നാളെ എന്തെന്ന നീക്കുപോക്കില്ലാതെ, നിവൃത്തികേടിന്റെ പടുകുഴിയില്‍ വീണുപോയ ജന്‍മങ്ങളാണ് തെരുവില്‍ കഴിയുന്ന ഓരോ ജീവനും. അവര്‍ അവരെ കുറിച്ച് പറയുന്നതാണ് അവരുടെ പേര്, അവര്‍ അവരെ കുറിച്ച് പറയുന്നതാണ് അവരുടെ ഭൂതകാലം. ഒത്തുനോക്കിയുള്ള ശരി തെറ്റുകളിലേക്ക് കടക്കാന്‍ ആധാര്‍ രേഖ പോലുള്ള യാതൊരുവിധ ഐഡന്റിറ്റികളുമില്ലാത്തവരാണിവര്‍. അവര്‍ക്ക് ശബ്ദം കൊടുക്കുന്ന ഇടമാണ് സ്ട്രീറ്റ് ലൈവ്‌സ്. കാമറ കണ്ണുകളിലൂടെ അവരുടെ ജീവിതത്തെ കുറിച്ച് മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ സ്ട്രീറ്റ് ലൈവ്‌സില്‍ കഥ പറയും.

'പ്രേത നഗരം' എന്നാണ് അവിടേക്കു പോകുന്നു എന്ന് പറഞ്ഞപ്പോള്‍ നീണ്ട യാത്രകള്‍ ശീലമാക്കിയ ഒരു സുഹൃത്ത് ധനുഷ്‌കോടിയെ പരിചയപ്പെടുത്തിയത് . വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദുരന്തത്തിന്റ  അവശിഷ്ടങ്ങള്‍ അവിടുത്തെ ഓരോ മണല്‍ത്തരിയിലും ഇപ്പോഴും കാലം കോറിയിട്ടത് പോലെ..

muniyandi
ചിത്രങ്ങളുമായി മുനിയാണ്ടി

 1964 ലെ വെറും മൂന്ന് മിനുട്ട് മാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌ക്കോടിയിലൂടെ ഒരിക്കൽ (2012ൽ) നടക്കുമ്പോഴാണ് ശാന്തമായ കടലിനെ കണ്ണടക്കാതെ നോക്കി ഇരിക്കുന്ന മുനിയാണ്ടിയെ കണ്ടത്. പക്ഷെ അയാളുടെ നരച്ച മുടിയും ജടപിടിച്ചു തുടങ്ങിയ താടിയും അപ്പോള്‍ വീശിക്കൊണ്ടിരുന്ന ചെറിയ കടല്‍കാറ്റിലും മഹാ ദുരന്തത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. തൊട്ടുമുന്‍പില്‍ നിന്ന് അയാളുടെ കുറെ ചിത്രങ്ങള്‍ എടുത്തിട്ടും ഒരിക്കല്‍ പോലും മുനിയാണ്ടി ക്യാമെറയിലേക്ക് നോക്കിയില്ല. പിന്നീടെപ്പോളോ അവ്യക്തമായ തമിഴിൽ അയാള്‍ പറഞ്ഞു- 'അന്നു രാവിലെ രാമേശ്വരത്ത് പോയതായിരുന്നു, സന്ധ്യക്ക് തിരിച്ചെത്തിയപ്പോള്‍ അവരെയെല്ലാം കാറ്റും കടലും കൊണ്ടുപോയിരുന്നു .'

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷം 2016ലാണ് വീണ്ടും ധനുഷ്‌കോടിയിയില്‍ എത്തിയത് . ടൂറിസത്തിന്റെ വികസനം അവിടുത്തെ ദുരന്തത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയിരുന്നു. കടലിലെ ചിപ്പിയും ശംഖുമൊക്കെ വില്‍പ്പനക്കായി നിരത്തിവെച്ചിരിക്കുന്നു. അതിനിടയില്‍  ഒരു കാഴ്ച വസ്തുപോലെ മുനിയാണ്ടിയെ വീണ്ടും  കണ്ടു . കയ്യില്‍ തന്റെ കുടുംബത്തെ കൊണ്ടുപോയ ദുരന്തത്തിന്റെ ബ്ലാക്  ആന്റ് വൈറ്റ് ചിത്രങ്ങള്‍ വില്‍പനക്കായി  പിടിച്ചുകൊണ്ട് . ഇത്തവണ മുനിയാണ്ടി ക്യാമെറയിലേക്ക് നോക്കി. ധനുഷ്‌കോടിയിലെ  മാറ്റങ്ങളും ഒരു ദിവസം കിട്ടുന്ന വരുമാനത്തെ കുറിച്ചും  പിന്നെ അവിടുത്തെ വിശേഷങ്ങള്‍ പറയുന്നതിനിടെ  എപ്പോഴോ ഉണ്ടായ അപകടത്തില്‍ ഒരു  കാല് നഷ്ടപ്പെട്ടതും ഒരു സാധരണ സംഭവം പോലെ പറഞ്ഞു . അയാള്‍ സന്തോഷവാനായിരുന്നു . ഒരുപക്ഷെ ദുരന്തത്തിന്റെ ജീവിക്കുന്ന ഉടലും, ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങളും അയാള്‍ക്ക് ജീവനോപാധി ആയിമാറിയിരിക്കാം .

ഇപ്പോള്‍  കേരളത്തിലെ മഹാപ്രളയത്തിന്നു ശേഷമുള്ള അതിജീവനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ചെറു കാറ്റിലും ചുഴലിക്കാറ്റില്‍ എന്നപോലെ ആടിയുലയുന്ന മുടിയും, ഒറ്റക്കാലുമുള്ള മുനിയാണ്ടി  ഒരു ഓര്‍മപ്പെടുത്തലാണ്. എത്ര വലിയ ദുരന്തങ്ങള്‍ ഉണ്ടായാലും ജീവിതയാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും എന്നുള്ള ഓര്‍മപ്പെടുത്തല്‍ 

 

  • പേര് : മുനിയാണ്ടി
  • ലൊക്കേഷന്‍ : ധനുഷ്കോടി
  • ഉപജീവനമാര്‍ഗ്ഗം : ചിത്രം വിൽപന
  • ചിത്രമെടുത്തത്: 2016
  • Current Status : Unknown

content highlights : Story Of Muniyandi from DhanushKodi