ആചാരങ്ങളോടെ ചിത്രച്ചുരുൾ നദിയിലൊഴുക്കും, പിന്നീട് മദ്യം വിളമ്പിയുള്ള സദ്യ: ചെറിയാൽ ചിത്രങ്ങൾ


സത്യപാല്‍

3 min read
ഇന്ത്യൻ ഗ്രാമീണ കലകൾ
Read later
Print
Share

ചെറിയാൽ ചിത്രങ്ങൾ

ചുരുള്‍ചിത്രകലാശാഖയില്‍ പെടുന്ന ചിത്രണരീതിയാണ് ചെറിയാല്‍ പട്ട്. തുണിയില്‍ വരയ്ക്കുന്ന ചുരുള്‍ചിത്രങ്ങള്‍ പൊതുവേ പട്ടുചിത്ര എന്നാണ് അറിയപ്പെടുന്നത്. പുരാണകഥാഖ്യാനങ്ങളായിരുന്നു ചെറിയാല്‍ ചിത്രങ്ങള്‍. അനുഷ്ഠാനപരമായുള്ള അവതരണങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും ചെറിയാല്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു. തെലങ്കാനയിലെ സിദ്ധിപ്പേട്ട് ജില്ലയിലാണ് ചെറിയാല്‍. ഗ്രാമത്തിലെ ചിത്രകാര്‍ എന്നറിയപ്പെടുന്ന നകാശി കലാകാരരാണ് ചെറിയാല്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഇവര്‍ ചെറിയാല്‍ കലയുടെ പ്രയോഗം ഇപ്പോഴും തുടര്‍ന്നുപോകുന്നതിനാലാണ് നകാശി ചിത്രങ്ങള്‍ക്ക് ചെറിയാല്‍ പട്ട് എന്ന പേര് വന്നത്. തെലുങ്കുദേശത്ത് അഞ്ചാംനൂറ്റാണ്ടില്‍ പിറവികൊണ്ട നകാശി കലകള്‍ക്ക് ദീര്‍ഘമായ സാംസ്‌കാരികചരിത്രമാണുള്ളത്. വിജയനഗരസാമ്രാജ്യത്തില്‍ പതിമ്മൂന്നാംനൂറ്റാണ്ടില്‍ തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ടിപ്പാപുരം ദേശങ്ങളില്‍ ശക്തിപ്രാപിക്കുകയും പിന്നീട് ഹൈദരാബാദിലും വാറങ്കല്‍ ദേശത്തും ആന്ധ്രയിലാകെയും വ്യാപിച്ച നകാശി കലകളിലൊന്നിന്റെ പരിഷ്‌കരിച്ച രൂപമാണ് ചെറിയാല്‍ ചിത്രങ്ങള്‍.

അറുപതുവര്‍ഷങ്ങള്‍ക്കുമുന്‍പ് ചെറിയാല്‍ ഗ്രാമത്തിലേക്ക് കുടിയേറിവന്നവരാണ് നകാശി കലാകാരര്‍. നകാശി എന്ന വാക്കിനര്‍ഥം മനോഹരമായ രേഖകള്‍ എന്നാണ്. മുഖംമൂടികള്‍, അലങ്കാരചിത്രങ്ങള്‍, പാവനിര്‍മാണം, പലതരം ഡിസൈനുകള്‍ ഫര്‍ണിച്ചറുകളിലും മറ്റും വരയ്ക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന നകാശി കലാകാരരാണ് ചെറിയാല്‍ ചിത്രങ്ങളും വരയ്ക്കുന്നത്. വെളുത്ത ചെളിയില്‍ പുളിങ്കുരു പൊടിച്ച് മരപ്പശയും ചേര്‍ത്ത് കുഴച്ചെടുത്ത് തുണിച്ചുരുളുകളിലും കടലാസുചുരുളുകളിലും മൂന്നുതവണ തേച്ചുപിടിപ്പിച്ചുണക്കിയെടുത്താണ് ചിത്രരചനയ്ക്കുള്ള കാന്‍വാസ് നിര്‍മിച്ചിരുന്നത്.

ലംബാകൃതിയിലും തിരശ്ചീനാകൃതിയിലുമുള്ള ചുരുളുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു. പൂക്കളില്‍നിന്നും ഇലകളില്‍നിന്നും വിവിധതരം മണ്ണുകളില്‍നിന്നും വിവിധതരം കല്ലുകളില്‍നിന്നും കടല്‍ജീവികളുടെ തോടുകള്‍ പൊടിച്ചുമാണ് രചനയ്ക്കുള്ള നിറങ്ങള്‍ നിര്‍മിച്ചിരുന്നത്. കടുംനിറങ്ങള്‍കൊണ്ടാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ചുവപ്പ്, നീല, മഞ്ഞ തുടങ്ങിയ പ്രാഥമികനിറങ്ങളാണ് ചിത്രങ്ങളില്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. ബ്രൗണ്‍ പിങ്ക് തുടങ്ങിയ നിറങ്ങളും ചിത്രരചനയില്‍ പ്രധാനമാണ്. പ്രതലവര്‍ണം ചുവപ്പുനിറംകൊണ്ടാണ്. ചുരുളുകളെ വിവിധ കളങ്ങളായി വേര്‍തിരിച്ച് ഓരോ കളത്തിലും കഥാസന്ദര്‍ഭങ്ങള്‍ വരച്ചുകൊണ്ടുള്ള ആഖ്യാനശൈലിയാണ് സ്വീകരിച്ചിരുന്നത്. ആദ്യകളത്തില്‍ ഗണപതിയെയും തുടര്‍ന്ന് സരസ്വതിയെയും വരച്ചുകൊണ്ടാണ് ചിത്രരചന ആരംഭിക്കുക. മഞ്ഞ, നീല നിറങ്ങളിലാണ് നായകന്മാരായ ദേവന്മാരെ വരയ്ക്കുക. നായികമാരായ ദേവതകള്‍ക്ക് ബ്രൗണ്‍ തുടങ്ങിയ കടുത്ത നിറങ്ങളാണ്, സാധാരണ മനുഷ്യരെ പിങ്ക് നിറംകൊണ്ടും അടയാളപ്പെടുത്തുന്നു. മനോഹരമായ ഡിസൈനുകള്‍കൊണ്ട് അലങ്കരിച്ചതാണ് ചിത്രാതിരുകള്‍.

പതിനഞ്ചാംനൂറ്റാണ്ടില്‍ രചിച്ച ചെറിയാല്‍ ചിത്രങ്ങള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. മൂന്നടി വീതിയില്‍, ഒരടിമുതല്‍ അറുപതടിവരെ നീളമുള്ള ചെറിയാല്‍ ചുരുളുകളുണ്ട്. പതിനാറാംനൂറ്റാണ്ടില്‍ മുഗള്‍ഭരണവും നകാശി കലകളെ പ്രോത്സാഹിപ്പിച്ചു. 1625-ല്‍ ഗോല്‍കൊണ്ട സുല്‍ത്താനായിരുന്ന മുഹമ്മദ് കുത്തുബ് ഷായുടെ ഭരണകാലത്താണ് ആന്ധ്രയിലാകെ നകാശി കലകളുടെ വ്യാപനമുണ്ടാകുന്നത്. മഹാഭാരതം, മാര്‍ക്കണ്ഡേയപുരാണം, ഗൗഡപുരാണം, മഹേശ്വര പുരാണം, മഡേലു പുരാണം, അദാപ്പു പുരാണം, ഗുര്‍ റാം പുരാണം, ആദിപുരാണം, കാട്ടമരാജകഥ തുടങ്ങിയ ഹൈന്ദവ ഇതിഹാസകഥകളായിരുന്നു ചെറിയാല്‍ ചിത്രങ്ങളുടെ പ്രമേയം. രാമായണം, ഭാഗവതം, ശിവപുരാണം തുടങ്ങിയ പുരാണ കാവ്യങ്ങളില്‍നിന്നുള്ള ഏടുകളും പിന്നീട് രചനയ്ക്ക് വിഷയമായി.

പതിനേഴാംനൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നൈസാംഭരണകാലത്ത് നാടോടി ഗ്രാമീണജീവിത സന്ദര്‍ഭങ്ങളും ആധുനിക ജീവിതവും വിവിധതരം അലങ്കാരചിഹ്നങ്ങളും ഡിസൈനുകളും ചെറിയാല്‍ ചിത്രങ്ങളുടെ വിഷയങ്ങളായിമാറി. കൊട്ടാരഭിത്തികളും രാജധാനികളും ഈ ചിത്രങ്ങളാല്‍ അലങ്കരിച്ചിരുന്നു. സമൂഹത്തിന്റെ വിഭിന്നസമുദായങ്ങളിലുള്ള കഥാവതാരകര്‍ക്ക് വിവിധ ജാതിസമൂഹങ്ങള്‍ക്കിടയില്‍ കഥപറയുന്നതിനുവേണ്ടിയായിരുന്നു നകാശി കലാകാരര്‍ വിവിധതരം ചെറിയാല്‍ ചുരുളുകള്‍ വരച്ചിരുന്നത്. എട്ട് ജാതി സമൂഹങ്ങള്‍ക്കുവേണ്ടി കഥ പറയുന്നത് എട്ട് വ്യത്യസ്ത സമുദായങ്ങളില്‍പ്പെടുന്ന അവതാരകരാണ്.

ചെറിയാല്‍ ചുരുളുകള്‍ ഗ്രാമകേന്ദ്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ താത്കാലികമണ്ഡപങ്ങളില്‍ തൂക്കിയാണ് ഗ്രാമവാസികള്‍ക്ക് മുന്നില്‍ കഥാവതാരകര്‍ ഹാര്‍മോണിയം, തബല തുടങ്ങിയ സംഗീതോപകരണങ്ങള്‍ മീട്ടി, താളമേളങ്ങളുടെ അകമ്പടിയോടെ ചുവടുകള്‍ വെച്ചുകൊണ്ടും പാട്ടുകള്‍ പാടിക്കൊണ്ടും കഥകളവതരിപ്പിക്കുന്നത്. ഓരോ സമുദായത്തിന്റെയും കുലത്തൊഴിലുമായി പുരാണങ്ങളെ ബന്ധപ്പെടുത്തിയുള്ള അവതരണങ്ങളാണ് അതത് സമുദായത്തിന് മുന്നില്‍ നടത്തുക. ഓരോ ഗ്രാമത്തിലും രണ്ടുമാസക്കാലത്തോളം നീളുന്ന കഥാവതരണങ്ങളാണ് നടന്നിരുന്നത്. നാടകാവതരണങ്ങള്‍ നടന്നിരുന്ന സന്ദര്‍ഭങ്ങളിലും കഥാസന്ദര്‍ഭങ്ങള്‍ വരച്ച ചെറിയാല്‍ ചിത്രങ്ങള്‍ നാട്യമണ്ഡപത്തില്‍ നിര്‍ബന്ധമായിരുന്നു. കാണികള്‍ക്ക് നാടകത്തിലേക്കുള്ള പ്രവേശസൂചികകളായിരുന്നു ചെറിയാല്‍ ചിത്രങ്ങള്‍. ചിത്രച്ചുരുളുകള്‍ മങ്ങിത്തുടങ്ങുകയോ ചിത്രങ്ങള്‍ക്ക് നൂറുവയസ്സ് തികയുകയോ ചെയ്താല്‍, ആചാരാനുഷ്ഠാനങ്ങളോടെ ചിത്രച്ചുരുള്‍ നദിയിലൊഴുക്കും. തുടര്‍ന്ന്, മദ്യമുള്‍പ്പെടെ വിളമ്പിക്കൊണ്ടുള്ള സദ്യകളും പതിവായിരുന്നു.

നകാശികലകളുടെ ആചാര്യനായ ധനാലക്കോട്ട രമണയ്യയുടെ പുത്രനായ ധനാലക്കോട്ട വൈകുണ്ഠം നകാശികലകളുടെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന കലാകാരനാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ധനാലക്കോട്ട വൈകുണ്ഠം രാജ്യത്തുടനീളം നിരവധി പ്രദര്‍ശനങ്ങളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിക്കാറുണ്ട്. നകാശികലകള്‍ക്കുവേണ്ടി പ്രയത്നിക്കുകയാണ് വൈകുണ്ഡത്തിന്റെ ഭാര്യ വനജയും പുത്രന്മാരായ ധനാലക്കോട്ട വിനയും രാകേഷും

(മെയ് 7 ലക്കം ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: about cheriyal pictures


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented