ഖനി നിറഞ്ഞ് വെള്ളം, പൊത്തുകളില്‍ അഭയംതേടി തൊഴിലാളികള്‍: ക്യാപ്സ്യൂള്‍ ഗില്ലും രക്ഷാപ്രവര്‍ത്തനവും


സി. എ ജേക്കബ്ഖനിക്കുള്ളിലേക്ക് തുരങ്കമുണ്ടാക്കി അതിലൂടെ ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച റെസ്‌ക്യൂ ക്യാപ്‌സൂള്‍ ഇറക്കി തൊഴിലാളികളെ ഓരോരുത്തരായി അതില്‍ക്കയറ്റി പുറത്തെത്തിക്കാനുള്ള നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചു.

Their Story

പ്രതീകാത്മക ചിത്രം | ഇൻസെറ്റിൽ ജസ്വന്ത് സിങ് ഗിൽ

വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ കല്‍ക്കരിയുടെ 12 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. റഷ്യ - യുക്രൈന്‍ യുദ്ധം കല്‍ക്കരി ഇറക്കുമതിയെ ബാധിക്കുകയും വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്തതോടെ വലിയ ഊർജ്ജപ്രതിസന്ധിയാണ് രാജ്യം നേരിട്ടത്. രാജ്യത്തിന്റെ 70 ശതമാനം ഊര്‍ജ ആവശ്യവും നിറവേറ്റപ്പെടുന്നത് കല്‍ക്കരിയിലൂടെയാണ്. കല്‍ക്കരി ക്ഷാമംമൂലം രാജ്യം കടുത്ത ഊര്‍ജപ്രതിസന്ധിയുടെ വക്കിലെത്തിയപ്പോൾ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ബിഹാര്‍, ഹരിയാണ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടിവന്നു. . മാര്‍ച്ച് മാസത്തില്‍ ചൂട് കൂടിയതോടെ ഊര്‍ജ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതും, വിവിധ സംസ്ഥാനങ്ങളിലെ കല്‍ക്കരി ഖനികളുള്ള പ്രദേശത്ത് പെയ്ത കനത്ത മഴയുമെല്ലാം കല്‍ക്കരി ക്ഷാമത്തിനും തുടര്‍ന്നുള്ള ഊര്‍ജപ്രതിസന്ധിക്കും വഴിവച്ചു. രാജ്യത്തിന്റെ ഊര്‍ജാവശ്യം നേരിടുന്നതില്‍ വലിയ പങ്കുവഹിക്കുന്ന കല്‍ക്കരി മേഖലയില്‍ ഉണ്ടായ ഒരു വലിയ അപകടത്തിന്റെയും തുടര്‍ന്ന് ഒരു എന്‍ജിനിയര്‍ ജീവന്‍ പണയംവച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെയും കഥയാണ് ഇത്തവണ Their storyയിൽ.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കല്‍ക്കരി ഖനിക്കുള്ളില്‍ തൊഴിലാളികള്‍ | Photo - AFP

റാണിഗഞ്ചിലെ കല്‍ക്കരി ഖനി അപകടം

പ്രതികൂല സാഹചര്യങ്ങളില്‍ മരണംപോലും മുന്നില്‍ക്കണ്ടാണ് പലപ്പോഴും തൊഴിലാളികള്‍ കല്‍ക്കരി ഖനികളില്‍ ജോലിചെയ്യുന്നത്. വിഷവാതകം, ഖനിക്കുള്ളില്‍ വെള്ളം നിറയാനുള്ള സാധ്യത എന്നിവയെല്ലാം എപ്പോഴും അവര്‍ക്ക് മുന്നിലുണ്ടാകും. 1989 നവംബറിലാണ് പശ്ചിമ ബംഗാളിലെ റാണിഗഞ്ചിലുള്ള കല്‍ക്കരി ഖനിയില്‍ 220 തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നത്. ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള മഹാവീര്‍ കല്‍ക്കരി ഖനിയിലാണ് അപകടം നടന്നത്. തൊഴിലാളികള്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഖനിക്കുള്ളില്‍ നടത്തിയ സ്‌ഫോടനത്തിനിടെ ഭിത്തിയില്‍ വിള്ളലുണ്ടാകുകയും ഭൂഗര്‍ഭജലം ഖനിക്കുള്ളിലേക്ക് കുതിച്ചെത്തുകയുംചെയ്തു. ആറുപേര്‍ തല്‍ക്ഷണം മരിച്ചു. 149 പേരെ ഉടന്‍തന്നെ പുറത്തെത്തിച്ച് രക്ഷപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. എന്നാല്‍ 64 പേര്‍ ഇരുട്ടുനിറഞ്ഞ ഖനിക്കുള്ളില്‍ കുടുങ്ങി. വെള്ളം നിറഞ്ഞുകൊണ്ടിരുന്ന ഖനിക്കുള്ളിലെ വിള്ളലുകളിലും പൊത്തുകളിലും അവര്‍ അഭയംതേടി. അപകടത്തില്‍ തൊട്ടുപിന്നാലെതന്നെ അധികൃതര്‍ രക്ഷാപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചു. ഖനിക്കുള്ളിലെ ആറ് സ്ഥലങ്ങളിലായാണ് 64 തൊഴിലാളികളും കുടുങ്ങിയത്. എന്നാല്‍ വെള്ളംനിറഞ്ഞ ഖനിക്കുള്ളില്‍നിന്ന് തൊഴിലാളികളെ എങ്ങനെ പുറത്തെത്തിക്കും ?

രക്ഷാദൗത്യത്തിന് ഉപയോഗിച്ച ക്യാപ്സ്യൂളിന് സമീപം ഗില്‍. ഫോട്ടോ കടപ്പാട് - sbs.com

ഖനിയിലേക്ക് ആറ് തുരങ്കങ്ങള്‍; ഭക്ഷണവും വെള്ളവും എത്തിച്ചു

കൂറ്റന്‍ പമ്പുകളുപയോഗിച്ച് ഖനിക്കുള്ളിലെ ജലവിതാനം താഴ്ത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തിയെങ്കിലും അത് ഫലപ്രദമാകില്ലെന്ന് വ്യക്തമായി. ഖനിക്കുള്ളില്‍നിന്ന് വെള്ളം മുഴുവന്‍ പമ്പുചെയ്ത് നീക്കാന്‍ 60 മുതല്‍ 90 ദിവസംവരെ വേണ്ടിവരുമെന്ന് മനസ്സിലായതോടെ ആ ശ്രമം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് കോള്‍ ഇന്ത്യ ലിമിറ്റഡില്‍ അഡീഷണല്‍ ചീഫ് മൈനിങ് എന്‍ജിനിയറായിരുന്ന അമൃത്സര്‍ സ്വദേശി ജസ്വന്ത് സിങ് ഗില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ നേരിട്ട് രംഗത്തിറങ്ങുന്നത്. ഖനിക്കുള്ളിലേക്ക് തുരങ്കമുണ്ടാക്കി അതിലൂടെ ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച റെസ്‌ക്യൂ ക്യാപ്‌സൂള്‍ ഇറക്കി തൊഴിലാളികളെ ഓരോരുത്തരായി അതില്‍ക്കയറ്റി പുറത്തെത്തിക്കാനുള്ള നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചു. അതിന് മുന്നോടിയായി ഖനിയുടെ മാപ്പ് പരിശോധിച്ച് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലങ്ങളിലേക്ക് ആറ് ചെറുതുരങ്കങ്ങളുണ്ടാന്‍ നിര്‍ദ്ദേശിച്ചതും അദ്ദേഹമാണ്. ഇതിലൂടെ വോക്കിടോക്കി ഉപയോഗിച്ച് അധികൃതര്‍ ഖനിയില്‍ക്കുടുങ്ങിയ തൊഴിലാളികളുമായി ആശയവിനിമയം നടത്തി. ഭക്ഷണവും വെള്ളവും ഈ ചെറുതുരങ്കങ്ങളിലൂടെ തൊഴിലാളികള്‍ക്ക് എത്തിക്കാനും കഴിഞ്ഞു. ഇതിനുപിന്നാലെയാണ് രക്ഷാദൗത്യത്തിന് ഉപയോഗിക്കുന്നതിനുള്ള 2.5 മീറ്റര്‍ ഉയരവും കഷ്ടിച്ച് ഒരാള്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന വ്യാസവുമുള്ള റെസ്‌ക്യൂ ക്യാപ്‌സ്യൂളിന്റെ നിര്‍മാണം തുടങ്ങിയത്. ഇരുമ്പ് വടം കെട്ടി ക്രെയിന്‍ ഉപയോഗിച്ചാണ് ക്യാപ്‌സ്യൂള്‍ തുരങ്കത്തിലൂടെ ഖനിക്കുള്ളിലേക്ക് ഇറക്കിയത്. ക്യാപ്‌സ്യൂളിനുള്ളില്‍ കയറി ഖനിക്കുള്ളിലേക്കുപോയി തൊഴിലാളികളെ ഓരോരുത്തരായി പുറത്തെത്തിക്കുന്നതിനുള്ള ദൗത്യം ഗില്‍ തന്നെ ഏറ്റെടുത്തു.

റെസ്‌ക്യൂ ക്യാപ്സ്യൂള്‍ ഉപയോഗിച്ചുള്ള ദൗത്യം

ഒരു മുതിര്‍ന്ന എന്‍ജിനിയര്‍ ജീവന്‍ പണയംവച്ച് രക്ഷാദൗത്യത്തിന് മുന്നിട്ടിറങ്ങുന്നതിനോട് കോള്‍ ഇന്ത്യ അധികൃതര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് അദ്ദേഹം ഖനിക്കുള്ളിലേക്ക് പോകാന്‍തന്നെ തീരുമാനിച്ചു.

ജസ്വന്ത് സിങ് ഗില്‍. ഫോട്ടോ കടപ്പാട് - babusahi.com

അപകടം നടന്ന ഖനിക്കുള്ളിലെത്തിയ അദ്ദേഹം അവിടെകുടുങ്ങിയ ഓരോരുത്തരെയായി ക്യാപ്‌സ്യൂളില്‍ കയറ്റുകയും അത് ഉയര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തുള്ളവര്‍ക്ക് നല്‍കുയും ചെയ്തു. അപകടത്തില്‍ നടുങ്ങി അവശരായ നിലയില്‍ ആയിരുന്ന ഖനിത്തൊഴിലാളികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നതും ക്യാപ്‌സ്യൂള്‍ ഉപയോഗിച്ച് ഖനിക്ക് പുറത്തേക്കെത്തിക്കെത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് നല്‍കിയതും ഗില്‍ ആയിരുന്നു. ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെയെല്ലാം പുറത്തെത്തിക്കുംവരെ അദ്ദേഹം അപകടം നടന്ന ഖനിക്കുള്ളില്‍ തുടര്‍ന്നു. ആറ് മണിക്കൂര്‍നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ തൊഴിലാളികളെയെല്ലാം പുറത്തെത്തിച്ചതിനുശേഷമാണ് അദ്ദേഹം ക്യാപ്‌സ്യൂളില്‍ കയറി പുറത്തെത്തിയത്.

രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി പുറത്തെത്തിയ അദ്ദേഹത്തെ താരപരിവേഷത്തോടെയാണ് പ്രദേശത്ത് ആശങ്കയോടെ തടിച്ചുകൂടിയിരുന്നവര്‍ സ്വീകരിച്ചത്. രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയ അദ്ദേഹത്തിന് 1991 ല്‍ സര്‍വോത്തം ജീവന്‍രക്ഷാ പതക് ലഭിച്ചു. രാജ്യത്തിന് അഭിമാനമായി മാറിയ വിജയകരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ അദ്ദേഹത്തിന്റെ പേര് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി. കോള്‍ ഇന്ത്യ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി. ഗില്‍ നേതൃത്വം നല്‍കിയ രക്ഷാദൗത്യത്തിന്റെ ഓര്‍മയ്ക്കായി കോള്‍ ഇന്ത്യ നവംബര്‍ 16 റെസ്‌ക്യൂ ഡേ ആയി ആചരിക്കാന്‍ തുടങ്ങി. ഇതിനെല്ലാം പുറമെ ക്യാപ്‌സ്യൂള്‍ ഉപയോഗിച്ച് നടത്തിയ രക്ഷാദൗത്യം അദ്ദേഹത്തിന് ക്യാപ്‌സ്യൂള്‍ ഗില്‍ എന്ന വിളിപ്പേര് നല്‍കി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ഖനി അപകടത്തില്‍ ഇത്തരത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദൗത്യം ആസൂത്രണം ചെയ്യുന്നതിന്റെയും നടപ്പാക്കുന്നതിന്റെയും മേല്‍നോട്ടം ഗില്ലിന് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മികച്ച ആസൂത്രണവും ജീവന്‍പണയംവച്ച് മുന്നിട്ടിറങ്ങാനുള്ള ധൈര്യം ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ഊര്‍ജഉത്പാദനത്തിനായി ജീവന്‍ പണയംവച്ച് ജോലിചെയ്യുന്ന 64 ഖനി തൊഴിലാളികളുടെ ജീവന്‍തന്നെ ഒരുപക്ഷ അപകടത്തിലായേനെ.

റെസ്‌ക്യൂ ക്യാപ്സ്യൂള്‍ ഉപയോഗിച്ച് നടത്തിയ ചിലിയിലെ രക്ഷാപ്രവര്‍ത്തനം | Photo - AFP

ചിലിയിലേതിന് സമാനമായ രക്ഷാപ്രവര്‍ത്തനം ഇന്ത്യയില്‍ നടന്നത് 1989 ല്‍

ഖനി അപകടത്തെത്തുടര്‍ന്ന് ചിലിയില്‍ ലോകംമുഴുവന്‍ സാക്ഷിയായ രക്ഷാപ്രവര്‍ത്തനം നടന്നത് 2010 ലാണ്. ഓഗസ്റ്റ് അഞ്ചിന് സാന്‍ ഹൊസെ ചെമ്പ് - സ്വര്‍ണ ഖനി ഇടിഞ്ഞതിനെത്തുടര്‍ന്ന് 700 മീറ്റര്‍ താഴ്ചയില്‍ കുടുങ്ങിയ 33 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് 69 ദിവസത്തിനുശേഷമാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അടക്കമുള്ളവയുടെ സഹായത്തോടെ ആയിരുന്നു രക്ഷാപ്രവര്‍ത്തനം. തൊഴിലാളികള്‍ കുടുങ്ങിക്കിടന്ന ഭാഗത്തേക്ക് തുരങ്കം നിര്‍മ്മിച്ച് ഒക്ടോബര്‍ 13-ന് പ്രത്യേകം രൂപകല്‍പ്പനചെയ്ത ക്യാപ്സ്യൂളില്‍ തൊഴിലാളികളെ ഓരോരുത്തരായി ഖനിക്ക് പുറത്തെത്തിച്ചു. ലോകമെമ്പാടുമുള്ള 53 ലക്ഷംപേര്‍ ലൈവ് സ്ട്രീമിങ്ങിലൂടെ രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷികളായെന്നാണ് കണക്ക്. 20 മില്യണ്‍ (രണ്ട് കോടി) അമേരിക്കന്‍ ഡോളറാണ് രക്ഷാപ്രവര്‍ത്തനത്തിന് ചെലവ് വന്നത്. എന്നാല്‍ സമാനമായ രക്ഷാപ്രവര്‍ത്തനം ഇന്ത്യയില്‍ നടന്നത് പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ജസ്വന്ത് സിങ് ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്നിരുന്നു.

കല്‍ക്കരി ഖനിക്കുള്ളില്‍ തൊഴിലാളികള്‍ | Photo - AFP

രാജ്യത്ത് കല്‍ക്കരി ഖനനത്തിന് തുടക്കംകുറിച്ച റാണിഗഞ്ച് കല്‍ക്കരിപ്പാടം

രാജ്യത്തുതന്നെ കല്‍ക്കരി ഖനനത്തിന് തുടക്കംകുറിച്ചത് ഈസറ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് 1774 ല്‍ റാണിഗഞ്ച് കല്‍ക്കരിപ്പാടത്ത് ആയിരുന്നു. പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലായി അത് വ്യാപിച്ചുകിടക്കുന്നു. പശ്ചിമ ബംഗാളിലെ പശ്ചിംബര്‍ധമാന്‍ ജില്ലയിലെ അസന്‍സോള്‍, ദുര്‍ഗാപുര്‍ സബ്ഡിവിഷനുകളിലും ജാര്‍ഖണ്ഡിലെ ബിര്‍ഭും, ബന്‍കൂറ, പുരുളിയ, ധന്‍ബാദ് ജില്ലകളിലും വ്യാപിച്ചുകിടക്കുന്ന കല്‍ക്കരിപ്പാടമാണിത്. പൂര്‍ണതോതിലുള്ള കല്‍ക്കരി ഖനനത്തിന് തുടക്കം കുറിക്കുന്നത് 1820 ലാണ്. ദീര്‍ഘകാലം രാജ്യത്തിനാവശ്യമായ കല്‍ക്കരിയുടെ നല്ലൊരുഭാഗവും ഖനനം ചെയ്തിരുന്നത് ഇവിടെനിന്നാണ്. 1973 ല്‍ വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ കല്‍ക്കരി ലഭിക്കുന്ന ഖനികളെല്ലാം ദേശസാത്കരിക്കുകയും കോള്‍ മൈന്‍സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. പിന്നീട് 1975 ല്‍ കോള്‍ ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ് ലിമിറ്റഡ് രൂപവത്കരിക്കുകയും റാണിഗഞ്ച് കല്‍ക്കരിപ്പാടത്തെ സ്വകാര്യ ഖനികള്‍ അടക്കമുള്ളവ അതിന്റെ ഭാഗമാക്കുകയും ചെയ്തു. 443.50 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന റാണിഗഞ്ച് കല്‍ക്കരിപ്പാടത്ത് 49.17 ബില്യണ്‍ (4917 കോടി) ടണ്‍ കല്‍ക്കരി ശേഖരമാണുള്ളത്.

Content Highlights: 1989 coal mine collapse in Raniganj,jaswanth singh gill,Theirstory column,Social, Mathrubhumi latest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented