പെണ്‍കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കരുത്,പ്രേമവിവാഹങ്ങള്‍ നിഷിദ്ധം;സ്വാഭിമാന കൊലകള്‍ സാധാരണമാകുന്ന ഹരിയാണ


കെ.എ. ബീന



പൂവാലന്മാരുടെ ശല്യം ഒഴിവാക്കാന്‍ പെണ്‍കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

യാത്രയ്ക്കിടയിൽ ലേഖികയും ഗ്രാമവാസിയും

യാത്ര പലപ്പോഴും പ്രിയങ്കമായി തീരുന്നത് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ്. ശരീരവും മനസ്സും ചിന്തയും ഒക്കെ ആര്‍ക്കുവേണ്ടിയും സമരസപ്പെടുത്താതെ , സ്വയം അഴിച്ചുവിട്ട് അലയുന്ന യാത്രകള്‍. ഡല്‍ഹിയിലെ കാശ്മീരിഗേറ്റിലേക്ക് രാവിലെതന്നെ പുറപ്പെട്ടത് അത്തരമൊരു യാത്ര മൂഡിലാണ്. കാശ്മീരി ഗേറ്റ് ഡല്‍ഹിയില്‍ നിന്ന് തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കുള്ള ബസ്സുകള്‍ കിട്ടുന്ന സ്ഥലമാണ് . രാവിലെ നല്ല തിരക്കുണ്ട്. ചുറ്റുമുള്ള സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള ബസ്സുകള്‍ നിരന്നു കിടക്കുന്നു. ജയ്പൂര്‍, ജലന്തര്‍, പാനിപ്പറ്റ്, സോണി പറ്റ് എന്നിങ്ങനെ പലയിടങ്ങളിലേക്കുള്ള ബസുകള്‍ വരുന്നു, പോകുന്നു. ആദ്യം കാണുന്ന ബസ്സില്‍ കയറി അവസാന സ്റ്റോപ്പില്‍ ഇറങ്ങുക എന്നതാണ് യാത്രയുടെ രീതി. സോനിപത് എന്ന ബോര്‍ഡ് വച്ച ഒരു ബസ് എന്റെ മുന്നില്‍ വന്നു നിന്നു. ജനാലക്കടുത്തു സീറ്റ് തന്നെ കിട്ടി.

സ്വസ്ഥമായിരുന്നു പുറത്തേക്ക് നോക്കുമ്പോഴേക്കും ബസ്സ് നീങ്ങിത്തുടങ്ങി. വഴിയരികില്‍ ഹിന്ദിയില്‍ നിരവധി ബോര്‍ഡുകള്‍ വായിക്കാന്‍ ശ്രമിച്ചു നടക്കുന്നില്ല. തിരക്കുള്ള റോഡുകള്‍ കഴിഞ്ഞ് ബസ് ഹൈവേയിലേക്ക് കയറി. വഴിയില്‍ സ്ഥലങ്ങളുടെ പേരുകള്‍ എഴുതി വെച്ച കൂറ്റന്‍ ബോര്‍ഡുകള്‍. പച്ച ബോര്‍ഡില്‍ വലിയ അക്ഷരങ്ങള്‍ .

രണ്ടുമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ സോനിപത്തിലെത്തി. ചെറിയൊരു ബസ് സ്റ്റാന്‍ഡ്. വൃത്തിയൊക്കെ കണക്ക് തന്നെ. പൊടി പാറുന്നുണ്ട്. ബസ്റ്റാന്‍ഡില്‍ തുറസ്സായ സ്ഥലത്ത് ചെറിയൊരു മേശയുടെ പിന്നില്‍ ഒരാള്‍ ഇരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ ആണ്. രജീന്ദര്‍സിംഗ് എന്നൊരു തലപ്പാവുകാരന്‍ ആണ് കൗണ്ടറില്‍ ഇരുന്നത്. കേരളത്തില്‍നിന്ന് കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ അങ്ങനെ ഒരു സ്ഥലം കേട്ടിട്ടില്ലെന്നു പറഞ്ഞു. ഗൂഗിള്‍ നോക്കി കണ്ടു പിടിച്ച സ്ഥലങ്ങള്‍ ഇംഗ്ലീഷിലെഴുതിയ പേപ്പര്‍ കൊടുത്ത് പറഞ്ഞു .'ഇതൊക്കെ ഒന്ന് ഹിന്ദിയില്‍ എഴുതി തരൂ' രജീന്ദര്‍ സിങ് ഒരു പേപ്പറില്‍ സ്ഥലങ്ങളുടെ പേര് ഹിന്ദിയില്‍ എഴുതി തന്നു. ആദ്യം കണ്ട ഓട്ടോറിക്ഷക്ക് കൈകാട്ടി.

ചിന്ത പൂർണ മന്ദിർ

ഡ്രൈവര്‍ ബിയാന്ത് സിങ് 60 വയസ്സ് തോന്നിക്കുന്ന ഒരു പഞ്ചാബിയാണ്. ഞാന്‍ സ്ഥലങ്ങളുടെ പേര് എഴുതിയ പേപ്പര്‍ നീട്ടി .. 'സോനിപ്പറ്റില്‍ ആദ്യം കാണേണ്ടത് ക്വാജാ കിസര്‍ ആണ്'. ബിയാന്ത് സിങ് പറഞ്ഞു. ശരിയെന്ന് ഞാന്‍ മറുപടി നല്‍കി.പല വഴികളിലൂടെ ഓട്ടോറിക്ഷ ജത്വരയിലുള്ള ക്വാജകിസറിലെത്തി. ചുവപ്പും ഇളം മഞ്ഞയും കൊണ്ട് നിര്‍മ്മിച്ച മനോഹരമായ കെട്ടിടം. പടികള്‍ കയറി ചെന്നു. ഇബ്രാഹിം ലോധിയുടെ കാലത്ത് ജീവിച്ചിരുന്ന സൂഫി വര്യനായ ക്വാജാ കിസറിന്റെ ശവകുടീരമാണിത്. 1522-1524കാലഘട്ടത്തില്‍ പണി കഴിപ്പിച്ച ഈ കെട്ടിടം കങ്കര്‍, സാന്‍ഡ്‌സ്റ്റോണ് എന്നിവ കൊണ്ട് പണി കഴിപ്പിച്ച അപൂര്‍വ്വം കെട്ടിടങ്ങളില്‍ ഒന്നാണ്. നാലു വശത്തും ഉയരമുള്ള പ്ലാറ്റ് ഫോം ഉണ്ട്.

ചുവരുകള്‍ താമര, വിവിധ തരം പൂക്കള്‍, തുടങ്ങി പലതരം ഡിസൈനുകള്‍ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. കെട്ടിടത്തിനകത്ത് മുകള്‍ വശം അതി സുന്ദരമാണ്. വിവിധ നിറങ്ങളില്‍ പല പല പൂക്കളുടെ ചിത്രങ്ങള്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. മുറിയുടെ മധ്യത്തില്‍ ക്വാജാ കിസറിന്റെ ശവകുടീരം. കമിഴ്ത്തി വച്ച ഒരു താമരയുടെ ആകൃതി ഇതിനുണ്ട്. ക്വാജാ കിസറിന് ചുറ്റും വിശാലമായ പച്ചപ്പ്.. മനസ്സ് നിറക്കുന്ന നിര്‍മ്മിതിയും പച്ചപ്പും. അവിടെ നിന്ന് ബിയാന്ത് സിങ് സോനിപറ്റിലെ മറ്റ് കാഴ്ചകളിലേക്ക് കൊണ്ടു പോയി. മാ കാളി അമ്പലം, മാമ ഭഞ്ച ദര്‍ഗ ഒക്കെ കണ്ടു കഴിഞ്ഞപ്പോള്‍ ഉച്ചയായി.
'നാടന്‍ ഹരിയാന ഭക്ഷണം കഴിക്കണം', എന്റെ ആഗ്രഹം സാധിച്ചു തരാമെന്നേറ്റ ബിയാന്ത് സിങ് വഴിയരുകില്‍ ഓട്ടോ നിര്‍ത്തി.

