ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഒരൊറ്റ ഫ്രെയിമില്‍ ഒതുക്കുന്ന വര്‍ലി ചിത്രങ്ങള്‍


സത്യപാല്‍

3 min read
ഇന്ത്യന്‍ ഗ്രാമിണ കലകള്‍
Read later
Print
Share

Photo/Mathrubhumi archives

വര്‍ലി ആദിവാസിസമൂഹങ്ങളാണ് വര്‍ലി ചിത്രങ്ങള്‍ വരയ്ക്കുന്നത്. വര്‍ലി ഗോത്രങ്ങള്‍ മഹാരാഷ്ട്രയുടെ വടക്കന്‍പ്രവിശ്യയിലും ഗുജറാത്തിന്റെ തെക്കന്‍പ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്നു. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ പാല്‍ഗര്‍ ജില്ലയിലെ സഹ്യാദ്രിമലകളുടെ ചരിവുകളിലും താഴ്വരകളിലുമായി വ്യാപിച്ചുകിടക്കുന്ന ഗ്രാമങ്ങളായ ഗഞ്ചാട്, ദഹാനു, തലസരി, ജവാഹര്‍, പാല്‍ഗര്‍, മോഘാട, വിക്രംഗഢ് തുടങ്ങിയ ഗ്രാമങ്ങളിലാണ് വര്‍ലി കലാകൃത്തുക്കള്‍ ജീവിക്കുന്നത്.

'വര്‍ലി' എന്ന വാക്കിന്റെ ധ്വനി 'ശാന്തിയുടെ ഭൂമിക' എന്നാണ്. വേട്ടക്കാരായ കാര്‍ഷികസമൂഹമാണ് വര്‍ലി. ലളിതമായ ആഖ്യാനശൈലിയാണ് വര്‍ലി ചിത്രങ്ങളുടെത്. ആദിവാസികലകളില്‍ ഏറ്റവും ജനകീയമായതും വര്‍ലി ചിത്രങ്ങളാണ്. മൂവായിരംവര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ചിത്രണരീതിയാണ് വര്‍ലി. വര്‍ലി ഭവനങ്ങളുടെ ഭിത്തികളില്‍ ജനനം, മരണം, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളിലും ടര്‍പ, ബൊഹോഡാ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിലും വിളവെടുപ്പുകാലത്തുമാണ് വര്‍ലി ചിത്രങ്ങള്‍ വരയ്ക്കുന്നത്.

ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെയാണ് വര്‍ലി സമൂഹങ്ങളുടെ ആഘോഷങ്ങള്‍ നടക്കുക. സെപ്റ്റംബറിലാണ് വലിയ വിളവെടുപ്പ്. വിളവെടുപ്പിനുശേഷം വരയ്ക്കുന്ന വര്‍ലി ചിത്രങ്ങള്‍ സാവരിദേവതയെ തൃപ്തിപ്പെടുത്തുന്നതിനാണ്, കാര്‍ഷികസംസ്‌കൃതിയുടെ ദേവതയാണ് സാവരി. ശരത്കാലത്ത് ആദ്യ മഴയെത്തുടര്‍ന്ന് വയലുകളില്‍ വിത്തുകള്‍ മുളപൊട്ടുമ്പോഴാണ് ബൊഹോഡാ ഉത്സവം. വൈവിധ്യമാര്‍ന്ന മുഖംമൂടികള്‍ ധരിച്ചുകൊണ്ടുള്ള നൃത്തങ്ങളോടെയാണ് ബൊഹോഡാ ഉത്സവത്തിന്റെ തുടക്കം, കിളിര്‍ത്തുതുടങ്ങിയ നെല്‍ച്ചെടികളും കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരും മയിലുകളും ഉഴവുകാളകളും കൊണ്ട് നിറഞ്ഞതാണ് ബൊഹോഡാ ഉത്സവനാളുകളില്‍ വരയ്ക്കുന്ന വര്‍ലി ചിത്രങ്ങള്‍. മഴദൈവങ്ങളുടെ പ്രീതിക്കുവേണ്ടിയാണ് ബൊഹോഡാ ആഘോഷിക്കുന്നത്.

വിവാഹിതരായ സ്ത്രീകളായിരുന്നു പരമ്പരാഗതമായി വര്‍ലി ചിത്രങ്ങള്‍ രചിച്ചിരുന്നത്. എന്നാലിപ്പോള്‍ പുരുഷന്മാരുള്‍പ്പെടെ പ്രായഭേദമെന്യേ വര്‍ലി സമൂഹം വര്‍ലി ചിത്രരചനയില്‍ വ്യാപൃതരാണ്. ബ്രൗണ്‍, കറുപ്പ്, ഇരുണ്ട പച്ച നിറങ്ങളിലാണ് വര്‍ലി രചനയ്ക്കുള്ള പ്രതലം തയ്യാറാക്കുന്നത്. ഇരുണ്ട ചുവപ്പുനിറത്തിലുള്ള മണ്ണ് അരച്ച് പശയും ചേര്‍ത്ത് മെഴുകിയാണ് ബ്രൗണ്‍നിറത്തിലുള്ള പ്രതലം നിര്‍മിക്കുന്നത്. ചാണകത്തില്‍ പശ ചേര്‍ത്ത് മെഴുകി ഇരുണ്ട പച്ച പ്രതലവും, ചാണകത്തില്‍ കരിയും പശയും ചേര്‍ത്ത് മെഴുകി കറുത്ത പ്രതലവും നിര്‍മിക്കുന്നു. ചിത്രങ്ങള്‍ രചിക്കുന്നത് വെള്ളനിറത്തിലാണ്, അരി അരച്ച് പശയും ചേര്‍ത്താണ് വെളുത്ത നിറം നിര്‍മിക്കുന്നത്, മുളയുടെ ഇളം തണ്ട് ചതച്ചെടുക്കുന്നതാണ് ബ്രഷുകള്‍. വൃത്തം, ത്രികോണം, സമചതുരം, ദീര്‍ഘചതുരം തുടങ്ങിയ ജ്യാമിതീയ ചിഹ്നങ്ങളും രേഖകളും ഉപയോഗിച്ചാണ് വര്‍ലി ചിത്രങ്ങളില്‍ ബിംബങ്ങള്‍ സൃഷ്ടിക്കുന്നത്. വൃത്തം സൂര്യചന്ദ്രന്മാരെയും ത്രികോണം മലനിരകളെയും ചതുരങ്ങള്‍ കൃഷിയിടത്തെയും ഗോത്രദൈവങ്ങളെയും പ്രതിനിധാനംചെയ്യുന്നു. പൊതുവേ ആദിവാസിഗോത്രസമൂഹങ്ങളില്‍ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ഐതിഹ്യങ്ങളും ബന്ധപ്പെടുത്തിയാണ് ചിത്രരചനയെങ്കില്‍ വര്‍ലി ചിത്രങ്ങളില്‍ പൂര്‍ണമായും ദൈനംദിന സാമൂഹികജീവിതങ്ങളുടെ തുടിപ്പാണ് നിറഞ്ഞുനില്‍ക്കുന്നത്. വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങള്‍, വര്‍ലി ഭവനങ്ങള്‍, ചെടികളും മരങ്ങളും, കൊയ്ത്തും മെതിയും, നായാട്ട്, മയിലുകളുടെ നൃത്തം, നെല്ല് കുത്തുന്നതും മുളക് അരയ്ക്കുന്നതും ചാരായം വാറ്റുന്നതും പക്ഷിമൃഗാദികള്‍, കാളവണ്ടികള്‍, ജലസേചനം, മത്സ്യബന്ധനം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഒരൊറ്റ ഫ്രെയിമില്‍ ഒതുക്കുന്ന ബൃഹദാഖ്യാനമാണ് വര്‍ലി ചിത്രങ്ങള്‍.

ഒരുപറ്റം സ്ത്രീകള്‍ ഒരുമിച്ചുചേര്‍ന്നാണ് വര്‍ലി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. ടര്‍പാ നൃത്തവും, ലഗ്നാ ചൗക്കും മാത്രമാണ് ഒറ്റ ഫ്രെയിമില്‍ ഒതുക്കിയിരുന്ന വര്‍ലി ബിംബങ്ങള്‍. വിവാഹസന്ദര്‍ഭങ്ങളില്‍ വീടുകള്‍ വര്‍ലി ചിത്രങ്ങളാല്‍ അലങ്കരിക്കുന്നു. പ്രധാനമായും ദീപാവലിനാളുകളിലാണ് ടര്‍പാ നൃത്തം അരങ്ങേറുന്നതും ടര്‍പാ ചിത്രങ്ങള്‍ ഭിത്തികളില്‍ നിറയുന്നതും. ടര്‍പ എന്ന വാദ്യോപകരണം മീട്ടി താളമേളങ്ങളുടെ അകമ്പടിയോടെ മുന്നോട്ടുനീങ്ങുന്ന ടര്‍പാവാദകന്റെ പിന്നാലെ സര്‍പ്പിളാകൃതിയില്‍ ശൈലീകൃതമായ ചുവടുവെച്ച് നീങ്ങുന്നതാണ് ടര്‍പാ നൃത്തം, വര്‍ലി സമൂഹങ്ങള്‍ വിവാഹങ്ങളില്‍ വധൂഗൃഹത്തില്‍ വരയ്ക്കുന്ന ചിത്രമാണ് ലാഗ്നാ ചൗക്ക്. ലഗ്നാ ചൗക്ക് വരയ്ക്കുന്നത് പാല്‍ഗാട്ടാദേവിയുടെ പ്രീതിക്കുവേണ്ടിയാണ്, ഉര്‍വരതയുടെ പ്രതീകമാണ് പാല്‍ഗാട്ടാദേവത. വിവാഹനാളുകളില്‍ വര്‍ലി ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരികള്‍ വിധവകളായിരിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. 1970 വരെ ഭിത്തിചിത്രങ്ങളായി വരച്ചിരുന്ന വര്‍ലി ചിത്രണരീതിയെ നൂതനമാധ്യമങ്ങളായ കാന്‍വാസിലും കടലാസിലും ആവിഷ്‌കരിക്കുന്നത് ജിവ്യ സോമ മാഷേയാണ്. അദ്ദേഹത്തിലൂടെയാണ് വര്‍ലി ചിത്രങ്ങള്‍ ലോകമറിയുന്നതും പ്രശസ്തമാകുന്നതും. മഹാരാഷ്ട്രയിലെ ധമണ്‍ഗാവില്‍ 1934-ല്‍ ജനിച്ച ജിവ്യ സോമ മാഷേ, വര്‍ലി ചിത്രങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച കലാകാരനായിരുന്നു. വര്‍ലി ചിത്രരചന കാന്‍വാസിലേക്ക് മാറിയെങ്കിലും പരമ്പരാഗതമായ പ്രതലനിര്‍മാണം ജിവ്യ സോമ മാഷേ കാന്‍വാസിലും ഉപേക്ഷിച്ചിരുന്നില്ല. ചാണകവെള്ളത്തില്‍ പശ ചേര്‍ത്ത് കലക്കി അരിച്ചെടുത്തായിരുന്നു മാഷേയുടെ ചിത്രപ്രതലനിര്‍മാണം. വര്‍ലി ചിത്രങ്ങളിലെ നൂതനമായ പല ബിംബങ്ങളും ജിവ്യ സോമ മാഷേയുടെ സംഭാവനകളാണ്. പിന്നാലെ വന്നവരും ഈ രീതിതന്നെ തുടര്‍ന്നു. അക്രിലിക് നിറങ്ങളുടെ വരവോടെ പ്രതലനിര്‍മാണവും ചിത്രരചനയും അക്രിലിക് നിറങ്ങള്‍കൊണ്ടായി. ബൃഹദാഖ്യാനങ്ങളായി ഭിത്തികളില്‍ രചിച്ചിരുന്ന വര്‍ലി ചിത്രങ്ങളുടെ ചെറിയ ചെറിയ പരിച്ഛേദങ്ങള്‍ പിന്നീട് പൂര്‍ണചിത്രങ്ങളായിമാറി ജിവ്യ സോമ മാഷേയുടെ കാന്‍വാസുകളില്‍. 1976-ല്‍ ദേശീയ ട്രൈബല്‍ ആര്‍ട്ട് അവാര്‍ഡ്, 2002-ല്‍ ദേശീയ ശില്പ ഗുരു സമ്മാന്‍, 2011-ല്‍ പത്മശ്രീ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ജിവ്യ സോമ മാഷേയെ തേടിയെത്തി. 2018-ല്‍ അദ്ദേഹം അന്തരിച്ചു.

വര്‍ലി ചിത്രരചനാശൈലിയില്‍ വലിയ മാറ്റങ്ങള്‍ പിന്നീട് സംഭവിച്ചു, പ്രതലനിര്‍മാണം വൈവിധ്യമാര്‍ന്ന നിറങ്ങളിലായി, ആധുനിക മനുഷ്യജീവിതത്തിന്റെ നൂതനമായ അടയാളങ്ങള്‍ വര്‍ലി ചിത്രങ്ങളില്‍ സ്ഥാനംപിടിച്ചുതുടങ്ങി. സൈക്കിളുകളും മോട്ടോര്‍ ബൈക്കുകളും മോട്ടോര്‍ കാറുകളും തീവണ്ടികളും വിമാനങ്ങളും പരമ്പരാഗത വര്‍ലി ബിംബങ്ങളുമായി ഇടകലര്‍ന്നു വര്‍ലി ചിത്രങ്ങളില്‍. ബൃഹദാഖ്യാനങ്ങളായിരുന്ന വര്‍ലി ചിത്രങ്ങള്‍, മിനിയേച്ചര്‍ചിത്രങ്ങളുടെ ശൈലിയിലും രചിക്കാന്‍തുടങ്ങി. മീനാക്ഷി വൈഡ, മാന്‍ങ്കി വൈഡ എന്നിവരാണ് വര്‍ലി രചനയിലെ പ്രശസ്തര്‍.

ഫെബ്രുവരി 16 ലക്കം മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം

Content Highlights: About Indian village art warli paintings

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
1
Premium

4 min

ദേവതമാരുടെ അര്‍ധനഗ്ന ശിൽപങ്ങളിൽ കാണുന്നത് നഗ്നതയല്ല; ദൈവികത | രഹ്ന ഫാത്തിമ കേസ് അവലോകനം | Law Point

Jun 8, 2023


Representational Image

5 min

നമ്മളവരെ ലൈംഗിക തൊഴിലാളിയാക്കി, ചുളിവ് വീണ ശരീരത്തിന് പോലും വില പറഞ്ഞു | അതിജീവനം 100

Jan 4, 2023


Thankamani

3 min

അടുപ്പിലല്ല, ജീവിതത്തിന് മുകളിലാണ് ഭീതിയുടെ കല്ലിട്ടത് | അതിജീവനം 90

Apr 4, 2022

Most Commented