അഡ്വ പ്രശാന്ത് ഭൂഷൺ എം.പി. വീരേന്ദ്ര കുമാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്
എഴുത്തുകാരനും പാർലമെന്റേറിയനും സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മുൻ മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ മൂന്നാം ചരമവാർഷികദിനത്തിൽ മാതൃഭൂമി സംഘടിപ്പിച്ച ചടങ്ങിൽ മുതിർന്ന അഭിഭാഷകനും പൗരാവകാശപ്പോരാളിയുമായ പ്രശാന്ത് ഭൂഷൺ നടത്തിയ അനുസ്മരണ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ. ‘മതനിരപേക്ഷ രാഷ്ട്രവും ഭൂരിപക്ഷ സമുദായ വാഴ്ചയും പൊരുത്തപ്പെടുമോ?’ എന്ന വിഷയത്തിൽ കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിലായിരുന്നു അനുസ്മരണപ്രഭാഷണം
ബഹുമുഖവ്യക്തിത്വത്തിനുടമയായ എം.പി. വീരേന്ദ്രകുമാറിന്റെ ഓർമയ്ക്കായി നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാനായത് ബഹുമതിയായി കണക്കാക്കുന്നു. വലിയ സന്തോഷമുണ്ട് അതിൽ. ഇനിയുള്ള കാലത്തും അദ്ദേഹത്തിന്റെ മഹിതപാരമ്പര്യം കേരളത്തിനകത്തും പുറത്തുമുള്ള അനേകരെ പ്രചോദിപ്പിക്കുമെന്നുറപ്പാണ്.
രാഷ്ട്രപതിയില്ലാതെ, പ്രതിപക്ഷത്തെ മിക്കവരുമില്ലാതെ പാർലമെന്റിന്റെ പുതിയ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്ത നിർണായകദിനത്തിലാണ് ഈ അനുസ്മരണച്ചടങ്ങ് നടക്കുന്നത്. മുപ്പതോ നാൽപ്പതോ പുരോഹിതന്മാരുടെ സാന്നിധ്യത്തിൽ മതപരമായ ചടങ്ങുകളോടെയാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. പ്രവർത്തനസമയവും ചർച്ചകളും പത്തുശതമാനത്തോളം വെട്ടിക്കുറയ്ക്കുകയും ബില്ലുകൾ ഒരു ചർച്ചയുമില്ലാതെ പാസാക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ പാർലമെന്റിന്റെ അവസ്ഥ. എന്താണോ പാർലമെന്റുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്, അതു നടക്കുന്നില്ല. പാർലമെന്റിന്റെ പ്രാധാന്യം തീരേ ഇല്ലാതാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വെറുമൊരു കെട്ടുകാഴ്ചയോ മതപരമായ പ്രദർശനമോ മാത്രമാണ്.
എന്താണ് മതനിരപേക്ഷത? എല്ലാ മതങ്ങൾക്കും തുല്യ അവകാശം, മതാടിസ്ഥാനത്തിലുള്ള വിവേചനമില്ലായ്മ, മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ അതിൽ ഉൾപ്പെടും. എന്നാൽ, രാഷ്ട്രത്തിനും സർക്കാരിനും രാഷ്ട്രീയകക്ഷികൾക്കും മതങ്ങളുമായി ഒരു ബന്ധവും പാടില്ലെന്നതാണ് അതിനേക്കാളൊക്കെ പ്രധാനം. ബൊമ്മെ കേസിൽ സുപ്രീംകോടതിയുടെ ഏഴംഗബെഞ്ച് കൃത്യമായി വിധിച്ച കാര്യമാണത്.
അതിനുമുമ്പുതന്നെ ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ ഉണ്ടായിരുന്നതാണ് മതനിരപേക്ഷത. രാഷ്ട്രവും സർക്കാരും മതപരമായ ഇടപാടുകളിൽനിന്ന് പൂർണമുക്തമായിരിക്കണമെന്ന് സുപ്രീംകോടതി അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ട രാഷ്ട്രീയപ്പാർട്ടികളും മതനിരപേക്ഷമായിരിക്കണം. മതബന്ധമുള്ള രാഷ്ട്രീയപ്പാർട്ടികൾ അനുവദനീയമല്ലെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ബൊമ്മെ കേസിലെ സുപ്രീംകോടതിയുടെ ഈ നിലപാടുകളെ പൂർണമായും പരിഹസിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് രാജ്യത്ത് കാണുന്നത്.
ബി.ജെ.പി.യും മറ്റുചില രാഷ്ട്രീയപ്പാർട്ടികളും മതകാര്യങ്ങളിൽ പൂർണമായും ഇടപെടുകയും മതത്തെ വർഗീയമായി ഉപയോഗിക്കുകയും ചെയ്യുന്നു. സർക്കാരുകൾപോലും മതകാര്യങ്ങൾ നടത്തുന്നു. സർക്കാർ ചടങ്ങുകളിൽപ്പോലും മതം കലർത്തുന്നത് പരസ്യമായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. രാമക്ഷേത്രനിർമാണത്തിനുപോലും പൊതുപണം ചെലവഴിക്കുന്നു. ഒരു പ്രത്യേകമതത്തിനുവേണ്ടിമാത്രം, വർഗീയത പ്രോത്സാഹിപ്പിക്കാനായി ഇങ്ങനെ ചെയ്യുന്നുവെന്നതാണ് പ്രശ്നം. അത് ഭരണഘടനപ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ, നിർഭാഗ്യവശാൽ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി. സർക്കാരുകൾ അതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാനഘടനയിലുള്ളതാണ്. മതനിരപേക്ഷതയ്ക്ക് ഭംഗംവരുംമട്ടിൽ ഭരണഘടന ഭേദഗതി ചെയ്യാൻപോലും പാടില്ലെന്നാണ്. 36 ശതമാനം വോട്ട് ലഭിച്ച പാർട്ടി രാജ്യം ഭരിക്കുന്നു. അവരാണ് ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങൾതന്നെ തകർക്കുംവിധത്തിൽ പ്രവർത്തിക്കുന്നത്. 90 ശതമാനം ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽപ്പോലും ഭരണഘടനയുടെ അടിസ്ഥാനഘടനയും നട്ടെല്ലും മാറ്റാൻ പാടില്ലെന്നിരിക്കെയാണ് ഇതു ചെയ്യുന്നത്. മതനിരപേക്ഷത, തുല്യത, മൗലികാവകാശങ്ങൾ തുടങ്ങിയവ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി വിധികളും പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദുരാഷ്ട്രമാണ് ഇതെന്നാണ് ബി.ജെ.പി.യുടെ വാദം. ഹിന്ദുരാഷ്ട്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, മുസ്‌ലിങ്ങൾക്ക് ഇവിടെ ജീവിക്കാൻ അവകാശമില്ലെന്നല്ല എന്നും അവർ പറയുന്നു. ജീവിക്കാം, പക്ഷേ അവർക്ക് വോട്ടവകാശം പാടില്ലെന്നാണ് ബി.ജെ.പി. പറയുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്നത് മതനിരപേക്ഷത, തുല്യത എന്നിങ്ങനെയുള്ള ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ലംഘനമാണ്. ക്രിസ്ത്യൻ പള്ളികളും വീടുകളും ദിവസവും അഗ്നിക്കിരയാകുന്ന വാർത്തകൾ മണിപ്പുരിൽനിന്ന് വരുന്നു. ഭൂരിപക്ഷസമുദായമായ ഹിന്ദുക്കളാണ് ഇത് ചെയ്യുന്നത്. ലവ് ജിഹാദിന്റെപേരിൽ ന്യൂനപക്ഷങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്നു. യു.പി.യിൽ സർക്കാർ പിന്തുണയോടെ ഇത് നടന്നത് നാം കണ്ടു.
മുസ്‌ലിങ്ങൾ ആണെങ്കിൽ കൊല്ലപ്പെടേണ്ടവരാണെന്ന ക്രൂരവും നിർവികാരവുമായ മനോഭാവത്തെ ഭരണകൂടങ്ങൾതന്നെ പ്രോത്സാഹിപ്പിക്കുന്നു. ആൾക്കൂട്ട ആക്രമണങ്ങളും വ്യാജ ഏറ്റുമുട്ടൽ കൊലകളും വർധിക്കുന്നു. നിയമവാഴ്ചയിൽ വിശ്വാസമില്ലാതാവുന്നു. ബുൾഡോസറുകൾകൊണ്ട് വീടുകൾ തകർക്കുന്നത് എന്തുതരം നിയമം നടപ്പാക്കലാണ്? ഒരാൾ കുറ്റവാളിയാണെങ്കിൽ കുടുംബത്തെ മുഴുവൻ ശിക്ഷിക്കുന്നതെങ്ങനെ? മതനിരപേക്ഷബോധമില്ലാത്ത, വർഗീയനിലപാടുള്ള ഒട്ടേറെ ജഡ്ജിമാരുള്ളതിനാൽ നാളെ എന്തുണ്ടാവുമെന്നു പറയാനാവാത്ത സ്ഥിതിയാണ്.
മുസ്‌ലിങ്ങളോട് പരസ്യമായി വിവേചനം കാണിക്കുന്നുവെന്നതാണ് പൗരത്വത്തിന്റെ കാര്യത്തിൽപോലും വ്യക്തമാകുന്നത്. മ്യാൻമാറിൽനിന്നും ശ്രീലങ്കയിൽനിന്നുമുള്ള അഭയാർഥികളെ സ്വീകരിക്കുന്നതിലെ വിവേചനം ഇതിനു തെളിവാണ്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടികൾ തുടർന്നുകൊണ്ടേയിരിക്കുന്നു. തുല്യത, നീതി, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെല്ലാം ഭീഷണിയിലാണ്. ശാസ്ത്രാഭിമുഖ്യം, സ്വതന്ത്രചിന്ത എന്നിവയുടെ ഉന്മൂലനാശംവരുത്തി. പിരിയോഡിക് ടേബിളും ഡാർവിന്റെ പരിണാമസിദ്ധാന്തവും പാഠ്യപദ്ധതിക്കു പുറത്താക്കി. റേഡിയേഷനെ പ്രതിരോധിക്കാൻ ചാണകം സഹായിക്കുന്നതും ജ്യോതിഷവുമൊക്കെയാണ് സിലബസിൽ. പ്ലാസ്റ്റിക് സർജറിയും ടെസ്റ്റ്ട്യൂബ് ശിശുവുമൊക്കെ പുരാതനഭാരതത്തിൽതന്നെ ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രിതന്നെ തട്ടിവിടുന്നു. പപ്പടത്തിൽനിന്ന് കോവിഡിനെതിരേ ആന്റിബോഡിയുണ്ടാക്കാമെന്നാണ് പുതിയ നിയമമന്ത്രി പറഞ്ഞത്. ശാസ്ത്രബന്ധമില്ലാത്ത ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സമൂഹത്തെ സൃഷ്ടിക്കാനാണ് ശ്രമം. തികഞ്ഞ അസംബന്ധമെന്നു ബോധ്യമുണ്ടെങ്കിലും ആർക്കും ഒന്നും തിരുത്തിക്കാൻപറ്റാത്ത നിലയിലാണ് മന്ത്രിസഭയിലുള്ളവർപോലും. ഒന്നും പറയാൻ ധൈര്യമില്ലാത്ത അടിമവേലക്കാർ മാത്രമാണവർ.
ഭരണഘടന മാത്രമല്ല, സ്വതന്ത്രമായി നിലകൊള്ളേണ്ട എല്ലാ സ്ഥാപനങ്ങളും ആക്രമണം നേരിടുകയാണ്. നീതിന്യായ സംവിധാനം, മാധ്യമങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിഷൻ, പോലീസും അന്വേഷണസംവിധാനങ്ങളും, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, സർവകലാശാലാ വൈസ് ചാൻസലർമാർ -എല്ലാം ഭരണകൂടനിയന്ത്രണത്തിലാണ്.
വിരമിച്ചശേഷമുള്ള സ്ഥാനങ്ങൾ കാട്ടി നീതിന്യായസംവിധാനത്തെ വരുതിക്കുനിർത്തൽ പണ്ടുമുതലേ പരീക്ഷിച്ചുവിജയിച്ച രീതിയാണ്. ബി.ജെ.പി. സർക്കാർ അതിനുപുറമേ കണ്ടെത്തിയ പുതിയ രീതിയാണ് ജഡ്ജിമാരുടെ നിയമനത്തിൽത്തന്നെ ഇടപെടൽ. കൊളീജിയം നിർദേശിക്കുന്നവരിൽ പകുതിപ്പേർ സർക്കാരിന് താത്പര്യമുള്ളവരാകണമെന്ന വ്യവസ്ഥ അംഗീകരിക്കപ്പെട്ടതോടെ, ഒരുവിധത്തിലും യോഗ്യതയില്ലാത്തവർ ജഡ്ജിമാരാകുന്ന സ്ഥിതിവന്നു. മതനിരപേക്ഷബോധമില്ലാത്ത, നിഷ്പക്ഷരല്ലാത്ത, ഭരണക്കാരുടെ താത്പര്യത്തിനൊപ്പം നിൽക്കുന്ന ജഡ്ജിമാരുണ്ടാകുന്നു.
വഴങ്ങാത്ത ജഡ്ജിമാരെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന രീതിയാണ് മറ്റൊന്ന്. മകന്റെയോ മകളുടെയോ മരുമകന്റെയോ പേരിൽ കേസുകളുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ‘ഒത്തുതീർപ്പുന്യായാധിപന്മാരെ’ സൃഷ്ടിക്കുന്നു.
മാധ്യമങ്ങളെ പരസ്യം നിഷേധിച്ചും പണമെറിഞ്ഞും സ്വാധീനിക്കുന്നു. പ്രധാനമാധ്യമങ്ങളെല്ലാം ‘ഗോദി മീഡിയ’ ആയത് ഇങ്ങനെയാണ്. കീഴടങ്ങുന്നില്ലെങ്കിൽ നിരന്തരം അന്വേഷങ്ങളിലൂടെ ശ്വാസംമുട്ടിക്കും. സ്വതന്ത്രമായിനിന്ന മാധ്യമങ്ങൾകൂടി അപ്രകാരം ‘ഗോദി മീഡിയ’ ആകുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും ഇന്ന് സ്വതന്ത്രമല്ല. പോലീസും അന്വേഷണസംവിധാനങ്ങളും രാഷ്ട്രീയയജമാനന്മാർക്കുവേണ്ടി പണിയെടുക്കുന്നതാണ് കാണുന്നത്.
ധനികർ അതിധനികരും ദരിദ്രർ അതിദരിദ്രരുമാകുന്നു. തൊഴിലില്ലായ്മ വർധിക്കുന്നു. ദാരിദ്ര്യത്തിന്റേതുമുതൽ മാധ്യമസ്വാതന്ത്ര്യത്തിന്റേതുവരെ എല്ലാ സൂചകങ്ങളിലും ഇന്ത്യ പിന്നോട്ടുപോകുന്നു. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന എല്ലാ അടിസ്ഥാനമൂല്യങ്ങളും ലംഘിക്കപ്പെടുന്നു. ഈ ഘട്ടത്തിൽ എം.പി. വീരേന്ദ്രകുമാർ ഉണ്ടായിരുന്നെങ്കിൽ, സർവശക്തിയുമെടുത്ത് ഇതിനെ ചെറുത്തേനേ. ഈ രാജ്യത്തിന്റെ ജീവനും ജീവിതവും നിലനിർത്താൻ അത്തരമൊരു പോരാട്ടത്തിന് യുവാക്കളാകെ രംഗത്തിറങ്ങണം.
ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ
ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ പരിഹരിക്കാൻ ഭരണകൂടം ഒരിടപെടലും നടത്തില്ല. കാരണം, അതുണ്ടാക്കുന്നതുതന്നെ അവരാണ്. രാജ്യത്ത് എന്ത് സാമ്പത്തികക്കുഴപ്പങ്ങളുണ്ടായാലും ന്യൂനപക്ഷങ്ങളെ പാഠം പഠിപ്പിക്കുന്ന സർക്കാരാണ് ഇത് എന്ന മനോഭാവം ഒട്ടേറെപ്പേർക്കുണ്ട്. അതുകൊണ്ട് സർക്കാരിനൊപ്പം നിൽക്കുന്നവരുണ്ട്. നീതിന്യായസംവിധാനമാണ് ഇതിൽ ഇടപെടേണ്ടത്. എന്നാൽ, അതും നടക്കുന്നില്ല.
ജനമനസ്സിൽ വിഷം കലർത്തുന്നത് വലിയ പ്രശ്നം
തിരഞ്ഞെടുപ്പ് വിജയങ്ങളുടെ വിഷയമെന്നതിലുപരി, വലിയൊരുശതമാനം മനുഷ്യരുടെ മനസ്സിൽ വിഷം കലർത്താൻ അവർക്ക് കഴിഞ്ഞെന്നതാണ് വലിയ പ്രശ്നം. 2024-ലെ തിരഞ്ഞെടുപ്പിൽ ഒരുപക്ഷേ, ബി.ജെ.പി.ക്ക് 200 സീറ്റായി കുറഞ്ഞേക്കാം. എങ്കിലും ഈ രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാത്ത, നശിപ്പിക്കുകമാത്രം ചെയ്ത ഒരു പാർട്ടിക്ക് വലിയൊരു ശതമാനം ജനങ്ങളുടെ മനസ്സിൽ വിഷംകലർത്താൻ കഴിഞ്ഞുവെന്നത് നിസ്സാരമല്ല.
Content Highlights: about indian constitution and relevance of it today, prashant bhushan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..