റോഡ്‌സൈഡിലെ നിരവധി ഭക്ഷണശാലകളിലൊന്നില്‍ നിന്ന് തണ്ടൂരി റൊട്ടിയും ദാല്‍ തഡ്കയും ഗോബി കറിയും കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കുമ്പോള്‍ ബിയാന്ത് സിങ് തടഞ്ഞു.

ബിയാന്ത് സിങ് ലേഖികയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്നു

'മാഡം ഇവിടുത്തെ അതിഥിയാണ്. പൈസ ഞാന്‍ കൊടുക്കും. ',ഞാന്‍ എതിര്‍ത്തു.'മാഡം,പ്ലീസ്, എനിക്ക് സങ്കടമാകും.ഞാന്‍ കൊടുത്തോട്ടെ'. പിന്നെ ഞാന്‍ തടസ്സം പറഞ്ഞില്ല. ആഹാരം വാങ്ങിത്തന്ന നിറവ് ബിയാന്ത് സിങ്ങിന്റെ കണ്ണുകളിലെ സന്തോഷത്തില്‍ തെളിഞ്ഞു. ഗ്രാമങ്ങള്‍ കാണണം, ഗ്രാമീണരോട് സംസാരിക്കണം എന്ന എന്റെ ആഗ്രഹം കേട്ട് ബിയാന്ത് സിങ് പറഞ്ഞു, 'നമുക്ക് ബറോനയിലേക്ക് പോകാം'. യാത്രാപരിപാടിയുടെ നിയന്ത്രണം അപ്പോഴേക്കും ഞാന്‍ ധൈര്യത്തോടെ പുള്ളിക്ക് വിട്ടു കൊടുത്തു കഴിഞ്ഞിരുന്നു.

'ഇവിടെ നിന്ന് 20 കിലോമീറ്റര്‍ ദൂരം കാര്‍ഖോട ജില്ലയിലാണ് ബറോന. കാര്‍ ഖോട ജങ്ഷനില്‍ നിന്ന് നാലു കിലോമീറ്റര്‍ പോയാല്‍ മതി ബറോനയില്‍ എത്താന്‍'.

ആ നട്ടുച്ചയ്ക്ക് ഓട്ടോറിക്ഷയില്‍ ബറോനയ്ക്ക് പുറപ്പെട്ടു. നോക്കെത്താദൂരത്തോളം ഗോതമ്പ് വയലുകള്‍..കൃഷിയിടങ്ങള്‍..മനോഹരമായ കാഴ്ചകള്‍. ഹരിയാനയില്‍ സ്വാഭിമാന കൊലകള്‍ സാധാരണ സംഭവമാണെന്ന് വായിച്ചിട്ടുണ്ട്. ഖാപ് പഞ്ചായത്തുകള്‍ ഭരിക്കുന്ന ഇടങ്ങള്‍. പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറയ്ക്കുക, പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് (പൂവാലന്മാരില്‍ നിന്ന് രക്ഷിക്കാന്‍ ) ,പെണ്‍കുട്ടികള്‍ നൂഡില്‍സ് കഴിക്കുന്നത് ബലാത്സംഗത്തിന് കാരണമാകും എന്നൊക്കെ പറയുന്ന ഖാപ് പഞ്ചായത്തുകള്‍. ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാര്‍ മാത്രം അംഗങ്ങളായ ഖാപ് പഞ്ചായത്തുകള്‍ സ്ത്രീ പുരുഷന്മാരേക്കാള്‍ വളരെ താഴെയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന സമൂഹമാണെന്ന് വായിച്ചിട്ടുണ്ട് .

ബറോനയിലെത്തിയപ്പോള്‍ ആദ്യം ആകര്‍ഷിച്ചത് ഗ്രാമത്തിന്റെ പുരാതന ഭാഗമാണ് .മണ്ണുകൊണ്ടുള്ള കെട്ടിടങ്ങള്‍. വഴിയരികില്‍ മനോഹരമായ തടാകങ്ങള്‍, തലക്കെട്ടുള്ള പുരുഷന്മാര്‍ വട്ടം കൂടി ഇരിക്കുന്ന ചായക്കടകള്‍. സല്‍വാര്‍ കമ്മീസ് ആണ് സ്ത്രീകളുടെ വേഷം. ആണ്‍ കുട്ടികളുടെ തലയില്‍ കൊച്ചു കുടുമ്മകള്‍ ഉണ്ട് .പഞ്ചായത്ത് സര്‍പഞ്ച് സീമയെ വഴിയില്‍ വച്ചാണ് കണ്ടത്. അവിടുത്തെ നിലവാരമനുസരിച്ച് വിദ്യാഭ്യാസമുള്ള ആളാണ് സീമ. പത്താംക്ലാസ് വരെ പഠിച്ചിട്ടുണ്ട്. വനിതാ സംവരണ മണ്ഡലം ആയപ്പോഴാണ് പ്രസിഡന്റ് ആയത്. ഭര്‍ത്താവ് സുരേന്ദ്രന്‍ ആയിരുന്നു ആദ്യം പഞ്ചായത്ത് കാര്യങ്ങള്‍ ചെയ്തിരുന്നത് . ഇപ്പോള്‍ തന്നത്താന്‍ തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ട് .

മാമ ഭഞ്ച ദര്‍ഗ


പഞ്ചായത്തിലെ അത്യാവശ്യ കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് സീമ യാത്ര പറഞ്ഞു. ബാക്കി കാര്യങ്ങള്‍ പറയാന്‍ ഒപ്പമുണ്ടായിരുന്ന അമ്മയെ എനിക്കൊപ്പം നിര്‍ത്തിയാണ് പോയത്. ഞാന്‍ ഖാപ് പഞ്ചായത്തുകളെ കുറിച്ച് ചോദിച്ചു. "ഖാപ് പഞ്ചായത്തുകള്‍ സമൂഹത്തിന്റെ ഗുണത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെ'ന്ന് സീമയുടെ അമ്മ ശകുന്തള പറഞ്ഞു. മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുകയാണ്. ഖാപ് പഞ്ചായത്ത് സമുദായനേതാക്കളുടെ സംഘമാണ്. സാമൂഹിക സേവനമാണ് അവര്‍ നടത്തുന്നത്. ഗ്രാമത്തിലെ കാര്യങ്ങള്‍ നേര്‍വഴിക്ക് നടത്തുന്നത് ഖാപ് പഞ്ചായത്തുകളാണ് ",എന്ന് അവര്‍ ഉറപ്പിച്ചു തന്നെ പറഞ്ഞു. പഞ്ചായത്തുകള്‍ വിവാഹങ്ങളില്‍ ഇടപെടുന്നത് ഭരണഘടനാവിരുദ്ധമാണെന്ന 2017 മാര്‍ച്ച് 27 ലെ സുപ്രീം കോടതി വിധിയെ കുറിച്ച് ഞാന്‍ ഓര്‍ത്തു.

ദുരഭിമാനക്കൊലകള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ശക്തി വിനീത എന്ന എന്‍ജിഒ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം ഉണ്ടായത്. മിശ്ര വിവാഹങ്ങള്‍ റദ്ദാക്കാന്‍ ഖാപ് പഞ്ചായത്തുകള്‍ നടത്തുന്ന ഇടപെടലുകള്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ പരാമര്‍ശത്തെ പഞ്ചായത്തുകള്‍ എതിര്‍ത്തത് ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സമ്പ്രദായമാണ് ഇത് എന്ന് പറഞ്ഞായിരുന്നു. പഞ്ചായത്തുകളുടെ ഇടപെടലുകള്‍ പലപ്പോഴും ക്രൂരമാണെന്ന് വാര്‍ത്തകളില്‍ വായിച്ചിട്ടുണ്ട്. സഹോദരന്‍ ദളിത് യുവതിയെ കല്യാണം കഴിച്ചതിന് സഹോദരിമാരെ ബലാല്‍സംഗം ചെയ്യാന്‍ ആണ് ഒരു ഖാപ് പഞ്ചായത്ത് ഉത്തരവിട്ടത് .

മാ കാളി മന്ദിർ

ഉന്നത ജാതിക്കാരായ ജാട്ട് സമുദായത്തിലെ പുരുഷന്മാര്‍ മാത്രം അംഗങ്ങളായ ഖാപ് പഞ്ചായത്ത് പ്രേമവിവാഹങ്ങളെ അംഗീകരിക്കാറില്ല . ഒരേ ഗ്രാമത്തില്‍ നിന്നുള്ള ആണും പെണ്ണും തമ്മിലുള്ള വിവാഹം നിഷിദ്ധമാണെന്നതാണ് പഞ്ചായത്തിന്റെ രീതി . തൊട്ടടുത്ത ഗ്രാമത്തില്‍നിന്നു പോലുമുള്ള വിവാഹങ്ങള്‍ അംഗീകരിക്കില്ല .'പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമില്ലേ'? ശകുന്തളയോട് ഞാന്‍ ചോദിച്ചു.' എന്ത് അവകാശം? ഈ ഇരിക്കുന്നത് എന്റെ മകളുടെ മകനാണ് . ഇവന്‍ നാളെ ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിക്കാം എന്ന് പറഞ്ഞാല്‍ ആദ്യം എതിര്‍ക്കുന്നത് ഞാനായിരിക്കും.അവന്റെ അച്ഛനും അമ്മയും എതിര്‍ക്കും . അതിന് വേണ്ടി ഇവനെ കൊന്നുകളയണം എങ്കില്‍ അതും ചെയ്യും .കുടുംബത്തിന് ഏറ്റവും പ്രധാനം അഭിമാനമാണ് . അഭിമാനം നഷ്ടമാക്കി ഒരു കാര്യം ഇവിടെ നടക്കില്ല.'
' രണ്ടു മനുഷ്യര്‍ തമ്മില്‍ ജീവിക്കാന്‍ ഇഷ്ടവും പ്രണയവുമൊക്കെ വേണ്ടേ?' എന്ന എന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ശകുന്തളയുടെ കൊച്ചുമകന്‍ രാഹുല്‍ മുഖം കുനിച്ചിരുന്നു .

പഞ്ചായത്ത് പ്രസിഡന്റ് സീമയുടെ അമ്മയും മകനും

പിന്നീട് ഞാന്‍ ഹരിയാണയില്‍ പ്രബലമാണെന്ന് കേട്ടിട്ടുള്ള പെണ്‍ ഭ്രൂണഹത്യയെ കുറിച്ച് ചോദിച്ചു. 'എല്ലായിടത്തും ഉണ്ട് എന്നാല്‍ ഒരിടത്തുമില്ല എന്നതാണ് സ്ഥിതി' എന്നൊരു ഒഴുക്കന്‍ മറുപടിയാണ് ശകുന്തള നല്‍കിയത്.. ഖാപ് പഞ്ചായത്ത് ഇതിനെയൊക്കെ എതിര്‍ക്കുന്നുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു. പെണ്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് ഇപ്പോഴും സന്തോഷമുള്ള കാര്യം ഒന്നും അല്ല എന്നും അവര്‍ പറഞ്ഞു. സ്ത്രീ പുരുഷ അനുപാതത്തില്‍ വന്‍ വ്യത്യാസമുള്ള ഹരിയാണയിലേക്ക് കേരളത്തില്‍ നിന്നു പെണ്‍കുട്ടികളെ വിവാഹം കഴിച്ചു കൊണ്ടു പോകുന്ന സംഭവങ്ങള്‍ വായിച്ചത് ഓര്‍മ്മവന്നു. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞു കേട്ടിട്ടില്ല ,ഒന്നും അറിയില്ല എന്ന് മാത്രം പറഞ്ഞു ശകുന്തള ഒഴിഞ്ഞു. ബറോനയില്‍ നിന്ന് മടങ്ങുമ്പോള്‍ ബിയാന്ത് സിങ് ചോദിച്ചു..

'ഇവിടുത്തെ കാര്യങ്ങള്‍ ഒക്കെ എങ്ങനെയാണ് ഇത്ര കൃത്യമായി അറിയുന്നത്?' 'പത്രങ്ങളും മാസികകളും പുസ്തകങ്ങളും വായിച്ചിട്ടാണ്.ചിലപ്പോള്‍ ടി വിയില്‍ നിന്നും മറ്റു ചിലപ്പോള്‍ റേഡിയോയില്‍ നിന്നും അറിയും'. 'വായിക്കുന്ന ഒരു സ്ത്രീയെ ഞാന്‍ ആദ്യമായി കാണുകയാണ്. എന്റെ വീട്ടിലെ സ്ത്രീകള്‍ക്കൊന്നും വായിക്കാന്‍ അറിയില്ല.' തിരിച്ചു സോനിപ്പറ്റില്‍ എത്തുമ്പോള്‍ ബിയാന്ത് സിങ് ഒരു അഭ്യര്‍ത്ഥന വച്ചു.'ഇവിടെ അടുത്താണ് എന്റെ അനിയന്റെ വീട്.അവിടെ പോയി ചായ കുടിച്ചിട്ട് പോകാം. എനിക്ക് മൂന്ന് ആണ്കുട്ടികള്‍ ആണ്. അവര്‍ക്ക് വലിയ പഠിത്തം ഒന്നും ഇല്ല. എന്റെ അനിയന്റെ മകള്‍ നന്നായി പഠിക്കും. അവളോട് മാഡം സംസാരിച്ചാല്‍ അവള്‍ക്ക് സന്തോഷമാവും..അവള്‍ വായിച്ചു വളര്‍ന്ന് ജോലിയൊക്കെ വാങ്ങി മാഡത്തെ യൊക്കെ പോലെ ആയെങ്കില്‍ എന്ന് ഇപ്പോള്‍ ഒരാഗ്രഹം'.

ശിവ് ധാം


ഒരു ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ് നടത്തുകയാണ് ബിയാന്ത് സിങ്ങിന്റെ അനിയന്‍. പന്ത്രണ്ടുകാരി സുനിത ഏഴാം ക്ലാസ്സിലാണ്.നീണ്ട മുടിയുള്ള, കുസൃതി കണ്ണുകളുള്ള ഒരു കുഞ്ഞു മിടുക്കി. പഠിച്ചു ടീച്ചര്‍ ആവണം എന്നാണ് അവളുടെ സ്വപ്നം.നന്നായി പഠിക്കാനും പത്രം വായിക്കാനും സ്വപ്നത്തെ ലാളിച്ചു മുന്നോട്ട് പോകാനും ഒക്കെ സുനിതയോട് പറഞ്ഞു.അവളുടെ കണ്ണുകളില്‍ പ്രതീക്ഷ തിളങ്ങി.തിരികെ ഡല്‍ഹിയിലേക്ക് ഉള്ള ബസ് കയറുമ്പോള്‍ ബിയാന്ത് സിങ് പറഞ്ഞു..'മാഡം വീണ്ടും വരണം.. എന്റെ നമ്പര്‍ സൂക്ഷിച്ചു വയ്ക്കണം.'

Content Highlights: about barona village, indian grama yathrakal ka beena column

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented