Saura tribals mural paintings
ഒഡിഷയുടെ തെക്കൻപ്രവിശ്യകളിൽ ജീവിക്കുന്ന സൗര ആദിവാസിസമൂഹങ്ങളാണ്, സൗരചിത്രങ്ങൾ അഥവാ സോരചിത്രങ്ങൾ വരയ്ക്കുന്നത്. ഒഡിഷയിലെ ആദിവാസിസമൂഹങ്ങളിൽ ഏറ്റവും പുരാതനമായ ഗോത്രങ്ങളാണ് സൗരകളുടെത്. 'സൗര' എന്ന പദത്തിന്റെ ധ്വനി പർവതനിവാസികൾ എന്നാണ്. നായാടികളായ കാർഷികസമൂഹമാണ് സൗരകൾ. വംശധരാ നദീതീരങ്ങളിലെ ഘോരവനങ്ങൾ നിറഞ്ഞ മലയിടുക്കുകളിലാണ് സൗരകളുടെ വാസസ്ഥലം. ഒഡിഷയിലെ റായിഗഡാ, കണ്ടമാൽ, കോരാപുട്, ഗഞ്ചാൻ, ഗജപാടി ജില്ലകളിലും ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലുമാണ് സൗര ഗോത്രസമൂഹങ്ങൾ.
ശ്രീകൃഷ്ണന്റെ മരണത്തിന് കാരണക്കാരനായ ജര എന്ന വേടനും ദ്രോണരാൽ ചതിക്കപ്പെട്ട വില്ലാളിയായ ഏകലവ്യനും ശ്രീരാമഭക്തയായ ശബരിയും തങ്ങളുടെ പൂർവികരാണെന്ന് ഭീൽ ഗോത്രസമൂഹങ്ങളെപ്പോലെതന്നെ സൗര ഗോത്രങ്ങളും അഭിമാനിക്കുന്നു. സാധാരണഗതിയിൽ ഓരോ സൗരഗോത്രങ്ങളിലും 32 മുതൽ 42 വരെയുള്ള പുല്ലുമേഞ്ഞ സൗരഭവനങ്ങളുണ്ടാകും. 'ഇദിതാൽ' ചിത്രങ്ങളെന്നും സൗര ചിത്രങ്ങൾ അറിയപ്പെടുന്നു. ഇദിതാലുകൾ വരയ്ക്കുന്ന ചിത്രങ്ങളായതിനാലാണ് ഇദിതാൽ ചിത്രങ്ങളെന്ന് വിളിക്കുന്നത്. ഇദിതാൽ എന്നാൽ പൂജാരി എന്നാണർഥം.
വർലി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ലളിതമായ ആഖ്യാനരീതിയാണ് സൗര ചിത്രങ്ങളുടെത്. രേഖകളുടെയും ജ്യാമിതീയചിഹ്നങ്ങളായ ത്രികോണ, വൃത്ത, ചതുരങ്ങളുടെയും പ്രയോഗങ്ങളാണ് സൗര രചനയിലും. ഒഴുക്കുള്ള രചനാരീതിയാണ് സൗരകളുടെത്. വർലി ചിത്രങ്ങൾ വരയ്ക്കുന്നത് സ്ത്രീകളാണെങ്കിൽ സൗര ചിത്രങ്ങൾ വരയ്ക്കുന്നത് പൂജാരികളാണ്. തികച്ചും അനുഷ്ഠാനപരമായ ആചാരമാണ് സൗര ചിത്രരചന. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നതിക്കും രോഗശാന്തിക്കും വേണ്ടിയാണ് സൗര ചിത്രങ്ങൾ. ഭിത്തിചിത്രങ്ങളാണ് സൗര. ദൈനംദിന ഗ്രാമീണജീവിതത്തുടിപ്പുകളാണ് സൗരചിത്രങ്ങളുടെ പ്രമേയം. വിളവെടുപ്പ്, വിവാഹം, ദശറ, ഹോളി, നാഗപഞ്ചമി, മകരസംക്രാന്തി തുടങ്ങിയ ആഘോഷവേളകളിലും രോഗാവസ്ഥ തുടങ്ങിയ സന്ദർഭങ്ങളിലുമാണ് സൗരഭവനങ്ങളുടെ ഭിത്തികൾ ഇദിതാൽ ചിത്രങ്ങളാൽ നിറയുന്നത്.
ജനനമരണങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ സൗരചിത്രങ്ങൾ അതിപ്രധാനമാണ്. ദീർഘചതുരാകൃതിയിലാണ് സൗര ചിത്രതലം. ചുവപ്പ്, ബ്രൗൺ നിറങ്ങളിലുള്ള ചെളി മെഴുകിയതാണ് ചിത്രപ്രതലം. ചിത്രപ്രതലം ഒരുക്കുന്നത് സ്ത്രീകളാണ്. വെളുത്ത കല്ലുകളും അരിയും ഇലകളും പൂക്കളും മഞ്ഞളും ചുണ്ണാമ്പും നീലവും കരിയും അരച്ചെടുത്താണ് നിറങ്ങൾ നിർമിക്കുന്നത്. ഇളം മുളന്തണ്ട് ചതച്ചെടുക്കുന്നതാണ് ബ്രഷ്. പരമ്പരാഗതമായ ചിത്രശൈലിയിൽ വെള്ളനിറത്തിനാണ് പ്രാധാന്യം. മറ്റ് ഗോത്രചിത്രരചനാരീതിയിൽനിന്ന് വ്യത്യസ്തമായി, ചിത്രാതിർത്തിയിൽനിന്നാണ് സൗര ചിത്രരചന ആരംഭിക്കുന്നത്. ഓരോ ഗോത്രവും വ്യത്യസ്തതയാർന്ന ഡിസൈനുകൾകൊണ്ടാണ് ചിത്രാതിരുകൾ വരയ്ക്കുന്നത്. ചിത്രാതിർത്തിക്ക് പുറത്തും രൂപങ്ങൾ വരയ്ക്കുന്നത് സൗര ചിത്രങ്ങളുടെ പ്രത്യേകതയാണ്. ചിത്രങ്ങളിലെ രൂപങ്ങൾ ഐക്കൺ അഥവാ ഇകോൺ (Ikon) എന്നാണ് അറിയപ്പെടുന്നത്.
ത്രികോണങ്ങളുടെയും വൃത്തങ്ങളുടെയും ചതുരങ്ങളുടെയും ക്രമീകരണ രീതിയാണ് സൗര ചിത്രരചനയുടെ അടിത്തറ. വൃക്ഷങ്ങളെ മനുഷ്യ ജീവിതത്തിന്റെ ചാക്രിക ചിഹ്നമായിട്ടാണ് സൗരകൾ കണക്കാക്കുന്നതും ആരാധിക്കുന്നതും. മരങ്ങൾ, വാലുകൾ നീണ്ട കുരങ്ങുകൾ, മനുഷ്യർ, കുതിരകൾ, ആനകൾ, മയിലുകൾ, കോഴികൾ, നൃത്തരൂപങ്ങൾ, കാളവണ്ടികൾ, കാർഷികവൃത്തികൾ, നായാട്ട്, വിവാഹ സന്ദർഭങ്ങൾ, മൃഗബലി, ഭൂമി, ഗോത്ര ദേവതകൾ, വാദ്യോപകരണങ്ങൾ, സൂര്യചന്ദ്രന്മാർ തുടങ്ങിയ രൂപങ്ങളാണ് സൗരചിത്രരചനയിലെ പ്രധാന ബിംബങ്ങൾ. ബിംബങ്ങളെ പ്രതീകങ്ങളായിട്ടാണ് ഇവർ കണക്കാക്കുന്നത്.
സൗരഗോത്രങ്ങളുടെ ജീവിത പരിസരങ്ങളാണ് സൗര ചിത്രങ്ങളിൽ നിറയുന്നത്. ത്രികോണങ്ങളുടെയും വാൽ നീണ്ട കുരങ്ങന്മാരുടെയും ധാരാളിത്തം സൗര ചിത്രങ്ങളിൽ പ്രകടമാണ്. ത്രികോണങ്ങൾ മലനിരകളുടെയും കുരങ്ങന്മാർ ചാഞ്ചാടുന്ന മനുഷ്യ മനസ്സുകളുടെയും പ്രതീകങ്ങളാണ്. നിരവധി പുരാവൃത്തങ്ങൾ സൗര ഗോത്ര സംസ്‌കൃതിയിൽ അലിഞ്ഞുചേർന്നിരിക്കുന്നു. പുരാവൃത്തങ്ങളെ തത്ത്വചിന്താപരമായി വ്യാഖ്യാനിക്കുകയും, വിശദീകരിക്കുകയുമാണ് ചിത്രങ്ങളിലൂടെ ഇദിതാലുകൾ.
ലിപികളില്ലാത്ത 'സൗര' ഭാഷയാണ് ഇവരുടേത്. ലിപികൾ ഇല്ലെങ്കിലും സൗരകൾക്ക് 24 അനുഷ്ഠാന ഗോത്രലിപികളുണ്ട്, ഇവ ഗോത്ര ദേവതകളുടെ പ്രതീകങ്ങളാണ്, ഇവയും ചിത്രരചനയുടെ അവിഭാജ്യ ഘടകമാണ്. വാമൊഴിയിലൂടെ പാരമ്പര്യമായി തങ്ങൾക്ക് ലഭിച്ച സൗരചിത്രങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാണ് ഇദിതാലുകൾ ഗോത്രസമൂഹങ്ങൾക്ക് പകർന്നുനൽകുന്നത്.
ചിത്രരചന പൂർത്തിയായിക്കഴിഞ്ഞാൽ ചിത്രങ്ങളിൽ ഗോത്രദേവതകളുടെ സാമീപ്യമായി. ചിത്രങ്ങൾക്ക് മുന്നിൽ വലിയ മൺകുടങ്ങളിൽ പനങ്കള്ള്, മഹുവാ തുടങ്ങിയ മദ്യങ്ങൾ ഉറികളിൽ കെട്ടിത്തൂക്കും. വസ്ത്രങ്ങൾ, ചക്കകൾ, മാമ്പഴങ്ങൾ, ധാന്യങ്ങൾ, ചോറ് കറികൾ തുടങ്ങിയ ഭക്ഷണപദാർഥങ്ങളും സൗരചിത്രങ്ങൾക്ക് മുന്നിൽ സമർപ്പിക്കും. പന്നികളെയും ആടുകളെയും കോഴികളെയും ബലിയർപ്പിക്കുകയും ചെയ്യും. ഇതേ സന്ദർഭത്തിൽ സ്ത്രീകൾ ഗോത്ര ദേവതകൾക്കുള്ള പ്രകീർത്തനങ്ങളും പാട്ടുകളുമാരംഭിക്കും. ഗോത്രവാസികൾ താളമേളങ്ങളോടെയുള്ള നൃത്തവും തുടങ്ങും, നൃത്തമൂർച്ഛയിൽ അവിവാഹിതരായ പെൺകുട്ടികൾ ഉറഞ്ഞുതുള്ളും. പിതൃക്കളുടെയും ഗോത്ര ദൈവങ്ങളുടെയും ഭൂമിയുടെയും ആകാശത്തിന്റെയും മഴയുടെയും ധാന്യങ്ങളുടെയും സൂര്യചന്ദ്രൻമാരുടെയും വെള്ളച്ചാട്ടങ്ങളുടെയും ആത്മാക്കളാണ് ഉറഞ്ഞുതുള്ളുന്നവരിൽ ആവേശിക്കുന്നതെന്ന് ഗോത്രവാസികൾ വിശ്വസിക്കുന്നു. നൃത്തത്തിന് ശേഷം ഗോത്രമാകെ ഒരുമിച്ചിരുന്ന് ബലിയർപ്പിക്കപ്പെട്ട മൃഗത്തിന്റെ മാംസം പാകം ചെയ്തതും മദ്യവും ഭക്ഷണവും കഴിച്ചാണ് പിരിയുക. സൗര ഗോത്രങ്ങൾക്കിടയിൽ 62 വ്യത്യസ്ത ശൈലികളിലുള്ള ചിത്രണ രീതികളുണ്ട്. ഗോത്രാചാരങ്ങളുടെയും ആരാധനാ സമ്പ്രദായങ്ങളുടെയും ദേവതകളുടെയും വൈവിധ്യങ്ങൾ ചിത്രങ്ങളിലും പ്രതിഫലിക്കും.
പുതിയ കാലത്ത് സൗരചിത്രരീതിയിൽ ആധുനിക മാധ്യമങ്ങൾ കടന്നുവന്നുകഴിഞ്ഞു. പേനയും, മഷിയും അക്രിലിക് വർണങ്ങളും കടലാസ്സുകളും ക്യാൻവാസുകളും സിൽക്ക് തുണികളുമാണ് പുതിയ മാധ്യമങ്ങൾ. ബ്രഷുകൾക്ക് പുറമേ കോണുകൾ നിർമിച്ച് അതിൽ അക്രിലിക് വർണങ്ങളും ഫെവിക്കോളും കലർത്തി നിറച്ച് ക്യാൻവാസിൽ ത്രിമാനസ്വഭാവമുള്ള ചിത്രങ്ങൾ രചിക്കുന്ന രീതിയും നിലവിൽ സ്വീകരിച്ചുവരുന്നു. ചിത്രപ്രതലം വൈവിധ്യമാർന്ന വർണങ്ങളിലായി. കാറുകൾ സൈക്കിളുകൾ തുടങ്ങി വിമാനങ്ങൾ വരെയുള്ള ബിംബങ്ങൾ സൗരചിത്രരചനയുടെ ഭാഗമായി മാറി.
ജുമേഷ് ഗുമാങ്കോ, ഭദ്രാചലം തുടങ്ങിയവർ ആധുനിക സൗര ചിത്രകാരന്മാരാണ്. സാരികളിലും ഷാളുകളിലും സഞ്ചികളിലും കുടകളിലും അവർ സൗരചിത്രങ്ങൾ വരച്ചുതുടങ്ങി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന സൗര ഗോത്ര സംസ്‌കൃതിയെ മതങ്ങൾ വേട്ടയാടുകയാണ്. ദരിദ്രരായ ഗോത്രമനുഷ്യരോട് രാമൻ, കൃഷ്ണൻ, വിഷ്ണു തുടങ്ങിയ ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും സ്വീകരിക്കാൻ ഹിന്ദുത്വവാദികളും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാൻ മിഷനറിമാരും ആവശ്യപ്പെടുന്നു. സൗര ചിത്രങ്ങളിൽ ക്രിസ്തീയ ചിഹ്നങ്ങൾ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗവും ഹിന്ദു ചിഹ്നങ്ങളും ഹിന്ദു ദൈവങ്ങളെയും ഉൾപ്പെടുത്തണമെന്ന് മറു വിഭാഗങ്ങളും ഇവർക്ക് മേൽ അധികാര പ്രയോഗം നടത്തുന്നു. ഇത്തരം ശക്തികൾക്ക് നടുവിൽപ്പെട്ടുഴലുകയാണ് സൗരകൾ. പലതരത്തിലുള്ള സാംസ്‌കാരികാധിനിവേശത്തിന്റെ പിടിയിലാണ് ഈ ഇന്ത്യൻ ഗോത്രഗ്രാമങ്ങൾ.
Content Highlights: About Rural art Saura mural paintings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..