%20(1).jpg?$p=8460e6c&f=16x10&w=856&q=0.8)
വിനായകൻ | ഫോട്ടോ:മുരളീകൃഷ്ണൻ.ബി
ജാതീയവെറിയുള്ള ഈ സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നിലിരുന്ന് പൊതു സമൂഹത്തോട് തന്റെ ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ച് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയാന്‍ കഴിയുമെന്ന് വിനായകന് സ്ഥാപിച്ചുവെന്നത് വാസ്തവം തന്നെ. വിനായകന് സിനിമാ താരമായതു കൊണ്ടാണ് അത് ഈ വിധം സാധ്യമായത്. തുടര്‍ന്ന് വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും ആശയക്കുഴപ്പത്തിലകപ്പെട്ട് അനുകൂലിക്കാതേയും പ്രതികൂലിക്കാതേയുമൊക്കെ വ്യത്യസ്തങ്ങളായ പ്രതികരണങ്ങള്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും ഭാഗത്തു നിന്ന് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്.
ഈ പ്രതികരണങ്ങള്‍ക്കിടയില്‍ വിനായകന്റെ ജാതിക്കും രൂപത്തിനും നിറത്തിനും ഭാഷയ്ക്കും നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കൃത്യമായും പ്രകോപിതരായ സവര്‍ണ്ണതാ ആണത്ത അധീശതയുടെ കുത്സിത സ്വഭാവമുണ്ടെന്ന് കാണാം. അതിനാല്‍ അത്തരം ആക്രമണങ്ങളെ പിന്തുണയ്ക്കുക്കുന്നവര് ഫലത്തില്‍ ദലിത് സമൂഹത്തിലെ പുരുഷന്മാരെ ഒന്നാകെയാണ് വിനായകനൊപ്പം പ്രതിസ്ഥാനത്തു നിര്‍ത്താനാഗ്രഹിക്കുന്നത്. അതിനെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും തന്നെ വേണം. അങ്ങനെ എതിര്‍ക്കുമ്പോള്‍ തന്നെ മലയാള സിനിമാ രംഗത്ത് കൊടികുത്തി വാഴുന്ന സവര്‍ണ്ണ പുരുഷാഹന്തയെ വിനായകന് ഏതു വിധത്തില്‍, എങ്ങനെയൊക്കെ പരിക്കേല്പിച്ചിട്ടുണ്ട് എന്നത് പിന്നീട് മറ്റൊരു തലത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും ഉചിതം.
.jpg?$p=f89410e&w=610&q=0.8)
മാധ്യമ പ്രവർത്തകർക്ക് നേരെ നടത്തിയ പെർഫോമൻസ്
'ഒരുത്തി' എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള പത്ര സമ്മേളനത്തില്‍ വിനായകന് നേരെ വന്ന മീ റ്റൂ ചോദ്യത്തെ തുടര്‍ന്ന് വിനായകന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വിരല്‍ ചൂണ്ടി നടത്തിയ 'പെര്‍ഫോമന്‍സും' അതിനുള്ളിലെ സ്ത്രീവിരുദ്ധതയും ലൈംഗികാഗ്രഹം തുറന്നു ചോദിക്കാന്‍ പുരുഷന് നിയന്ത്രണമൊന്നും പാലിക്കേണ്ടതില്ലെന്ന പുരുഷ ലൈംഗികാസക്തി സംബന്ധിച്ച അധികാരവുമാണ് കേന്ദ്ര പ്രമേയം. ഞാന്‍ യൂ ട്യൂബില്‍ ശ്രദ്ധിച്ച് കാണുകയായിരുന്നു. തീര്‍ച്ചയായും ഏതൊരു പുരുഷ താരത്തേയും വെല്ലുന്ന അധീശതയോടെ അയാള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തന്റെ തനതായ ഭാഷയിലും ശൈലിയിലും തട്ടിക്കയറുകയും ചോദ്യങ്ങള്‍ തിരിച്ചു ചോദിച്ച് സ്വയം പ്രതിരോധിക്കുകയും ഹാസ്യത്തിന്റെ മേമ്പൊടിയിലാറാടിച്ച് വേദിയിലുള്ളവരേയും മാധ്യമപ്രവര്‍ത്തകരേയും ചിരിപ്പിക്കുകയും സ്വയം ചിരിക്കുകയും ചിലതെല്ലാം പഠിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴൊക്കെയും പുരുഷന് എന്ന നിലയില്‍ അയാളുടെ ഉള്ളിലുള്ള പുരുഷ ലൈംഗികാധികാരത്തിന്റെ ഉന്മത്തമായ പ്രകടനങ്ങള്‍ പുറത്തു ചാടി ആപല്‍ക്കരവും വിനാശകരവുമായ അര്‍ത്ഥങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള ആണധികാര ലൈംഗിക സ്വാതന്ത്ര്യം പൊതുവേ പുരുഷന്മാര്ക്ക് ഈ സാമൂഹ്യ വ്യവസ്ഥ അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്.
സ്ത്രീകളുടെ 'നോ' 'യെസ്' ആകുമ്പോൾ
പുരുഷന് യഥേഷ്ടം 'തട്ടാനും മുട്ടാനും വളയ്ക്കാനു'മുള്ളവരാണ് സ്ത്രീകള്‍ എന്ന് വാത്സ്യായന കാമശാസ്ത്രം സ്ഥാപിച്ചു വെച്ചിട്ടുള്ള ലൈംഗിക സംസ്ക്കാരമാണ് ഇവിടെയുള്ളത്. സമ്മതം ചോദിക്കുമ്പോള്‍ സ്ത്രീകള്‍ 'നോ' എന്ന് പറഞ്ഞാലും അത് 'യെസ്' ആണെന്ന് പുരുഷന് കരുതണം എന്നാണ് വാത്സ്യായനന്‍ വിവരിക്കുന്നത്. കാരണം, കുലീന സ്ത്രീകള്‍ ഒരിക്കലും സമ്മതമാണ് എന്ന് നേരിട്ട് പറയുകയില്ല! ഏതു സ്ത്രീയോട് ലൈംഗികാസക്തി തോന്നിയാലും അവളോട് അത് പ്രകടിപ്പിക്കാനും, ക്ഷണിക്കാനും, ലൈംഗിക തെറികള്‍ വിളിച്ച് ആസ്വദിക്കാനും കയറിപ്പിടിക്കാനും ലൈംഗികാക്രമണത്തിന്റെ പലവിധ രൂപങ്ങള്‍ പ്രയോഗിക്കാനും പുരുഷന്മാര്ക്ക് സാധിക്കുന്ന പുരുഷാധിപത്യ ലൈംഗിക സംസ്ക്കാരത്തിലാണ് വിനായകന്റെയും ലൈംഗിക ആണത്ത 'പ്രകടനം' നടക്കുന്നത്.
