ഒളിഞ്ഞുനോട്ടത്തെ വെല്ലുവിളിക്കുന്ന റിമയുടെ സ്വതന്ത്ര ശരീരം | മാറട്ടെ കേരളം


സി എസ് ചന്ദ്രിക



ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയും മാറിടവും കാലുകളും പുറത്തു കാണിച്ച് നടക്കണമെന്ന പുരുഷ സദാചാര നിയമ ശാസനത്തിന് എതിരെ സമരം ചെയ്ത മലയാളി സ്ത്രീകളുടെ നാട് കൂടിയാണിത്.

റിമ കല്ലിങ്കൽ | ഫോട്ടോ:മാതൃഭൂമി

മകാലിക മലയാള സിനിമാരംഗത്തുനിന്ന് ബുദ്ധിപരവും സര്‍ഗ്ഗാത്മകവും രാഷ്ട്രീയവുമായി എപ്പോഴും മികച്ച പ്രതികരണങ്ങളും ഇടപെടലുകളും നടത്തുന്ന അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. അതിനാല്‍ത്തന്നെ റിമയുടെ ഇടപെടലുകള്‍ എപ്പോഴും വിവാദമോ ചര്‍ച്ചയോ ആയി മാറുന്നത് സ്വാഭാവികമാണ്. സ്ത്രീ പറയരുതെന്ന്, ചെയ്യരുതെന്ന് കേരള സമൂഹം പ്രബലമായി വെച്ചു പുലര്‍ത്തുന്ന നിയന്ത്രണങ്ങളെയാണ് റിമ പലപ്പോഴും ലംഘിക്കുന്നത്. പുരുഷാധിപത്യ മനസ്സുള്ളവരുടെ ഭാഗത്തുനിന്ന് എതിര്‍പ്പും പരിഹാസവും അശ്ലീലവിളികളും അതിനോട് അപ്പഴപ്പോള്‍തന്നെ ഉയരുന്നു. അതേസമയം, പുരുഷാധിപത്യത്തെ എതിര്‍ക്കണമെന്നാഗ്രഹിക്കുന്ന കുറേ സ്ത്രീകളും പുരുഷന്‍മാരും റിമയെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്.

സാമ്പ്രദായിക ശീലങ്ങളില്‍നിന്ന് മാറ്റം ആഗ്രഹിക്കുന്നവരോട് അത് തുറന്ന് പ്രകടിപ്പിക്കാനും ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്യമായി തന്റെ ഒപ്പം നില്‍ക്കാനും റിമ ബോധപൂര്‍വ്വമല്ലെങ്കിലും അവരെ നിര്‍ബ്ബന്ധിതരാക്കുന്നുണ്ട്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ആസൂത്രിതമായ ക്വട്ടേഷന്‍ ലൈംഗികാക്രമണം നേരിട്ട സഹപ്രവര്‍ത്തകയും കൂട്ടുകാരിയുമായ നടിക്ക് നീതി ലഭിക്കാനായി, ആരോപണ വിധേയനായ നടന്‍ ദിലീപ് അടങ്ങുന്നവര്‍ക്കെതിരെയും ദിലീപിനെ പിന്തുണക്കുന്നവര്‍ക്കെതിരെയുമുള്ള പോരാട്ടത്തിന്റെ ഭാഗമായി നടത്തിയ നൃത്ത പരിപാടിയില്‍ 'അവള്‍ക്കൊപ്പം' എന്ന പോസ്റ്റര്‍ പിടിച്ച് വേദിയില്‍ നിന്ന റിമ തുടങ്ങിവെച്ച 'അവള്‍ക്കൊപ്പം' എന്ന ഹാഷ് ടാഗ് സമരം സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നും നിറഞ്ഞു നിൽക്കുകയാണ്.

റിമ കല്ലിങ്കല്‍ | ഫോട്ടോ:പോള്‍ ബത്തേരി

പൊരിച്ച മീന്‍ കഷണത്തെക്കുറിച്ച് റിമ പറഞ്ഞപ്പോഴും ഒരു വിഭാഗത്തിന്റെ പരിഹാസവും മറ്റൊരു വിഭാഗത്തിന്റെ പിന്തുണയും ഉണ്ടായിട്ടുണ്ട്. വീടുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ലിംഗവിവേചനം എങ്ങനെയാണ് ഭക്ഷണം നല്‍കുന്നതിലും അടങ്ങിയിട്ടുള്ളത് എന്നതിന്റെ സ്വാനുഭവ ഉദാഹരണ വിവരണമായിരുന്നു റിമ നടത്തിയത്. ഈ വിവേചനം ഒരു സാമൂഹ്യ വ്യവസ്ഥയാണ്. പിതൃമേധാവിത്വ സാമൂഹ്യ വ്യവസ്ഥക്കു കീഴിലുള്ള കുടുംബവ്യവസ്ഥയില്‍ ഈ വിവേചനം തിരിച്ചറിയുന്നവരും അതിനു നേര്‍ക്ക് അപ്പോഴല്ലെങ്കില്‍ പിന്നീടെപ്പോഴെങ്കിലും പ്രതികരണിക്കണമെന്ന് ആഗ്രഹിക്കുന്നവരുമായ പെണ്‍കുട്ടികള്‍ക്ക് റിമ ആവേശകരമായ പ്രചോദനമാകുന്നത് ഈ വിളിച്ചു പറയലുകളിലൂടെയാണ്.

'മീ റ്റൂ' കേസില്‍ ആരോപണവിധേയനായ തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് ഓ.എന്‍.വി. പുരസ്‌ക്കാരം നല്‍കരുതെന്ന് സിനിമാ രംഗത്തുനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞതും റിമയായിരുന്നു. സിനിമാ തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനായി തൊഴില്‍സ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമം അനുസരിച്ചുള്ള ഇന്റേണല്‍ കമ്മറ്റികള്‍ ഉണ്ടാകണമെന്ന ഡബ്ലു.സി.സിയുടെ ആവശ്യത്തിനുവേണ്ടി കാര്യമായി ഹോംവര്‍ക്കു ചെയ്യുകയും സംഘടനാപരവും വ്യക്തിപരവുമായ തലങ്ങളില്‍ ഇതേ ആവശ്യത്തിനു വേണ്ടി പൊരുതുകയും ചെയ്യുന്ന റിമയിലെ പോരാളിയെ കണ്ട് എന്നെപ്പോലെ സന്തോഷിക്കുന്ന എത്രയോ അധികം പേരുണ്ട്!

റിമ കല്ലിങ്കല്‍ | ഫോട്ടോ:അഖില്‍ ഇ.എസ്‌

ഏറ്റവും ഒടുവില്‍, കൊച്ചിയില്‍ നടന്ന രാജ്യാന്തര റീജ്യണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കാനെത്തിയ റിമയുടെ വസ്ത്രധാരണമാണ് റിമയെക്കെതിരായ മറ്റൊരു സൈബര്‍ ആക്രമണം തൊടുത്തുവിട്ടത്. മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ സെക്സിസത്തെ ശക്തിയുക്തം എതിര്‍ക്കുന്ന റിമ അന്നവിടെ സംസാരിച്ച കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച് ധരിച്ച മിനി സ്‌കര്‍ട്ടിന്റെ നീളത്തെക്കുറിച്ചും പുറത്തു കാണുന്ന കാലുകളുടെ നഗ്നതയെക്കുറിച്ചുമാണ് സദാചാര പ്രകോപിതരായവര്‍ ഉല്‍ക്കണ്ഠപ്പെട്ടതും രോഷാകുലരായതും. മലയാള സിനിമാരംഗത്ത് എന്തുകൊണ്ട് പീഡനപരിഹാര സമിതികള്‍ ഇത്രയും കാലം ഉണ്ടായില്ല എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ തിരയേണ്ടതിനു പകരം, തുടകള്‍ പുറത്തു കാണിച്ചു കൊണ്ട് ലൈംഗികാതിക്രമത്തെക്കുറിച്ച് സംസാരിക്കാന്‍ എന്തവകാശം എന്ന പുരുഷാധികാര അക്രമമാണ് സൈബറിടത്തില്‍ റിമക്കു നേരെ ഉണ്ടായത്.

വോയറിസ്റ്റിക് ആയ ചിലരുടെ ലക്ഷ്യങ്ങളും പിഴച്ചില്ല.

റിമ വേദിയില്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരിലെ വോയറിസ്റ്റുകളായ ചില മാധ്യമ ക്യാമറക്കാരുടെ ഉന്നം ഒട്ടും പിഴച്ചില്ല. അവരുടെ ആണ്‍ ലൈംഗികാസക്തമായ നോട്ടം അതേ അളവില്‍ അവര്‍ ആണ്‍സമൂഹത്തിന്റെ മുന്നിലേക്കു വെച്ചു കൊടുക്കുകയായിരുന്നു. ഒരു കാര്യം വ്യക്തമാക്കട്ടെ. റിമ മാത്രമല്ല, കേരളത്തില്‍ ധാരാളം പെണ്‍കുട്ടികള്‍ ചെറിയ വസ്ത്രങ്ങള്‍ ഇട്ട് നടക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പുരുഷന്‍മാരുടെ വോയറിസ്റ്റ് നോട്ടങ്ങളേയും ലൈംഗികാക്രമണത്തേയും ഭയക്കുന്നതു കൊണ്ടു മാത്രമാണ് പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ട വേഷം ധരിച്ച് പുറത്തിറങ്ങാത്തത്.

കേരള സമൂഹത്തിലെ സ്ത്രീകള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ഏതാണ്ട് പകുതി വരേയും മാറിടവും കാലുകളും പുറത്തു കാണിച്ച് നടക്കണം എന്നതായിരുന്നു അന്നത്തെ പുരുഷ സദാചാര നിയമ ശാസനം. അങ്ങനെയെങ്കില്‍ ഞങ്ങള്‍ അതു പുറത്തു കാണിക്കില്ല എന്ന് പ്രഖ്യാപിച്ച് സാമുദായിക പുരുഷാധികാരത്തിനെതിരെ പതിറ്റാണ്ടുകളോളം സമരം ചെയ്ത മലയാളി സ്ത്രീകളുടെ നാട് കൂടിയാണിത്. അവരുടെ പോരാട്ടവീര്യം തലമുറകളായി പകര്‍ന്നു കിട്ടിയവരിലെ ഇന്നത്തെ ഇളം തലമുറക്കാരിലൊരാളാണ് റിമ എന്ന് എതിര്‍ക്കുന്നവര്‍ മനസ്സിലാക്കിയാല്‍ നല്ലത്.

ഇത്തരം കയ്യേറ്റങ്ങള്‍, എതിര്‍പ്പുകള്‍ അവരിലെ പോരാട്ടത്തെ കൂടുതല്‍ ശക്തമാക്കുകയേയുള്ളു. മൂടിവെക്കണം എന്ന് നിങ്ങള്‍ നിയന്ത്രിക്കുകയാണെങ്കില്‍ അത് തുറന്നുവെക്കാനുള്ള സ്വാതന്ത്ര്യബോധം പോരാളികളായ സ്ത്രീകളുടെ കൂടപ്പിറപ്പാണ്. ലോകമാകെയും അതങ്ങനെയാണ്. അതിനെ തകര്‍ക്കാനോ തളര്‍ത്താനോ ആര്‍ക്കും കഴിയില്ല. ഇന്ന് പല രാജ്യങ്ങളിലും സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് സ്വാതന്ത്ര്യത്തോടെ നടക്കുന്നത് കഴുത്തു വരെ മൂടിയിരുന്ന മുഴുനീള ഗൗണില്‍നിന്നുള്ള വിമോചനപ്പോരാട്ടത്തിന്റെ ഫലമായിട്ടാണ്. അത്തരത്തിലുള്ള ഒരു വസ്ത്ര സമരത്തിന്റെ കാലമാണ് ഇനി കേരളത്തേയും കാത്തിരിക്കുന്നത്. ലിംഗാധികാരികളായ പുരുഷന്മാരെ ഇന്നത്തെ പെണ്‍കുട്ടികള്‍ ഇനിയും പുതിയ പാഠങ്ങള്‍ പഠിപ്പിക്കുക തന്നെ ചെയ്യും.

റിമ കല്ലിങ്കല്‍ | ഫോട്ടോ:മാതൃഭൂമി

സ്വാതന്ത്ര്യബോധമുള്ള ഇന്നത്തെ പെണ്‍കുട്ടികള്‍ അവരുടെ ശരീരത്തെ ഒരു ലൈംഗികവസ്തുവായിട്ടല്ല കാണുന്നതും അനുഭവിക്കുന്നതും. അതവരുടെ സമ്പൂര്‍ണ്ണ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതില്‍ സ്വാഭാവികമായും സൗന്ദര്യ പ്രകടന മോഹവും ആത്മവിശ്വാസവും സ്വതന്ത്രതയുമുണ്ട്, ഇഷ്ടങ്ങളും ലിംഗസമത്വ രാഷ്ട്രീയവുമുണ്ട്. ഈ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്ന വേറൊരു സ്വതന്ത്രലോകമുണ്ട്. അവിടെ അവര്‍ എന്തു വസ്ത്രം ധരിച്ചാലും ശരീരത്തിലേക്ക് തുറിച്ചു നോക്കാത്ത, ലൈംഗിക കയ്യേറ്റം നടത്താത്ത പുരുഷ സമൂഹത്തെയാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിനുള്ള ഒരു കാരണം എന്ന് വാദിക്കുന്ന വികല മനസ്സുള്ള സമൂഹത്തെയാണ് അവര്‍ക്ക് ഇവിടെ നേരിടേണ്ടി വരുന്നത്. നമ്മുടെ പോലീസ് സംവിധാനം പോലും ഈ ചിന്താഗതി വെച്ചു പുലര്‍ത്തുമ്പോള്‍ എവിടെനിന്നാണ് നീതിപൂര്‍വ്വകമായ സമീപനം ലഭിക്കുക?

ഇങ്ങനെയുള്ള ഒരു സമൂഹത്തിനുള്ളില്‍ നിന്നുകൊണ്ട്, സ്വന്തം ഇഷ്ടങ്ങള്‍ പ്രയോഗിക്കുന്ന, ആസ്വദിക്കുന്ന, പുരുഷാധീശത്വത്തെ വിറളി പിടിപ്പിക്കുന്ന, സ്വാതന്ത്ര്യവും സുരക്ഷയും സ്ത്രീകളുടെ അവകാശമാണെന്ന് ആവര്‍ത്തിച്ച് പറയുകയും പോരാടുകയും ചെയ്യുന്ന റിമയ്ക്ക് സിനിമയുടെ ഗ്ലാമര്‍ സഹായത്തിനുണ്ടായിട്ടും സദാചാര ആക്രമണങ്ങളില്‍നിന്ന് രക്ഷ കിട്ടുന്നില്ല എന്നത് മറ്റു പെണ്‍കുട്ടികളെ അവരുടെ ഇഷ്ടങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാതിരിക്കട്ടെ. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവരുടെ ആഗ്രഹത്തിനും സ്വാതന്ത്ര്യത്തിനും ആത്മവിശ്വാസത്തിനും മുന്നില്‍ മാറട്ടെ കേരളം.

Content Highlights: about voyeuristic looks and the cyber attack aganist rima kallingal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented