മൊയ്തീൻ ഇക്ക | ഫോട്ടോ: സുബി പട്ടാമ്പി
"റോഡിന് അപ്പറം കടക്കുമ്പാണ് അന്ന് ജീപ്പിടിച്ചത് പിന്നോട്ട് ഒറ്റ വീഴ്ച്യാണ്. തലപൊട്ടി കൊറേ ചോര പോയി കണ്ണില്ലെങ്കി വല്ല്യ കൊയപ്പാണ് ന്നാലും ഞാ നടക്കും".
കാഴ്ച്ചയുറങ്ങിയ മൊയ്‌തീൻ ഇക്കയുടെ കൃഷ്ണമണിയ്ക്കുള്ളിൽ ഇളം മഞ്ഞ നിറത്തിൽ സൂര്യനെക്കാണാം. സംസാരിക്കുമ്പോൾ പാതിയടഞ്ഞ കൺപോളകൾ അതിവേഗം തുടിക്കുന്നു. അവ സ്വയം കണ്ണാഴങ്ങളിലേക്ക് ആ കാഴ്ച്ചകൾ പകർത്തുന്നത് പോലെ തോന്നി. വാക്കിടറിയപ്പോൾ തോളിൽ നിന്നും തോർത്തെടുത്ത് നെറ്റിയിലെ വിയർപ്പൊപ്പി. ഓർമ്മകളിൽ കണ്ണീരുപ്പുകലർന്ന അനുഭവങ്ങൾ ഓരോന്നായി ഓർത്തു.
കാലം തിരിച്ചെടുത്ത കാഴ്ച്ചയെകുറിച്ചോർത്ത് നിശ്ചലനായ മനുഷ്യനല്ല മൊയ്‌തീൻ ഇക്ക. കൂടുതൽ ആഴത്തിൽ പരന്നൊഴുകാനാണ് ഓരോ നിമിഷവും അദ്ദേഹം ശ്രമിക്കുന്നത്. പത്തു കിലോമീറ്ററിലധികം അൻപത് കിലോയോളം ഭാരമുള്ള സോപ്പുകയറ്റിയാണ് ഓരോ ദിവസത്തെയും യാത്ര തുടങ്ങുന്നത്. ഇരുട്ടിനെ തോൽപ്പിക്കാനുള്ള തീ പന്തം അത്രമേൽ ആഴത്തിൽ ഉള്ളിൽ കരുതിയിട്ടുണ്ട്. ആ പ്രകാശമാണ് മുന്നോട്ട് നയിക്കുന്നത്.
അപകടങ്ങൾ പലകുറി ഉണ്ടായെങ്കിലും കീഴ്‌പ്പെടുത്താനുള്ള കരുത്ത് അതിനുണ്ടായില്ല. നോവ് മാറും മുമ്പെ മുറിപ്പെടുത്തിയ ഇരുട്ടിനെ തെരുവിലിറങ്ങി വെല്ലുവിളിച്ചു. ഇരുണ്ട വഴികളിൽ മണ്ണിന്റെ മിടിപ്പ് തൊട്ട് മുന്നോട്ടു തന്നെ നടന്നു. കാലം ആ കാഴ്ചക്ക് മുന്നിൽ നിശ്ചലമായിക്കാണണം. ഇത്, ഇരുട്ടിനെ തോൽപ്പിച്ച് ഒരു മനുഷ്യൻ നടന്നുതീർത്ത വഴികളുടെ കഥയാണ്.
.jpg?$p=37519d9&&q=0.8)
അക്ഷരങ്ങളിൽ പടർന്ന ഇരുട്ട്
ഖദീജയുടെയും അബൂബക്കറിന്റെയും ഏഴുമക്കളിൽ മൂത്ത കുട്ടിയായാണ് മൊയ്‌തീൻ മണ്ണുതൊട്ടത്. പട്ടാമ്പിയിലെ ഞാങ്ങാട്ടിരിയിലാണ് കാലത്തോടൊപ്പം കാലുറച്ച് നടന്നത്. അന്ന് യാതൊരു തടസ്സവും കാഴ്ച്ചക്കില്ലായിരുന്നു. ബാല്യത്തിന്റെ എല്ലാ നിറങ്ങളും അനുഭവിച്ചറിഞ്ഞാണ് വർഷങ്ങൾ കടന്നുപോയത്.
മുളകൊണ്ടുള്ള കുട്ടകൾ നിർമ്മിച്ച് മൊത്തക്കച്ചവടം നടത്തുന്ന ആളായിരുന്നു ഉപ്പ അബൂബക്കർ. കുട്ടകൾ ഒരു രൂപക്ക് വാങ്ങി രണ്ടു രൂപക്ക് വിൽക്കും. കച്ചവടത്തിൽ ബാക്കിയാവുന്ന ആ ചില്ലറത്തുട്ടുകളാണ് കുടുംബത്തിന്റെ അന്നം. സാമാന്യം ഭേദപ്പെട്ട ജീവിത സാഹചര്യം അന്ന് സാധ്യമായിരുന്നു. പഠനത്തിനൊപ്പം കടയിൽ കച്ചവടത്തിലും മൊയ്‌തീൻ സജീവമായി.
അക്കാലം മുതലെ ഉപ്പ വാങ്ങി നൽകിയ സൈക്കിളിലാണ് യാത്ര. ഒരിക്കൽ റോഡിലെ കുഴിയിൽ വീണ് അപകടമുണ്ടായി. പിന്നീടത് സ്ഥിരമായി. നടുക്കത്തോടെയാണ് കാഴ്ച നഷ്ടമാകുന്നു എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. മണ്ണെണ്ണ വിളക്കിലെ പാതിവെന്ത തിരിയിൽ നിന്നുവരുന്ന വെളിച്ചവും പതിയെ മങ്ങി. അക്ഷരങ്ങൾക്ക് മുകളിൽ ഇരുട്ടുമല വീണതുപോലെ. സന്ധ്യയായാൽ ചുറ്റും വല്ലാത്തൊരു ഇരുട്ട് പടരും. സൂര്യാസ്തമയത്തിനു ശേഷം പിന്നീട് അക്ഷരങ്ങൾ കണ്ടിട്ടില്ല.
സുബൈദ തന്ന വെളിച്ചം
കണ്ണുകൾ പാതിയടഞ്ഞപ്പോൾ പത്താം തരത്തിൽ പഠനം നിർത്തി. മങ്ങിത്തുടങ്ങിയ കാഴ്ച്ചയുമായി ആശുപത്രികൾ പലത് കയറി. കോയമ്പത്തൂരിലെ അരവിന്ദ് ആശുപത്രിയിൽ നിന്ന് ഇനി ഒരിക്കലും വ്യക്തമായ കാഴ്ച സാധ്യമല്ലെന്ന് കുറിച്ചു. അന്ന് ആ വരാന്തയിൽ നിലവിളിക്കാനാവാത്ത വിധം ഏറെ നേരം ഇരുന്നു. ഇരുട്ട് പടരും മുന്നേ പടവുകളിറങ്ങി വീട്ടിലേക്ക് തിരിച്ചു.
കുട്ട കച്ചവടം അനുദിനം മോശമായി. ജീവിക്കാൻ മറ്റെന്ത് എന്ന ചിന്ത ഏറെ അലട്ടി. പല നിറത്തിലുള്ള സോപ്പുകൾ ലഭ്യമായി തുടങ്ങിയ കാലമായിരുന്നു അത്. കൂടുതലൊന്നും ചിന്തിക്കാതെ തൃശ്ശൂരേക്ക് വണ്ടികയറി. അന്നത്തെ പ്രമുഖ സോപ്പ് നിർമ്മാതാക്കളായ ഇയ്യപ്പൻ കമ്പനിയിൽ നിന്നും ഒരു വലിയ പെട്ടി നിറയെ സോപ്പുകളുമായാണ് ഞാങ്ങാട്ടിരിയിൽ തിരിച്ചെത്തിയത്.
സൈക്കിളിന് പുറകിൽ സോപ്പുകൾ നിറച്ച കവറുകൾ കെട്ടിവച്ച് തെരുവിലേക്കിറങ്ങി. ഒന്നര രൂപക്ക് കിട്ടിയ സോപ്പുകൾ ചെറിയ ലാഭം മാത്രമെടുത്ത് വിറ്റു. വരും ദിവസങ്ങളിലും അത് തുടർന്നു. പിന്നീടങ്ങോട്ട് 30 കിലോമീറ്ററോളം ദൂരത്തിൽ വരെ കച്ചവടം വ്യാപിപ്പിച്ചു. സുബൈദ ജീവിതത്തിന്റെ കൈപിടിച്ചതും അക്കാലത്താണ്. കൂടുതൽ വെളിച്ചമായി മൂന്നു മക്കളും ഒപ്പം ചേർന്നു.
നാൽപ്പത് വയസ്സോടെ കണ്ണുകളിൽ ഇരുട്ട് പടർന്നു. നിഴലുപോലും അന്യമായവനെപോലെ ഏറെനേരം തെരുവിൽ നിന്നിട്ടുണ്ട്. പകലുകൾ എന്നേക്കുമായി നഷ്ട്ടപ്പെട്ടു..., അതെത്ര അക്ഷരങ്ങളാലും പ്രകടിപ്പിക്കാൻ അസാധ്യമാണ്. മണ്ണിൽ പ്രകാശം നിറയുമ്പോൾ ഇരുട്ടിന്റെ നിശ്ചലത നെഞ്ചാകെ നീറ്റി. സുബൈദയും കരുത്തുറ്റ മനസ്സുമാണ് വീഴാതെ കാത്തത്. ആ വെളിച്ചമാണ് മുന്നോട്ടു നയിക്കുന്നത്.
.jpg?$p=3c73bea&&q=0.8)
മനസ്സിലുണ്ട് ഓരോ ദിശയും
മുന്നോട്ട് നയിക്കുന്നത് ഉൾക്കരുത്താണെങ്കിലും ശരീരത്തോട് ചേർന്നൊട്ടിയ സൈക്കിളിന്റെ പങ്ക് ചെറുതല്ല. ഏറ്റവും വലിയ ആത്മ സുഹൃത്താണ് ഇന്നത്. കരിയറിൽ ഉറപ്പിച്ച പെട്ടിയിൽ സോപ്പ് നിറച്ച് പതിയെ ഉന്തും. പത്തു കിലോമീറ്ററോളം ആ യാത്ര നീളും. ഓരോ വഴികളും മനസ്സിൽ കൃത്യമാണ്. ആ ഉൾകാഴ്ച്ചയിലാണ് മുന്നോട്ട്നീങ്ങുന്നത്.
പുതിയ കാലത്തെ എല്ലാ വിധ സോപ്പുകളും പെട്ടിക്കുള്ളിൽ ഇന്നുണ്ട്. സൈക്കിളിന്റെ ബെല്ലടി കേൾക്കുമ്പോഴേ വീടുകളുടെ ഗേറ്റ് തുറന്ന് ആളുകളെത്തും. വർഷങ്ങളായി മൊയ്തീനിക്കയുടെ സോപ്പുകൾ വാങ്ങുന്ന ഗ്രാമമാണത്. രണ്ടു രൂപയാണ് ഒരു സോപ്പിലെ ലാഭം. അതിൽ കൂടുതൽ വാങ്ങില്ല. ഇരുട്ടിനെ തോൽപ്പിച്ച ദിവസങ്ങളുടെ കൂലിയായി കിട്ടുന്ന നിസ്സാര തുകയിലാണ് ജീവിതം കാണുന്നത്.
സ്വന്തമായി അധ്വാനിച്ചെ അന്നമുണ്ണു എന്ന ചിന്തയാണ് ഇപ്പോഴും തെരുവിലറക്കുന്നത്. മരുന്നിന് മാത്രമായി മൂവായിരം രൂപവേണം. ശരീരത്തിന്റെ ഒരു വശം സ്വാധീനം കുറഞ്ഞു വരുന്ന അവസ്ഥയുമുണ്ട്. ഒരുമനുഷ്യന് കാലത്തോട് കീഴ്പ്പെട്ട് ജീവിക്കാൻ ഇതൊക്കെ ധാരാളമാണെങ്കിലും മൊയ്തീൻ ഇക്കയോട് ചോദിച്ചാൽ അദ്ദേഹം പറയും, 'ഈ ഇരുട്ടിന് എന്ത് വെളിച്ചമാണപ്പാ'...
Content Highlights: about moideen,athijeevanam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..