക്കേണ്ടതുണ്ട്. അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളും എഴുത്തുകാരും കലാ പ്രവര്‍ത്തകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും സ്വാതന്ത്ര്യമെന്നാല്‍ ഉത്തരവാദിത്വം കൂടിയാണെന്ന് വിചാരിക്കുന്ന സ്വാതന്ത്ര്യ മോഹികളുമെല്ലാം ചേര്‍ന്ന് കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.

സ്ത്രീധന വിവാഹത്തില്‍ മക്കള്‍ പീഡനമേല്‍ക്കുകയോ കൊല്ലപ്പെടുകയോ ജീവിതം മടുത്ത് സ്വയം മരിച്ചു പോവുകയോ ചെയ്യുന്ന കേസുകള്‍ നമുക്കു മുന്നില്‍ ധാരാളമാണ്. അത്രയും മാരകമായ കുറ്റകൃത്യം അനുപമ സ്വന്തം മാതാപിതാക്കളോട് കാണിച്ചിട്ടുണ്ടോ?

പെണ്‍കുട്ടികളുടെ ജീവിതമെന്നാല്‍ പതിനെട്ടു വയസ്സു കഴിഞ്ഞാലുടനെയുള്ള വിവാഹമോ പ്രസവമോ കുട്ടിയെ വളര്‍ത്തലോ ആണെന്നല്ല അനുപമയുടെ അവകാശത്തിനു വേണ്ടി ഞാന്‍ സംസാരിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്. അങ്ങനെ മാത്രം വായിച്ചെടുക്കാന്‍ താല്പര്യമുള്ളവര്‍ കൂടിയുണ്ട് നമ്മുടെ സമൂഹത്തില്‍ എന്നുള്ളതുകൊണ്ടാണ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടികള്‍ സ്വേച്ഛയാല്‍ അപ്രകാരം ഒരു ജീവിതം നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ അത് തടയാന്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ നിയമപരമായ അവകാശമില്ല എന്നതാണ് വസ്തുത. മാത്രമല്ല, അവള്‍ക്ക് പരാതികളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവളുടെ അവകാശങ്ങള്‍ പരിരക്ഷിക്കാന്‍ ഉത്തരവാദിത്വവുമുണ്ട്. വീട്ടുകാരുടെ താല്പര്യങ്ങള്‍ക്ക് എതിരായി സ്വന്തം ഇഷ്ടങ്ങള്‍ നടപ്പാക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും അത്യാവശ്യവും പ്രായോഗികവും ബുദ്ധിപരവുമായ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. തുടര്‍ന്നുണ്ടാകാവുന്ന കൊടിയ യാതനകളില്‍ നിന്ന് രക്ഷപ്പെടാന്‍ അതു സഹായിക്കും. വലിയ എഴുത്തുകാരിയായ കെ. സരസ്വതി അമ്മ പറയുന്നതു പോലെ, 'ബോധപൂര്‍വ്വമായാലും അബോധപൂര്‍വ്വമായാലും സമരം ചെയ്തേ തീരൂ എന്ന നിലയ്ക്ക് ബോധപൂര്‍വ്വമുള്ള സമരം സ്വീകരിക്കുക, ജയം കിട്ടും എന്നു തീര്‍ച്ചയില്ലെങ്കില്‍ത്തന്നെയും തോല്‍വി പറ്റുമെന്ന് ഭയപ്പെടാതെ കഴിക്കാം.'

ഭാരം ഒഴിവാക്കുന്ന കുടുംബങ്ങൾ

ധാരാളം പെണ്‍കുട്ടികള്‍ കഴിയുന്നത്ര വിദ്യാഭ്യാസം നേടണമെന്നും തൊഴിലും വരുമാനവും വേണമെന്നും എന്നിട്ടു മാത്രം വിവാഹവും പ്രസവവും മതിയെന്നും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ പെണ്‍കുട്ടികളുടെ ഈ താല്പര്യങ്ങളെ മാനിക്കാതെ അവരെ വിവാഹം കഴിപ്പിച്ച് വേഗം 'ഭാരം' ഒഴിക്കുന്ന കുടുംബങ്ങളുമുണ്ട്. മാതാപിതാക്കള്‍ ജാതിയും മതവും കുടുംബ ചേര്‍ച്ചയും നോക്കി തെരഞ്ഞെടുത്ത സ്ത്രീധന വിവാഹത്തില്‍ മക്കള്‍ പീഡനമേല്‍ക്കുകയോ കൊല്ലപ്പെടുകയോ ജീവിതം മടുത്ത് സ്വയം മരിച്ചു പോവുകയോ ചെയ്യുന്ന കേസുകള്‍ നമുക്കു മുന്നില്‍ ധാരാളമാണ്. അത്രയും മാരകമായ കുറ്റകൃത്യം അനുപമ സ്വന്തം മാതാപിതാക്കളോട് കാണിച്ചിട്ടുണ്ടോ?

ഇനി, പുതിയ കാലത്ത് വിവാഹമേ വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികളെ നമ്മുടെ കുടുംബങ്ങളും പൊതുസമൂഹവും എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്? അവര്‍ക്ക് സ്വന്തമായി തൊഴിലും വരുമാനവുമുണ്ടെങ്കില്‍ അവരെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിക്കുമോ? അനുവദിച്ചില്ലെങ്കില്‍ അവര്‍ ശക്തമായി പ്രതികരിച്ചാല്‍ സ്നേഹമില്ലാത്ത മക്കളെന്ന് വിലപിക്കുകയും ശപിക്കുകയും ചെയ്യുമോ? പെണ്‍കുട്ടികള്‍ പെണ്‍മക്കളായാലും ആണ്‍മക്കളായാലും അച്ഛനമ്മമാരുടെ ആരോഗ്യകരമായ സ്വപ്നങ്ങള്‍ക്കനുസരിച്ച് വളര്‍ന്നു വരണമെങ്കില്‍ നമ്മുടെ കുടുംബങ്ങളിലെ അധികാര ബന്ധ സമവാക്യങ്ങള്‍ മാറണം. അച്ഛനും അമ്മയും മക്കളും തമ്മിലുള്ള തുറന്ന സംസാരങ്ങളും വിമര്‍ശനങ്ങളും പങ്കുവെയ്ക്കലുകളും വേണം.

CS Chandrika
സി എസ് ചന്ദ്രിക

18 വയസ്സുള്ള ഒരു മകള്‍ എനിക്കുമുണ്ട്. ഇത്തരം ജനാധിപത്യം കുടുംബത്തില്‍ പ്രയോഗത്തില്‍ വരുത്തിയിട്ടുള്ള അമ്മ എന്ന നിലയില്‍ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും. യഥാര്‍ത്ഥ സ്വാതന്ത്ര്യമുളള ഒരു കുടുംബത്തിനുള്ളില്‍ മക്കള്‍ അവരുടെ പ്രേമത്തക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും നമ്മളോട് പറയും. അവരെ വീട്ടിലേക്ക് കൊണ്ടു വരികയും അച്ഛനമ്മമാര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യും. അവര്‍ രഹസ്യങ്ങള്‍ നമ്മളില്‍ നിന്ന് മറച്ചു വെയ്ക്കുകയില്ല. ബന്ധങ്ങളില്‍ അവര്‍ക്ക് ആശയക്കുഴപ്പങ്ങള്‍ തോന്നുമ്പോള്‍ നമ്മളോട് സഹായം ചോദിക്കും. ഉപേക്ഷിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടാല്‍ ഉപേക്ഷിക്കും. അതിന്റെ വേദനകളില്‍ നമ്മളെ കെട്ടിപ്പിടിച്ച് കരയും, സത്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് അവരെ ശിക്ഷിക്കാനല്ല, ആശ്വസിപ്പിക്കാനും പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ അവരെ സഹായിക്കാനുമാണ് കഴിയേണ്ടത്.

lgbt
2019ൽ സിലിഗുരിയിലെ റെയിൻബോ മാർച്ചിൽ പങ്കെടുത്ത് കൊണ്ട് എൽജിബിടി കമ്മ്യൂണിറ്റിയിലെ രണ്ട് പേർ പരസ്പരം ചുംബിക്കുന്നു | AFP

സ്നേഹം നിലനില്‍പ്പുള്ളതാവണമെങ്കില്‍ കുടുംബ ബന്ധങ്ങള്‍ സുതാര്യവും ജനാധിപത്യപരവുമാവണം. മാതാപിതാക്കളോട് സ്നേഹമുള്ളപ്പോള്‍ തന്നെ പ്രായപൂര്‍ത്തി വന്ന മക്കള്‍ അവരുടെ സ്വന്തം ജീവിതം അവര്‍ക്കിഷ്ടമുള്ളതു പോലെ ആരോഗ്യകരമായി തെരഞ്ഞെടുത്ത് വേറിട്ട് ജീവിക്കാന്‍ പ്രാപ്തമാകുന്നതാണ് ഒരു വികസിത സമൂഹത്തിന്റെ ലക്ഷണം. അങ്ങനെ മാതാപിതാക്കള്‍ക്കും സ്വതന്ത്രമായി അവരുടെ ജീവിതം ജീവിക്കാനും പുതിയ തുറവികള്‍ കണ്ടെത്താനും ഒരു വികസിത സമൂഹത്തില്‍ സാധ്യതകളുണ്ട്. പ്രായമാകുമ്പോള്‍ അവരുടെ ക്ഷേമം പരിരക്ഷിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വവുമുണ്ട്.

ജീര്‍ണ്ണ സദാചാര സമൂഹത്തെ ചികിത്സിക്കുന്ന ജനാധിപത്യവത്ക്കരണത്തിനുള്ള സാധ്യതകള്‍ ഇനിയും വളരെ വലുതാണ്. വിവാഹ, കുടുംബ സങ്കല്പങ്ങള്‍ തന്നെ ഇക്കാലത്ത് മാറിക്കൊണ്ടിരിക്കുകയാണ്. ഭിന്ന ലൈംഗിക സ്ത്രീപുരുഷ വിവാഹവും കുടുംബവുമാണ് ഇന്ന് കേന്ദ്രസ്ഥാനത്തുള്ളത്. അതിന്റെ അധീശ പ്രാമാണ്യത്തത്താല്‍ മാര്‍ജിനുകളിലേക്ക് തള്ളിമാറ്റപ്പെട്ടിരിക്കുന്ന ട്രാന്‍സ്, ഗേ, ലെസ്ബിയന്‍ വിവാഹങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും മിശ്രവിവാഹിതര്‍, ലിവിംഗ് ടുഗതര്‍, പോളി അമറി കുടുംബങ്ങള്‍, അവിവാഹിത, വിവാഹമോചിത, അവിവാഹിതയായ അമ്മ തുടങ്ങിയുള്ള ഏക സ്ത്രീ കുടുംബങ്ങള്‍ക്കും പൊതു ദൃശ്യതയിലേക്ക് പ്രവേശിക്കാന്‍ കഴിയണം. തുല്യ നീതിയും അധികാരങ്ങളും അവകാശങ്ങളും സര്‍ക്കാരിന്റെ അധിക പിന്തുണയും ഇടവും തല്‍ഫലമായി സാമൂഹ്യ പദവിയും ഈ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുമ്പോഴാണ് വൈവിദ്ധ്യാത്മകതകളെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന സന്തോഷമുണ്ടാവുക. ആ സന്തോഷം, സാമൂഹ്യ വികസനത്തിന്റെ പ്രധാനപ്പെട്ട ഒരു സൂചികയാണ്.

content highlights: Anupama case and existence of moral policing in Kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
1
ഇന്ത്യൻ ഗ്രാമീണ കലകൾ

3 min

നാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേര്‍ഷ്യയില്‍ നിന്നെത്തിയ റോഗൺ ചിത്രങ്ങള്‍

May 30, 2023


cheriyal painting
ഇന്ത്യൻ ഗ്രാമീണ കലകൾ

3 min

ആചാരങ്ങളോടെ ചിത്രച്ചുരുൾ നദിയിലൊഴുക്കും, പിന്നീട് മദ്യം വിളമ്പിയുള്ള സദ്യ: ചെറിയാൽ ചിത്രങ്ങൾ

May 20, 2023

Most Commented