സോപ്പ് വിറ്റ് പഠനം, ലക്ഷ്യം ജോലി; കടലിന്റെ മക്കള്‍ക്ക് കൈത്താങ്ങാകാന്‍ അഖില്‍ | അതിജീവനം 44


എ.വി. മുകേഷ്‌

6 min read
Read later
Print
Share

കടലില്‍ മഴ പെയ്യുന്നത് കാണാന്‍ അതിമനോഹരമാണെന്ന് അച്ഛന്‍ പണ്ട് പറഞ്ഞതാണ് അപ്പോള്‍ ഓര്‍മ്മ വന്നത്. നിമിഷങ്ങള്‍ കൊണ്ട് കടലിന്റെ ഒരറ്റത്തുനിന്ന് മഴ പെയ്തു വരുന്ന കാഴ്ച കണ്ണില്‍ നിറഞ്ഞു. നോക്കി നില്‍ക്കെ ജനലിലൂടെ മഴ ക്ലാസ്സിലേക്കും എത്തി. പുതിയ യൂണിഫോം നനഞ്ഞു കുതിര്‍ന്നു.

akhil
ലകളും നഗരങ്ങളും പിന്നിട്ട് രണ്ടു മണിക്കൂറിലധികം വേണം വലിയതുറയിലെ വിദ്യാലയത്തില്‍ എത്താന്‍. കാട്ടാക്കടയിലെ തുടലി എന്ന ഗ്രാമത്തില്‍ നിന്നാണ് വലിയതുറയിലേക്ക് പ്ലസ് വണ്‍ പഠനത്തിനായി അഖില്‍ വണ്ടി കയറിയത്. പഠിക്കാനുള്ള ആഗ്രഹത്തിന് മുന്നില്‍ 42 കിലോമീറ്റര്‍ ഒരു ദൂരമെ അല്ലായിരുന്നു.

സ്‌കൂളിന് പുറത്തെ ഗേറ്റില്‍നിന്നുതന്നെ ആര്‍ത്തിരമ്പുന്ന കടലിന്റെ ശബ്ദം അവന്റെ മനസ്സില്‍ ആകാംക്ഷയുടെ വേലിയേറ്റം ഉണ്ടാക്കിയിരുന്നു. ആനി ടീച്ചറിന്റെ നിര്‍ദ്ദേശം അനുസരിച്ച് രണ്ടാം നിലയിലെ ക്ലാസ് മുറിയിലേക്ക് കയറുമ്പോള്‍ മനസ്സ് നിറയെ കടലായിരുന്നു. പുസ്തകങ്ങള്‍ തന്റെ ബെഞ്ചില്‍ വച്ചശേഷം അഖില്‍ മനസ്സുനിറയെ കടലിനെ അത്ഭുതത്തോടെ നോക്കിനിന്നു.

തെളിഞ്ഞ ആകാശം ഇരുണ്ട് കനക്കാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ. ഒപ്പം തണുത്ത കാറ്റും ജനലിലൂടെ വന്ന് ക്ലാസ് മുറിയാകെ ചുറ്റി തിരിഞ്ഞു. പുതുതായി ചേര്‍ന്ന ഓരോരുത്തരായി ക്ലാസ്സിലേക്ക് വരുന്നതേ ഉള്ളൂ. അതുകൊണ്ട് ജനലരികില്‍ തന്നെ കടലില്‍നിന്ന് കണ്ണെടുക്കാതെ നോക്കിനിന്നു.

കടലില്‍ മഴ പെയ്യുന്നത് കാണാന്‍ അതിമനോഹരമാണെന്ന് അച്ഛന്‍ പണ്ട് പറഞ്ഞതാണ് അപ്പോള്‍ ഓര്‍മ്മ വന്നത്. നിമിഷങ്ങള്‍ കൊണ്ട് കടലിന്റെ ഒരറ്റത്തുനിന്ന് മഴ പെയ്തു വരുന്ന കാഴ്ച കണ്ണില്‍ നിറഞ്ഞു. നോക്കി നില്‍ക്കെ ജനലിലൂടെ മഴ ക്ലാസ്സിലേക്കും എത്തി. പുതിയ യൂണിഫോം നനഞ്ഞു കുതിര്‍ന്നു.

കടലില്‍ നിന്നും വീശിയടിച്ച തണുത്തകാറ്റു കൂടെ എത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. കാണാന്‍ ആഗ്രഹിച്ച കാഴ്ചകള്‍ സ്വപ്നത്തിലെന്ന പോലെ അനുഭവിക്കാന്‍ സാധിച്ചു. ആഗഹിച്ചതു പോലെയുള്ള കുറെ കൂട്ടുകാരെയും കിട്ടി. മനസ്സുനിറഞ്ഞാണ് അന്നു വീട്ടിലേക്കുള്ള ബസ്സ് കയറിയത്. കണ്ട കാഴ്ച്ചകള്‍ ആവും വിധം അമ്മയോടും അച്ഛനോടും അനിയനോടും പറഞ്ഞാണ് അന്ന് ഉറങ്ങിയത്.

അടുത്ത ദിവസം സ്‌കൂളില്‍ എത്തിയപ്പോള്‍ മിക്ക ബെഞ്ചുകളിലും കുട്ടികള്‍ ഇല്ലായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ ആണ് ഇന്നലെ കണ്ട് ആസ്വദിച്ച കടലിന്റെ മറ്റൊരു മുഖത്തെ കുറിച്ച് അറിഞ്ഞത്. കണ്ണില്‍ നനവ് പടര്‍ന്നിരുന്നു കേട്ട് തീര്‍ന്നപ്പോഴേക്കും.

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കടലോരത്ത് താമസിക്കുന്ന മൂന്നുകുട്ടികള്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്. പേമാരിയില്‍ മിക്കവര്‍ക്കും പല നഷ്ടങ്ങളും സംഭവിച്ചിട്ടുമുണ്ട്. അപ്രതീക്ഷിതമായ വാര്‍ത്തകള്‍ ഏറെ അലോസരപ്പെടുത്തി. ജനലിലൂടെ നോക്കിയപ്പോള്‍ ശാന്തമായ കടലിന്റെ മറ്റൊരു രൂപമായിരുന്നു അപ്പോള്‍ അഖില്‍ കണ്ടത്.

ഇതുവരെ കണ്ട കാഴ്ച്ചകള്‍ക്കപ്പുറത്താണ് കടലിനെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതം എന്ന് വൈകാതെ തന്നെ മനസ്സിലാക്കാന്‍ സാധിച്ചു. വലിയൊരു ജനതക്ക് പ്രധാന ഉപജീവന മാര്‍ഗ്ഗം കടലാണെന്ന യാഥാര്‍ഥ്യവും ഉള്‍ക്കൊള്ളുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ മിക്ക വിഷയങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകാറില്ല എന്നും അഖിലിന് ബോധ്യമായി. ആ മനുഷ്യരെ പ്രതിസന്ധികളുടെ ചുഴിയില്‍ നിന്നും എങ്ങനെ കരകയറ്റാം എന്ന ചിന്തയായിരുന്നു പിന്നീട്.

മഴയ്‌ക്കൊപ്പം നിന്നു പെയ്യുന്ന ചെറ്റക്കുടിലുകളിലെ മനുഷ്യരുടെ വേദന തന്റെ ഹൃദയത്തിന്റെ ഒരറ്റത്ത് തുന്നിച്ചേര്‍ക്കുകയായിരുന്നു അവന്‍. എന്നാല്‍ വൈകാതെ തന്നെ അഖിലിന്റെ ജീവിതത്തിലും പ്രതിസന്ധികള്‍ ഒന്നൊഴിയാതെ വന്നു. കിലോമീറ്ററുകളോളം നീണ്ട ബസ്സ് യാത്രയും ട്യൂഷന്‍ ഫീസും മറ്റു ചിലവുകളും വലിയ ബുദ്ധിമുട്ടായി കുടുബത്തിന് മാറുകയായിരുന്നു. മുന്നോട്ടുള്ള പഠനത്തിന് തന്നെ അത് വലിയ വെല്ലുവിളി ഉയര്‍ത്തി.

സ്വയം പര്യാപ്തമായ ജീവിത സാഹചര്യം ഉണ്ടാക്കിയാല്‍ മാത്രമെ മുന്നോട്ട് പോകാന്‍ സാധിക്കൂവെന്ന് തിരിച്ചറിയുകയായിരുന്നു. അങ്ങനെയാണ് സോപ്പ് നിര്‍മ്മാണത്തിലേക്ക് വരുന്നത്. പിന്നീടങ്ങോട്ട് ഇന്നുവരെ ഉറക്കമില്ലാത്ത ദിനരാത്രങ്ങള്‍ ആയിരുന്നു.

പഠിച്ച് ഫിഷറീസ് വകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാകണമെന്നാണ് അഖിലിന്റെ ആഗ്രഹം. ഒരു മത്സ്യത്തൊഴിലാളി കുടുംബവും വറുതിയില്‍ വെന്തെരിയരുത്, അതിനായിരിക്കും മുഖ്യ പരിഗണന. ഒപ്പം കടലിന്റെ സംരക്ഷണവും മത്സ്യസമ്പത്ത് കൂടുതല്‍ ഉപയോഗ യോഗ്യമാക്കി സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതുമാണ് മനസ്സില്‍ കുറിച്ചു വച്ചിട്ടുള്ളത്.

akhil

ആദ്യ പാഠങ്ങളും ജീവിതവും

സാധുരാജിന്റെയും ക്രിസ്റ്റല്‍ ബീനയുടെയും രണ്ടുമക്കളില്‍ മൂത്ത കുട്ടിയാണ് അഖില്‍. ചുടലി ഗ്രാമത്തിലെ കൊച്ചു വാടകവീട്ടിലാണ് അവന്‍ നടന്നു തുടങ്ങിയത്. തൊഴിലുറപ്പും നാട്ടുപണിയുമായിരുന്നു കുടുംബത്തിന്റെ പ്രധാന ജീവിത മാര്‍ഗ്ഗം. ചെറുപ്പം മുതലെ ജീവിത പ്രാരാബ്ധങ്ങളുടെ പല ഘട്ടങ്ങളിലൂടെയാണ് അഖില്‍ കടന്നു വന്നത്.

ജി.എച്ച്.എസ്.എസ്. മൈലച്ചലില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. രണ്ടു കിലോമീറ്ററോളം വിജനമായ റബ്ബര്‍ തോട്ടങ്ങളിലൂടെ നടന്നുവേണം വിദ്യാലയത്തില്‍ എത്താന്‍. വീട്ടുപടിക്കല്‍ സ്‌കൂള്‍ വാന്‍ വന്ന് കുട്ടികളെ കൊണ്ടുപോകുന്ന ഈ കാലത്ത് തന്നെയാണ് അഖില്‍ പാട്ടും പാടി ഇത്ര ദൂരം താണ്ടിയിരുന്നത്.

സാമ്പത്തിക ബാധ്യതകള്‍ ഏറെ വലച്ചപ്പോഴും പഠനം ഒരിക്കല്‍ പോലും മുടങ്ങാതെ കൊണ്ടുപോയിരുന്നു. ജീവിച്ചുവന്ന വഴികളുടെ വ്യത്യസ്തതകള്‍ കൊണ്ടു തന്നെയാകണം കരുത്തുറ്റ മനസ്സ് അഖിലിന് കൈമുതലായത്. വൈദ്യുതി പോസ്റ്റുകള്‍ കാണാത്ത ഒട്ടേറെ വീടുകള്‍ ഉണ്ടായിരുന്നു ഗ്രാമത്തില്‍. അതുകൊണ്ട് മണ്ണെണ്ണ വിളക്കുതന്നെയായിരുന്നു അന്നത്തെ ആശ്രയം.

മഴ കൂടെ വന്നാല്‍ റബ്ബര്‍ തോട്ടങ്ങളില്‍ കൂടുതല്‍ ഇരുട്ടു പരക്കും. പിന്നെ അന്നത്തെ പഠനം വിളക്കിന്റെ അരണ്ട വെളിച്ചത്തിലാണ്. എങ്കിലും ഇരുട്ടിനും വെളിച്ചത്തിനും ഇടയ്ക്ക് പത്താം ക്ലാസ്സില്‍ വായിച്ച് നേടിയെടുത്തത് നാല് എ പ്ലസ്സുകളാണ്. നിറഞ്ഞ ചിരിയോടെ ആ കഥ പറയുമ്പോള്‍ ആത്മവിശ്വാസത്തിന്റെ തിളക്കം അഖിലിന്റെ കണ്ണില്‍ നിറഞ്ഞു നിന്നിരുന്നു.

akhil

കടലും കുറേ മനുഷ്യരും

പഠനത്തിന്റെ അടുത്ത ഘട്ടമായ പ്ലസ് വണ്‍ പ്രവേശനത്തിനായി ഒട്ടേറെ വിദ്യാലയങ്ങളില്‍ അപേക്ഷിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചിരുന്നില്ല. കോളങ്ങളില്‍ നിറയെ എ പ്ലസ്സുകള്‍ മാത്രമുള്ളവര്‍ക്ക് പഠിക്കാന്‍ ഇടം നല്‍കി ശീലിച്ച വിദ്യാലയങ്ങളില്‍ അഖില്‍ തഴയപ്പെടുകയായിരുന്നു. അങ്ങനെയാണ് 42 കിലോമീറ്റര്‍ അകലെയുള്ള വലിയതുറ സ്‌കൂളിലേക്ക് എത്തപ്പെടുന്നത്.

ജീവിതത്തിന്റെ നിറം തന്നെ മാറിയത് അവിടെ വച്ചായിരുന്നു. അതിരാവിലെ നാലു മണിക്ക് എഴുന്നേറ്റ് തയ്യാറാവണം. അഞ്ചു മണിയോടെ സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് എത്തും. ഒരുറപ്പും ഇല്ലാത്ത കാത്തുനില്‍പ്പാണ് പിന്നീട്. മിക്കപ്പോഴും ബസ്സ് വരില്ല, അങ്ങനെയുള്ള ദിവസങ്ങളില്‍ 3 കിലോമീറ്ററോളം നടന്ന് അടുത്ത ടൗണില്‍ എത്തിയാലെ ബസ്സ് കിട്ടു. വൈകുന്നേരം 4.30 ന് ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ഇരുട്ട് പടര്‍ന്നു കാണും.

നേരം പുലര്‍ന്ന് ഇരുട്ടും വരെ ഒരു നിമിഷം പോലും വിശ്രമിക്കാതെയുള്ള ഓട്ടമാണ്. എങ്കിലും സ്വപ്നങ്ങളെ കീഴടക്കാനുള്ള ശക്തമായ ആഗ്രഹത്തിന് മുന്നില്‍ അതൊരു പ്രയാസമേ അല്ലായിരുന്നു. ഓരോ തവണയും ജനലിലൂടെ കാണുന്ന കടല്‍ കാഴ്ചകള്‍ അവനെ വിസ്മയിപ്പിച്ചുകൊണ്ടേ ഇരുന്നു. ദിവസങ്ങള്‍ വീണ്ടുമെടുത്തു ആ കരയുടെ അരികില്‍ എത്താന്‍. ഓരോ തവണ കടലിനരികിലേക്ക് പോകുമ്പോഴും നീന്താന്‍ അറിയാത്തതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന അമ്മയുടെ ശാസന മനസ്സില്‍ വരും. അതുകൊണ്ട് ഇന്നുവരെ കടലിനെ തൊടാന്‍ അഖില്‍ തുനിഞ്ഞിട്ടില്ല.

എങ്കിലും കടലിന്റെ നിത്യ സന്ദര്‍ശകനായി അഖില്‍ മാറുകയായിരുന്നു. ആ ഇഷ്ടം വളര്‍ന്ന് കടലിനെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കണം എന്ന ആഗ്രഹത്തിലേക്കാണ് എത്തിയത്. അങ്ങനെയാണ് പ്രദേശത്തെ മത്സ്യ തൊഴിലാളികളുമായി സൗഹൃദത്തിലാകുന്നത്. സുഹൃത്തുക്കളും ഏറെ സഹായിച്ചു.

കാഴ്ചയുടെ മനോഹാരിതക്ക് അപ്പുറമാണ് കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥകള്‍ എന്നു മനസ്സിലാക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. ഒരു വലിയ തിരമാല വന്നാല്‍ പോലും പ്രതിസന്ധിയിലാകുന്ന മനുഷ്യരുടെ അവസ്ഥകള്‍ അഖിലിനെ അലോസരപ്പെടുത്തുകയായിരുന്നു.

പിന്നീടങ്ങോട്ട് ഓരോ ദിവസവും വളരെ വിശദമായി തന്നെ കടലിനെ കുറിച്ച് മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു. അടുത്തറിയും തോറും കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ട ഒന്നാണ് കടല്‍ എന്ന് അഖിലിന് വ്യക്തമായിരുന്നു.

പരന്നുകിടക്കുന്ന മണലില്‍ പ്രത്യാശ്യയുടെ ഒരു തരിപോലും കാണാന്‍ സാധിച്ചിരുന്നില്ല. പ്രാരാബ്ധങ്ങളുടെ കുടിലുകളില്‍ പാതി നിറഞ്ഞ വയറുമായി നില്‍ക്കുന്ന മനുഷ്യരെ മാത്രമാണ് കണ്ടത്. ആളുകളോട് വളരെ അടുത്ത് ഇടപഴകുന്നതുകൊണ്ട് മത്സ്യത്തൊഴിലാളികളുമായി പെട്ടെന്ന് തന്നെ ആത്മബന്ധം സ്ഥാപിക്കാനായി. അതിലൂടെ കടലിനപ്പുറത്തെ ജീവിതത്തെ കുറിച്ച് ഏറെ കുറെ മനസ്സിലാക്കാനും സാധിച്ചു.

വളര്‍ന്നു വരുന്നത് പ്രത്യാശയാണ്

ജീവിത പ്രാരാബ്ധങ്ങള്‍ ഒന്നിന് പുറകെ ഒന്നായി കുടുംബത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അഖിലിന്റെ പഠനം തന്നെ പ്രതിസന്ധിയിലാകുമെന്ന ഘട്ടത്തിലേക്ക് വരെ എത്തി. ഉത്സാഹത്തോടെ സ്‌കൂളിലേക്ക് പോയിരുന്ന അവന്റെ മുഖത്ത് വിഷാദത്തിന്റെ നിഴല്‍ വന്നു മൂടുകയായിരുന്നു. താന്‍ കണ്ട കടല്‍ സ്വപ്നങ്ങള്‍ എല്ലാം തിരിച്ചു വരാത്ത തിരമാല പോലെ ഉള്‍വലിഞ്ഞു പോകുന്നതായാണ് അനുഭവപ്പെട്ടത്.

അങ്ങനെ ഒരു ദിവസമാണ് ആനി ടീച്ചറും ശ്രീലേഖ ടീച്ചറും സാബു മാഷും കൂടെ കരിയര്‍ ഗൈഡന്‍സിന്റെ ഭാഗമായി ക്ലാസ്സില്‍ എത്തുന്നത്. പഠനത്തോടൊപ്പം വലിയ അധ്വാനമില്ലാതെ ചെയ്യാവുന്ന ഒട്ടേറെ വസ്തുക്കളുടെ നിര്‍മാണത്തെ കുറിച്ച് അവര്‍ ക്ലാസ് എടുത്തു. സോപ്പ് നിര്‍മാണം മുതല്‍ ഓരോന്നായി അവര്‍ ചെയ്തു കാണിക്കുകയായിരുന്നു. അലസമായി അതും കേട്ടിരിക്കുമ്പോഴാണ് മനസ്സില്‍ ശരിക്കും ബള്‍ബ് കത്തിയത്. എങ്ങനെയെങ്കിലും ഇതില്‍ ഏതെങ്കിലും പഠിച്ചെടുക്കണം എന്ന ചിന്തയായിരുന്നു പിന്നീട്.

പക്ഷെ ഒരിക്കലും അവസാനിക്കാത്ത സംശയങ്ങളായിരുന്നു. സോപ്പ് നിര്‍മ്മാണ രീതിയെ കുറിച്ച് അധ്യാപകരോട് തന്നെ വീണ്ടും വീണ്ടും ചോദിച്ചു മനഃപാഠമാക്കി. അസംസ്‌കൃത വസ്തുക്കള്‍ കിട്ടുന്ന കടയും കണ്ടുപിടിച്ചു. പക്ഷെ സാധനങ്ങള്‍ വാങ്ങാനുള്ള പണം എങ്ങനെ സ്വരൂപിക്കുമെന്നറിയാതെ വിഷമിച്ചു.

അഖിലിന്റെ വിഷാദത്തോടെയുള്ള മുഖം കണ്ട അമ്മയാണ് കാര്യം തിരക്കിയത്. എരിഞ്ഞു തീരാറായ മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്ത വെളിച്ചത്തില്‍ അവന്‍ തന്റെ സ്വപ്നങ്ങളുടെ കെട്ടഴിക്കുകയായിരുന്നു. ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയ അമ്മ ഒരു പിടി ചുരുട്ടിയ പത്തിന്റെയും ഇരുപതിന്റെയും നോട്ടുകളുമായാണ് വന്നത്. സന്തോഷം കൊണ്ട് അവന്റെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞിരുന്നു.

ഒട്ടും വൈകാതെ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി സോപ്പ് നിര്‍മ്മാണം തുടങ്ങി. നിര്‍മ്മാണ രീതികളെ കുറിച്ച് നന്നായി പഠനം നടത്തിയത് കൊണ്ട് ആദ്യ ശ്രമം തന്നെ വിജയിച്ചു. ആദ്യ സോപ്പ് അമ്മക്ക് കൊടുത്ത് കൈകഴുകാന്‍ പറഞ്ഞു, വെള്ളത്തിലേക്ക് സോപ്പ് ലയിച്ചപ്പോള്‍ ഉണ്ടായ സുഗന്ധം കൊണ്ടുതന്നെ അവരുടെ മനസ്സ് നിറഞ്ഞിരുന്നു. യുദ്ധം ജയിച്ച പോരാളിയുടെ മനസ്സായിരുന്നു അപ്പോള്‍.

akhil

നിര്‍മ്മാണത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ വില്‍പനയെയും കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ആദ്യമായി ഉണ്ടാക്കിയ സോപ്പുകളുമായി സ്‌കൂളില്‍ പോകും വഴി ഈസ്റ്റ് ഫോര്‍ട്ടിന്റെ തെരുവിലൂടെ അവന്‍ നടന്നു. കണ്ടവര്‍ക്കൊക്കെ സോപ്പ് പരിചയപ്പെടുത്തി കൊടുത്തു. വില്‍പ്പനയ്ക്കായി സമയം ക്രമീകരിച്ചു.

പരസ്യങ്ങളില്‍ കാണുന്ന കണ്ണഞ്ചിപ്പിക്കുന്ന വസ്തുക്കള്‍ മാത്രം വാങ്ങി ശീലിച്ച മലയാളിക്ക് അഖിലിന്റെ സോപ്പ് പരീക്ഷിക്കാന്‍ വലിയ പ്രയാസമായിരുന്നു. എന്നാല്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് പൂര്‍ണ്ണ പിന്തുണയായിരുന്നു. അവര്‍ മറ്റ് സോപ്പുകള്‍ എല്ലാം നിര്‍ത്തി അഖിലിനെ മാത്രം ആശ്രയിച്ചു. അത്രത്തോളം ഗുണമേന്മയുള്ള സോപ്പുകളായിരുന്നു നിര്‍മ്മിച്ചുകൊണ്ടിരുന്നത്. വൈകാതെ തന്നെ നഗരങ്ങള്‍ക്കും അഖിലിന്റെ പേരില്ലാത്ത സോപ്പ് പ്രിയപ്പെട്ടതായി. അവന്‍ വരുന്നതും കാത്ത് സോപ്പ് വാങ്ങാന്‍ നില്‍ക്കുന്നവരും നഗരത്തിന്റെ കാഴ്ചയായി.

akhil

സോപ്പ് വിറ്റു കിട്ടുന്ന പണം കൊണ്ട് പഠനം സുഗമമായി പോകാന്‍ തുടങ്ങി. ബാക്കി വരുന്നത് ചില്ലറ തുട്ടുകളാണെങ്കിലും അമ്മയെ കൃത്യമായി ഏല്‍പിക്കാനും മറന്നില്ല. ലാഭം ലക്ഷ്യമാക്കിയുള്ള നിര്‍മ്മാണം അല്ലാത്തതുകൊണ്ടും കൃതിമം കാണിക്കാനുള്ള മാര്‍ക്കറ്റിങ് തന്ത്രം അറിയാത്തതുകൊണ്ടും ചിലവ് കഴിഞ്ഞ് അധികം ഒന്നും ഉണ്ടാവാറില്ല. എങ്കിലും സ്വയം അധ്വാനിക്കുന്ന പണം കൊണ്ട് പഠിക്കുന്നതില്‍ അവന്‍ ഏറെ സന്തോഷം കണ്ടെത്തി.

എത്രയും വേഗം ഫിഷറീസ് വിഭാഗത്തില്‍ ജോലി സമ്പാദിച്ച് മത്സ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരണം. കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ പ്രയാസങ്ങള്‍ എല്ലാം പരിഹരിക്കപ്പെടണം. ഈ സ്വപ്നങ്ങള്‍ക്കെല്ലാം അരികെയാണിന്ന്. ഒപ്പം ലോകത്തെ ഏറ്റവും ഗുണമേന്മയുള്ള സോപ്പ് നിര്‍മ്മിക്കണം എന്നതു കൂടെയാണ് ആഗ്രഹം. അഖില്‍ യഥാര്‍ത്ഥത്തില്‍ പ്രത്യാശയുടെ വിത്താണ്. വളര്‍ന്ന് മരമായി സമൂഹത്തിനാകെ തണല്‍ നല്‍കാനുള്ള അനുഭവങ്ങള്‍ ആ ഹൃദയത്തില്‍ ഉണ്ട്.

content highlights: akhil student who wants to help fisheries department

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.

4 min

വഴിയുണ്ട് പൂട്ടാന്‍; ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

Sep 22, 2023


.
Premium

6 min

ബോംബിട്ടും തീയിട്ടും സ്ത്രീകൾ നേടിയെടുത്ത അവകാശം, രാജാവിന്റെ കുതിരയുടെ ഇടിയിൽ രക്തസാക്ഷിയായ എമിലി

Sep 22, 2023


.മാന്ദന ചിത്രങ്ങള്‍

2 min

നാടോടിപ്പാട്ടുകള്‍ പാടിക്കൊണ്ട് ചിത്രരചന, കൂട്ടായ്മയുടെ അഴകാണ് മാന്ദന ചിത്രങ്ങള്‍

Sep 22, 2023


Most Commented