ആനന്ദവല്ലി | ഫോട്ടോ: ഗൃഹലക്ഷ്മി
പത്തു വര്‍ഷമായി ഇല്ലാത്ത ആധിയായിരുന്നു പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കു കടന്നപ്പോള്‍ ആനന്ദവല്ലിയുടെ മനസ്സില്‍. അതുവരെ തൂത്തുവാരി വൃത്തിയാക്കിയിരുന്ന ഓഫീസിലേക്ക്് അധികാരിയായി കയറിച്ചെല്ലുന്നതിന്റെ അങ്കലാപ്പ്. പുറത്തുള്ള പാര്‍ട്ടി സഖാക്കളുടെ മുദ്രാവാക്യങ്ങള്‍ പ്രസിഡന്റിന്റെ മുറിയിലും അലയടിക്കുന്നുണ്ടായിരുന്നു. ആ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പാര്‍ട്ടിക്ക് പുറത്തെ ജനസമൂഹവും അന്നവിടെ എത്തിയിരുന്നു.
പ്രസിഡന്റിന്റെ ഓഫീസിന് പുറത്ത് സ്ഥാപിച്ച ആനന്ദവല്ലി എന്ന പേരിലേക്കാണ് ആദ്യം നോട്ടം പോയത്. സ്വപ്നത്തില്‍ പോലും അന്നേവരെ കണ്ടിട്ടില്ലാത്ത ആ നിമിഷത്തെ കുറിച്ചു പറയാന്‍ എളുപ്പമല്ല. കാലങ്ങളായി മാറി മാറി വന്ന അവിടുത്തെ പല പേരുകളും തൂത്ത് വൃത്തിയാക്കിയിരുന്ന ഓര്‍മ്മകള്‍ ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. തനിക്കായി തയ്യാറാക്കിയ പ്രസിഡന്റിന്റെ കസേരയിലേക്ക് അടുക്കുംതോറും മനസ്സില്‍ വല്ലാത്തൊരു ഭീതിയായിരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാധ്യതകളുടെ മറ്റൊരു മാതൃകയാണ് ആനന്ദവല്ലി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക തൂപ്പുജോലിക്കാരി ആയിരുന്ന ആനന്ദവല്ലി ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. സംവരണത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയല്ല ആനന്ദവല്ലി പ്രസിഡന്റായി മാറിയത്. നീണ്ട വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനവും ജനങ്ങള്‍ക്കിടയില്‍ നടത്തിയ ഇടപെടലുകളുമാണ് അവരെ അധ്യക്ഷസ്ഥാനത്ത് എത്തിച്ചത്. അതുകൊണ്ട് കൂടെയാണ് തൂത്തു വൃത്തിയാക്കിയ ഓഫീസിന്റെ അധികാരക്കസേരയില്‍ അവര്‍ ഇരിക്കുമ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം ജോലിയായി കാണുന്നവരോട് അതൊരു ജീവിതരീതിയാണെന്നാണ് അവര്‍ പറഞ്ഞു തരുന്നത്.

പഠിക്കാനായി തുടങ്ങിയതാണ് തൂപ്പുജോലി
അമ്മിണിയുടെയും തങ്കപ്പന്റെയും മകളായാണ് ആനന്ദവല്ലി തലവൂര്‍ ഗ്രാമത്തില്‍ ജനിക്കുന്നത്. വലിയൊരു ജനസമൂഹം കാര്‍ഷികവൃത്തികൊണ്ട് ജീവിക്കുന്ന നാടാണ് തലവൂര്‍. പിതാവ് ഉപേക്ഷിച്ച് പോയതു മുതല്‍ തജീവിത പ്രതിസന്ധികള്‍ തുടങ്ങുന്നു. അമ്മ അമ്മിണി കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്താണ് പിന്നീട് രണ്ടു പെണ്‍ കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്റെ വിശപ്പ് മാറ്റിയത്. തുച്ഛമായ ആ തുക രണ്ടു പേരുടെ പഠനത്തിനും ആഹാരത്തിനും അപര്യാപ്തമായിരുന്നു.
തലവൂര്‍ ദേവി ക്ഷേത്രത്തിലെ തൂപ്പുപണി കൂടെ ചെയ്താണ് അമ്മ അന്നം വിളമ്പിയത്. വിശ്രമമില്ലാതെയുള്ള ആ അധ്വാനം അമ്മയുടെ ശരീരത്തെ തളര്‍ത്തുന്നുണ്ടെന്ന് അനന്ദവല്ലി മനസ്സിലാക്കുകയായിരുന്നു. മറ്റാലോചനകള്‍ക്ക് നില്‍ക്കാതെ ക്ഷേത്രത്തിലെ തൂപ്പുജോലി സ്വയം ഏറ്റെടുത്തു. പിന്നീടങ്ങോട്ട് സൂര്യന്‍ എത്തുംമുന്‍പെ ക്ഷേത്രപരിസരം വൃത്തിയായിരുന്നു. പഠനത്തോടൊപ്പം തന്നെ ജീവിതവും മികച്ച മാതൃകയില്‍ അവര്‍ക്ക് കൊണ്ടുപോകാന്‍ സാധിച്ചു.
സമീപത്തെ നെല്‍പ്പാടങ്ങള്‍ക്കും അനന്ദവല്ലി സുപരിചിതയാണ്. കൊയ്യാനും കറ്റ മെതിക്കാനും മുന്നില്‍തന്നെ ഉണ്ടാകാറുണ്ട്. വീടിന് സമീപത്ത് സാധ്യമായ രീതിയില്‍ പച്ചക്കറി കൃഷിയും ചെയ്തിരുന്നു. പ്രതിസന്ധികളെ കൊയ്തെടുത്ത് മെതിച്ച് പരുവമാക്കാനുള്ള പാഠങ്ങള്‍ ഈ വിധം ചെറുപ്പത്തിലെ ആര്‍ജ്ജിച്ചെടുത്തതാണ്. സൂര്യന്‍ അസ്തമിക്കുന്നതുവരെ അധ്വാനമാണ്. അതിനിടക്കാണ് പഠനം. മികച്ച മാര്‍ക്കോടെ പത്താം ക്ലാസ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പ്രീഡിഗ്രിക്ക് ശേഷം നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സും പൂര്‍ത്തിയാക്കി.
സംഘടനയും ജീവിതവും

1998-ലാണ് വിവാഹം നടക്കുന്നത്. ചെറിയ ചടങ്ങുകളോടെ ബന്ധുവായ മോഹനന്‍ ആനന്ദവല്ലിയുടെ കൈപിടിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ അദ്ദേഹം സി.പി.എം. ലോക്കല്‍ കമ്മിറ്റി മെമ്പര്‍ കൂടെയാണ്. അദ്ദേഹത്തിലൂടെയാണ് അന്നേവരെ കണ്ടു പരിചയം മാത്രമുള്ള ചുവപ്പുകൊടിയുടെ രാഷ്ട്രീയം ആനന്ദവല്ലി മനസ്സിലാക്കുന്നത്. അതിവേഗം ആ ചുവപ്പ് അവരിലേക്കും പടരുകയായിരുന്നു. സാധ്യമായ എല്ലാ പരിപാടികള്‍ക്കും അന്നുമുതല്‍ സഖാക്കളുടെ ഭാഗമായി.
പട്ടിക ജാതി വികസന വകുപ്പ് അനുവദിച്ചു നല്‍കിയ മൂന്നു സെന്റ് ഭൂമിയില്‍ ചെറിയൊരു വീടുവച്ചു. ഓടു മേഞ്ഞ വീട് കനത്ത മഴയില്‍ ഭയപ്പെടുത്തുമെങ്കിലും അതൊന്നും കാര്യമാക്കിയിരുന്നില്ല. പലപ്പോഴും സ്ഥിരമായി മോഹനന് ജോലി ഉണ്ടാകാറില്ല. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മിക്ക സമയങ്ങളിലും പണിക്ക് പോകാന്‍ സാധിക്കാറുമില്ല. വീട് പലപ്പോഴും അര്‍ദ്ധപട്ടിണിയിലായിരുന്നു.
മക്കളായി മിഥുനും കാര്‍ത്തിക്കും വന്നു. അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിലായിരുന്നു മുന്‍ഗണന. വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തനവും ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ ഏറെ പ്രയാസപ്പെട്ടു. അരവയറിനോട് ചേര്‍ത്ത് മുണ്ട് മുറുക്കി ഉടുത്തപ്പോഴും പാര്‍ട്ടിക്കായി നാട്ടില്‍ രണ്ടുപേരും സജീവമായിരുന്നു.
കഷ്ടപ്പാടുകള്‍ കണ്ട് പാര്‍ട്ടിയാണ് ആനന്ദവല്ലിയ്ക്ക് തലവൂര്‍ പഞ്ചായത്തില്‍ സ്വീപ്പര്‍ ജോലി ശരിയാക്കി കൊടുക്കുന്നത്. ഏതാനും വര്‍ഷം കഴിഞ്ഞ് ഭരണം മാറിയപ്പോള്‍ യാതൊരു പരിഗണനയും കൂടാതെ മറ്റൊരാളെ നിയമിക്കുകയായിരുന്നു. പിന്നീട് പാര്‍ട്ടി തന്നെയാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ താല്‍ക്കാലിക സ്വീപ്പര്‍ ജോലിക്കായി നിയമിക്കുന്നത്. അതാണ് ജീവിതത്തിന്റെ സുപ്രധാന ഘട്ടത്തിലേക്കുള്ള വഴിത്തിരിവായത്.
നാട്ടുകാരുടെ വല്ലിച്ചേച്ചി

തുടക്കത്തില്‍ കൂലിയായി കിട്ടിയത് 2000 രൂപയായിരുന്നു. പിന്നീടത് 3000 ആയി. ഒടുവില്‍ 6000 രൂപ. രാവിലെ വന്നാല്‍ ഓഫീസ് അടക്കും വരെ ആനന്ദവല്ലി ബ്ലോക്ക് പഞ്ചായത്തില്‍ തന്നെ ഉണ്ടാകും. വൃത്തിയാക്കല്‍ ജോലി അവസാനിച്ചാല്‍ പിന്നെ പഞ്ചായത്തില്‍ വരുന്നവരെ ആകും വിധം സഹായിക്കും. അപേക്ഷകള്‍ എഴുതാനും മറ്റുമായി അവര്‍ക്കൊപ്പം ആനന്ദവല്ലി ഉണ്ടാകും. ആവശ്യക്കാര്‍ക്കുള്ള ഓരോ വഴിയും കാണിച്ചു കൊടുക്കാന്‍ നീണ്ട കാലത്തെ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള ജീവിതത്തിനിടക്ക് അവര്‍ സ്വായത്തമാക്കിയിരുന്നു. പഞ്ചായത്തില്‍ വരുന്ന ഓരോരുത്തര്‍ക്കും അങ്ങനെയാണ് അവര്‍ വല്ലിച്ചേച്ചിയായി മാറിയത്.
ജീവിതത്തിന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നത് ഈ തിരഞ്ഞെടുപ്പ് കാലത്താണ്. തലവൂര്‍ ഡിവിഷനില്‍നിന്ന് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത് തന്നെയാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷത്തേക്കാള്‍ ഉപരി പരിഭ്രമമായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ചൂടുപിടിച്ചപ്പോള്‍ മറ്റാരേക്കാളും മുന്നില്‍ ആനന്ദവല്ലിക്ക് എത്താന്‍ കഴിഞ്ഞിരുന്നു. വാര്‍ഡില്‍ അറിയാത്തവരായി ആരുംതന്നെ ഇല്ലായിരുന്നു. അത് അനായാസമായ വിജയത്തിലേക്കാണ് നയിച്ചത്. പതിമൂന്ന് അംഗങ്ങളുള്ള ഭരണ സമിതിയില്‍ 7 എല്‍.ഡി.എഫ്., 6 യു.ഡി.എഫ്. എന്ന കണക്കില്‍ ഇടതുപക്ഷം അധികാരത്തിലേറി.
പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രഖ്യാപനവും ഉടനെ വന്നു. മത്സരിക്കാന്‍ പറഞ്ഞപ്പോഴുള്ള അതേ അങ്കലാപ്പിലാണ് അനന്ദവല്ലി അത് കേട്ടത്. പത്തു വര്‍ഷമായി തൂത്ത് തുടച്ചു വൃത്തിയാക്കിയ ഓഫീസിന്റെ അധികാരി ഇനി താന്‍ ആണെന്ന വാര്‍ത്ത അത്രമാത്രം സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആ നാട് അവര്‍ ഏറ്റെടുക്കുകയായിരുന്നു. അത്ര മാത്രം സ്‌നേഹവും പിന്തുണയുമാണ് അവിടുത്തെ ജനങ്ങള്‍ നല്‍കിയത്.
ഒരു സാധാരണ സ്ത്രീയുടെ ഉജ്ജ്വലമായ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ പ്രയാസമുള്ളവരും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ ചിലര്‍ അത് പ്രകടമാക്കാനും ശ്രമം നടത്തി. പാര്‍ട്ടി പ്രവര്‍ത്തന പരിചയവും കാലങ്ങളായി ജനങ്ങള്‍ക്കൊപ്പം ജീവിച്ചതിന്റെ മനക്കരുത്തിനും മുന്നില്‍ എല്ലാം മറികടന്നു. വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ക്കും അവര്‍ ഇന്ന് വല്ലിച്ചേച്ചിയാണ്.
ദീര്‍ഘവീക്ഷണത്തോടെ മറ്റാരേക്കാളും മുന്നിലെത്താനുള്ള കുതിപ്പിലാണ് ആനന്ദവല്ലി. ആദ്യം വിദ്യാഭ്യാസം. ഒപ്പം ഒരു തുണ്ട് ഭൂമി പോലും തരിശായി കിടക്കാതെ കൃഷി ഇറക്കണം. വയോജനങ്ങളെ ചേര്‍ത്തു പിടിക്കണം. പട്ടിണി കിടക്കുന്ന ഒരു വീട് പോലും ഉണ്ടാവരുത്. ഇത്തരത്തില്‍ സര്‍വ്വ മേഖലയിലും തന്റെ നാടിനെ കൈ പിടിച്ച് ഉയര്‍ത്താനുള്ള പോരാട്ടത്തിലാണ് അവരിന്ന്. മികച്ച ഒരു നാടിനെയും ജനതയെയും വാര്‍ത്തെടുക്കാന്‍ തൂത്ത് വൃത്തിയാക്കുക തന്നെയാണ് ഇപ്പോഴും.
Content Highlights: Anandavalli becomes block panchayat president after sweeper for 10 yrs in office | Athijeevanam 68


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..