അതിനാല്‍, സമ്മതം വാങ്ങിച്ചു കൊണ്ട് പത്തു സ്ത്രീകളുടെ കൂടെ ലൈംഗിക ബന്ധം നടത്തിയിട്ടുണ്ട് എന്ന് ഒരു പുരുഷന് ഇവിടെ വിളിച്ചു പറയുന്നത് അവന് പൈതൃകമായി കിട്ടിയ ആണൂറ്റ പ്രകടനം മാത്രമാണ്. എണ്ണം കൂടും തോറും അവന് കുറേക്കൂടി ആണത്തമുള്ളവനായി സ്ഥാപിക്കപ്പെടും. അതൊക്കെ കേട്ട് മാധ്യമപ്രവര്‍ത്തകര്‍ രസിക്കുകയും ചിരിക്കുകയും ചെയ്തത് അതെല്ലാം പുരുഷന് വളരെ നോര്‍മല്‍ ആണ് എന്ന മേല്‍പ്പറഞ്ഞ സാമൂഹ്യ സാംസ്ക്കാരിക സമ്മതിയുടെ പിന്‍ബലമുള്ളതിനാലാണ്. വേദിയിലിരുന്ന, നായിക നടി നവ്യക്കും ഒപ്പം ചിരിക്കാം. പക്ഷേ ഇതുപോലെയൊക്കെ പറയാന്‍ സ്ത്രീയായതിനാല്‍ നവ്യക്ക് സാമൂഹ്യ സമ്മതിയില്ല, കടുത്ത വിലക്കുമുണ്ട്. ഇത്രയും വലിയ ലിംഗ അസമത്വങ്ങള്ക്കുള്ളിലിരുന്നു കൊണ്ടാണ് വിനായകന് 'മീ റ്റു' എന്നത് എന്താണെന്ന് തനിക്കറിയില്ല എന്നു പറയുന്നത്.
.jpg?$p=e5c56f6&w=610&q=0.8)
ഉദാഹരണ സഹിതം നടത്തിയ വെല്ലുവിളികൾ
ലൈംഗികാകര്‍ഷണം തോന്നുന്ന സ്ത്രീകളോട് താന്‍ ലൈംഗികബന്ധത്തിനുള്ള സമ്മതം ചോദിക്കും എന്ന് വിവരിക്കാന്‍ ഉദാഹരണമായി മുമ്പിലിരുന്ന ഒരു മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി നടത്തിയ വിനായകന്റെ പ്രതികരണത്തിനു നേരെയാണ് കടുത്ത വിമര്‍ശനമുയര്‍ന്നത്. പിറ്റേ ദിവസം അയാള്‍ അതില്‍ ഖേദം പ്രകടിപ്പിക്കുകയും മാപ്പു പറയുകയും ചെയ്തതായി കണ്ടു. അത്രയും നല്ലത്. പക്ഷേ 'എന്താണ് മീ റ്റൂ, എനിക്കതറിയില്ല, നിങ്ങള്‍ പറഞ്ഞു തരൂ' എന്ന വിനായക പുരുഷ ധാര്‍ഷ്ട്യം ഇപ്പോഴും കേരളത്തിന്റെ അന്തരീക്ഷത്തില്‍ ബാക്കി നില്‍ക്കുന്നുണ്ട്.
മീ റ്റൂ എന്താണെന്ന് അറിയേണ്ടതില്ല, അതിനെ വക വെക്കേണ്ടതില്ല എന്ന് വാത്സ്യായന പുരുഷ സമൂഹത്തോട് അയാള്‍ക്ക് പറയാനുള്ളത് പറഞ്ഞു വെച്ചിരിക്കുകയാണ്. ഇത് ലൈംഗികാക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ സ്ത്രീകള്‍ നിരന്തരമായി നടത്തുന്ന പോരാട്ടങ്ങളുടെ നേര്‍ക്കുള്ള പുച്ഛവും വെല്ലുവിളിയുമാണ്.'ഒരുത്തി'യുടെ പത്രസമ്മേളനത്തിനു തൊട്ടു മുമ്പ് കേരളത്തില്‍ നിറഞ്ഞു നിന്ന വാര്‍ത്ത അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ നടി ഭാവന വന്നതും സംസാരിച്ചതും ലൈംഗികാക്രമണങ്ങള്‍ക്കെതിരെ പൊരുതാനും മുന്നോട്ടു വരാനും സ്ത്രീകള്‍ക്കാകെ പ്രചോദനവും ആത്മവിശ്വാസവും നല്കിയതുമായിരുന്നു. മലയാള സിനിമാ മേഖലയില്‍ ലൈംഗികാക്രമണങ്ങള്‍ തടയുന്നതിനായി പീഢന പരിഹാര പരാതിക്കമ്മറ്റികള് സ്ഥാപിക്കണമെന്ന കോടതി വിധിയായിരുന്നു. എന്നിട്ടും എത്ര എളുപ്പത്തിലാണ് 'മീ റ്റു' എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ് ഒച്ചയുയര്‍ത്താന്‍ വിനായകന് കഴിഞ്ഞത്!
അറിഞ്ഞിരിക്കേണ്ട മീ റ്റൂ
വിനായകന് 'മീ റ്റൂ' എന്താണെന്ന് മനസ്സിലാക്കുകയും പഠിക്കുകയും വേണം. വിനായകന് മാത്രമല്ല, ഈ സമൂഹത്തിലെ ഓരോ പുരുഷനും അത് പഠിച്ച് മനസ്സിലാക്കണം. സ്ത്രീക്ക് സ്വാഗതാര്‍ഹമല്ലാത്ത ലൈംഗികാസക്തിയുള്ള ഒരു വാക്കു പോലും, നോട്ടം നോട്ടം പോലും അവളുടെ നേര്‍ക്കുള്ള ലൈംഗിക കയ്യേറ്റമാണ് എന്ന് നിയമം ഇവിടെ നിര്‍വ്വചിച്ചു വെച്ചിട്ടുണ്ട്. അഭിമാനം മുറിപ്പെട്ട്, ശരീരം ആക്രമിക്കപ്പെട്ട്, ലൈംഗിക വസ്തുവെന്ന നിലയില്‍ മാത്രം കാണപ്പെട്ട് സഹികെട്ടു പോയ സ്ത്രീകള്‍ നടത്തിയ കടുത്ത നിയമപോരാട്ടങ്ങള്‍ക്കു ശേഷമാണ് ഈ നിര്‍വ്വചനം ഉണ്ടായിട്ടുള്ളത്.
ജനാധിപത്യ അവകാശങ്ങള്‍ നന്നായി ആസ്വദിക്കുന്ന സ്ത്രീകളും പുരുഷന്മാരുമുള്ള ഇതര സമൂഹങ്ങളിലും അടിച്ചമര്‍ത്തപ്പെട്ട മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ പോലും പാടുപെടേണ്ടി വരുന്ന ഈ സമൂഹത്തിലും 'കണ്‍സെന്റ്' എന്നതിന് തുല്യപങ്കാളിത്തം, തുല്യ ഉത്തരവാദിത്വം എന്ന പരിപൂര്‍ണ്ണമായ അര്‍ത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. 'കണ്‍സെന്റ്' നല്‍കിയതിനു ശേഷമുള്ള അനുഭവത്തെക്കുറിച്ച് സ്ത്രീക്ക് തുറന്നു പറയാന്‍ സാമൂഹ്യമായ ഇടമില്ലാത്തിടത്തോളം, സ്വാതന്ത്ര്യമില്ലാത്തിടത്തോളം. വിനായകനോട് ഒരഭ്യര്‍ത്ഥനയുണ്ട്. 'മീ റ്റു' എന്താണെന്ന് എത്രയും വേഗം നിങ്ങള്‍ പഠിക്കണം. ഗുഗിള്‍ സെര്‍ച്ച് ചെയ്താല്‍ പോലും അതു സംബന്ധിച്ച ചരിത്രവും ധാരാളം വിവരങ്ങളും കിട്ടും. ലിംഗനീതി എന്തെന്ന് മനസ്സിലാക്കാനും ജനാധിപത്യ ബോധത്തോടെ പെരുമാറാനും അങ്ങനെ സിനിമയില്‍ ഇനിയും ഉയര്‍ന്നു വരാനും ദലിത് സമൂഹത്തിലെ ചെറുപ്പക്കാര്‍ക്ക് നിങ്ങളെപ്പറ്റി അഭിമാനിക്കാനും മാത്രം ഇടയാകട്ടെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..